Translate

Sunday, August 19, 2012

യുക്തിഭ്രംശം

ഞങ്ങളെ സന്ദര്‍ശിച്ചിട്ടു തിരികെ പോകും വഴി എന്റെ ഒരു കൂട്ടുകാരിയും മരുമകളും അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍ എന്നീ മൂന്നിടങ്ങളില്‍ ഉള്ള പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചിട്ടാണ് പോയത് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. ഒരു സ്ട്രോക്ക് വന്നശേഷം അത്ര സ്ഥിരതയില്ലാത്ത അമ്മായിയപ്പന്‍ കാണുന്നവരെയെല്ലാം തെറിവിളിയാണ്. അദ്ദേഹത്തിനു  സുഖമാകാനും പുലഭ്യം അവസാനിപ്പിക്കാനും വേണ്ടി പുതുമരുമകള്‍ ഒരു വലിയ തുക എല്ലായിടത്തും നേര്ച്ചയിട്ടെന്നും കൂട്ടുകാരി എടുത്തുപറഞ്ഞു. അവള്‍ വലിയ വിശ്വാസിയാണെന്ന കാര്യം കൃതാര്‍ത്ഥതയോടെയാണ് അറിയിച്ചത്.

വാസ്തവത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സഭയിലെ കള്ളപ്പണത്തിന്റെയും പുന്ന്യാളന്മാരുടെ ശക്തിയുടെയും ഉറവിടം എന്നത് വളരെ വ്യക്തമാണ്. ഒരിക്കല്‍ ആരോ എഴുതിയത് വായിച്ച ഓര്‍മ്മയുണ്ട്. അതിങ്ങനെയായിരുന്നു. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്ത ആത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും തലമുറകളായി കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ വിശ്വാസമല്ലായിരുന്നോ ഹവ്വായുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വാ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "അവിടുത്തെ ഇഷ്ടം നടക്കട്ടെ" എന്നത് അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ലല്ലോ. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? എന്റെ കുടുംബത്തിലും അയലത്തും ഉള്ള സ്ത്രീകളില്‍ ഏറിയ ഭാഗവും പള്ളി വിതച്ച വിശ്വാസങ്ങളില്‍ കല്ലുപോലെ ഉറച്ചവരാണ്. ഇവയില്‍ നിന്ന് ഒരാളെ ഇളക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ പിണിയാളുകളില്‍നിന്നും  ഒരിക്കലും പ്രതീക്ഷിക്കാന്‍ വയ്യ. എന്നാല്‍ സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്ന് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ അത് നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌! സഭയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ യുക്തിഭ്രംശം ഇതാണ്.
 

12 comments:

  1. ഇന്ന് നാം നേരിടുന്ന ഏറ്റവും അടിസ്ഥാനമായ പ്രശ്നത്തിലെക്കാണ് തെരേസാ വിരല്‍ ചൂണ്ടുന്നത്. എല്ലാവരും ചെറിയ തോതില്‍ ഈ മസ്തിഷ്ക പ്രശ്ചാളനത്തിനു വിധേയരായവരാണ്‌ താനും. ഒറ്റ ഉദാഹരണം പറയാം. പാക്കിസ്ഥാനോട് യുദ്ധം ചെയ്ത ഒരിന്ത്യന്‍ പട്ടാളക്കാരന്‍ അവരുടെ പിടിയിലായി. ആറു മാസം കഴിഞ്ഞു അയാള്‍ തിരിച്ചു വന്നപ്പോള്‍ ഇന്ത്യാക്കാര്‍ ചെയ്യുന്നത് മുഴുവന്‍ തെറ്റായി. വിരലിനോളം നിളം ശമ്പളവും ഉടലിനോടും നിളം ജോലിയുമാണിവിടെ എന്ന് അയാളെ പറഞ്ഞു പറഞ്ഞു പറഞ്ഞു അവര്‍ വിശ്വസിപ്പിച്ചു. ഇത് ഏതു പ്രഗല്ഭാര്‍ക്കും പറ്റും.
    എല്ലാ മതങ്ങളിലും ഉണ്ട് ഈ പരിപാടി. അച്ചന്മാര്‍ ഇത് ബോധപൂര്‍വ്വം ചെയ്യുന്നതാണെന്ന് എനിക്കഭിപ്രായം ഇല്ല. അവരും സുബോധം നഷ്ടപ്പെടുത്തിയവര്‍ തന്നെ. അവരും എന്നും കേള്‍ക്കുന്നതും പറയുന്നതും ഒരേ വിദ്ധിത്തരം തന്നെയല്ലേ?

    കര്‍ത്താവിശോ മിശിഹാ ഓരോ അരമനയിലും വന്നു കുടികിടപ്പാനെന്നാണ് ഇവരുടെയൊക്കെ വാദം. ചെയ്യുന്നതോ ശുദ്ധ വിദ്ധിത്തരവും. ഇവര്‍ തമ്മില്‍ ഉള്ള അടി ആലന്‍ചേരിയെ തിരഞ്ഞെടുത്തപ്പോള്‍ നാം കണ്ടതാണ്.
    ഇക്കാര്യത്തില്‍ മേത്രാന്മാരാരും മോശമല്ല. അവര്‍ തമ്മില്‍ കുടിപ്പക മൂത്തതാണ് നാം ഇന്നനുഭവിക്കുന്ന പ്രശ്നം. പണ്ട് പടിയറ കര്‍ട്ടിനാളായപ്പോള്‍ സ്വന്തം രൂപത സ്വികരണം കൊടുക്കാതിരുന്നത് ഓര്‍മ്മയുണ്ടോ? അന്ന് എ ഗ്രൂപ്പായ പവ്വത്തിന്റെ നേതൃത്വത്തില്‍ മാര്‍പ്പാക്ക് കൂട്ട പരാതി പോയി. അതിന്റെ ഫലമോ? അടുത്ത സ്ഥാനം തൂണും ചാരി നിന്ന വിതയത്തിലിന് കിട്ടി. ഇന്ന് മറ്റു മെത്രാന്മാരെ വാശിപിടിപ്പിക്കാന്‍ കൊണ്ടുപിടിച്ച ജൂബിലി ആഘോഷങ്ങളാണ് പവ്വത്തിനു. അത് അവിടെ മാത്രമേയുള്ളൂ. ആദ്യം മെത്രാന്‍ ആയ കാഞ്ഞിരപ്പള്ളിയില്‍ ഇല്ല. ഭരണങ്ങാനത്തിനു ചങ്ങനാശ്ശെരിക്കാര്‍ പോവില്ല. ഈ അടിയും പടയും എല്ലാം മുറക്ക് നടക്കുമ്പോഴും വിശ്വാസിയെ മസ്തിഷ്ക പ്രശ്ചാലനം ചെയ്യുന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. നരകത്തില്‍ കത്തിക്കുന്ന വിറകിന്റെയും മണ്ണെണ്ണ യുടെയും കണക്കു ഒരു ധ്യാനത്തില്‍ പറയുന്നത് കേട്ടു. സ്വര്‍ഗ്ഗവും നരകവും നിത്യതയില്‍ ആണെന്നും അവിടെ സ്ഥലമോ സമയമോ ഇല്ലെന്നും ഇതേ നാക്ക് കൊണ്ട് വൈകിട്ടത്തെ കുര്ബാനക്കും പറയും.
    ചിന്തിക്കാനുള്ള അവകാശം പണയം വെച്ചിട്ട് നട്ടെല്ല് നിവര്‍ത്തി നടക്കുന്ന മനുഷ്യരെ ജ്ഞാനികള്‍ എന്നല്ല..... അധമര്‍ എന്നാണു വിശേഷിപ്പിക്കേണ്ടത്. കാരണം മനുഷ്യനുള്ള സാമാന്യ ബുദ്ധി ദൈവം നല്കിയതാനെന്നുള്ള ചിന്ത പോലും ഇവര്‍ക്കില്ല. ഇവര്‍ ചാകുന്നത് അന്തസ്സായിട്ടയിരിക്കും എന്ന ഒരു വ്യത്യാസമേയുള്ളൂ. അവര്‍ക്കുള്ളത് ഇവിടെ തന്നെ കിട്ടും....

