സാമുവല്‍ കൂടല്‍
എഴുതാന്‍ വേണ്ടി എഴുതുന്നതല്ല ഈ കുറിമാനം. എഴുതാതിരിക്കാന്‍ വയ്യ എന്ന മനസ്സിന്റെ വിങ്ങലുകാരണം ഞാന്‍ പേന എടുത്തുപോയി ! ദൈവത്തെ ഭയക്കുന്ന മനുഷ്യരും ദൈവം ഭയപ്പെടുന്ന മനുഷ്യരും ഭൂമിയിലുണ്ട്. ദൈവത്തെ ഉണ്ടാക്കുകയും ദൈവത്തെ പ്രചരിപ്പിക്കുകയും അതു വഴി ഭൗതികസുഖങ്ങളുടെ കുത്തകക്കാരാകുകയും ഒടുവില്‍ ദൈവത്തെ നിന്ദിച്ച് അപമാനിച്ച് ഇല്ലാതാക്കുകയും ചെയ്യുന്ന പുരോഹിതവര്‍ഗ്ഗത്തെ ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ പോലെ കാലം ഭയപ്പെടേണ്ടിയിരിക്കുന്നു. അല്‍മായ ശബ്ദം ബ്ലോഗ്ഗിലൂടെ മരിയാ തോമസ്സിന്റെ വിലാപകാവ്യം വായിച്ചപ്പോള്‍, വീണ്ടും വായിച്ചപ്പോള്‍ എന്റെ മനസ്സിലൊരു വിലാപപര്‍വ്വം താനേ ഉയര്‍ന്നു! കൊലയാളിരാഷ്ട്രീയക്കാര്‍പോലും നികൃഷ്ടജീവികള്‍ എന്ന് തികച്ചും വെറുപ്പോടെ അറപ്പോടെ വിളിക്കുന്ന ഇക്കൂട്ടരെ മശിഹ എന്നും മനസ്സാ വെറുത്തിരുന്നു. വി.മത്തായി 23 ല്‍ 'നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുത്, സ്വര്‍ഗ്ഗസ്ഥനത്രെ നിങ്ങളുടെ പിതാവ'് എന്ന ക്രിസ്തുവിന്റെ വാക്ക് പാടേ മറന്ന് ഇവറ്റകളെ ഫാദര്‍ അച്ചാ പിതാവേ എന്നൊക്കെ വിളിച്ച് മാനത്തിന്റെ ഉന്നതികളില്‍ ഏറ്റി ദൈവത്തിന്റെ പ്രതിപുരുഷനായി വാഴ്ത്തിയ ജനം തന്നെ ഇതിനു കുറ്റക്കാര്‍. 'ഈശാവസമിദം സര്‍വ്വം' എന്ന ഉപനിഷത് വചനപ്രകാരം 'ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളുമാകുന്നു' എന്ന ക്രസ്തുവിന്റെ വചനവും വിചിന്തനം ചെയ്താല്‍ എന്തിനൊരു പുരോഹിതന്‍ എന്ന ചോദ്യം ഓരോ മനസിലും ഉയരും. ദൈവത്തിനും മനുഷ്യനും ഇടയില്‍ കാലാകാലങ്ങളായി കടന്നു കൂടിയ ദുഷ്പ്രവണതയാണ് പുരോഹിതന്‍. മനുഷ്യനും ദൈവത്തിനും ഇടയിലെ മറയാണ് പുരോഹിതന്‍. പുരോഹിതനെന്ന മറ നീക്കാതെ ഒരു മനസ്സിനും ദൈവത്തെ ദര്‍ശിക്കാനാവുകയില്ല. ദര്‍ശനമോ! ഒരുവന്റെ ഉള്ളിന്റെയുള്ളിലായിരിക്കണമെന്നും പ്രര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം, തന്റെ മനുഷ്യാവതാര കാലത്ത്(വിശുദ്ധ മത്തായി 6 ന്റെ 5 മുതല്‍).
