Translate

Tuesday, March 5, 2019

സിസ്റ്റർ ലൂസി കളപ്പുര വടക്കെഅമേരിക്കൻ പ്രവാസികളോട് സംസാരിക്കുന്നു



ചാക്കോ കളരിക്കൽ

മാർച്ച് 13, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പതിനഞ്ചാമത് ടെലികോൺഫെറെൻസിൽ, സിസ്റ്റർ ലൂസി കളപ്പുര "കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം" എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിയിൽ ജനിച്ച സിസ്റ്റർ ലൂസി മൂന്ന്‌ പതിറ്റാണ്ടുകളുടെമേൽ കേരളത്തിലെ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സന്ന്യാസിനീസമൂഹത്തിലെ അംഗമായി സന്ന്യസ്തജീവിതം നയിക്കുന്നു. ഗണിതശാസ്ത്രത്തിൽ ഡിഗ്രി എടുത്തശേഷം ബിഎഡ് പാസായി. മാനന്തവാടി താലൂക്കിലെ SHHSS DWARAKA - സ്ക്കൂളിലെ അധ്യാപികയാണിപ്പോൾ. ഫ്രാങ്കോ-ലൈംഗിക വിഷയവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട്ടെ അഞ്ച് കന്ന്യാസ്ത്രികൾ വഞ്ചി സ്ക്വയറിൽ നടത്തിയ നിരാഹാര സമരത്തിന് സിസ്റ്റർ ലൂസി അവിടെപ്പോയി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അതിനെത്തുടർന്ന് പല കുറ്റങ്ങൾ ആ സിസ്റ്ററിന്മേൽ ആരോപിച്ചുകൊണ്ട് അവരുടെ മദർ ജനറൽ ഒരു 'വിശദീകരണ കത്ത്‌' നല്‌കി, ശിക്ഷണനടപടികളിലേയ്ക്ക് നീങ്ങിയ സാഹചര്യവും ആ നീക്കത്തിൽ അന്തർലീനമായിരിക്കുന്ന ഗൗരവാവസ്ഥയും നാമെല്ലാവരും
മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ലൂസി സിസ്റ്ററിൻറെ കേരളത്തിലെ കന്ന്യാസ്ത്രികളുടെ ജീവിതത്തെസംബന്ധിച്ചുള്ള അവലോകനം ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്.

കേരളസഭയിൽ കന്ന്യാസ്ത്രികളുടെ എണ്ണം കുത്തനേകുറയുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരു കാലത്ത് നമ്മുടെ ഇടവകകളിൽ നിറസാന്നിദ്ധ്യമായിരുന്ന സന്ന്യാസിനിമാരുടെ ഇപ്പോഴുള്ള വരൾച്ചയ്ക്ക് ഒരു കൂട്ടർ നിരത്തുന്ന കാരണങ്ങൾ കുട്ടികളുടെ എണ്ണക്കുറവ്, വർദ്ധിച്ചുവരുന്ന ജോലിസാധ്യതകൾ, സ്ത്രീവിമോചനം, സാമ്പത്തിക ഭദ്രതമൂലമുള്ള സുഖജീവിതം, ആധ്യാത്മിക പാപ്പരത്വം മുതലായവയാണ്‌. സത്യത്തിൽ യഥാർത്ഥ കാരണങ്ങൾ മേല്പറഞ്ഞവകളൊക്കെയാണോ? അടുത്ത ദിവസത്തിൽ ഫ്രാൻസിസ് പാപ്പ ദുഖത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞതാണ് കന്ന്യാസ്ത്രികൾ മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന്. പുരോഹിതരുടെ വസ്ത്രം അലക്കാനും അവർക്ക് ഭക്ഷണം പാകം ചെയ്തു നൽകാനും സന്ന്യാസിനികൾ നിർബന്ധിതരാകുന്നു എന്നകാര്യം മാർ വിതയത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. 'മഠംചാടികൾ' എന്ന് നാം വിളിച്ചാക്ഷേപിക്കുന്ന നമ്മുടെ സഹോദരികളായ, മക്കളായ എത്ര കന്ന്യാസ്ത്രികളാണ്, അവർ അനുഭവിച്ച ലൈംഗിക ചൂഷണത്തെയും മാനസിക പീഡനങ്ങളെയും മഠങ്ങളിലെ ഉച്ചനീചത്വത്തെയും എതിർപ്പ് പ്രകടിപ്പിക്കുന്നവരെ മാനസിക രോഗികളാക്കുന്ന വിധങ്ങളെയും അടിമപ്പണി ചെയ്യിപ്പിക്കുന്നതുമെല്ലാം അവരുടെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ളത്. ധനാർത്തിപൂണ്ട സഭാനേതൃത്വവും സന്ന്യാസസമൂഹവും വിദ്യാഭ്യാസ/ആതുര/ ആശുപത്രി മേഖലകൾ പണം കൊയ്യാനുള്ള വേദികളാക്കി. സന്ന്യാസിനി സഭകളുടെ സാമ്പത്തികലക്ഷ്യം യേശുവിനെതിരായ സാക്ഷ്യമായി മാറി. ആത്മീയ ചൈതന്ന്യം നഷ്ടപ്പെട്ട സന്ന്യാസിനി സഭകളിൽ സമ്പൂർണ അരാജകത്വം നടക്കും. ഉദാഹരണത്തിന് ആലുവായിലുള്ള ഒരു യുവകന്ന്യാസ്ത്രി ഡ്രൈവരുമായി നടത്തുന്ന കാമകേളികൾ യു റ്റൂബിൽ ഞാനും കണ്ടതാണ്. യേശു പടിയിറങ്ങിയ മഠങ്ങളിൽ പിടിക്കപ്പെടാത്ത എത്രയോ ജന്മങ്ങൾ വേറെയും! മനസാക്ഷിയുള്ള ഒരു സഹോദരിക്ക് മഠം ദുസ്സഹമാകും. സന്ന്യാസിനി സഭകളിലെ അഴിമതിയും അരാജകത്വവും ചോദ്യംചെയ്ത് മഠത്തിൻറെ പടിയിറങ്ങിയ കന്ന്യാസ്ത്രികൾ അനേകർ ഉണ്ട്. എന്നാൽ മഠം ചാടിയാൽ കുടുംബവും സമൂഹവും അവരെ കൈവെടിയും. സഭ അങ്ങേയറ്റംവരെ അവരെ പലവിധ ദ്രോഹങ്ങൾകൊണ്ട് പീഡിപ്പിക്കും. അവരുടെ മുക്തി കിണറ്റിലോ ടാങ്കിലോ ആയിരിക്കാം. അടുത്തകാലത്ത് എത്ര കന്ന്യാസ്ത്രികളാണ് മഠം വിട്ടിറങ്ങിയത്!

