Translate

Thursday, August 9, 2012

ഇത്രയുംവേണോ?

അല്മായാ ശബ്ദത്തിലൂടെയും, ലോകത്തിലെ മറ്റു നിരവധി പ്രസിദ്ധികരണങ്ങളിലൂടെയും, സിറോ മലബാര്‍ സഭയെ ലക്ഷ്യമാക്കി, കൂരമ്പുകള്‍ തന്നെ തലങ്ങും വിലങ്ങും പായുന്നുണ്ട്‌.. എന്നത് സത്യം. പണ്ടെന്നത്തെതിനെക്കാള്‍ എന്ന് പറയുന്നതിലും ശരി ഈ സ്ഥിതി വിശേഷം അത്യപൂര്‍വ്വം എന്ന് വ്യാഖ്യാനിക്കുന്നതാണ്. ഇത് സ്വന്തം സമുദായത്തെ അപകിര്‍ത്തിപ്പെടുത്താനുള്ള തിവ്രശ്രമം എന്ന് കാണുന്നവരുടെ സംഖ്യ ഒട്ടും കുറവല്ല. നിരവധി വൈദികരാണ്‌ സിറോ മലബാറിന്റെ ഈ ദുഷിച്ച പോക്കിനെ അപലപിക്കുന്നത്‌.. എന്ന് കാണാന്‍ കഴിയും. എന്റെ അഭിപ്രായത്തില്‍, പിതാക്കന്മാര്‍ക്കു പുറത്തിറങ്ങാന്‍ വയ്യാത്ത ഒരവസ്ഥ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഒരു മെത്രാന്റെ കുടുംബത്തില്‍പ്പെട്ടു പോയതുകൊണ്ട് സ്വന്തം വിട്ടു പേര് മറച്ചു വെച്ച് ജോലി ചെയ്യുന്ന ഒരാളുടെ കഥ ഈ അടുത്ത ദിവസം കേള്‍ക്കാനിടയായി. കേരളത്തിനു പുറത്തു പലരും തികഞ്ഞ അവജ്ഞയോടെയാണ് സിറോ മലബാര്‍ മെത്രാന്മാരെയും പുരോഹിതരെയും കാണുന്നത്.അല്മായന്റെ പുറത്തു കുതിര കേറുക,  കാശുണ്ടാക്കുക, നാടാകെ കെട്ടിടങ്ങള്‍ തിര്‍ക്കുക ഇവയൊക്കെയാണ് ഇവരുടെ മുഖ്യ വിനോദം. പാലായില്‍ രണ്ടാമതും അരമന പണിയുന്നു. നല്ല മാതൃക നല്‍കി ദൈവജനത്തെ നയിക്കുക എന്ന പണി ചെയ്യുന്ന എത്ര പേരുണ്ട്? ധ്യാന ഗുരുക്കന്മാര്‍ എങ്കിലും നന്നായി ജിവിച്ചിരുന്നെങ്കില്‍!!! എന്നു ആശിച്ചു  പോവുന്നു. ഭക്ഷണം മോശമെന്ന്പറഞ്ഞു ധ്യാനിപ്പിര് നിര്‍ത്തി പോകാന്‍ അടുക്കി പെറുക്കിയ സംഘം കാഞ്ഞിരപ്പള്ളിയിലെ ഒരിടവകയിലാണ് മേയാന്‍ വന്നത്. കൃത്യമായ വരുമാനം കിട്ടിയില്ലെങ്കില്‍ ഈ വമ്പന്മാരുടെ പ്രഘോഷണവും നില്‍ക്കും.  ഫലം മോശമായാല്‍ അതിന്റെ അര്‍ത്ഥം വൃക്ഷം മോശമെന്ന് തന്നെയാണ്.  

ഏതാനും ദശാബ്ദങ്ങള്‍ മുമ്പ് വരെ അല്മായര്‍ ആയിരുന്നു പള്ളിയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചിരുന്നത്. പള്ളി വളരുകയായിരുന്നു. ഇന്നോ? ഒരു പരാതി കിട്ടിയാല്‍ അത് കിട്ടിയെന്നു പോലും പറയാന്‍ കൂട്ടാക്കാത്ത മെത്രാന്മാര്‍ ആണ് നമുക്കുള്ളത്. അല്‍മായ ഗര്‍ഭിണികളുടെ  സംഘടന ഉണ്ടായാല്‍ അതിന്റെയും തലപ്പത്ത് ഒരു മെത്രാന്‍ കാണും. ഈ അധികാര ഭ്രാന്തന്മാര്‍ക്കെതിരെയാണ് ലോകം തിരിഞ്ഞിരിക്കുന്നത്. അല്ലാതെ യേശുവിന്റെ നേര്‍ക്കല്ലായെന്നു പ്രത്യേകം ശ്രദ്ധിക്കുക. ഈ മുന്നേറ്റം സമൂല പരിവര്‍ത്തനത്തോടെയല്ലാതെ അവസാനിക്കുകയുമില്ല. അതിലാരും പരിഭവിച്ചിട്ട്‌ കാര്യമില്ല; ഈ യുദ്ധത്തില്‍ ധിരതയോടെ അണി ചേരുന്നവര്‍ ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. ഞാന്‍ ക്രിസ്ത്യാനിയാണെന്നു നാലുപേരുടെ മുമ്പില്‍ നെഞ്ചു വിരിച്ചു നിന്ന് പറയാന്‍ എത്ര അല്മായര്‍ ഇന്ന് തയ്യാറാവും? ഒരു കാലത്ത് ഏതൊരു ഹിന്ദുവും ക്രിസ്ത്യാനികളെ ബഹുമാനിച്ചിരുന്നു. അത്ര മാതൃകാപരമായിരുന്നു അവരുടെ ജീവിതവും. മാപ്പിള (മഹാ  + പിള്ള) ആ വഴിയില്‍ കിട്ടിയ ബഹുമതിയുമാണ്. ഹിന്ദുക്കളും അന്യ മതസ്തരുമാണ്,  ആദ്യകാല പള്ളികള്‍ പണിയാന്‍ നമ്മെ സഹായിച്ചതും. ഓര്‍ക്കാന്‍ നമുക്ക് ഒരുപാട് നല്ല ഗതകാല കാര്യങ്ങളുണ്ട്.... പക്ഷെ ഇന്ന് നമുക്ക് ഉള്ളത് മുഴുവന്‍ മറക്കാനുള്ളവ മാത്രം...

1 comment: