Translate

Sunday, August 26, 2012

തോമായുടെ സുവിശേഷം

യേശുവിനെക്കുറിച്ചുള്ള കുറിപ്പുകളില്‍ ആദ്യത്തേത് എന്ന് കരുതപ്പെടുന്ന തോമസിന്റെ സുവിശേഷം 114 യേശു-വാക്യങ്ങളില്‍ ഒതുങ്ങുന്നു. ഇവയിലോരോന്നും ആത്മാവിനുള്ളില്‍ വികാസം നേടേണ്ട ആശയ-കടുകുമണികളാണെന്ന അര്‍ത്ഥത്തില്‍ ഓഷോ അവയെ വ്യാഖ്യാനിച്ചിട്ടുണ്ട്, "The Mustard Seed" (HarperCollins Publ.) എന്ന ഗ്രന്ഥത്തില്‍. ഈ  പുസ്തകത്തിന്റെ ഉപശീര്‍ഷകം The gnostic teachings of Jesus the Mystic എന്നാണ്. വടക്കേ ഈജിപ്തില്‍ 1945 ല്‍ കണ്ടെത്തിയ Nag Hammadi Text ന്റെ ഭാഗമായിട്ടാണ് തോമസിന്റെയും മഗ്ദലെനയുടെയും സുവിശേഷങ്ങള്‍ ലഭിച്ചത്. ഇവയുടെ ഉള്ളടക്കത്തില്‍ നിന്ന് വെളിപ്പെടുന്നത്, യേശു ഭൌതികാര്‍ത്ഥത്തില്‍ അല്ല, മറിച്ച്, നമ്മുടെ ആന്തരിക ലോകത്തിലെ വിപ്ലവകാരിയായിരുന്നു എന്നാണ്.
സഭ ഔദ്യോഗിക ദൈവവചനം എന്ന് സ്ഥാനംകൊടുത്ത മറ്റു നാല് സുവിശേഷങ്ങളില്‍ കാണുന്ന അത്ഭുതങ്ങളോ കുരിശുമരണമോ അതിനു മുമ്പുള്ള പീഡനമോ അത് കഴിഞ്ഞുള്ള ഉഥാനമോ ഒന്നും ഇവയിലോ ഇതുപോലുള്ള മറ്റു ആദ്യകാല കുറിപ്പുകളിലോ ഇല്ല. ചില വിശ്വാസികള്‍ കുറിച്ചിട്ട ഗുരുവിന്റെ അരുളുകള്‍ മാത്രമാണിവ. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഒരു കാര്യവുമില്ല. അത് ഒന്നോ അധികമോ ആള്‍ക്കാര്‍ ആകാം. തന്നെയല്ല, കണ്ടമാനം കൈകടത്തലുകള്‍ നടത്തിയ കൃതികളാണ് ഈ ആദ്യ യേശു-കൃതികളും അതുപോലെ നാമിപ്പോള്‍ സുവിശേഷങ്ങളായി ആദരിക്കുന്ന ക്രിസ്തു-കൃതികളും. അന്നേരത്തെ ആവശ്യമനുസരിച്ച് അന്യരുടെ കുറിപ്പുകളില്‍ വ്യതിയാനം വരുത്തുക, ആധികാരികതക്കുവേണ്ടി അന്ന് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഒരാളുടെ പേരില്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക എന്നതൊക്കെ അന്ന് സ്ഥിരം നടപ്പുള്ള കാര്യങ്ങളായിരുന്നു. അതിനാല്‍, തോമ്മായുടെ എഴുത്തിലും ഓരോ വിഭാഗക്കാരുടെ വിശ്വാസസംഹിതക്കനുസാരമായി വീണ്ടും വീണ്ടും മാറ്റങ്ങള്‍ വരുത്തി എന്നത് സംശയരഹിതമാണ്‌. പിന്നെപ്പിന്നെ, തല്‍പ്പര കക്ഷികളുടെ അധികാരത്തിനും വരുമാനത്തിനുമായുള്ള ആശയങ്ങളും സഭയുടെ "വിശുദ്ധ" ലിഖിതങ്ങളില്‍ കയറിക്കൂടിയിട്ടുണ്ട് എന്നോര്‍ത്തിരിക്കുന്നത് നന്ന്. എന്നിരുന്നാലും യേശു നല്‍കിയ ചില കാതലായ ചിന്തകള്‍ അവയിലൂടെ നമുക്ക് കൈവരുന്നുണ്ട്‌. തോമ്മായുടെ സുവിശേഷത്തില്‍ അവിടവിടെയായി ചിതറി കിടക്കുന്ന ചില പ്രധാന ആശയങ്ങള്‍ ഇവിടെ ബന്ധിപ്പിച്ചും സംഗ്രഹിച്ചും എടുത്തെഴുതുകയാണ്.


