Translate

Wednesday, October 12, 2016

മത്തായി വീണു!

ഇംഗ്ഗ്ലണ്ടിൽ നിന്നുള്ള പ്രെസ്റ്റൺ വാർത്തകൾ ചാറ്റുവഴി എത്തിക്കൊണ്ടിരുന്നപ്പോളാണ് ജോൺസൺ വൈദ്യർ വിളിക്കുന്നത്. ഫോണെടുത്തതേ വൈദ്യരൊലർച്ച, 
"റോഷൻമോനെ, മത്തായി വീണു!"
പെട്ടെന്നു ഞാൻ തരിച്ചിരുന്നു പോയി. പതിയെയോർത്തു നോക്കി, ഏതു മത്തായി, എന്തു മത്തായി? ഞാനെന്താ കൺഫ്യുഷനിലായതെന്നറിയണമെങ്കിൽ ജോൺസൺ വൈദ്യരെ അറിഞ്ഞിരിക്കണം. ജോൺസൺ വൈദ്യർ, എല്ലാരും വിളിക്കപ്പെടുന്നതുപോലെ ഒരു വൈദ്യരല്ല. അങ്ങേരെപ്പറ്റി ഞാൻ നേരത്തെ എഴുതിയിരുന്നു - അദ്ദേഹം ഗൾഫിലെ ഒരറിയപ്പെടുന്ന പരോപകാരി. ആർക്കെന്താവശ്യം വന്നാലും വൈദ്യരുണ്ടാവും. ഒരു മെഡിക്കൽ റപ്പായിരുന്നു നാട്ടിൽ; സന്ദർഭവശാൽ ഇവിടെ വന്നു. ചെയ്യാത്ത ജോലികളുമൊന്നുമില്ല; ഇപ്പോളൊരു മാളിൽ സെയിൽസ്മാൻ. അദ്ദേഹത്തിനു മിക്ക രോഗങ്ങൾക്കു പറ്റിയ ഇംഗ്ലീഷ് മരുന്നുമറിയാം നാട്ടുമരുന്നുമറിയാം - അതെല്ലാവർക്കും ഫ്രീയായിക്കൊടുക്കുകയും ചെയ്യും. അങ്ങേർക്കിപ്പോൾ ഒരെഴുപതു കാണുമെങ്കിലും നല്ല ചുറുചുറുക്ക്. ജോൺസൺ കുഞ്ഞായിരുന്നപ്പോൾ അപ്പന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞു. തൃശ്ശൂർക്കാർക്കു വാക്കുവ്യത്യാസം ചെയ്യുന്നതു മരണത്തിനു തുല്യമായിരുന്ന ഒരു കാലമായിരുന്നത്; അപ്പനാത്മഹത്യ ചെയ്തതും, അപ്പനെയടക്കാൻ അച്ചൻ വേണ്ടത്ര സഹകരിച്ചില്ലെന്നതൊക്കെ അദ്ദെഹത്തിന്റെ ഗതകാല സ്മരണകൾ. അദ്ദേഹം വളർന്നു വന്നതേ ഒരു വൈദികവിരോധിയായി (സഭാവിരോധിയല്ല - വൈദികർ മാത്രമുള്ളതല്ലല്ലൊ സഭ).
"ഏതു മത്തായി? ആശൂപത്രീ കൊണ്ടുപോയോ?" ഞാൻ ചോദിച്ചു.
"ശ്ശേ! അതിക്കൂട്ടു വീഴ്ചയല്ല, അതിലും വലുതാ. റോഷന്മോനറിയുമായിരിക്കും, ഞാനൊരു മലബാറുകാരൻ തടിയനെ മൂത്രത്തിൽകല്ലിനു വെള്ളം കുടിപ്പിച്ചത്? ആ മത്തായി."
