Translate

Thursday, March 28, 2019

*കാവല്‍ക്കാരന്‍ കള്ളനായാല്‍!* Fr. Jacob Naluparayil: Mt 21:23-46


മാർച്ച് 24

ഫാ. ജേക്കബ് നാലുപറയില്‍ എംസിബിഎസ്


ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാര്‍ ഹി ചോര്‍ ഹേ - കാവല്‍ക്കാരന്‍ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാര്‍ - ഞാനും കാവല്‍ക്കാരനാണ്.''

ഈശോ പറയുന്ന ഇന്നത്തെ ഉപമയിലും വിഷയം ഇതു തന്നെയാണ്. കാവല്‍ക്കാരന്‍ കള്ളനാകുന്ന അവസ്ഥ. കാവല്‍ക്കാരായ കൃഷിക്കാര്‍ ഉടമസ്ഥാവകാശം തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമമാണ് കഥയുടെ കാതല്‍. 'കാവല്‍ക്കാർ ഉടമസ്ഥരാകാന്‍ ശ്രമിക്കുന്നു' എന്നർത്ഥം.

ഈശോ പറയുന്നു: ''ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റം വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മ്മിക്കുകയും ചെയ്തു. അനന്തരം അത് കൃഷിക്കാരെ ഏല്‍പ്പിച്ചിട്ട് അവന്‍ പോയി'' (മത്താ 21:33). വീട്ടുടമസ്ഥനാണ് തോട്ടവും അതിന്റെ അനുസാരികളും ഉണ്ടാക്കുന്നത്. അതിനാല്‍ തന്നെ അയാളാണ് യഥാര്‍ത്ഥ ഉടമസ്ഥന്‍. പാട്ടകൃഷിക്കാര്‍ വെറും കാവല്‍ക്കാരും കാര്യസ്ഥന്മാരും മാത്രം.

ഇവിടെ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട  പ്രധാനപ്പെട്ട ഒരു കാര്യം, ഈശോ  ആരോടാണ് ഈ ഉപമ പറയുന്നത് എന്നാണ്. ജറുസലേം ദേവാലയത്തില്‍ വച്ചാണ് ഇത് സംഭവിക്കുന്നത്. ഈശോ ദേവാലയയത്തില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കുന്നതാണ് സന്ദര്‍ഭം (മത്താ 21:12-14). അപ്പോൾ അവനോട് രോഷാകുലരായി പ്രതികരിക്കുന്നത് പ്രധാന പുരോഗിതന്മാരും നിയമജ്ഞരുമാണ് (മത്താ 21:15). പിറ്റെ ദിവസം യഹൂദനേതാക്കൾ ഇതേകാര്യത്തിന്  ഈശോയെ ചോദ്യം ചെയ്യുന്നുമുണ്ട്: ''പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു. എന്ത് അധികാരത്തലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്‍കിയത് ആരാണ്?'' (മത്താ 21:23).

അവരുടെ ചോദ്യത്തിനുള്ള മറുപടിയായി ഈശോ പറയുന്ന ഉപമകളില്‍ രണ്ടാമത്തേതാണ് ഈ ഉപമ (മത്താ 21: 28-44). ഉപമ പറഞ്ഞവസാനിക്കുമ്പോള്‍ അതിനോട് പ്രതികരിക്കുന്നത് യഹൂദ മതനേതാക്കള്‍ തന്നെയാണ്: ''പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറിറിയാണ് സംസാരിക്കുന്നതന്ന് മനസ്സിലാക്കി...'' (മത്താ 21:45).

ചുരുക്കത്തില്‍ ഈശോ സംസാരിക്കുന്നത് പ്രധാന പുരോഹിതന്മാരോടും നിയമജ്ഞരോടും ജനപ്രമാണികളോടും ഫരിസേയരോടുമാണ്. ഇവരില്‍ ആദ്യത്തെ മൂന്നു ഗണം കൂടുന്നതാണ് സെൻഹെദ്രിൻ, അതായത് യഹൂദരുടെ സൂന്നഹദോസ്. മാറ്റുവാക്കുകളിൽ, യഹൂദ മതത്തിന്റെ അധികാരസ്ഥാനത്തിരിക്കുന്ന നേതാക്കളോടാണ് ഈശോ ഈ ഉപമ പറയുന്നത്.

