Translate

Wednesday, October 5, 2016

ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി.

(റെജി ഞള്ളാനി 1966-ൽ പാലായിൽ ജനിച്ചു. മാതാപിതാക്കളോടോപ്പം കട്ടപ്പനയിൽ വന്ന് താമസമാക്കി. കട്ടപ്പന ഗവ. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം സിവിൽ സപ്ലൈസ് വകുപ്പിൽ ജീവനക്കാരനായി. കാർഷിക ഗവേഷണങ്ങൾക്കായി സർക്കാർ ജോലി ഉപേക്ഷിച്ചു . അത്യൂത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റച്ചിമ്പൻ, പതിയൻ,കുഴിയില്ലാ പ്ലാന്റിംഗ് ,റിംഗ് പ്ലാന്റിംഗ്, വേലി പെപ്പർപ്ലാന്റിംഗ്,തുടങ്ങിയ കൃഷിരീതികളും  വികസിപ്പിച്ചെടുത്തു കാർഷിക മേഖലയിലെ മികച്ച സംഭാവനക്ക്് കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്പ്‌മെൻ്‌റ സ്റ്റഡിസിന്റെയും ICAR -ന്റെയും ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക കൃഷിക്,റോട്ടറി ഇന്റെർ നാഷണൽ ,ഓയിസ്‌കാ ഇന്റെർനാഷണൽ അവാർഡ് ഉൾപ്പടെ നിരവതി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് രാജ്യത്തെ 80% കൃഷിക്കാരും റെജിയുടെ പുതിയ രീതികളാണ് ഉപയോഗിക്കുന്നത്.സംസ്ഥാന, ദേശീയ ,അന്തർദേശിയ തലങ്ങളിൽ 9 ശാശ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രബന്ധവതരണത്തിനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ കർഷക സംഘടനയായിരുന്ന ഇൻഫാം ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റെ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടായ തിരിച്ചറിവും അനുഭവങ്ങളും  .സ്വന്തം സഭയിൽ നിന്നുമുണ്ടായ കൈപ്പേറിയ അനുഭവങ്ങളും മൂലം അപ്രതീക്ഷിതമായി ആത്മിയരംഗത്തേയ്ക്ക് കടന്നുവരുവാനും സ്വന്തം സഭയുടെ നവീകരണത്തിനായി പ്രവർത്തിക്കുന്നതിനും റെജി തീരുമാനിക്കുകയായിരുന്നു.  തുടർന്ന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി പവർത്തിക്കുവാൻ തുടങ്ങി കെ.സി. ആർ. എം. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കാത്തലിക് പ്രീസ്റ്റ് -എക്‌സ്പ്രീസ്റ്റ്-നൺസ് അസോസിയേഷന്റെയും ഒാപ്പൺ ചർച്ച് മൂവ്‌മെന്റിന്റെയും സ്ഥാപക ചെയർമാൻ, എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഈ കലയളവിൽ സഭാചരിത്രത്തിൽ തന്നെ ഇടം നേടിയ മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കൊച്ചിയിലെ ദേശീയ സമ്മേളനവും റെന്റേ പ്രീസ്റ്റ് സംവിധനവും ക്രിസ്തീയസഭകളുടെ ഏകീകരണത്തിനായുള്ള ഓപ്പൺചർച്ച് മൂവ്‌മെന്റെും ശ്രദ്ധേയമായി. ഇപ്പോഴിത മൃതസംസ്‌കാര രംഗത്തെ വിപ്ലവകരമായ സാമൂഹിക പരിഷ്‌കരണത്തിനും സ്വന്തം ജീവിതം മാതൃകയാക്കി തുടക്കമിടുന്നു. ഒരു സാമൂഹിക പരിഷ്‌ക്കർത്തവും ശാശ്ത്രജ്ജനുമെന്നനിലയിലുള്ള റെജിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും സമൂഹം നെഞ്ചോടുചേർത്തുകഴിഞ്ഞിരിക്കുന്നു.  കാർഷികരംഗത്തെയുംആത്മിയരംഗത്തേയും റെജിയുടെ പ്രവർത്തനങ്ങൾ വരും തലമുറക്കും (പ്രത്യേകിച്ച് ക്രിസ്തീയ സഭക്ക് )  മുതൽകൂട്ടും മാതൃകയുമാണെന്നകാര്യത്തിൽ സംശയമില്ല.  ഭാര്യ റോസമ്മ ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസായൂം മക്കൾ മൂന്നാവർഷ എൻജിനിയറിംഗിനും പ്ലസ് ടൂവിനും പഠിക്കുന്നു