റോഷൻ മോനേന്ന് സ്നേഹപൂർവ്വം എന്നെ രണ്ടുപേരെ വിളിച്ചിട്ടുള്ളൂ - ഒന്നു സുവിശേഷകനായ കൂടലും, പിന്നെ രോഗശാന്തിവരം ലഭിച്ച ഈ വൈദ്യരും. മത്തായിയുടെ കഥ വൈദ്യരു പറഞ്ഞതു ഞാൻ ചുരുക്കത്തിൽ പറയാം: ഞാൻ പറയുന്ന സ്ഥലപ്പേരുകൾ ഓർമ്മയിൽ നിന്നു പറയുന്നതാണ്, ശരിയറിയാവുന്നവർ തിരുത്തി വായിക്കുക. എരിശ്ശേരി, താമരശ്ശേരി, ബാലുശ്ശേരി, ഓമശ്ശേരി, കാരിശ്ശേരി, പാപ്പിനിശ്ശേരി തുടങ്ങി ഒത്തിരി 'ശ്ശേരി'കളുള്ള മലബാറിലെ സ്ഥലപ്പേരുകൾ ആർക്കും തെറ്റും. മത്തായി ഒരു തികഞ്ഞ ഭക്തനായിരുന്ന ഒരു കാടരഞ്ഞിക്കാരൻ. അവിടെ പുഷ്പമലയെന്നൊരു സ്ഥലത്തൊരു കത്തോലിക്കാപള്ളിയുണ്ടായിരുന്നു - ആ പള്ളിയുടെ അടുത്തൊരു പാറമടയും. ആ പള്ളിയും പള്ളിയിരിക്കുന്നതും അടുത്തുള്ളതുമായ, ഏറ്റവും കൂടുതൽ ക്വാറികളുള്ള രണ്ടു പഞ്ചായത്തുകളും പരിസ്ഥിതി ദുർബ്ബലമല്ല (ക്രൈസ്തവഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഇതെങ്ങിനെ സംഭവിച്ചുവെന്നു നാട്ടുകാർക്കാർക്കുമറിയില്ല, ശശികല റ്റീച്ചറോടു ചോദിക്കാനും പറ്റില്ല). പാറമടയും പള്ളിയും നാട്ടുകാരും പടതുടങ്ങി. അവസാനം പാറമടയവിടെനിന്നും മാറ്റിയെന്നായിരിക്കും വായനക്കാരുടെ നിഗമനം. പക്ഷേ സംഭവിച്ചതതല്ല, പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമെല്ലാമാണ് അവിടെനിന്നു രണ്ടുമൂന്നുമൈലകലേക്കു മാറിയത്. പുഷ്പമല പാറമലയുമായി, ക്വാറികളുടെ എണ്ണവും കൂടി. ആ സ്ഥലങ്ങളും അടുത്തുള്ള സ്ഥലങ്ങളും പലരായി വാങ്ങി. കുറേസ്ഥലം ആ പ്രദേശവുമായി ബന്ധപ്പെട്ട ഒരു വൈദികനുമുണ്ടെന്നു മത്തായി പറഞ്ഞെന്നാണ് വൈദ്യർ പറയുന്നത്. ഇത്രയും മത്തായിയുടെ വായിൽനിന്നും കേട്ടപ്പോൾ വൈദ്യർക്കും സംശയം - കർത്താവിനെ ഒറ്റുകൊടുത്തവരിൽ അവിടുത്തെ മെത്രാനുമുണ്ടോ? വൈദ്യർ ആത്മഗതമായി പറഞ്ഞു, 'പാറമേൽ പണിതതിനും പൂഴിയിൽ പണിതതിനും ഒരേ ഗതിയോ കർത്താവേ!' യെന്ന്.

