Translate

Thursday, September 6, 2012

'അത്മായശബ്ദ' ത്തിന്റെ അന്ത:സത്ത മെച്ചപ്പെടുത്താന്‍
'അത്മായശബ്ദം' ബ്ലോഗ് ആരംഭിച്ചിട്ട് 10 മാസം ആകുന്നു. ഒന്നു പിന്തിരിഞ്ഞുനോക്കി വിലയിരുത്തുവാന്‍ സമയമായി. ഒരു വര്‍ഷം തികയുമ്പോഴേക്കും, മലയാളിക്കത്തോലിക്കാസമുദായമെന്ന സ്വന്തം കുടുംബത്തിന്റെ ശ്രേയസ്‌ക്കരമായ ഭാവിയില്‍ ശ്രദ്ധയുള്ള ആര്‍ക്കും, ഈ വേദി ആകര്‍ഷകമായിത്തീരണമെന്നാണ് ഈ ബ്ലോഗിനുടമയായ 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM) ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കു വിരല്‍ചൂണ്ടുന്ന ചില വിമര്‍ശനാത്മകനിര്‍ദ്ദേശങ്ങള്‍ 'അത്മായശബ്ദ'ത്തിലെ പ്രമുഖ എഴുത്തുകാരായ ഡോ. ജയിംസ് കോട്ടൂര്‍, ജോസഫ് മറ്റപ്പള്ളി, ജോസഫ് പടന്നമാക്കല്‍ മുതലായവര്‍ എഴുതിക്കഴിഞ്ഞു.
അവര്‍ ചൂണ്ടിക്കാട്ടിയതുള്‍പ്പെടെ, നമ്മുടെ ബ്ലോഗിന്റെ കാര്യക്ഷമതയെയും വിശ്വാസ്യതയെയും അപകടപ്പെടുത്തുന്നതായിത്തോന്നുന്ന ചില പ്രവണതകള്‍ എടുത്തെഴുതട്ടെ:
1. അജ്ഞാത (Anonymous) രുടെയും വ്യാജനാമധാരികളുടെയും സാന്നിദ്ധ്യം,
2. ചര്‍ച്ചയിക്കിടെ, ഏതെങ്കിലും ചില പരാമര്‍ശത്തെയോ വ്യക്തിയെത്തന്നെയോ കേറിപ്പിടിച്ച് പ്രധാന വിഷയത്തില്‍നിന്നു വ്യതിചലിപ്പിക്കല്‍,
3. പരസ്പരബഹുമാനം, സമചിത്തത എന്നിവയുടെ അഭാവം,
4. പരുഷവും പരിഹസിക്കുന്നതും പ്രകോപിപ്പിക്കുന്നതും സഭ്യമല്ലാത്തതുമായ ഭാഷ,
5. ബാലിശമായ സൊറപറച്ചില്‍.
തീര്‍ച്ചയായും ഇതെല്ലാം ക്രിയാത്മകമായ ചര്‍ച്ചയ്ക്കു തടസ്സങ്ങളാണ്.
ഇതിന്റെയെല്ലാംതന്നെ അടിവേരു കിടക്കുന്നത് പ്രധാനമായും, അജ്ഞാത (anonymous)രുടെയും വ്യാജനാമധാരികളുടെയും സാന്നിദ്ധ്യംതന്നെയാ
ണെന്ന് ആലോചിച്ചാല്‍ കാണാം. അവരില്‍ പലരും നല്ല ചിന്തകരും എഴുത്തുകാരുമാണെന്നതു ശരിതന്നെ. എങ്കിലും, അവരോട് നില്‍ക്കുന്ന നിഴലില്‍നിന്ന് പുറത്തുവന്ന് വെളിച്ചത്തില്‍ നിന്നുകൊണ്ടു സംസാരിക്കണമെന്ന് ഇനിയെങ്കിലും നാം ആവശ്യപ്പെട്ടേ തീരൂ. ഇരുട്ടിലാര്‍ക്കും എന്തും വീറോടെ വിളിച്ചു പറയാനാകും. പക്ഷേ നമുക്കാവശ്യം, അതു വെളിച്ചത്തില്‍പ്പറഞ്ഞ് വീറ് തെളിയിക്കുന്നവരെയാണ്. കാരണം അവര്‍ക്കേ, പുരോഹിതപ്പേടിയില്‍ പൂണ്ടുകിടക്കുന്ന കേരള  കത്തോലിക്കാസമൂഹത്തെ ഉണര്‍ത്തുന്നതില്‍ സഹായിക്കാനാവൂ. ഡോ. കോട്ടൂര്‍ പറഞ്ഞപോലെ 'ഒരാള്‍ക്ക് ഓരേസമയം സത്യത്തിന്റെ പടയാളിയും ഭീരുവുമാകാനാവില്ല.' 'Hidden witness is no witness' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും എത്രയോ അര്‍ത്ഥവത്താണ്!
ഇതിനെതിരെ ഉയര്‍ത്തപ്പെട്ട ചില അഭിപ്രായപ്രകടനങ്ങളെക്കൂടി പരാമര്‍ശിക്കട്ടെ: വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതകൊണ്ടാണ് അജ്ഞാതര്‍ക്കെതിരെ സംസാരിക്കുന്നത് എന്നും അജ്ഞാതരെ ഭയപ്പെടാനെന്തിരിക്കുന്നു, അവര്‍ പറയുന്നതു സത്യമാണോ എന്നു നോക്കിയാല്‍ പോരേ, സത്യത്തിനു നിരക്കാത്തതെങ്കില്‍ അതിനെതിരെ എഴുതി അവരെ അടിച്ചിരുത്താമല്ലോ എന്നൊക്കെയാണവരുടെ വാദമുഖങ്ങള്‍.
