Translate

Sunday, March 10, 2019

പോളും സഭയും Jose Suresh

ജിജോ കുര്യൻ എഡിറ്റ് ചെയ്ത ഡിസംബർ ലക്കത്തിലെ ജീവധാര മാസികക്ക് വേണ്ടി എഴുതിയ ലേഖനമാണിത്. അജ്ഞത എങ്ങനെ സഭയെ പാപമയമാക്കുന്നു എന്നുള്ള അന്വേഷണമാണ് ഈ ലേഖനത്തിലുള്ളത്.


ഒരു മതം നില നിൽക്കണമെങ്കിൽ അതിന് രണ്ട് സാധ്യതകളുണ്ടായിരിക്കണം: ബൗദ്ധീക സാധ്യതയും വൈകാരിക സാധ്യതയും. ഈ സാധ്യതകൾ ഒരു പോലെ നിർവഹിക്കാൻ സാധിക്കാത്ത മതങ്ങൾ തകർന്നടിയും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇതിന് ഉദാഹരണമാണ് ബുദ്ധമതം, കേരളത്തിൽ ബുദ്ധമതം പരാജയപ്പെട്ടത് ശങ്കരാചാര്യരോടാണ്. ശങ്കരാചാര്യരുടെ ബൗദ്ധീക അദ്യൈത ആശയങ്ങൾക്ക് മുമ്പിൽ വൈകാരിക ആശയങ്ങൾ മാത്രം ഉണ്ടായിരിന്ന ബുദ്ധമതത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ആശയസംവാദങ്ങളിൽ പരാജയപ്പെട്ട അവർ കേരളത്തിൽ നിന്നും നിഷ്കാസിതരാകുകയോ ഹിന്ദുമതത്തിൽ ചേരുകയോ ചെയ്തു.
ക്രിസ്തുമതം പടർന്നു പന്തലിച്ചതിന്റെ പ്രധാന കാരണങ്ങൾ പലതാണ്, കൊളോണിയലിസമാണ് രണ്ടാം ഘട്ടത്തിൽ മതത്തിന്റെ വളർച്ചയ്ക്ക് കാരണമായതെങ്കിലും ആദ്യ ഘട്ടങ്ങളിൽ ക്രിസ്തുമതത്തെ സഹായിച്ചത് അതു പ്രദാനം ചെയ്ത ബൗദ്ധീക വൈകാരിക സാധ്യതകളായിരിന്നു. ഇതിൽ ബൗദ്ധീക സാധ്യതകളുടെ ആർക്കിടെക്ട് പോൾ തന്നെയാണ്. പോൾ ബുദ്ധിമാനും യഹൂദമതദർശനങ്ങളിലും ഗ്രീക്ക് തത്വചിന്തയിലും അവഗാഹമായ അറിവുള്ളവനുമായിരിന്നു. " അവനിലാണ് നമ്മൾ ചരിക്കുന്നതും ആയിരിക്കുന്നതും" എന്ന് പോൾ പറയുമ്പോൾ വാസ്തവത്തിൽ പോൾ ഗ്രീക്ക് കവിയും തത്വചിന്തകനുമായ എപ്പിമെനഡസിനെ ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. " ഞാൻ ഇതിലുടെ കടന്നു പോയപ്പോൾ നിങ്ങളുടെ ആരാധന വസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാത ദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാൻ കണ്ടു. നിങ്ങൾ ആരാധിക്കുന്ന ആ അജ്ഞാത ദൈവത്തെക്കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്" എന്ന് പോൾ പറയുന്നത് ശ്രദ്ധിക്കുക. എത്ര തന്ത്രപൂർവ്വമാണ് പോൾ ഏഥൻസുകാരുടെ അജ്ഞാത ദൈവത്തെ ക്രിസ്തുവക്കി മാറ്റുന്നത്! അക്കാലത്ത് പണം വാങ്ങി പ്രഭാഷണ കല പഠിപ്പിക്കുന്ന സോഫിസ്റ്റുകൾ എന്ന പ്രഭാഷണകലാവിദഗ്ധന്മാരുണ്ടായിരിന്നു. ഇവരിൽ നിന്നും പോൾ പ്രഭാഷണ കലയുടെ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.