. by,  Ml , Augusthi, social worker. ) 


ഞാൻ മരിച്ചാൽ.... റെജി ഞള്ളാനി.


                   ഒരു വ്യക്തിയുടെ ജീവിതവും വിശ്വാസവും പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു. ഒരുവൻ മരിച്ചു കഴിഞ്ഞാൽ ആരും ഇന്നേവരെ കണ്ടിട്ടില്ലാത്തതും അറിയില്ലാത്തതുമായ ഒരു ലോകത്തേക്കുറിച്ച് എല്ലാവരും വാചാലരാകുന്നു. പൊടിപ്പും തൊങ്ങലും അവിശ്വാസങ്ങളും അന്തവിശ്വാസങ്ങളും  പ്രചരിപ്പിച്ച് അധികാരവും പണവും ബഹുമാനവും സമ്പാദിക്കുന്ന ഒരുകൂട്ടർ. ഇതെല്ലാം ശരിയാണെന്നു ധരിച്ചു വയ്ക്കുന്ന ഭൂരിപക്ഷവും മറുഭാഗത്തും നിലനിൽക്കുന്നു. മുതലെടുപ്പുകാർ  നിർമ്മിച്ചെടുത്ത വ്യത്യസ്ഥങ്ങളായുള്ള ആചാര അനുഷ്ടാനങ്ങളിൽ ചെന്നുപെട്ട് നിർവൃതി അടയുന്നവരും വളരെയധികം. ഈശ്വരനെന്ന വിശ്വാസത്തിൽ എത്തിച്ചേരുവാൻ അനുദിനം എല്ലാവരും ശ്രമിക്കുന്നു. ഈശ്വരചിന്തയുടെ ഏതുവശങ്ങൾ പരിശോധിച്ചാലും നന്മചെയ്യുക എന്നതുമാത്രമാണ്  പരമമായിട്ടുള്ളത് എന്നു കാണുവാൻ കഴിയും .
 എന്നാൽ ഇന്നത്തെ ഈശ്വരചിന്തയിലേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും പണത്തിന്റേയും നിറത്തിന്റേയും ഗോത്രങ്ങളുടേയും അടിസ്ഥാനത്തിൽ ചിരിക്കുകയും പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ശുപാർശലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സങ്കല്പ ലോകത്തിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നവനും  പാവപ്പെട്ടവനോടും സാധാരണക്കാരനോടും  ലവലേശം ബന്ധമില്ലാത്തവനുമാണ് ഈശ്വരൻ എന്നു കാണുന്നു. ഇതെത്രമാത്രം ശരിയെന്നു പരിശോധിക്കുക. ആത്മീയതയുടെ പുറംചട്ട അണിഞ്ഞ് പൈശാചികത പേറിനടക്കുന്ന ആരുടെയെങ്കിലും ശുപാർശപ്പുറത്തുള്ള ഉത്തരവു  കേട്ടു ഭയന്നുവിറക്കുന്ന ദൈവത്തെ എനിക്കാവശ്യമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. 