അവര്‍ മനസ്സിലാക്കേണ്ട പ്രധാനകാര്യം, പരസ്പരം മലര്‍ത്തിയടിക്കാനുള്ള ഗോദായായിട്ടല്ല, 'അത്മായശബ്ദം' ബ്ലോഗ് വിഭാവനം ചെയ്തിട്ടുള്ളത് എന്നാണ്. മറിച്ച്, സഭയെ യേശുവുമായി അകറ്റിനിര്‍ത്തുന്ന ഘടകങ്ങളെന്തെന്നും, യേശുവുമായി അടുപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെന്തെന്നും ഗൗരവപൂര്‍വ്വം ചിന്തിക്കുന്ന ക്രിയാത്മകവും ധീരവുമായ ഒരു ചര്‍ച്ചാവേദിയായിട്ടാണ്.
'അത്മായശബ്ദ'ത്തിനു തീര്‍ച്ചയായും, വിമര്‍ശനങ്ങളോടോ വിരുദ്ധാഭിപ്രായങ്ങളോടോ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. സര്‍ഗ്ഗാത്മകചര്‍ച്ചകളിലും വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ. പുതിയതും കൂടുതല്‍ ശരിയും പ്രയോഗക്ഷമവുമായ ആശയങ്ങള്‍ ഉരുത്തിരിയാന്‍ അതാവശ്യവുമാണ്. എന്നാല്‍, എല്ലാവരും പഠിച്ചിട്ടുള്ള ആധികാരികവേദപാഠത്തിന്റെ തലത്തില്‍നിന്നുള്ള ആശയങ്ങള്‍ക്ക് ഈ ചര്‍ച്ചാവേദിയില്‍ വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. ചര്‍ച്ചകള്‍ ആ തലത്തിലേക്കു വലിച്ചു താഴ്ത്തപ്പെടരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. കാരണം, അതെല്ലാംതന്നെ അടിച്ചേല്പിക്കപ്പെട്ട ആധികാരികനിലപാടുകളുടെ യാന്ത്രികമായ ഉരുവിടലുകള്‍ മാത്രമായിട്ടാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. അത്തരം സംഘടിതചിന്തകള്‍ക്കല്ല, വ്യക്തികളുടെ മൗലികചിന്തകള്‍ക്കാണ് 'അത്മായശബ്ദം' പ്രാമുഖ്യംകൊടുക്കുന്നത്.
അതിസങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്തില്‍ സ്വാഭാവികമായും ചതിക്കുഴികളും കൂടിവരുകയാണ്. വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍, സമുദായസമുദ്ധാരണം ലക്ഷ്യംവച്ചു മുന്നോട്ടുപോകുന്ന ഈ ചര്‍ച്ചാവേദിയും ഹൈജായ്ക്ക് ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക KCRM-നുണ്ട്. യാഥാസ്ഥിതിക ‘'ദൈവശാസ്ത്രജ്ഞ'രും വേദപാഠവിശ്വാസികളും പ്രച്ഛന്നവേഷത്തില്‍ നുഴഞ്ഞുകയറി, ഈ ബ്ലോഗിനെ തകര്‍ക്കാന്‍ ആധികാരികതലത്തില്‍ത്തന്നെ പ്രേരിപ്പിച്ചേക്കാം. മാനുഷികമായി സംഭവിച്ചേക്കാവുന്ന ഏതെങ്കിലും പിഴവുകളില്‍ കയറിപ്പിടിച്ചും, ഗവണ്‍മെന്റിലുള്ള ദുസ്വാധീനമുപയോഗിച്ചും ഇതിനു പിന്നിലുള്ളവരെ വലിച്ചിഴയ്ക്കാന്‍ ശ്രമമുണ്ടായിക്കൂടായ്കയില്ല. ആ പഴുതടയ്ക്കാനും ബ്ലോഗില്‍ കയറുന്നവരുടെ ഐഡന്റിറ്റി അറിയുകയെന്നത് അനിവാര്യമാണ്.
'അത്മായശബ്ദ'ത്തിലെ എഴുത്തുകാരുടെ വ്യക്തിവിവരങ്ങള്‍ അറിയുകയെന്നത്, 'സത്യജ്വാല' മാസികയുടെ കാര്യത്തില്‍ പ്രത്യേകം ആവശ്യമാണെന്നുകൂടി പറയട്ടെ. ഒരംഗീകൃത അച്ചടിമാധ്യമമെന്ന നിലയില്‍, അതിലെഴുതുന്നവരെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ എന്നൊരു നിലപാടെടുക്കാന്‍ 'സത്യജ്വാല'യ്ക്കു/ KCRM-ന് ആവില്ല. മാസികയുടെ അടിസ്ഥാനസ്രോതസ് 'അല്മായശബ്ദം'’ ബ്ലോഗാണുതാനും.

