Translate

Monday, October 17, 2016

ഫ്രാൻസിസ് മാർപാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും
ജോസഫ് പടന്നമാക്കൽ

യാഥാസ്ഥിതിക ലോകം ഫ്രാൻസിസ്  മാർപാപ്പയുടെ   വിവാദപരമായ അഭിപ്രായങ്ങളിൽ  തികച്ചും അസന്തുഷ്ടരാണ്. അദ്ദേഹത്തിൻറെ സ്വാഭിപ്രായങ്ങൾ  അതിരു കടക്കുന്നുവെന്നും ആവശ്യത്തിലധികമായെന്നും നിറുത്തൂവെന്നും  പറഞ്ഞുകൊണ്ട് മാർപാപ്പയ്ക്കെതിരെ പ്രതിഷേധങ്ങളും പൊന്തിവരുന്നുണ്ട്.  മാർപാപ്പാമാരിൽ ബെനഡിക്റ്റ് പതിനാറാമനും ജോൺ പോൾ രണ്ടാമനും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവരുടെ നയങ്ങൾ പിന്തുടരുന്ന വൃദ്ധരായ കർദ്ദിനാൾ സംഘത്തെ മറികടന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വത്തിക്കാനിലെ ചുവപ്പുനാടകളുടെ കൈകളിലാണ് ഭരണം നിഷിപ്തമായിരിക്കുന്നത്. സഭയുടെ വിശ്വാസങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ  സങ്കുചിത  മനഃസ്ഥിതിയുളളവർ   ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുകയും പതിവാണ്.

ഒരു വിഭാഗം യാഥാസ്ഥിതികർ   മാർപാപ്പാ രാജി വെക്കണമെന്ന മുറവിളികളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ അലയടികൾ കേരളത്തിലെ സീറോ മലബാർ പള്ളികളിലും പ്രതിഫലിച്ചിട്ടുണ്ട്. മാർപാപ്പയുടെ മാനസാന്തരത്തിനായി പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാർഥനകൾ കൂട്ടമായി നടത്തുന്നുവെന്ന് സോഷ്യൽ മീഡിയാകളിൽ വായിക്കാൻ സാധിക്കും. 1599-ലെ ഉദയംപേരൂർ സുനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ കൂടുതലും നെസ്തോറിയന്മാരായിരുന്നു. അവരെ റോമ്മാസഭ പാഷണ്ഡികളായി കരുതിയിരുന്നു. നെസ്തോറിയൻ, ഓർത്തോഡോക്സ് വിശ്വാസങ്ങളിൽനിന്നും  പൊട്ടിമുളച്ച സീറോ മലബാർ സഭ ധാർമ്മിക ബോധമില്ലാത്ത യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രം പുരോഗമിക്കുംതോറും സഭയുടെ കാലത്തിനനുയോജ്യമായ നയങ്ങളുടെ രൂപീകരണം വളരെ സാവധാനമെന്നും കാണാം. പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സങ്കുചിത മനോഭാവമുള്ളവർ സഭയുടെ ഭരണകാര്യങ്ങൾ വഹിക്കുന്നതുകൊണ്ട് സഭ പരിവർത്തന കാലഘട്ടത്തിൽക്കൂടി  കടന്നുപോവുന്നുമില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ വിവാദപരവും വിപ്ലവകരവുമായ നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ആഗോള പത്രവാർത്തകളിൽ കാണപ്പെടാറുള്ളത്. എല്ലാ മതങ്ങളും ഒന്നാണെന്നുള്ള  അദ്ദേഹത്തിൻറെ പ്രഖ്യാപനം സഭയുടെ പാരമ്പര്യ വിശ്വാസങ്ങൾക്കൊരു വെല്ലുവിളിയായിരുന്നു.  നരകവും നരകത്തിന്റെ ഭാവനകളും മനുഷ്യന്റെ സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ ഇത്തരം പ്രസ്താവനകൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചാലുടൻ വത്തിക്കാൻ നിഷേധിക്കുകയാണ് പതിവ്. മാർപാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നു പറഞ്ഞ്, വത്തിക്കാൻ  പ്രസ്താവനകളുമിറക്കും.  മാർപാപ്പയെ സംബന്ധിച്ച  അത്തരം  വാർത്തകൾ സീറോ മലബാർ പോലുള്ള യാഥാസ്ഥിതിക ഉപാന്തര സഭകൾ അറിഞ്ഞ ഭാവം നടിക്കുകയുമില്ല. സർവ്വമത മൈത്രിക്കായി മാർപാപ്പാ ലോകത്തിലെ എല്ലാ മതാചാര്യന്മാരുമായി നല്ല സൗഹാർദബന്ധവും സ്ഥാപിക്കുന്നു.