നമ്മുടെ ആചാരാനുഷ്ടാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതായുണ്ട്. ജനസംഖ്യ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൃസ്ത്യാനികളുടെ  മൃതസംസ്‌കാര രീതികളിൽ മാറ്റം വരേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുവരേയും നമ്മുടെ സ്വന്തം സ്ഥലങ്ങളിലായിരുന്നു  മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ ഇത് ഇപ്പോഴും തുടരുന്നു. ആ പറമ്പുകൾക്ക് പ്രത്യേകമായ ഐശ്വര്യങ്ങളും കുടുംബങ്ങളിൽ കുടുംബ ബന്ധങ്ങളും ദൃഡമായിരുന്നു. മരിച്ചുപോയ മാതാപിതാക്കളുടെ ഓർമ്മകളും അവിടെനിലനിന്നിരുന്നു എന്നു കാണുവാൻ കഴിയും .മൈലക്കെമ്പു പള്ളിയുടെ ചരിത്രപുസ്തകത്തിൽ പറയുന്നു, മരിച്ചവരെ പള്ളി സെമിത്തേരികളിൽ അടക്കം ചെയ്യുവാൻ തുടങ്ങിയപ്പോൾ നാട്ടിൽ വലിയ അനർത്ഥങ്ങളും അപകടങ്ങളും  കണ്ടുതുടങ്ങിയതിനു ശേഷം ആളുകൾ വീണ്ടും പള്ളിസെമിത്തേരി ഉപേക്ഷിച്ചുവെന്നും നാട്ടിൽ ഐശ്വര്യം തിരികെവന്നുവെന്നും. ഇതിനു പരിഹാരമായി പള്ളിയിൽ ഊട്ടുനേർച്ച തുടങ്ങിയെന്നും പറയുന്നു. ഇതിലെ ശരിതെറ്റുകൾ എന്തുമാവട്ടെ ധാരാളം കുടുംബങ്ങളുടെ പറമ്പുകളിൽ അതിന്റെയെല്ലാം അടയാളങ്ങൾ ഇന്നും കാണുവാനുണ്ട്. പള്ളിസെമിത്തേരിയിൽ അടക്കിയാൽ സ്വർഗ്ഗത്തിലെത്താമെന്നു വിചാരിക്കുന്നവരുമുണ്ട്. ഇന്നത്തെ സെമിത്തേരികളിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളിലോ കുന്നിൻ മുകളിലോ ആണെന്നിരിക്കെ ധാരാളം മൃതദേഹങ്ങൾ അടുത്തടുത്ത്കിടന്ന് അഴുകുന്നതിനാൽ ഇതിന്റെനെയ്യുൾപ്പടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും മണ്ണിലും എത്തിച്ചേർന്ന് മലിനമാകുന്നു. ഇതു വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സീറോ മലബാർ സഭക്ക് റോമിൽ നിന്നും സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാൽ അവരുടെ പഴയകാല ഏതു പാരമ്പര്യത്തിലേയ്ക്കും തിരികെ പോകുവാൻ കഴിയും . 


സാമൂഹിക നന്മയെ മുന്നിൽ കാണുന്ന ഏതൊരു വ്യക്തിക്കും മൃതശരീരങ്ങൾ കൂട്ടമായി അടക്കുന്ന പള്ളി സെമിത്തേരികൾ അതീവ അപകടകരികളാണെന്നു കാണുവാൻ കഴിയും .അതുപേക്ഷിക്കുകതന്നെവേണം.പഴേയ സംസ്‌കാരത്തിലേക്ക് നാം തിരയേ പോകേണ്ടിയിരിക്കുന്നു.  സ്വന്തം ഭൂമിയുള്ളവർ അവിടെ അടക്കം ചെയ്യട്ടെ.സ്വന്തമായി ഭൂമിയില്ലാത്തവരും താത്പര്യമുള്ളവരും പൊതു സ്മാശാനങ്ങൾ ഉപയോഗിക്കണം. എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും അവയുടെ ഉടമസ്ഥതയിൽ പൊതു സ്മശാനങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.  ഇന്നത്തെ ഏറ്റവും അനുയോജ്യമായ മൃതസംസ്‌കാരം ദഹിപ്പിക്കുന്നതാണെന്നകാര്യത്തിൽ യാതോരുവിധ സംശയവുമില്ല. നാടിനേയും ക്രിസ്തുവിനേയും കുടുംബങ്ങളേയും ഭാവിതലമുറയേയും സ്‌നേഹിക്കുന്നവർ ഈ രീതിയിലേയ്ക്ക് വരണം.   മൃതശരിരം ദഹിപ്പിക്കാമെന്ന കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ഒരു പ്രസ്താവനയും കഴിഞ്ഞയിടെ കാണുകയുണ്ടായി.  എന്റെ ഈ തീരുമാനം വരും തലമുറകൾക്ക് മാതൃകയും ഗുണകരവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈലേഖനം സഭാനേതൃത്വത്തിനുള്ള അറിയിപ്പായിട്ടുകൂടി പരിഗണിക്കേണ്ടതാണ്.