    ReplyDelete
  2. അല്‍മായ ശബ്ദത്തില്‍ സ്ത്രീ സാന്നിധ്യം അഭിനന്ദനാര്‍ഹം തന്നെ ....എന്നാലും ത്രേസ്യമ്മയുടെ ചില ചിന്തകളോട് വിയോജിപ്പുണ്ട്..
    "വാസ്തവത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സഭയിലെ കള്ളപ്പണത്തിന്റെയും പുന്ന്യാളന്മാരുടെ ശക്തിയുടെയും ഉറവിടം എന്നത് വളരെ വ്യക്തമാണ്."
    കള്ളപ്പണക്കാര്‍ക്ക് തന്നെയാണ് പുന്യാലന്മാരെ കൂടുതല്‍ ആവശ്യം..തന്റെ നിര്‍ബന്ധത്തിനു കീഴില്‍ ഭര്‍ത്താവ് സമ്പാദിച്ചു കൂട്ടിയ കള്ള പണത്തില്‍ ഒരു വിഹിതം പുന്യാലംമാര്‍ക്ക് കൊടുത്തേക്കാം എന്ന് ചിന്തിക്കുന്ന ഭാര്യമാരും കാണും ....
    "അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വാ അതേപടി അതങ്ങ് വിഴുങ്ങി." ഹഹ അത് കൊള്ളാമല്ലോ... വിശ്വാസത്തിന്റെ ഉത്തമ മാതൃക തന്നെ......പഴം തിന്നണ്ട എന്ന് കെട്ടിയോനും പറഞ്ഞാരുന്നല്ലോ..... കെട്ടിയോന്‍ പറഞ്ഞത് വിശ്വാസം വരാത്ത പെണ്ണിന് പണി കിട്ടി എന്ന്
    പറഞ്ഞാ പോരെ .....പിന്നെ ബൈബിള്‍ ഒക്കെ മെയില്‍ ഷോവനിസ്റ്റ് പന്നികള്‍ എഴുതിയതായത് കൊണ്ട് സ്ത്രീ ജനങ്ങള്‍ക്ക് അതില്‍ നീതി പ്രതിക്ഷികണ്ട ചേടത്തി...
    "എന്റെ കുടുംബത്തിലും അയലത്തും ഉള്ള സ്ത്രീകളില്‍ ഏറിയ ഭാഗവും പള്ളി വിതച്ച വിശ്വാസങ്ങളില്‍ കല്ലുപോലെ ഉറച്ചവരാണ്. ഇവയില്‍ നിന്ന് ഒരാളെ ഇളക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ പിണിയാളുകളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ വയ്യ"
    ഇതാണ് സഭ നന്നാകാത്തെ .....പള്ളി പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങികൊലും..ചേടത്തിമാരുടെ വിശ്വാസം ഇളക്കുന്ന ഒന്നും കതന്നാര്‍ പറയില്ലാ .....കാശിടുന്ന പെമ്പിരന്നോരെ പിണക്കാന്‍ പറ്റുവോ ...... വിശ്വാസം ..അതല്ലേ എല്ലാം .....ഇനി ഏതേലും കത്തനാര്‍ അല്പം പുരോഗമനം പ്രസങ്ങിച്ചാല്‍ ആ ചേടതിമാരും കേട്ടിയോന്മാരും കൂടി അയാളെ കുരിശേല്‍ കേറ്റാന്‍ മുന്നില്‍ നില്‍ക്കും....ഓരോ ജനത്തിനും അവര്‍ അര്‍ഹിക്കുന്ന നേതാക്കന്മാരെ കിട്ടും........
    പിന്നെ ഒരു കാര്യം കൂടി .....
    "സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്ന് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ അത് നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌!"

    സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ മനുഷ്യര്‍ക്ക്‌ ഏക മധ്യസ്ഥന്‍ ക്രിസ്തു മാത്രം എന്ന് തന്നെയല്ലേ സഭയുടെ വിശ്വാസം ....?

    ഇടനിലക്കാരനായ അങ്ങേരെ ആവശ്യം ഇല്ലാത്തവരു പിന്നെ അങ്ങേരുടെ സഭയെ നന്നാക്കാന്‍ നടക്കണോ?

    ReplyDelete
  3. ഏതായാലും ത്രെസ്യമ്മേടെം രോഷന്റെം പോസ്റ്റുകളുടെ സമയം കൊള്ളാം....6 .47 / 8 . 39 .... സാധാരണ വിശ്വാസികള്‍ പള്ളിയില്‍ പോകുന്ന സമയം ....സഭയെ നന്നാക്കാന്‍ പറ്റിയ സമയം .....ഞങ്ങള്‍ സാധാരണ അല്മായര്‍ക്കും കൂടെ നാണക്കേടാക്കല്ലേ.....

    ReplyDelete
  4. പുരുഷന്മാരുടെ ക്ലബെന്നു വിചാരിച്ച അല്‍മായശബ്ദത്തിന്റെ വിശ്വാസത്തെ തകര്‍ത്ത് ട്രീസ്സാ ഒരു നല്ല ലേഖനം കാഴ്ചവെച്ചതില്‍ സന്തോഷം ഉണ്ട്. അസഭ്യ വാക്കുകള്‍ സദാ പറയുന്ന കാര്ന്നവരെപ്പോലെ തന്നെയാണ് പള്ളിയില്‍ അച്ചന്റെ പ്രസംഗം കേട്ടാല്‍ എനിക്കും അനുഭവപ്പെടുന്നത്. പുരോഹിതന്റെ കുര്‍ബാന സമയത്തുള്ള വിഡ്ഢിത്തര പ്രസംഗത്തെക്കാള്‍ കാര്ന്നവരുടെ തെറിവാക്കുകള്‍ കേള്‍ക്കുവാന്‍ ഒരു സുഖം കിട്ടുകയില്ലേ? ചില സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സുഖകരമായ തെറി കേട്ടില്ലെങ്കില്‍ ഉറക്കം വരുകയില്ലെന്നും കേട്ടിട്ടുണ്ട്. തെറി പറയാത്ത ഭര്‍ത്താക്കഉണ്ണാക്കര്‍ ഉള്ള വീട്ടിലെ സ്ത്രീകള്‍ അച്ചന്റെ പള്ളി പ്രസംഗം വേദവാക്യമായും എടുക്കുന്നു.

    നവീകരണപ്രസ്ഥാനം വിജയിക്കണമെങ്കില്‍ സ്ത്രീകളുടെ സഹകരണം ആവശ്യമാണ്. ഹെന്‍റി രാജാവിന്റെ മനസ്സ് ആനി ബോള്‍ മാറ്റിയതുകൊണ്ടു ഇംഗ്ലണ്ടില്‍
    പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് തുടക്കമിട്ടു. നമ്മുടെ പള്ളിക്കുറൃപ്പന്മാരായ പുരുഷന്മാരുടെ തലക്കിട്ടു തട്ടുകള്‍ കൊടുക്കുവാന്‍ ട്രീസ്സ എഴുതി കൊണ്ടിരിക്കണം. പുണ്യാളന്മാര്‍ പണം കട്ടുകൊണ്ടു പോകുന്നതും പുരുഷന്റെ കഴിവുകേടാണ്.