മത്തായിയുടെ കഥ തീർന്നില്ല. അങ്ങിനെ, പലവിധ സംശയങ്ങളുമായി മത്തായികഴിഞ്ഞു കൂടുമ്പോഴാണ് മത്തായിയുടെ പെങ്ങടെ മോളുടെ കല്യാണമുറപ്പിച്ചത്. മത്തായിയുടെ അളിയന്റെ കൈയ്യിൽ കാശില്ല, ഉള്ളതു മുഴുവൻ കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചതുപോലെ ചിലവായി. മത്തായിയും സഹോദരങ്ങളും സ്വയം ഞെക്കിപ്പിഴിഞ്ഞു (സ്വയം കടഞ്ഞെടുത്തപ്പോൾ മത്തായിയുടെ ഭാര്യയുടെ താലിമാലയും കിട്ടി - അതിനായി മത്തായി വിയർത്തത് ഒരാഴ്ച!) സംഭവം മുന്നേറിക്കൊണ്ടിരുന്നു. കല്യാണത്തിന്റെ തലേന്ന് മത്തായി പെങ്ങടെ വീട്ടിൽ ചെന്നപ്പോൾ വലിയ പന്തലും അലങ്കാരങ്ങളും. അന്വേഷിച്ചപ്പോൾ മത്തായിക്കു മനസ്സിലായി, വൈകിട്ടച്ചൻ വന്നു പ്രാർത്ഥിക്കും, അപ്പോൾ ആ വാർഡുകാരെല്ലാം ഉണ്ടാവണമെന്നത് നാലഞ്ചു വർഷങ്ങളായി ആ നാട്ടിലെ ഒരാചാരമാണെന്ന് - വരുന്നവർക്കാഹാരം കൊടുക്കണമെന്നത് (അച്ചനു കൊടുത്തതു പോലെ) മര്യാദയുമാണല്ലോ. സദ്യ നടക്കുമ്പോൾ പാട്ടു വേണം - കറണ്ടു പോകരുതല്ലോ, അതിനു ജനറേറ്റർ! അന്നത്തേ മധുരം വെപ്പും ക്യാമറായിലും വീഡിയോയിലും പകർത്തണമല്ലൊ - അവരും വന്നു, അച്ചനെ കൊണ്ടുവരാനും കൊണ്ടെവിടാനും വണ്ടി വിളിക്കേണ്ടി വന്നു ...... മത്തായി എല്ലാം കൂടി മനസ്സിൽ ഒന്നരച്ചുകലക്കി കിലുക്കി കൂട്ടി നോക്കി. വെറുതേ കുറേ ബന്ധുക്കൾ വന്നു ചിരിച്ചു കളിച്ചു മധുരവും വെച്ചു ചോറുമുണ്ട് പിരിയേണ്ടിയിരുന്നിടത്ത് ഇരുപത്തയ്യായിരം എക്സ്ട്രാ! അവിടെ അച്ചൻ വന്നതോ, അൽപ്പം താമസിച്ച് (അച്ചൻ വന്നിട്ടു ചോറുണ്ണാൻ നിന്നവരുടെ തെറി പാഴ്സലായി ഇങ്ങോട്ടും കിട്ടി!). മത്തായിയന്നു പെണ്ണിന്റെ സ്തുതി വാങ്ങിക്കാൻ വീട്ടിലോട്ടു കേറിയില്ല. മത്തായി കല്യാണത്തിനു കൂടിയെന്നു വരുത്തി മടങ്ങി - ഇപ്പോൾ വൈദിക വിഭാഗത്തിന്റെ ഒരു കൊള്ളാവുന്ന ശത്രുവുമായി. ഈ മത്തായിയെ മറിക്കാൻ ജോൺസൺ വൈദ്യർ കുറേ ശ്രമിച്ചതാ; അതായിരുന്നു വൈദ്യരുടെ സന്തോഷത്തിന്റെ രഹസ്യം. 