പുരോഹിതനെന്ന ക്ഷുദ്രജീവി മനുഷ്യമനസ്സുകളെ എല്ലാക്കാലത്തും അടിമപ്പെടുത്തിയിരുന്നു. അവന്റെ കല്‍പ്പനപ്രകാരം ദേവീദേവന്മാര്‍ക്ക് പ്രസാദമായി സ്വന്തം സന്താനങ്ങളെ കുരുതികൊടുക്കുന്ന പ്രാകൃത മനസ്സുകള്‍ ഇന്നും നമ്മുടെ ഇടിയിലുണ്ട് .ഇവിടെ ബലിയര്‍പ്പിക്കപ്പെടുന്ന മനുഷ്യന്‍ പുരോഹിതന്റെ വെറും പൂജാദ്രവ്യമായി മാറുന്നു. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യനും അവന്റെ വിശ്വാസത്തിനുമിടയില്‍ കടന്നു കയറി രണ്ടിനെയും ഇല്ലാതെയാക്കുന്ന ക്ഷുദ്രജീവിയാണ് പുരോഹിതന്‍. എങ്കിലും തലമുറകള്‍ തീകണ്ട ഈയാംപാറ്റകള്‍പോലെ ഇവന്റെ വലയില്‍പ്പെട്ട് വെന്തെരിയുന്നു! ദൈവത്തിന്റെ മണവാട്ടി എന്ന കപടനാമത്തില്‍ എത്രയെത്ര കന്യാജീവതങ്ങള്‍ എരിഞ്ഞില്ലാതെയായി ? അതില്‍ ഒരു മനസ്സിന്റെ വിലാപകാവ്യമാണ് നാമിന്ന് അല്‍മായശബ്ദത്തിലൂടെ വായിച്ചത്. ഇതിനു സമാനമായി ഒട്ടേറെ ധൈര്യമുള്ള മണവാട്ടിമാര്‍ പുരോഹിതന്‍ നിഷ്‌കര്‍ഷിച്ച ജയിലില്‍ നിന്ന് പുറത്തുചാടി അവരുടെ കണ്ണുനീരില്‍ ചാലിച്ച എത്രയെത്ര ലേഖനങ്ങള്‍ പുസ്തകങ്ങള്‍ ഇതിനോടകം കലികാലമേ നീ കണ്ടു കഴിഞ്ഞു ?
ഈ അറുകൊലയക്ക് ഒരു പരിഹാരം എന്താണ് എന്ന് ഓരോ മനുഷ്യനും അനിവാര്യമായി ചിന്തിച്ചേ മതിയാവു. ഒന്നാമതായി ഇവറ്റകളെ ഫാദര്‍ അച്ചാ പിതാവേ തിരുമേനി തിരുമനസ്സേ എന്ന് വിളിച്ച് ക്രിസ്തുവിനെ അപമാനിക്കാതിരുക്കുക. പകരം കത്തനാരേ മെത്രാനേ,കര്‍ദ്ദിനാളേ, പോപ്പേ, ബാവായേ എന്നൊക്കെ വിളിക്കാന്‍ നാവിനെ ശീലിപ്പിക്കണം. ഇല്ലാത്ത ദിവ്യത്വം ഇവരില്‍ ആക്ഷേപിക്കാതിരിക്കുക. പകരം സാമാന്യ മനുഷ്യരിലും തരം താണവരാണ് ഈ ചൂഷകര്‍ എന്ന് മനസ്സിലാക്കുക. മശിഹാ അരുളിയതുപോലെ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകാതിരുക്കുക. സ്വന്തം മനസ്സുകളില്‍ ആ കര്‍മ്മം, ധ്യാനം എവിടെയും എപ്പോഴും നമുക്കാകാമല്ലോ! 'കുമ്പസാരിച്ചൊരെന്‍ പാപങ്ങള്‍ വീണ്ടും ഞാന്‍ കുമ്പസാരിക്കുവാന്‍ ചെയ്തിടുന്നു; യാചിച്ചും പ്രാര്‍ത്ഥിച്ചും യാമം കൊഴിച്ചു ഞാന്‍, നിന്‍ ഹിതം ചെയ്യാന്‍ കഴിഞ്ഞുമില്ല.' എന്ന് കുറ്റബോധത്തോടെ ഞാന്‍ പണ്ടു പാടിയത് ഇവിടെ ഓര്‍ത്തുപോകുന്നു.