ക്രിസ്തുവിന്റെ ശിഷ്യന്മാർ എല്ലാവരും തന്നെ വൈകാരികസമ്പന്നന്മാരായ സാധാരണ മനുഷ്യരായിരുന്നു. ഒരു മതത്തെ മുന്നോട്ടു കൊണ്ടുപോകാൻ പര്യാപ്തമായ ബൗദ്ധീക ശക്തി അവർക്കില്ലായിരിന്നു. ഇവിടെയാണ് പോളിന്റെ ആവശ്യം സഭയക്ക് വ്യക്തമാകുന്നത്. അപ്പോൾ ചോദിച്ചേക്കാം പരിശുദ്ധാത്മാവിന് അവർക്കാവശ്യമായ ബുദ്ധിശക്തി കൊടുക്കാൻ പാടില്ലായിരിന്നോ എന്ന്. പരിശുദ്ധാത്മാവിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ പോകുന്നതിന്റെ പ്രശ്നമാണിത്. പരിശുദ്ധാത്മാവ് ഒന്നിന്റെയും പ്രകൃതിയെയ സ്വഭാവത്തെയോ മാറ്റുന്നില്ല പകരം അതിൽ പ്രവൃത്തിക്കുകയാണ് ചെയ്യുന്നത്. The spirit doesn't alter the nature but works on the nature എന്നത് പിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആദ്യ പാഠമാണ്. അതു കൊണ്ടു തന്നെ ബൈബിളിനെക്കുറിച്ച് ഒന്നും പഠിക്കാതെ ആത്മാവാണ്പഠിപ്പിച്ചത് എന്നു പറഞ്ഞ് ബൈബിൾ വ്യാഖ്യാനിക്കുന്നവരെ കാണുമ്പോൾ തോമസ് മൻ പറഞ്ഞ ഒരു കാര്യം ഓർമ്മ വരും: The spirit without effort is crude.
സഭയുടെ ആദ്യ നാളുകളിൽ ജെറുസലേം കേന്ദ്രമാക്കിയ സഭയെ നയിച്ചിരിന്നത് പീറ്ററും ജെയിംസും ആയിരിന്നു. ഹെറോദ് അഗ്രിപ്പയുടെ വധഭീഷണിയെ ഭയന്ന് പീറ്റർ ജെറുസലേം വിട്ടു പോയപ്പോൾ ജെറുസലേം സഭയെ നയിച്ചതും ജെറുസലേം കൗൺസിൽ വിളിച്ചു കൂട്ടിയതും ജെയിംസ് ആയിരുന്നു. ജെയിംസിന്റെ ശ്രമം ക്രിസ്തുമതത്തെ യഹൂദമതത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു. അതു കൊണ്ടാണ് വിശ്വാസത്തെക്കാൾ പ്രധാനം മോശയുടെ നിയമങ്ങളാണന്ന് അദ്ദേഹം വാദിച്ചത്. പക്ഷെ, പോൾ അതിനെതിരായി നീയമത്തേക്കാൾ പ്രധാനം വിശ്വാസമാണെന്ന് വാദിച്ചു. അങ്ങനെ പോൾ ക്രിസ്തുമതത്തിന് യഹൂദമതത്തിൽ നിന്നും ഭിന്നമായ ഒരു വ്യക്തിത്യം സമ്മാനിച്ചു. പോൾ എത്രമാത്രം ശരിയായിരിന്നു എന്ന് പിന്നീട് ചരിത്രം സാക്ഷൃപ്പെടുത്തുന്നു. നിയമവും വിശ്വാസവും തമ്മിലുള്ള ഈ സംഘർഷത്തെയാണ് പോൾ റോമാക്കാർക്കുള്ള ലേഖനത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നത്.