    മതം ഒരുവന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ മസ്തിഷ്ക്ക പ്രഷാളനം നടത്തും. ഇതിന്റെ ഫലമാണ് ലോകത്തു ഭീകരമതവും കൊല്ലും കൊലയും വര്‍ധിക്കുവാന്‍ കാരണവും. കഴിഞ്ഞ തലമുറയില്‍ വളര്‍ന്നവര്‍ വണക്കമാസകഥകള്‍ സത്യമെന്നു വിശ്വസിച്ചു. ഇന്നും വിശ്വസിക്കുന്ന അനേക മുതിര്‍ന്ന തലമുറകളും ഉണ്ട്. അതുകൊണ്ടു യുക്തിഭ്രംശം വന്ന ഒരു തലമുറയെ പുരോഹിതര്‍ക്ക് സൃഷ്ടിക്കുവാന്‍ സാധിച്ചു.

    അറിവും പാകതയും ഇല്ലാത്ത കുഞ്ഞുങ്ങളെ വേദപാഠ ക്ലാസ്സില്‍ വിടുന്നതും അവരോടു ചെയ്യുന്ന ഒരു അനീതിയാണ്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ വേദപാഠ ക്ലാസ്സുകളില്‍ മസ്തിഷ്ക്ക പ്രഷാളനം നടത്തുവാന്‍ ആരംഭിക്കും. അറിവില്ലാത്ത പ്രായത്തില്‍ ചിന്തിക്കാന്‍ ഇവര്‍ക്കു അവസരം കൊടുക്കുകയില്ല.

    ഡാര്‍വിന്റെ സിദ്ധാന്തവും ശാസ്ത്രവും പാപമെന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. ശാസത്രം ആഗോള താപനിലയെപ്പറ്റി പറയുമ്പോള്‍ പുരോഹിതനും കന്യാസ്ത്രിയും ഇതെല്ലാം ശായിത്താന്റെ പ്രവര്‍ത്തനമെന്നും പഠിപ്പിക്കും. ഭൂമി കുലുക്കവും കൊടുങ്കാറ്റും ഉണ്ടായാലും ശാസ്ത്രീയ വശങ്ങള്‍ കുഞ്ഞുങ്ങളോട് പറയുന്നതിനു പകരം അന്തോനീസ്, ഗീവര്‍ഗീസ് പുണ്യാളന്മാര്‍ കൊപിച്ചാതാണെന്നും പഠിപ്പിക്കും.
    കുഞ്ഞുങ്ങളെ ഇങ്ങനെ പുരോഹിതരുടെയും മാതാപിതാക്കളുടെയും
    അന്ധവിശ്വാസങ്ങളില്‍ നിന്നും സ്വതന്ത്രര്‍ ആക്കണം. മാനസിക മതവികാരങ്ങള്‍ ഇവരുടെ തലച്ചോറില്‍ കുത്തി കയറ്റി മതം കുഞ്ഞുങ്ങളെ ചിന്തിക്കുവാന്‍ കഴിവില്ലാത്ത ബുദ്ധിരഹിതരാക്കുന്നു.

    ബ്രാഹ്മണരെ കണ്ടു പഠിക്കൂ. ബൌദ്ധിക തലങ്ങളില്‍ ശാസ്ത്രം മറ്റുള്ള എല്ലാ മത വിഭാഗക്കാരെക്കാള്‍ അവര്‍ കീഴടക്കി. കാരണം വേദങ്ങള്‍ ദൈവ ശാസ്ത്രം മാത്രമല്ല. ആരോഗ്യ ശുദ്ധീകരണ വൈദ്യശാസ്ത്രവും പ്രകൃതിയും പ്രകൃതിയുടെ രഹസ്യങ്ങളും ഗവേഷണങ്ങളും അന്വേഷണങ്ങളും ബലഹീനതകളും കണ്ടെത്തലുകളും ചരിത്രവും കണക്കും തച്ചുശാസ്ത്രവും ജ്യോതിഷവും സര്‍വ്വതും ഉള്കൊണ്ടതാണ് വേദങ്ങള്‍. ബ്രാഹ്മണര്‍ക്ക് കിട്ടിയ അടിസ്ഥാന വിദ്യാഭ്യാസമാണ് പട്ടരില്‍ പൊട്ടര്‍ ഇല്ലെന്നുള്ള ചൊല്ലു വന്നതും. എന്നാല്‍ പട്ടക്കാരില്‍ പൊട്ടരേയുള്ളൂ. നമ്മള്‍ പഠിച്ചതു പൊട്ടന്മാരായ അച്ചന്മാരുടെ സാരോപദേശങ്ങളും നരകവും സ്വര്‍ഗവും. ഇവരോട് ചോദ്യം ചോദിച്ചാല്‍ ചോദിക്കുന്നവരും മണ്ടന്മാരാകും.

    ReplyDelete
  5. "പട്ടക്കാരില്‍ പൊട്ടരേയുള്ളൂ. നമ്മള്‍ പഠിച്ചതു പൊട്ടന്മാരായ അച്ചന്മാരുടെ സാരോപദേശങ്ങളും നരകവും സ്വര്‍ഗവും. ഇവരോട് ചോദ്യം ചോദിച്ചാല്‍ ചോദിക്കുന്നവരും മണ്ടന്മാരാകും."

    അതിപ്പോഴാണോ മനസ്സിലാകുന്നത്‌!?

    ReplyDelete
  6. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിയ്ക്കുന്ന ഒരു പുതു സാമൂഹ്യ വ്യവസ്ഥിതിയുടെ കാലഘട്ടത്തില്‍ കത്തോലിക്ക സഭയെക്കുറിച്ച് സ്‌ഫോടനാത്മകമായ ഒരു വെളിപ്പെടുത്തല്‍. ഏറെക്കാലം സഭയ്ക്കുള്ളില്‍ നിന്ന് അകം ലോകവും പുറംലോകവും കണ്ട മേരി ചാണ്ടി എന്ന ഇന്നത്തെ ആതുര സേവകയില്‍ നിന്നാണ് ഈ വെളിപ്പെടുത്തലുകള്‍.

    മേരി പറയുന്നു. കത്തോലിക്കാ സഭയില്‍ സ്ത്രീ-പുരുഷ അസമത്വം ശക്തമാണ്. അച്ചന്‍മാരുടെ ആഗ്രഹത്തിന് കന്യാസ്ത്രീകള്‍ വിധേയരാവണമെന്നത് ഒരു അലിഖിത നിയമമാണ്. ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞാല്‍ ഒറ്റപ്പെടുത്തലാവും ഫലം. ഇരുപതാം വയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സിസ്റ്ററിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ സഭയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്

    ''ദൈവകാരുണ്യത്തിന്റെ പ്രവാചകയും പ്രേക്ഷിതയുമായി മനുഷ്യമനസ്സുകളെ പ്രകാശിപ്പിച്ച് മനുഷ്യചേതനയെ തട്ടിയുണര്‍ത്തി മനുഷ്യ ഹൃദയത്തെ വിമലീകരിച്ച് വിശുദ്ധമാക്കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളാകുന്നു കന്യാസ്ത്രീ ഭൂമിയിലെ സര്‍വ്വ സുഖസൗകര്യങ്ങളും ത്യജിച്ച് ദൈവത്തിന്റെ മണവാട്ടിയാവുന്നവരെ കാത്തിരിക്കുന്നത് ഒട്ടേറെ ജീവിതപരീക്ഷണങ്ങളാണ്. എല്ലാത്തിനേയും സഹിഷ്ണുതയോടെ നേരിട്ടിട്ടും തിരുവസ്ത്രമുപേക്ഷിക്കേണ്ടി വന്ന കഥയാണ് പാല സ്വദേശിനിയായ സിസ്റ്റര്‍ മേരി ചാണ്ടിയ്ക്ക് പറയുന്നത്.

