Translate

Friday, February 8, 2013

ദൈവാനുഗ്രഹം

       സത്യജ്വാല മാസികയുടെ ജനുവരി ലക്കത്തിലെ എഡിറ്റോറിയല്‍        

'എന്റെ നാമം വൃഥാ പ്രയോഗിക്കരുത്' എന്ന ദൈവപ്രമാണം ഏറ്റവുമധികം ലംഘിക്കുന്നത് ക്രൈസ്തവപുരോഹിതരാണെന്നു തോന്നുന്നു. ദൈവാനുഗ്രഹത്തിന്റെ ചില്ലറ-മൊത്ത വില്പനക്കാരായ അവരെ സംബന്ധിച്ച് ദൈവമെന്നത് അവരുടെ ഏജന്‍സിയുടെ 'ട്രേഡ് മാര്‍ക്ക്' (trade mark)  മാത്രം! എന്നാല്‍, അവരുടെ ഈ ദുര്‍മാതൃക ഒരു ആഗോളവല്‍ക്കരണ പ്രക്രിയയിലെന്നപോലെ, മറ്റെല്ലാ മതങ്ങളും മതസ്ഥരും ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോള്‍, ഒരു 'റിയാലിറ്റി ഷോ'യില്‍ ഒരാള്‍ വിജയിയായാല്‍ നന്ദിപ്രകടനത്തില്‍ ആദ്യമായി ദൈവത്തിന്റെ നാമം കടന്നുവരുന്നു. ആദ്യമായി ദൈവത്തിനു നന്ദി! തുടര്‍ന്ന്, ഗുരുക്കന്മാര്‍ക്ക്, ജഡ്ജ്മാര്‍ക്ക്, മാതാപിതാക്കള്‍ക്ക്, എസ്.എം.എസ് ചെയ്തവര്‍ക്ക് .......... ഒരു ഭാഗ്യക്കുറിക്കു നറുക്കുവീണാല്‍ അതും ദൈവാനുഗ്രഹം; ദൈവത്തിനു നന്ദി! ഭൂമിയെ ഒരു കച്ചവടച്ചരക്കാക്കി മറിച്ചുവിറ്റു ലാഭം കിട്ടുമ്പോള്‍, അതും ദൈവാനുഗ്രഹം; ദൈവത്തിനു നന്ദി! അമ്പതുപേര്‍ യാത്ര ചെയ്ത ബസ്സ് അപകടത്തില്‍പ്പെടുകയും ഞാന്‍ മാത്രം രക്ഷപ്പെടുകയും ചെയ്താല്‍ അത് മഹാദൈവാനുഗ്രഹം! നന്ദി പ്രകടിപ്പിക്കാന്‍ നേര്‍ച്ച-കാഴ്ചകള്‍, തീര്‍ത്ഥാടനം, തല മുണ്ഡനം ചെയ്യല്‍! പരീക്ഷകളില്‍, മത്സരങ്ങളില്‍, ഇന്റര്‍വ്യൂകളില്‍, കേസ്സുകളില്‍ ഒക്കെ വിജയിച്ചാല്‍, ജോലി കിട്ടിയാല്‍, മന്ത്രിയായാല്‍ അതെല്ലാം ദൈവാനുഗ്രഹം!

ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും വ്യക്തിതലത്തില്‍ ലഭിക്കുന്ന ഓരോ ഭൗതികനേട്ടവുമാണ്, ഇന്ന് ദൈവാനുഗ്രഹമായി മനസ്സിലാക്കപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍, ദൈവാനുഗ്രഹമല്ലാത്തതായി ഈ പ്രപഞ്ചത്തില്‍ എന്താണുളളത്? മണ്ണ്, വെള്ളം എന്നിങ്ങനെ പഞ്ചഭൂതങ്ങളും ദൈവത്തിന്റെ അനുഗ്രഹങ്ങളല്ലാതെ മറ്റെന്താണ്? അവയില്‍നിന്നെല്ലാം ഉരുവപ്പെടുന്ന ജീവന്‍ എന്ന പ്രതിഭാസം എത്രയോ വലിയ അനുഗ്രഹമാണ്! ജന്തുലോകത്തിനു ജീവവായുവും ഭക്ഷണവും നല്‍കുന്ന സസ്യലോകം, അതിലെ ഒരു പുല്‍ക്കൊടിപോലും, എത്രയോ വലിയ ദൈവാനുഗ്രഹമാണ്! വിവിധങ്ങളായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ട് ഈ ഭൂമിയെ നിരന്തരം ജൈവസമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന സൂക്ഷ്മാണുക്കള്‍ മുതലിങ്ങോട്ടുള്ള അനന്തവൈചിത്ര്യമാര്‍ന്നതും എണ്ണിയാലൊടുങ്ങാത്തതുമായ ജീവജാലങ്ങള്‍ ദൈവാനുഗ്രഹങ്ങളല്ലാതെ മറ്റെന്താണ്? 