1. ഒരു വലിയ സസ്യമായി പൊട്ടിമുളച്ചു വളരേണ്ട കടുകുമണി പോലെയാണ് ദൈവരാജ്യം.
അത് സാക്ഷാത്ക്കരിക്കുവാന്‍ ഏകാന്തതയെ സ്നേഹിക്കുക.

2. വിശ്രാന്തി ആഗ്രഹിക്കുന്നവന്‍ നടപ്പുരീതികളുമായി മല്ലിടാന്‍ തയ്യാറാകണം - അതായത്, അവനവനോടുള്ള യുദ്ധം. എന്റെയുള്ളില്‍ ഈ  അഗ്നിയുണ്ട്. ഈ അഗ്നിയിടാനാണ് ഞാന്‍ വന്നത്.

3. നിങ്ങളുടെ ഉത്ഭവം എവിടെയെന്നു നിങ്ങള്‍ക്കറിയുമോ? പിന്നെയെന്തിനാണ് നിങ്ങളുടെ അന്ത്യത്തെപ്പറ്റി ആകുലരാകുന്നത്?

4. ഭൌതികമായവയില്‍ ഉറച്ചുപോകുന്നവന്‍ അവിടെത്തന്നെ മരിക്കുന്നു. ഈ ഭൂമിയില്‍ കൃഷി നടത്തി കടന്നുപോകേണ്ട വഴിയാത്രക്കാര്‍ മാതമാണ് നാം. ഫലത്തെ ഇഷ്ടപ്പെടുന്നവന്‍ അത് തരുന്ന മരത്തെ വെറുക്കരുത്.

5. നിന്റെ കണ്ണിന്റെ കൃഷ്ണമണി പോലെ അന്യനെയും കരുതുക. നീ വെളിച്ചം കണ്ടെത്തിയാല്‍ അത് മറ്റുള്ളവര്‍ക്കും പ്രകാശമാകട്ടെ. ജ്ഞാനത്തിന്റെ താക്കോല്‍ ലഭിച്ചവന്‍ അതൊളിച്ചുവയ്ക്കരുത്.

6.ഞാന്‍ പ്രകാശമാകുന്നു. സ്വയം പ്രകാശിച്ചവന്‍ കല്ലും തടിയും പോലും പ്രകാശമാക്കുന്നു.

7. മനുഷ്യരില്‍ വലിയവനായിരുന്നു യോഹന്നാന്‍. എന്നാല്‍ സ്വന്തം ഉള്ളിലെ ദൈവരാജ്യത്തെ (പ്രകാശത്തെ) അറിയുന്നവന്‍ അതിലും വലിയവനാകുന്നു.

8. രണ്ടു യജമാനന്മാരെ സേവിക്കുക, പഴയ തുരുത്തില്‍ പുതിയ വീഞ്ഞ് സൂക്ഷിക്കുക, പഴയ തുണിയോടു പുതിയത് തുന്നിച്ചേര്‍ക്കുക ഇവയൊക്കെ വിഡ്ഢികള്‍ ചെയ്യുന്നു.

9. സാഹോദര്യ സ്വരുമയുടെ മുമ്പില്‍ ഒരു മല പോലും വഴിമാറിത്തരും. 

10. ആത്മാവില്‍ ദാരിദ്ര്യം - എല്ലാം ഉപേക്ഷിക്കല്‍ - ആണ് എല്ലാം നല്‍കുന്നത്.

11. ഉപരിതലത്തെ ഗൌനിക്കുന്നതിനു പകരം ഉള്ളില്‍ തെരയുക, നിങ്ങള്‍ കണ്ടെത്തും. ആദ്യത്തെ അല്പം വെളിച്ചം പുളിമാവു പോലെ വികസിച്ച് എല്ലാം പ്രകാശപൂരിതമാക്കും.

12. കാത്തിരുന്നാല്‍ വരുന്നതല്ല ദൈവരാജ്യം. അത് എവിടെയും വ്യാപിച്ചിരിക്കുന്നു. കണ്ടെത്തുക മാത്രമാണ് വേണ്ടത്.

13. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പണ്ടേ സംഭവിച്ചു കഴിഞ്ഞു. പൂര്‍ണമായ ചലനവും പൂര്‍ണമായ വിശ്രാന്തിയുമാകട്ടെ ജീവിതം. 