    കന്യാസ്ത്രീ മഠത്തിന്റെ അകത്തളക്കഥകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയ ആമേന്‍ പുറത്തിറങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് സഭയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്തെത്തിയിരിക്കുന്നത്. സിസ്റ്റര്‍ ജെസ്മിയെ പോലെ വിവാദനായികയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും മേരിചാണ്ടിയെ കുറിച്ചുള്ള പുസ്തകം പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുമെന്നുറപ്പാണ്.

    'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. അവരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തന്റേടിയായ ഒരു സ്ത്രീയുടെ മുഖമാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ തന്റെ കുഞ്ഞുങ്ങളെ അളവറ്റു സ്‌നേഹിക്കുന്ന വാത്സല്യനിധിയായ ഒരമ്മയെയാണവിടെ കാണാന്‍ കഴിഞ്ഞത്‌. സിസ്റ്ററുടെ ഉള്ളിലുള്ള നന്‍മയെ തിരിച്ചറിഞ്ഞതു കൊണ്ടാണ് പുസ്തകത്തിന് നന്‍മ നിറഞ്ഞവളേ സ്വസ്തി എന്ന് പേരിട്ടതെന്ന് പുസ്തകമെഴുതിയ ജോസ് പാഴൂക്കാരന്‍ വെളിപ്പെടുത്തുന്നു.

    ചെറുപ്പത്തിലേ തന്നെ അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ മേരിചാണ്ടി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. അതുപോലെ തന്നെ അനുസരണക്കേട് കാണിക്കുന്നവരെ ഇടിയ്ക്കാനും തനിക്ക് മടിയില്ലായിരുന്നുവെന്ന് ചെറുചിരിയോടെ സിസ്റ്റര്‍ പറയുന്നു. അനീതിയ്‌ക്കെതിരെ ഏതുവിധേയനെയും പ്രതികരിക്കുന്ന ശീലം അന്നേ അവരില്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തം. മഠത്തിലെത്തിയപ്പോള്‍ സിസ്റ്റര്‍ മേരിയ്ക്ക് വിനയായതും ഈ സ്വഭാവമായിരുന്നു

    നല്ല സാമ്പത്തികചുറ്റുപാടുള്ള സാഹചര്യങ്ങളില്‍ ജനിച്ച മേരിചാണ്ടിയ്ക്ക് സഭാവസ്ത്രമണിയാനുള്ള മോഹം സാക്ഷാത്കരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. വീട്ടുകാര്‍ക്ക് മകളെ മഠത്തിലയയ്ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായെങ്കിലും തന്റെ ആഗ്രഹം ഉപേക്ഷിയ്ക്കാന്‍ അവര്‍ തയ്യാറായില്ല. പതിമൂന്നാം വയസ്സില്‍ കന്യാസ്ത്രീയാവാനുള്ള മോഹം കൊണ്ട് വീട് വിട്ടിറങ്ങി മഠത്തില്‍ ചേര്‍ന്നു. എന്നാല്‍ സര്‍വ്വ ആഡംബരങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനുള്ള ആഗ്രഹത്താല്‍ മഠത്തിലെത്തിയ തനിയ്ക്ക് അവിടെ നേരിടേണ്ടി വന്നത് തിക്താനുഭവങ്ങളാണെന്ന് സിസ്റ്റര്‍ പറയുന്നു.

    ReplyDelete
  7. പീഡനം കോണ്‍വെന്റുകളിലും പതിവോ?
    ഗ്രീഷ്മ വി ആര്‍
    ബുധന്‍, ഏപ്രില്‍ 18, 2012, 10:51 [IST]
    അശ്ലീല പുസ്തകങ്ങളില്‍ മുഖം പൂഴ്തിയിരിയ്ക്കുന്ന സന്യാസിനിമാരെ കണ്ട് മടുത്താണ് മേരി ചാണ്ടി സെമിനാരിയ്ക്കുള്ളിലെ ജീവിതം അവസാനിപ്പിച്ച് പുറത്തെ കലര്‍പ്പില്ലാത്ത വായു ശ്വസിയ്ക്കാന്‍ തീരുമാനിച്ചത്. രഹസ്യങ്ങള്‍ വിളിച്ചോതുന്ന ഒരു പുസ്തകം മേരി എഴുതിയിരിയ്ക്കുകയാണ്. 'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. ഇത് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനുമുന്നിലും ചോദ്യചിഹ്നമാണ്. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.

    അവശരേയും അനാഥരേയും സേവിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന മേരിയ്ക്ക് മഠത്തില്‍ ചേര്‍ന്നപ്പോള്‍ അളവറ്റ സന്തോഷം തോന്നിയത് സ്വാഭാവികം. പക്ഷേ കര്‍ത്താവിന്റെ മണവാട്ടിയായി മറ്റുള്ളവരുടെ കണ്ണീരൊപ്പി കഴിയാന്‍ ആഗ്രഹിച്ച അവരെ കാത്തിരുന്നത് നടുക്കുന്ന അനുഭവങ്ങളായിരുന്നു.

    കോഴിക്കോട്ടെ ചേവായൂര്‍ കോണ്‍വെന്റിലായിരുന്നപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിക്താനുഭവം നേരിടേണ്ടിവന്നതെന്ന് സിസ്റ്റര്‍ ഓര്‍മ്മിയ്ക്കുന്നു. അവിടെ കോണ്‍വെന്റില്‍ അച്ചന്‍മാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പതിവുണ്ടായിരുന്നു. ചിലപ്പോള്‍ അത് പള്ളിയിലേയ്ക്ക് കൊടുത്തയക്കും. ഊഴമനുസ്സരിച്ച് ഓരോ കന്യാസ്ത്രീകളും പാചകം ചെയ്യണം. അച്ചന്‍മാര്‍ക്ക് ഭക്ഷണം വിളമ്പണം.

    പാചകത്തില്‍ മോശമായതിനാല്‍ തന്റെ ഊഴം വരുമ്പോള്‍ പേടിയായിരുന്നു. ഭക്ഷണം മോശമാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും. എന്നാല്‍ പാചകത്തില്‍ സഹായിക്കാനോ വേണ്ട നിര്‍ദേശങ്ങള്‍ തരാനോ ആരും തയ്യാറാവില്ല. ഇതുപോലെ ഒരിക്കല്‍ ഒരു പുരോഹിതന് പ്രഭാതഭക്ഷണം വിളമ്പുകയായിരുന്നു. കൈകഴുകിയ ശേഷം അയാള്‍ മുറി കുറ്റിയിട്ടു. അതുകഴിഞ്ഞ് തന്നോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു.

    ഒരിരുപതുകാരിയെ ഭീതിയിലാഴ്ത്തുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. പേടി തോന്നിയതിനാല്‍ ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ തയ്യാറായില്ല. അച്ചന്‍ തീന്‍മേശയ്ക്കരികില്‍ നിന്ന് എഴുന്നേറ്റ് എന്റെയടുത്തു വന്നു. എന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടാനായി കയ്യില്‍ കിട്ടിയ സ്റ്റൂളു കൊണ്ട് അയാളെ അടിയ്‌ക്കേണ്ടി വന്നു.

    അച്ചന്റെ തലയില്‍ നിന്ന് രക്തമൊലിക്കുന്നത് കണ്ട് താന്‍ പുറത്തേയ്‌ക്കോടി മഠത്തിലുണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. എന്നാല്‍ അവരില്‍ നിന്ന് കുറ്റപ്പെടുത്തുന്ന സമീപനമാണുണ്ടായത്.
    മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന പുരോഹിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.