അബോധത്തിലാണ്ടുകിടക്കുന്ന പഞ്ചഭൂതങ്ങളുടെ, ബോധമുള്ള മനുഷ്യനിലേക്കുള്ള അത്ഭുതകരമായ രൂപാന്തരം എത്രയോ വലിയ ദൈവാനുഗ്രഹമാണ്! ഒരു ഗര്‍ഭസ്ഥശിശുവിന് ഗര്‍ഭപാത്രമെന്നപോലെ, ഇക്ക ണ്ടതും കാണാത്തതുമായ അനന്തജീവജാലങ്ങള്‍ക്കും അതിസുരക്ഷിതത്വം നല്‍കി വിരാജിക്കുന്ന ഈ വിശ്വപ്രകൃതി എത്രയോ മഹത്തായൊരു ദൈവാനുഗ്രഹമാണ്!

മനുഷ്യനെ മാത്രമെടുത്താല്‍, ഒരു മനുഷ്യനായിരിക്കുക എന്നതുതന്നെ എത്രയോ വലിയ അനുഗ്രഹമാണ്! മറ്റൊരു ജീവിക്കും ഉളളതായി കാണാത്ത, 'ഞാന്‍ ഉണ്ട്' എന്ന അസ്തിത്വബോധം മനുഷ്യജന്മത്തെ എത്രയോ അനുഗൃഹീതമാക്കിയിരിക്കുന്നു! ജന്തുസഹജമായ ശാരീരികമാനത്തോടൊപ്പം മാനസികവും ആത്മീയവുമായ മാനങ്ങള്‍കൂടി നല്‍കപ്പെട്ട മനുഷ്യജന്മം എത്രയോ ഉദാത്തമായ അനുഗ്രഹമാണ്! സ്‌നേഹിക്കാന്‍ ഒരു ഹൃദയം നല്‍കപ്പെട്ട ഓരോ മനുഷ്യനും എത്രയോ അനുഗൃഹീതനാണ്! മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച് ജീവിതത്തെ ഒരു മധുചഷകമെന്നോണം അനുഭൂതിദായകമാക്കിയിരിക്കുന്നുവെന്നത് എന്തു വലിയ ദൈവാനുഗ്രഹമാണ്! അതുല്യവ്യക്തിത്വങ്ങളാകാന്‍പോരുന്ന, സവിശേഷ സിദ്ധി-വൈഭവങ്ങളാലും ശേഷികളാലും ഓരോരുത്തരും, ജന്മംകൊണ്ടുതന്നെ, നിറയ്ക്കപ്പെട്ടിരിക്കുന്നുവെന്നത് എത്രയോ അത്ഭുതകരമായ ദൈവാനുഗ്രഹമാണ്....!

ഇങ്ങനെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും, വ്യക്തിതലത്തിലും ആകമാനതലത്തിലും ദൈവാനുഗ്രഹം പാരാവാരംപോലെ തിരതല്ലി കവിഞ്ഞൊഴുകുമ്പോഴാണ്, അതൊന്നും കാണാതെ മരുഭൂമിയിലൊരു തുള്ളി വെള്ളത്തിനുവേണ്ടിയെന്നതുപോലെ ദൈവാനുഗ്രഹത്തിനായി മനുഷ്യന്‍ ദാഹിച്ചു വലയുന്നത് എന്നോര്‍ക്കുക.

