Translate

Wednesday, June 21, 2017

'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? III

ജോര്‍ജ് മൂലേച്ചാലില്‍, Mobil No: 9497088904

e-mail: geomoole@gmail.com, 

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

'ചര്‍ച്ച് ബില്ലി'ല്‍ 'ക്രിസ്ത്യാനി'യെ ''യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനിയാകുന്നു'' എന്നാണു നിര്‍വ്വചിച്ചിട്ടുള്ളതെന്നും, മാമ്മോദീസാ മുങ്ങണമെന്നുപോലും ബില്ലില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും, ക്രൈസ്തവനെന്നു സ്വയം പ്രഖ്യാപനംനടത്തി ആര്‍ക്കുവേണമെങ്കിലും സഭാംഗമാകാം എന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമെന്നും KCBC പ്രസിഡന്റ് ആരോപിക്കുന്നുണ്ട്. ഇവിടെ ചോദിക്കാനുള്ളത്, നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ബില്‍' ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ട് 8 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട്, മാമ്മോദീസാ മുങ്ങുകയെന്നതുകൂടി 'ക്രിസ്ത്യാനി'യുടെ നിര്‍വ്വചനത്തിലുള്‍പ്പെടുത്തണമെന്ന തിരുത്തല്‍നിര്‍ദ്ദേശം കേരളത്തിലെ ഒരു മെത്രാന്‍പോലും ഗവണ്‍മെണ്ടിനു നല്‍കിയില്ല എന്നാണ്. ഗവണ്‍മെണ്ടിനു നല്‍കിയിരിക്കുന്നത് ബില്ലിന്റെ നക്കല്‍ മാത്രമാണ്. അതില്‍ എന്തെങ്കിലും അവ്യക്തതകളോ അപൂര്‍ണതകളോ ഉള്ളതായി തോന്നുന്ന ആര്‍ക്കും തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇനിയും അവസരമുണ്ട്.
അതിനൊന്നും മിനക്കെടാതെ, 'വിജാതീയം' എന്ന് യേശു വിശേഷിപ്പിച്ചതും ചില കാനോന്‍ നിയമവകുപ്പുകളിലൂടെ കത്തോലിക്കാസഭ തുടരുന്നതുമായ റോമന്‍ സാമ്രാജ്യത്വ അധികാരഘടനയുടെ രാജകീയാധികാരസുഖം തുടര്‍ന്നും ആസ്വദിക്കണമെന്ന നിലപാടിലാണു മെത്രാന്മാര്‍. അതിനലോസരമുണ്ടാക്കുന്ന എന്തിനെയും, മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശത്തിനും എതിരെന്നു പറഞ്ഞും, ഏറാന്‍മൂളി സംഘടനകളെയുണ്ടാക്കി വിശ്വാസസംരക്ഷണത്തിനെന്ന മട്ടില്‍ ചാവേറുകളാക്കി മുന്നില്‍ നിര്‍ത്തിയും ചെറുക്കുകയെന്ന നയമാണ് മെത്രാന്മാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. അന്ധവിശ്വാസം പെരുപ്പിക്കുന്ന നൂറായിരം ആചാരാനുഷ്ഠാനങ്ങളിലൂടെ ശരി-തെറ്റുകള്‍ തിരിച്ചറിയാനാകാത്തവിധം മനുഷ്യരെ അന്ധരാക്കി തങ്ങളുടെ ഏതാവശ്യത്തിനുപിന്നിലും അവരെ അണിനിരത്താനാകുമെന്ന ധാരണയിലാണ് അവരിന്നും. 'ചര്‍ച്ച് ആക്ടു'മായി ബന്ധപ്പെട്ട് അവരിപ്പോള്‍ ഒരു രണ്ടാം വിമോചനസമരം സ്വപ്നം കാണുന്നു. 'കത്തോലിക്കാ കോണ്‍ഗ്രസി'നെയും മറ്റ് ഏറാന്‍മൂളി ഭക്തസംഘടനകളെയും ഉപയോഗിച്ച് ലക്ഷ്യംനേടാനാകുമെന്നാണവരുടെ കണക്കുകൂട്ടല്‍.
അപ്രകാരമൊരു രണ്ടാം വിമോചനസമരം സംബന്ധിച്ച പേടിസ്വപ്നം കേരളത്തിലെ ഇടതുപക്ഷത്തിനുമുണ്ട്. അല്ലായിരുന്നെങ്കില്‍, 2009-ല്‍ത്തന്നെ 'ചര്‍ച്ച് ആക്ട്' പാസ്സാകുമായിരുന്നു. മെത്രാന്‍പേടിയില്ലായിരുന്നെങ്കില്‍ തുടര്‍ന്നുവന്ന വലതുപക്ഷ ഗവണ്‍മെണ്ടും അതു പാസ്സാക്കുമായിരുന്നു. ചര്‍ച്ച് ആക്ട് നടപ്പാക്കുക എന്ന ആവശ്യവുമായി 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ 'നിങ്ങളെന്നെ ഈ കസേരയിലിരിക്കാന്‍ സമ്മതിക്കുകയില്ല, അല്ലേ?' എന്നുള്ള അദ്ദേഹത്തിന്റെ മറുപടിതന്നെ ഈ മെത്രാന്‍പേടിക്കു തെളിവാണ്. ഇന്ത്യയിലെ ക്രൈസ്തവരുടെ മതസ്വത്തുക്കളും സ്ഥാപനങ്ങളും ഒരു വിദേശമതനിയമപ്രകാരം ഭരിക്കപ്പെടുന്നത് ഭരണഘടനാലംഘനമാണെന്നും, മറ്റു