Translate

Thursday, September 6, 2012

കത്തോലിക്കാ സഭാനവീകരണം അനിവാര്യം


കാലോചിതമായ സഭാനവീകരണത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന സഭാംഗങ്ങളേയും സംഘടനകളേയും വിശ്വാസയോഗ്യമല്ലാതാക്കാന്‍ കത്തോലിക്കാ പുരോഹിതാധികാരം എന്നും പരിശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. ഈ സഭാംഗങ്ങളും സംഘടനകളും സഭയില്‍ വിയോജിപ്പുണ്ടാക്കുന്നവരും പരിഭ്രാന്ത കണ്ണുകളോടെ കാര്യങ്ങളെ നോക്കിക്കാണുന്ന മൗലികവാദികളും തീവ്രവാദാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരുതരം കിറുക്കരുമാണെന്നാണ് സഭാധികാരികളുടെ ധാരണ. അവര്‍ സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ പള്ളി പ്രസംഗങ്ങളും മറ്റും ഉപയോഗിക്കുന്നു. എന്നാല്‍ സഭാനവീകരണത്തിനായി പ്രവര്‍ത്തനനിരതരായിരിക്കുന്ന വിശ്വാസികള്‍ സാധാരണ വിശ്വാസികളും നിലവിലുള്ള അഭിപ്രായങ്ങളോട് യോജിക്കുകയും എന്നാല്‍ ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നവരും സഭയെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരുമാണ്. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സഭാധികാരികളുടെ പക്ഷത്തുനിന്നും യാതൊരുവക ഒത്താശകളും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഈ നവീകരണ പ്രസ്ഥാനക്കാര്‍ അര്‍പ്പിതമനസ്സോടെ അചഞ്ചലരായി മുന്നേറുകയാണ്. കത്തോലിക്കാ സഭാധികാരം നവീകരണക്കാരുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. കാരണം, അവരുടെ അടിത്തറ ക്രിസ്തുവിന്റെ സദ്‌വാര്‍ത്തയാണ്. സഭയുടെ ചരിത്രത്തില്‍ എക്കാലവും അല്‍മായരാണ് സഭയെ രക്ഷിക്കാന്‍ മുന്‍കൈയ്യെടുത്ത് മുന്‍പോട്ട് വന്നിട്ടുള്ളത്. അപ്പോള്‍ ഇന്നത്തെ സഭാനവീകരണശ്രമങ്ങള്‍ മതനിന്ദയല്ലാ; അതൊരു ചരിത്രസംഭവമാണ്.

 

ഈ നവീകരണക്കാരുടെ ആവശ്യങ്ങളെ നിരീക്ഷിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അമിതവും സഭയ്ക്ക് യോജിക്കാത്തതുമാണെന്ന് എനിക്ക് അനുമാനിക്കാന്‍ സാധിക്കുന്നില്ല. കാരണം സഭയില്‍ അടിയന്തിരമായി തിരുത്തപ്പെടേണ്ടതായ പലകാര്യങ്ങള്‍ ഉണ്ട്.

 

1.         സഭയില്‍ കൂടുതല്‍ ജനാധിപത്യം അഥവാ വിശ്വാസികളുടെ പങ്കാളിത്തം ഉണ്ടാകണം. സഭയെ ഒരു ജനായത്ത ഭരണരീതിയില്‍ കൊണ്ടുവരുക എന്നതല്ലാ അതിനര്‍ത്ഥം.

 

2.         ഏകശാസനാഭരണം (രാജവാഴ്ച) സഭയ്ക്ക് ചേര്‍ന്നതല്ല. ക്രിസ്തു പഠനങ്ങള്‍ക്ക് അത് എതിര്‍ സാക്ഷ്യമാണ്. ആദിമസഭയിലെ സ്‌നേഹത്തിലധിഷ്ടിതമായ കൂട്ടായ്മയെ സഭ മാതൃകയാക്കണം.

 

3.         ദൈവശാസ്ത്രജ്ഞര്‍ക്ക് സ്വതന്ത്രമായി ഗവേഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സഭാധികാരികള്‍ അവരുടെ വായ് മൂടിക്കെട്ടുമെന്നോ സഭയ്ക്ക് പുറത്താക്കി അവരെ ശിക്ഷിക്കുമെന്നോ ഉള്ള ഭയം അവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല.

 

4.         വിവാഹിതരായ സ്ത്രീകളേയും പുരുഷന്മാരെയും പൗരോഹിത്യത്തിലേക്ക് സ്വാഗതം ചെയ്യണം. ആദിമസഭയില്‍ ഒരു വ്യക്തിയുടെ ജീവിതാവസ്ഥയോ ലിംഗമോ ദൈവജനശുശ്രൂഷയ്ക്ക് നിര്‍ണായകഘടകമായിരുന്നില്ല.

