Translate

Tuesday, June 13, 2017

ഏകലോകകൂട്ടായ്മ ജാതി,മത,ദേശ,രാജ്യ,രാഷ്ട്രീയാതീത മാനവൈക്യം

ഡോ.(ഫാ) ജെ. വലിയമംഗലം

(സത്യജ്വാല 2017 മെയ്)

ദൈവത്തെ അംഗീകരിക്കുന്നവര്‍ക്ക് മനുഷ്യരെല്ലാം ഏകദൈവത്തിന്റെ മക്കള്‍; അങ്ങനെ സഹോദരങ്ങള്‍. ദൈവവിശ്വാസമില്ലാത്തവര്‍ക്കും മനുഷ്യരെല്ലാം ഏകമനുഷ്യകുലത്തിലെ അംഗങ്ങള്‍, അങ്ങനെ സഹോദരങ്ങള്‍. അപ്പോള്‍, മനുഷ്യരുടെയിടയില്‍ ഇത്രയും ചേരിതിരിവും സംഘര്‍ഷങ്ങളും പാടില്ലാത്തതുതന്നെ. 

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനയുടെ കാര്യത്തിലെ ചേരിതിരിവുകളാദ്യം ഇല്ലാതാക്കാന്‍ സാധിക്കണം. 'ഒരുമിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കു'മെന്നതുപോലെ, 'ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന സമൂഹവും ഒരുമിച്ചു നിലനില്‍ക്കു'മെന്നു പറയാം. എന്നാല്‍, ക്രൈസ്തവരെ സംബന്ധിച്ചെടുത്താല്‍, ഒരു യേശുഒരു ബൈബിള്‍ എന്നിരിക്കെപരസ്പരൈക്യം കമ്മിയായിരിക്കുന്ന വിഭാഗങ്ങള്‍ അത്ഭുതപ്പെടുത്തുംവിധം വലുതെന്നുകാണാം - ലോകമാകെനോക്കുമ്പോള്‍, മൂവായിരത്തോളമോ അതിലും കൂടുതലോ! കത്തോലിക്കരെ മാത്രമെടുത്താല്‍, ഒരു യേശുഒരു ബൈബിള്‍വച്ച് മൂന്ന് 'റീത്ത്'! അതുംപലയിടത്തും വലിയ അകലത്തിലല്ലാതെ അവരുടെ വേറെ വേറെ പള്ളികള്‍! ''റീത്തുകള്‍ക്ക് 'റീത്തു'വയ്ക്കാന്‍ കാലമായി'' എന്ന്ഈ ലേഖകന്‍ കുറെമുമ്പ് പാലായില്‍നിന്നുള്ള മറ്റൊരു മാസികയില്‍ എഴുതുകയുണ്ടായി!
ഏകദൈവമക്കള്‍ക്ക് സഹോദരങ്ങളെന്നനിലയ്ക്ക്, ദൂരപരിധിവച്ചുമാത്രം പ്രാര്‍ത്ഥനാലയങ്ങള്‍ മതിയാകേണ്ടതാണ്. വൈവിധ്യങ്ങള്‍ കാത്തുകൊണ്ടും ഏവര്‍ക്കും ഒരുമിച്ചുകൂടാം; അല്ലെങ്കില്‍, റീത്തുകള്‍ക്ക് വേറെവേറെ സമയമെന്നുവയ്ക്കാം. എന്നാലും, മനുഷ്യരുടെയിടയിലെ അകല്‍ച്ചയും, മത്സരിച്ച് ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന ചെലവും കുറയ്ക്കാം; അത് വേറെ നല്ല കാര്യങ്ങള്‍ക്കുപയോഗപ്പെടുത്തുകയും ചെയ്യാം!
പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകമൊരിടത്തും പോകേണ്ടതില്ലെന്നും ചേര്‍ക്കാം. ദൈവത്തോളം നമ്മോടടുത്ത് മറ്റാരുമില്ലെന്നു പറയത്തക്കവിധം ദൈവം നമ്മിലുണ്ടെന്നതാണു വാസ്തവം. ഹൃദയകോവിലില്‍ അവിടുത്തെ കണ്ടെത്തി, ജീവിതായോധനത്തിനാവശ്യമായ ആത്മബലപ്രാപ്തിക്ക് കൂടുതലും നിശ്ശബ്ദപ്രാര്‍ത്ഥനയില്‍, അഥവാ ധ്യാനപ്രാര്‍ത്ഥനയില്‍, ഏര്‍പ്പെടുകയാണുവേണ്ടത്. യേശു, ഗാന്ധി തുടങ്ങിയവര്‍ അതിന് നല്ല മാതൃകകളത്രെ. സമൂഹമായുള്ള പ്രാര്‍ത്ഥനയ്ക്ക് അതിന്റേതായ പ്രസക്തിയുണ്ടെന്നുംകാണാം: നല്ല പ്രഭാഷണങ്ങള്‍, പരസ്പര ആശയവിനിമയം, വിഷമിക്കുന്നവര്‍ക്കുവേണ്ടി സഹായശേഖരണം തുടങ്ങിയവ എടുത്തുപറയാം. പൊതുപ്രാര്‍ത്ഥനയ്ക്ക്, വിവിധ മതഗ്രന്ഥങ്ങളുപയോഗിച്ച് ഗാന്ധിമാതൃകയിലുള്ള സര്‍വമതപ്രാര്‍ത്ഥന കൂടുതലഭിലഷണീയമാണ്.
ജാതി,മത,ദേശ,രാജ്യ,രാഷ്ട്രീയാതീത ഐക്യമത്രെ മനുഷ്യകുലത്തിന് ഏറ്റവുമാവശ്യം. 'ലോകമേ തറവാട്എന്ന ഭാരതീയ ഋഷിവരേണ്യരുടെ സഹിഷ്ണുതാപൂര്‍ണവും സാഹോദര്യപരവുമായ ചിരകാലദര്‍ശനം ഇവിടെ എടുത്തുപറയാവുന്നതാണ് (ഇപ്പോഴത്തെ 'ഹിന്ദു'രാഷ്ട്രീയം വ്യത്യസ്തം!). 'പലമതസാരമേകമൂഴിയില്‍', 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' തുടങ്ങിയ ശ്രീനാരായണഗുരു ദര്‍ശനംപോലുള്ളവയും പ്രത്യേകം പ്രസക്തം. 'തന്നെപ്പോലെ അയല്‍ക്കാരെ സ്‌നേഹിക്കുക'യെന്ന യേശുവിന്റെ ആഹ്വാനവും ഒപ്പം പ്രധാനം. ഇതിലെ, 'തന്നെപ്പോലെ' പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു - തന്നെ സ്‌നേഹിക്കണം, കുടുംബമുള്ളവര്‍ കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം; പക്ഷേ, അത് അതിരുവിട്ട സ്വാര്‍ത്ഥതയാകരുത് - തന്റെയും കുടുംബത്തിന്റെയുമെന്നപോലെ, അടിസ്ഥാന ആവശ്യങ്ങള്‍ മറ്റുള്ളവര്‍ക്കുമുണ്ടെന്നു മനസ്സിലാക്കണം, പറ്റുന്നത്ര സഹായവുമാകണം. എന്നാല്‍, മാര്‍ഗദര്‍ശികളായി മുകളില്‍ ചൂണ്ടിക്കാട്ടിയ ആചാര്യവരേണ്യര്‍, തങ്ങളെ പരിഗണിക്കാതെയെന്നവണ്ണം മനുഷ്യകുലത്തിനായി സ്വയാര്‍പ്പണം ചെയ്തവരാണെന്നും കാണാം.
വലിയപറമ്പുകളില്‍, വളവും വെള്ളവും നിര്‍ത്താനും മണ്ണിന്റെ പരിപുഷ്ടിക്കും ഇടക്കയ്യാലകളാവശ്യമെന്നതുപോലെ, വലിയമാനവകുലത്തിനും അഥവാ, മാനവകുടുംബത്തിനും, അതിന്റെ അഭിവൃദ്ധിക്ക് ചെറിയചെറിയ കൂട്ടായ്മകളും സംഘടനകളും ആവശ്യമാണ്. പക്ഷേ, അവ 'ഇടക്കയ്യാലകള്‍'പോലെയേ ആകാവൂ, ഭിത്തികളാവരുത്. ഇടക്കയ്യാലകള്‍ ഭിത്തികളായാല്‍, ഉടമയ്ക്കുതന്നെ പറമ്പില്‍ പെരുമാറാനാകുകയില്ലാത്തതുപോലെ, മനുഷ്യരുടെയിടയിലെ ചെറുചെറുകൂട്ടായ്മകള്‍ ചേരിതിരിവുകളായാല്‍, പൊതുഅഭിവൃദ്ധിയെ പ്രതികൂലമായി ബാധിക്കും, സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. നിതാന്തജാഗ്രത ആവശ്യമെന്നു ചുരുക്കം.
ഫോ: 9496423443