വണക്കത്തിലൂടെയും പ്രാർത്ഥനയുടെ മനനത്തിലും വിനയഭാവത്തിലൂടെയും അത്മാവിന്റെ സത്തയിലും അന്വേഷണത്തിലും നാം മനസുനിറയെ തത്ത്വസംഹിതകൾ ആർജ്ജിച്ചിട്ടുണ്ട്. പലരും പുതിയ കാഴ്ചപ്പാടിൽ ഇത്തരം വിഷയങ്ങളെ അവലോകനവും ചെയ്യുന്നു. മനുഷ്യൻ ഭാവനകളിൽ സൃഷ്ടിച്ച   നരകവും അവിടെ ആത്മാക്കൾ കഷ്ടപ്പെടുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളും അംഗീകരിക്കാൻ സാധിക്കില്ലെന്നു മാർപാപ്പാ പറയുന്നു. ദൈവസ്നേഹത്തിലേക്കുള്ള ജൈത്രയാത്രയിൽ നരകമെന്ന ബാലിശമായ ചിന്തകൾ സഭയുടെ വിശ്വാസ സംഹിതകളിൽ എന്നുമുണ്ടായിരുന്നു. ഭയത്തിൽനിന്നും ദൈവസ്നേഹത്തെ വളർത്തുകയെന്നത് എക്കാലവുമായിരുന്ന അടവുകളുമായിരുന്നു.  പ്രകൃതിയും ഈശ്വരനും അസ്തിത്വവുമടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ചിന്തിക്കുന്നവരുടെ മനോബോധത്തെപ്പോലും അടച്ചിടാനാണ് സഭയെന്നും ശ്രമിച്ചിട്ടുള്ളത്. ദൈവത്തെ ഒരു വിധികർത്താവായി കാണരുതെന്നും ദൈവം നമ്മുടെ സുഹൃത്തായും അനന്തമായ  സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉറവിടവുമായി കരുതണമെന്നു' മാർപാപ്പാ പറഞ്ഞു. 'ദൈവമെന്നു പറയുന്നത് മനുഷ്യനെ സ്നേഹംകൊണ്ട് പുണരുന്നവനാണ്. അല്ലാതെ വിധിക്കുന്നവനല്ല. ഏദൻ തോട്ടത്തിലെ ആദവും അവ്വായെയുംപറ്റി നാം വായിക്കുന്നത് വെറും അമാനുഷ്യക കഥാപാത്രങ്ങളായിട്ടാണ്. അവിടെ നാം നരകവും കാണുന്നു. പക്ഷെ അതെല്ലാം പഴങ്കാലത്തിലെ സാഹിത്യമയമായ ഭാവനകളിൽ വന്ന കൃതികളാണ്. 'അലഞ്ഞു നടക്കുന്ന ആത്മാക്കൾക്ക് ഭാവനയിൽ മനുഷ്യൻ കണ്ടെത്തിയ ഒരു സങ്കേതമാണ് നരകമെന്നുള്ളത്. എല്ലാ ആത്മാക്കളും പരമാത്മാവായ ദൈവത്തിങ്കലെ സ്നേഹാരൂപിയിൽ അലിഞ്ഞു ചേരുമെന്നും മാർപാപ്പാ വിശ്വസിക്കുന്നു.

