Translate

Wednesday, March 13, 2019

എകെസിസിയുടെ പതനം അല്‍മായരുടെ പതനം:


ചാക്കോ കളരിക്കല്‍
കഴിഞ്ഞ ദിവസം  ചാനല്‍ ചര്‍ച്ചയില്‍ എകെസിസി വൈസ് ചെയര്‍മാന്‍ ശ്രീ സാജു അലക്സ് പള്ളി നിയമം കൊണ്ടുവരുന്നത് സഭയെ അവഹേളിക്കാനുള്ള ലക്ഷ്യത്തോടെ ആണെന്നും പള്ളിയുടെ എല്ലാ കാര്യങ്ങളും നീതിപൂര്‍വവും സുതാര്യവുമായി ആണ് നടക്കുന്നത് എന്നു പ്രസ്താവിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതു കേട്ടപ്പോള്‍ സത്യത്തില്‍ അദ്ദേഹത്തോട് എനിക്ക് സഹതാപം തോന്നി. കാരണം അല്‍മായരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു സംഘടയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ അല്‍മായരുടെ ന്യായമായ അവകാശത്തിനുവേണ്ടി ഒരു ബില്ലു വരുമ്പോള്‍ അല്‍മായരുടെ പ്രതിനിധിയായി നില്‍ക്കേണ്ടതിനു പകരം സഭാധികാരത്തിന്റെ സ്വാര്‍ത്ഥതക്ക് കൂട്ടുനിന്ന് അല്‍മായനെ ഒറ്റിക്കൊടുക്കുകയാണ് അദ്ദേഹം ആ ചാനല്‍ ചര്‍ച്ചയില്‍ ചെയ്തത്. പിന്നൊരു കാര്യം, ഇന്നത്തെ എകെസിസിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുതായിരുന്നു. അത് എന്റെ തെറ്റ്. എകെസിസി ഇന്ന് മെത്രാന്‍ സംരക്ഷണ സമതിയാണല്ലോ.

