Translate

Tuesday, June 6, 2017

ചര്‍ച്ച ആക്ടിലെ പഴുതുകള്‍ അടച്ച് പാസ്സാക്കുക - ജോസഫ് പുലിക്കുന്നേല്‍

ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കമ്മീഷന്‍ 2009-ല്‍ തയ്യാറാക്കിയിട്ടുള്ള കരടു ചര്‍ച്ച് ബില്ലില്‍ ചില ന്യൂനതകള്‍ കടന്നുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഴുതുകളെല്ലാം അടച്ച് ബില്‍ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ സഹായകമായ കുറെ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നിയമപരിഷ്‌കരണത്തിനായി ജസ്റ്റീസ് കെ. ടി. തോമസ് ചെയര്‍മാനായി കേരളഗവണ്‍മെന്റ് നിയമിച്ചിട്ടുള്ള കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് ആലോചിക്കാനായി ചര്‍ച്ച് ആക്ടിനുവേണ്ടി പ്രവര്‍ത്തിച്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെയും (JCC) അംഗ സംഘടനകളുടെയും പ്രവര്‍ത്തകരുടെ ഒരു യോഗം ജൂണ്‍ മൂന്ന് ശനിയാഴ്ച 3 മണിക്ക് ഇടമറ്റം ഓശാനമൗണ്ടിലുള്ള നാലുകെട്ട് ഹാളില്‍വച്ച് കൂടുകയുണ്ടായി. JCC പ്രസിഡന്റ് ശ്രീ. ജോസഫ് വെളിവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ വിഷയം അവതരിപ്പിച്ചു.
ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കമ്മീഷന്‍ ക്രിസ്ത്യാനി ആര് എന്നതിനു നല്കിയിട്ടുള്ള നിര്‍വചനം വേണ്ടത്ര കൃത്യതയില്ലാത്തതാണ് എന്നതാണ് ഒരു ന്യൂനത. താന്‍ക്രിസ്തുവിന്റെ മഹത്വം അംഗീകരിക്കുന്നു എന്നു പ്രഖ്യാപിക്കുന്ന ആര്‍ക്കും ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടാനും സഭാഭരണത്തില്‍ പങ്കാളിയാകാനും ആവും എന്ന ആരോപണം ഉയരാം എന്നതാണ് ആ ന്യൂനത. ഹിന്ദു, മുസ്ലീം, സിക്ക് സമുദായക്കാര്‍ക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള ആക്ടുകളിലൊന്നും ഇങ്ങനെയൊരു ന്യൂനതയില്ല. എല്ലാ സഭാവിഭാഗങ്ങള്‍ക്കും അംഗീകരിക്കാനാവുന്നവിധത്തില്‍ ഏതെങ്കിലും സഭാവിഭാഗത്തില്‍നിന്ന് ജ്ഞാനസ്‌നാനം നേടിയിട്ടുള്ളവനാണ് ക്രിസ്ത്യാനിയെന്നു നിര്‍വചിച്ചാല്‍ ആ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. അതുപോലെതന്നെ ബൈബിളിനും ഭാരതീയ പാരമ്പര്യത്തിനും വിരുദ്ധമാകാത്തവിധത്തില്‍ സമുദായത്തില്‍ പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കുമുള്ള സ്ഥാനവും അവരെ ജനാധിപത്യത്തിനു നിരക്കുന്ന വിധത്തില്‍ നിയമിക്കേണ്ട വിധവും ഒക്കെക്കൂടി നിര്‍വചിക്കേണ്ടതുണ്ട്. ഇടവക, രൂപത, സംസ്ഥാനം എന്നീ തലങ്ങളല്ലാതെ നിയമസഭാമണ്ഡലമോ റവന്യൂജില്ലയോ ഒന്നും ബില്ലില്‍ പരിഗണിക്കേണ്ടതില്ലെന്നും ശ്രീ. പുലിക്കുന്നേല്‍ വ്യക്തമാക്കി.
