Translate

Wednesday, September 5, 2012

പൊത്തുകള്‍ പൊത്തുകള്‍ സര്‍വ്വത്ര ......

അല്മായാ ശബ്ദത്തില്‍ എഴുതുന്ന പലര്‍ക്കും സഭ നന്നാവും എന്ന കാര്യത്തില്‍ വേണ്ടത്ര ശുഭാപ്തി വിശ്വാസം ഇല്ലെന്നു തോന്നുന്നു. പക്ഷെ സഭാധികാരികള്‍ എത്രമാത്രം വേവലാതിയിലാണ് കഴിയുന്നത്‌ എന്ന് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാവുന്നതെയുള്ളൂ. വി. ബൈബിള്‍ പൊതു ജനത്തിനു വായിക്കാന്‍ കൊടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആയിപ്പോയിയെന്നു പിതാക്കന്മാര്‍ക്കു നന്നായി അറിയാം. ഇന്ന് സഭ ഏറ്റവും കൂടുതല്‍ ഭിഷണി നേരിടുന്നത് സെമിനാരി വിദ്യാഭ്യാസം നടത്തിയവര്‍, വൈദികവൃത്തി മതിയാക്കിയവര്‍, സാമൂഹ്യ സേവനത്തിനു നേതൃത്വം കൊടുക്കുന്ന കത്തോലിക്കര്‍ എന്നിവരില്‍ നിന്നാണ് എന്ന് കാണാം. ചുരുക്കത്തില്‍, ബൈബിള്‍ ആരൊക്കെ പഠിക്കാന്‍ ശ്രമിച്ചോ അവരെല്ലാം സഭയുടെ ശത്രുക്കള്‍ ആയി എന്ന് മറ്റൊരര്‍ത്ഥത്തില്‍ പറയാം. അതുകൊണ്ടാണ് പള്ളി അച്ചന്മാരുടെ അടുത്തല്ലാതെ ആരുടേയും അരുകില്‍ പോയിരിക്കുന്നത് പോലും തെറ്റാണ് എന്ന് സഭ പഠിപ്പിച്ചു തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായാണ് ഏതെങ്കിലും മെത്രാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതല്ലാത്ത  എല്ലാ കത്തോലിക്കാ പ്രസിദ്ധികരണങ്ങളെയും ഒഴിവാക്കി ഓരോ രൂപതയിലും പ്രത്യേകം പ്രത്യേകം മാസികകള്‍ തുടങ്ങിയത്. എങ്കിലും അടുത്ത കാലത്ത് ഇറങ്ങിയ ചില ആത്മകഥകളെ  പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഒരു കത്തോലിക്കന്‍ ഒരു കാരണവശാലും വഴിവിട്ടു പോയി ഒരു ശ്വാസം പോലും എടുക്കരുതെന്നാണ് പിതാക്കന്മാരുടെ ആഗ്രഹം. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പരി.ആത്മാവ് പണ്ടത്തെപോലെ വിശ്വാസികളെ  സഹായിക്കുന്നുല്ലെന്ന പരാതിയുമുണ്ട്. കുഞ്ഞി ശിശുക്കള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ സംഘടനകളും സാദ്ധ്യതകളും പള്ളി പശ്ചാത്തലത്തില്‍ ഇന്ന് റെഡിയാണ്. ഓണത്തിനും വിഷുവിനും പള്ളികളില്‍ മത്സരങ്ങളും ആഘോഷവും നടത്തുന്നത് ഇതേ ലക്‌ഷ്യം കണ്ടുകൊണ്ടു തന്നെയാണ്. ഇതില്‍ നിന്ന് വെട്ടി മാറി നില്‍ക്കുന്ന സര്‍വ്വരെയും വിഴുങ്ങാന്‍ കൂട്ടായ്മയും ഉണ്ട്.

കഴിഞ്ഞ ഒരു വര്‍ഷം ഇറങ്ങിയ നാല് ഇടയലേഖനങ്ങളിലെങ്കിലും, അബദ്ധ സിദ്ധാന്തങ്ങള്‍ക്കും, വ്യാജ വ്യാഖ്യാനങ്ങള്‍ക്കും  ചെവികൊടുക്കരുത് എന്ന് ആഹ്വാനമുണ്ട്. ഈ അടുത്ത നാളില്‍ നടന്ന മെത്രാന്മാരുടെ സിനട് ധ്യാന പ്രസംഗകരെപ്പോലും  പിടികൂടിയിരിക്കുന്നു എന്ന് പറയുമ്പോള്‍ എന്ത് മാത്രം ദ്വാരങ്ങളാണ് സഭ ഓരോ ദിവസവും അടച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം. 