ഇവിടെ അല്പം ചരിത്രം പറയാതെ വയ്യ. കൂനന്‍ കുരിശു സത്യത്തിനു ശേഷം, പാശ്ചാത്യ മെത്രാന്മാരുടെ പള്ളിഭരണ സമ്പ്രദായം മൂലം, മാര്‍തോമാ നസ്രാണി കത്തോലിക്കാ സമുദായത്തിലെ പള്ളി യോഗങ്ങളും പള്ളി പ്രതിപുരുഷ യോഗങ്ങളും ദുര്‍ബലമായ സാഹചര്യത്തില്‍ ഒരു സാമൂഹ്യ സംഘടന അനിവാര്യമായി വന്നു. അതുവരെ പള്ളി യോഗങ്ങളും പള്ളി പ്രതിപുരുഷ യോഗങ്ങളും ഈ സഭയുടെ സാമൂഹികവും ആധ്യാത്മികവുമായ എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനം എടുക്കാനുള്ള വ്യവസ്ഥാപിത സമിതികളായിരുന്നു. പള്ളി യോഗത്തിനു പുറമെ മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ ആദ്യത്തെ സാമുദായിക സംഘടന നസ്രാണി ഗുരുദായനീ സഭയാണ്. മാറിയ സഭാസാഹചര്യത്തില്‍ നസ്രാണി കത്തോലിക്കാ സമുദായത്തിന്റെ അവകാശ സംരക്ഷണമായിരുന്നു പുതിയ സംഘടനയുടെ ഉദ്ദേശ്യം. അതിനുശേഷം രണ്ടാമതായി രൂപം കൊണ്ട സമുദായ സംഘടനയാണ് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എ കെ സി സി). നമ്മുടെ പരമ്പരാഗത അവകാശാധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള സമര ഫലമായിരുന്നു ആ പുതിയ സംഘടന. അത് ഉണ്ടാക്കുന്നതിലും ഉണ്ടായതിലും വൈദിക മേലധ്യക്ഷന്മാര്‍ക്ക് ഒട്ടുംതന്നെ താത്പര്യമുണ്ടായിരുന്നില്ല. അക്കാലങ്ങളില്‍ തര്യത് കുഞ്ഞിതൊമ്മന്‍, പി റ്റി ചാക്കോ തുടങ്ങിയ പ്രഗത്ഭരായ നേതാക്കന്മാരുടെ നേതൃത്വത്തില്‍ എകെസിസി സുശക്തമായ ഒരു സമുദായ സംഘടനയായിരുന്നു. ചങ്ങനാശ്ശേരി രൂപതയിലും മറ്റും മെത്രാന്റെ സ്തുതിപാഠകരെ സംഘടിപ്പിച്ച് പുതിയ അല്‍മായ സംഘടനകള്‍ രൂപീകരിച്ച് എകെസിസിയെ ദുര്‍ബലപ്പെടുത്തി. അല്‍മായ സംഘടനയായ എകെസിസിയുടെ തലപ്പത്ത് ഇന്ന് ഒരു മെത്രാന്‍! കൂടാതെ, ആ മെത്രാന്റെ പാദസേവകരായ കുറെ പ്രമാണിമാര്‍. മെത്രാന്മാരുടെ ആവശ്യാനുസരണം എടുത്തുപയോഗിക്കാനുള്ള വെറുമൊരു ഉപകരണമായിട്ടാണ് എകെസിസി ഇന്ന് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണല്ലോ അല്‍മായനെ വിറ്റിട്ടാണെങ്കിലും മെത്രാന്‍ പക്ഷത്തുനിന്ന് സത്യവിരുദ്ധവും മനഃസാക്ഷി വിരുദ്ധവുമായ അഭിപ്രായങ്ങള്‍ സാജു അലക്സ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. പള്ളിക്കാരുടെ എല്ലാവിധ അധികാരാവകാശങ്ങളെയും തുടച്ചു നീക്കിക്കൊണ്ട് 1992-ല്‍ പൗരസ്ത്യ കാനോന്‍ നിയമം ഈ സഭയുടെ മേല്‍ അടിച്ചേല്പിച്ചപ്പോഴും, ആധ്യാത്മിക ശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാര്‍ തങ്ങളെത്തന്നെ രൂപതയുടെ സമഗ്രാധിപതികളാക്കിയപ്പോഴും, വിശ്വാസികളെ അവകാശാധികാരങ്ങള്‍ ഒന്നുമില്ലാത്ത വെറും പ്രജകളാക്കിയപ്പോഴും, മെത്രാന്മാര്‍ അവരുടെ ഇഷ്ടപ്രകാരമുള്ള പള്ളിയോഗ/പാരീഷ്കൗണ്‍സില്‍ നടപടിക്രമങ്ങള്‍ കെട്ടിച്ചമച്ചപ്പോഴും കത്തലിക്കാ വിശ്വാസികളുടെ നാവായിരിക്കേണ്ട കത്തോലിക്കാ കോണ്‍ഗ്രസ് മൗനം പൂകുകയാണ് ചെയ്തത്. അല്‍മായരെ പ്രതിനിധീകരിക്കുന്നെങ്കില്‍, അല്‍മായരുടെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ നിലകൊണ്ടിരുന്നെങ്കിൽ, കത്തോലിക്കാ കോണ്‍ഗ്രസ് ചര്‍ച്ച് ആക്ട് വിഷയത്തില്‍ വിശ്വാസികളില്‍ നിന്നും സമഗ്രമായ ആശയ രൂപീകരണവും കര്‍മപരിപാടികളുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം, ജനവിരുദ്ധരായ അധികാരികളുടെ പക്ഷം ചേര്‍ന്ന് സമുദായത്തെ എകെസിസി ഒറ്റിക്കൊടുക്കുകയാണ് ചെയ്തത്. അത് സ്വന്തം കാര്യലാഭത്തിനുവേണ്ടി മാത്രമാണ്. എല്ലാക്കാലത്തും ഈ രണ്ടു വിഭാഗങ്ങളും കൈകോര്‍ത്തുപിടിച്ച് നിലനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ത്യാഗങ്ങള്‍ സഹിച്ചു സ്ഥാപിച്ച കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വം ജനവിരുദ്ധരായ അധികാരികളുടെ സംരക്ഷണം തേടിപോകുന്നത് ഖേദകരമാണ്.