കേരളീയ ക്രൈസ്തവ സഭാസംവിധാനത്തിന്റെ പാരമ്പര്യത്തെപ്പറ്റി പറയുമ്പോള്‍ കത്തോലിക്കാസഭയിലെ  പ്രമുഖമെത്രാന്മാരും പ്രഗല്ഭചരിത്രപണ്ഡിതന്മാരും എഴുതിയിട്ടുള്ള പ്രബന്ധങ്ങളില്‍നിന്നും പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍ ജസ്റ്റീസ് തോമസിനു മുമ്പില്‍ നിരത്തിവയ്ക്കാവുന്നവയായുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷനായ മാര്‍ ജോസഫ് പവ്വത്തില്‍ റോമില്‍വച്ചുകൂടിയ സീറോ മലബാര്‍സഭാസിനഡില്‍ മാര്‍ത്തോമ്മായുടെ നിയമത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'- പേജ് 71) മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി അദ്ദേഹം വളരെ കാര്യങ്ങള്‍ തുടര്‍ന്നുപറയുന്നുണ്ട്. ഏതാനും ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:
(i) ''ഇന്‍ഡ്യയിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ''മാര്‍ത്തോമ്മായുടെ നിയമം'' എന്ന പദം അവരുടെ ദൈവശാസ്ത്രപരവും ആരാധനാക്രമപരവും പള്ളികൂട്ടായ്മാപരവുമായ സന്യാസ-സാമൂഹ്യ-സാംസ്‌കാരിക ജീവിതശൈലീസവിശേഷതയെ വേണ്ടത്ര പ്രകടിപ്പിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് പോര്‍ട്ടുഗീസുകാരും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഡോം മെനെസിസ്, ശിക്ഷയ്ക്കു കീഴില്‍, ആര്‍ച്ചുഡീക്കനോട് മാര്‍ത്തോമ്മായുടെ നിയമവും പത്രോസിന്റെ നിയമവും ഒന്നാണെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുമായുള്ള ആദ്യകാലബന്ധങ്ങളില്‍ മാര്‍ത്തോമ്മായുടെ നിയമം ഒരു സംഘട്ടനവിഷയമോ പാഷണ്ഡതാവിഷയമോ ആയിരുന്നില്ല എന്ന് പൊതുവെ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അതൊരു പാഷണ്ഡതയായി മുദ്രകുത്തിയത്, റോമായുടെയും പോര്‍ട്ടുഗീസുകാരുടെയും സമ്പ്രദായങ്ങളെ മലബാറിലേക്ക് കടത്തിവിടുന്നതിന് പരിശ്രമിച്ചപ്പോള്‍, ഇത് (മാര്‍ത്തോമ്മായുടെ നിയമം) ഒരു വിലങ്ങുതടിയായി കണ്ടതിനുശേഷം മാത്രമാണ്. മാര്‍ത്തോമ്മാക്രൈസ്തവര്‍ മാര്‍ത്തോമ്മായുടെ നിയമത്തെ അമൂല്യനിധിയായി തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചു. കാരണം, അത് മാര്‍ത്തോമ്മായില്‍നിന്നും പൈതൃകമായി ലഭിച്ചതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തെ മഹത്തായ ഒരു പൈതൃകമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അവരുടെ ആദ്ധ്യാത്മികജീവിതത്തില്‍ അവര്‍ക്കത് എല്ലാമെല്ലാമായിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്. ഒരേസമയം പൗരസ്ത്യവും, മലബാറിയനുമായ ഇത് മലബാറിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് ഏറ്റവും അനുയോജ്യവുമായിരുന്നു''(പേജ് 72).
(ii)  ''അവര്‍ക്ക് അവരുടേതായ ഒരു പള്ളിക്കൂട്ടായ്മാവിജ്ഞാനീയം (Ecclesiology) ഉണ്ടായിരുന്നു. അതില്‍ പ്രാദേശികസഭകളുടെ ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തില്‍ സമ്മേളിക്കപ്പെട്ടിരുന്ന പള്ളിയോഗം, ദൈവജനത്തിന്റെ പള്ളിക്കൂട്ടായ്മാവിജ്ഞാനീയത്തിന്റെ യഥാര്‍ത്ഥ രൂപമായിരുന്നു. സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രത്യക്ഷീകരണമായിരുന്നു അത്. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. ''മന്റം'' എന്നറിയപ്പെട്ടിരുന്ന ദ്രവിഡിയന്‍ ഗ്രാമസഭയാണ് പള്ളിയോഗം എന്ന പ്രാദേശികസമിതിയുടെ രൂപീകരണത്തിന് പ്രേരണയായത് എന്നു തോന്നുന്നു. പങ്കുവെയ്ക്കുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രത്യക്ഷീകരണമായിരുന്നു അത്'' (പേജ് 72).