 

5.         സഭാശുശ്രൂഷകരായ മേല്‍പ്പട്ടക്കാരെ പട്ടക്കാരും അല്‍മായരുംകൂടി തെരഞ്ഞെടുക്കണം. ആദിമസഭയിലെ തഴക്കവും അതായിരുന്നു. കൂടാതെ അത് മെത്രാസ്ഥാനത്തിന്റെ പദവിയും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

 

6.         സ്ത്രീപുരുഷഭേദമെന്യേ അല്‍മായര്‍ക്ക് ഇടവക/രൂപതാതലങ്ങളില്‍ സഭാഭരണത്തിലും സാമ്പത്തീക കാര്യങ്ങളിലും ആരാധനാക്രമസംവിധാനങ്ങളിലും കാര്യക്ഷമമായ ഒരു മേല്‍നോട്ടത്തിനുള്ള അവസരം ഉണ്ടാകണം.

 

7.         സഭയിലെ ഭിന്നാഭിപ്രായങ്ങളെ വിലതാഴ്ത്തിക്കാണാന്‍ പാടില്ല. അത് വിശ്വാസികളുടെ അഭിപ്രായ ആവിഷ്‌ക്കരണമാണെന്നും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണെന്നും സഭാധികാരം മനസ്സിലാക്കണം. മറിച്ച് സഭയുടെമേലുള്ള ഭീഷണിയായി അതിനെ കണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭോഷത്തമാണ്; തെറ്റാണ്.

 

8.         വൈദീകരുടെയും വൈദികമേലദ്ധ്യക്ഷന്മാരുടെയും പ്രവര്‍ത്തികള്‍കൊണ്ട് അപകീര്‍ത്തിയുണ്ടായാല്‍ അത് സഭയ്ക്ക് മൊത്തത്തിലുണ്ടാകുന്ന അപകീര്‍ത്തിയാണ്. അതുണ്ടാകാതിരിക്കാന്‍വേണ്ടി രൂപതാഭരണത്തില്‍ കൂടുതല്‍ സുതാര്യതയും അല്‍മായ പ്രാതിനിദ്ധ്യവും ഉണ്ടായിരിക്കണം.

 

9.         ആരാധനാക്രമപരിഷ്‌ക്കരണത്തില്‍ സര്‍ഗവൈഭവവും ധിക്ഷണയും വിദ്യാഭ്യാസവും ദൈവഭക്തിയുമുള്ള അല്‍മായരെകൂടി ഉള്‍പ്പെടുത്തണം. അതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം സഭാധികാരികളുടെ പക്ഷത്തുനിന്നും ഉണ്ടാകണം.

 

10.       പോപ്പും റോമന്‍ കൂരിയാകളും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ തീരുമാനങ്ങളെ നിരുപാധികം വിശ്വസിക്കുന്നു എന്ന് സഭയുടെ മുമ്പില്‍ പ്രഖ്യാപിക്കണം. ദൈവജനമാണ് സഭയെന്നും അവര്‍ ഏറ്റുപറഞ്ഞ് പ്രഖ്യാപിക്കണം.

 

11.       സഭയ്‌ക്കെന്നും കീറാമുട്ടിപ്രശ്‌നങ്ങളായ ജനനനിയന്ത്രണം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, സ്വവര്‍ഗരതി തുടങ്ങിയ വിഷയങ്ങള്‍ സത്യസന്ധമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കണം.

 

12.       സാര്‍വ്വലൗകീക ക്രിസ്തുസഭകളുടെ പുനരൈക്യത്തിനുവേണ്ടി സഭ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം. അതിനാവശ്യമായ വിട്ടുവീഴ്ചകള്‍ക്ക് റോം തയ്യാറാകണം.

 

13.       കത്തോലിക്കാ ഹയരാര്‍ക്കി ഗുരുതരമായിത്തന്നെ ആത്മപരിശോധന നടത്തണം. അവര്‍ ലൗകീകകാര്യങ്ങളില്‍ മുഴുകാന്‍ പാടില്ല. അവരുടെ പ്രവര്‍ത്തികളും പ്രവര്‍ത്തനങ്ങളും യേശുപഠനങ്ങളിലധിഷ്ടിതമായിരിക്കണം. ലോകാധികാരത്തെ ഉപേക്ഷിക്കണം. സമ്പത്ത് സമാഹരിക്കുന്നതില്‍ ജാഗ്രരൂകരാകാന്‍ പാടില്ല. ദൈവജനശുശ്രൂഷയില്‍ കൂടുതല്‍ താത്പര്യം ഉണ്ടാകണം. സഭാനവീകരണത്തിലൂടെ ദൈവസാന്നിദ്ധ്യം സഭയില്‍ ഉണ്ടാകാന്‍ അവര്‍ പരിശ്രമിക്കണം.