ഇനി വൈദ്യരും മത്തായിയും അവിടെ നിൽക്കട്ടെ! പ്രെസ്റ്റണിലെ പട്ടാഭിഷേക ചടങ്ങുകളെപ്പറ്റി അവിടെനിന്നു ലഭിച്ച വാർത്തകൾ കേട്ടാലാരും കരയും. പ്രതീക്ഷിച്ചതിന്റെ  അഞ്ചിലൊന്നു പേർ വന്നോ ആറിലൊന്നുപേർ വന്നോയെന്നൊക്കെയാണവിടെ നടക്കുന്ന ചർച്ചകൾ. പതിനായിരങ്ങൾ ഒഴുകിയെത്തും എന്നെഴുതിയവർ, ആയിരങ്ങൾ തടിച്ചുകൂടീന്നാക്കി (എഴുതിയവനെ എഴുത്തിനിരുത്തിയത് ഏതെങ്കിലും ബൂർഷ്വാ പത്രാധിപരായിരുന്നിരിക്കണം. ഒരു നല്ല ശവോടക്കിനു കേരളത്തിൽ തടിച്ചു കൂടുന്നത്ര ജനം അവിടുണ്ടായിരുന്നു - അത്ര തന്നെ!). ഏതെങ്കിലുമൊരു പള്ളിയിൽ അഞ്ചെട്ട് എൽ സി ഡി മോനിട്ടറുകളും പുറത്തുവെച്ചു നടത്താമായിരുന്ന ഒരു പരിപാടിയാണ് കലക്കി അങ്കമാലിയാക്കി കൈയ്യിൽ കൊടുത്തത്. പോയ കോടികൾ വിശ്വാസികളുടേത്; നടത്തിയവർ ക്ലീൻ! മിച്ചം വന്ന ഭക്ഷണപ്പൊതികൾ മുഴുവൻ, വീടുകളിൽ വിതരണമായിരുന്നെന്നും അയാൾ പറഞ്ഞു. 
പതിനായിരങ്ങൾ ഒഴുകിയെത്തി!
എനിക്കീ വിവരങ്ങൾ എത്തിച്ചുതന്നത് ഈ പരിപാടിയിൽ സംബന്ധിച്ച ഒരാൾ. അവിടെ വന്നവരിൽ ഭൂരിപക്ഷവും കലാനിലയത്തിന്റെ നാടകം കാണാനെന്നപോലെ പോലെ വന്നവരാണെങ്കിൽ ഇംഗ്ഗ്ലണ്ടിലെ സ്ഥിതി, 'വേലക്കാരധികം വിളവു ചുരുക്കം' എന്ന സ്ഥിതിയിലെത്തിയെന്നനുമാനിക്കാം. ഞാൻ കേട്ടതു ശരിയെങ്കിൽ പാരമ്പര്യത്തിന്റെ നൊമ്പരമറിഞ്ഞ രണ്ടോ മൂന്നോ കുഞ്ഞാടുകൾ വ്യാപകമായി ഇന്റർനെറ്റിലൂടെ നടത്തിയ സുവിശേഷ വേലയുടെ ഫലമായിരുന്നു ഇത്രയേറേ ആളുകൾ അവിടെ തടിച്ചുകൂടിയത്. എന്നിൽ വിശ്വസിക്കുകയും എന്നെ അനുഗമിക്കുകയും ചെയ്തവരും അക്കൂട്ടത്തിൽ കണ്ടേക്കാം - അവർക്ക്, എന്റെ വക സ്വസ്തി! ഇത്രയുമൊക്കെ ആയിട്ടും ആർക്കും ഒന്നും മനസ്സിലായിട്ടില്ല; അതിനിനിയും കൊള്ളണം. മാർത്തോമ്മാ കത്തോലിക്കാസഭയുടേ കാര്യം വല്യ തമാശയാ. ആരുടെയെങ്കിലും ദേഹത്തു കാനോൻകൊണ്ടു മുറിവുണ്ടായാൽ സംഗതി അച്ചൻ നോക്കുമ്പോൾ പെട്ടെന്നുണങ്ങിയതുപോലെ തോന്നും; പക്ഷേ, ഉള്ളിൽ അതു വൃണമായിക്കൊണ്ടിരിക്കും. ബാന്റേജിടണമെന്നു പറഞ്ഞു കൊടുക്കാൻ ആരും കാണില്ല; കൃത്യസമയത്ത് മുഖമടച്ചുള്ള അടിയായി സംഗതി മാറുകയും ചെയ്യും. ഇംഗ്ഗ്ലണ്ടിലും വരുമല്ലൊ ആണ്ടിൽ മൂന്നു കരിസ്മാറ്റിക്കും, പ്രീകാനായും, കാനോനും, കുറിയും, വിവാഹത്തലേന്ന് അച്ചനെ വിളിച്ചുള്ള പ്രാർത്ഥനയും, വിവാഹവും, ആദ്യകുർബ്ബാനയും, ജൂബിലികളും, മൽസരിച്ചു സൽക്കാരമുള്ള വാർഡ് പ്രാർത്ഥനയുമൊക്കെ. ഇപ്പോഴത്തെ സ്ഥിതിവെച്ചു കണക്കു കൂട്ടിയാൽ മന്ത്രിമാരുടെ ഉപദേശത്തിനു വഴങ്ങുന്ന രാജാവിന്റെ സ്ഥിതി ദയനീയമായിരിക്കാനാണു സാദ്ധ്യത - അതാണിംഗ്ഗ്ലണ്ടിന്റെ ചരിത്രം. കിരീടമല്ലാതെ അധികാരമൊന്നും എലിസബത്ത് രാജ്ഞിക്കുമില്ലല്ലോ! പിതാവിനു സദ്യ കൊടുക്കാൻ പലരേയും പലരും നിർബന്ധിക്കുന്നുവെന്നും കേൾക്കുന്നു.