2 comments:

  1. ക്രൈസ്തവദര്‍ശനത്തിന്റെ അടിത്തറ ദൈവപരിപാലനയിലുള്ള വിശ്വാസമാണെന്നാണ് ഞാന്‍ ഗുരു നിത്യചൈതന്യയതിയില്‍നിന്നു പഠിച്ചത്. ആ അടിസ്ഥാനത്തില്‍ നില്ക്കുന്നവന്് ഭാവിയെപ്പറ്റിയുള്ള ആധിയുണ്ടാകില്ലാത്തതിനാല്‍ അയല്‍ക്കാരനെയും തന്നെപ്പോലെതന്നെ സ്‌നേഹിക്കാന്‍ സ്വാഭാവികമായിത്തന്നെ കഴിയും. ഈ ബോധ്യംവന്ന് ആധിയില്ലാതെ ജീവിക്കുന്നവരുടെ പരസ്പരസ്‌നേഹം ഈ ഭൂമിയെ സ്വര്‍ഗമാക്കും എന്നതാണ് സുവിശേഷം. ദൈവം ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിപ്പൂക്കളെയുംപോലെ നമ്മെയെല്ലാം പരിപാലിക്കുന്നു എന്ന അടിസ്ഥാനവിശ്വാസത്തിലേക്ക് മനുഷ്യവംശത്തെ എത്തിക്കാനാണ് യേശു തന്റെ ശിഷ്യരെ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാന്‍ അയച്ചത്.

    ReplyDelete
  2. കത്തനാരെ പട്ടിണിയിലാക്കുന്ന ഈ ലേഖനം ഷെയര്‍ ചെയ്യണേ...

    ReplyDelete