ഫ്രാൻസിസ്  മാർപാപ്പയുടെ  ചിന്താഗതികളും പ്രസംഗങ്ങളും ആഗോള കത്തോലിക്കാ സഭയിൽ ഒരു വിപ്ലവ ചൈതന്യം തന്നെ സൃഷ്ടിക്കുന്നതായി കാണാം. "എല്ലാ മതങ്ങളും സത്യമെന്നും അപ്രകാരം  വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളും സത്യമെന്നു" മാർപാപ്പാ  അവകാശപ്പെടുന്നു.  'മറ്റെന്തു സത്യമാണുള്ളത്? കഴിഞ്ഞ കാലത്ത് സഭ മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റെന്നും പാപമെന്നും കഠിനമായ ഭാഷകളിൽ വിധിയെഴുതിയിരുന്നു. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ദൈവത്തിന്റെ മുമ്പിൽ വിധിക്കാനായി മനുഷ്യരായ നാം ആര്? സ്നേഹമുള്ള ഒരു പിതാവെന്ന നിലയിൽ നമ്മുടെ കുഞ്ഞുങ്ങളെ നാം വിധിക്കാറില്ല. ഭ്രൂണഹത്യയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും സ്വവർഗ രതിക്കാരും സ്ത്രീ പുരുഷ രതിക്കാരും നിറഞ്ഞ ബൃഹത്തായ ഒരു സഭയാണ് നമ്മുടേത്. യാഥാസ്ഥിതികരെയും പുരോഗമന വാദികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും കമ്മ്യൂണിസ്റ്റുകാരേയും നാം സഭയിലേക്ക് സ്വാഗതം ചെയ്തു. സ്നേഹത്തിന്റെ അരൂപിയിൽ മനുഷ്യജാതിയെ ഒന്നായി കാണണം. നാം  ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.'

വ്യക്തിഗതമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ ഫ്രാൻസിസ് മാർപാപ്പ ഒരിക്കലും അമാന്തം  കാണിച്ചിട്ടില്ല. പറയുന്ന വസ്തുതകൾ പത്രങ്ങളിൽ വന്നു കഴിയുമ്പോൾ അതിന്റെ പരിണിതഫലങ്ങൾ ലോകവ്യാപകമായി വ്യാപിക്കുകയും ചെയ്യും. ഉടൻതന്നെ യാഥാസ്ഥിതികനായ വത്തിക്കാന്റെ ഏതെങ്കിലും വക്താവ്  മാർപാപ്പാ  പറഞ്ഞതിനെ പത്രങ്ങൾ വളച്ചൊടിച്ചതാണെന്ന് ഒരു പ്രസ്താവനയും നടത്തും. ഇത്രമാത്രം സഭയുടെ മാമൂലുകൾക്കെതിരെ ഒരു ആദ്ധ്യാത്മിക നേതാവെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രസ്താവനകൾ നടത്തിയ ഒരു മാർപാപ്പാ ചരിത്രത്തിലുണ്ടാവുകയില്ല. അത്തരം പ്രസ്താവനകൾ ചിലരിൽ വിവാദങ്ങളായും മറ്റു ചിലരെ കുപിതരാക്കിക്കൊണ്ടുമിരുന്നു. പുരോഗമന ചിന്താഗതിക്കാരെ സന്തുഷ്ടരുമാക്കിയിരുന്നു.

മാധ്യമ ലോകം അദ്ദേഹത്തെ ഒരു ആദ്ധ്യാത്മിക നേതാവെന്നതിലുപരി പ്രസിദ്ധനായ (Celebrity) ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ടൈം മാഗസിൻ അദ്ദേഹത്തെ 2013 -ൽ മാൻ ഓഫ് ദി ഇയർ (Man of the year) എന്ന കീർത്തിയുടെ കിരീടമണിയിച്ചാദരിക്കുകയും ചെയ്തു. അനേകർക്ക് ഫ്രാൻസിസ്  മാർപാപ്പാ ഒരു നവീകരണ വാദിയും സഭയുടെ പരിഷ്കർത്താവുമാണ്. വത്തിക്കാന്റെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരെ ഭയരഹിതനായി  സംസാരിക്കുകയും ചെയ്യുന്നു. മാർപാപ്പായുടെ വാക്കുകൾ ചിലപ്പോൾ കലർപ്പും കലർത്തി ലോകമാധ്യമങ്ങൾ അമിതമായ പ്രചാരവും നടത്തുന്നുണ്ട്. ഗർഭഛിദ്രം മുതൽ സാമ്പത്തിക ശാസ്ത്രം വരെയും പരീസ്ഥിതിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു കഴിഞ്ഞു. കത്തോലിക്കാ ലോകത്തിൽ വലിയ ഒച്ചപ്പാടുകളുണ്ടാകുകയും ചെയ്തു.


മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ കൂടുതലായും സംസാരിച്ചുകൊണ്ടിരുന്നത് സഭയുടെ പാരമ്പര്യമായ വിശ്വാസങ്ങളെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും ഗർഭഛിദ്രങ്ങളെ സംബന്ധിച്ചുമായിരുന്നു. വിശ്വാസസത്യങ്ങൾക്കുപരി ഒരു മാർപാപ്പയും   തെല്ലും പിന്തിരിയാൻ തയ്യാറുമല്ലായിരുന്നു. പൊറുക്കപ്പെടാൻ പാടില്ലാത്ത ഒരു പാപവും ഇല്ലെന്നും കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതൻ ഗർഭച്ഛിദ്രവും പൊറുക്കപ്പെടാൻ കഴിയുന്ന പാപമാണെന്നു കരുതണമെന്നും  മാർപാപ്പാ  പറഞ്ഞു.  മാർപാപ്പാ ഏറ്റവും വലിയ പാപമായി കരുതുന്നത് പരിസ്ഥിതി മലിനീകരണമാണ്. മുമ്പുള്ള മാർപാപ്പമാർക്കെല്ലാം ആഡംബരത്തിൽ ജീവിക്കേണ്ട യൂറോപ്യൻ ചിന്താഗതികളായിരുന്നുണ്ടായിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ പശ്ചാത്തലം ചിന്തിക്കുകയാണെങ്കിൽ അദ്ദേഹം ജനിച്ചു വളർന്നത് പാവപ്പെട്ട ഒരു രാജ്യമായ അർജന്റീനായിലായിരുന്നു. അദ്ദേഹത്തിൻറെ ചിന്തകൾ മുഴുവനും ബാല്യം മുതൽ വളർന്ന തന്റെ ദാരിദ്ര്യം നിറഞ്ഞ ലത്തീൻ രാജ്യങ്ങളായിരുന്നു. അവിടെയാണ് ലിബറേഷൻ ദൈവിക ശാസ്ത്രത്തിന്റെ ഉത്ഭവവും. ദരിദ്രരായവർക്കും സമൂഹത്തിൽ പീഡിപ്പിക്കപ്പെട്ടവർക്കുമായി ലിബറേഷൻ തീയോളജി ഉറച്ചു നിൽക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഊന്നൽ കൊടുക്കുന്നത്. കാരണം, പ്രകൃതിയുടെ നശീകരണത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവർ പാവങ്ങളായ ജനങ്ങളാണ്. ലൈംഗിക പീഡനം മൂലം തകരുന്ന സഭയെ രക്ഷിക്കാൻ പുരോഹിതരോട് യാതൊരു കാരുണ്യവുമില്ലാത്ത ശിക്ഷാനടപടികളാണ് ഫ്രാൻസിസ് മാർപാപ്പ തുടരുന്നത്. സഭയുടെ നയങ്ങളിൽ മാറ്റം വരുത്തി നൂതനമായ ചിന്താഗതികളോടെ ഭരിക്കുന്ന കാരണം അദ്ദേഹത്തിൻറെ ജീവനുതന്നെ അപകടകരമായ വെല്ലുവിളികളുമുണ്ട്.