എല്ലാറ്റിനുമുപരി, 'അല്മായശബ്ദ'ത്തിലെയും 'സത്യജ്വാല'യിലെയും എഴുത്തുകാരുടെ ഒരു കൂട്ടായ്മയും KCRM ലക്ഷ്യമിടുന്നുണ്ട് - കേരളസഭയിലെ ലോകമാസകലമുള്ള പ്രതിഭാശാലികളും സ്വതന്ത്രചിന്തകരുമായ ഉത്പതിഷ്ണുക്കളുടെ ഒരു കൂട്ടായ്മ; നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന സഭയുടെ ജനാലകളും വാതിലുകളും വലിച്ചുതുറന്ന്, ഉള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിപടലമൊക്കെ തൂത്തുവാരുകയെന്ന, ഇരുപത്തിമൂന്നാം   ജോണ്‍ മാര്‍പ്പാപ്പായുടെ അതേ ലക്ഷ്യം ഉള്ളില്‍ പേറുന്നവരുടെ ഒരു കൂട്ടായ്മ . അതാണു ലക്ഷ്യം. സ്വയം വെളിപ്പെടാന്‍ ധൈര്യവും ഉത്സാഹവുമുള്ളവര്‍ക്കേ ഈ കൂട്ടായ്മയില്‍ പങ്കാളികളാകാന്‍ കഴിയുകയുള്ളുവല്ലോ.

ഇതുകൊണ്ട്, പോസ്റ്റല്‍ അഡ്രസ്സും ഫോണ്‍നമ്പരും, കഴിയുമെങ്കില്‍ ഫോട്ടോയും സഹിതം സന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ തയ്യാറാവുന്ന ആദര്‍ശധീരര്‍ക്കു മാത്രമുള്ള ഒരു ചര്‍ച്ചാവേദിയായി 'അല്മായശബ്ദ'ത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. (വിവരങ്ങള്‍  നല്‍കിയവര്‍ക്ക് വ്യക്തിപരമായ പ്രത്യേത സാഹചര്യങ്ങള്‍മൂലം, അത്യാവശ്യമെങ്കില്‍, തൂലികനാമം അനുവദിക്കണമോ എന്ന കാര്യം ആലോചിക്കുന്നതാണ്.) അതിനുവേണ്ട സാങ്കേതികനടപടികള്‍ എന്തൊക്കെയെന്നു ആലോചിച്ചു നടപ്പിലാക്കാന്‍ ബ്ലോഗിന്റെ അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തുന്നു.
ഈ നടപടി 'അത്മായശബ്ദ'ത്തിന്റെ മുഖശോഭ വര്‍ദ്ധിപ്പിക്കുമെന്നുതന്നെയാണു കരുതുന്നത്. 'അത്മായശബ്ദ' ത്തെ, സഭയെ 'യേശുവല്‍ക്കരി'ക്കാനുള്ള ഒരുപകരണമാക്കാന്‍ നമുക്കു കഴിയണം. അതിന്, അവതരിപ്പിക്കപ്പെടുന്ന മുഖ്യ ആശയങ്ങളിലും പ്രശ്‌നങ്ങളിലും നിന്നു വ്യതിചലിക്കാതെ, അതിലൂന്നി നിന്നുള്ള സര്‍ഗ്ഗസംവാദത്തിനു നാം തയ്യാറാകണം. ആശയഭിന്നതകള്‍ വരുമ്പോള്‍ നമുക്കു സമചിത്തത കൈവെടിയാതിരിക്കാം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരുഷവും സഭ്യമല്ലാത്തതുമായ വാക്കുകള്‍ നമുക്കൊഴിവാക്കാം. വൃഥാവാചാലതയെന്ന ബാലിശത്വവും നമുക്കുപേക്ഷിക്കാം....
'അത്മായശബ്ദ'ത്തിന്റെ രണ്ടാം പിറന്നാളോടെ (നവം. 6) അതിനു വ്യക്തവും ശക്തവും പ്രസാദാത്മകവുമായ ഒരു മുഖഭാവം നല്‍കാന്‍ നമുക്കു കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു; അതിനായി പ്രാര്‍ഥിക്കുന്നു.
ബന്ധപ്പെട്ട എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. 