(iii) '''മാര്‍ത്തോമ്മാക്രൈസ്തവസഭയ്ക്ക് അതിന്റേതായ ശിക്ഷണക്രമമുണ്ടായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഈ ശിക്ഷണക്രമം തികച്ചും ദേശീയമായിരുന്നു. പ്രാദേശികസഭകളുടേതായ ഒരു ദൈവശാസ്ത്രമായിരുന്നു അവരുടെ ശിക്ഷണക്രമത്തിന്റെ അടിത്തറ രൂപീകരിച്ചത്. ദൈവജനത്തിന്റെ കൂട്ടായ്മയായാണ് സഭയെ കണ്ടിരുന്നത്. കുടുംബത്തലവന്മാര്‍ പള്ളിയോഗത്തില്‍ പ്രാതിനിധ്യം വഹിച്ചിരുന്നു'' (പേജ്, 74).
(1) '''പ്രാദേശികസഭകളുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് ഇടവകയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയും പ്രാദേശികപുരോഹിതരുടെയും സമിതിയായിരുന്നു. ഏറ്റവും പ്രായംചെന്ന വൈദികനാണ് ദേശത്തുപട്ടക്കാരുടെ അദ്ധ്യക്ഷന്‍. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പള്ളിഭരണം അവരുടെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക- സാംസ് ക്കാരിക പശ്ചാത്തലത്തില്‍ വികസിച്ചതായിരുന്നു. അതിനു മൂന്നു തട്ടുകളുണ്ടായിരുന്നു: (1) പ്രാദേശികതലത്തില്‍ പള്ളിയോഗം, (2) സാമുദായികതലത്തില്‍ ആര്‍ച്ച്ഡീക്കന്‍യോഗം, (3) ആദ്ധ്യാത്മികശ്രേണീതലത്തില്‍ മെത്രാനും പാത്രിയാര്‍ക്കീസും'' (പേജ് 75, 76).
നമ്മുടെ പൈതൃകവും പാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലുള്ള പള്ളി'ഭരണസമ്പ്രദായം ഏതെന്ന് റവ.ഡോ. കൂടപ്പുഴ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയോഗത്തിന്റെ അധികാരങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും  പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. സഭാസമൂഹത്തില്‍നിന്ന് തത്ക്കാലത്തേയ്ക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു.
പ്രാദേശികതാത്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം - പേജ് 282).''
മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് മെത്രാന്മാര്‍ക്ക് പള്ളിയുടെ സ്വത്തുക്കളുടെമേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് റവ.ഡോ. കുറിയേടത്ത് ഇങ്ങനെ എഴുതുന്നു: ''മെത്രാന്മാര്‍ സമുദായത്തിന്റെ വക സമ്പത്തിന്റെ ഭരണകാര്യത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി പറയുന്നത് മെത്രാന്മാര്‍ ഇത്തരം അധികാരം പ്രയോഗിച്ചിരുന്നില്ല എന്നാണ്'' (Athourity in the Catholic Community, Page 86 - തര്‍ജ്ജമ സ്വന്തം).
ഒരു വ്യക്തിസഭയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭാരത നസ്രാണിസഭയില്‍, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച്, ഭൗതികഭരണത്തില്‍ പൂര്‍ണ്ണ അധികാരമുള്ള ഇടവകയോഗങ്ങളെ പുനഃസ്ഥാപിക്കുകയും മെത്രാന്മാര്‍ ആദ്ധ്യാത്മികതലത്തില്‍ മാത്രം അവരുടെ പ്രവര്‍ത്തനമണ്ഡലം ഒതുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നസ്രാണികളുടെ പാരമ്പര്യവും പൈതൃകവും മാര്‍ത്തോമ്മായുടെ നിയമമാണെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെ ഒരു തീരുമാനമായി സിനഡ് അംഗീകരിക്കണം. അതിനായി സഭയ്ക്കുള്ളില്‍ തീവ്രമായ ബോധവല്‍ക്കരണശ്രമങ്ങള്‍ ആവശ്യമാണ്.