കടുകുമണി
ഓരോ കുരുവും ഒരാശ്ചര്യമാണ്. കുരുവിന്റെ മുഴുപ്പ് കുറയുന്തോറും ആശ്ചര്യത്തിന്റെ അളവ് കൂടുതലാണ്. അതായിരിക്കാം യേശു തന്റെ ഉപമയില്‍ വളരെ ചെറുതായ കടുകുമണിയെ തിരഞ്ഞെടുത്തത്. പക്ഷേ, നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍, ഓരോ ആശ്ചര്യചിഹ്നവും വളഞ്ഞുകുത്തി ഒരു ചോദ്യചിഹ്നമായി അവിടെ നില്‍ക്കും. അത് വീണ്ടും നിവരുക അത്ര നിഷ്പ്രയാസമല്ല. ഓരോ കുരുവും ഒരു ഗര്ഭപാത്രമാണ്. പൌലോസ് യേശുവിനെപ്പറ്റി പറയുന്നതുപോലെ, യുഗാരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ നിങ്ങള്ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.  . . . ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നുള്ളത് തന്നെ. (കൊളോ. 1, 26-27) കേളി എന്ന കൃതിയില്‍ ഫാ. ബോബിജോസ് കട്ടിക്കാട്ട് ചൂണ്ടിക്കാണിക്കുംപോലെ  മതങ്ങളും പുരോഹിതരും കൂദാശകളും ധ്യാനകേന്ദ്രങ്ങളും എല്ലാം നമ്മോടു പറയുന്നത് പുറത്തു നാം കാണിക്കേണ്ട, ജപിക്കേണ്ട, ആര്‍ത്തുവിളിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. ഉള്ളിലൊരു ചക്രവാളമുഉണ്ടെന്ന് പഠിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
ഓരോ കുരുവിലും പ്രകൃതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആകാശത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചക്രവാളത്തെയാണ്. അവിടെയത് സുഷുപ്തിയിലാണ്, നീരും വായുവും അതിനെ തട്ടിയുണര്‍ത്തുംവരെ. ബോബിജോസ് തന്നെ പറയുമ്പോലെ, അതിനെ കുണ്‍ഡലിനി (മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം) എന്നോ ഉറങ്ങുന്ന ബുദ്ധന്‍ എന്നോ വിളിക്കാം. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഒരു കടുകുമണിയെ കൈയിലെടുക്കുമ്പോള്‍ (ആരെങ്കിലും ഒരു കടുകുമണിയായി കൈയിലെടുക്കാന്‍ മെനക്കെടാറുണ്ടോ!) അതില്‍ അനന്തമായ ജീവന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിചാരിക്കാന്‍ നാം എന്നാണു പഠിക്കുക? അത് മുളപൊട്ടി വളര്ന്നാലോ? കൃസൃതിയും ആരവങ്ങളുമായി പക്ഷികള്‍ അതിന്റെ ശിഖരങ്ങളില്‍ ചാടിക്കളിക്കാന്‍ വരുന്നു.
ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കാം എന്ന് പറയുന്നിടത്ത് യേശു എന്ന ഗുരുവിന്റെ കാവ്യഭാവന അതിന്റെ കൊടുമുടിയിലാണ്.      

                                                                     * * *

August 28 ചൊവ്വാഴ്ച പാലായില്‍ വച്ച് KCRM ന്റെ ഒരു സ്റ്റഡിക്ലാസ്സില്‍ തോമായുടെ സുവിശേഷത്തെപ്പറ്റി ചര്‍ച്ചയുണ്ടാകും. അല്മായശബ്ദത്തിന്റെ e-library യില്‍ ഈ കൃതിയും വ്യാഖ്യാനവും വായിക്കാം. അക്കൂടെ ഓഷോയുടെ  The Mustard Seed ഉം നിങ്ങളുടെ വായനയെ ധന്യമാക്കട്ടെ.   

5 comments:

  1. 1945 കാലഘട്ടത്തില്‍ ഈജിപ്റ്റ്‌ കീഴ്ക്കാംതൂക്കായ മലന്‍ചെരുവുകളില്‍ കണ്ടെടുത്ത ബുക്ക്, തോമസ്‌ സുവിശേഷങ്ങള്‍ എന്നു അറിയപ്പെടുന്നു. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ രചിച്ച ലിഖിതങ്ങള്‍ എന്നു കണക്കാക്കപ്പെടുന്നു.ഈ സുവിശേഷം തോമസിന്റെ ശിഷ്യഗണങ്ങള്‍ ആരെങ്കിലും എഴുതിയതെന്നു അനുമാനിക്കുന്നു.

    എന്തുകൊണ്ട് സഭ മറ്റുള്ള നാലു സുവിശേഷങ്ങള്‍ക്കൊപ്പം അര്‍ഹിക്കുന്ന വില തോമസ്‌സുവിശേഷത്തിന് കല്പ്പിക്കുന്നില്ല? ഇന്നും ഒരു ജ്ഞാനിയുടെ മുമ്പിലെ ചോദ്യചിന്ഹമാണ്.