ഈ വിരോധാഭാസത്തിന്റെ കാരണമന്വേഷിച്ചാല്‍, ഈ വിശ്വപ്രകൃതിയെയും അതിലെ സമസ്ത ജീവജാലങ്ങളെയും ഒന്നായിക്കാണാന്‍ മനുഷ്യനു നല്‍കപ്പെട്ടിരിക്കുന്ന ഉള്‍ക്കണ്ണിനു തിമിരം ബാധിച്ചതുമൂലമാണെന്നു കാണാം. മനുഷ്യനുമാത്രം ലഭ്യമായ ആകമാനഅസ്തിത്വബോധത്തില്‍നിന്നു സ്വയം വെട്ടിമാറ്റി, അവനവന്‍കേന്ദ്രീകൃതമായ വിഭാഗീയവും സങ്കുചിതവും വ്യാജവുമായ ഒരസ്തിത്വബോധത്തിലേക്ക് മനുഷ്യന്‍ ചുരുങ്ങിക്കൂടിയിരിക്കുന്നു. ബൈബിളിന്റെ ഭാഷയില്‍ പറഞ്ഞാല്‍, മുന്തിരിവള്ളിയില്‍നിന്നു ബന്ധം വിച്ഛേദിക്കുന്ന ശാഖകളുടെ ആത്മഹത്യാപരമായ നിലപാടിലേക്ക് മനുഷ്യന്‍ നയിക്കപ്പെട്ടിരിക്കുന്നു. തായ്‌ച്ചെടിയുമായുള്ള ബന്ധം മുറിച്ചുമാറ്റിയ ശാഖകള്‍ വെള്ളവും വളവും കിട്ടാതെ ഉണങ്ങിപ്പോകുന്നതുപോലെ, ആകമാനഉണ്മയില്‍നിന്നു സ്വയം വേര്‍പെടുത്തി സ്വകാര്യമാത്രപരതയില്‍ അഭിരമിക്കുന്ന മനുഷ്യനും, നിറഞ്ഞുകവിഞ്ഞു കിടക്കുന്ന അനുഗ്രഹക്കടലില്‍നിന്നും ഒന്നും ലഭ്യമല്ലാതെപോകുന്നു. 

മനുഷ്യന്റെ സാര്‍വ്വത്രികമായ അസ്തിത്വബോധത്തിന്റെ സ്വകാര്യവല്‍ക്കരണമാണ് ഇവിടെ പ്രശ്‌നമായിരിക്കുന്നത്. തുടര്‍ന്നു നിരീക്ഷിച്ചാല്‍, മനുഷ്യനെ സാര്‍വ്വത്രികദര്‍ശനത്തിലേക്കു വഴിനടത്താന്‍ നിയോഗിക്കപ്പെട്ടവരുടെ കൃത്യവിലോപമാണ് അതിനു പിന്നിലുള്ളതെന്നു കാണാം. വീണ്ടും നോക്കിയാല്‍, മനുഷ്യനെ അവന്റെ കേവലം വ്യക്തിബോധത്തില്‍നിന്നു ആകമാന സത്താബോധത്തിലേക്കു നയിക്കേണ്ട ആദ്ധ്യാത്മികാചാര്യന്മാരെ പിന്തള്ളി, ആചാരാനുഷ്ഠാനങ്ങളിലൂടെ ഇങ്ങേലോകത്ത് വ്യക്തിഗതനേട്ടങ്ങളും അങ്ങേലോകത്ത് വ്യക്തിഗതസ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്തുകടന്നുവന്ന് മതരംഗം കീഴടക്കിയ പൗരോഹിത്യമാണ് മനുഷ്യനെ ഈ ദുരവസ്ഥയില്‍ എത്തിച്ചതെന്നു കൃത്യമായിത്തന്നെ കാണാനാകും. 

ആകമാന അസ്തിത്വബോധമാണ്, ആ ബോധത്തിലുദയംകൊള്ളുന്ന പരസ്പരസ്‌നേഹമാണ്, പരാര്‍ത്ഥതാഭാവമാണ്, ആത്മീയത. അവനവന്‍കേന്ദ്രീകൃത അസ്തിത്വബോധവും അതില്‍നിന്നുദയംകൊള്ളുന്ന അവനവനിസമനോഭാവവുമാണ്, അഥവാ സ്വകാര്യമാത്രപരതയാണ്, ഭൗതികത. ഇതിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍, ഇന്നു മനസ്സിലാക്കപ്പെടുന്ന വിധത്തിലുള്ള ദൈവാനുഗ്രഹങ്ങളെല്ലാം മനുഷ്യന്റെ ഭൗതികമനോഭാവത്തിന്റെ നിര്‍ദര്‍ശനങ്ങളാണെന്നു കാണാം. യേശുവിനു പിശാച് വാഗ്ദാനംചെയ്ത തരത്തിലുള്ള, അഥവാ മാമോന്‍സേവയുടെ ഫലമായി ലഭിക്കുന്ന, 'അനുഗ്രഹ'ങ്ങളെയാണ് ദൈവാനുഗ്രഹങ്ങളായി മനുഷ്യനിന്നു മനസ്സിലാക്കിയിരിക്കുന്നത് എന്നു ചുരുക്കം. 