    ആ സംഭവത്തിന് ശേഷം ഞാന്‍ മറ്റുള്ളവരുടെ കണ്ണിലെ കരടായി മാറി. എന്നെയവര്‍ ഒറ്റപ്പെടുത്തി. ഭയങ്കരമായ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ് ഇതോടെ എനിയ്ക്ക് മനസ്സിലായി. തെറ്റിനെതിരെ പ്രതികരിക്കുക തന്റെ ശീലമാണെന്ന് സിസ്റ്റര്‍ പറയുന്നു. ഈ ശീലം മൂലമാണ് തിരുവസ്ത്രമണിഞ്ഞതിന് ശേഷം തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. എന്തായാലും പുരോഹിതന്‍മാര്‍ പറയുന്നത് കണ്ണുമടച്ച് അനുസരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മേരി ചാണ്ടി വ്യക്തമാക്കുന്നു.

    ReplyDelete
  8. ദൈവത്തിന്റെ മണവാട്ടിമാര്‍ എന്തേ ഇങ്ങനെ?
    ഗ്രീഷ്മ വി ആര്‍
    കര്‍ത്താവിന്റെ മണവാട്ടി പദം അലങ്കരിച്ച് പരിശുദ്ധ ജീവിതം നയിക്കാനാഗ്രഹിച്ച മേരി ചാണ്ടിയ്ക്ക് ഒടുവില്‍ തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടു. കന്യാസ്ത്രീ മഠത്തിന്റെ അകത്തള രഹസ്യങ്ങള്‍ നാലു ചുമരുകള്‍ വിട്ടു പുറത്തു പോകാറില്ല. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് സിസ്റ്റര്‍ ജെസ്മിയിലൂടെ പുറംലോകം അവിടെ നടക്കുന്നതെന്തന്നറിഞ്ഞു. ഇപ്പോഴിതാ മറ്റൊരു കന്യാസ്ത്രീ കൂടി സഭയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സഭയ്ക്കുള്ളിലെ രഹസ്യങ്ങള്‍ വിളിച്ചോതുന്ന 'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. ഇത് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനുമുന്നിലും ചോദ്യചിഹ്നമാണ്. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.

    മഠത്തിലെ കന്യാസ്ത്രീകളില്‍ ചിലര്‍ മണിക്കൂറുകളോളം കതകു കുറ്റിയിട്ട് മുറിയ്ക്കുള്ളില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ സിസ്റ്റര്‍ പറയുന്നു. ''ഒരിക്കല്‍ ഇവരില്‍ ഒരാള്‍ അശ്ലീല ചിത്രങ്ങളുള്ള മാസിക വായിക്കുന്നതു കണ്ടു. ഭൗതിക ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് സഭാവസ്ത്രം ധരിച്ചവര്‍ക്ക് അത്തരമൊരു മാസിക എങ്ങനെ തൊടാന്‍ കഴിയും എന്നു ഞാന്‍ ചിന്തിച്ചു. ഇത്തരം പുസ്തകങ്ങള്‍ വായിക്കരുതെന്ന് ഞാന്‍ അവര്‍ക്ക് താക്കീത് നല്‍കി. ഞാനിക്കാര്യം ആരോടും പറയില്ലെന്നും ഉറപ്പു നല്‍കി. എന്നാല്‍ ഇത്തരം മാസികകള്‍ അവര്‍ക്ക് നല്‍കുന്നത് ആരാണെന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.''

    മഠത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ തമ്മില്‍ കുറേനേരം സംസാരിച്ചു നിന്നാല്‍ ചിലര്‍ അതൊരു കുറ്റമായി കണക്കാക്കും. എന്നാല്‍ പുറത്തു നിന്ന് വന്ന പുരുഷന്‍മാര്‍ മഠത്തിലെ സ്ത്രീകളുമായി എത്ര നേരം സംസാരിച്ചാലും അതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ല. മഠത്തിന് അത് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ഇതെ കുറിച്ച് മദറിനോട് പലവട്ടം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

    കന്യാസ്ത്രീ ജീവിതത്തിനിടയില്‍ താന്‍ നിന്ന ഒരു മഠത്തിനോടു ചേര്‍ന്ന് പള്ളിവക ഒരാശുപത്രി കൂടിയുണ്ടായിരുന്നു. ആ ആശുപത്രിയിലെ ഒരു ഡോക്ടറും മഠത്തിലെ കന്യാസ്ത്രീകളിലൊരാളും തമ്മില്‍ പ്രണയത്തിലാണെന്ന് ഞാനറിഞ്ഞു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച സമയത്ത് ഡോക്ടറെ കാണാനുണ്ടായിരുന്നില്ല. ഞങ്ങള്‍ കന്യാസ്ത്രീകള്‍ ഡോക്ടറെ ആശുപത്രിയില്‍ മുഴുവന്‍ തിരക്കി.

    ഡോക്ടറും കന്യാസ്ത്രീയുമായുള്ള ബന്ധത്തെ കുറിച്ചറിയുന്നതിനാല്‍ ഇരുവരും ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. തിരച്ചിലിനൊടുവില്‍ ഇരുവരേയും അടച്ചിട്ട ഒരു മുറിയ്ക്കുള്ളില്‍ ഞാന്‍ കണ്ടെത്തി. ഇക്കാര്യം മദറിനെ അറിയിച്ചെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല. എന്നെ കൊല്ലുമെന്ന് ആ ഡോക്ടര്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഇരുവരും മഠം വിടുകയും വിവാഹം കഴിക്കുകയും ചെയ്തു. മഠത്തില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് അനുഭവങ്ങളില്‍ നിന്ന് പഠിച്ചു.

    ReplyDelete
  9. കന്യാസ്ത്രീകള്‍ മഠത്തിനുള്ളില്‍ സുരക്ഷിതരല്ല: മേരി
    ഗ്രീഷ്മ വി ആര്‍
    നന്‍മ നിറഞ്ഞവളേ സ്വസ്തി ഒരു തുറന്നു പറച്ചിലാണ്. നാല്‍പ്പതു വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തിനിടയില്‍ തനിക്കുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സിസ്റ്റര്‍ മേരി ചാണ്ടി ഈ പുസ്തകത്തിലൂടെ. സിസ്റ്ററുടെ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തിന് അവഗണിക്കാനാവില്ല. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.

    കന്യാസ്ത്രീകള്‍ മഠത്തിനകത്ത് ഒരിയ്ക്കലും സുരക്ഷിതരല്ലെന്നാണ് മേരി ചാണ്ടി പറയുന്നത്. അവരുടെ ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ അവരില്‍ ചിലര്‍ തന്നെയാണ്. ഒരിക്കല്‍ എന്നെ വന്നു കണ്ട രണ്ടു പേര്‍ക്ക് അറിയേണ്ടിയിരുന്നത് ചില സിനിമകളുടെ കഥകളായിരുന്നു. എന്നാല്‍ സിനിമ കാണാറില്ലെന്ന് ഞാന്‍ അറിയിച്ചു. അവര്‍ക്ക് അത്ഭുതം.

    മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വാ എന്നെന്നേയ്ക്കുമായി അടപ്പിക്കാനാണ് സഭ ശ്രമിക്കുക എന്നതാണ് തന്റെ അനുഭവമെന്ന് സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു. നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ച അവര്‍ക്ക് മഠത്തില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കാനാവുമായിരുന്നില്ല.

    ചില സിസ്റ്റര്‍മാരും അച്ചന്‍മാരും തീയേറ്ററില്‍ ഇരുന്ന് കാണിക്കുന്നതൊക്കെ സിസ്റ്റര്‍ ഒന്നു കാണേണ്ടതു തന്നെയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇത്തരത്തില്‍ ഒരു ചീത്തപ്പേര് അവര്‍ ചോദിച്ചു വാങ്ങുകയാണ്. ഒന്നോ രണ്ടോ പേരുടെ പ്രവൃത്തികള്‍ മൂലം സഭയ്ക്ക് മുഴുവന്‍ ദുഷ്‌പേരുണ്ടാകുന്നു.

