Translate

Wednesday, August 15, 2012

ആര്‍ക്കാ പവറ് കൂടുതല്‍?

ഇച്ചു അയ്യപ്പനെ ആരാണ്ട് തല്ലിയെന്നുള്ള വാര്‍ത്തയാണ് മാത്തന്‍ ഏറ്റപ്പോഴേ കേട്ടത്. കാര്യം അവനൊരു കൊള്ളരുതാത്തവന്‍ ആണെങ്കിലും അവനെ ചുമ്മാ തല്ലുന്നത്‌ അത്ര ശരിയല്ലല്ലോയെന്നോര്‍ത്തു. ഒന്നുമില്ലെങ്കിലും ഒരു മനുഷ്യനല്ലേ? ഓര്‍ത്തത് ആരോടും പറഞ്ഞില്ല, കാരണം അതാരും വിശ്വസിക്കാന്‍ പോവുന്നില്ലെന്ന് മാത്തന്  നന്നായി അറിയാമായിരുന്നു.  അന്ന് ഒരു ഹര്‍ത്താലിന്‍റെ വൈകിട്ട്, 'കാര' ഷാപ്പ്‌ (ഞങ്ങടെ ഷാപ്പിനു നാട്ടുകാര്‍ ഇട്ട പേരാണത്; എപ്പോ കുടിച്ചാലും, എന്ത് കുടിച്ചാലും കാരത്തിന്റെ രുചിയുണ്ടെന്നാണ് പൊതു സംസാരം) ഫുള്‍ ആയിരുന്നു. ഇച്ചു അയ്യപ്പന്‍ അവിടിരുന്ന്, അയ്യപ്പ സ്തുതി പാടി. ഞാന്‍ 'വാവാ യേശു നാഥാ' പാടി. അത് തെറിയിലും പൂരപ്പാട്ടിലും അവസാനിച്ചു. അന്ന് എല്ലാവരും കേള്‍ക്കെ ഷാപ്പിന്‍റെ ആനവാതിലില്‍  തൊട്ടു മാത്തന്‍ സത്യം ചെയ്തു - ഇച്ചു അയ്യപ്പന്‍റെ ചോര കാണാതെ ഞാനിനി ഒരു തുള്ളി കുടിക്കില്ല. ഇതൊക്കെ നാട്ടുകാര്‍ക്ക് മുഴുവന്‍ മന: പാഠം ആയതുകൊണ്ടാണ്‌ മാത്തനെ ആരും വിശ്വസിക്കില്ലെന്ന് മാത്തന്‍ കരുതിയത്‌. 

പ്രതിജ്ഞയുടെ കഥ മാത്തന്‍ അയവിറക്കി. പ്രതിജ്ഞയുടെ പിറ്റേന്ന് നേരം വെളുത്തപ്പം തലേന്നത്തെ പ്രതിജ്ഞയുടെ കാര്യം മാത്തന് ഓര്‍മ്മ വന്നു.  ഇനി കുടിക്കുന്നാത് ആരേലും കണ്ടാല്‍ മൊത്തം ക്രിസ്ത്യാനികള്‍ക്ക് അപമാനം ആകുമെന്ന് ഉറപ്പായിരുന്നു. രണ്ടു ദിവസം ഒരു തുള്ളി പോലും തൊടാതെ ഇരുന്നു... ആ രണ്ടു ദിവസവും മാത്തന്റെ ടെന്‍ഷന്‍ വിവരിക്കാന്‍ പ്രയാസം... തൊട്ടു - തൊട്ടില്ലാ എന്നായിട്ടും മാത്തന്‍ വിട്ടുകൊടുത്തില്ല... പക്ഷെ ഇത് അത്ര നിസ്സാരമല്ല എന്ന് മനസ്സിലായപ്പോള്‍ ഊട്ടിക്കു ഓട്ടം പോവുകയാണെന്ന് നാട്ടുകാരോട് പറഞ്ഞിട്ട് അന്നദായകനായ അംബാസടര്‍ കാറുമെടുത്തു ഒറ്റ പോക്ക് പോയി  പോട്ടക്ക്. പറയുന്നത് കള്ളമാകരുതല്ലോയെന്നു കരുതി വിട്ടുകാരത്തിയോട് 'ട്ടാ' എന്ന് മാത്രം കേള്‍ക്കുന്നതുപോലെയെ സ്ഥലപ്പെരു പറഞ്ഞുള്ളൂ.  