നിയമാനുസരണമായ ഒരു ട്രസ്റ്റിക്കുള്ളതുപോലുള്ള അധികാരമായിരുന്നു മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിയോഗങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുകയില്ലെന്ന് ഉറപ്പുകൊടുത്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൊട്ടപ്പടി നന്ദി രേഖപ്പെടുത്തിയത്. പള്ളി സ്വത്ത് പള്ളിക്കാരുടേതായി വരുമ്പോഴും അതിന്റെ നടത്തിപ്പില്‍ സുതാര്യത ഉണ്ടാകണമെന്ന് വരുമ്പോഴും മാര്‍തോമാ ക്രിസ്ത്യാനികളുടെ നല്ല പാരമ്പര്യത്തെ തള്ളിപറയാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഒരു മടിയുമില്ല.”സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നു. മെത്രാന്‍ സിനഡിനുശേഷം മാര്‍ ആലഞ്ചേരി ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നതാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇത് വെറും കള്ള പ്രസ്താവനയാണ്. പ്രധാനമായി രണ്ട് നുണകളാണ് ആ പ്രസ്‌താവനയില്‍ ഉള്ളത്. ഒന്ന്: ‘സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കുന്നു.’ സുപ്രീം കോടതി ജഡ്‌ജിയും നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന അന്തരിച്ച ശ്രീ വി.ആര്‍. കൃഷ്ണയ്യര്‍ നിയമമാക്കാന്‍ വേണ്ടി കേരളാ ഗവണ്മെൻറിന് സമര്‍പ്പിച്ചിരിക്കുന്ന &The Kerala Christian Church Properties and Institutions Trust Bill, 2009; എന്ന ബില്ല് സഭയുടെ സ്വത്തുക്കള്‍ ഇടവകകളാലും രൂപതകളാലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ വഴി സുതാര്യമായി ഭരിക്കപ്പെടണം എന്നു മാത്രമാണ്. ക്രിസ്‌തീയ സഭകളുടെ സ്വത്തുക്കള്‍ ഭരിക്കാന്‍ സര്‍ക്കാര്‍ പാസ്സാക്കിയ നിയമം ഇന്ന് നിലവില്‍ നമുക്കില്ല. ആ കുറവിനെ ഗവണ്മെന്റ് നിയമത്തിലൂടെ തിരുത്തണമെന്നാണ് നിയമ പരിഷ്കരണ കമ്മീഷന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൂര്‍വ പാരമ്പര്യവും പൈതൃകവുമായ പള്ളിപൊതുയോഗത്തിലൂടെ പള്ളികളുടെ സ്വത്തുക്കള്‍ ഭരിക്കുന്നതിനെ പുനഃസ്ഥാപിക്കല്‍ മാത്രമാണ് എന്ന് ആ ബില്ലിനെ പഠിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യമാകും. മറിച്ച്, സഭയുടെ വസ്‌തുക്കളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കുകയല്ലാ ആ ബില്ലുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. പള്ളി സ്വത്തുക്കള്‍ മെത്രാന്മാരുടെ പിടിയില്‍നിന്നും വിശ്വാസികളിലേക്ക് മാറുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് ഈശോ മിശിഹാ നോക്കിയിട്ടും ഒന്നിപ്പിക്കാന്‍ സാധിക്കാതിരുന്ന സഭകളെ, ചർച്ച് ആക്റ്റു വഴി സഭകളുടെ സ്വത്തു ഭരണത്തില്‍ കടിഞ്ഞാണ്‍ വീഴും എന്നു കണ്ടപ്പോള്‍ എല്ലാ സഭാതലവന്മാരും ചങ്ങനാശ്ശേരിയില്‍ ഒരുമിച്ചു കൂടിയത്. ചര്‍ച്ച് ആക്ട് ഒരു കരടു ബില്ലായി സര്‍ക്കാരിനെ ഏല്പിച്ചിട്ട് പത്തു വര്‍ഷമായി. അങ്ങനെ ഒരു കരടു ബില്ല് ഉണ്ടെന്നോ സര്‍ക്കാരിന്റെ പരിഗണനയില്‍ അത് വരുമെന്നോ മെത്രാന്മാര്‍ ഇതുവരെയും കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, അനധികൃതമായി കൈയ്യടക്കി വെച്ചിരിക്കുന്ന പണച്ചാക്ക് അതിന്റെ യാഥാര്‍ത്ഥ ഉടമസ്ഥരായ ഇടവകാംഗങ്ങളിലേക്ക് കൈമാറ്റപ്പെടുമെന്ന ഭീതി അവരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഭാവിയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ആ ബില്ല് പാസ്സാക്കാനുള്ള ധൈര്യം കാണിക്കുമെന്നുള്ളത് തര്‍ക്കമറ്റ കാര്യമാണ്.