    സഭയ്ക്ക് ധാരാളം ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശരിയായ വിധത്തില്‍ വിനിയോഗിക്കപ്പെടുന്നില്ല. അര്‍ഹതപ്പെട്ടവരെ സഹായിക്കാനാവണം ഈ പണം ചെലവഴിക്കേണ്ടത്. അതിന് പകരം ചില പുരോഹിതന്‍മാരും കന്യാസ്ത്രീകളും ഈ പണമുപയോഗിച്ച് സുഖ ജീവിതം നയിക്കുകയാണ്.

    ''ഒരു സാധാരണ മനുഷ്യനാണ് ഇത്തരത്തില്‍ സുഖിച്ച് ജീവിക്കുന്നതെങ്കില്‍ ക്ഷമിക്കാം. എന്നാല്‍ സഭാവസ്ത്രം ധരിച്ചവര്‍, സകല സുഖങ്ങളും ഉപേക്ഷിച്ചവര്‍ ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പണം കവര്‍ന്നെടുക്കുന്നതിനെ എങ്ങനെ നീതീകരിക്കാനാവും?'' സിസ്റ്റര്‍ ചോദിക്കുന്നു.

    സഭയുടെ പ്രവര്‍ത്തനം സുതാര്യമല്ല. അവിടെയെന്തു നടക്കുന്നുവെന്നത് പുറംലോകത്തിനറിയില്ല. സഭയിലെ ചിലര്‍ ചെയ്ത കുറ്റങ്ങളെ മറയ്ക്കാനും ഈ പണം ഉപയോഗിക്കുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കു കണക്കിന് പണമാണ് നല്‍കിയതെന്നും സിസ്റ്റര്‍ മേരി പറയുന്നു.

    അഭയയുടെ മരണം ആത്മഹത്യയല്ല മറിച്ച് ആസൂത്രിതമായ ഒരു കൊലപാതകം തന്നെയാവുമെന്നാണ് മേരിചാണ്ടിയുടെ അഭിപ്രായം. തിരുവനന്തപുരത്ത് ഒരു കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. സഭയിലെ ചിലരുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവരുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കിണറ്റിലോ വാട്ടര്‍ ടാങ്കിലോ കാണപ്പെടുമെന്നും സിസ്റ്റര്‍ പറയുന്നു.

    മഠത്തിലുള്ളവരുടെ തെറ്റായ ചെയ്തികളുടെ പേരില്‍ നിരന്തരം പരാതിപ്പെടുന്നതിനാല്‍ ചിലര്‍ക്ക് താനൊരു തലവേദനയായിരുന്നു. ഒടുവില്‍ തന്നേയും തീര്‍ത്തുകളയാന്‍ അവര്‍ പദ്ധതിയിട്ടു. അക്കാലത്ത് കോഴിക്കോടുള്ള മഠത്തിലായിരുന്നു. സിസ്റ്ററിനെ കൊല്ലാനാണ് തീരുമാനമെന്ന് ഒരാള്‍ എന്നെ അറിയിച്ചു. ഏതുവിധേനയും അവിടെ നിന്ന് രക്ഷപെടണമെന്നും അയാള്‍ പറഞ്ഞു.

    ReplyDelete
  10. മഠത്തില്‍ നിന്നും രക്ഷപെട്ടത് ആണ്‍വേഷത്തില്‍
    ഗ്രീഷ്മ വി ആര്‍
    ഏറെ മോഹിച്ച് സഭാവസ്ത്രമണിഞ്ഞ സിസ്റ്റര്‍ മേരി ആഗ്രഹിച്ചതു പോലൊരു ജീവിതമായിരുന്നില്ല മഠത്തിലേത്. അനാഥരേയും അവശരേയും സേവിക്കുക എന്ന ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാനായി ഒടുവില്‍ അവര്‍ക്ക് മഠം വിട്ടു പോരേണ്ടി വന്നു. സിസ്റ്റര്‍ മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു

    മഠത്തില്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന ഘട്ടം വന്നപ്പോള്‍ അവിടെ നിന്ന് ഒളിച്ചോടുകയല്ലാതെ മറ്റുമാര്‍ഗ്ഗമുണ്ടായിരുന്നില്ല. കോഴിക്കോട് ചേവായൂര്‍ കോണ്‍വെന്റില്‍ നിന്നിരുന്ന സമയം. അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ പയ്യന്‍ മഠത്തില്‍ രാത്രി വൈകുവോളവും നിന്ന് സംസാരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തിനാണ് അന്യപുരുഷന്‍മാരെ രാത്രിവൈകുവോളം മഠത്തില്‍ കഴിയാന്‍ അനുവദിക്കുന്നതെന്ന് ചോദിച്ചു. ഇതിനെ ചൊല്ലി മറ്റു സിസ്റ്റര്‍മാരുമായി വഴക്കുണ്ടായി.

    മഠത്തിലെ കന്യാസ്ത്രീകള്‍ മറ്റു സ്ത്രീകളുമായി അല്പം കൂടുതല്‍ സമയം സംസാരിച്ചാലുടന്‍ വാളെടുക്കുന്ന ഇവര്‍ എന്തുകൊണ്ട് രാപകല്‍ ഭേദമേന്യ പുരുഷന്‍മാര്‍ മഠത്തില്‍ വരുന്നതിനെ ചോദ്യം ചെയ്യുന്നില്ല എന്ന് സിസ്റ്റര്‍ ചോദിക്കുന്നു. കോണ്‍വെന്റില്‍ നടന്ന പല തെറ്റായ പ്രവര്‍ത്തികളേയും താന്‍ ചോദ്യം ചെയ്തിട്ടുണ്ട്.

    സ്വഭാവികമായും സഭയ്ക്ക് തന്നോട് ദേഷ്യം തോന്നാം. ഒടുവില്‍ തന്നെ കൊല്ലാനാണ് തീരുമാനമെന്നറിഞ്ഞു. മഠത്തില്‍ നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. താന്‍ ആഗ്രഹിച്ചിരുന്ന പോലെ മറ്റുള്ളവരെ സേവിച്ച് അവരുടെ കണ്ണീരൊപ്പാന്‍ കഴിയുന്ന ഒരു ജീവിതമായിരുന്നില്ല അവിടത്തേത്. മരിക്കാനും തയ്യാറായിരുന്നില്ല. അന്നു രാത്രി തന്നെ മഠത്തില്‍ നിന്ന് പോരാന്‍ തീരുമാനിച്ചു.

    രാത്രിയില്‍ ഒറ്റയ്‌ക്കൊരു സ്ത്രീ അതും കന്യാസ്ത്രീ വേഷത്തില്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നി. അതുകൊണ്ട് അടുത്തുള്ള വീട്ടിലുണ്ടായിരുന്ന ആളോട് ഷര്‍ട്ടും പാന്റും വാങ്ങി ധരിച്ചാണ് മഠത്തില്‍ നിന്ന് പുറത്തു കടന്നത്. തുടര്‍ന്ന് രണ്ടു ദിവസം മെഡിക്കല്‍ കോളേജിനടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തങ്ങി.

    ഇതിനിടയില്‍ സിസ്റ്റര്‍ മരിച്ചുവെന്നായിരുന്നു മഠത്തിലെ സംസാരം. കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്നു വരെ പലരും പറഞ്ഞു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ അകന്ന ബന്ധുവിന്റെ വീട്ടിലെത്തി. എന്തായാലും പാലായിലേയ്ക്ക് തിരിച്ചു പോകാന്‍ കഴിയില്ല. മഠത്തില്‍ നിന്ന് ചാടിപ്പോന്ന ഒരാളെ ബന്ധുക്കളാരും സംരക്ഷിക്കില്ല. എന്നാല്‍ അപ്പോഴും അനാഥ മക്കളുടെ അമ്മയാവണമെന്ന ആഗ്രഹം തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നു.