 
എന്റെ തീരുമാനങ്ങൾ താഴെ പറയുന്നു. 


1.  മരണശേഷം എന്റെ മൃതശരീരം എന്റെ വിട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണം കഴിയുന്നതുംഏലം സ്റ്റേറിനുപയോഗിക്കുന്ന പുളിവിറകുപോലുള്ള ഏതെങ്കിലും വിറക് ഉപയോഗിക്കുകയോ, ഗ്യാസുപയോഗിച്ചുള്ള ചിലവുകുറഞ്ഞ സംവിധാനത്തിലോആയിരി്ക്കണം ഇത്. ഇതിന് പ്രദേശത്തെ എല്ലാവിഭാഗത്തിൽപ്പെട്ടവരുടെയും പിൻതുണ എന്റെ കുടുംബത്തിനു  ലഭിക്കുമെന്ന്  കരുതുന്നു. ഏതെങ്കിലും തരത്തിൽ അതിനു കഴിയാത്ത സാഹചര്യമുണ്ടായാൽ വീടിന്റെ(പിൻഭാഗത്ത്) പടിഞ്ഞാറുവശത്ത് ഞാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അടക്കേണ്ടതാണ്. മരണവിവരം കട്ടപ്പന പള്ളിവികാരിയെ അറിയിക്കേണ്ടതാണ്. ഒരുകാരണവശാലും പള്ളിസെമിത്തേരിയിൽ അടക്കുവാൻ ഇടയാവാതെ എല്ലാവരും ശ്രദ്ധിക്കണം. 


2 എന്റെ ഈ തീരുമാനം എൻേ്‌റതുമാത്രമാണ്. കുടുംബത്തിന്റേതല്ല അക്കാരണത്താൽ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കും അവരുടെ ചിന്തകൾക്കനുസരിച്ച് അവരവരുടെ തീരുമാനങ്ങൾ സ്വതന്ത്രമായിട്ട് എടുക്കാവുന്നതാണ്. 


3 വീടിന്റെ പിൻഭാഗത്ത് എനിക്കായി കല്ലറയുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഞള്ളാനി കുടുംബത്തിലെ അംഗങ്ങൾക്കും ഈ കല്ലറ ഉപയോഗിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും 


3 മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വളരെ ചിലവുകുറഞ്ഞതും മാതൃകാപരവുമായിരിക്കണം. മൃതശരിരം ദഹിപ്പിച്ചുകഴിഞ്ഞാൽ പിറ്റേന്ന് അവിടെയുള്ള ചാരത്തിൽ നിന്നും തൂമ്പയോ പാത്രമോ ഉപയോഗിച്ച് ഒരുചിരട്ടയിൽ കൊള്ളുന്നത്ര ചാരം എടുത്ത് തലേന്ന് ദഹിപ്പിച്ചതിന്റെ അരികിലായി രണ്ടടിയിൽ കൂടാത്തവലിപ്പമുള്ളതും കടുപ്പം കുറഞ്ഞുള്ള തടികൊണ്ടുണ്ടാക്കിയതുമായ ഒരു മരകുരിശു നാട്ടി അതിന്റെ ചുവട്ടിൽ ചിരട്ടയിലെ ചാരം വച്ച് ചുറ്റിലും കുരിശുമൂടത്തക്ക ഉയരത്തിൽ ചിരട്ടകളോ, വിറകോ, കൽക്കരിയോ ഇട്ട് കത്തിക്കേണ്ടതാണ്.കുരിശിന്റെ മുഴുവൻ ഭാഗങ്ങളും കത്തിച്ചു കളയേണ്ടതാണ്.  ് ക്രിസ്തുവിന്റെ ദർശനങ്ങളിലുള്ള ഒരു വ്യക്തിയുടെ അത്മാവിന്റെ പരിപൂർണ്ണമായുള്ള അലിഞ്ഞു ചേരലിന്റെ അടയാളമായിട്ടാണിത് ചെയ്യുന്നത്. 