എന്താണ് ഈശോ പറയുന്നതിന്റെ രത്‌നച്ചുരുക്കം? ഈശോ പറയുന്നത് "കാവല്‍ക്കാര്‍ കള്ളന്മാരാണെന്നാണ് - ചൗകിദാര്‍ ഹി ചോര്‍ ഹേ." അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മതാധികാരികളുടെ മുഖത്തു നോക്കി ഈശോ പറയുന്നു, 'കാവല്‍ക്കാരായ നിങ്ങള്‍ കള്ളന്മാരാണ്.' ജറുസലേം ദേവാലയത്തിലെ കച്ചവടം നിര്‍ത്തുമ്പോള്‍ ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്റെ ഭവനം പ്രാര്‍ത്ഥാനലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കള്ളന്മാരുടെ ഗുഹയാക്കുന്നു'' (മത്താ 21:13).

എന്താണ് യഹൂദ മതനേതാക്കള്‍ കവര്‍ന്നെടുത്തത്? അത് വ്യക്തമാകുന്നത് ഈശോ പറയുന്ന കഥയിലെ പാട്ടകൃഷിക്കാരുടെ സംഭാഷണത്തിലൂടെയാണ്: ''അവനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു. ഇവനാണ് അവകാശി. വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം സവന്തമാക്കാം'' (മത്താ 21:38). കാവല്‍ക്കാരായ പാട്ടകൃഷിക്കാര്‍ കവര്‍ന്നെടുക്കുന്നത് 'ഉടമസ്ഥാവകാശമാണ്.'

ഇന്ന് ഈശോ ഈ ഉപമ പറുന്നത് ആരോടൊക്കെയാണ്? ഉടമസ്ഥാവാകശം കവര്‍ന്നെടുക്കുന്നവര്‍ ആരൊക്കെയാണോ, അവരോടെല്ലാമാണ് ഈശോ ഇന്ന് ഉപമ പറയുന്നത്. തങ്ങള്‍ ഉടമസ്ഥരാണ് എന്ന് കരുതുന്നവരോടൊക്കെ. അതായത്, തങ്ങള്‍ കാവല്‍ക്കരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരോടൊക്കെയാണ് ഈശോ ഈ ഉപമ പറയുന്നത്.

ഈ കാര്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്ന സഭാപിതാവ് വിശുദ്ധ ബേസിലാണ്. അദ്ദേഹം പറയുന്നു: "ഭക്ഷിച്ച ശേഷം നീ മിച്ചം സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണം നിന്റെതല്ല, തെരുവില്‍ വിശന്നു കഴിയുന്ന ദരിദ്രരുടേതാണ്. നിന്റെ അലമാരയില്‍ നീ അടുക്കി വച്ചിരിക്കുന്ന നിന്റെ ഉടുപ്പുകള്‍ നിനക്ക് അവകാശപ്പെട്ടതല്ല, മറിച്ച് ഉടുപ്പില്ലാത്ത പാവപ്പെട്ടവന് അവകാശപ്പെട്ടതാണ്. നിന്റെ മേശയില്‍ നീ പൂട്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന പണത്തിന്റെ ഉടമസ്ഥന്‍ നീയല്ല, നിന്റെ ചുറ്റുമുള്ള ദരിദ്രരുടെ പണമാണത്.'' ആരാണ് യഥാര്‍ത്ഥ ഉടമസ്ഥന്‍, ആരാണ് കാവല്‍ക്കാരന്‍ എന്നതിനുള്ള വളരെ പ്രായോഗികമായ നിരീക്ഷണമാണിത്.

