Translate

Tuesday, October 18, 2016

ആഴത്തിൽ നിന്നു ഞാൻ .....

പ്രെസ്റ്റണിൽ വന്ന ഇതര റീത്തുകാർ സീറോ മലബാറിന്റെ ആഴം കണ്ടു ബോദ്ധ്യപ്പെട്ടുവെന്നാണ് മാർ ശ്രാമ്പിക്കൽ പറയുന്നത്. സീറോ മലബാറെന്നു പറഞ്ഞാൽ ഏതു മെത്രാനും യഥേഷ്ടം തോണ്ടാവുന്നയൊരു കുഴിപോലെയാണെന്നെനിക്കു നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സിനഡിലെ പല തീരുമാനങ്ങൾക്കും അതെഴുതിയ കടലാസ്സിന്റത്ര വില പോലും കിട്ടുന്നില്ല; പിന്നെങ്ങിനെ സംശയിക്കാതിരിക്കും? സീറോ-മലബാർ ചടങ്ങുകളുടെ ആവറേജ് ആഴമെന്നു പറഞ്ഞാൽ ഒന്നുരണ്ടു മണിക്കൂറുകൾ വരും. പ്രസ്റ്റണിലെ ചടങ്ങുകളുടെ ഒരു വിവരണം ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയത് ഞാൻ വായിക്കാനിടയായി. അന്തരീക്ഷ ഊഷ്മാവേറ്റവും കൂടിയിരുന്നത് തൊപ്പിയും വടിയും പുതിയ പിതാവ് ഏറ്റുവാങ്ങിയപ്പോഴാണെന്നയാൾ എഴുതിയിരുന്നു. അഭിഷേകം ഉച്ചകോടിയായപ്പോൾ സ്റ്റേജിന്റെ മുകളിൽ ഒരു പ്രാവ് വട്ടമിട്ടു പറന്നുവെന്നും, അതു പരി. ആത്മാവു തന്നെയായിരുന്നെന്നും ഈ നിരീക്ഷകൻ പറയുന്നു. നമുക്കെന്തു ചെയ്യാൻ പറ്റും? നഗരങ്ങളിൽ വെന്റിലേഷനുകൾക്കു ചുറ്റുമുള്ള വലകൾ മാറ്റി പരി. ആത്മാക്കളെ ഉള്ളിലേക്കു കയറ്റണമെന്നു നാളെ അച്ചൻ പള്ളിയിൽ വിളിച്ചുപറഞ്ഞാൽ? മഴ പെയ്തു പരിപാടിക്ക് ലേശം ആശങ്ക സൃഷ്ടിച്ചെങ്കിലും അതും ദൈവം നൽകിയ അടയാളമാണെന്നു വക്താവ് - ആലിന്റെ കഥ ഓർമ്മ വരുന്നു! എന്തിനാ നിരീക്ഷകാ കാണിക്കാവുന്നിടത്തോളം ആർഭാടം കാണിച്ചിട്ട് പരി. ആത്മാവിനെ കൂട്ടു പിടിക്കുന്നത്? ഇനി എന്തെങ്കിലും അർമ്മാദം പ്രസ്റ്റണിൽ ബാക്കി വെച്ചിട്ടുണ്ടോ നിങ്ങൾ? വിതച്ചവൻ വിതച്ചതു കൊയ്യും, വാളെടുക്കുന്നവൻ വാളാലെ.... തുടങ്ങിയ പരി. ആത്മാവിന്റെ നിയമങ്ങൾ ഇവർ കേട്ടിട്ടുണ്ടോ ആവോ? 

സീറോ-മലബാറിന്റെ ആഴം കണ്ടവർ ഔന്നത്യം കൂടി കാണുന്നതു നല്ലതാ. അതു വ്യാപകമായി കാണണമെങ്കിൽ കേരളത്തിൽ തന്നെ വരണം. അളക്കാൻ പറ്റാത്ത ഉയരത്തിലും അടുക്കാൻ പറ്റാത്ത സെക്യുരിറ്റിയിലുമാ കുരിശുകളിരിക്കുന്നത്. ശ്രാമ്പിക്കൽ മെത്രാന്റെ മോതിരം ചുംബിക്കുന്ന അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രം കാണാനിടയായി. അദ്ദേഹം കസേരയിൽ തന്നെയിരിക്കുമ്പോൾ,  പ്രായം ചെന്ന ആ അമ്മ കുനിഞ്ഞോ കൊച്ചുമുട്ടേൽ നിന്നോ മോതിരം മുത്തുന്നുവെന്നാണ് ചിത്രത്തിൽ നിന്നെനിക്കു മനസ്സിലായത്. എന്റെ മനസ്സിലാക്കലുകൾ പ്രകാരം അതിലൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേയെന്നു സംശയം! ഗുരുനിന്ദക്കുപോലും ശിക്ഷ അഗ്നിയാണെന്നാണു ഭാരതീയ സങ്കൽപ്പം - അപ്പോൾ മാതൃനിന്ദക്കോ? മാതൃദേവോ ഭവ! ഗുരുവിന്റെയും രണ്ടു സ്റ്റെപ്പ് മുകളിൽ നിൽക്കുന്നയാളാണമ്മ. അതുകൊണ്ടാണല്ലൊ സഭയുടെ രക്ഷകയായി കന്യകാമറിയത്തെ പ്രതിഷ്ടിച്ചിരിക്കുന്നത്. മാതാ-പിതാ-ഗുരു-ദേവാ - ഇതാണു ക്രമം. ഭൂമിയില്‍ ജന്മംതന്ന മാതാവ് പ്രഥമസ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും, മാതാപിതാക്കള്‍ വിദ്യാരംഭത്തിലൂടെ കുട്ടിയെ ഏല്‍പ്പിക്കുന്ന ഗുരുക്കന്മാര്‍ മൂന്നാമതും, എല്ലാം സംരക്ഷിക്കുന്ന ദൈവം നാലാമതുമാണ്. 'മാതാ-പിതാ-ഗുരു-ദൈവം' എന്നീ ക്രമത്തിലാണ് ഭക്തി രൂപപ്പെടുകയും വളരുകയും ചെയ്യുന്നതും. മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്നു പറയുന്ന ഒരു പ്രമാണവുമുണ്ടെന്നു കേട്ടിട്ടുണ്ട്. ആ സാഹചര്യത്തിൽ എന്നെ കുറ്റം പറയാൻ ആർക്കെങ്കിലും പറ്റുമോ? അഞ്ചരമീറ്റർ തുണി, ഒരാളിൽ കണ്ടമാനം മാറ്റം വരുത്തുന്നു! പ്രായത്തിൽ മൂത്തവരെ കണ്ടാൽ എണീറ്റു കൊടുക്കുന്ന സ്വഭാവമുള്ള വൈദികർ നമുക്കു കുറവായതുകൊണ്ടാണ്, ഇതൊക്കെ പറഞ്ഞും ഇങ്ങിനെയൊക്കെ ചിന്തിച്ചും പോകുന്നത്. ദുർമ്മാതൃക കാട്ടുന്ന വൈദികരേയും മെത്രാന്മാരേയും ധ്യാനകുരുക്കന്മാർ ശുദ്ധീകരണസ്ഥലത്തിന്റെ പടം വരച്ച് അതിലേക്കു തള്ളിവിടുമായിരിക്കും! 

ഏതായാലും, ഇത്രയും ഊഷ്മളമായയൊരത്മായാ-പുരോഹിത ബന്ധം വേറോരു സഭയിലും കാണാനിടയില്ല. അച്ചന്മാർ മദ്ബഹായിൽ നിന്നു വീശുന്നു; അത്മായർ വെയിറ്റിങ് ഷെഡ്ഡുകളിലും പൊതുസ്ഥലങ്ങളിലും സോഷ്യൽ മീഡിയാകളിലും നിന്നു വീശുന്നു. മദ്ബഹായിൽ നിന്നുള്ള മറുപടിക്കവസരമില്ലാത്ത ഗോളുകൾ തുടരുന്നിടത്തോളം കാലം പ്രതികരണവും ഇതെ റ്റോണിൽ ഉണ്ടാവാനാണൂ സാദ്ധ്യത. 