    സംഘിടിതമായ മതതത്വങ്ങള്‍ക്ക് വിരുദ്ധമായി പലതും തോമസ്‌ സുവിശേഷത്തില്‍ ഉണ്ട്. തോമസ്‌ സുവിശേഷത്തിന്റെ പ്രധാന സന്ദേശം സ്വയം അറിയുക, സ്വയം നമ്മെ തന്നെ കണ്ടെത്തുക എന്നുള്ളതാണ്. കൂടാതെ ഈ ഭൌമിക സഞ്ചാര ലോകത്തിലൂടെ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചു ധ്യാനിച്ച്‌ ദൈവരാജ്യത്തിന്റെ താക്കോല്‍ സ്വയം കണ്ടെത്താമെന്നും സുവിശേഷം പറയുന്നു.

    സംഘിതമതം ഇതില്‍നിന്നും വിത്യസ്തമായി നമ്മെ പഠിപ്പിക്കുന്നു. സ്വര്‍ഗരാജ്യം സ്വയം ധ്യാനമല്ല മറിച്ചു സഭയുടെ വിശ്വാസ ആചാരങ്ങളുടെ ചട്ടക്കൂടില്‍നിന്നു പ്രാര്‍ഥനകളും ജപമാലകളില്‍ക്കൂടിയും, ധ്യാനത്തില്‍ ക്കൂടിയും സ്വര്‍ഗരാജ്യം ലഭിക്കുകയുള്ളൂവെന്നും വാദിക്കുന്നു. തോമസ്‌ സുവിശേഷങ്ങളെ സഭ ഹാര്‍ദ്ദവമായി സ്വീകരിക്കാത്തതിനു കാരണം സുവിശേഷങ്ങളുമായുള്ള വൈവിധ്യമാണ്. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ കൈ എത്തുന്ന ദൂരത്തില്‍ ഉണ്ടെന്നു പഠിപ്പിക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗരാജ്യം നേടുവാന്‍ പള്ളിയുടെയും പുരോഹിതരുടെയും സഹായം വേണമെന്നുള്ള സഭയുടെ നയങ്ങള്‍ മാറ്റിയാല്‍ വരുമാനം കുറയും. സ്വയം പ്രക്രുതിയില്‍ക്കൂടി ദൈവത്തെ തേടുന്നവര്‍ക്ക് പുരോഹിതന്റെയും പള്ളിയുടെയും ആവശ്യം ഇല്ലാതെ വരുകയും ചെയ്യും.

    ഒരുവന്‍ ആത്മാവില്‍ രക്ഷപ്രാപിക്കുന്നത് കൃപ കൊണ്ടല്ല, ആത്മാവിന്റെ രക്ഷ ദൈവത്തിന്റെ ദാനമല്ല, കര്‍മ്മത്തില്‍കൂടി ഓരോരുത്തരും സത്യത്തെ തനിയെ അനേഷിച്ചു കണ്ടെത്തണം എന്നു തോമസ്‌ സുവിശേഷം പഠിപ്പിക്കുന്നു. സത്യം
    എന്നുപറയുന്നത് ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ വസിക്കുന്ന സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ആണ്. സ്വര്‍ഗരാജ്യം സമസ്ത ജനങ്ങളിലും കുടികൊള്ളുന്നു. അന്വേഷിപ്പിന്‍ സ്വയം കണ്ടെത്തും.

    യേശു പറഞ്ഞു നിന്റെ മുമ്പില്‍ ശരിയെന്നുള്ളത് മറ്റൊരുവനെ നോക്കാതെ നീ തന്നെ തിരിച്ചറിയുക, നിന്നില്‍നിന്നു മറച്ചു വെച്ചതു സ്വയം വെളിവാക്കും. ജീവിത പ്രശ്നങ്ങള്‍ക്ക് തനിയെ ഉത്തരം തേടും. പ്രശ്നങ്ങള്‍ ഓരോന്നായി നാം തനിയെ ഉത്തരം കണ്ടെത്തും. സ്വയം ആത്മീയത കണ്ടെത്തുവാന്‍ യുക്തിക്കനുസരണമായ സുവിശേഷമാണ് തോമസിന്റെതെന്നു സംശയമില്ല. പുരോഹിതന്റെയോ പള്ളിയുടെയോ ഇവിടെ ആവശ്യം കാണുന്നില്ല. ധന മോഹികളായ സഭാ പുരോഹിതര്‍ ഉള്ളടത്തോളം കാലം തോമസ്‌ സുവിശേഷം സഭയുടെ ഔദ്യോഗിക കാനോനിക്കാ പുസ്തകമായി അംഗികരിക്കുമെന്നും തോന്നുന്നില്ല.