പോളിന്റെ ഏറ്റവും വലിയ ബൗദ്ധീക സംഭാവന universal Subject എന്ന ആശയമാണെന്ന് അലൻ ബദയുവിനെപ്പോലുള്ള ചിന്തകന്മാർ തിരിച്ചറിയുന്നു, "Paul is the poet-thinker of the event .... As well as the (epitome of) the militant figure." He is the thinker of "universal singularity", of a universalism that shatters the paternal (or master/slave) discourse. "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല;നിങ്ങളെല്ലാവരും ക്രിസ്തുവിൽ ഒന്നാണ്", എന്ന് പോൾ പറയുമ്പോൾ എല്ലാ വർഗ്ഗ, രാഷ്ട്രീയ, ലിംഗ വൃത്യാസങ്ങൾക്കപ്പുറം ഉള്ള ഒരു ക്രിസ്തു വ്യക്തിയെ സൃഷ്ടിക്കാനുള്ള ശ്രമമാണ്. പോളിന്റെ ഈ ശ്രമം ഒരിക്കലും വിജയം കണ്ടില്ല. പോളിന് സമാനമായ ഉന്നതമായ ആശയമില്ലാത്ത സഭ നേതൃത്വങ്ങൾ വിഘടിക്കാനും അയിത്തം കൽപ്പിക്കാനും പുതിയ പുതിയ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിന്നു. കേരളത്തിലെ കത്തോലിക്കരുടെ മുഖപത്രമാണ് ഇപ്പോൾ ശാലോം. പക്ഷെ, ഈ പത്രം കൊണ്ടാടുന്നത് സവർണ്ണ കത്തോലിക്കാ മേധാവിത്തമാണ്. കാതോലികം അഥവാ സർവ്വമാനവീകത എന്ന പദത്തിന് സഭയിലുള്ള പലതിനും ഇന്ന് അർഹതയില്ല. സഭയുടെ ബൗദ്ധീക പാരമ്പര്യം അസ്തമിച്ചതിന്റെ അടയാളങ്ങളാണ് ഇന്ന് സഭയിൽ നിലനിൽക്കുന്ന എല്ലാ അന്തച്ഛിദ്രവും.
പോളിനു ശേഷം
പോളിനെപ്പോലുള്ളവർ കെട്ടിയുയർത്തിയ സഭയുടെ ബൗദ്ധീക അടിത്തറ ഇന്ന് തികച്ചും ദുർബലമാണ്. ചിന്താശൂന്യരായ പുരോഹിതന്മാരുടെ ദുഷ്പ്രഭുത്യം സഭയെ പിന്നോട്ട് കൊണ്ടുപോയി. An ignorant priest is the greatest enemy of a society എന്ന് വോൾട്ടയർ പറയുന്നത് ഈ പുരോഹിതന്മാരെ കണ്ടിട്ടാണ്. യൂറോപ്പിലെ സഭയിൽ തിരുനാളുകളും നൊവേനകളും കൂടിക്കൂടി വരുന്നുണ്ടായിരിന്നു. എന്നാൽ ചുറ്റുപാടുമുള്ള ജനം ചിന്തയിലും അറിവും ശാസ്ത്രത്തിലും പുതിയ മേഖലകൾ താണ്ടുന്നത് സഭ കണ്ടില്ലെന്ന് നടിച്ചു. പുരോഹിതന്മാർ വീണ്ടും ഈ ആചാരങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിന്നു. ആത്മാവില്ലാത്ത ഈ ആചാരങ്ങൾ മടുത്തപ്പോൾ ജനം സെക്കുലറിസത്തിൽ അഭയം പ്രാപിച്ചു. ഇപ്പോൾ തിരുനാളിനും ആളില്ല, നൊവേനയ്ക്കും ആളില്ല. പള്ളികളെല്ലാം ശൂന്യം. ഒരു കാലത്ത് സഭയിലെ പ്രധാനപ്പെട്ട പരിപാടി അനേകം പുരോഹിതന്മാർ അണിനിരക്കുന്ന ആഘോഷമായ നീണ്ട കുർബാനയായിരിന്നു. ഈ ആഘോഷത്തിന്റ പൊള്ളത്തരത്തെ തുറന്നു കാട്ടിക്കൊണ്ട് വോൾട്ടയർ പറഞ്ഞു, "solemnity is fraud." എല്ലാ കള്ളത്തരങ്ങളുഅവസാനം പൊളിഞ്ഞു വീണു. ജ്ഞാനത്തിന്റെ സംജ്ഞകൾ തികച്ചും സാധാരണമാണ്. Solemnity ജ്ഞാനത്തിന്റെ ലക്ഷണമല്ല.