കത്തനാര്‍ ചൊല്ലുന്ന കര്‍ബ്ബാന കാണാന്‍ പോകാതെ നാം ഓരോരുത്തരും നല്ല ശമരായനെപ്പോലെ സ്വയം കുര്‍ബ്ബാന ചെയ്യുന്നവരാകണം. യാഗത്തിലല്ല കരുണയിലത്രേ ദൈവം പ്രസാദിക്കുന്നത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും നാം ന്യൂനപക്ഷമാണെങ്കില്‍പ്പോലും ഹിന്ദുക്ഷേത്രങ്ങളുടെ എത്രഇരട്ടി തമ്മിലടിക്കുന്നപള്ളികള്‍ ഇതിനോടകം പണിതുകഴിഞ്ഞു ? പുതിയ പള്ളികള്‍ പുതിയകത്തനാര്‍ക്ക് തൊഴില്‍ നല്‍കാനായി പണിയാതിരിക്കുക. പകരം മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ ഓരോ ഗ്രാമത്തിലും മാതൃകാപരമായി ക്രസ്ത്യാനി നിര്‍മ്മിക്കട്ടെ.
ചിലപ്പോള്‍ ഞാന്‍ ഓര്‍ത്തുപോകും, തോട്ടി വിരുന്നു വിളമ്പിയാല്‍ എന്നതുപോലെ ഈ നികൃഷ്ട ജീവികള്‍ ഒരുക്കുന്ന ബലി ദിവ്യബലിയാകുന്നതെങ്ങിനെ? പരിശുദ്ധ പോപ്പിന്റെ പരിശുദ്ധ വത്തിക്കാന്‍ ഒരു നോക്കു കാണാന്‍ ഞാനും റോമില്‍ പോയി. സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കായുടെ മുന്നില്‍ വെയിലാറിയാല്‍ സ്ലീഹന്മാര്‍ 12 ഉം കാണാനായി കൗമാരകമിതാക്കള്‍ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രയം കണ്ടിട്ട് കോരിത്തരിച്ചുപോയി ഞാന്‍. ഇവിടെ അതൊക്കെ വിവരിക്കാനാവില്ല. യൂറേപ്പിന്റെ സംസ്‌കാരം, കിടപ്പറ സീനുകള്‍ പാര്‍ക്കിലും ട്രെയിനിലും പൊതുനിരത്തിലും ബീച്ചിലും തോന്നുന്നിടത്തൊക്കെ തോന്നിയതുപോലെ തോന്നിവാസം ചെയ്യുന്നതാണ്. പോപ്പിന്റെ സ്വിസ് ഗാര്‍ഡിനോ വൈദീകര്‍ക്കോ ഇവറ്റകളുടെ നിന്ദ്യമായ കൗമാരകാമകേളികള്‍ പരിശുദ്ധം എന്ന് നാം കരുതുന്ന ആ ദേവാലയാങ്കണത്തിലെങ്കിലും വിലക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയി. നടപ്പില്ല. നടപ്പുശീലം തെറ്റിപ്പോയി ! എങ്കിലും ഈ ശീലക്കാര്‍ ഭാരതത്തില്‍ വന്ന് സനാതന മതവിശ്വാസികളായിരുന്ന എന്റെ പൂര്‍വ്വികരെ വശീകരിച്ച് അവരുടെ കൂട്ടത്തിലാക്കിയതുകാരണം നാണംകെട്ട് ഞാനിതു കുറിക്കേണ്ടിവന്നതോര്‍ത്ത് ദു:ഖിക്കുന്നു. പുരോഹിതാ, വിളിക്കപ്പെട്ട വിളിക്ക് യോഗ്യനായി ജീവിക്കാന്‍ മേലായെങ്കില്‍ മേലങ്കി ഊരൂ... കാലത്തിന്റെ ശാപമേല്‍ക്കാതെ ! കര്‍ത്താവിനെ അപമാനിക്കാന്‍ അവന്റെ പേരില്‍ മണവാട്ടിമാരെ കൂട്ടാതിരുക്കൂ. കൂട്ടിക്കുരുതി കൊടുക്കാതിരിക്കു. അവരും അബ്രഹാമിന്റെ സന്തതികളല്ലേ? കരയാനറിയാതെ പോയ ചിരിക്കാന്‍ മറന്നു പോയ മതത്തിന്റെ അടിമകളാകാന്‍ വിധിക്കപ്പെട്ട അവരുടെ മൗനനൊമ്പരം തലമുറ ഏറ്റുവാങ്ങാറായി. വേശ്യാസ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാന്‍ കൊണ്ടുവന്ന യഹൂദരോട് മശിഹാ പറഞ്ഞതുപോലെ 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ'
എന്നു വീണ്ടും പറയാന്‍ അവന്‍ വീണ്ടും വരുമോ ? വന്നെങ്കിലെത്ര നന്നായിരുന്നു. പക്ഷേ വരില്ല. അവന്‍ നിങ്ങളെ ഭയപ്പെടുന്നു. വരില്ല തീര്‍ച്ച.