    ReplyDelete
  2. തോമസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന ലിഖിതങ്ങള്‍, കര്‍ത്താവിന്റെ ശിഷ്യരില്‍ ഒരുവനായ തോമ്മായുടെത് എന്നതിന് തെളിവുകള്‍ വേണ്ടത്രയില്ല. ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു ശേഷം ഫിലിപ്പ് എന്നൊരുവന്‍ എഴുതിയതാണെന്ന് ചില സൂചനകള്മുണ്ട്. . പക്ഷെ നഗ് ഹമാദി ചുരുളുകള്‍ ആരോ ഒരു സംഘം ഭദ്രമായി ഒളിപ്പിച്ചതാണെന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. അവിടെയാണ് ബിഷപ്‌ അത്തനാസിയുസ് എന്ന ഒരു സ്ഭാധികാരി ആവശ്യപ്പെട്ടിട്ടാണ് ഇവ ഒളിപ്പിച്ചതെന്നു പല ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നത്. ഇത് ശരിയാണെങ്കില്‍ സഭയിലെ ജനങ്ങളെ ഭരിക്കത്തക്ക രിതിയിലുള്ള ഒരു ബൈബിള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പണ്ടേ തുടങ്ങിയതായിരിക്കണം. POC ബൈബിളിലും ഇത്തരം ഒരു കടന്നാക്രമണം കാണുന്നത് സംശയം ജനിപ്പിക്കാന്‍ പോന്നതാണ്. ഭാരതിയ വേദ കാല പഠനങ്ങളോട് വളരെ സാമ്യമുള്ളതും, യാഥാര്‍ത്യ ബോധത്തില്‍ കുറെ ക്കൂടി മികച്ചതും ആണ് ഈ വചനങ്ങള്‍ എന്ന് പറയാതിരിക്കാന്‍ ആവില്ല. കൂടുതല്‍ പ്രായോഗികവും ഇതാനെന്നുള്ളതുകൊണ്ട് ഇതിന്റെ പ്രചാരവും വര്‍ദ്ധിക്കുന്നു.

    ReplyDelete
  3. "തോമസ്‌ സുവിശേഷത്തിന്റെ പ്രധാന സന്ദേശം സ്വയം അറിയുക, സ്വയം നമ്മെതന്നെ കണ്ടെത്തുക എന്നുള്ളതാണ്. കൂടാതെ ഈ ഭൌമിക സഞ്ചാരലോകത്തിലൂടെ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചു ധ്യാനിച്ച്‌ ദൈവരാജ്യത്തിന്റെ താക്കോല്‍ സ്വയം കണ്ടെത്താമെന്നും സുവിശേഷം പറയുന്നു." (ജോസഫ് പടന്നമാക്കല്‍)

    ഇന്നത്തെ റീത്ത് അടിപിടികള്‍ക്ക് സമാനമായ വഴക്കുകള്‍, എന്നാല്‍ കൂടുതലും ആശയപരമായവ, ആദിമാസഭയിലും ഉണ്ടായിരുന്നു. ഓരോരോ സമയത്ത് ഓരോരോ വിഭാഗക്കാര്‍ പൌലോസിനെ അല്ലെങ്കില്‍ പത്രോസിനെ അല്ലെങ്കില്‍ യാക്കോബിനെ ഒന്നാം സ്ഥാനത്തു പ്രതിഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു എന്നും അതിനു ചേരുന്ന വികൃതികള്‍ മൂലകൃതികളില്‍ നടത്തിയിരുന്നു എന്നും ഇന്ന് വ്യക്തമാണ്. തോമസിന്റെ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം ദൈവരാജ്യം ആണ്. ദൈവപുത്രനെന്നോ രക്ഷകനെന്നോ ഉള്ള സംജ്ഞ ഒരിടത്തുമില്ല. ലാളിത്യം, എളിമ, മിതത്വം, സ്വരുമ, ക്ഷമ, സമ്പത്തിനോടുള്ള വിരക്തി എന്നിവയാണ് യേശുവിന്റെ വചനങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. അക്കാലത്തുണ്ടായിരുന്ന ഗൂഡജ്ഞാനക്കാരുടെയും (ജ്ഞാനവാദികള്‍) ബുദ്ധാനുയായികളുടെയും നസ്രീനുകളുടെയും ചിന്തയില്‍ ജീവിതത്തിന്റെ സ്രോതസ്സുകളിലെയ്ക്ക് തിരികെ പോകുക എന്ന ആശയമുണ്ടായിരുന്നു. തെന്റെ മുന്‍ഗാമി യോഹന്നാനെപ്പോലെ യേശുവും നസ്രീന്‍ വിഭാഗത്തില്‍ അംഗമായിരുന്നു എന്നാണു പണ്ഡിതര്‍ ഇന്ന് വിശ്വസിക്കുന്നത്. അതങ്ങനെ അല്ലെങ്കിലും, എസ്സനികള്‍ സിലോട്ടുകള്‍ ഇസ്ക്കരിയോട്ടുകള്‍ ബുദ്ധസന്യാസികളോട് സാമ്യമുള്ള അലെക്സാന്ദ്രിയായിലെ തെറാപുട്ടെകള്‍ ഇവയിലൊന്നിനോട് ആശയപരമായ യോജിപ്പ് യേശുവിന്റെ വചനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇവരാരും വീഞ്ഞും മാസവും ഉപയോഗിച്ചിരുന്നില്ല. വീഞ്ഞും മാംസവും കഴിക്കുന്ന യേശുവിനെ ഗ്രീക്ക് പുരാണത്തിലെ ദൈവങ്ങളുടെ രൂപം കൊടുത്തു പിന്നീട് എപ്പോഴോ ഉണ്ടാക്കിയതാണ്. കുരിശില്‍ എഴുതിയ തൂക്കിയ പലകയില്‍ നസ്രീനായ യേശു എന്നായിരുന്നു. Jesus Nazrenus Rex Judeorum എന്നതിലെ Nazrenus പദത്തിന് നസറെത്തുകാരന്‍ എന്നര്‍ത്ഥം സാദ്ധ്യമല്ല, കാരണം നസറെത് എന്ന സ്ഥലപ്പേരുണ്ടായത് മൂന്നാം ശതാബ്ദത്തിലാണ്.