അവിടെ മൂന്നു ദിവസം 'യേശുവേ സ്തോത്രം' ചൊല്ലി കഴിഞ്ഞപ്പോള്‍, കുടി നിന്ന് പോയി എന്ന് മാത്തന് തോന്നി. അപ്പോഴേ നാട്ടിലേക്ക് മുങ്ങുകയും ചെയ്തു (അച്ചന്മാര്‍ ഇപ്പോഴും അന്വേഷിക്കുന്നുണ്ടായിരിക്കാം). തിരിച്ചു വന്നപ്പോള്‍ സംഗതി നാട്ടില്‍ പാട്ടായിക്കഴിഞ്ഞിരുന്നു. തലേ ധ്യാനം കഴിഞ്ഞു മടങ്ങിയ ആരോ മാത്തനെ അവിടെ കണ്ടതാണ് പ്രശ്നമായത്‌... .

മാത്തന്‍ പോട്ടക്ക് പോയി കുടി നിര്‍ത്തിയത്, ഇച്ചുവിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ധര്‍മ്മ ശാസ്താവിനേക്കാള്‍ പവറുള്ള കര്‍ത്താവോ?  ഇച്ചു അയ്യപ്പനും പിറ്റേന്നു തന്നെ വണ്ടന്മേട്ടില്‍ കൂപ്പിലെക്കാണെന്നു പറഞ്ഞു മഴുവുമെടുത്തു പൊതിഞ്ഞുകെട്ടി നേരെ വിട്ടു  ശബരിമലക്ക്. ഭാഗ്യത്തിന് നടതുറക്കാന്‍ ഒരാഴ്ച കൂടിയെയുണ്ടായിരുന്നുള്ളൂ. പതിനെട്ടാം പടിക്ക് താഴെ പാണ്ടിതാവളത്തില്‍ നാല് ദിവസം കാത്തിരുന്നു. കൈയ്യിലെ കാശ് തിര്ന്നപ്പോ ഇച്ചു അയ്യപ്പനും തോന്നി കുടി നിന്ന് പോയെന്നു. അങ്ങിനെ  ഇച്ചു അയ്യപ്പനും നാട്ടിലെത്തി. എല്ലാം കഴിഞ്ഞു ഒരാഴ്ച കഷ്ടിച്ചേ ആയിരുന്നുള്ളൂ. 

മെയിന്‍ റോഡിലിറങ്ങി ദാമോദരന്റെ മാടക്കടയിലേക്ക് നടന്നു. അവിടെ പുറം തിരിഞ്ഞു നിന്നാല്‍ മാത്രം മതിയായിരുന്നു നാട്ടില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും അറിയാന്‍...ഇച്ചു അയ്യപ്പന്‍ നിലാവത്ത് ഒരു പനയില്‍ കേറി കട്ട്കുടിച്ചതിനാണ് ചെത്തുകാര്‍ തല്ലിയതെന്നറിഞ്ഞു. 'ഇതങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ'
മാത്തന്‍ വിട്ടില്‍ ചെന്ന് ഡ്രസ്സ്‌ മാറി കാറുമെടുത്തു നേരെ ഗവ. ആസ്പത്രിയിലേക്ക് പോയി. ഇച്ചു അയ്യപ്പന്‍റെ ദയനിയമായ മുഖം കണ്ടപ്പോള്‍ സങ്കടം തോന്നി മാത്തന്.  
പ്ലാസ്ടറില്‍ പൊതിഞ്ഞു വെച്ചിരുന്ന ഇച്ചു  അയ്യപ്പന്‍റെ  വലം കൈയ്യ് ഇരു കൈകളിലും  എടുത്തു കൊണ്ട് മാത്തന്‍ പറഞ്ഞു,
"സാരമില്ല...  നാളെ നമുക്ക് ഷാപ്പില്‍ കാണാം." 
''കാണാം" ഇച്ചു അയ്യപ്പനും പറഞ്ഞു. 
ആര്‍ക്കാ പവറ് കൂടുതലെന്ന് രണ്ടു പേര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ലപ്പോള്‍..

No comments:

Post a Comment