തങ്ങള്‍ കാവല്‍ക്കരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരോടൊക്കെയാണ് ഈശോ ഈ കഥ പറയുന്നത്. എന്നിരിക്കിലും മതമേഖലയിലെ നേതാക്കന്മാരോടാണ് ഈ ഉപമ ഈശോ അന്ന് പറഞ്ഞത് എന്ന കാര്യം നാം മറക്കരുത്. അതിനാല്‍ തന്നെ, ആത്മീയ മേഖലയിലെ ഇന്നത്തെ നേതാക്കന്മാരോട് തന്നെയാണ് ഒന്നാമതായിട്ട് ഈശോ ഇന്നീ കഥ പറയുന്നത്. അതായത് ഇന്നത്തെ വൈദികരോടും മെത്രാന്മാരോടും മെത്രാപ്പോലിത്താമാരോടും ധ്യാനഗുരുക്കന്മാരോടുമൊക്കെ. അവരോടൊക്കെ ഈശോ പറയുന്നു: ''നിങ്ങള്‍ വെറും കാവല്‍ക്കാരാണ്, അല്ലാതെ ഉടമസ്ഥരും അവകാശികളുമല്ല''

എന്തിന്റെയൊക്കെ കാവല്‍ക്കാര്‍? അതു തിരിച്ചറിയണമെങ്കില്‍ നിന്റെ കൈയിലിരിക്കുന്ന തോട്ടവും മുന്തിരിച്ചക്കും ഗോപുരവും എന്താണെന്ന് നീ തിരിച്ചറിയണം. അതായത്, എന്തൊക്കെയാണ് നിനക്കു ദാനമായി കിട്ടിയത്? മറിച്ച് പറഞ്ഞാൽ, എന്താണ് നിനക്കു ദാനമായി കിട്ടാത്തതായിട്ടുള്ളത്?

നിന്റെ ജീവന്‍ തന്നെ തമ്പുരാന്‍ ഔദാര്യമായി നിനക്ക് തന്ന വലിയ ദാനമല്ലേ? പിന്നെ, നീ ശ്വസിക്കുന്ന വായുവും, നീ കുടിക്കുന്ന കുടിവെള്ളവും, നീ സ്വീകരിക്കുന്ന സൂര്യപ്രകാശവും, നീ കഴിക്കുന്ന ഫലമൂലാദികളും  തമ്പുരാന്‍ സൗജന്യമായി തരുന്നതല്ലേ? നിന്റെ ജീവന്‍ തന്നെ ദാനമാണെങ്കില്‍, അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിന്റെ കഴിവുകളും, നിന്റെ സമ്പത്തും, നിന്റെ അധികാരവും, നിന്റെ സ്ഥാനമാനങ്ങളും ദൈവിക ദാനങ്ങള്‍ അല്ലാതെ വരില്ലല്ലോ?

ഇവയെല്ലാം ദാനമാണെന്ന തിരിച്ചറിവാണ് നിനക്കുണ്ടാകേണ്ടത്. ഇവയെല്ലാം സൗജന്യമായി സ്വീകരിച്ചതാണെന്ന തിരിച്ചറിവാണ് നിനക്കുണ്ടാകേണ്ടത്. അത്തമൊരു തിരിച്ചറിവില്‍ ജീവിക്കുന്നവന്‍, കൊടക്കും; ഉദാരമായി കൊടുക്കും. ആര്‍ക്കൊക്കെ? ആവശ്യക്കാർക്കൊക്കെ കൊടുക്കും. മുമ്പില്‍ വന്ന് കൈ നീട്ടുന്നവര്‍ക്കൊക്കെ കൊടുക്കും. കാരണം, അവരാണ് യഥാര്‍ത്ഥ അവകാശികളെന്ന് അവനറിയാം.

മാര്‍ച്ച് 15ാം തീയതി ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണം. മോസ്കിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അൻപത് മുസ്ലീം സഹോദരങ്ങളെയാണ് തീവ്രവാദിയായൊരു വെള്ളക്കാരന്‍ തുരുതുര വെടിവച്ചു കൊന്നത്. അതിനോടുള്ള അവിടുത്തെ പ്രധാന മന്ത്രിയായ ജസീന്ത ആര്‍ഡന്റെ പ്രതികരണമായിരുന്നു ശ്രദ്ധേയം.