പോൾ ഒരു കാലത്തിന്റെ മനുഷ്യനാണ്. കാലത്തിനനുസരിച്ച് പോളിന്റെ ചിന്തയെ നവീകരിക്കേണ്ടത് സഭയുടെ കടമയായിരിന്നു. അതു ചെയ്യാതിരിക്കുക വഴി സഭ പോളിനോടിനു തന്നെ വിശ്വാസ വഞ്ചന കാട്ടി. പോളിന്റെ കാലം റോം ഭരിക്കുന്നതായിരിന്നു. പോളിന്റെ സമയത്തെ ചിന്താ ലോകം ഗ്രീക്കിന്റെതായിരിന്നു. ഗ്രീക്ക് ഫിലോസഫിയുടെ കാറ്റഗറികൾ ഉപയോഗിച്ചാണ് പോൾ തന്റെ ദൈവശാസ്ത്രത്തെ പടുത്തുയർത്തുന്നത്. പക്ഷെ ഇന്നത്തെ ലോകം വിഭിന്നവും വിശാലവുമാണ്. അനേകം സംസ്കാരങ്ങളും അനേകം ദർശനങ്ങളുമായി ലോകം വിസ്തൃതമായിരിക്കുന്നു. ഇവയൊക്കെ ഉൾക്കൊള്ളുന്ന വിധത്തിൽ പോളിന്റെ ചിന്തയെ നവീകരിക്കേണ്ട ധാർമ്മിക ബാധ്യത സഭയക്കുണ്ട്. ഇത് നിർവഹിക്കുന്നതിനു പകരം മാറ്റത്തെ സിന്ധുബന്ധിച്ച് തടഞ്ഞു നിർത്തുകയാണ് സഭ. ലാറ്റിൻ ഭാഷയിൽ നിന്നും കുർബാന അതതു രാജ്യത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അത് പദാനുപദം ആയിരിക്കണം എന്ന ശുദ്ധ വിഡ്ഢിത്തം നിറഞ്ഞ വാശികളുമായി ഇപ്പോഴും ചില കാര്യങ്ങളിൽ സഭക്കുള്ളത് മധ്യകാലഘട്ടത്തിന്റെ മാടമ്പിത്തരമാണ്.
നിഷ്ക്കളങ്കതയും അജ്ഞതയും
എല്ലാ പൊട്ടത്തരങ്ങൾക്കും നിഷ്ക്കളങ്കത എന്ന പേരു നൽകി രക്ഷപ്പെടാനുള്ള തന്ത്രപരമായ ശ്രമങ്ങളുണ്ട്. നിഷ്ക്കളങ്കത അത്ര വലിയ കാര്യമാണോ? ചിന്തയില്ലായ്മയാണോ ഈ നിഷ്ക്കളത എന്നു വാഴ്ത്തിപ്പാടുന്ന കാര്യം? നിഷ്ക്കളകത പലപ്പോഴും നമ്മൾ നമ്മളിൽ ഇഷ്ടപ്പെടുന്ന ഒന്നല്ല, മറ്റുള്ളവരിൽ ഇഷ്ടപ്പെടുന്ന ഒന്നാണ്. നീ ഒരു നിഷ്ക്കളങ്കനാണ് എന്നു പറയുമ്പോൾ നിനക്ക് ഇതിനെക്കുറിച്ച് ബോധമില്ലാത്തവനാണ് എന്ന അർത്ഥം ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രാവുകളുടെ നിഷ്ക്കളങ്കത മാത്രം പര്യാപ്തമല്ലന്ന് ക്രിസ്തു മനസ്സിലാക്കുന്നുണ്ട്. മനുഷ്യൻ സർപ്പങ്ങളെ പ്പോലെ വിവേകികളുമായിരിക്കണം എന്നവൻ പറയുന്നു. ശുദ്ധരും നിഷ്ക്കളങ്കരുമായ മനുഷ്യർ വരുത്തിത്തിർക്കുന്ന വിപത്തുകൾ വലുതാണ്. തിന്മയുടെ ഉത്ഭവം അന്വേഷിക്കുന്ന കീർക്കേഗാർഡ് ചെന്നെത്തുന്നത് അറിവില്ലാത്ത നിഷ്കളങ്കതയിലാണ്. ആദത്തിന്റെയും ഹവ്വ യുടെയും നിഷ്ക്കളങ്കതയെയാണ് പിശാച് ചുഷണം ചെയ്യുന്നത്. നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നവനാണ് പിശാച് എന്നു