Translate

Wednesday, August 15, 2012

സഭയിലൊരു മാറ്റത്തിന്റെ മന്ദമാരുതന്‍ (സഭാനവീകരണ സംവാദം)


                                                      ഫാ. ഡേവീസ് കാച്ചപ്പിള്ളി 
പ്രൊഫസര്‍ പി.ടി. ചാക്കോ 2012 ജൂലൈ 25 ലെ സത്യദീപത്തില്‍ എഴുതിയ 'അല്‍മായചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍' എന്ന ലേഖനം സീറോ മലബാര്‍ സഭയുടെ നവീകരണത്തിനായുള്ള പരിശുദ്ധാത്മാവിന്റെ തീനാളമോ മന്ദമാരുതനോ ആണെന്ന് വിശേഷിപ്പിക്കട്ടെ. ഈ ലേഖനം സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചു എന്നതു തന്നെ സഭയുടെ നവീകരമത്തിനു വേണ്ടിയുള്ള പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഇടപെടലാണെന്നാണ് എന്റെ വിശ്വാസം. ലേഖകന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ സഭാനവീകരണത്തിനായുള്ള ഏതാനും ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. 
1. 'സഭയുടെ പ്രസിദ്ധീകരണങ്ങള്‍ മുഴുവനും സഭാനേതൃത്വത്തിന്റെ കൈവശത്തിലാണ്. അതില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍
പറയാന്‍ പലപ്പോഴും അവസരങ്ങള്‍ ഇല്ല. നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരുന്ന പലതും പലര്‍ക്കും ഉപകാരപ്രദമല്ല.'
പ്രതികരണം : എന്റെ ഇന്നോളമുള്ള അനുഭവങ്ങള്‍ ഇപ്പറഞ്ഞതിന് തെളിവാണ്. സഭാധികാരികളുടേയോ സഭാപ്രവര്‍ത്തനങ്ങളുടേയോ അപാകതകള്‍ സഭയുടെ നന്മയ്ക്കുവേണ്ടി ക്രിയാത്മകവും വിമര്‍ശനാത്മവുമാക്കിക്കൊണ്ട് എഴുതി അയച്ച ലേഖനങ്ങള്‍ വളരെ ചുരുക്കമായി മാത്രമെ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. എന്നാല്‍ അവയെല്ലാം വൈദികരും അല്‍മായരും സ്വതന്ത്രമായി നടത്തുന്ന നസ്രാണിദീപം, അല്‍മായ ശബ്ദം, സത്യജ്വാല, സോള്‍ ആന്റ് വിഷന്‍, ഓശാന, കാത്തലിക് യൂണിയന്‍ വാര്‍ത്തകള്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിക്കാറുണ്ട്. സത്യദീപത്തില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ എഡിറ്ററുടെ മറുപടി ഇപ്രകാരം : 'അച്ചന്‍ പറയുന്നതൊക്കെ ശരിയാണ്; പക്ഷെ, ഞങ്ങളുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കയാണെന്ന് അച്ചനറിയാമല്ലോ.' പി.ടി. ചാക്കോയുടെ പ്രസ്താവന എത്രയോ സത്യം. 'സഭാപ്രസിദ്ധീകരണങ്ങള്‍ മുഴുവനും സഭാനേതൃത്വത്തിന്റെ കൈകളിലാണ്.' എനിക്കു പറയാനുള്ളത് എന്താണെന്നോ ? സഭ മുഴുവനും മേലധ്യക്ഷന്മാരുടെ ബന്ധനത്തിലാണ്. തലോരിലെ ഇടവകപ്രശ്‌നം ലോകം മുഴുവന്‍ വാര്‍ത്തയായപ്പോള്‍ ദീപിക ദിനപത്രം അവ മൂടിവച്ചു. കാരണം, പ്രശ്‌നത്തിന്റെ ഉത്തരവാദി തൃശൂര്‍ രൂപാതാധ്യക്ഷനായിരുന്നു. അതേസമയം 'ദീപിക സത്യത്തിന്റെ നാക്ക്' എന്നാണ് രൂപതാധ്യക്ഷന്റെ പ്രസ്താവന. ഈ ശൈലി സഭയ്ക്ക് നന്മയല്ല, തിന്മയാണ് എന്ന തിരിച്ചറിവാണ് ഇപ്പോഴെങ്കിലും സഭയ്ക്കുണ്ടാകേണ്ടത്.
ഇത്തരം അനുഭവങ്ങള്‍ കേരളത്തിലെ മറ്റനവധി കത്തോലിക്ക എഴുത്തുകാര്‍ക്കും ഉണ്ടാകും എന്നുറപ്പാണ്. പലരും എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനം എന്താണ് ? സഭാനേതൃത്വം തെറ്റ് തിരുത്താന്‍ തയ്യാറല്ല. ഫലമോ ? കത്തോലിക്കാ എഴുത്തുകാരുടെ ക്രിയാത്മക ചിന്തകള്‍ സഭയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിപ്പിക്കാനായിട്ടില്ല. അവരുടെ ക്രിയ്ത്മകവും വിമര്‍ശനാത്മകവുമായ ചിന്തകളും നിരൂപണങ്ങളും യഥാസമയം കത്തോലിക്കാ മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇന്ന് സഭയ്ക്കാകമാനം അവഹേളനമായിരിക്കുന്ന അധികാര ദുര്‍വിനിയോഗങ്ങളും നിയമലംഘനങ്ങളും അഴിമതികളും, ഏകാധിപത്യ നടപടികളും, തന്മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സഭാനേതൃത്വം ക്രിയാത്മകമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, വിമര്‍ശിക്കുന്നവരെ അടച്ചാക്ഷേപിച്ച് നിശ്ശബ്ദരാക്കാനും സമൂഹത്തില്‍ അവഹേളിക്കാനുമുള്ള ശൈലികളാണ് ഇന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. രണ്ടായിരം ആണ്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സഭയുടെ മുന്‍കാല തെറ്റുകള്‍ക്ക് പരസ്യമായി മാപ്പ് പറഞ്ഞതുപോലെ അടുത്ത നൂറ്റാണ്ടിലെ മാര്‍പ്പാപ്പയുടെ കാലം വരെ കാത്തിരിക്കേണ്ടിവരും ഇത്തരം തെറ്റുകള്‍ മനസ്സിലാക്കാനും മാപ്പ് പറയാനും. അപ്പോഴേക്കും സഭയുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനത്തില്‍ സഭയുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന സ്വതന്ത്രസംഘടനയായ കാത്തലിക് ഫെഡറേഷനെ തൃശൂര്‍ രൂപതാകേന്ദ്രം 'വ്യാജസംഘടന' എന്ന് പരസ്യമായ പത്രപ്രസ്താവനയിലൂടെ അവഹേളിച്ചത് എത്രയോ നിന്ദ്യമായ പ്രവര്‍ത്തിയാണ്. സ്വതന്ത്രസംഘനകള്‍ ഉണ്ടാകേണ്ടത് സഭയുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും വളരെ ആവശ്യവും ഉപകാരപ്രദവുമാണ് എന്ന കൗണ്‍സിലിന്റെ പ്രബോധനം തൃശൂര്‍ രൂപതാധ്യക്ഷന്‍ വായിച്ചിട്ടില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്. 'വിശുദ്ധ ലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്ക് തെറ്റ് പറ്റുന്നത്' (മാര്‍ക്ക് 12:24) എന്ന തിരുവചനം ഇവിടെ പ്രസക്തമാണ്. സഭയുടെ കാനോന്‍ നിയമങ്ങളും രൂപതാനിയമങ്ങളും സഭയുടെ പാരമ്പര്യങ്ങളും അവയുടെ ചൈതന്യവും രൂപതാധ്യക്ഷന്‍ ശരിയായി ഗ്രഹിച്ചിരുന്നെങ്കില്‍ സഭയുടെ നിയമങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള ഇടവക പുനഃക്രമീകരണ നടപടിയിലൂടെ തലോര്‍ ഇടവകയെ ഭിന്നിപ്പിച്ച് നശിപ്പിക്കുമായിരുന്നോ ? 'വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്നത് യാതൊന്നുമില്ല” എന്ന തിരുവചനം ശ്രദ്ധിക്കാത്തതു കൊണ്ടല്ലെ, ഒട്ടനവധി കൃത്രിമങ്ങളുപയോഗിച്ച് ഇടവക പുനഃക്രമീകരണത്തിന് തലോരില്‍ വഴിയൊരുക്കിയത്. ? വിശ്വാസികളുടെ ആത്മീയ സുസ്ഥിതിയെപ്പറ്റി മുന്‍നോട്ടമുണ്ടായിരുന്നെങ്കില്‍, തലോര്‍ ഇടവകയുടെ ആത്മീയ അധഃപതനത്തിന് ഇടയാക്കിയ ഇടവക പുനഃക്രമീകരണം രൂപതാധ്യക്ഷന്‍ നടത്തുമായിരുന്നോ ? (vat. Bishop. No.32). മാര്‍ വര്‍ക്കി പിതാവിന്റെ കമ്മീഷനായ മെത്രാന്‍ സമിതിയെക്കൊണ്ട് സത്യസന്ധമല്ലാത്ത പ്രസ്താവന പറയിപ്പിച്ച് തന്റെ നടപടി അംഗീകരിപ്പിക്കാന്‍ ശ്രമിച്ച രൂപതാധ്യക്ഷന്‍, റോമന്‍ അധികാരികളെപ്പോലും തന്റെ അധികാര സ്വാധീനത്തില്‍ തെറ്റിദ്ധരിപ്പിച്ച് തലോര്‍ നടപടിയെ അടിച്ചേല്പിക്കാന്‍ ശ്രമിച്ചെന്ന് വരും, പക്ഷെ, നീതിമാനായ ദൈവവും നിഷ്‌ക്കളങ്കരായ വിശ്വാസികളും തലോര്‍ നടപടി ഒരു കാലത്തും അംഗീകരിക്കയില്ല. കാരണം, സത്യത്തിനോ, നീതിക്കോ, സഭയുടെ നിയമങ്ങള്‍ക്കോ എതിരായ നടപടിയാണത്. തന്മൂലം ഈ നടപടി അന്യായമായി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയിലെ ശീശ്മകളാകില്ലെ ? 
സത്യസഭയില്‍ എന്തുകൊണ്ട് ഇത്രമാത്രം അനീതികള്‍ ഉണ്ടാകുന്നു എന്നതിന്റെ കാരണം മാര്‍ വര്‍ക്കി പിതാവ് വെളിപ്പെടുത്തിയ തന്റെ ദര്‍ശനത്തില്‍ കാണാനാകും :-“സീറോ മലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു”. (നസ്രാണി ദീപം - ജൂലൈ 2012). സാത്താനെ പരാജയപ്പെടുത്തണമെങ്കില്‍ സഭാധികാരികള്‍ യേശുവിന്റെ മാതൃകയിലും പ്രബോധനത്തിലും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടേയും ദൈവശക്തി സ്വീകരിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ശൈലിയില്‍ അനുദിനം പകലന്തിയോളം ഉദ്ഘാടകരും അദ്ധ്യക്ഷരും കാര്‍മ്മികരുമായി നടന്നാല്‍ ഇതിന് സമയം കിട്ടുമോ ? ഇതാണോ മെത്രാന്മാര്‍ക്ക് സഭ നല്‍കിയിരിക്കുന്ന ജോലികള്‍ ? വരുന്ന കത്തുകള്‍ക്ക് സാമാന്യമര്യാദ പാലിച്ച് മറുപടി നല്‍കാന്‍ പോലും നമ്മുടെ മേലധ്യക്ഷന്മാര്‍ക്ക് സമയമില്ല; അജഗണത്തിന്റെ പ്രശ്‌നങ്ങളില്‍ ചിന്തയില്ല എന്നല്ലെ ഇതു വ്യക്തമാക്കുന്നത്. ഒരു എഴുപതുകാരന്‍ എനിക്കയച്ച കത്തിലെ വരികള്‍ ഇപ്രകാരം : “കേരളത്തിലെ മെത്രാന്മാര്‍ ലഭിക്കുന്ന കത്തിനോ, നിവേദനങ്ങള്‍ക്കോ മറുപടി അയയ്ക്കാറില്ല. വള്ളോപ്പിള്ളി പിതാവും പവ്വത്തില്‍ പിതാവും മറുപടി നല്‍കാറുണ്ട്. N.S.S. ന്റെയും S.N.D.P. യുടേയും തലപ്പത്തിരിക്കുന്നവര്‍ ഉടനടി മറുപടി നല്‍കും. ഇതൊന്നും മെത്രാന്മാര്‍ക്ക് ബാധകമല്ല; ബോസ്‌കോ മെത്രാന്‍, മറുപടി അയയ്ക്കണമെന്ന് എഴുതിയാല്‍ മറുപടി അയയ്ക്കും. ഗൗരവമായ തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സദാചാരബോധം നമ്മുടെ നേതൃത്വത്തിനില്ല”. ഞാനൊരു സത്യം പറയട്ടെ. സി.എം. ഐ. ജനറാളച്ചന്‍ പല മെത്രാന്മാരേക്കാളും തിരക്കുള്ള അധികാരിയാണ്. അദ്ദേഹം എല്ലാ കത്തുകള്‍ക്കും മറുപടി നല്‍കും എന്നത് എന്റെ അനുഭവമാണ്. അതുകൊണ്ട്, സീറോ മലബാര്‍ സഭയെ രക്ഷിക്കണമെങ്കില്‍ സഭാ മേലധ്യക്ഷന്മാരുടെ ജീവിതശൈലിയില്‍ അടിസ്ഥാനപരമായ അഴിച്ചുപണികള്‍ നടത്താന്‍ മെത്രാന്‍ സിനഡും അല്‍മായ- വൈദിക- സന്യസ്ത സിനഡും സംയുക്തമായി ശ്രമിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പ് മെത്രാന്മാരെയും വൈദികരെയും കുറിച്ച് അല്‍മായരില്‍ നിന്നൊരു അഭിപ്രായ സര്‍വ്വെ എടുപ്പിക്കണം. തലോര്‍പള്ളിപണിയുടെ സര്‍വ്വെ തൃശൂര്‍ മെത്രാന്‍ പൂഴ്ത്തി വച്ച് നുണപ്രസ്താവനയിറക്കിയതു പോലെയാകാന്‍ ഇടയാകരുത്. എങ്കില്‍ സഭയെ വളര്‍ത്താനാകും. യേശു നല്‍കിയ മാതൃക അതാണല്ലോ:“എന്നെപ്പറ്റി നിങ്ങളും മറ്റുള്ളവരും എന്താണ് പറയുന്നത്”, സഭാനേതൃത്വത്തിന് ഇതിനുള്ള ചങ്കൂറ്റം ഉണ്ടാകുമോ ?
2. “രണ്ടാംവത്തിക്കാന്‍ കൗണ്‍സിലില്‍ പ്രകടമാക്കിയ ഉന്നത ചിന്താഗതികള്‍ അനുസരിച്ചുള്ള മുന്നേറ്റം സഭാതലത്തില്‍ ഉണ്ടായിട്ടില്ല”. 
പ്രതികരണം : ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിനും ബഹുഭൂരിഭാഗം വിശ്വാസികള്‍ക്കും അവബോധം ഇല്ല എന്നതാണ് സത്യം.കൗണ്‍സില്‍ പ്രബോധങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ. അല്‍മായ പങ്കാളിത്തം, അജപാലന നവീകരണം, അധികാരവികേന്ദ്രീകരണം എന്നിവ പ്രത്യേകം ശ്രദ്ധേയമാണ്. സഭാസിനഡിലും, സഭയുടെ പ്രവര്‍ത്തനമേഖലകളിലും ആനുപാതികവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പ്രാതിനിധ്യം അല്‍മായര്‍ക്ക് ഉണ്ടായിട്ടില്ല. അല്‍മായര്‍ ഇന്നും സഭയില്‍ “നോക്കുകുത്തി”കളല്ലെ ? സഭനവീകരണത്തേയും കൂട്ടായ്മയേയും ശക്തീകരിക്കാനുതകുന്ന “ഡയലോഗ്” നടക്കുന്നുണ്ടോ? ഒരു പള്ളിപണിയുടെ പേരിലാരംഭിച്ച തൃശൂര്‍ രൂപതയില്‍പെട്ട തലോരിലെ ഇടവക പ്രശ്‌നം മെത്രാന്റെ ഏകാധിപത്യനടപടിയിലൂടെ ഇടവകയുടെ നാശത്തിലെത്തിയതിന്റെ കാരണം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മെത്രാനും ഇടവകക്കാരുമായി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഡയലോഗ് ഉണ്ടായില്ല എന്നതാണ്. ഇതുപോലെ ഞാറയ്ക്കല്‍, മലയാറ്റൂര്‍ എന്നിങ്ങനെ എത്രയോ പ്രശ്‌നങ്ങള്‍ സഭയിലുടനീളം കീറാമുട്ടികളായി തുടരുന്നു. അടിസ്ഥാനകാരണം രൂപതാധ്യക്ഷന്മാരുടെ ഏകാധിപത്യ കസേരകള്‍ തന്നെ. “ഡയലോഗ്” കൗണ്‍സിലിന്റെ കടലാസില്‍ മാത്രവും ! ലിറ്റര്‍ജിയുടെ ഭാഷാമാധ്യമം മലയാളമാക്കിയെന്നതില്‍ ലിറ്റര്‍ജി നവീകരണം അവസാനിപ്പിച്ചിരിക്കയാണ്. അര്‍ത്ഥശൂന്യമായ കല്‍ദായവത്ക്കരണമല്ലെ ഇപ്പോള്‍ കൊടുങ്കാറ്റായി സമൂഹത്തെ ഛിന്നഭിന്നമാക്കുന്നത്. കാലോചിതമല്ലാത്തതും, അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ച്ചകളും കത്തോലിക്കാസഭയെ വര്‍ദ്ധമാനമായ രീതിയില്‍ കച്ചവടസഭയും, സത്യസഭയെ തട്ടിപ്പുസഭയും ആക്കിക്കൊണ്ടിരിക്കുകയല്ലെ? അവയെ സഭയുടെ ചൈതന്യത്തില്‍ നവീകരിക്കാനായോ ? ഒരു ഉദാഹരണം പ്രസ്താവിക്കട്ടെ. ഞാന്‍ വികാരി യായിരുന്ന തലോര്‍ ഇടവകയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പുണ്യവതിയുടെ ഊട്ടുതിരുനാളിനുമുമ്പ്, ഇരുകൂട്ടരുമായി ഡയലോഗ് നടത്തി പ്രശ്‌നം പരിഹരിക്കാം എന്ന് ഞാന്‍ രൂപതാധ്യക്ഷനോട് അപേക്ഷിച്ചു. അതിന് രൂപതാധ്യക്ഷന്റെ മറുപടി : “വഴക്ക് തീര്‍ത്തിട്ടൊന്നും തിരുനാള് നടത്താനാകില്ല; അച്ചന്‍ തിരുനാള് നടത്തിക്കോ”. വികലമായ ആത്മീയത! വഴക്ക് തീരാതിരിക്കണം എന്നതായിരുന്നു രൂപതാധ്യക്ഷന്റെ മനസ്സിലിരിപ്പ് : കുളം കലക്കി മീന്‍ പിടിക്കണം എന്നതു തന്നെ. പിടിച്ച മീന്‍ മുഴുവനും വിഷലിബ്ദമാണ്. കുളം കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തലോരില്‍ രൂപപ്പെട്ട നേര്‍ച്ചയെന്തെന്നോ ? “ഉണ്ണിക്കൊരു എണ്ണക്കുളി”! നൂറ് രൂപ ഓഫീസില്‍ അടച്ചാല്‍ കിട്ടുന്ന എണ്ണ ഉണ്ണിരൂപത്തിന്റെ നിറുകയില്‍ ഒഴിച്ച് ഉണ്ണിയെ കുളിപ്പിച്ചാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും ! ഇടവകപ്രശ്‌നമോ ? എണ്ണ ആരുടെ തലയിലൊഴിക്കണം. ? 
3. “കോടികള്‍ മുടക്കി പള്ളികള്‍ പണിയിച്ചിട്ട് എന്താണ് ഫലം? ധ്യാനാത്മകമായ പ്രാര്‍ത്ഥനയ്ക്ക് ഇത്തരം പള്ളികള്‍ ആവശ്യമില്ല. വിശ്വാസവും വിശ്വാസജീവിതവും വര്‍ദ്ധിപ്പിക്കാന്‍ അവ ഉപകരിക്കുമോ ?”
പ്രതികരണം: പള്ളി എന്നത് “ദൈവജനമാണ്”. ദൈവജനമാകുന്ന പള്ളിയെ പടുത്തുയര്‍ത്തുക എന്നതാണ് പള്ളിയെന്ന സൗധം പണിയുന്നതിനേക്കാള്‍ ആവശ്യം. ഇക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന പള്ളി പണിഭ്രമം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഒരു ഹോബിയാണ്. തന്മൂലം പീഡിപ്പിക്കപ്പെടുന്നവരോ ഇടവകയിലെ ദരിദ്രരായ കുടുംബങ്ങള്‍! സംഭാവന നല്‍കാത്തവര്‍ക്കും സംഭാവന വൈകിക്കുന്നവര്‍ക്കും എതിരെ അള്‍ത്താരയില്‍നിന്ന് എറിഞ്ഞു കൊടുക്കുന്നത് വചനത്തില്‍ പൊതിഞ്ഞ ശാപവാക്കുകള്‍ ! അച്ചന്‍ ശപിച്ചാല്‍ ഏല്ക്കുമോ എന്ന് ചോദിച്ചവരോട് ഞാന്‍ പറയും, ശാപം തിരിച്ചു കുത്താതിരിക്കാന്‍ നിങ്ങള്‍ അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കണം. സമ്പന്നരില്‍ നിന്ന് സ്വരൂപിക്കാവുന്ന ഉയര്‍ന്ന സംഭാവനയും ദരിദ്രരുടെ കഴിവനുസരിച്ചുള്ള സംഭാവനയും ഉപയോഗിച്ച് പണിയാവുന്ന പള്ളി പണിയിച്ചാല്‍ അവിടെ ദൈവജനമാകുന്ന യഥാര്‍ത്ഥ ദേവാലയം വളര്‍ന്ന് പുഷ്പിക്കുകയില്ലെ? അംബര ചുംബികളായ മുഖവാരങ്ങളും മണിമാളികകളും എന്തിനാണ്? സമയനിഷ്ഠയും വാച്ചും കൈവശമുള്ള ആധുനിക മനുഷ്യന് മണിമാളികയില്‍ നിന്നുയരുന്ന മണിനാദം കേട്ടിട്ടു വേണോ പള്ളിയിലേക്ക് പുറപ്പെടാന്‍ ? ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്ന ആദിമക്രൈസ്തവ സമൂഹശൈലിയല്ലെ സഭാനേതൃത്വം വിശ്വാസികളെ പഠിപ്പിക്കേണ്ടത്? എന്തുകൊണ്ട് സഭാ നേതൃത്വം ഇപ്രകാരം ചിന്തിക്കുകയും വിശ്വാസികളെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്നില്ല.? 
ദൈവജനമാകുന്ന യഥാര്‍ത്ഥപള്ളിയെ നശിപ്പിച്ച് പള്ളിക്കെട്ടിടം പണിയാനുള്ള തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ ദുര്‍മോഹം 5 വര്‍ഷമായിട്ടും തലോര്‍ ഇടവകയില്‍ നടപ്പിലാക്കാനായിട്ടില്ല. ഇക്കാര്യം സഭ മുഴുവന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. തലോരിലെ ഔദ്യേഗിക ഇടവകദേവാലയം പുതുക്കിപ്പണിയുകയെന്നതായിരുന്നു ദൈവഹിതം. ഇടവകക്കാരുടെ ഏകയോഗമായ തീരുമാനത്തിലൂടെ അത് വെളിവാക്കപ്പെടുകയും ചെയ്തു. ഈ ദൈവഹിതത്തെ നാടകീയമായ ഇടവകമാറ്റത്തിലൂടെ തകിടം മറിച്ചതു കൊണ്ടല്ലേ, ഇന്നും പള്ളിപണി വഴിമുട്ടി നില്‍ക്കുന്നത്. ? എന്തിനാണ് ഈ പാഴ് വേല.
അജപാലന സൗകര്യത്തെ പ്രതി കേരളത്തിലെ എല്ലാ സന്ന്യാസ വൈദിക ഭവനങ്ങളോടും അവരുടെ ദേവാലയങ്ങളോടും ചേര്‍ന്ന് ഇടവകകള്‍ രൂപപ്പെടുത്തിയാല്‍ എന്തുമാത്രം ആത്മീയ നന്മയാണ് വിശ്വാസികള്‍ക്ക് സംലഭ്യമാക്കാനാകുകയെന്ന് സഭാനേതൃത്വം എന്തുകൊണ്ട് ചിന്തിക്കുന്നില്ല ? ഇതും കൗണ്‍സില്‍ നല്‍കിയ നവീകരണ ചിന്തയാണല്ലോ. ഇത് കൗണ്‍സില്‍ നല്‍കിയ അധികാരവികേന്ദ്രീകരണമല്ലേ? അധികാര വികേന്ദ്രീകരണത്തിനുപകരം അധികാര ധ്രൂവീകരണമല്ലെ സഭയില്‍ വര്‍ദ്ധിച്ചു വരുന്നത്. തന്മൂലം എന്തുമാത്രം പ്രശ്‌നങ്ങള്‍!
ഇപ്പറഞ്ഞവയുടേയെല്ലാം ലക്ഷ്യം ഇതാണ്. തിരുസ്സഭയുടെ ചൈതന്യത്തിലും സഭയുടെ കാലോചിതമായ പ്രബോധനത്തിലും അധിഷ്ഠിതമായ സഭാനവീകരണം (അജീയൊര്‍ണമേന്തോ) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 50 ാം വാര്‍ഷികത്തിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാപ്പെടേണ്ടിയിരിക്കുന്നു. സാത്താന്റെ കുടില ശക്തികളൊന്നും ഇതിനെതിരായി പ്രബലപ്പെടാതിരിക്കട്ടെ.

തിയ്യതി: 06-08-2012                                                                           ഫോണ്‍ : 9497179433െ

6 comments:

  1. വളരെ ഉല്‍പതിഷ്ണുവായ ഒരു നല്ല വൈദികന്റെ സത്യസന്ധമായ കാഴ്ച്ചപ്പാടുകളും നീതിക്കായുള്ള ആഗ്രഹങ്ങളും ഈ ലേഖനത്തില്‍ കണ്ടെത്താം. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പഠിപ്പിച്ച ഒരു വസ്തുതയും ഉള്‍ക്കൊള്ളാതെ, പന്നി ചളിയില്‍ കിടന്നുരുളുന്നതുപോലെ പണത്തിന്റെ കൂമ്പാരത്തില്‍ കിടന്നു മദിക്കുന്ന കേരളസഭയിലെ മെത്രാന്മാര്‍ക്ക്, സഭയെ നവീകരിക്കാനുള്ള യാതോരാഗ്രഹവും ഇല്ല എന്നതാണ് സത്യം. ഇവരില്‍ മുതിര്‍ന്നവര്‍ തൊട്ട്‌ താഴോട്ടുള്ള ഒരു എണ്‍പത് ശതമാനത്തിനെയെങ്കിലും അവരുടെ ഇപ്പോഴത്തെ സങ്കല്പ ജോലിയില്‍ നിന്നും അനര്‍ഹമായ സ്ഥാനമാനങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള വഴി ആദ്യം നോക്കണം. ബാക്കിയുള്ളവരെ നേരിട്ട് കൈകാര്യം ചെയ്യാനുള്ള വഴികള്‍ അല്മായര്‍ തന്നെ കണ്ടെത്തണം. കച്ചവടവാസനകളല്ലാതെ മറ്റൊരു കഴിവും ഇവര്‍ക്കുള്ളതായി കണ്ടിട്ടില്ല. അല്‍മായരുടെ ചോദ്യങ്ങള്‍ക്ക് ഇവരില്‍ ചിലര്‍ ഉത്തരം നല്‍കുന്നത് കേട്ടാല്‍ പ്രൈമറി സ്കൂള്‍ പിള്ളേര്‍ പോലും നാണിക്കും. അതുകൊണ്ട്, ന്യായവും യുക്തിയുമൊന്നും ഇവരുടെയടുത്തു ഫലം ചെയ്യില്ല. കൂടുതല്‍ പ്രായോഗിക രീതികള്‍ കണ്ടെത്തണം. അതുവരെ പരിശുദ്ധാത്മാവിന്റെ മന്ദമാരുതന്‍ (റൂഹാ എന്നാല്‍ കാറ്റ് എന്നര്‍ത്ഥം) ആസ്വദിച്ചു കഴിയുകയെയുള്ളൂ നാം.

    ReplyDelete
  2. തലോര്‍ ഇടവക കയ്യില്‍ നിന്നും പോയപ്പോള്‍ ചില ഉല്‍പ്പതിഷ്ണുക്കള്‍ ഉദയം ചെയ്തു. അവനവന്റെ കാര്യം വന്നപ്പോളാണ് ഒരു സി എം ഐ വൈദികന് വെളിപാടുണ്ടായത്. സി എം ഐ ഇല്ലെങ്കിലും തലോര്‍ ഇടവകയ്ക്ക് ഒന്നും സംഭവിയ്ക്കില്ല. "cash making institute " എന്ന് ചെല്ലപ്പേരില്‍ വിളിക്കപ്പെടുന്ന C M I സന്യാസ സഭയില്‍ തന്നെ ആണ് ആദ്യം അദ്ദേഹം നവീകരണം നടത്തേണ്ടത്. സന്യാസം എന്ന് പേരല്ലാതെ എന്ത് സം ന്യാസം ആണ് അവര്‍ക്കുള്ളത്. ആദ്യം ആത്മശോധനയാണ് വേണ്ടത് എന്ന് തോന്നുന്നു. അവനവന്റെ വീടിനു തീപിടിച്ചിരിയ്ക്കുമ്പോള്‍ അയല്പക്കത്ത് അടുപ്പിലൂതാന്‍ പോകണോ നമ്മള്‍.
    ഒരു സി എം ഐ വൈദിക വിദ്യാര്‍ത്ഥിയെ ആശ്രമത്തില്‍ കൊണ്ട് ചെന്നാക്കാന്‍ പോയ കുടുംബാങ്ങങ്ങളോട് അവരുടെ മൂന്നു വൃതങ്ങളെ പറ്റി സുപ്പീരിയര്‍ വിശദീകരിച്ചു. poverty chastity and obedience എന്നിവ ഒക്കെ . ഗംഭീരമായ ആശ്രമവും ആശ്രമത്തിലെ സമൃദ്ധമായ ഉച്ചഭക്ഷണവും കഴിഞ്ഞപ്പോള്‍ അച്ഛന്‍ കുഞ്ഞിന്റെ ചേട്ടന്‍ അദ്ഭുതപ്പെട്ടു ചോദിച്ചത്രേ :
    "If it is poverty what will be chastity and obedience "!!!!!! ?എന്ന് ഇതാല്ലേ സത്യം
    തലോര്‍ പള്ളി പോകുന്നെങ്കില്‍ പോകട്ടച്ച. ആനയ്ക്ക് ഒരു കോവയ്ക്ക നഷ്ടമായപോലെ അല്ലെ ഉള്ളൂ അത്.
    സി .എം. ഐ സന്യാസസഭയും ചൈതന്യത്തിലും സഭയുടെ കാലോചിതമായ പ്രബോധനത്തിലും അധിഷ്ഠിതമായ സഭാനവീകരണം (അജീയൊര്‍ണമേന്തോ) അജീര്‍ണമാകാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 50 ാം വാര്‍ഷികത്തിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാപ്പെടേണ്ടിയിരിക്കുന്നു.
    ഒരു സി എം ഐ ക്കാരന്‍

    ReplyDelete
  3. സത്യദീപമോ ഏതെങ്കിലും പുരോഹിത സന്യസ്തരുടെ കുട്ടിപത്രമോ എന്തെങ്കിലും തളര്‍ന്നു എഴുതിയാല്‍ നവീകരണത്തിനു ആശ്വാസം ആകുമെന്ന് കരുതുവാന്‍ ബുദ്ധിമുട്ടുണ്ട്. സഭാ പത്രമാധ്യമങ്ങള്‍ അധികാര വര്‍ഗങ്ങളെ ധിക്കരിച്ചുകൊണ്ടു സമൂല നവീകരണത്തിനായി മുമ്പോട്ടുവരുമെന്നും തോന്നുന്നില്ല. ഇങ്ങനെ ഒരു പി.റ്റി. ചാക്കോ അല്‍പ്പം തളര്‍ന്നു എഴുതിയാല്‍ ആരു ശ്രവിക്കുന്നു.

    നാം കാണേണ്ടത് ആഗോളതലത്തില്‍ സമൂല യാഥാസ്ഥിതികത്വം എടുത്തുകളയേണ്ട കാലമാണ്. വിധവകളുടെ കൊച്ചു കാശുകൊണ്ടു മറ്റു സഭകള്‍ യേശുവിനോട് അടുക്കുംതോറും കത്തോലിക്കാ പുരോഹിതമുനിമാര്‍ വിധവകളെ ലൈംഗികമായി ചൂഷണം ചെയ്തു മാമ്മോനോട് കൂടുതല്‍ അടുക്കുന്നതും കാണാം. കൂടുതല്‍ ഉത്പാധിപ്പിച്ചാല്‍ മാത്രം പിച്ചകാശു നല്‍കാമെന്നും സഭ ഇന്ന് മക്കള്‍ക്ക്‌ വാക്ക് കൊടുത്തിട്ടുണ്ട്.

    1533ല്‍ ഹെന്‍ട്രി ആറാമനും ആനി ബോളും തമ്മില്‍ വിവാഹം അനുവദിച്ചിരുന്നുവെങ്കില്‍ ഒരു നവീകരണസഭ ഉണ്ടാവുകയില്ലായിരുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ കാറ്റില്‍പറത്തിയ സഭയില്‍ രണ്ടാം നവീകരണത്തിന് ഇനി അധിക കാലതാമസം വരുകയില്ല. കുഴഞ്ഞു മറിഞ്ഞ സഭക്കുള്ളില്‍ മാറ്റം എങ്ങനെയെന്നുള്ളതിനും ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്.

    പാശ്ചാത്യസഭകളില്‍ വിവാഹമോചനം സാധാരണമാണ്. ലോകത്ത് എവിടെയും വിവാഹമോചിതരുടെ എണ്ണം കൂടുന്നു. സഭയില്‍ വീണ്ടും അവരെ വിവാഹം കഴിപ്പിക്കുകയില്ല. വീണ്ടും വിവാഹം കഴിച്ചു ഭദ്രമായ കുടുംബബന്ധമായി അവര്‍ മറ്റു സഭകളില്‍ സന്തോഷമായി കഴിയുന്നു. ഭാര്യയില്‍ നിന്നു മോചനം നേടി വിവാഹംകഴിച്ച പ്രവാചകരും വേദഗ്രന്ഥങ്ങളില്‍ ഉണ്ട്.

    അല്മായര്‍ സഭയുടെ ഉല്‍പ്പന്ന വസ്തുവാണ്. നാണംക്കെട്ടവന്റെ വാലില്‍ ആല് കിളിര്‍ത്താല്‍ എന്തെന്ന് പറയുമ്പോലെ അല്മായര്‍ അരയില്‍ മുണ്ടുംകെട്ടി വായുംപൊത്തി അടിയാളരായി സഭയില്‍ ഉള്ളടത്തോളം പന്നിയിറച്ചി തിന്നു കൊഴുത്തു വീര്‍ത്ത കുര്‍ബാന ചെല്ലുന്ന ചേട്ടന്മാരുടെ കുശാലകാലം എന്നും
    തുടരുകതന്നെ ചെയ്യും. പാലാ മെത്രാന് ഭരണങ്ങാനത്ത് ലോട്ടറി അടിച്ചു ഒരു പുണ്യവതിയെ കിട്ടിയിട്ടും പണത്തിന്റെ കൊതി തീര്‍ന്നിട്ടില്ല. കുറെ മണ്ടന്‍ അച്ചന്മാരെ പണം ഉണ്ടാക്കുവാന്‍ വിദേശത്തു കയറ്റി അയച്ചു അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

    കത്തോലിക്കാസഭ ബുര്‍ഷാവ്യവസ്ഥിതി നിലവിലുള്ള ലോകത്തിലെ ഒരു വന്‍പ്രസ്ഥാനമാണ്. പള്ളിയില്പ്പോയി വിവാഹം കഴിക്കുവാന്‍ പണം കൊടുക്കണം. എത്ര കൊടുത്താലും തൃപ്തി വരുകയില്ല. ഇന്ന് നാട്ടില്‍ വന്നാല്‍ പരിചയമുള്ള ഈ പുരോഹിത ചേട്ടന്മാരെ കാണുവാന്‍പോലും പേടിയാണ്. കൊച്ചിനെ മാമ്മോദീസ്സ മുക്കുവാന്‍ പണം കൊടുത്തില്ലെങ്കില്‍ സ്വര്‍ഗമില്ല. പള്ളിയുടെ മണ്ണില്‍ വന്‍തുക കൊടുത്തു പുരോഹിതന്റെ നാവില്‍നിന്നു മന്ത്രം ചൊല്ലി കുഴിച്ചിട്ടാലെ ആത്മാവ് ശരീരത്തില്‍നിന്നു വേര്‍പെടുകയുള്ളൂ. പണം ഇല്ലെങ്കില്‍ സ്വര്‍ഗം ഇല്ല.