 

14.       സഭാനവീകരണക്കാര്‍ സഭയിലെ പുതിയ മനുഷ്യാവകാശക്കാരും അധികാരികളില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെടുന്നവരുമാണന്ന് സഭാധികാരികള്‍ മനസ്സിലാക്കണം. ഹയരാര്‍ക്കി അവരെ പുറംതള്ളാന്‍ ശ്രമിക്കാതെ അവരെ ശ്രവിക്കാന്‍ ശ്രമിക്കണം.

 

15.       രോഗാതുരവും അനാരോഗ്യവും പ്രവര്‍ത്തനരഹിതവും അതികേന്ദ്രീകൃതവുമായ കത്തോലിക്കാസഭയാകുന്ന സ്ഥാപനം ആത്മീയമായും ധാര്‍മ്മികമായും സ്വയംനശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സഭയുടെ ഏകരക്ഷ ഈ സഭയുടെ സന്താനങ്ങളായി ദൈവജനത്തിലാണെന്നുള്ള ബോധോദയം സഭാധികാരികള്‍ക്ക് ഉണ്ടാകണം. ദൈവജനം സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. അവരെ തടയാനോ നിശബ്ദരാക്കാനോ സാദ്ധ്യമല്ല. കാരണം അവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ സഭയെ കൈവെടിയുന്നവരല്ല.

 

സഭയുടെ ഭാവി അതിന്റെ ഉള്ളില്‍നിന്നുള്ള സ്‌ഫോടനമായിരിക്കും.

 

സഭാധികാരം വത്തിക്കാനിലല്ല പാര്‍ക്കുന്നത്. അത് ഓരോ ദൈവജനത്തിലുമാണ്. ദൈവജനം വെറും കാഴ്ചക്കാരായി നില്ക്കുന്ന കാലം മാറിപ്പോയി. അവര്‍ സഭയുടെ അടിത്തറയും പ്രായപൂര്‍ത്തിയിലെത്തി ചിന്താശക്തിയുള്ളവരുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ തിരുസഭയെപ്പറ്റിയുള്ള കോണ്‍സ്റ്റിറ്റിയൂഷനില്‍ ഇപ്രകാരം കാണുന്നു.

 

''പരിശുദ്ധനായവനാല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട് (1 യോഹ2:20-27) വിശ്വാസികളുടെ സമൂഹത്തിന് ഒന്നാകെ വിശ്വാസത്തില്‍ തെറ്റുപറ്റുകയില്ല. മെത്രാന്‍ മുതല്‍ അല്മായ വിശ്വാസികളില്‍ അവസാനത്തെ ആള്‍വരെ വിശ്വാസവും സന്മാര്‍ഗ്ഗവും സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവായ അഭിപ്രായൈക്യം പ്രകടിപ്പിക്കുമ്പോഴാണ് ദൈവജനമെന്ന നിലയ്ക്ക് വിശ്വാസത്തിന്റെ അതിസ്വാഭാവികമായ അര്‍ത്ഥത്തില്‍ തങ്ങളുടെ പ്രത്യേകവരം അവര്‍ പ്രകടിപ്പിക്കുന്നത്.''

 

ദൈവജനത്തിന്റെ പ്രത്യേകവരം പ്രകടിപ്പിക്കാനുള്ള ശ്രമമാണ്, സഭാനവീകരണം അല്‍മായരിലൂടെ.

 

പോപ്പു മൊബൈലിന്റെ ശരാശരി സ്പീഡ് ആറു മൈലാണ്. വത്തിക്കാന്റെ സ്പീഡും അതുതന്നെ. അതിന്റെ ഗിയറുമാറ്റി സ്പീഡുകൂട്ടാനാണ് സഭാനവീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്.

1 comment:

  1. ൧. സഭ രാഷ്ട്രീയത്തില്‍ ഇടപെടരുത്.
    ൨. സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന അവസരത്തില്‍ ബീഹാറിലേയും ഒറീസയിലേയുമൊക്കെ പോലെ ജനാധിപത്യ സംഘടനകള്‍ ഒന്നിച്ച് സഭയെ സംരക്ഷിച്ചോളും. ഒറ്റക്കല്ല അതിനെ നേരിടേണ്ടത്.
    ൩. ജനം മൊത്തത്തില്‍ വേദനാജനകമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ക്കൊരു താങ്ങായി വേണം മതങ്ങള്‍ നില്‍ക്കാന്‍.
    വലതുപക്ഷ പള്ളി ക്രിസ്തുമതത്തിന്റെ തെറ്റായ വിഭാഗം.

    ReplyDelete