പറയാം. പലപ്പോഴും തിന്മയുടെ തന്ത്രങ്ങളിൽ വീണു പോകുന്നതാണ് നിഷ്കളങ്കത. അതു കൊണ്ട്, “innocence is ignorence” എന്ന് കീർക്കേഗാർഡ് മനസ്സിലാക്കുന്നു. ഇതിനു പ്രതിവിധിയെന്നവണ്ണം കീർക്കേഗാർഡ് പറയുന്നു, "more the conscions, more the life." ക്രിസ്തു പിശാചിന്റെ പ്രലോഭനത്തിൽ വിഴുന്നില്ല. പിശാചിന്റെ തന്ത്രങ്ങളെ തിരിച്ചറിയാനുള്ള അറിവ് അവനുണ്ടായിരുന്നു.ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് ജീവനുണ്ടാകാനാണ് എന്നു പറയുമ്പോൾ, നമ്മുടെ ബോധ തലങ്ങളെ അഗാധമാക്കുന്ന ജ്ഞാനം പകരാനാണ് എന്നു മനസ്സിലാക്കുന്നത് ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ ആവശ്യം.
വാസ്തവത്തിൽ ഏതു തരം നിഷ്കളങ്കതയാണ് ക്രിസ്തുവിനുണ്ടായിരിന്നത്? യഥാർത്ഥമായ നന്മ നിറഞ്ഞ നിഷ്കളങ്കത എന്താണെന്നു പറയാൻ സി മോൺവെയിലല്ലാതെ മറ്റൊരു ചിന്തയില്ല. സിമോൺ വെയിൽ നിഷ്കളങ്കതയുടെ ദാർശനികത വെളിപ്പെടുത്തുന്നു, "To be innocent is to bear the weight of the entire universe. It is to throw away the counter weight." ഹെർക്കുലിസ് ഭൂമിയെ തോളിൽ താങ്ങി നിർത്താനായി counter weight ഉപയോഗിക്കണം. നിഷ്കളങ്കൻ ഒരു ഹെർക്കുലിസല്ല. യാതൊരു പ്രതിരോധവുമില്ലാതെ മുഴുവൻ ഭാരവും നെഞ്ചിലേറ്റി തകർന്നടിയുന്നവനാണ്. ഇത് ക്രിസ്തു വല്ലാതെ മറ്റാരാണ്? സിമോൺ വെയിൽ നിഷ്ക്കളകതയിലേക്ക് കൂടുതൽ വെളിച്ചം പകരുന്നു, “An innocent being who suffers sheds the light of salvation upon evil. Such a one is the visible image of the innocent God. That is why a God who loves man and a man who loves God have to suffer.”
ആരാണ് ക്രിസ്തുവിനെ ക്രൂശിലേറ്റിയത് ? അവർ എന്താണ് ചെയ്യുന്നതെന്നറിയാത്ത അവർ. ക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുന്നു അവരോട് ക്ഷമിക്കണമെന്ന്. എന്താണ് തങ്ങൾ ചെയ്യുന്നതറിയാത്ത മനുഷ്യർ നമ്മുടെ ചുറ്റും കൂടി വരുന്നു. ക്വറി മുതലാളിമാരും ഭൂമാഫിയക്കാരും മണൽ കടത്തുകാരും വനം വെട്ടിത്തെളിക്കുന്നവരും കൊള്ള ലാഭത്തിനു വേണ്ടി മാരകമായ കീടനാശിനികൾ ഉപയോഗിക്കുന്നവരും അറിയുന്നില്ല അവർ വരുത്തി കൂട്ടുന്ന വിപത്ത് എന്താണെന്ന് .