2013-ൽ മാർപാപ്പ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു, 'ഒരുവൻ സ്വവർഗാനുരാഗിയെങ്കിൽ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ നന്മയുള്ളവനെങ്കിൽ അവനെ വിധിക്കാൻ ഞാനാര്?' 2014-ൽ അദ്ദേഹം പറഞ്ഞു, 'സഭ സ്വവർഗാനുരാഗികളുടെ ജീവിത ബന്ധങ്ങളെ  തുറന്ന മനസോടെ കാണണം. എങ്കിലും വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്നും' കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം അദ്ദേഹം പറഞ്ഞു, 'കരുണയുടെ വർഷത്തിൽ ലോകമാകമാനമുള്ള പുരോഹിതർ ഗർഭച്ഛിദ്രമെന്ന പാപവും ക്ഷമിക്കാൻ തയാറാകണം. അവർക്ക് കൂദാശകൾ വിലക്കരുത്. 'ലോകത്തിന്റെ വളർന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ചും മാർപാപ്പ കടുത്ത വിമർശകനാണ്. അദ്ദേഹം പറഞ്ഞു, 'ഒരു മനുഷ്യന്റെ വിഗ്രഹമെന്നു പറയുന്നത് പണമാണ്. ലോകത്തിലെ ധനതത്ത്വ ശാസ്ത്രജ്ഞരിൽ ചിലർ ചിന്തിക്കുന്നത് സ്വതന്ത്രമായ മാർക്കറ്റ് തത്ത്വങ്ങളിൽക്കൂടി സാമ്പത്തിക വളർച്ചയെ കൈവരിക്കാമെന്നുള്ളതാണ്.'  അസമത്വം ഇല്ലാതാക്കാനും ലോകത്തിലെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുമുള്ള പദ്ധതികൾക്ക് ആസൂത്രണം ചെയ്യാനും മാർപാപ്പ നിർദ്ദേശിക്കുന്നു.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ച് സാമൂഹിക നീതി നടപ്പാക്കണം. സ്വതന്ത്രമായ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു സമൂഹം മാത്രം സാമ്പത്തികശക്തി സമാഹരിക്കുന്നതും കാണാം. അവരുടെ വിജയകരമായ സാമ്പത്തികനേട്ടത്തിൽ നന്മയെന്ന വസ്തുത കാണില്ല. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർ പരിതാപകരമായി അധഃപതിക്കുന്നതായും കാണുന്നു. ധനികരായവർ ദരിദ്രരെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയാണ് സ്വതന്ത്ര സാമ്പത്തിക ശാസ്ത്രത്തിൽ  കൂടുതലായും കാണപ്പെടുന്നത്.

പരിസ്ഥിതി നശിപ്പിക്കുന്ന പ്രധാന കാരണക്കാരായവരിൽ മാർപാപ്പാ വൻകിട കോർപ്പറേറ്റ് കമ്പനികളെയും ഊർജം ഉത്ഭാദിപ്പിക്കുന്ന കമ്പനികളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്. അനിയന്ത്രിതമായ സാമ്പത്തിക വളർച്ച ധനതത്ത്വ ചിന്തകർ ഇഷ്ടപ്പെടുന്നു. എന്നാൽ അതോടൊപ്പം ഭൂമിയിലെ അതിരറ്റ ധാതുക്കളും ഉത്പ്പന്നങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. ഇത് ഈ പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ അപകടമാക്കുന്നു. ഭൂമിയെ തന്നെ വരൾച്ച ബാധിച്ചതാക്കുന്നു. വനം നശീകരണവും വൻകിട കെട്ടിട നിർമ്മാണവും പാഴായ വസ്തുക്കൾ അശാസ്ത്രീയമായി വലിച്ചെറിയലും നദികളെ മലിനപ്പെടുത്തലും വഴി പരിസ്ഥിതിയെയും അവിടെ ദുർവിനിയോഗം  ചെയ്യുകയാണ്.