എന്തെല്ലാം പരീക്ഷണങ്ങളാണ്, ഇംഗ്ഗ്ലണ്ടിൽ നടക്കുന്നത്. അവിടുത്തെ രൂപതക്കു മാർഗ്ഗഭ്രംശം വരാതെ നോക്കാൻ വേണ്ടി മാത്രം ഒരു വാട്സാപ്പ് കൂട്ടായ്മ ഇംഗ്ഗ്ലണ്ടിൽ തുടങ്ങിക്കഴിഞ്ഞു. ആദ്യം മര്യാദക്കു പറയുക, കേട്ടില്ലെങ്കിൽ നാട്ടാരേക്കൊണ്ട് പറയിക്കുക; എന്നിട്ടും വഴങ്ങുന്നില്ലെങ്കിൽ തിരക്സരണി പ്രയോഗിക്കുകയെന്നതാണ് നിലവിൽ ആ കൂട്ടായ്മയുടെ പരിപാടി. ഈ പരിപാടി അവിടെ വിജയിച്ചാൽ യൂറോപ്പ്, അമേരിക്കാ, ആസ്ട്രേലിയാ, ചെന്നൈ മുതൽ പ്രദേശങ്ങളിലേക്കും കേരളത്തിലേക്കു തന്നെയും രൂപതാതലത്തിൽ ഇതു വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വിടരുത്; ആരും വിടരുത്; ഒരൊറ്റ അത്മായന്റെ പരാതിയും സൗമനസ്യപൂർവ്വം കേൾക്കുകയോ അതിനു ശരിയായ പരിഹാരമുണ്ടാക്കുകയോ മെത്രാന്മാർ ചെയ്യരുത്. അങ്ങിനെ സഭക്കു കളങ്കം വരുത്താതെ എല്ലാരും നോക്കുക; അപ്പോ എല്ലാം ശരിയായിക്കോളും. ഒരു വിശ്വാസിനീഭർത്താവ് മുളന്തുരുത്തിയിൽ കാണിച്ചതുപോലെ, ഓരോ പള്ളിമുറിയിലും നാട്ടുകാർ ചെന്ന് സർവ്വസരസ്വതി പാടട്ടെയല്ലേ? അവിടുത്തെ കൊച്ചച്ചനൊരുഗ്രൻ 'ഓപ്പൺ' സെൽഫിയെടുത്ത് ഒരു വിശ്വാസിയുടെ ഭാര്യക്കു വാട്സാപ്പിൽ അയച്ചുകൊടുത്തുകഴിഞ്ഞപ്പോഴാണ് താൻ നിൽക്കുന്നതു മുളന്തുരുത്തിയിലാണല്ലോന്നു കൊച്ചച്ചനോർമ്മ വന്നത് - മണ്ടൻ! 

എല്ലാരും അറിയുക, ലോകത്തിലൊരൊറ്റ ശരിയേയുള്ളൂ - അതു സീറൊ മലബാറിന്റേതാണു താനും. ഈ ശരിയുണ്ടാകാൻ യേശുവിന്റെ ജനനവും കഴിഞ്ഞു രണ്ടായിരം വർഷങ്ങൾക്കൂടി നാം കാത്തിരിക്കേണ്ടിവന്നു. പവ്വം ഇവിടെ ജനിച്ചിരുന്നില്ലെങ്കിൽ സംഭവം വീണ്ടും നീണ്ടേനെ. കേരളത്തിലൊരിടവകയിൽ ഒരു കത്തോലിക്കാ വൈദികൻ പതിന്നാലു ഭവനരഹിതർക്കു സ്വന്തമായി വീടു വെച്ചുകൊടുത്തു. ശരിയോ തെറ്റോ? ശരിയായിരുന്നെങ്കിൽ വികാരിയച്ചൻ ഒരിക്കലെങ്കിലും അതു പള്ളിയിൽ പറഞ്ഞേനെയല്ലേ? അത്മായൻ ചെയ്യുന്ന നല്ല കാര്യങ്ങളും ബുള്ളറ്റിനിലൂടെ വരില്ല. ശരിയൊക്കെ തെറ്റെന്നും തെറ്റൊക്കെ ശരിയെന്നും തോന്നുന്ന റീത്തോഫീലിയായെന്ന രോഗം വ്യാപകമായി പലരേയും ആക്രമിക്കുന്നു. ഒരു ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ പത്തു വയസ്സുള്ള ഒരു കുട്ടിയുടെ കരണക്കുറ്റി നോക്കിയൊരെണ്ണം കൊടുത്തെന്നു കേസ്; മഠം അതു വിശകലനം ചെയ്താൽ ശരിയെന്നേ തോന്നൂ - അതാ സ്ഥിതി! ബഹു. കന്യാസ്ത്രി ഒരു പെൺകുട്ടിയെ വേദപാഠകുർബ്ബാനയുടെ ഇടക്കു പള്ളിയിൽനിന്നിറക്കി വിട്ട കേസു വന്നപ്പോഴും മഠം കന്യാസ്ത്രിയുടെ കൂടെ തന്നെയായിരുന്നു. 'ന്യുമാനെ' പ്രതിഷ്ടിക്കാൻ പ്രൊഫ. ജോസഫെന്ന 'ഓൾഡ് മാനെ' കോളെജിൽ നിന്നൊഴിവാക്കിയത് ശരിയെന്നു തന്നെയായിരുന്നു കോതമംഗലത്തിന്റെ സ്റ്റാന്റ്; ഇടുക്കി മെത്രാൻ പത്രസമ്മേളനത്തിൽ തെറി പറഞ്ഞത് തെറ്റെന്നു സൂചിപ്പിക്കുന്ന പത്രക്കുറിപ്പുകളൊന്നും വാഴത്തോപ്പിൽ നിന്നിറങ്ങിയതായി അറിവില്ല ('തിരുശ്ശരീര'ത്തേക്കാൾ പകിട്ടുള്ളത് 'തിരുമേനി'ക്കു തന്നെ); ദളിതന്റെ ശവം പള്ളിസിമിത്തേരിയുടെ അടുത്തുനിന്നു മാറ്റിയതും ശരിയായിരുന്നില്ലെന്ന് സഭാ വക്താക്കളാരും പറഞ്ഞതായി ഇതുവരെ അറിവില്ല.