ചിന്താശൂന്യർ പെരുകി കൊണ്ടിരിക്കുമ്പോൾ , Robert Musil തന്റെ ഒരു കഥാപാത്രത്തെ കൊണ്ടു പറയിപ്പിക്കുന്നത് ഏറ്റവും സത്യമായി മാറുന്നു: Thinking is our greatest moral responsibility.” നമ്മുടെ പ്രവൃത്തികളെ വിശഖലനം ചെയ്യാനും വിലയിരുത്താനുമുള്ള കഴിവാണ് നമ്മളെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ഈ വ്യത്യസ്തതയെ ജീവിക്കാതെ പോകുമ്പോൾ നമ്മൾ വെറും വെജിറ്റേഷൻ ആയി മാറുന്നു. യാതൊരു കഥയുമില്ലാത്ത മനുഷ്യരായി മാറുന്നു. അജ്ഞത അത്ര വലിയ തിന്മയല്ല പക്ഷെ, അജ്ഞതയും അധികാരവും കുടിച്ചേരുമ്പോൾ അത് മാരക വിഷമായി മാറും. 21 lessons for 21 century എന്നെ പുസ്തകത്തിൽ പ്രശസ്ത സാമുഹ്യ ശാസ്ത്രജ്ഞൻ Yuval Noah പറയുന്നത്, “We should never underestimate human stupidity. Both on the personal and on the collective level, humans are prone to engage in self-destructive activities.”
നമ്മുടെ മത സംസ്കാരിക രാഷ്ട്രിയ മേഖലകളിൽ നിന്നും തിരോഭവിച്ചു കൊണ്ടിരിക്കുന്ന ചിന്തയെ തിരിച്ചു പിടിക്കാതിരിന്നാൽ നമ്മൾ വലിയ ദുരന്തങ്ങളിൽ നിപതിക്കാൻ സാധ്യതയുണ്ട്. തത്വചിന്താപരമായ തെരെഞ്ഞെടുപ്പുകൾ നമ്മൾ നടത്തേണ്ടിയിരിക്കുന്നു. തത്വചിന്താപരമായ തെരഞ്ഞടുപ്പ് മനസ്സിലാക്കാൻ ഫിലിപ്പ് ഗുഡ് ചൈൽഡിന്റെ നിരീക്ഷണം സഹായിക്കും, "philosophical choice is to prefer the good above being, thought and conscience above the life of the body." വികാരം പോലും സ്ഥായിയായി മാറുന്നത് ചിന്ത അതിനെ അഗാധമാക്കുമ്പോഴാണ്. അഗാധമായ അനുഭവങ്ങളെ വിലക്കു കൽപ്പിച്ചു കൊണ്ടും വെറും ഉപരിപ്ലവതയിൽ അഭിരമിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടു വരുന്നു. ഉന്നതമായ ആശയങ്ങൾ ഉള്ളവന്റെയും ദാരിദ്ര്യത്തിലും ശിരസ് ഉയർത്തിപ്പിടിക്കുന്നവന്റെയും മുമ്പിലേ ഞാൻ ശിരസ്സ് നമിക്കുകയുള്ളു. ഇതിനിടയിൽ കിടക്കുന്നതാണ് സമൂഹം, അതിനോടെനിക്ക് പുച്ഛമാണ് എന്ന് ആൽബർട്ട് കമ്യു പ്രഖ്യാപിച്ചു. ഇങ്ങനെ വെറും പുച്ഛിക്കപ്പെടേണ്ട ഒരു സമൂഹമായി നമ്മൾ അധഃപതിച്ചുകണ്ടിരിക്കുന്ന കാഴ്ച ദയനീയമാണ്.
