Translate

Thursday, September 27, 2012

ഡി. പങ്കജാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് 2012 ശ്രീ. ജോയി മുതുകാട്ടിലിന്


അവാര്‍ഡ് ദാനത്തോടൊപ്പം  മാനുഷികധ്യാന പരിശീലന വും 


പൂഞ്ഞാര്‍ ഭൂമികയുടെ ആഭിമുഖ്യത്തിലുള്ള ഡി. പങ്കജാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ്2012 കോട്ടയം ജില്ലയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മീനച്ചില്‍ നദീ സംരക്ഷണസമിതി സെക്രട്ടറിയും കെ. സി. ആര്‍. എം നിര്‍വാഹകസമിതിയംഗവുമായ ശ്രീ ജോയിമുതുകാട്ടിലിന് പ്രമുഖ പരിസ്ഥിതി രാഷ്ട്രീയപ്രവര്‍ത്തകനായ ശ്രീ സിആര്‍. നീലകണ്ഠന്‍ സമ്മാനിച്ചു
ശ്രീ ജോയി മുതുകാട്ടിലിന്റെ ഏറ്റവും അഭിനന്ദനീയമായ സദ്ഗുണം നിര്‍ഭയത്വമാണെന്നും അദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും പോലെ ശ്രീ. പങ്കജാക്ഷക്കുറുപ്പിന്റെ സ്മരണ നിലനിര്‍ത്താനായി ജനങ്ങളും അത് അംഗീകരിക്കാനും അനുകരിക്കാനും തയ്യാറാകണമെന്നും പറഞ്ഞുകൊണ്ട് കേരള നദീ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോഎസ്. രാമചന്ദ്രന്‍ ശ്രീ ജോയി മുതുകാട്ടിലിനെ സദസ്സിനു പരിചയപ്പെടുത്തി.

ഭൂമിക വൈസ് പ്രസിഡന്റ് ശ്രീഎംഎംചാക്കോ മണ്ണാറാത്തിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2-ന്് ഭരണങ്ങാനം അസീസി-ജീവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലെ ആദ്യ ഇനം ശ്രീ.പങ്കജാക്ഷക്കുറുപ്പ് വിഭാവനം ചെയ്ത മാനുഷികധ്യാന പരിശീലനമായിരുന്നു. ശ്രീ.ജോര്‍ജ് മൂലേച്ചാലില്‍ നയിച്ച മാനുഷികധ്യാനം സദസ്സിലുള്ള ഓരോ മനുഷ്യനുംസ്വജീവിതത്തില്‍ സ്വാശീകരിച്ചു ജീവിക്കേണ്ട ദര്‍ശനമെന്തെന്ന് ലളിതമായിവ്യക്തമാക്കി ഒപ്പം മതാതീതവും സാര്‍വത്രികവുമായ ഒരു സമഗ്രദര്‍ശനം പകര്‍ന്നുനല്കുകയും ചെയ്തു. 
മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ശ്രീ മരം മത്തായി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സമ്മാനദാനത്തോടൊപ്പം മുഖ്യപ്രഭാഷണവും ശ്രീ  സിആര്‍.നീലകണ്ഠന്‍നിര്‍വഹിച്ചു

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീമാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി, പരിസ്ഥിതിരാഷ്ട്രീയപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട നിരവധികാര്യങ്ങള്‍ മുതലായ കാര്യങ്ങള്‍ അടങ്ങുന്ന 
ശ്രീ സി, ആര്‍. നീലകണ്ഠന്റെ പ്രഭാഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട്‌ വായിക്കാനും യോഗാവസാനം സദസ്സുകൂടി തീരുമാനിച്ച ഒരു കര്‍മ്മ പരിപാടിയെ കുറിച്ച് കൂടുതല്‍ അറിയാനും താത്‌പര്യമുള്ളവര്‍ താഴെ ക്ലിക്കുചെയ്യുക:


മനോഭാവം:

'via Blog this'

1 comment:

 1. Joseph PadannamakkelOctober 1, 2012 at 9:02 AM

  പരിതസ്ഥിതികളെ സംരക്ഷിക്കുന്നതിനും വരും തലമുറകളോട് നീതി പുലര്‍ത്തുന്നതിനും നവീകരണ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഒരു സംഘടന പാലാ കേന്ദ്രമാക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് അറിഞ്ഞതില്‍ അഭിമാനിക്കുന്നു. സന്തോഷിക്കുന്നു.കഴിഞ്ഞ പതിറ്റാണ്ടുകളായി സംസ്ക്കാരികമായും സാമൂഹികമായും നാം വളരെയേറെ ഉയര്‍ന്നു കഴിഞ്ഞുവെന്നത് ശരിതന്നെ. എങ്കിലും പരിതസ്ഥിതികളെ ദുരുപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമുള്ള ഭൂപ്രദേശവും കേരളമെന്നു തോന്നിപോവുന്നു.