    അനാഥമന്ദിരം തുടങ്ങുന്നതിനെ കുറിച്ചാലോചിച്ചു. വയനാട്ടിലെ കല്ലോടി പളളിയില്‍ അന്നുണ്ടായിരുന്ന അച്ചനെ തനിക്ക് പരിചയമുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്നു അദ്ദേഹം. അച്ചനെ കാണാനായി വയനാട്ടിലെത്തി. അച്ചനെ കാണാന്‍ സാധിച്ചില്ലെങ്കിലും വയനാട്ടില്‍ അനാഥ മക്കളെ സംരക്ഷിക്കാനായി പാണ്ടിക്കടവില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ സാധിച്ചു.

    പാണ്ടിക്കടവില്‍ നിന്ന് വയനാട്ടിലെ വിവിധസ്ഥലങ്ങളിലേയ്ക്ക് മാറേണ്ടി വന്നിട്ടും ശാന്തിസദനില്ലാതൊരു ജീവിതം സിസ്റ്റര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അനാഥമക്കളെ സംരക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ട സിസ്റ്റര്‍ക്ക് ഇതിനോടകം പലതവണ കോടതി കയറിയിറങ്ങേണ്ടതായും വന്നു.

    ReplyDelete
  11. രാഷ്ട്രീയ നേതാവും വഞ്ചിച്ചു: സിസ്റ്റര്‍ മേരി
    ഗ്രീഷ്മ വി ആര്‍
    അനാഥ മക്കളെ പോറ്റാനായി 'ശാന്തിസദന്‍' തുടങ്ങിയപ്പോള്‍ തന്റെ ജീവിത ലക്ഷ്യം സാക്ഷാത്കരിച്ച സംതൃപ്തിയായിരുന്നു. എന്നാല്‍ ഒറ്റയ്്‌ക്കൊരു അനാഥ മന്ദിരം നടത്തുക അത്ര എളുപ്പമായിരുന്നില്ല. ഒട്ടേറെ കയ്പ്പു നിറഞ്ഞ അനുഭവങ്ങള്‍ അവിടേയും സിസ്റ്ററെ കാത്തിരുന്നു. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.

    സഭാവസ്ത്രം ഉപേക്ഷിച്ച് അനാഥ കുട്ടികളെ സംരക്ഷിച്ച് ശിഷ്ടകാലം കഴിച്ചു കൂട്ടാനാഗ്രഹിച്ച സിസ്റ്റര്‍ക്ക് നേരിടേണ്ടി വന്നത് പുതിയ വെല്ലുവിളികളാണ്. വയനാട്ടില്‍ അനാഥ മന്ദിരം തുടങ്ങിയെങ്കിലും അവരെ പട്ടിണി കൂടാതെ പരിപാലിക്കാന്‍ സിസ്റ്റര്‍ നന്നേ പാടുപെട്ടു.

    ഓരോ ദിവസത്തേയും ഭക്ഷണത്തിനായി താന്‍ ശരിക്കും മറ്റുള്ളവരോട് യാചിക്കുകയായിരുന്നു. ഒരിക്കല്‍ പുല്‍പ്പള്ളി ആനപ്പാറയില്‍ രണ്ട് വൃദ്ധ സഹോദരിമാരെ കണ്ടുമുട്ടി. ആരും നോക്കാനില്ലാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന അവരെ കണ്ടപ്പോള്‍ മനസ്സലിഞ്ഞു. അന്ന് ലഭിച്ച അരി കൊണ്ട് അവര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കി. ശാന്തിസദനിലേയ്ക്ക് ക്ഷണിച്ചു.

    അവരുടെ പേരില്‍ രണ്ടേക്കര്‍ ഭൂമിയുണ്ടായിരുന്നു. അത് ശാന്തിസദന്റെ പേരില്‍ എഴുതി തരാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. അനാഥ മന്ദിരത്തിന് അന്ന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വൃദ്ധ സഹോദരിമാര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ക്കും സന്തോഷം.

    അങ്ങനെ അവരുടെ വീട് സിസ്റ്റര്‍ മുന്‍കൈയെടുത്ത് നന്നാക്കി. ഇതിനായി ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചു. എന്നാല്‍ ഇതിനിടയില്‍ വൃദ്ധ സഹോദരിമാരുടെ അകന്ന ബന്ധുവായ രാഷ്ട്രീയ നേതാവ് എതിര്‍പ്പുമായി രംഗത്തെത്തി. സിസ്റ്റര്‍ വൃദ്ധ സഹോദരിമാരെ മയക്കിയെടുത്ത് ഭൂമി സ്വന്തമാക്കിയെന്നായിരുന്നു ആരോപണം.

    സിസ്റ്റര്‍ക്ക് വയനാട്ടില്‍ ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും അനാഥമന്ദിരത്തിന്റെ മറവില്‍ വന്‍ തട്ടിപ്പു നടത്തുകയാണെന്നും ഇയാള്‍ പറഞ്ഞു പരത്തി. പുല്‍പ്പള്ളിയില്‍ റോഡരികിലെ കണ്ണായസ്ഥലത്തുള്ള ഭൂമിയില്‍ നേതാവിനും ഒരു കണ്ണുണ്ടായിരുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. സിസ്റ്റര്‍ തട്ടിപ്പുകാരിയാണെന്ന് തെളിഞ്ഞ് ഭൂമി കൈമാറിയത് കോടതി റദ്ദാക്കിയാല്‍ തനിക്കു മെച്ചമുണ്ടാകുമെന്ന് അയാളും കണക്കു കൂട്ടി. വൃദ്ധ സ്ത്രീകളുടെ മക്കളും മറ്റു ബന്ധുക്കളും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. അതോടെ സിസ്റ്റര്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്ന് വിഷയം കോടതിയിലെത്തി.

    തന്റെ പേരില്‍ ഭൂമിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശാന്തിസദന്റെ പേരിലാണ് ഭൂമിയെന്നും സിസ്റ്റര്‍ കോടതിയെ അറിയിച്ചു. കേസില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വീടുപണിയാനായി ചെലവഴിച്ച തുക മടക്കി നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ തന്റെ പേരില്‍ കേസു കൊടുക്കാന്‍ ഉത്സാഹിച്ച രാഷ്ട്രീയ നേതാവ് പണം മടക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല.

    ഒടുവില്‍ സ്ഥലം ലേലത്തിന് വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അല്പം ബുദ്ധിമുട്ടിയെങ്കിലും പണം തിരികെ ലഭിച്ചു. ആ പണവും ശാന്തിസദന്റെ പേരിലാണ് നിക്ഷേപിച്ചതെന്ന് പറഞ്ഞ സിസ്റ്റര്‍ തന്റെ പേരില്‍ ഒറ്റ ബാങ്ക് അക്കൗണ്ട് പോലുമില്ലെന്നും വ്യക്തമാക്കി. ''എന്റെ സ്വത്ത് അനാഥ മന്ദിരത്തിലെ കുട്ടികളാണ്. അവരുടെ പേരിലാണ് എന്റെ സമ്പാദ്യമത്രയും'' സിസ്റ്റര്‍ പറയുന്നു.

    ഭൂമി തന്റെ കയ്യില്‍ നിന്നു തിരികെ വാങ്ങിച്ച വൃദ്ധ സഹോദരിമാരുടെ മക്കളൊന്നും പിന്നീടവരെ തിരിഞ്ഞു നോക്കിയില്ലെന്നും സിസ്റ്റര്‍ ഓര്‍മ്മിക്കുന്നു. അവരില്‍ ഒരാള്‍ മരിച്ചു. മറ്റേയാള്‍ ഇപ്പോഴും നരകയാതന അനുഭവിച്ച് കഴിയുകയാണെന്നും സിസ്റ്റര്‍ ദുഖത്തോടെ പറഞ്ഞു.