എന്റെ പ്രവർത്തനകാലത്ത്  സഹകരിക്കുവാൻ ഇടലഭിച്ച കെ. സി. ആർ . എം. , കാത്തലിക് പ്രീസ്റ്റ് & എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ, ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ,ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ പോലുള്ള കത്തോലിക്കാ നവീകരണ -നവോത്ഥാനപ്രസ്ഥാനങ്ങളുടെ സാന്നിധ്യം മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വേഗത്തിലുമാക്കുന്നതിനും ഉപകരിച്ചേക്കാം.
ഒരുപക്ഷേ കത്തോലിക്കാ സഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാവാം സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട്, തന്റെ മരണശേഷം മൃതദേഹം ദഹിപ്പിക്കണം എന്ന് തീരുമാനിച്ച് ഇപ്രകാരം മുൻപേ എഴുതിവയ്ക്കുന്നത്. ഇത് ചരിത്രനിയോഗമാണെന്നും വരുംതലമുറകളുടെ നിലനിൽപ്പിനും ആത്മിയചൂഷണത്തിനെതിരെയുള്ള കാലഘട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണിതെന്നും കണ്ട് മനസ്സിലാക്കി  എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും  എന്റെ ഈ തീരുമാനത്തോട് സന്തോഷപുർവ്വം സഹകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്.
റെജി ഞള്ളാനി, കട്ടപ്പന പി.ഒ., പാറക്കടവ്, ഇടുക്കി ജില്ല. കേരളം. 685508.
ഫോൺ +91 9447105070. 


കുറിപ്പ്. 


മരണശേഷം തങ്ങളുടെ മൃതശരിരം ദഹിപ്പിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുടെയും,  അതിനു തയ്യാറുള്ളവരുടേതുമായി ഒരു ക്ലബ്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണ്. അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.


ഈ ലേഖനം കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 


3 comments:

 1. മരിച്ചുകഴിഞ്ഞാൽ ശവം മറവു ചെയ്യുകയെന്നുള്ളത് ജീവിച്ചിരിക്കുന്നവരുടെയും ബന്ധുക്കളുടെയും ജോലിയാണ്. അവരവരുടെ സ്റ്റാറ്റസനുസരിച്ച് കല്ലറയുടെ ഭംഗിയും ശവപ്പെട്ടിയുടെ ഭംഗിയും ഒറ്റയച്ചനും കൂട്ടയച്ചന്മാരും മെത്രാനും മെത്രാന്മാരും വന്നുകൊള്ളും. നീട്ടി പാട്ടും കുന്തിരിക്കം വീശിയും കൂടാതെ ഹാന്നാൻ വെള്ളവും തളിച്ചുകൊള്ളും. കുറച്ചു പൈസാ കൊടുത്താൽ പാടാൻ മഠം മുഴുവനുള്ള കന്യാസ്ത്രികളും വരും. പണക്കാരണെങ്കിൽ കൂന്തൻ തൊപ്പി ധരിച്ചു കർദ്ദിനാളും കാണും.

  ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മയുടെ ഒന്നാം ചരമവാർഷികത്തിനു പൊൻകുന്നം പള്ളിവികാരിയെ സമീപിച്ചതോർക്കുന്നു. അയാളുടെ പേര് ഞാൻ മറന്നുപോയി. താടിയുള്ള ഒരു കറുത്ത മൂർഖനായ മനുഷ്യനെന്നു മാത്രം ഓർമ്മയിലുണ്ട്. അമ്മയ്ക്കുവേണ്ടി ഒരു കുർബാന ചെല്ലാൻ അയാൾക്ക് സമയമില്ലപോലും. പണമയാൾക്ക് നേരത്തെ നീട്ടിയിരുന്നെങ്കിൽ ചടങ്ങുകൾക്ക് മുമ്പിൽ കാണുമായിരുന്നുവെന്നു അന്നാരോ പറഞ്ഞതുമോർക്കുന്നു. ഒടുവിൽ ഞങ്ങളുടെ ഒരു ബന്ധുവായ പ്രായം ചെന്ന അച്ചൻ അമ്മയ്ക്കുവേണ്ടിയുള്ള കർമ്മങ്ങൾ സെമിത്തേരിയിൽ നടത്തി. നൂറുകണക്കിന് ബന്ധുജനങ്ങളും അറിയുന്നവരും ചടങ്ങിനുണ്ടായിരുന്നു. കുർബാന ചെല്ലിയ അച്ചനുവേണ്ടി അവിടെ വെച്ചിരുന്ന പാത്രത്തിൽ ആൾക്കാർ പണമിടുന്നുണ്ടായിരുന്നു. പാത്രം നിറയെ വലിയൊരു തുക നിറയുകയും ചെയ്തു. ചടങ്ങു കഴിയുകയും എവിടുന്നു വന്നുവെന്നറിയില്ല താടിക്കാരൻ കറുത്ത വികാരി പ്രത്യക്ഷപ്പെടുകയും പാത്രത്തോടെ പണമെടുത്തുകൊണ്ടു പോവുകയും ചെയ്തു. അയാളെ ഞാൻ അന്നു തടഞ്ഞില്ലല്ലോയെന്ന ഇച്ഛാഭംഗവുമുണ്ട്. മനുഷ്യൻ മരിച്ചു കഴിഞ്ഞാലും മരിച്ചവന്റെ ബന്ധുക്കൾ ലക്ഷങ്ങൾ മുടക്കിയെങ്കിലും സെമിത്തേരിയിൽ അടക്കാനെ ശ്രമിക്കുള്ളൂ. സമൂഹത്തിന്റെ അത്തരം ചിന്താഗതികൾക്കും മാറ്റം വരണം.

  മരിച്ചു കഴിഞ്ഞുള്ള കർമ്മങ്ങളുടെ അനന്തരാവകാശങ്ങൾ ശ്രീ റജി ഞള്ളാനി ഭാര്യയേയും കുട്ടികളെയും മരണപത്രത്തിൽ ചുമതലപ്പെടുത്തിയതു‌കൊണ്ടു ജീവിച്ചിരിക്കുന്ന ഇപ്പോഴുള്ള ആഗ്രഹം നടക്കണമെന്നില്ല. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞാനിതുപോലെ ഒരു 'വിൽ' രജിസ്റ്റർ ചെയ്യാൻ പോവുന്നുവെന്നു പറഞ്ഞപ്പോൾ എന്റെ ഭാര്യ അതിനു സമ്മതിക്കില്ലെന്ന് പറഞ്ഞതും ഓർക്കുന്നു. മരിച്ചു കഴിഞ്ഞാൽ ജീവിക്കുന്നവരുടെ നിലനിൽപ്പും സമൂഹത്തിന്റെ താല്പര്യവും അവിടെ പ്രധാനമായിരിക്കും. "നിന്റെ അപ്പനെ കത്തിച്ചു, തെമ്മാടിക്കുഴിയിൽ അടക്കി, പറമ്പിൽക്കുഴിച്ചിട്ടുവെന്നൊക്കെ കേൾക്കേണ്ടതു മക്കളും ബന്ധുജനങ്ങളുമായിരിക്കും. ആദ്യം അങ്ങനെയുള്ള സമൂഹത്തിനെ പരിവർത്തനാവിധേയമാക്കണം.