കലഞ്ഞൂര്‍, 06-08-2012
കവി സാമുവല്‍ കൂടല്‍ ഇത്തവണ കവിത മാറ്റി വച്ച് കാര്യം തെളിച്ചു പറഞ്ഞതില്‍ വളരെ സന്തോഷം. പറഞ്ഞതൊക്കെ വ്യക്തമായി എന്ന് നന്ദിയോടെ പറയുകയാണ്. ഇവിടെ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ എല്ലാംതന്നെ നമ്മള്‍ ഇതിനോടകം അല്മായശബ്ദത്തില്‍ ചര്‍ച്ച ചെയ്തവയാണ്. ഉദാ: പിതാവേ എന്ന വിശുദ്ധമായ പദം മെത്രാന്‍തൊപ്പിക്കാര്‍ക്കായി ദുരുപയോഗിക്കുന്നതിനെപ്പറ്റി. "നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുത്, ദൈവം മാത്രമത്രേ നിങ്ങളുടെ പിതാവ്" എന്ന് ഒരു സംശയത്തിനും ഇടയില്ലാതെ പറഞ്ഞുകൊടുത്ത യേശുവിനെ പോലും നാഥാ, ഗുരോ എന്നൊക്കെയാണ് തന്റെ ശിഷ്യന്മാര്‍ വിളിച്ചിരുന്നത്. . എന്നിട്ടും, ശീലം കൊണ്ടാണെന്നറിയാം, അല്മായശബ്ദത്തിലെ ചര്‍ച്ചകളില്‍ വീറോടെ പങ്കെടുത്തവര്‍ തന്നെ വീണ്ടും മെത്രാന്മാരെക്കുറിച്ച് പറയുമ്പോള്‍ ആ പിതാവ്, മറ്റേ പിതാവ് എന്നുപയോഗിക്കുന്നതു കണ്ടു ഞാന്‍ അന്തം വിട്ടുപോയിട്ടുണ്ട്.
ReplyDeleteമോശവഴി ദൈവം മനുഷ്യന് കൊടുത്ത പത്തു കല്‍പ്പനകളില്‍ രണ്ടാമത്തേത് "ദൈവത്തിന്റെ പരിശുദ്ധ നാമം വൃഥാ പ്രയോഗിക്കരുത് എന്നാണ്. ദൈവത്തിന്റെ മാത്രം നാമമാണ് പിതാവ് എന്നത് എന്നാണ് യേശു പഠിപ്പിച്ചത്. ആ നാമം തങ്ങളുടെതായി കട്ടെടുക്കാന്‍ മെത്രാന്മാരെയും പോപ്പിനെയും പ്രേരിപ്പിച്ച അഹന്ത എത്ര വലുതായിരിക്കണം. ബൈബിള്‍ ദിവസവും വായിച്ചിട്ടും, ആ നാമംകൊണ്ട് ഇത്തരക്കാരെ സംബോധന ചെയ്യാന്‍ തയ്യാറാകുന്ന മനുഷ്യര്‍ എത്ര വിവരദോഷികളാണ്!