    ReplyDelete
  4. കടുകുമണി
    ഓരോ കുരുവും ഒരാശ്ചര്യമാണ്. കുരുവിന്റെ മുഴുപ്പ് കുറയുന്തോറും ആശ്ചര്യത്തിന്റെ അളവ് കൂടുതലാണ്. അതായിരിക്കാം യേശു തന്റെ ഉപമയില്‍ വളരെ ചെറുതായ കടുകുമണിയെ തിരഞ്ഞെടുത്തത്. പക്ഷേ, നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍, ഓരോ ആശ്ചര്യചിഹ്നവും വളഞ്ഞുകുത്തി ഒരു ചോദ്യചിഹ്നമായി അവിടെ നില്‍ക്കും. അത് വീണ്ടും നിവരുക അത്ര നിഷ്പ്രയാസമല്ല. ഓരോ കുരുവും ഒരു ഗര്ഭപാത്രമാണ്. പൌലോസ് യേശുവിനെപ്പറ്റി പറയുന്നതുപോലെ, യുഗാരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ നിങ്ങള്ക്ക് വെളിപ്പെടുത്തിയിരിക്കുന്നു. . . . ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നുള്ളത് തന്നെ. (കൊളോ. 1, 26-27) കേളി എന്ന കൃതിയില്‍ ബോബിജോസ് കട്ടിക്കാട്ട് ചൂണ്ടിക്കാണിക്കുംപോലെ മതങ്ങളും പുരോഹിതരും ധ്യാനകേന്ദ്രങ്ങളും കൂദാശകളും എല്ലാം നമ്മോടു പറയുന്നത് പുറത്തു നാം കാണിക്കേണ്ട, ജപിക്കേണ്ട, ആര്‍ത്തുവിളിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. ഉള്ളിലൊരു ചക്രവാളമുഉണ്ടെന്ന് പഠിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
    ഓരോ കുരുവിലും പ്രകൃതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആകാശത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചക്രവാളത്തെയാണ്. അവിടെയത് സുഷുപ്തിയിലാണ്, നീരും വായുവും അതിനെ തട്ടിയുണര്‍ത്തുംവരെ. ബോബിജോസ് തന്നെ പറയുമ്പോലെ, അതിനെ കുണ്‍ഡലിനി (മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം) എന്നോ ഉറങ്ങുന്ന ബുദ്ധന്‍ എന്നോ വിളിക്കാം. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഒരു കടുകുമണിയെ കൈയിലെടുക്കുമ്പോള്‍ (ആരെങ്കിലും ഒരു കടുകുമണിയായി കൈയിലെടുക്കാന്‍ മെനക്കെടാറുണ്ടോ!) അതില്‍ അനന്തമായ ജീവന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിചാരിക്കാന്‍ നാം എന്നാണു പഠിക്കുക? അത് മുളപൊട്ടി വളര്ന്നാലോ? കൃസൃതിയും ആരവങ്ങളുമായി പക്ഷികള്‍ അതിന്റെ ശിഖരങ്ങളില്‍ ചാടിക്കളിക്കാന്‍ വരുന്നു.
    ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കാം എന്ന് പറയുന്നിടത്ത് യേശു എന്ന ഗുരുവിന്റെ കാവ്യഭാവന അതിന്റെ കൊടുമുടിയിലാണ്.

    ReplyDelete
  5. തോമസിന്റെ സുവിശേഷത്തെ അവലോകനം ചെയ്യുമ്പോള്‍ ക്രിസ്തു മതത്തിന്റെ സ്ഥാപകന്‍ യേശു ആയിരുന്നുവോയെന്നും സംശയം ജനിക്കുന്നു. യേശുവിന്റെ സന്ദേശം യഹൂദരുടെ ദൈവത്തെയോ? അഥവാ സന്ദേശം സ്വര്‍ഗസ്ഥനായ പിതാവിനെപ്പറ്റിയോ? വാസ്തവികങ്ങളായ ലോകത്തെ രണ്ടായ കാഴ്ച്ചപ്പാടിലോ യേശു ദര്‍ശിച്ചത്? വ്യക്തമായ ഉത്തരം ഒരു ദൈവശാസ്ത്രത്തിനും നല്‍കുവാന്‍ സാധിക്കുന്നില്ല.

    നാലു സുവിശേഷങ്ങള്‍ എഴുതിയവരും യഹൂദപരാമ്പര്യത്തിനും ഗ്രീക്ക് ഈജിപ്റ്റ് വിശ്വാസങ്ങള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചു. യേശു അദ്വൈതവാദിയോ, ദ്വൈതവാദിയോ ? യേശു ശിഷ്യന്മാരോടായി ഞാന്‍ ആരാകുന്നുവെന്നു ചോദിച്ചു. അങ്ങ് നീതിയുടെ മാലാഖായെന്നു യാഥാസ്ഥിതികനായ പീറ്റര്‍ പറഞ്ഞു. അങ്ങ് ബുദ്ധി ജീവിയായ ഒരു തത്വചിന്തകനെന്നു ഗ്രീക്കുകാരനും ചുങ്കക്കാരനുമായ മാത്യു പറഞ്ഞു. ഗുരോ അങ്ങ് ആരെന്നു പ്രവചിക്കുവാന്‍ എന്റെ അധരങ്ങള്‍ ചലിക്കുകയില്ലായെന്നു അവിശ്വാസിയും ദാര്‍ശനികനുമായ തോമസ്‌ പറഞ്ഞു.

    ഞാന്‍ നിന്റെ ഗുരുവല്ല, കാരണം അറിവിന്റെ പാനപാത്രത്തില്‍നിന്ന് നീ സ്വയം പാനീയം ചെയ്തു. നിന്നിലെ അറിവ് എഴുതപ്പെട്ട വചനങ്ങളില്‍ ഇല്ല. നീ പാനം ചെയ്തത് അറിവിന്റെ ഉറവയില്‍ നിന്നായിരുന്നു. യേശു അവനോടു മൂന്നു വാക്കുകള്‍ സംസാരിച്ചു. ഗ്രഹിക്കുവാന്‍ പാടില്ലാത്ത അര്‍ഥവ്യാപ്തിയുള്ള വാക്കുകള്‍ എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. തോമസിനോട് തന്റെകൂടെ യാത്ര ചെയ്യുന്ന തോഴര്‍ യേശു എന്തു പറഞ്ഞുവെന്നു ചോദിച്ചു. "അവന്‍ എന്നോടു പറഞ്ഞതു ഞാന്‍ നിങ്ങളോട് പറയുമെങ്കില്‍ നിങ്ങള്‍ കല്ലുകള്‍കൊണ്ട് എന്റെ നേരെ എറിയും."

    നിഗൂഢതയിലെ ഒളിഞ്ഞിരിക്കുന്ന മൂന്നു വാക്കുകള്‍ യേശുവിനെപ്പറ്റി ഇങ്ങനെ ആയിരിക്കാം. " ഞാന്‍ മനുഷ്യപുത്രനാകുന്നു. "മറ്റെല്ലാവരെയും പോലെ ഞാന്‍ സാധാരണക്കാരന്‍ മാത്രം. യേശു യഹൂദരുടെ മിശിഹായെന്നു ഒരു സുവിശേഷത്തിലും പറഞ്ഞിട്ടില്ല. യേശു ഞാന്‍ നിന്റെ ഗുരുവല്ലെന്നു പറഞ്ഞതിന് ശേഷം വേദാന്തത്തിലെ സുപ്രധാനമായ തത്- ത്വം- അസി എന്നീ മൂന്നു വാക്യങ്ങള്‍ തോമസിനോട് പറഞ്ഞിരിക്കാം. "ഞാന്‍ നീ ആകുന്നു, നീയും ഞാനും ഒന്നാകുന്നു, ഏകം സര്‍വതും സത്യം, നീ എനിക്കു തുല്യം, ഇങ്ങനെ വാക്കുകള്‍ ശിഷ്യന്മാര്‍ കേട്ടാല്‍ എതിര്‍ക്കുമായിരുന്നു.