മുസ്ളീം സ്ത്രീകളുടെ വസ്ത്രമായ ഹിജാബ് ധരിച്ചെത്തിയ ജസീന്ത, ഇരകളായവരുടെ ബന്ധുക്കളെ ഓരോരുത്തരെ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അതിനു ശേഷം അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു: "ഏറ്റവും വലിയൊരു ദുരന്തത്തെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലപ്പെട്ടവരെല്ലാം കുടിയേറ്റക്കാരാകാം. അല്ലെങ്കില്‍ അഭയാര്‍ത്ഥികളാകാം. രണ്ടായാലും ന്യൂസിലാന്റിനെ സ്വന്തം വീടാക്കാന്‍ ആഗ്രഹിച്ചവരാണവർ. ഞാന്‍ ഉറപ്പിച്ചു പറയുന്നു, ന്യൂസിലാന്റ് അവരുടെ വീടാണ്." എന്നിട്ടവര്‍ കൂട്ടിച്ചേര്‍ത്തു: "They are us- അവര്‍ നമ്മളാണ്.''

പിന്നീട് ആ രാജ്യത്താകമാനം അലയടിച്ച മുദ്രാവാക്യമിതായിരുന്നു: "They are us- അവര്‍ നമ്മളാണ്.'' ലോകം എഴുന്നേറ്റു നിന്നു കൈയ്യടിച്ചു പ്രസ്താവനയായിരുന്നു ജസീന്ത ആര്‍ഡന്റേത്. അതിനു കാരണം, താനും ഒരു കുടിയേറ്റ കുടുംബത്തില്‍ ജനിച്ചവളാണെന്ന കാര്യം ജസീന്ത മറന്നിട്ടില്ലായിരുന്നു.

ആത്മബോധമുള്ളവനു മാത്രമേ ഉദാരമായി കൊടുക്കാനാകൂ. സൗജന്യമായി സ്വീകരിച്ചതിനെക്കുറിച്ചൊക്കെ അവബോധമുള്ളവനു മാത്രമേ സ്‌നേഹത്തോടെ കൊടുക്കാനാവൂ. താന്‍ ഉടമസ്ഥനല്ല, മറിച്ച് വെറും കാവല്‍ക്കാനാണ് എന്ന ആത്മബോധമുള്ളവന് മാത്രമേ കരുണയോടെ പങ്കു വയ്ക്കാനാകൂ.

ചുരുക്കത്തില്‍, കാവല്‍ക്കാരനാണെന്ന ആത്മാബോധമുള്ളവന്‍ ഉദാരമായി കൊടുക്കും. മറിച്ചു, ഉടമസ്ഥനാണെന്ന മിഥ്യാബോധത്തില്‍ ജീവിക്കുന്നവന്‍, കൊടുക്കില്ലെന്ന് മാത്രമല്ല, സ്വീകരിക്കാന്‍ വരുന്നവരെയൊക്ക അവൻ പരിക്കേൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. തീവ്രവാദിയായ വെള്ളക്കാരന്‍ ചെയ്തത് അതാണ്.

കാവൽക്കാരനാണെന്ന ആത്മബോധമുള്ളവന്‍ ഉദാരമായി കൊടുക്കുന്നതിന്റെ ഫലമായി എല്ലായിടവും ദേവാലയമായി മാറും. നേരെ മറിച്ച്, അവകാശിയാണെന്ന മിഥ്യാബോധത്തില്‍ ജീവിക്കുന്നവൻ കൊടുക്കില്ലെന്ന് മാത്രമല്ല, ദേവാലയം പോലും അവന്‍ കച്ചവടസ്ഥലമാക്കും; കള്ളന്മാരുടെ  ഗുഹയാക്കും (മത്തായി 21:13).

അതിനാല്‍ ഈശോ ഇന്ന് ഈ ഉപമയിലൂടെ എന്നോട് ആവശ്യപ്പെടുന്നത് ഒരു ആത്മപരിശോധനാണ് - "കാവല്‍ക്കാരനായ നീ കള്ളനാണോ?"

No comments:

Post a Comment