ഞാറയ്ക്കൽ ചെറുപുഷ്പം മഠത്തിൽ അവിടെത്തെ വികാരിയും കൊച്ചച്ചനും ഗുണ്ടാകളും ചേർന്ന് കന്ന്യാസ്ത്രികളെ ക്രൂരമായി മർദ്ദിച്ചത്‌ കന്ന്യാസ്ത്രികളുടെ സ്കൂൾ തട്ടിയെടുക്കാൻവേണ്ടി മാത്രമായിരുന്നു. രാഷ്ട്രീയ സ്വാധീനവും പണവുംകൊണ്ട് ആരെയും കൈക്കലാക്കി കാര്യം കാണുന്നത് സഭയുടെ ചീഞ്ഞഴിയലാണ്. കന്ന്യാസ്ത്രി മഠങ്ങളിൽ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ചിന്താസ്വാതന്ത്ര്യംപോലും നിഷേധിച്ച് നൂറായിരം വിലക്കുകളുടെ വേലിക്കെട്ടിനുള്ളിൽ കഴിയുന്ന കന്ന്യാസ്ത്രി ജീവിതത്തിൻറെ
സങ്കീർണതകൾ നാം ഊഹിക്കുന്നതിലും വലുതാണ്. വ്രതാനുഷ്ഠാനം, ആധ്യാത്‌മികത, ഭരണസംവിധാനം, ജീവിതചര്യ, ലോകവീക്ഷണം വർഗ ലിംഗ വിവേചനം, അഴിമതി, സ്വജനപക്ഷപാതം, തേങ്ങലുകൾ, വിങ്ങലുകൾ, പുരുഷമേധാവിത്വം, ലൈംഗികത, കീഴടങ്ങൽ, അരാജകത്വം, പീഡനം, എല്ലാം കന്ന്യാസ്ത്രി ജീവിതത്തിൻറെ ഭാഗമാണ്. ആദർശമുള്ള ഒരു കന്ന്യാസ്ത്രിയ്ക്ക് മഠത്തിലെ കൂട്ടായ്‍മയിൽ സ്ഥാനമുണ്ടായിരിക്കുകയില്ല. സെമിനാരിയിൽ ചേരുന്നവരിൽ ഏകദേശം 25% വൈദികരാകുന്നെങ്കിൽ കന്ന്യാസ്ത്രിയാകാൻ ചേരുന്നവരുടെ അവസ്ഥ നേരെ തിരിച്ചാണ്. എല്ലാം കൂട്ടിവായിക്കുമ്പോൾ മഠങ്ങളിലെ ദയനീയാവസ്ഥ സ്പഷ്ടമാണ്. ഇന്നത്തെ ഈ സാഹചര്യത്തിൽ നല്ല കുടുംബങ്ങളിൽനിന്ന് മഠത്തിലേയ്ക്ക് ഏതെങ്കിലും മാതാപിതാക്കൾ മക്കളെ പറഞ്ഞുവിടുമോ?

അനുസരണവ്രതമെന്ന കൊടുവാൾ ഉയർത്തി കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര മാനസിക ബുദ്ധിമുട്ടുകൾക്കിടയിലും ഊർജസ്വലതയും ധൈര്യവും പുഞ്ചിരിയും കൈവെടിയാതെ അങ്ങകലെയുള്ള നമ്മളോട് കന്ന്യാസ്ത്രിമഠങ്ങളുടെ അകത്തളങ്ങളിലേക്ക് നമ്മൾ സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ കാണിച്ച ഹൃദയവിശാലതയ്ക്കും ധീരതയ്ക്കും നമോവാകം. കന്ന്യാസ്ത്രികൾക്കും മനുഷ്യാവകാശമുണ്ട് എന്ന് മനസ്സിലാക്കാനുള്ള ഈ സുവർണാവസരം അമേരിക്കൻ മലയാളികൾ പാഴാക്കുകയില്ലെന്ന് കരുതുന്നു.
ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:
മാർച്ച് 13, 2019, ബുധനാഴ്ച (March 13, 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#

No comments:

Post a Comment