പുരോഹിത ബ്രഹ്മചര്യമൊന്നും നമ്മുടെയോ ഏതെങ്കിലും പൗരസ്ത്യസഭയുടെയോ പാരമ്പര്യമല്ലായിരുന്നെന്നും ലത്തീന്‍സഭയില്‍മാത്രമേ പുരോഹിതന്‍ വിവാഹംകഴിച്ചുകൂടാ എന്ന നിയമമുള്ളതെന്നും പുരോഹിതരുടെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് സഭാനിയമങ്ങളാണ് ഉത്തരവാദികളെന്നും ഉള്ള ബോധ്യത്തോടെ ചര്‍ച്ച് ബില്‍ തയ്യാറാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് അധ്യക്ഷന്‍ ശ്രീ. ജോസഫ് വെളിവില്‍ സഭയിലും സഭാസ്ഥാപനങ്ങളിലും നടന്നുവരുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇല്ലാതാക്കത്തക്കവിധം  ചര്‍ച്ച് ബില്‍ ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ദളിത് ക്രൈസ്തവരും ലത്തീന്‍കത്തോലിക്കരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഈ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചാല്‍ പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
JCC വൈസ ്പ്രസിഡന്റ് ആന്റോ കോക്കാട്ട് കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ നടത്തിയിരുന്നു പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരാവകാശമനുസരിച്ച് കിട്ടിയ വിവരങ്ങള്‍ പങ്കുവച്ചു. തൃശൂര്‍നിന്നെത്തിയ ശ്രീ. ജോസ് തൃശൂര്‍ ഇരിങ്ങാലക്കുട രൂപതകളില്‍ ചര്‍ച്ച് ആക്ട് സംബന്ധിച്ച് പത്രങ്ങള്‍ അച്ചടിച്ചു സൗജന്യമായി വിതരണംചെയ്ത് നടത്തുന്ന വ്യാപകമായ പ്രചാരണങ്ങള്‍ക്കെതിരേ എന്തെങ്കിലും ചെയ്‌തേതീരൂ എന്നു പ്രസ്താവിച്ചു. പത്രസമ്മേളനങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതിഷേധയോഗങ്ങളിലൂടെയും കൃഷ്ണയ്യരുടെ ബില്ലിന്റെ കരടുരേഖ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടും  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവാം എന്ന് സദസ്സില്‍നിന്ന് അഭിപ്രായമുയര്‍ന്നു. എങ്കിലും ഇപ്പോള്‍ നമ്മുടെ ശക്തി വ്യക്തമായി പ്രകടമാക്കാന്‍ സാധിക്കില്ലാത്തതിനാല്‍ സെക്രട്ടറിയേറ്റില്‍ സത്യാഗ്രഹവും സംസ്ഥാനവ്യാപകമായി വാഹനജാഥയും ഒക്കെ മഴക്കാലത്തിനുശേഷം മതി എന്നു യോഗം തീരുമാനിച്ചു. ദളിത് ക്രൈസ്തവരുടെ പ്രതിനിധിയായ ശ്രീ. ജോസഫ് പനമൂടന്‍ ഈവിധത്തിലുള്ള നപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഘടനയുടെ സഹകരണം വാഗ്ദാനം ചെയ്തു. പാലക്കാട്ടു നിന്നെത്തിയ ശ്രീ ജോഷിയും KCRM ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ജോസഫ്, പ്രൊഫ. ഇപ്പന്‍ അഡ്വ. പറമ്പില്‍ മുതലായവരും സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
സത്യജ്വാല എഡിറ്റര്‍ ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു പ്രവര്‍ത്തകസമിതി ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചു. ഭേദഗതിനിര്‍ദേശങ്ങള്‍ സ്വീകരിച്ചു ക്രോഡീകരിക്കാനും ജസ്റ്റീസ് കെ. ടി തോമസ്സിനു സമര്‍പ്പിക്കാനുമായി പ്രവര്‍ത്തകസമിതി രൂപീകരിച്ചശേഷം തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളും കത്തോലിക്കാസഭ എന്ന പത്രവും നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന പ്രമേയം പാസ്സാക്കിക്കൊണ്ട് വൈകുന്നേരം അഞ്ചരയോടെ യോഗം പിരിഞ്ഞു.  

No comments:

Post a Comment