ശ്രാമ്പിക്കൽ മെത്രാനോട് ഒരപേക്ഷയുണ്ട്, വിശ്വാസികളെ സമാധാനമായി ജീവിക്കാൻ അനുവദിക്കുക - ചതിക്കരുത്! വിശ്വാസികളെ പരാതി പറയിപ്പിച്ചു നാണം കെടുത്തരുത്. സഭയിലെ കൊള്ളരുതായ്മകൾക്കെതിരെ പരാതിയുമായി മേജറെ കാണാൻ ഒത്തിരി ദൂരെനിന്നു വന്ന ഒരാളുടെ സംസാരിക്കുന്ന ചിത്രം ഒപ്പം കൊടുക്കുന്നു.

നാൽപ്പതിനായിരം മാർത്തോമ്മാ കുഞ്ഞാടുകൾ ഇപ്പോൾ ഇംഗ്ലണ്ടിലുണ്ട് (കണക്കെല്ലാവരും ഓർത്തിരിക്കുക - വർഷങ്ങൾ കഴിഞ്ഞാലും കണക്കിതുതന്നെയായിരിക്കാനാണു സാദ്ധ്യത). എന്തെല്ലാം ഉണ്ടാവണം? ആയിരം പേർക്കൊരു പള്ളിവെച്ചു പണിതാലും വേണം നാൽപ്പതു പള്ളി - അതിൽ നാലെണ്ണം തീർത്ഥാടനകേന്ദ്രങ്ങളായിരിക്കണമല്ലോ!  ഇപ്പോളവിടെ എത്തിയിട്ടുള്ള ഒരു ലോഡ് കന്യാസ്ത്രികൾക്കു വേണ്ട മഠങ്ങൾ, അതിനോടു ചേർന്നുള്ള മിഷൻ പ്രവർത്തന / ആദായമാർഗ്ഗങ്ങൾ, ഒരു സെന്റ്രൽ സെക്രട്ടറിയേറ്റ്, പാസ്റ്ററൽ സെന്റർ, ഓരോ പള്ളിക്കും ഒരു പാരിഷ് ഹാൾ വീതം, പള്ളിമുറികൾ (ഇവക്കെല്ലാം വേണ്ട കമ്പി സിമിന്റ്), ശവക്കോട്ടകൾ, പ്രത്യേകം വാഹനങ്ങൾ, പെരുന്നാളുകൾക്കുള്ള ചെണ്ട, കുട, വള്ളം, രൂപങ്ങൾ; വൈദിക വിശ്രമകേന്ദ്രങ്ങൾ, പിന്നെ ഗർഭിണികൾ മുതൽ വൃദ്ധർ വരെയുള്ളവർക്കു പ്രത്യേകം സംഘടനകൾ, പൊതുവിലുള്ള ('യെസ് ഫാദർ' കമ്മറ്റി അംഗങ്ങളെക്കൊണ്ടു നിറച്ച) പാരിഷ് കൗൺസിൽ, വിൻസന്റ് ഡീ പോൾ, മാതൃദീപ്തി, യുവദീപ്തി, മിഷൻലീഗ് മുതലായവ; പിന്നെ സെമ്മിനാരി. അവിടെയൊരു മലയാളി പുണ്യവാനും സാദ്ധ്യത. അവിടുള്ള ക്നാനായാക്കാരെക്കൂടി ചിക്കാഗോ സ്റ്റൈലിൽ ഒന്നിപ്പിച്ചാൽ മെത്രാനുള്ള മെത്ത അവരുണ്ടാക്കിക്കൊള്ളും. പ്രെസ്റ്റണിൽ ഉണ്ടായിരുന്ന ഒരു വൈദികനെ മാറ്റിയെന്നും കേട്ടു. അതൊരു പാവമായിരിക്കാമെന്നാണ് എന്റെ നിഗമനം. പിരിക്കാനും സഹിക്കാനും കഴിവുള്ള വൈദികർ ധാരാളം കിടക്കുന്നു. കോടികളാ പിരിയേണ്ടത് - കോടികൾ! 