അടുത്ത കാലത്തു വിവാഹമെന്ന കൂദാശയെ സംബന്ധിച്ചുള്ള മാർപാപ്പായുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പുരോഹിതർ പള്ളികളിൽ ആശീർവദിക്കുന്ന വിവാഹങ്ങൾ പലതും ആത്മീയാരൂപിയില്ലാത്തതെന്നും മാർപാപ്പ പറഞ്ഞു. "വിവാഹത്തിന്റെ പരിപാവനത ഗൗനിക്കാതെയാണ് പലരും വിവാഹം കഴിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടായിരുന്ന വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കാതെയാണ് അവർ വിവാഹം ചെയ്തത്. അവരുടെ വിവാഹമെന്ന കൂദാശയിൽ ദൈവത്തിന്റെ കൃപ ഉണ്ടോയെന്നും സംശയിക്കുന്നു. ഒരു പുരോഹിതൻ സ്വന്തം വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്നുവോയെന്ന സംശയംപോലെ വിവാഹിതരിലും അത്തരം സംശയങ്ങൾ സാധാരണമാണ്. അവിടെ ദൈവം അവരുടെ ബലഹീനതകളെ കാണിച്ചുകൊടുക്കുകയാണെന്നും" മാർപാപ്പ പറഞ്ഞു.

 വിശ്വാസികളുടെ വിവാഹം സംബന്ധിച്ച  മാർപാപ്പായുടെ ഈ പ്രസ്താവന കത്തോലിക്കാ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.  പിശാച് മാർപാപ്പായിൽ കുടികൊള്ളുന്നുവെന്നു യാഥാസ്ഥിതികരായ കത്തോലിക്കർ അദ്ദേഹത്തിനെതിരെ പ്രചാരണവും  നടത്തുന്നു. 'നമ്മൾ കത്തോലിക്കരാണ്, സഭയുടെ നിയമമനുസരിച്ച് വിവാഹിതരായി. വിവാഹമെന്നത് മരണം വരെയുള്ള കൂദാശയെന്ന പ്രതിജ്ഞയ്ക്ക് വിപരീതമായിട്ടാണ് മാർപാപ്പായുടെ പ്രസ്താവനകളെന്നു' യാഥാസ്ഥിതിക ലോകം ചിന്തിക്കുന്നു. ഭൂരിഭാഗം വിവാഹങ്ങളും നിയമാനുസൃതമല്ലെന്നുള്ള പ്രസ്താവന മൂലം വിവാഹിതരായവരിൽ അനേകർക്കു ആശയക്കുഴപ്പങ്ങളുണ്ടാകുന്നുമുണ്ട്.  മാർപാപ്പായുടെ ഈ പ്രസ്താവന വിവാഹ ജീവിതം ഉപേക്ഷിക്കാൻ പലരെയും പ്രേരിപ്പിക്കുമെന്നുള്ള വിമർശനങ്ങൾ നാനാഭാഗത്തുനിന്നും പ്രതിഫലിക്കുന്നുമുണ്ട്. വിവാഹമെന്ന കൂദാശ സഭയുടെ നിയമത്തിനധീനമല്ലെങ്കിൽ  ഒരു ജീവിതം മുഴുവൻ പുലർത്തേണ്ട പ്രതിജ്ഞാ ബദ്ധത ദമ്പതികൾക്ക് മനസിലാകുന്നില്ലെങ്കിൽ വൈദിക പട്ടവും കൂദാശകളും ശരിയോയെന്നും ചോദ്യങ്ങളുയരുന്നു. സഭയുടെ കാതലായ നിയമങ്ങളെ ഫ്രാൻസിസ് മാർപാപ്പ തെറ്റിക്കുന്നുവെന്നും എതിർപ്പുകാർ കരുതുന്നു.

കുടുംബങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വർഷം വത്തിക്കാൻ നടത്തിയ സിനഡിൽ സ്വവർഗ രതിക്കാർക്കും വിവാഹ മോചിതർക്കും പുനർവിവാഹം ചെയ്തവർക്കും കൂദാശകൾ സ്വീകരിക്കാമെന്നുള്ള ആശയങ്ങൾക്ക് കൂടുതൽ ശക്തി നേടിയിരുന്നു. ഈ വർഷം ഫ്രാൻസിസ് മാർപാപ്പാ എഴുതിയ ഒരു കുറിപ്പിൽ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും ചില സാഹചര്യങ്ങളിൽ കൂദാശകൾ സ്വീകരിക്കാമെന്നും കുറിച്ചുവെച്ചത് യാഥാസ്ഥിതിക ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ വത്തിക്കാന്റെ വക്താവ് അത്തരം മാർപാപ്പായുടെ കുറിപ്പിനെപ്പറ്റി നിരസിക്കുകയും ചെയ്തു.  ഇന്ന് തീവ്ര മതവിശ്വാസികളായവർ 'ഫ്രാൻസിസ് മാർപാപ്പാ കത്തോലിക്കാ സഭയെ നയിക്കുവാൻ യോഗ്യനോയെന്നു ചോദ്യങ്ങളുയർത്തുന്നു. സഭയ്ക്ക്  ജോർജ് ബെർഗോളി അറുതിയില്ലാത്ത ദോഷം വരുത്തിയെന്നും അതിൽനിന്നും സഭയിനി മോചനം നേടണമെങ്കിൽ പതിറ്റാണ്ടുകൾ വേണമെന്നും കുറ്റമാരോപിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ രാജി വെച്ചെങ്കിൽ മാത്രമേ നാശത്തിൽ നിന്നും മാർപാപ്പായുടെ തെറ്റായ ഉപദേശത്തിൽനിന്നും പേപ്പസിയെ രക്ഷപെടുത്താൻ സാധിക്കുള്ളൂവെന്നു യാഥാസ്ഥിതികർ പ്രചാരണം  നടത്തുന്നു.

2016 മെയ്മാസത്തിൽ ഫ്രാൻസിന്റെ പത്രപ്രവർത്തകരുമായുള്ള പ്രസ് സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പാ തന്റെ മുൻഗാമികളുടെ അഭിപ്രായങ്ങൾക്കുപരിയായി രാഷ്ട്രങ്ങൾ മതേതരത്വത്തിൽ അടിയുറച്ചതായിരിക്കണമെന്നു പറയുകയുണ്ടായി. 'ഒരു രാഷ്ട്രമെന്നു പറയുന്നത് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം. മതപുരോഹിതരുടെ നിയന്ത്രണമുള്ള രാഷ്ട്രങ്ങൾക്ക്  അധഃപതനം സംഭവിക്കും.' അതേ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം ഇസ്‌ലാമിക വിശ്വസികളെയും ക്രിസ്ത്യാനികളെയും താരതമ്യപ്പെടുത്തി പറഞ്ഞു, 'ഇരുമതങ്ങളും ചരിത്രത്തിൽ അക്രമം നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു. യേശു തന്റെ ശിഷ്യന്മാരെ അയച്ചത് എല്ലാ രാഷ്ട്രങ്ങളെയും കീഴടക്കാനായിരുന്നുവെന്നു മാത്യുവിന്റെ സുവിശേഷത്തിൽനിന്നും  വ്യാഖ്യാനിക്കാൻ സാധിക്കും.' ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളായ അഭിപ്രായങ്ങളിൽക്കൂടി കുരിശു യുദ്ധങ്ങളിലെയും തെറ്റുകൾ മാർപാപ്പ പരോക്ഷമായി സമ്മതിക്കുകയാണെന്നും തോന്നിപ്പോവും.

ലാ റിപ്പബ്ലിക്കായെന്ന പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ  മാർപാപ്പ പറയുകയുണ്ടായി, 'ഇന്ന് ലോകത്തിന്റെ ഏറ്റവും ദുഃഖകരമായ വസ്തുത യുവാക്കളുടെ തൊഴിലില്ലായ്മയാണ്. അതുപോലെ വൃദ്ധരായ ജനങ്ങളുടെ ഏകാന്തതയും.' അതേ സംഭാഷണത്തിൽ അദ്ദേഹം വീണ്ടും പറഞ്ഞു, 'മതപരിവർത്തനമെന്നുള്ളത് തികച്ചും യുക്തിരഹിതമാണ്‌. നിരർത്ഥകവുമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമെന്നതൊന്നില്ല. ദൈവം ഉണ്ട്. യേശുവിൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ പുനരുദ്ധാരണത്തിലും.'