    അങ്ങനെ ദരിദ്രനെ ദരിദ്രന്‍ആക്കി സഭ കോടികളുടെ ആസ്തി കൂട്ടികൊണ്ടിരിക്കുന്നു. ഫലമോ, പന്നി കുട്ടന്‍മാരെപ്പോലെയാണ് പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും അച്ചന്മാര്‍ കൊഴുത്തിരിക്കുന്നതും. ഭരിക്കുവാന്‍ മാത്രം അറിയുന്ന ഈ കുഴി മടിയര്‍, വികാരിമാര്‍ എല്ലാ പള്ളികളിലും ഉണ്ട്.

    പിച്ചക്കാരന്‍ വന്നു പണം ചോദിച്ചാല്‍ സ്വന്തം കീശയില്‍നിന്നു എടുത്തു കൊടുക്കുന്ന ഒരു വൈദികനെ കണ്ടിട്ടില്ല. അല്മായനെ വീണ്ടും വീണ്ടും ഞെക്കി പണം സമാഹരിച്ചു പേരിനു സാമൂഹ്യപ്രവര്‍ത്തനവും നടത്തുന്നുണ്ടാവാം. എങ്കിലും സമാഹരിച്ച സ്വത്തുക്കള്‍കൊണ്ട് പൂങ്കാവനവും മണിമാളികകളും അരമനകളും പണിയുവാനാണ് അരമനയില്‍ വാഴുന്ന മൂത്ത തിരുമൂസ്സുകള്‍ക്കും താത്പര്യം.

    ഏഴും എട്ടും സ്ത്രീകൂട്ടുകാരും അനേകം മക്കളുടെ പിതൃത്വം സ്വത്തായ പുരോഹിതരും മെത്രാന്മാരും ഉള്ള സഭയുടെ നവീകരണം എങ്ങനെ സാധ്യമാക്കുമെന്നും ഗവേഷണങ്ങള്‍ നടത്തണം.

    ReplyDelete
  4. സത്യദീപത്തില്‍ വന്ന ആ ലേഖനം ആരെങ്കിലും ഇവിടെ ഒന്ന് പബ്ലിഷ് ചെയ്യുമോ? ലുവെയിന്‍കാരന്‍ ശ്രീ പി. റ്റി. ചാക്കോ പണ്ട് നല്ല വിപ്ലവകരമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. പിന്നെപ്പിന്നെ പള്ളിയോടു ചേര്‍ന്ന് നില്‍ക്കുന്നതാണ് നല്ലതെന്ന് കണ്ടിട്ടാകാം, ആശയങ്ങള്‍ ഒത്തിരി മയപ്പെടുത്തി, അസ്സല്‍ യാഥാസ്ഥിതികനായി. ഇപ്പോള്‍ വീണ്ടും, ഇനി ഏതായാലും പ്രായമായി, റിട്ടയെര്‍ഡും ആയി, പള്ളിക്കാരെ അല്പമൊന്ന് ചൊറിഞ്ഞാലും ഒന്നും വരാന്‍ പോകുന്നില്ല എന്ന പരുവത്തിലായിക്കാണും. ഏതായാലും ഫാ.ഡേവിസ് പറയുന്നത്ര മെച്ചമാണോ പുതിയ എഴുത്ത് എന്നൊന്ന് കാണാമല്ലോ.

    ReplyDelete
  5. ദീപികയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ ലോകംമുഴുവന്‍ ഓടിനടന്നു കോടികളുടെ സംഭാവനകള്‍ പിരിച്ചു. അതിനുശേഷം ഫാരിസുമായിട്ടുള്ള പരസ്പരധാരണയില്‍ നടത്തിയ``വി.കച്ചവടത്തില്‍'' അടിച്ചു മാറ്റിയ കണക്കില്ലാത്ത വേറെ കോടികള്‍.
    അതേ ടീം തന്നെ ആണ് ഇന്ന് ``സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍'' എന്ന ഓമനപേരില്‍ അറിയുന്നത്.

    ഇവര്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും രഹസ്യഭൂമിഇടപാടുകള്‍ നടത്തുന്നു.

    ഈ കമ്മീഷന്‍ സുതാര്യത ഇല്ലാത്ത വ്യവസായസ്ഥാപനമായതുകൊ് പലരും കമ്പളിക്കപ്പെട്ടു.

    പ്രാവാസി കത്തോലിക്കരുടെ അഡ്രസുകള്‍ ശേഖരിക്കുവാന്‍ കമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും അടുത്തദിവസങ്ങളില്‍ ലോകപര്യത്തിടത്തിനു ഇറങ്ങിതിരിക്കുന്നു. വഞ്ചിതാരാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക!

    ReplyDelete