  അമേരിക്കയിൽ പല കത്തോലിക്കാ കുടുംബങ്ങളും സഭയുടെ ആചാരപ്രകാരം ക്രിമേഷൻ നടത്തി ശവം ചാരമാക്കാറുണ്ട്. അവിടെ വിറകുകൊള്ളിയും തടിയൊന്നുമാവശ്യമില്ല. അത് സഭയിൽ അനുവദനീയമാണ്. അന്തരീക്ഷ മലിനീകരണത്തിനും പരിസ്ഥിതിയ്ക്കും അങ്ങനെയുള്ള ശവപ്രക്രീയകൾ നന്നായിരിക്കും.

  ഏതായാലും റജി ഞള്ളാനിയുടെ ആശയങ്ങളെയും ഇങ്ങനെ ഒരു വില്ലെഴുതാനുള്ള ധൈര്യത്തെയും അനുമോദിക്കുന്നു. അതെത്രമാത്രം പ്രായോഗികമായിരിക്കുമെന്നു കാത്തിരുന്നും കാണേണ്ടിയിരിക്കുന്നു. അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. ഇനിയും നാൽപ്പതു വർഷത്തിനപ്പുറം ജീവിക്കുന്നവർക്ക് ഈ പുരോഗമനവാദിയുടെ ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കും.

  ReplyDelete
 2. ക്രിസ്‌തീയതയില്ലാത്ത ക്രിസ്തുമതത്തിന്റെ ഒരു പൗരോഹിത്യ ബ്രാഞ്ചിൽ ഞാൻ ജനിക്കാനിടയായതിൽ എനിക്ക് ദുഃഖവും മാനക്കേടുമുണ്ട് ,സത്യം! എന്റെ "അപ്രിയയാഗങ്ങളിലും", ഇപ്പോൾ പണിപ്പുരയിലിരിക്കുന്ന "സാമുവലിന്റെ സുവിശേഷത്തിലും" എന്റെ ഈ ജഡം ഞാൻ ഉപേക്ഷിക്കുമ്പോൾ, പള്ളിപ്പറമ്പിലെ മണ്ണിലടക്കി പള്ളിവഴക്കിനിടയാകാതെ , എന്റെ ഈ ശരീരം ഉണ്ടാകുവാൻ കാരണമായ അഗ്നിയിലേയ്ക്കും, അതുവഴി വായുവിലേയ്ക്കും, അതുവഴി പിന്നെ ആകാശത്തിലേയ്ക്കും , ഇത്തിരി ചാരം ജലത്തിലേയ്ക്കും, ഇത്തിരി അസ്തി ഭൂമിയിലേയ്ക്കും അലിയിക്കണമേ എന്ന് ഞാൻ സകലരോടും അപേക്ഷിച്ചിട്ടുണ്ട്! എന്റെ മക്കളോടും സ്നേഹിതരോടും പറഞ്ഞിട്ടുമുണ്ട് . ഭാര്യ സമ്മതിച്ചിട്ടുമുണ്ട്! പിന്നെയെല്ലാം ദൈവഹിതം ! "ഞാൻ" എന്ന ബോധമാണ് ഞാൻ എന്നറിയാതെ, എന്റപ്പച്ചനുമമ്മയും വരെ കത്തനാരുടെ കീശ വീർപ്പിക്കാനും,പള്ളിയിലെ കൂദാശയുടെ പിന്ബലത്തില് സ്വര്ഗംകിട്ടും എന്ന് ദിവാസ്വപ്നം കണ്ടതുമോർത്തു മണ്മറഞ്ഞ എന്റെ സകല പൂർവീക്കരോടും എനിക്ക് സഹതാപമുണ്ട് ,സത്യം! ''ഞാൻ മരിക്കുന്നു'' എന്നത് സത്യമല്ല . ''എനിക്ക് മരണമേ ഇല്ല'' എന്നതാണേറെ ശരി! ''ഞാൻ മരിക്കുന്നു'' എന്നത് ശരീരബോധത്തിൽ മനസിനെ കെട്ടിയിട്ടത് കാരണമാണ്, എന്നാൽ ''എനിക്ക് മരണമേ ഇല്ല''എന്നാണു വിവേകമെങ്കിൽ അവൻ ആത്മീകതയിൽ ഉറച്ചു എന്നതാണ് സത്യം ! പള്ളിപ്പറമ്പിൽ എന്റെ ഈ ജഡം മറവു ചെയ്‌താൽ കത്തനാര് കേറി കാച്ചിക്കളയും "ദൈവമേ ഇവന്റെ ആത്മാവിനെ നിന്റെ വലതു ഭാഗത്തു ഇരുത്തേണമേ'' എന്ന്! ഈ ഒറ്റ ഡയലോഗിൽ നിന്നും നമുക്ക് മനസിലാകും ഈ കത്തനാർക്കു ദൈവത്തെക്കുറിച്ചു ഒരു ചുക്കും അറിയില്ല എന്ന വലിയ സത്യം! ദൈവത്തെ അറിയാത്ത ക്രിസ്തീയതയില്ലാത്ത ഈ സംഘടനയിൽ മെത്രാന് കോടികളുടെ കാറുവാങ്ങാൻ പണക്കിഴിയാകാൻ എന്റെ വിയർപ്പുതുള്ളികൾക്കും തീരെ മോഹമില്ല.. സാമുവേൽ കൂടൽ .