  ചീഞ്ഞു നാറിയ തെരുവുകളും വണ്ടികളുടെ ഇരച്ചില്‍പ്പോക്കും ബാങ്ക് വിളികളും എല്ലാ നിരത്തുകളിലും ഉച്ചഭാഷിണിയില്‍ക്കൂടി
  സദാസമയവും കരിഷ്മാറ്റിക്ക്,വെന്തിക്കോസ് ഗാനങ്ങളും പൊതു നിരത്തില്‍ക്കൂടെ അമ്പലങ്ങളുടെയും പള്ളികളുടെയും ചെണ്ടകൊട്ടു മേളങ്ങളും കാരണങ്ങളാല്‍ കേരളത്തില്‍ ജനജീവിതം ദുസ്സഹമാണ്. രാഷ്ട്രീയപ്രകടനക്കാരും പള്ളിപ്രദക്ഷിണക്കാരും നിരത്തുകള്‍ മുഴുവന്‍ പോസ്റ്ററുകള്‍കൊണ്ടും ചപ്പു ചവറുകള്‍കൊണ്ടും നിറച്ചിരിക്കുന്നു.

  സ്വാഭാവികവളങ്ങള്‍കൊണ്ടു ഉത്ഭാദിപ്പിച്ചിരുന്ന കൃഷിഭൂമികള്‍ രാസവളങ്ങള്‍ ഉപയോഗിച്ച് എവിടെയും വിഷമയമുള്ളതായി. അതിവേഗം സഞ്ചരിക്കുന്ന ലോകത്ത് മനുഷ്യന്‍ ശാസ്ത്രീയനേട്ടങ്ങള്‍
  കൊയ്യുമ്പോള്‍ മറുവശത്തു പ്രകൃതിയെ ചൂഷണം ചെയ്യുന്ന വസ്തുതയും ജനം വിസ്മരിക്കുന്നു. കേരളംമുഴുവന്‍ പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍കൊണ്ട് പുഴകളും തോടുകളും വഴിയോരങ്ങളും നിറഞ്ഞിരിക്കുന്നത്‌ കാണാം. പ്ലാസ്റ്റിക്കുകള്‍ വരുന്നതിനുമുമ്പ്, അന്തരീക്ഷം മലിനമാക്കാത്ത ശുദ്ധമായ വായുവും ജലവും ജനത്തിനു ലഭിക്കുമായിരുന്നു.

  പൊതുനിരത്തുകള്‍ ശുദ്ധിയായി സൂക്ഷിക്കേണ്ടതും ഓരോ പൌരന്റെയും കടമയാണ്. അഴുക്കു ചാലുകള്‍ നിറഞ്ഞ നിരത്തില്‍ക്കൂടി എങ്ങനെ
  കേരളജനത നടന്നു പോവുന്നുവെന്നും ഓര്‍ത്തു പോയിട്ടുണ്ട്. ഒരു കാലത്തു ഒഴുക്കുനീര് മാത്രം ഉണ്ടായിരുന്ന മീനച്ചില്‍ആറു അഴുക്കുജലങ്ങള്‍ നിറഞ്ഞു വരണ്ടിരിക്കുന്നതിനു കാരണവും പരിതസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു മാഫിയാസംഘം കേരളത്തില്‍ ശക്തിയേറിയതു കൊണ്ടാണ്. വനംനശീകരണം,വന്‍തോതില്‍ പാറ പൊട്ടിക്കല്‍, പുഴയില്‍നിന്ന് മണല്‍വാരല്‍ മുതാലായ കാരണങ്ങളാല്‍ ഭൂമിയുടെ സമതുലനാവസ്ഥ തന്നെ തകര്‍ന്നുപോയി. നിയമംമൂലം ഇത്തരം ചൂഷിതരെ നിയന്ത്രിക്കേണ്ടതും പ്രകൃതിയുടെ സംരക്ഷണത്തിനു ആവശ്യമാണ്.

  പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ അധികം പ്രകൃതിയുമായി ഇടപെടാറില്ല. കമ്പ്യൂട്ടറും ടീവിയും പുരോഗമിച്ചതോടുകൂടി കുട്ടികള്‍ മുഴുവന്‍ സമയവും വീടിനുള്ളില്‍തന്നെ ആയിരിക്കും. അമിത വണ്ണവും രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. മുമ്പുള്ള തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക്‌ പുറമെയുള്ള വ്യായാമവും, മലകളില്‍കൂടി ഓടി ചാടി കളിക്കലും മാമ്പഴം പെറുക്കാന്‍ ഓടലും ഊഞ്ഞാലാട്ടവും ഇങ്ങനെ കൌതുകകരമായ വിനോദങ്ങള്‍ ഏറെയുണ്ടായിരുന്നു. പ്രകൃതിയുടെ ചൂടും ശുദ്ധജലവും വായുവും ശ്വസിച്ചു വളരുവാനുള്ള അവസരങ്ങള്‍പോലും പുതിയ ഹൈടെക്ക് യുഗംമൂലം തടസ്സമായി.

  പുതിയ തലമുറയെ പ്രകൃതിയുമായി യോജിച്ചു കൊണ്ടുപോവുന്ന ഒരു സംവിധാനവും ഹൈട്ടെക്ക് യുഗത്തില്‍ ആവശ്യമാണ്. തുറസ്സായ പാര്‍ക്കുകള്‍, മൈതാനങ്ങള്‍, താഴ്വരകള്‍, കുന്നുകള്‍, ചുറ്റും മരങ്ങള്‍നിറഞ്ഞ പ്രദേശങ്ങള്‍ മുതലായവകള്‍ വളരുന്ന തലമുറയുടെ ആരോഗ്യത്തിനും ആവശ്യമാണ്.

  പ്രകൃതിയുടെ ചൂഷണംമൂലം അനേകം ജീവജാലങ്ങളും ഭൂമിയില്‍ ഇല്ലാതാവുന്നുണ്ട്. ലക്ഷക്കണക്കിന് പക്ഷികള്‍ പറന്നുനടന്നിരുന്ന
  കേരളത്തിന്റെ പക്ഷിക്കൂട്ടങ്ങള്‍ എവിടെയോ പറന്നകന്നു പോയതിനും കാരണം വനം കൊള്ളക്കാരും പാറപൊട്ടിക്കല്‍ മാഫിയാക്കാരും അന്തരീക്ഷത്തിലെ വിഷവായുവും ആണ്. ഇരമ്പിപ്പായുന്ന വാഹനപുകകളും ഫാക്റ്ററികളിലെ പുകപടലങ്ങളും വിസര്‍ജനവസ്തുക്കളും പ്രകൃതിയെ പീഡിപ്പിക്കുന്നു.

  ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാല്‍ മാത്രമേ പ്രകൃതിയെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാരും ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിച്ചു ധനസഹായം ചെയ്യേണ്ടതും പ്രകൃതിയുടെ സമ്പത്തിനെ കാത്തുസൂക്ഷിക്കുവാന്‍ കാരണമാകും. പരിഷ്കൃത രാഷ്ട്രങ്ങള്‍ വരുമാനത്തിന്റെ നല്ലൊരു പങ്കു പരിതസ്ഥിതിയെ കാത്തുസൂക്ഷിക്കുവാന്‍ നീക്കിവെക്കുന്നുണ്ട്.

  ആയൂര്‍വേദ മരുന്നുചെടികള്‍ വളരുന്നതിന് കേരളം ഏറ്റവും അനുയോജ്യമായ കാലാവസ്ഥ
  ഭൂപ്രദേശങ്ങളുള്ള നാടാണ്. കരിങ്ങാലി, കൂവളം, കരിവെപ്പ്, വയമ്പ്, ആടലോകം, കാറ്റാര്‍വാഴ, ചിറ്റരത, ശതാവരി, കറുക, എന്നിങ്ങനെ നൂറു കണക്കിന് മരുന്നു ചെടികള്‍ വളരുന്ന നാടും ഭാരതത്തില്‍ മറ്റൊരു പ്രദേശത്തും കാണുമെന്നു തോന്നുന്നില്ല. പണ്ടുള്ള ജനങ്ങള്‍ക്ക്‌ ഇത്തരം ചെടികള്‍ തിരിച്ചറിയുവാനും പ്രത്യേക കഴിവുകള്‍ ഉണ്ടായിരുന്നു.

  അസുഖങ്ങള്‍ ഭേദപ്പെടുത്തുവാന്‍ ഉപയോഗമുള്ള ചെടികളെപ്പറ്റി ജനങ്ങളെയും ബോധവാന്‍മാര്‍ ആക്കുവാന്‍ സര്‍ക്കാരുകള്‍ തുനിഞ്ഞിരുന്നുവെങ്കില്‍ പ്രകൃതിയോടു ചെയ്യുന്ന ഒരു നീതി ആകുമായിരുന്നു.
  ഇത്തരം പരിതസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സാമൂഹ്യ ബോധാവത്ക്കരണത്തില്‍ ഓരോ പൌരനേയും പങ്കാളിയാക്കണം.

  ReplyDelete