അടയുന്ന വാതിലുകൾ
ശാലോം ടി വി സ്ഥിരമായി കാണുന്ന ഒരു കുട്ടിയുടെ ഉള്ളിൽ കവിത നാമ്പിടുമോ? കഥകൾ പരകായപ്രവേശനം നടത്തുമോ? കഥകളും കവിതകളും വായിക്കുന്ന, ലോകത്തോടു സംവാദിക്കാൻ കഴിവുള്ള ഒരു തലമുറ ഇവിടെ ഉണ്ടാകാതിരിക്കാൻ ബൈബിളൊഴികെ ഒരു പുസ്തകവും വായിക്കരുതെന്ന് ഇവർ പറയുന്നു. ബൈബിൾ പ്രധാനമായും ഒരു സാഹിത്യ കൃതിയാണെന്ന് മനസ്സിലാക്കാത്ത പുരോഹിതന്മാർ ഇവിടെ കഥകൾക്കും കവിതകൾക്കും ഫത് വ കൽപ്പിക്കുന്നു. ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടാകാതിരിക്കാൻ ദൈവവചനം എന്ന പേരുപറഞ്ഞ് ഏറ്റവും ഗർഹണീയമായ വിധത്തിൽ ബൈബിൾ വ്യാഖ്യാനം നടത്തുന്നു. പഴയ നിയമത്തിന്റ യുക്തിഹീനതയെ തിരുത്തുന്ന ക്രിസ്തുവിന്റെ സുവിശേഷത്തേക്കാൾ ഇവർക്ക് പ്രിയം പഴയ നിയമം തന്നെയാണ്. കാരണം അതിൽ വിശ്വാസികളെ ഭയപ്പെടുത്തുവാനും ചൂഷണം ചെയ്യുവാനും പര്യാപ്തമായ അനേകം വചനങ്ങളുണ്ട്. അര മണിക്കൂർ നിങ്ങൾ വചനം വായിച്ചാൽ അത്രയും അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടും എന്നൊക്കെ പ്രസംഗിച്ച് ഇവർ വായനയെ തന്നെ കശാപ്പുചെയ്ത് മനുഷ്യന്റെ ഉള്ളിലുള്ള അത്യാഗ്രഹങ്ങളെ പോറ്റി വളർത്തി സമൃദ്ധിയുടെ ദൈവത്തിന്റെ വിഗ്രഹാരാധകരെ സൃഷ്ടിക്കുന്നു. ക്രിസ്തു എന്ന മരപ്പണിക്കാരന്റെ ശ്രമം യഹൂദമതത്തിന്റെ അടഞ്ഞു പോയ വാതിലുകളെല്ലാം തുറന്നിടുക എന്നതായിരിന്നു. ഇന്ന് നമ്മളാകട്ടെ ആ വാതിലുകളെല്ലാം വീണ്ടും അടച്ചിടാൻ ശ്രമിക്കുന്നു.
യഥാർത്ഥമായ ദൈവാരാധന എന്താണെന്നു ചോദിക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്തരം ദൈവഹിതം അന്വേഷിക്കുക എന്നതാണ്. എന്താണ് ദൈവഹിതം എന്നു ചോദിക്കുമ്പോൾ അവന്റെ ഉത്തരം, "മറ്റുള്ളവർ നിങ്ങൾക്ക് എന്തു ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് തന്നെ നിങ്ങൾ അവർക്ക് ചെയ്യുവിൻ." വളരെ വിപ്ലവാത്മകമായ ഒരു ആശയമാണിത്. മനുഷ്യന്റെ ഇടയിലുള്ള എല്ലാ അസമത്വങ്ങളെയും വേർതിരിവുകളെയും ഇല്ലാതാക്കാൻ പര്യാപ്തമാണിത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ലോകത്തിലുള്ള എല്ലാവരും ക്രിസ്തുമതത്ത അംഗീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഞാനൊരു ഹിന്ദുവാകണമെന്ന് എന്റെ ഒരു ഹൈന്ദവ സഹോദരൻ ആഗ്രഹിച്ചാൽ ഞാൻ എന്തു ചെയ്യണം ? ഒരു ഹിന്ദുവായില്ലെങ്കിലും കുറഞ്ഞ പക്ഷം അവന്റെ മത വിശ്വാസങ്ങളെ ആദരിക്കാനും അംഗീകരിക്കാനും ഉള്ള മനസെങ്കിലും ഞാൻ കാണിക്കേണ്ടേ? അവരുടെ അമ്പലത്തിലെ പ്രസാദം ഭക്ഷിക്കുമ്പോഴാണോ തിരസ്ക്കരിക്കുമ്പോഴാണോ ഞാൻ ദൈവഹിതം അനുവർത്തിക്കുന്നത്?
ഇത്ര വിപ്ലവാത്മകവും കരുണയും നിറഞ്ഞ ആശയങ്ങൾ മനുഷ്യന് നൽകിയ ക്രിസ്തുവിനെ ഉപയോഗിച്ചു തന്നെ ചിലർ മനുഷ്യരുടെ ഇടയിൽ വേർതിരിവുകൾ സൃഷ്ടിക്കുന്ന അജ്ഞത ഭീകരമാണ്.

No comments:

Post a Comment