അതുകൊണ്ടും തിരുന്നില്ല. ഇന്റര്‍നെറ്റ് സഭക്ക് ഇന്നും കൈയ്യെത്തി പിടിക്കാന്‍ പറ്റിയിട്ടില്ല; മഹാപിതാവിനാണെങ്കില്‍ ആ സാധനം വഴങ്ങി തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ്‌ ബ്ലോഗുകളില്‍ കൂടി പുറത്തുവരുന്ന അഹിത വാര്‍ത്തകളെ പ്രതിരോധിക്കുന്ന രിതി കണ്ടാല്‍ പോലും ചിരി വരും. അമേരിക്കന്‍ പള്ളി ബ്ലോഗ്ഗില്‍ വാടാ പോടാ വിളികള്‍ പോലും ആവശ്യത്തിനുണ്ട്; കാക്കനാട് അല്മായാ ബ്ലോഗ്ഗില്‍ ആണെങ്കില്‍ എഴുതാന്‍ അല്മായരില്ലാത്ത അവസ്ഥ.

പൊത്തുകള്‍ അടക്കാന്‍ വേണ്ടിയാണ് ഇന്ന് സഭയുടെ കൂടുതല്‍ ഊര്‍ജ്ജവും ചിലവിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ, അകത്തു നിന്നുള്ള വെല്ലുവിളികളാണ് ഇപ്പോള്‍ രൂക്ഷമായികൊണ്ടിരിക്കുന്നത്. ഒരു വടക്കേ ഇന്ത്യന്‍ രൂപതയിലെ പള്ളികളില്‍നിന്നും താമരകുരിശുകളെല്ലാം  എടുത്തു മാറ്റാന്‍ മെത്രാന്‍ ഉത്തരവായി എന്ന് കേള്‍ക്കുന്നു. അടിയന്റെ ചോദ്യം പൊട്ടയാണെന്നു അറിയാം എങ്കിലും ചോദിച്ചോട്ടെ; എത്ര നാള്‍ ഇങ്ങിനെ പൊത്തടച്ചുകൊണ്ടിരിക്കും? നമുക്കാ യേശുവിന്റെ മാര്‍ഗ്ഗം മറയില്ലാതെ പിന്തുടര്‍ന്നാലെന്താ?

3 comments:

 1. "എത്ര നാള്‍ ഇങ്ങിനെ പൊത്തടച്ചുകൊണ്ടിരിക്കും? നമുക്കാ യേശുവിന്റെ മാര്‍ഗ്ഗം മറയില്ലാതെ പിന്തുടര്‍ന്നാലെന്താ?"

  അതിന് ഇന്ന് ഏത് പള്ളിയിലാണ് യേശു ഉള്ളത്? ഒരു സൂഫി സന്യാസി പറഞ്ഞതുപോലെ ധാരാളം ക്രിസ്തീയ വിശ്വാസികളും പറയുന്നുണ്ടാവാം, അള്ളാഹുവേ, (കര്‍ത്താവേ) ഞാന്‍ പള്ളിവരെ പോകുവാ, തിരിച്ചു വരുമ്പോള്‍ കാണാം. മിക്ക പള്ളിയിലും കേള്‍ക്കുന്ന പ്രസംഗത്തില്‍ പ്രധാന വിഷയം മരാമത്ത് പണിയുടെത് ആയിരിക്കും.

  ഒരഭ്യാസി കവലയില്‍ നിന്ന് പ്രകടനങ്ങള്‍ നടത്തുകയായിരുന്നു. അയാള്‍ ഒരു നാരങ്ങാ എടുത്തു പിഴിഞ്ഞ് അര ഗ്ലാസ് നീരെടുത്തു. എന്നിട്ട് വിളിച്ചു പറഞ്ഞു: ഇനി ഇതില്‍ നിന്ന് ഒരു തുള്ളികൂടി ആര്‍ക്കെങ്കിലും പിഴിഞ്ഞെടുക്കാനാവുമെങ്കില്‍ അയാള്‍ക്ക്‌ നൂറു രൂപയുടെ ഒരു സമ്മാനം. ഒരാള്‍ കയറിച്ചെന്നു പിഴിഞ്ഞുനോക്കി. അത്ഭുതമേ, വീണ്ടും നാലഞ്ചു തുള്ളികള്‍! അഭ്യാസി അന്തം വിട്ടു നിന്നപ്പോള്‍ അടുത്തുള്ളവര്‍ വിളിച്ചു പറഞ്ഞു, അടുത്ത പള്ളിയിലെ വികാരിയാ. പള്ളിപണി കഴിഞ്ഞ് ഓഡിറ്റോറിയത്തിന്റെ പണിയിലാണ്. ഇനിയും വേണേല്‍ പിഴിഞ്ഞുകാണിക്കും!
  ഓഡിറ്റോറിയം ഇല്ലെങ്കില്‍ പള്ളി പള്ളിയല്ല എന്നതാണ് പുതിയ സ്റ്റൈല്‍. കറുകച്ചാലിനടുത്തുള്ള നെടുമണ്ണി എന്ന സ്ഥലത്തും അച്ചന്‍ ഉഷാറായി പണിയിലാണ്. പിഴിച്ചില്‍ തുടങ്ങിയിരിക്കുകയാണ്. ആര്‍ക്കോ വീട്ടുജോലി ചെയ്ത് വെറും അമ്പത് രൂപാ കൂലിയും ഭക്ഷണവുംകൊണ്ട് ജീവിക്കുന്ന വിധവയായ എലിയും മാസാമാസം നൂറു രൂപ കൊടുക്കണമെന്ന് അച്ചന്‍ വിധിച്ചിരിക്കുകയാണ്. വിധവകളെപ്പോലും പിഴിയാന്‍ വിരുതരാണ് നമ്മുടെ ആത്മീയ ശുശ്രുഷകര്‍!