    അനാഥ മന്ദിരം നല്ല നിലയില്‍ കൊണ്ടു പോകാന്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ച സിസ്റ്റര്‍ക്ക് താന്‍ വളര്‍ത്തി വലുതാക്കിയ കുട്ടികളില്‍ പലരും നല്ല നിലയില്‍ എത്തിക്കാണുമ്പോള്‍ സന്തോഷമാണ്. അവരില്‍ പലരും വന്ന വഴി മറക്കാത്തവരാണ്. അതുകൊണ്ടു തന്നെ അനാഥ മന്ദിരത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ മടിക്കാറുമില്ല. ഇത്തരത്തില്‍ പലരും സഹായിക്കാനുള്ളതു കൊണ്ടാണ് ശാന്തിഭവന്‍ ഇന്ന് നിലനിന്നു പോവുന്നതെന്നും സിസ്റ്റര്‍ പറയുന്നു.

    ReplyDelete
  12. ക്രൂശിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും
    ഗ്രീഷ്മ വി ആര്‍
    യേശുവിന്റെ മണവാട്ടിയായി സമൂഹസേവനം നടത്തുക എന്ന ലക്ഷ്യത്തോടെ മഠത്തിലെത്തിയ സിസ്റ്റര്‍ മേരി ചാണ്ടിയ്ക്ക് അതിന് സാധിച്ചില്ല. ഒപ്പം തെറ്റിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ സഭയിലെ ചിലരുടെ അപ്രീതിയ്ക്ക് പാത്രമാവേണ്ടിയും വന്നു. ഒറ്റപ്പെടുത്തലുകളില്‍ അവര്‍ തളര്‍ന്നില്ല. മഠം വിട്ട ശേഷം ലൗകിക സുഖങ്ങള്‍ തേടി പോയതുമില്ല. പകരം ശാന്തിസദനിലെ കുഞ്ഞുങ്ങളുടെ അമ്മയാവാനായി തന്റെ ജീവിതം നീക്കി വയ്ക്കുകയായിരുന്നു. സിസ്റ്റര്‍ മേരി ചാണ്ടിയുമായുള്ള അഭിമുഖം അവസാന ഭാഗം

    ഇതിനോടകം തന്നെ സഭയില്‍ നിന്ന്‌ സിസ്റ്റര്‍ മേരിയ്ക്ക് ഒട്ടേറെ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് യേശുവില്‍ വിശ്വാസിച്ച് ജീവിച്ച തന്നെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ പോലും ഒരു കൂട്ടം പുരോഹിതന്‍മാര്‍ ശ്രമിച്ചു. അനാഥ മന്ദിരം നടത്തുന്നതില്‍ സഭയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ത്രീ അനാഥ മന്ദിരം നടത്തിയാല്‍ അതെങ്ങനെ ഒരു കുറ്റമാവുമെന്ന്‌ സിസ്റ്റര്‍ ചോദിക്കുന്നു. എന്നാല്‍ സഭയിലെ ചിലരുടെ കണ്ണില്‍ ഇതൊരു തെറ്റായിരുന്നു.

    അതു കൊണ്ടു തന്നെ അവരില്‍ ചിലര്‍ അനാഥമന്ദിരം രൂപതയുടെ പേരില്‍ എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ''രൂപതയ്ക്ക് അനാഥ മന്ദിരം എഴുതി കൊടുത്ത ശേഷം സിസ്റ്റര്‍ക്ക് വേണമെങ്കില്‍ അവിടെ നിന്ന് കുട്ടികളെ പരിപാലിക്കാമെന്നായിരുന്നു'' അവരുടെ നിലപാട്. ഇതിന് താന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഒറ്റപ്പെടുത്താനായി ശ്രമം. മേരി ചാണ്ടിയെ പള്ളിയില്‍ കയറ്റരുതെന്നും അവരുമായി സഹകരിക്കരുതെന്നും അറിയിച്ച് എല്ലാ പള്ളികളിലും ഇടയലേഖനം വായിച്ചു.

    മാനസികമായി തന്നെ തളര്‍ത്തുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാല്‍ പള്ളിയില്‍ കയറരുതെന്ന് വിലക്കിയവര്‍ക്ക് താന്‍ ചുട്ട മറുപടി കൊടുത്തുവെന്ന് സിസ്റ്റര്‍. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും അനാഥ മന്ദിരം ഉപേക്ഷിക്കില്ലെന്ന് മനസ്സില്‍ ഉറച്ച തീരുമാനമെടുത്തു.

    ''നന്‍മ നിറഞ്ഞവളേ സ്വസ്തി'' ചില ഏടുകള്‍ മാത്രമാണ്. സഭയില്‍ നിന്ന് നേരിട്ട തിക്താനുഭവങ്ങളുടെ ഒരു ഭാഗം മാത്രമേ അതില്‍ വിവരിക്കുന്നുള്ളൂ. ഈ പുസ്തകം പുറത്തിറക്കുന്നതിലൂടെ ഒരു വിവാദം ഉണ്ടാക്കണമെന്നോ ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്നോ ആഗ്രഹിച്ചിട്ടില്ല. ശാന്തിഭവനില്‍ അനാഥ കുഞ്ഞുങ്ങളുമൊത്ത് സ്വസ്ഥമായി കഴിയണമെന്നു മാത്രമേ ആഗ്രഹമുള്ളൂ.

    എന്നാല്‍ പുസ്തകം പുറത്തിറങ്ങിയതിന് ശേഷം സഭ വീണ്ടും തനിക്കെതിരെ തിരിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. താന്‍ അനുഭവിച്ച പീഡാനുഭവങ്ങളുടെ നേര്‍ചിത്രം പൊതുജനങ്ങളെ അറിയിക്കും. സഭാവസ്ത്രമുപേക്ഷിച്ച് വയനാട്ടില്‍ വന്നതിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഒരു പുസ്തകമെഴുതാനും സിസ്റ്റര്‍ക്ക് പദ്ധതിയുണ്ട്.

    ''ആര്‍ക്കെതിരേയും പരാതി നല്‍കാനില്ല. അതിന്റെ പേരില്‍ കോടതി കയറിയിറങ്ങിയാല്‍ എന്റെ മക്കള്‍ പട്ടിണിയാവും. എന്നാല്‍ ഒരു തരത്തിലും ജീവിക്കാനനുവദിക്കില്ലെന്ന് വന്നാല്‍ പ്രതികരിക്കുകയല്ലാതെ മറ്റു വഴിയില്ല'' സിസ്റ്റര്‍ മേരി പറയുന്നു. ഈ ഭീഷണിയുടെ സ്വരത്തിലുളള മുന്നറിയിപ്പിനെ സഭ എങ്ങനെ കാണുമെന്ന് കണ്ടറിയണം.

    ഒറ്റയ്‌ക്കൊരു അനാഥ മന്ദിരം നടത്തിക്കൊണ്ടു പോവുന്നതിന്റെ ബുദ്ധിമുട്ടുകള്‍ സിസ്റ്റര്‍ മേരി നന്നായി മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ തിരുവസ്ത്രത്തിന്റെ വിശുദ്ധി ഇപ്പോഴും മനസ്സില്‍ ബാക്കിനില്‍ക്കുന്നതു കൊണ്ടുതന്നെ പ്രതിസന്ധികളെ അതിജീവിയ്ക്കാനാവുമെന്നാണ് അവരുടെ വിശ്വാസം.

    ശാന്തിസദനിലെ അനാഥ കുഞ്ഞുങ്ങളെ സഹായിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ അക്കൗണ്ട് നമ്പറിലേയ്ക്ക് പണമയക്കാം

    BANK A\C NO: IFSC CODE:- CNRB-OOOO863-A\CNO:0863101028424

    SISTER MARY- CANARA BANK PULPALLY.

    ReplyDelete