KCRM -നു വേണ്ടി, ചെയര്മാന്‍,
ജോര്‍ജ് ജോസഫ് കെ.

1 comment:

 1. അത്മായശബ്ദം സമാനചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയായി സമൂഹ പുരോഗതിയ്ക്ക് കാരണമാകണം എന്ന നിഗമനം അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. ചിന്താശക്തിയുള്ള എഴുത്തുകാരാണ് നമുക്കുള്ളത്. ആഗോള തലത്തിലുള്ള യുക്തിചിന്തകരുടെ ഒരു ഒത്തു ചേരല്‍ എന്നുള്ളതാണ് അല്‍മായ ശബ്ദത്തിന്റെ മറ്റൊരു സവിശേഷത.

  ഇതിലെ ലേഖകരുടെ ലേഖനങ്ങള്‍ക്ക് ശക്തമായ വിവാദ മറുപടികള്‍ തരുവാന്‍ പുരോഹിതര്‍ക്കോ അവരെ പിന്താങ്ങുന്ന മറ്റു ബുദ്ധിജീവികളെന്നു കരുതുന്നവര്‍ക്കോ സാധിക്കുമെന്നു തോന്നുന്നില്ല. നമ്മുടെ ലക്‌ഷ്യം നൂറ്റാണ്ടുകളായി മാറ്റമില്ലാത്ത ജനിച്ചു വളര്‍ന്ന സഭയുടെ നവോധ്വാനം ആണ്. ഒരു സമൂല പരിവര്‍ത്തനം സാധ്യമല്ലെന്നും അറിയാം. എങ്കിലും മഹത്തായ ആശയങ്ങള്‍ നാം ഒത്തൊരുമിച്ചാല്‍ ലോകത്തിനു നല്‍കുവാന്‍ സാധിക്കും.

  പൌരാഹിത്വ കുപ്പായത്തിനുള്ളില്‍ വിമ്മിഷ്ടപ്പെട്ടു ജീവിക്കുന്നവര്‍ക്കും അല്‍മായശബ്ദം ആശ്വാസമാമായിരിക്കും. ഒരു പിന്തിരിപ്പന്‍ സഭയുടെ ചട്ടക്കൂട്ടില്‍ അവര്‍ അകപ്പെട്ടുപോയി. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവിടുന്ന് രക്ഷപ്പെട്ടു മനസിനെ പാകപ്പെടുത്തുകയെന്നുള്ളതും എളുപ്പമല്ല.

  മനുഷ്യരെന്ന നിലയില്‍ മിക്ക പുരോഹിതരും മനസിന്റെ ഉള്ളില്‍ നല്ലവരാണ്. അധികാരമത്തു പിടിക്കുമ്പോഴാണ് ഇവര്‍ മൃഗങ്ങളെപ്പോലെ പെരുമാറുന്നത്. പണത്തിനോടുള്ള ആര്‍ത്തിമൂലം യേശുവിനെയും വിറ്റു.

