Translate

Tuesday, March 19, 2019

അച്ചൻകോടീശ്വരനാണെങ്കിൽ, അല്ലെങ്കിൽ അംബാനിയാണെങ്കിൽ....

അംബാനിയുടെ അനന്തിരവൻ!
#അച്ചൻകോടീശ്വരനാണെങ്കിൽ, അല്ലെങ്കിൽ അംബാനിയാണെങ്കിൽ കുർബാനക്ക് രൂപ വാങ്ങണ്ടന്നേ,പക്ഷേ, ഒന്നോർത്തോ,അത്, കാനോൻ നിയമത്തിനെതിരാവും. ആളുകൾ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഉടൻ തിരുത്തിടണം. കാനോൻ പഠിക്കാതെ ഓരോരുത്തർ കുർബാന ചൊല്ലാനിറങ്ങിയാൽ, ഞങ്ങളൊക്കെ,ആരോടെല്ലാം സമാധാനം പറയണം?
നാളെ വന്നൊരുത്തൻ, "അഞ്ഞൂറു കുർബാന ചെല്ല് അച്ചാ" എന്നു പറഞ്ഞാൽ, അച്ചൻ മിഴുംങ്ങസ്യാ എന്നായിപ്പോവൂല്ലെ, അച്ചാ, ഉടൻ തിരുത്തിടച്ചാ, അല്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല.
പ്രതിഷേധം ഉണ്ടാവും.അതാളിക്കത്തും.പിന്നെയീ കൈക്കാരൻ എന്നു പറയുന്നവൻ, തറയും, അതിലും താഴെയായവനുമായ, അത്മേനിയുടെ കൂട്ടത്തിൽ പെട്ടവനല്ലേ, അവനെയൊക്കെ എന്തിനാ അച്ചനിത്ര പൊക്കിപ്പിടിക്കുന്നത്.?
അവൻമാരുടെ കൂട്ടത്തിൽ 99.95 ശതമാനത്തിനും എന്തെങ്കിലുംവിവരമുണ്ടോ? നമ്മൾ, അച്ചൻമാർ പറയുന്നതു കേട്ടല്ലേ 95% പൊട്ടൻമാരും കാശു തരുന്നത്. ഒരച്ചൻ മരിച്ചാൽ അരമനയിൽ നിന്ന് ഓടി വന്ന് നോക്കുന്നത്, മരിച്ച അച്ചൻ ഏറ്റ കുർബാന വിവരങ്ങളല്ലെ? അച്ചന് വിവരമില്ലാത്തതു കൊണ്ട് കാനോനു വിരുദ്ധമായി അതുമിതുമൊക്കെ പറഞ്ഞേച്ചിരിക്കാം;
ഞങ്ങൾ ഒത്തിരിപ്പേർക്ക് അതു പ്രശ്നമാണച്ചാ. അച്ചൻ ഉടൻ തന്നെ വാട്സ് ആപ്പിലോ, എവിടെയാണെങ്കിൽ അവിടെ ഒരു കുറിപ്പെഴുതി പറഞ്ഞത് പെട്ടെന്നു തിരുത്തണം.#