വക്താവ് പറയുന്നത് സഭ വിട്ടു പോയ വൈദികർ വൈദികരല്ലെന്നാണ്. ഇതു കേട്ടിട്ട് ളോഹക്കെന്താ രണ്ടു നിറമാണോന്നു ചോദിച്ചത്, ഇന്ത്യൻ എക്സ്പ്രസ്സ് പത്രം. കർത്താവേ! മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞിട്ടും പത്രോസിന്റെ ശിക്ഷ്യത്വം അങ്ങുന്നെടുത്തു കളഞ്ഞില്ലല്ലോ; ഒറ്റു കൊടുക്കുമെന്നറിയാവുന്ന യൂദാസിന്റെയും ശിക്ഷ്യത്വം അങ്ങെടുത്തുകളഞ്ഞില്ലല്ലൊ! ഏഴിന്റെയും എഴുപതിന്റേയുമൊക്കെ കണക്കീ വയസ്സന്മാർക്കറിയത്തില്ലെന്നുണ്ടോ സർവ്വേശ്വരാ? പൗരോഹിത്യമുപേക്ഷിച്ചു തെണ്ടാൻ പോയയാളുടെ അടുക്കൽ പോയി മാർപ്പാപ്പാ കുമ്പസ്സാരിച്ചു. പിന്നാ കാക്കനാട്ടുനിന്നുള്ള വക്താവിന്റെ ചാരിത്ര പ്രസംഗം! അത്മായൻ ചോദ്യം തുടങ്ങിയതേയുള്ളൂ. ബ്രിസ്ബണിൽ ഒരല്മായനെ ഒലത്താനിറങ്ങിയവർ അവസാനം പരസ്യമായി ക്ഷമപറഞ്ഞു പ്രശ്നം തീർത്തു. ഒല്ലൂരിലും അതു തന്നെ സംഭവിച്ചു. കാലം പഴയതല്ലെന്ന് ഓർക്കുക. ലോകം മുഴുവൻ അത്മായർ വാളും പരിചയുമായി ഇറങ്ങിയിരിക്കുന്നു. യൂറോപ്പിലും ഗൾഫിലും ചെന്നൈയിലുമൊക്കെ രൂപത വരാൻ എന്താ താമസിക്കുന്നതെന്ന് അറിയില്ലാത്ത വിശ്വാസികളില്ല. ഇടിയും കുത്തുമായി എത്ര നാളീ സഭ മുന്നോട്ടു പോകും? 2012 ൽ അല്മായാശബ്ദം തുടങ്ങിയപ്പോൾ നാലു പേരാണുണ്ടായിരുന്നതെങ്കിൽ ഇന്നു ലോകം മുഴുവൻ പിന്തുണക്കാർ! 


കേരളത്തെ പിടിച്ചു കുലുക്കുന്ന ഒരു കൊടുങ്കാറ്റു വരുന്നു, തെക്കേ വശത്തുനിന്നാണു വരുന്നത്. ഒരു വൈദികൻ 20 ഓളം വൈദികവിദ്യാർത്ഥികളെ മറയില്ലാതെ 'ഉപദേശിച്ചു'വെന്നാണ് കാറ്റ് എല്ലാരേം അറിയിക്കാൻ പോകുന്നത്. ഫെയിസ് ബുക്കിൽ ഇങ്ങിനെ വായിക്കുന്നു (ചിത്രം കാണുക). കാറ്റിനെത്തേടി ആളുകൾ ഇറങ്ങിക്കഴിഞ്ഞു.കാറ്റേ നീ പോകരുതിപ്പോൾ, കാറേ നീ വീശരുതിപ്പോൾ...! 

1 comment:

  1. കാറ്റിന്റെ ഉറവിടം കണ്ടു കിട്ടിയോ?

    ReplyDelete