അതുപോലെതന്നെ, ദൈവത്തിനു മാത്രം സാദ്ധ്യമായ കാര്യങ്ങള്‍ കുറുക്കുവഴികളിലൂടെ (സ്വര്‍ഗീയമദ്ധ്യസ്ഥര്‍ വഴി) നേടിയെടുക്കാം എന്ന അബദ്ധധാരണ വളര്‍ത്തിയെടുക്കുന്ന (സെഹിയോന്‍ കിഴതടിയൂര്‍ ഭരണങ്ങാനം വെള്ളാങ്കണ്ണി തുടങ്ങിയ) തീര്‍ഥാടന- അത്ഭുതകേന്ദ്രങ്ങളിലും നടക്കുന്നതും ദൈവനിന്ദയല്ലാതെ മറ്റെന്താണ്? കൂടല്‍ പറയുന്നതുപോലെ, യേശു പഠിപ്പിച്ചതില്‍ ചിലത് മാത്രം സ്വീകരിക്കുകയും, ബാക്കി തള്ളിക്കളഞ്ഞ് ദൈവനിന്ദ നടത്തുകയും ചെയ്യുന്നതിന് ഉദാഹരങ്ങളാണ് ഇതൊക്കെ. സ്വന്തം ഹൃദയത്തില്‍ പ്രര്‍ത്ഥിക്കാന്‍ പടിപ്പിക്കാത്തതുകൊണ്ടാണ് വലിയ തുക കൊടുത്തുള്ള പരസ്യങ്ങള്‍ വഴി വൈദികര്‍ കൊട്ടിഘോഷിക്കുന്ന ഈ സ്ഥലങ്ങളിലേയ്ക്ക് ജനം ഓടുന്നത്. മശിഹാ അരുളിയതുപോലെ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകാതിരുക്കുക എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. Praise the Lord ഉം അല്ലെലൂയായും വിളിച്ചു കൂവാതെ, സ്വന്തം ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിക്കുന്നത് എങ്ങനെയെന്നു വിശ്വാസികളെ ശീലിപ്പിക്കണം. സുവിശേഷത്തില്‍ "നിന്റെ കണ്ണാണ് നിന്റെ ശരീരത്തിന്റെ വിളക്ക്" എന്നൊരു യേശു വചനം എഴുതിയിട്ടുണ്ട്. അത് ശരിക്കും തര്‍ജ്ജമ ചെയയ്തിരുന്നെങ്കില്‍, "നിന്റെ ഉള്ക്കാഴ്ചയാണ്,നിന്റെ ഉള്ളിന്റെ ഉള്ളാണ് നിന്റെ ശരീരത്തിന്റെ (ആത്മാവിന്റെ) കണ്ണ്" എന്നാണ് വേണ്ടിയിരുന്നത്. ബൈബിളിന്റെ പാരമ്പര്യത്തില്‍ ശരീരവും ആത്മാവും തമ്മില്‍ വ്യത്യസ്തത ഇല്ല. അതുകൊണ്ട് ഇവിടെ നിന്റെ ആത്മാവിന്റെ കണ്ണ് എന്നാണ് കൂടുതല്‍ ശരി. അതുപോലെ ഒരു മണ്ടത്തരമാണ്, യേശു അപ്പവും വീഞ്ഞും എടുത്ത് ഇതെന്റെ ശരീരമാണ്, ഇതെന്റെ രക്തമാണ് എന്ന് പറയുന്നത് വാച്യാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതും അതിനനുസരിച്ച് പള്ളിയിലെ ഓര്‍മ്മപുതുക്കല്‍ കൊണ്ടാടുന്നതും മറ്റും. മനുഷ്യരെക്കൊണ്ട് തങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത service ഉപയോഗിപ്പിക്കാനായി എന്തെല്ലാം വ്യാജ നിര്‍വച്ചനങ്ങളാണ് പാതിരിമാര്‍ കണ്ടുപിടിച്ചിരിക്കുന്നത്! അതുകൊണ്ട്, "പുതിയ കത്തനാര്‍ക്ക് തൊഴില്‍ നല്‍കാനായി പുതിയ പള്ളികള്‍ പണിയാതിരിക്കുക. പകരം മാതൃകാപരമായി മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ ഓരോ ഗ്രാമത്തിലും ക്രസ്ത്യാനികള്‍ നിര്‍മ്മിക്കട്ടെ." ഒന്നാതരം ആശയം, പ്രിയ സാമുവല്‍ . അക്കൂടെ, കുരിശുപള്ളികള്‍ മൊത്തം ഇടിച്ചുകളഞ്ഞിട്ട്, അവയെല്ലാം പൊതു വായനാമുറികള്‍ ആക്കണം. ഇതൊന്നും യേശു തന്റെ രണ്ടാം വരവില്‍ ചെയ്യാനായി കാത്തിരുന്നിട്ടു കാര്യമില്ല. നമ്മള്‍ തന്നെ അതിനുള്ള വഴി യൊരുക്കണം.
Very Well said
ReplyDelete