    അറിവിന്റെ ജ്ഞാനം പില്‍ക്കാലത്തുള്ള സഭകള്‍ക്കും യദാര്‍ഥ യേശുവില്‍ക്കൂടി കണ്ടെത്താമായിരുന്നു. ഞാന്‍ എന്നുള്ള സത്യത്തെ കണ്ടെത്തുന്ന മനുഷ്യനെ ജനം കല്ലെറിയുമായിരുന്നില്ല. ജീവിക്കുന്ന യേശു മനുഷ്യഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു. ഇന്നു കാണുന്ന ദേവാലയങ്ങളും പരിസരങ്ങളും ശൂന്യമായ മേച്ചില്‍സ്ഥലങ്ങളോ കൃഷിഭൂമികളോ ആകുമായിരുന്നു. സഭയുടെ അടിസ്ഥാന തത്വങ്ങള്‍ മൊത്തം വ്യത്യസ്തങ്ങളായ ഒരു കാഴ്ചപ്പാടില്‍ മാനവ ലോകത്തിനു ലഭിക്കുമായിരുന്നു.

    സ്വര്‍ഗത്തിലെ ദൈവമല്ല ജീവിക്കുന്ന ദൈവം നമ്മോടൊപ്പം കാണുമായിരുന്നു. അത്ഭുതങ്ങളും രോഗം ഭേദംആക്കലും വഴി കപടഭക്തരെ സൃഷ്ടിക്കുകയില്ലായിരുന്നു. യേശുവിനെ കുരിശില്‍ തറക്കുകയില്ലായിരുന്നു. ശിഷ്യന്മാര്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ സ്വര്‍ഗരാജ്യം എപ്പോള്‍ വരും?' യേശു അരുളി ചെയ്തു, " പ്രതീക്ഷിക്കുന്നതുപോലെ സ്വര്‍ഗരാജ്യം വന്നെത്തുകയില്ല, നോക്കൂ, സ്വര്‍ഗരാജ്യം കണ്മുമ്പില്‍ തന്നെയുണ്ട്‌. സ്വര്‍ഗീയപിതാവ് തന്റെ രാജ്യം ലോകം മുഴുവന്‍ വിപുലീകരിച്ചിട്ടുണ്ട്. അകക്കണ്ണില്ലാത്ത മനുഷ്യന്‍ തൊട്ടടുത്തുള്ള സ്വര്‍ഗരാജ്യം കാണുകയില്ല.

    സുവിശേഷങ്ങളില്‍ കാണുന്ന ദൈവരാജ്യം തോമസ്‌ സുവിശേഷത്തില്‍ വെറും രാജ്യം മാത്രമാണ്. രാജ്യം നിനക്കുചുറ്റും നിന്നിലുള്ളിലും, മത്സ്യങ്ങള്‍ നിനക്ക് മുമ്പെയും. നീ ലോകം മുഴുവന്‍ കീഴടക്കിയാലും സ്വയം അറിയുവാന്‍ പരാജയപ്പെടുന്നുവെങ്കില്‍ നീ അപൂര്‍ണ്ണനാണ്. എന്നാല്‍ നിന്നെ നയിക്കുന്നവര്‍ പറയും നിന്റെ രാജ്യം സ്വര്‍ഗത്തില്‍.

    ഇന്നു പുരോഹിതര്‍ പഠിപ്പിക്കുന്നത്‌ ക്രൈസ്തവ തത്വങ്ങളോ മതനിന്ദയോ ഏതെന്നു വ്യക്തമല്ല. കിഴക്കും പടിഞ്ഞാറും വേര്‍തിരിച്ചുള്ള സ്വയം ദൈവത്തിന്റെയും, പിതാവായ ദൈവത്തിന്റെയും ദ്വൈതവാദികളുടെയും മദ്ധ്യേ നില നില്‍ക്കുന്ന വന്കൊട്ടകള്‍ തകര്‍ത്ത് ജീവിക്കുന്ന അറിവിന്റെ സത്യവും ശ്വാശ്വത സമാധാനവും ‍ ചലിക്കുന്ന ലോകത്തിലെ സമസ്ത ഹൃദയങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയേ തീരൂ!!!

    ReplyDelete