മതസ്ഥര്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തിയതുപോലെ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കുവേണ്ടിക്കൂടി നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നും, അങ്ങനെ ചെയ്യാതിരിക്കുന്നത് മതവിവേചനമാണെന്നും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അറിയാം. നിശ്ചയദാര്‍ഢ്യത്തോടെ അതിനായി മുന്നോട്ടുനീങ്ങാനാവാത്തവിധം എല്ലാവരെയും മെത്രാന്‍പേടി ബാധിച്ചിരിക്കുന്നുവെന്നുമാത്രം!
കഴിഞ്ഞ 8 വര്‍ഷമായി, കേരളത്തിലെ സ്വതന്ത്രക്രൈസ്തവസംഘടനകളും പ്രസ്ഥാനങ്ങളും 'ചര്‍ച്ച് ആക്ട്' നടപ്പാക്കിക്കിട്ടാന്‍വേണ്ടിയുള്ള പ്രചാരണപരിപാടികളിലും പ്രക്ഷോഭണങ്ങളിലുമാണ്. എന്താണ് 'ചര്‍ച്ച് ആക്ട്' എന്ന് യാഥാസ്ഥിതികരായ പള്ളിഭക്തര്‍ക്കുപോലും ഇന്ന് ഒരുവിധം അറിവുണ്ട്. തങ്ങളുടേതായിരുന്ന പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും കാനോന്‍നിയമത്തിലൂടെ ഇന്ന് മെത്രാന്റേതായിക്കഴിഞ്ഞുവെന്നും, അദ്ദേഹം നിയോഗിക്കുന്ന വികാരിയാണ് ഇടവകസ്വത്തുക്കളുടെ ഭരണാധികാരിയെന്നും, പള്ളിയോഗത്തിനും കമ്മിറ്റിക്കും ഉപദേശാധികാരംമാത്രമേ ഉള്ളൂവെന്നും, സഭയില്‍ വിശ്വാസികള്‍ക്ക് പുല്ലുവിലയേ കല്പിക്കപ്പെട്ടിട്ടുള്ളൂ എന്നും എല്ലാവര്‍ക്കും ഇന്നറിയാം. ഇടവകയുടെ സ്ഥലം ഇടവകക്കാരറിയാതെ ആര്‍ക്കെങ്കിലുമൊക്കെ എഴുതിക്കൊടുക്കാന്‍പോലും നിലവിലുള്ള വിദേശകാനോന്‍നിയമം മെത്രാന്മാര്‍ക്ക് അധികാരം നല്‍കുന്നുവെന്ന് കോട്ടപ്പുറം രൂപതയിലെ കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളിയുടെ സ്വത്തുവകകള്‍ മെത്രാന്‍ ഇടവകക്കാരറിയാതെ OSJ വൈദികര്‍ക്ക് എഴുതിക്കൊടുത്ത സംഭവത്തിലൂടെ 
എല്ലാവര്‍ക്കും അടുത്തകാലത്തു ബോധ്യമാവുകയും ചെയ്തു. അതിനെതിരെ ഇടവകക്കാര്‍ ഒന്നടങ്കം മാസങ്ങള്‍ നീണ്ട സമരം നടത്തിയിട്ടും ഫലം കണ്ടില്ല എന്നതില്‍നിന്ന് നിലവിലുള്ള കാനോന്‍നിയമസംവിധാനത്തിന്‍കീഴില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെടുന്നുണ്ടെന്നു തെളിയുകയും ചെയ്തിരിക്കുന്നു. ഓരോ ഇടവകക്കാര്‍ക്കും വ്യത്യസ്ത അനുഭവങ്ങളിലൂടെ ഇക്കാര്യം വ്യക്തമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതിനനുസൃതമായി, 'ചര്‍ച്ച് ആക്ടി'നോടുള്ള അനുഭാവം പൊതുവേ വളര്‍ന്നു വരുന്നുമുണ്ട്.
അതുകൊണ്ട്, മെത്രാന്മാരുടെ വിമോചനസമരസ്വപ്നം സാക്ഷാത്കരിക്കാനാവശ്യമായ ജനപിന്തുണ അവര്‍ക്കു കിട്ടാന്‍ പോകുന്നില്ലതന്നെ. തങ്ങളുടേതായിരുന്ന സ്‌കൂളുകള്‍ ആദ്യത്തെ വിമോചനസമരം കഴിഞ്ഞപ്പോള്‍ മെത്രാന്മാരുടേതായിത്തീര്‍ന്ന അനുഭവംകൊണ്ടുതന്നെ, അത്തരമൊരു മഠയത്തരത്തിന് നിന്നുകൊടുക്കാന്‍ ഇനിയൊരിക്കലും കേരളത്തിലെ വിശ്വാസിസമൂഹം തയ്യാറാവുകയില്ല.

എങ്കിലും, തങ്ങളുടെ 'പല്ലിനുശൗര്യം' ഇന്നും 'പണ്ടേപ്പോലെ ഫലിക്കു'മെന്നു കാണിക്കുവാനുള്ള പെടാപ്പാടിലാണു മെത്രാന്മാര്‍. പക്ഷേ, അതിനുള്ള ആത്മവിശ്വാസം അവര്‍ക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവ്, തൃശൂര്‍-ഇരിഞ്ഞാലക്കുട രൂപതാ മുഖപത്രങ്ങള്‍തന്നെയാണ്. ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍, ഏപ്രില്‍ ലക്കം 'കത്തോലിക്കാസഭ'യില്‍ വാഗ്ദാനം ചെയ്തിരുന്നപ്രകാരം, നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലിന്റെ പൂര്‍ണരൂപം മെയ് ലക്കത്തില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. 
(തുടരും)

No comments:

Post a Comment