സഭയില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന അല്‍മായരെ സഭാധികാരം സഭാ വിരുദ്ധരെന്നും സംഘടനകളെ സഭാവിരുദ്ധ നാമമാത്ര സംഘടനകളെന്നും വിളിച്ചാക്ഷേപിക്കുന്നുണ്ട്‌. എന്നാല്‍ അതേസമയം മെത്രാന്‍ സംരക്ഷണ കത്തോലിക്കാ കോണ്‍ഗ്രസിനെ അല്‍മായ സംഘടനയായി അവരോധിച്ച്‌ ഷാജു അലക്സിനെപ്പോലുള്ളവരെ ഉപയോഗിച്ച് ചര്‍ച്ച് ആക്ട് പോലുള്ള വിഷയങ്ങളില്‍ സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. മെത്രാന്മാരുടെ കൗശലം എങ്ങനെയുണ്ട്? പള്ളിയുടെ ഭൗതിക സ്വത്തുക്കള്‍ വികാരിയുടെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തില്‍ സുതാര്യതയോടെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി ഒരു നിയമം വന്നാല്‍ സഭാധികാരം അതിനെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? ബില്ലിനെ സംബന്ധിച്ച് ഇടവകപ്പള്ളികളില്‍ വേണ്ടത്ര പഠനങ്ങളും ചര്‍ച്ചകളും നടത്തിയതിനുശേഷമല്ലേ ബില്ലില്‍ തിരുത്തലുകള്‍ വേണോ, അല്ലാ, ബില്ലിന്റെ ആവശ്യമേയില്ല എന്ന് തീരുമാനിക്കാന്‍? ബില്ല് നിയമ പരിഷ്കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ വന്നപാടേ മെത്രാന്മാര്‍ക്ക് ഹാലിളകി അതിനെ എതിര്‍ത്തപ്പോള്‍ നമുക്ക് ഊഹിക്കാം പള്ളി സ്വത്തുക്കള്‍ അവര്‍തന്നെ അടക്കി ഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന്. മെത്രാന്മാരുടെ ആ അതിമോഹത്തിന് കൂട്ടുനിന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളും അല്‍മായ സമൂഹവും ഭാവിയില്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കും. സഭയില്‍ വിപ്ലവം ആരഭിച്ചിട്ടേയുള്ളൂ. സഭ അതിന്റെ ദുഷ്പ്രവര്‍ത്തികള്‍ കൊണ്ടുതന്നെ തകര്‍ന്നടിയും.

No comments:

Post a Comment