Translate

Tuesday, June 20, 2017

'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? II

ജോര്‍ജ് മൂലേച്ചാലില്‍

e-mail: geomoole@gmail.com, Mobil No: 9497088904

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

2. അവകാശനിഷേധം (Disclaimer)
സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ല'' (സ്വന്തം തര്‍ജ്ജമ).
നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1.  ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീ പുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തിരഞ്ഞെടുക്കുന്ന  ട്രസ്റ്റ്  കമ്മിറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍)  തങ്ങളുടെ പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും പള്ളിയോഗ തീരുമാനപ്രകാരം ഭരിക്കുക. ഇടവക പൊതുയോഗത്തിനും ട്രസ്റ്റ് കമ്മിറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തിരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നു. ഈ കമ്മിറ്റിയാണ് രൂപതാസ്വത്തുകളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യം വഹിക്കുന്നത്.
3. ആകമാന വ്യക്തിസഭാതല ട്രസ്റ്റ് അസംബ്ലിയിലേക്ക് (ഉദാ: സീറോ-മലബാര്‍ സഭ) ഓരോ ഇടവകയും ഓരോ അംഗത്തെ തിരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതികഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തിരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. യോഗങ്ങളുടെ അധ്യക്ഷന്‍ ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും. ഉദാഹരണത്തിന്, സീറോ-മലബാര്‍സഭാ ട്രസ്റ്റ് അസംബ്ലി യോഗത്തിന്റെ അദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പായിരിക്കും.
എല്ലാ തലങ്ങളിലും, തിരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കുപരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാതലത്തിലും വ്യക്തിസഭാതലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടു കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയുംവേണം. - ഇതാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലിന്റെ രത്‌നച്ചുരുക്കം. ബാക്കിയെല്ലാം വിശദാംശങ്ങളാണ്.
ഇവിടെയെവിടെയാണ്, 'സ്വത്തുനടത്തിപ്പ് ഇടവകാംഗങ്ങളില്‍നിന്ന് എടുത്തുകളഞ്ഞ് അതു രാഷ്ട്രീയക്കാരെ ഏല്‍പ്പിക്കുക'യെന്ന ലക്ഷ്യമുള്ളത്? ഈ ബില്ലിന്റെ അടിസ്ഥാനത്തില്‍, മഠവും സെമിനാരികളും സഭാസ്ഥാപനങ്ങളും എങ്ങനെയാണ് രാഷ്ട്രീയക്കാര്‍ കൈയിലൊതുക്കുക? ഇതിലൂടെയെങ്ങനെ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു തകര്‍ക്കാനും കേരളത്തില്‍നിന്നു പുറത്താക്കാനും കഴിയും? ഇടവകതലം മുതല്‍ അതാതു സഭയുടെ കേന്ദ്രതലംവരെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളുടെ കമ്മിറ്റികള്‍ വികാരിയുടെയും മെത്രാന്റെയും ഓരോ സഭയുടെയും തലവന്റെയും അദ്ധ്യക്ഷതയില്‍ യോഗംചേര്‍ന്നു നടത്തുന്ന ഭരണസംവിധാനത്തില്‍ എങ്ങനെയാണ്, ഗവണ്‍മെണ്ട് നിയോഗിക്കുന്ന സഭാകമ്മീഷണര്‍ക്ക് ഏകാധിപത്യഭരണം നടത്താന്‍ കഴിയുന്നത്? സഭയുടെ ആദ്ധ്യാത്മികകാര്യങ്ങളില്‍ ഇടപെടില്ല എന്നു ബില്ലില്‍ വ്യക്തമാക്കിയിട്ടുള്ള നിലയ്ക്ക്, 'എല്ലാ സഭാനിയമങ്ങളും ബില്‍ നിയമമാക്കുന്നതോടെ അസാധുവാക്കപ്പെടുന്നത് എങ്ങനെയാണ്?-വിശ്വാസിസമൂഹത്തില്‍ ഭയാശങ്കകള്‍ നിറച്ചും അവരെ വികാരംകൊള്ളിച്ചും തങ്ങളുടെ പിന്നില്‍ അണിനിരത്താമെന്നു വ്യാമോഹിച്ച് നുണപ്രസ്താവനകള്‍ നടത്തിയ തൃശൂര്‍,ഇരിഞ്ഞാലക്കുട രൂപതാമുഖപത്രങ്ങളുടെ സാരഥികള്‍ മറുപടി പറയേണ്ട ചോദ്യങ്ങളാണിവ.

വാസ്തവത്തില്‍, അവര്‍ പറയുന്നതിനു നേരേമറിച്ചാണ് കാര്യങ്ങള്‍. വിദേശ കാനോന്‍നിയമംവഴി സഭാസമൂഹത്തില്‍നിന്നു മെത്രാന്മാര്‍ പിടിച്ചെടുത്ത സ്വത്തുവകകളും അവയുടെ ഭരണാധികാരവും സഭാസമൂഹത്തിനു തിരിച്ചുനല്‍കുവാന്‍ വ്യവസ്ഥചെയ്യുകയാണു 'ചര്‍ച്ച് ആക്ട്' ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിക്കുകയും അഭിപ്രായപ്രകടനം നടത്തുകയുംചെയ്യുന്ന അനഭിമതരായ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു ഇടവകകളില്‍നിന്നു പുറത്താക്കാനും തകര്‍ക്കാനും കഴിയുമാറ് സഭയുടെ സാമ്പത്തികാധികാരം കൈയാളുന്ന മെത്രാന്‍-വികാരി അധികാരസംവിധാനം മാറ്റി, സഭാസമ്പത്തിന്റെ യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹത്തിനുതന്നെ അതിന്റെ ഭരണാവകാശം പുനഃസ്ഥാപിച്ചു നല്‍കുകയാണ് നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ബില്‍' ചെയ്യുന്നത്.
(തുടരും)

1 comment:

  1. ക്രിസ്ത്യാനികളായ നഴ്‌സ്മാര്‍ സഭക്ക് വെറുക്കപ്പെട്ടവരോ...? http://laityvoice.blogspot.in/2017/06/blog-post_19.html
    ഈ ലിങ്കിലുള്ള ബ്ലോഗ് പോസ്റ്റിലെ പ്രശ്‌നങ്ങള്‍ നേരിടുന്ന നേഴ്‌സുമാരും രക്ഷാകര്‍ത്താക്കളും സത്യജ്വാല വായിച്ച് പഠിക്കണം. അവയ്ക്ക് പരിഹാരം ചര്‍ച്ച് ആക്ട് നടപ്പാക്കിയാലേ സാധ്യമാവൂ എന്ന് അപ്പോള്‍ മനസ്സിലാകും.

    ReplyDelete