  ReplyDelete
 3. എന്നെ പള്ളിസിമിത്തേരിയിൽ അടക്കല്ലേ എന്നൊരു ലേഖനം പണ്ടുപണ്ട് ഞാൻ ഓശാനയിൽ എഴുതിയിരുന്നു. ഒരുപക്ഷേ , സ്നേഹിതൻ ജോസാന്റണിക്ക് അത് തപ്പിയെടുക്കാൻ കഴിയും. പിന്നീട് പുനരുധാനചിന്തകൾ എന്നൊരു കവിതയിൽ എന്റെ ശരീര ത്തിന് മരണശേഷം എന്ത് സംഭവിക്കണം എന്ന് "അന്ധന്റെ ആവൃതികൾ" എന്ന കവിതാസമാഹാരത്തിൽ പറഞ്ഞിട്ടുണ്ട്.
  അതിൽനിന്ന് ഏതാനും വരികൾ കുറിക്കുന്നു:

  എന്നെ ഞാനാക്കിയ ഈ പ്രത്യക്ഷം
  ഈ പഴയ ദേഹം
  എനിക്കുമിനി നിങ്ങൾക്കും
  ഭാരമാകേണ്ടതില്ല.

  എങ്കിലും, പള്ളിസിമിത്തേരിയിലെ അഴിയാത്തയസ്ഥികൾക്കിടയിലും
  പിരിയാൻ മടിക്കുന്ന-
  യാത്മാവുകളോടൊത്തും ഏകാന്തമായിടാ-
  നതിന് ഇടവരുത്തരുതേ!

  പകരമെനിക്കു സുപരിചിതമായ
  ഈ മണ്ണിൽ
  ഈ കുന്നിന്ചെരുവിൽ എൻദേഹം
  വിശ്രമിക്കട്ടെ.

  അവിടെയത് പുതുജീവനുകളുടെ
  തന്മാത്രകളായി രൂപാന്തരപ്പെടട്ടെ.
  അവിടെയത് ഭൂമിയുടെ നനവായി
  അലിഞ്ഞു ചേരട്ടെ!

  തൂലികകൾ വീണ്ടും ചലിച്ചിടും
  ഈയൊരു ഗാനം രചിച്ചിടാൻ
  "സന്ധ്യയായി, ഉഷസായി
  വസുന്ധര പിന്നെയും പുഷ്പിണിയായി."

  ReplyDelete