വട്ടായിയച്ചൻ കരിസ്മാറ്റിക് ധ്യാനം നടത്തുമ്പോൾ നടുക്കൊരു ബക്കറ്റ് വെക്കാറുണ്ട് - എല്ലാവരുടേയും നിയോഗങ്ങൾ സ്വീകരിക്കാൻ വേണ്ടി. ധ്യാനം കഴിയുമ്പോൾ, ധ്യാനഗുരു അതെടുത്ത് പരി. ആത്മാവിന്റെയടുത്തു കൊണ്ടുപോവുകയും ചോദിച്ചതെല്ലാം സാധിച്ചു കൊടുക്കുകയും ചെയ്യും - മെഡിക്കൽ സീറ്റാണെങ്കിലും കുഴപ്പമില്ല. പ്രെസ്റ്റണിലെ അഭിഷേകചടങ്ങുകളുടെ വിജയത്തിനായി കുറിപ്പെഴുതിയിട്ടവർ അതെടുത്തു വ്യാകരണപ്പിശകെല്ലാം മാറ്റി അടുത്ത ധ്യാനത്തിനിടാൻ താൽപ്പര്യപ്പെടുന്നു. വെയിൽസിൽ രൂപതയാകുമ്പോൾ പ്രയോജനപ്പെടും. 

ഇംഗ്ഗ്ലണ്ടിലുള്ള ചിന്നമ്മ, ഇംഗ്ഗ്ലണ്ടിലേക്കു വരാൻ പേപ്പറുകളെല്ലാം റെഡിയാക്കിക്കൊണ്ടിരിക്കുന്ന, നാട്ടിലുള്ള ലീലാമ്മക്കെഴുതിയാൽ ഇങ്ങിനിരിക്കാനാണു സാദ്ധ്യത: "ഇവിടെ രൂപത വന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ! വരുന്നതൊക്കെക്കൊള്ളാം, എന്തെങ്കിലും മിച്ചം വെയ്കാനാ ഉദ്ദേശമെങ്കിൽ അവിടെത്തന്നെ നിന്നോളൂ. മിക്കവാറും ഞങ്ങളും ഉടൻ മടങ്ങിയേക്കും."

No comments:

Post a Comment