2005 ജനുവരിയിൽ മനിലാ വിമാനത്താവളത്തിൽ വെച്ച് എട്ടാമതു ഗർഭിണിയായ ഒരു സാധുസ്ത്രീയെ കണ്ടുമുട്ടി അവരെ ശകാരിച്ചുകൊണ്ടു പറഞ്ഞു, 'യുവതിയായ സ്ത്രീയെ, നീ മുയലുകളെപ്പോലെ  കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. എന്തേ, നീ മറ്റുള്ള ഏഴു കുഞ്ഞുങ്ങളെയും അനാഥരാക്കുന്നുവോ? അത് ദൈവത്തിനു നിരക്കാത്തതാണ്. ദൈവത്തിന്റെ മുമ്പിൽ മാതാപിതാക്കൾക്ക് കടമകളും കർത്തവ്യങ്ങളുമാണ് വേണ്ടതെന്നും' മാർപാപ്പ ഓർമ്മപ്പെടുത്തി.

2015 മാർച്ചിൽ റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari)പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ മാർപാപ്പ പറഞ്ഞു, "ആരും നരകത്തിൽ പോകുന്നില്ല. എന്നാൽ ദൈവത്തെ നിഷേധിക്കുന്നവൻ ആത്മസംഹാരം ചെയ്യുന്നു. അവൻ നിശേഷം ഇല്ലാതാകുന്നു. നഷ്ടപ്പെട്ട ആത്മാവിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ആത്മാവിനെ ശിക്ഷിക്കുമോയെന്നായിരുന്നു ഉത്തരം. എങ്കിൽ എങ്ങനെയത് സംഭവിക്കും. മാർപാപ്പ തുടർന്നും പറഞ്ഞു, 'അങ്ങനെയൊരു ശിക്ഷയില്ല. ആത്മാവ് അതോടെ നശിക്കുകയാണ്. മറ്റുള്ളവരെല്ലാം പിതാവിനൊപ്പം സൗന്ദര്യം ദർശിക്കും. ലക്ഷ്യങ്ങളിലെത്തി പരമാനന്ദം പ്രാപിക്കും. ആത്മാവിൽ നിദ്രപ്രാപിച്ചവൻ പിതാവിനൊപ്പം ഔദ്യോഗിക വിരുന്നു സൽക്കാരത്തിൽ ഉണ്ടായിരിക്കില്ല. ഭൗതിക ശരീരം മരിച്ചതോടെ അവന്റെ യാത്രയും അവസാനിച്ചു.'

റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari) വാർത്താ ലേഖകരുമായുള്ള അഭിമുഖസംഭാഷണം തികച്ചും വിവാദപരമായിരുന്നു. വത്തിക്കാൻ അവരുമായുള്ള അഭിമുഖ സംഭാഷണം നിരാകരിക്കുകയോ അംഗീകരിക്കുകയോ ഉണ്ടായില്ല. വത്തിക്കാൻ പത്രത്തിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിച്ചുമില്ല. 'നരകത്തിൽ ആരും പോവുകയില്ല, ആരെയും വിധിക്കില്ല, എല്ലാവർക്കും  നിത്യതയുണ്ടെന്ന' മാർപാപ്പയുടെ വാക്കുകൾ സുവിശേഷ വചനങ്ങൾക്ക് പൊരുത്തപ്പെടുന്നതല്ലായിരുന്നു.


With Rabbi and Imam1 comment:

  1. http://pelicanweb.org/CCC.TOB.120.html#english
    These pages are meditations on the mysteries of the creation, the incarnation, and the redemption. They explore the Christian understanding that all men and women are consubstantial in one and the same human nature, and are consubstantial with Jesus Christ as to his humanity. The meditations are based on a layman's reading of the Sacred Bible, the Catechism of the Catholic Church, and the Theology of the Body as they pertain to the egalitarian complementarity of man and woman, which transcends the patriarchal binary of mutually exclusive male-female opposites. This understanding of the "unity in complementarity" of man and woman applies to all the sacraments, sheds light on the great nuptial mystery of Christ and the Church, and would seem to support the ordination of women to the ministerial priesthood and the episcopate.

    ReplyDelete