  ReplyDelete
 2. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; ഇടയ്ക്കിടെ അങ്ങിങ്ങ് കര്‍ത്താവ് വരാറുണ്ട്. രണ്ടു വര്‍ഷം മുമ്പ് ആനിക്കാട് പള്ളിവഴി ഒന്ന് വന്നു; അന്ന് രൂക്ഷമായി ഒന്ന് നോക്കിയതെയുള്ളൂ, അള്‍ത്താരയുടെ മേല്‍ക്കൂര തന്നെകത്തിപ്പോയി.സാറ് നോക്കിക്കോ ആലപ്പുഴ ഭാഗത്ത് എന്തെങ്കിലും നടക്കും; കര്‍ത്താവിന്റെ രൂപം വളരാനും അനങ്ങാനും ഒക്കെ തുടങ്ങിയിട്ടുണ്ട്. ശല്യം കൂടിയാല്‍ പണിയുണ്ട്, ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സിലില്‍ ഓരോഴിവുണ്ടാക്കി ആയുഷ്ക്കാലം കര്‍ത്താവിനെ അവിടിരുത്തും.

  മണര്‍കാട് പള്ളിയില്‍ കുരിശില്‍നിന്നു സുഗന്ധം വന്നുവെന്ന് കേള്‍ക്കുന്നു. നമ്മുടെ പള്ളികളിലെ രൂപങ്ങളും കുരിശുകളും ഒഴുക്കിയത് കണ്ണുനീര്‍, രക്തം തുടങ്ങിയവയാണ്. എന്തെങ്കിലും കാര്യം കാണുമായിരിക്കും!
  പണ്ട് സായിപ്പ് കേരളത്തില്‍ക്കണ്ട രണ്ടത്ഭുതങ്ങള്‍ ലണ്ടനില്‍ ചെന്ന് മദാമ്മയോടു പറഞ്ഞു: ആദ്യത്തേത് അവിടെ മനുഷ്യര്‍ ഒരു തുണിക്കക്ഷണം ബെല്‍റ്റില്ലാതെ അരയില്‍ മുറുക്കുന്നതും, രണ്ടാമത്, അവിടുത്തെ വഴിയെ വണ്ടി ഓടിക്കുന്നതും ആയിരുന്നു. ഇന്നാണെങ്കില്‍ ഒരെണ്ണം കൂടി വിവരിക്കാന്‍ ഉണ്ടാവും - ഒറ്റ പൈസാ കടം ഇല്ലാതെ കോടികളുടെ കെട്ടിടങ്ങള്‍ പുല്ലുപോലെ തിര്‍ക്കുന്നത്. ഡിസ്കവറി ചാനലും ഗിന്നസ് ബുക്കുകാരും താമസിയാതെ ഇവിടെത്തും. അപൂര്‍വ്വ ജനുസ്സില്‍ പെട്ട ജിവികളായി സിറോ മലബാര്‍കാരെ ലോകം സംരക്ഷിക്കുകയും ചെയ്യും.

  ReplyDelete
 3. വിശുദ്ധ മലാക്കിയുടെ പ്രവചനങ്ങള്‍ ഇത് വരെയുല്ലതെല്ലാം ഫലിച്ചു .
  ഇനി ഒരു മാര്‍പാപ കൂടി ഉണ്ടാവും ,അതിനു ശേഷം സഭ ഉണ്ടാകില്ല എന്ന
  പ്രവചനം ശരിയാകുമെന്ന് ഇപ്പോള്‍ തോന്നുന്നു .

  ReplyDelete