മേൽ എഴുതിയത്, ഒരച്ചൻ,അദ്ദേഹത്തിന്റെ ഫോണിൽ നിന്ന്, വേറൊരു iuijuris സഭയിലെ ഒരിടവക വികാരിയെ, അദ്ദേഹത്തിന്റെ ഫോണിൽ വികാരവിക്ഷുബ്ധതയോടെ വിളിച്ചിട്ട്, ആ സംഭാഷണം ഓഡിയോ clipping ആയി പറക്കാൻ വിട്ടത് കേട്ടത്, അന്മേനിയായതിനാൽ, സ്വാഭാവികമായും പൊട്ടനായ ഞാന്‍ എന്റെ ഗ്രാമ്യഭാഷയിലാക്കിയതാണ്.
ഒരിടവകയിലേക്ക് വികാരി സ്ഥലം മാറ്റമായി വന്നു. അടുത്ത ഞായറാഴ്ച, അറിയിപ്പുകളിൽ അദ്ദേഹം പറഞ്ഞു: കുർബാനചൊല്ലിക്കേണ്ട വിശ്വാസികൾ, നിയോഗ (Intention) ഉം തീയതിയും പറഞ്ഞ് തന്റെ ബുക്കിലെഴുതിച്ച് പൊയ്ക്കോളൂ. കുർബാന താൻ അർപ്പിച്ചോളാം. അതിനാരും പൈസ (Stipend ) തരേണ്ടതില്ല. ഇത്രയും Sacraments ഉമായി ബന്ധപ്പെട്ട കാര്യം.
അജപാലനപരമായി തനിക്കു പൂർണ്ണ അധികാരമുള്ള മറ്റൊരു കാര്യവും അച്ചൻ പറഞ്ഞു: ഇനിമുതൽ, തലേ ആഴ്ചത്തെ സ്തോത്രക്കാഴ്ചയുടെ കണക്ക് പള്ളിയിൽ അറിയിക്കുന്നത്, കൈക്കാരൻ ആയിരിക്കും. അതുപോലെ, ഫാമിലി യൂണിറ്റുകളുടെ, അറിയിപ്പുകൾ നടത്തുന്നത്, കേന്ദ്രക്കമ്മററി വൈസ് ചെയർമാനുമായിരിക്കും.
ഈ രണ്ടു കാര്യങ്ങളും, നിശ്ചലമായി കിടന്ന ഒരു ജലാശയത്തിലേക്ക് കല്ലു പതിച്ച ഓളങ്ങളുടനെയുണ്ടാക്കി. ഒറ്റനോട്ടത്തിൽ, ഇത്രയും hype സൃഷ്ടിക്കപ്പെടേണ്ട യാതൊരാവശ്യവുമില്ലായിരുന്ന രണ്ടു നിഷ്ക്കളങ്ക പ്രസ്താവങ്ങളായിരുന്നു അവ. സോഷ്യൽ മീഡിയയും പ്രിന്റ് മീഡിയയും അതൊരു മഹാ സംഭവമായി കരുതി വാർത്തയുമാക്കി.
ഇക്കാര്യങ്ങൾ രണ്ടും ഇത്രമാത്രം ആഘോഷ ഹേതുവായിക്കരുതാൻ
പൊട്ടൻമാരായ അത്മേനികൾ എന്തുകൊണ്ടു spontanious ആയി തീരുമാനിച്ചു എന്നത്, സഭയുടെ ഇന്നത്തെ ജീർണ്ണാവസ്ഥയേയും പൗരോഹിത്യ അമിതാധികാര ത്വരയോടുള്ള laity യുടെ എതിർപ്പിനേയും അർത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയിൽ വെളിവാക്കുന്നു. മാമ്മോനിസത്തിന്റെ ആലസ്യത്തിലമർന്നു കിടക്കുന്നവർക്ക്, മിന്നാമിനുങ്ങു വെളിച്ചത്തിന്റെ നുറുങ്ങുകൾ പോലും സൂര്യകിരണങ്ങളായ് തോന്നുക സ്വാഭാവികം.

ഈ ആഘോഷം, ഒട്ടും പിടിക്കാതെ പോയ ഒരു പാട് ആളുകൾ, കേരളത്തിലെ പ്രധാനപ്പെട്ട, സ്വാശ്രയ, സോറി, Suijuris സഭകളിലുണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു, 'ശ്രീമതിഅസ്വസ്ഥത' പ്രസവിച്ച ഇന്നലത്തെ 'ഓഡിയോ കുഞ്ഞ്.'
ആ കുഞ്ഞ് എന്തിനെപ്പറ്റിയാണ്പ്രധാനമായി നിലവിളിക്കുന്നത്?
ഒന്ന് : കാനോൻ നിയമം, അതെ, stipend, കുർബാനയർപ്പണത്തിനു വേണ്ടെന്നു വയ്ക്കുന്നത് പരമ പരിശുദ്ധ കാനോനു വിരുദ്ധമാണത്രേ.

Canon 945 ¢ 1 പറയുന്നത്, ഒരു ബലിയർപ്പിക്കാൻ, a priest is permitted to receive an offering for a specific intention. എന്നാണ്.
945 ന്റെ ¢ 2 പറയുന്നത്, offering ഇല്ലെന്നു കരുതി, കുർബാന നിയോഗം ഒരച്ചനും സ്വീകരിക്കാതിരിക്കരുതെന്നും.

നാമെന്താണ് മനസ്സിലാക്കേണ്ടത്? രണ്ടുണ്ട് കാര്യങ്ങൾ:
ഒന്ന്, Offering (Stipend) വേറെ, നിയോഗം (Intention) വേറെ; രണ്ടും തമ്മിൽ കൂട്ടിക്കെട്ടണ്ടാന്ന്.