  അല്‍മായശബ്ദം സഭയില്‍ നിശബ്ദമായി സേവനം ചെയ്യുന്ന സന്യസ്തരുടെ ഒരു ആശ്രയകേന്ദ്രവും ആകണം. ഈ ശബ്ദം അധികാരികള്‍ ശ്രവിക്കുന്നതുവരെ നമ്മുടെ എഴുത്തുകാരുടെ ശ്രമം തുടര്‍ന്നേ മതിയാവൂ.

  തലോര്‍ പ്രശ്നംപോലുള്ള മാനുഷിക വിഷയങ്ങളില്‍ അല്‍മായശബ്ദം തൃശൂര്‍ബിഷപ്പിന്റെ അനീതിക്കെതിരായി പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ബിഷപ്പുമാരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു സംവിധാനവും ആവശ്യമാണ്. ലോകം മുഴുവന്‍ അറിഞ്ഞാലും അരമന കുലുങ്ങാത്തത് ഇന്നും അവര്‍ പ്രാകൃതയുഗത്തില്‍ ജീവിക്കുന്നതു കൊണ്ടാണ്.

  ഈ ബ്ലോഗു നവീകരണ വിമര്ശന ആശയങ്ങളില്‍ അധിഷ്ടിതമാണ്. സീറോമലബാര്‍ ഫെയിത്ത് ബ്ലോഗിലെപ്പോലെ അടഞ്ഞ ചിന്താഗതിക്കാരെയോ, വ്യക്തിഹത്യയില്‍ സന്തോഷിക്കുന്നവരെയോ ഈ വേദിക്ക് ആവശ്യമില്ല.

  കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ നമ്മുടെ ഉദ്ദേശശുദ്ധിക്കു മങ്ങലേറ്റോയെന്നു സംശയം ഉണ്ടായി. വ്യക്തികളെ പരിഹസ്സിച്ചതുകൊണ്ട് ഒന്നും നേടുവാന്‍ പോകുന്നില്ല. ഇവര്‍ പ്രസ്ഥാനങ്ങളെ പരിഹസിച്ചു നന്നാക്കട്ടെ. അങ്ങനെ സമൂഹം യുക്തിയിലും ചിന്താശക്തിയിലും വളരും.

  ഇവിടെ വേണ്ടത് ഉത്തരീയഭക്തിക്കാരെയും അച്ചന്മാരെ കാണുമ്പോള്‍ മുട്ടടിച്ചു കൈകൂപ്പുന്നവരെയും അല്ല. തുറന്ന മനസ്സോടെ തെറ്റിനെ ചൂണ്ടി കാണിക്കുവാന്‍ തന്റേടം ഉള്ളവരെയാണ്. കപ്പക്കിള മാത്രം അറിഞ്ഞു കിട്ടുന്നതില്‍ പത്തിലൊന്നു പള്ളിക്കു കൊടുത്തു നല്ലമരണം വേണേയെന്നു പ്രാര്‍ഥിക്കുന്നവരെയും ആവശ്യമില്ല.

  പള്ളിക്കകത്തെ മുത്തുകുടകള്‍ മാറ്റിയാല്‍ മെത്രാന് കുട പിടിക്കുന്നവരുടെ ചിന്താഗതിക്കും മാറ്റം വന്നേക്കാം. നേര്ച്ചപ്പണം കൊടുത്തു മുത്തുകുട പിടിക്കുവാന് തിക്കും തിരക്കും കാണുമ്പോള്‍ നമ്മുടെ നാട് എത്രമാത്രം പുറകിലെന്നും ഓര്‍ത്തുപോയിട്ടുണ്ട്. പുരോഹിത തട്ടിപ്പെന്നൂ ജനം എന്നാണോ ഇതും മനസിലാക്കുവാന്‍ പോവുന്നത്?

  വിശ്വാസികളുടെ പണം പുരോഹിതര്‍ക്ക് പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍ക്കായും അഭയാകേസ്പോലെ വ്യപിചാരകുറ്റങ്ങള്‍ക്ക് കോടതികള്‍ക്കു കൊടുക്കുവാനും ഉള്ളതല്ല.സഭയുടെ സ്വത്തു വിവരങ്ങള്‍ വിശ്വാസികളും അറിയണം. ചര്‍ച്ച ആക്റ്റ് പോലുള്ള നിയമ സംവിധാനങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന
  അല്‍മായ ശബ്ദത്തിനു കൂടുതല്‍ ശക്തി നല്‍കുവാന്‍ കഴിവുള്ള എഴുത്തുകാരും നമുക്കുണ്ട്.

  ReplyDelete