ഞാനൊരു കത്തോലിക്കാ സന്ന്യാസവൈദികനാണ്. സ്‌കൂളില്‍ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന, അന്നത്തെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന മാണിയെ നാല്പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വളരെ യാദൃച്ഛികമായി ഈയിടെ ഒരു മനോരോഗാശുപത്രിയില്‍വച്ച് കാണാനിടയായി. മാസങ്ങളായി ആ മനോരോഗാശുപത്രിയില്‍ ഇന്‍പേഷ്യന്റായിരുന്ന തന്റെ മകളെ വീട്ടിലേക്കു കൊണ്ടുപോകാനായിട്ടായിരുന്നു, അവന്‍ അവിടെ എത്തിയത്. ഞാനാകട്ടെ, ഞങ്ങളുടെ ആശ്രമത്തിലെ വളരെ പ്രതിഭാശാലിയായ ഒരു യുവാവിനെയുംകൊണ്ട് അവിടെ എത്തിയതായിരുന്നു.
ഞാന്‍ സെമിനാരിയില്‍ പോയതിനുശേഷം മാണിയെ കണ്ടിട്ടുതന്നെയുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ വീടും സ്ഥലവും വിറ്റ് മലബാറിനു പോയ മാണിക്ക് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഡോക്ടറെ കാണാന്‍ അടുത്തടുത്തായിരുന്നു ഞങ്ങള്‍ ഊഴം കാത്തിരുന്നത്. എന്റെ ഊഴമായിരുന്നു, ആദ്യം. തനിക്ക് വളരെ ദൂരേക്കാണു പോകേണ്ടതെന്നും ഡോക്ടറെ ആദ്യം കാണാന്‍ അനുവദിക്കാമോ എന്നും ആരായാനാണ് അവന്‍ എന്നെ സമീപിച്ചത്. സ്വരം കേട്ടപ്പോള്‍ത്തന്നെ പണ്ടെന്നോ കേട്ടുമറന്നൊരു സ്വരം പോലെതോന്നി. അവര്‍ക്കു പോകേണ്ട സ്ഥലം നിലമ്പൂരാണെന്നുകൂടി കേട്ടപ്പോള്‍ ചോദിച്ചു:
'അവിടെ കാണാപ്പുഴ എന്നൊരു വീടുണ്ടോ?'
'ഞാന്‍ കാണാപ്പുഴയിലേതാണല്ലോ. എന്താ ആരെയെങ്കിലും അറിയുമോ?'
'എന്നെ ഒന്നു സൂക്ഷിച്ചു നോക്കിക്കേ.'
അവന്‍ എന്നെ സൂക്ഷിച്ചുനോക്കി, അപ്പോള്‍ത്തന്നെ തിരിച്ചറിയുകയും ചെയ്തു. അവന്‍ പറഞ്ഞു:
'ഈ വേഷവും ദീക്ഷയും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എപ്പോഴേ തിരിച്ചറിയുമായിരുന്നു.'
ഞാന്‍ പറഞ്ഞു: 'നിന്റെ കാര്യം പക്ഷേ അങ്ങനെയല്ല കേട്ടോ. അന്നു മീശപോലും മുളച്ചിരുന്നില്ലാത്ത നീ ഇപ്പോള്‍ നരച്ച് കഷണ്ടിയും കയറി....'
മാണി പറഞ്ഞു: 'ഇനി പത്രോസുകുട്ടിയെ അച്ചാ എന്നൊന്നും വിളിക്കാന്‍ എനിക്കു വയ്യ. കര്‍ത്താവ് ശിഷ്യരെപ്പോലും വിളിച്ചിരുന്നത് കൂട്ടുകാരേ എന്നായിരുന്നല്ലോ.'
ഞാന്‍ പറഞ്ഞു: 'ശരിയാണ്. പഴയതുപോലെ എടാ പത്രോസുകുട്ടീ എന്നുതന്നെ നീ എന്നെ വിളിച്ചാലേ എനിക്കും ഒരടുപ്പം തോന്നൂ.'
'അങ്ങനെതന്നെയാണ് ഞാനിപ്പോള്‍ വിളിക്കാന്‍ പോകുന്നത്. എടാ പത്രോസുകുട്ടീ, നിനക്കൊന്നും ജീവിതത്തില്‍ കഷ്ടപ്പാടെന്തെന്ന് അറിയേണ്ടിവന്നിട്ടില്ലല്ലോ. എന്റെ സ്ഥാനത്ത് നീയായിരുന്നെങ്കിലും ഇതൊക്കെത്തന്നെയായിരുന്നേനേ അവസ്ഥ. എന്തുമാകട്ടെ, ഡോക്ടറെ കാണാനുള്ള ആദ്യ ഊഴം നീയെനിക്ക് അനുവദിച്ചുതരണം. പിന്നെ ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ നമുക്കു കൂടുതല്‍ ബന്ധപ്പെടാം. ഇതാ എന്റെ ഫോണ്‍നമ്പര്‍.'
അവന്‍ ഫോണ്‍നമ്പര്‍ എഴുതിത്തന്നുകൊണ്ടു പറഞ്ഞു: 'എനിക്കു നിന്നോട് ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ട്. എഴുതിവച്ചിട്ടുള്ള കുറെ കാര്യങ്ങള്‍ കാണിക്കാനുമുണ്ട്.'
ഇത്രയും പറഞ്ഞപ്പോഴേക്കും ഡോക്ടര്‍ ഞങ്ങളെ വിളിച്ചു. പകരം മാണിയെയും സഹോദരിയെയും ഞാന്‍ ഡോക്ടറുടെ അടുത്തേക്കുവിട്ടു. ക്ലാസ്സില്‍ എന്റെ തൊട്ടടുത്തിരുന്നിരുന്ന, ഇടവേളകളില്‍ പാട്ടുകള്‍ എഴുതുകയും അവ പാടുകയും ചെയ്തിരുന്ന, മാണി എന്തെല്ലാം കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടും എഴുത്ത് ഉപേക്ഷിച്ചിട്ടില്ലല്ലോ എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. അവര്‍ ഇറങ്ങിവന്നപ്പോള്‍ ഞങ്ങള്‍ക്കുള്ള ഊഴമായി.
ഞാന്‍ ഡോക്ടറുടെ അടുത്തേക്കു നടക്കുമ്പോള്‍ മാണി പറഞ്ഞു: 'നിന്റെ നമ്പര്‍ വാങ്ങാനൊത്തില്ല. സാരമില്ല നാളെത്തന്നെ എന്നെ വിളിക്കണം. ഞാന്‍ പറഞ്ഞില്ലേ, എനിക്ക് നിന്നോട് ഒത്തിരികാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്.'
(തുടരും)
No comments:
Post a Comment