രണ്ട്, ഒരച്ചന്, വേണമെന്നുണ്ടെങ്കിൽ മാത്രം, Offering (Stipend) വാങ്ങിയാൽ മതി, താനേൽക്കുന്ന നിയോഗ ബലിയർപ്പണത്തിന്, എന്നും.
അപ്പോൾ, മുൻപത്തെ കാനോൻ കുഞ്ഞ്, കേരളത്തിൽ കരയുന്നത്, ഒന്നുകിൽ ദുശ്ശാഠ്യം കൊണ്ട്, അല്ലെങ്കിൽ പിത്തശൂല പിടിപെട്ടതു
കൊണ്ട്. അതിന്, പാലു മാത്രം പോരാ, കോംപ്ലാൻ കലക്കിയ പാലു തന്നെ വേണമത്രേ.

ആക്രമണ വിധേയനായ വൈദികൻ (Fr.Benny Maramparambil)
പെടാൻ സാധ്യതയുള്ള ഒരു കാനോൻ കുരുക്ക് ഞാൻ കണ്ടെത്തി
യിട്ടുണ്ട്- അദ്ദേഹം പള്ളിയിൽ പറഞ്ഞതുപോലെ പ്രവർത്തിച്ചാൽ.
Canon 958 അനുസരിച്ച് അച്ചൻമാർ കുർബാനക്കണക്കു പുസ്തകം സൂക്ഷിക്കണം. അതിൽ ഏറ്റെടുത്ത കുർബാനകൾ, ചൊല്ലിയ കുർബാനകൾ, നിയോഗം, Offering received ഇത്രയും കാര്യങ്ങൾ കള്ളികൾ വരച്ച് കൃത്യതയോടെ സൂക്ഷിക്കണം. ഈ പുസ്തകം മെത്രാച്ചൻ വിസിറ്റിനു വരുമ്പോൾ സസൂക്ഷ്മം ഇൻസ്പെക്ഷനു വിധേയമാവും. ഈ അച്ചന്റെ, അവസാനം പറഞ്ഞ കള്ളിയിൽ ഒന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. കാനോൻ അച്ചൻ ഭീഷണിപ്പെടുത്തുന്നതു പോലെയാണു കാര്യങ്ങളെങ്കിൽ, മെത്രാച്ചന് വിശദീകരണം ചോദിക്കാം, നടപടികളുമാവാം.

ആ കുഞ്ഞ് ഏറെ കോപാകുലയായി കരഞ്ഞത് പൊട്ടനത്മേനിയെ ഈ അച്ചനെത്തിനിത്ര കരുതലോടെ, കൂട്ടത്തിൽ കൂട്ടുന്നു എന്നുള്ളതിലാണ്. അത്മേനി, കീഴ്ജാതിക്കാരനായതുകൊണ്ടാണ്, അവൻ വിയർത്തു പാടത്തും ഫാക്ടറിയിലും പണിയെടുക്കുന്നതു കൊണ്ടാണ്, കുഞ്ഞ്, പാലും കുടിച്ച് ദുസ്വപ്നം കാണാതെ, മെത്തയിൽ കിടന്നുറങ്ങുന്നതും, പാലു കൊടുക്കുന്ന കൈക്ക് തിരിഞ്ഞു കടിക്കുന്നതും, അത് തലേവര എന്ന് അടിമകൾ ഇന്നലെ വരെ കരുതിയിരുന്നതും. നാളെ മുതൽ ക്രമംമാറിയാൽ, കാനോന്റെ വകുപ്പുകൾ, ഉപവകുപ്പുകൾ ഒക്കെയടർത്തിയെടുത്ത് കഴിച്ച് നിങ്ങൾക്ക്,വിശപ്പു മാറ്റേണ്ടി വന്നേക്കാം. പിന്നെ ഒരു കാര്യം അവസാനമായി പറയാനുള്ളത്, കടവന്ത്ര ഇടവകക്കാർക്കും അവരുടെ വികാരിയച്ചനും ഇക്കാര്യങ്ങളൊക്കെ അങ്ങു വിട്ടുകൊടുക്കുകയാണ്, അതിന്റെ ഒരു ശേല്.
കടപ്പാട്: ജോസഫ് TJ.

No comments:

Post a Comment