മനുഷ്യന്‍ വ്യക്തിപരമായി നേടേണ്ട ദൈവാനുഗ്രഹങ്ങളെന്തൊക്കെയെന്നു യേശു തന്റെ മലയിലെ പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെ, യേശു പ്രഖ്യാപിച്ചിട്ടുള്ള സുവിശേഷസൗഭാഗ്യങ്ങള്‍തന്നെയാണ് ദൈവാനുഗ്രഹങ്ങള്‍. 

ആദ്യമായി പറയുന്നത്, 'ആത്മാവില്‍ ദരിദ്രര്‍ സൗഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടതാണ്' എന്നാണ്. ആകമാന ഉണ്മയില്‍, അഥവാ ദൈവികസത്തയില്‍ വിലയംപ്രാപിക്കുകയെന്നതാണ് സ്വര്‍ഗ്ഗീയാവസ്ഥ. സ്വയം ശൂന്യവല്‍ക്കരിക്കാതെ 'ഞാന്‍ഭാവം(ego) കൈവെടിയാതെ, ആകമാനസത്തയില്‍- ദൈവത്തില്‍- വിലയം പ്രാപിക്കുക അസാധ്യമാണ്. അതുകൊണ്ട്, എന്റെ കേന്ദ്രം എന്നിലല്ല ആകമാനസത്തയിലാണ് എന്നു തിരിച്ചറിയൂ, ആത്മാവില്‍ ദാരിദ്ര്യംവരിച്ച് സ്വയം ഇല്ലാതായി, ആ സത്തയില്‍- ദൈവത്തില്‍- വിലയിച്ചൊന്നായി അദൈ്വതാനുഭവത്തിലെത്തി അനുഗൃഹീതനാകൂ എന്നാണിവിടെ യേശു ഉപദേശിക്കുന്നത്.

ഇത് ദൈവാനുഗ്രത്തിന്റെ പരമോന്നതപടിയാണ്. അവിടെ എത്തിച്ചേരാന്‍, ദൈവമനുഷ്യരും ആദ്ധ്യാത്മികാചാര്യന്മാരുമാകാന്‍, എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. അതിനാവശ്യമായ 'അഞ്ചു താലന്ത്' എല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ദൈവരാജ്യസൃഷ്ടിക്കുപകരണങ്ങളായി മാറാനാവശ്യമായ മനോഭാവങ്ങളാര്‍ജ്ജിച്ചും അതിനുവേണ്ടി പ്രയത്‌നിച്ചും അനുഗൃഹീതരാകാനുള്ള പൊതുഉപദേശങ്ങളാണ് അദ്ദേഹം തുടര്‍ന്നു നല്‍കുന്നത്.

'വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍' എന്നാണു രണ്ടാമതുപറയുന്നത്. തീര്‍ച്ചയായുമിത് അവനവന്റെ കാര്യങ്ങളെയോര്‍ത്തുള്ള വിലാപമല്ല. കാരണം, തനത് ആവശ്യങ്ങളെക്കുറിച്ച് ആകുലപ്പെട്ട് ജീവിതം പാഴാക്കരുതെന്നും, ദൈവരാജ്യവും ദൈവത്തിന്റെ നീതിയും തേടിയാല്‍ മതി, മറ്റെല്ലാം ഓരോരുത്തര്‍ക്കും ലഭ്യമായിക്കൊള്ളും എന്നുമാണല്ലോ അദ്ദേഹം പറഞ്ഞിട്ടുള്ളത് (മത്താ. 6:25-33). അപ്പോള്‍ മറ്റുള്ളവരുടെ, സമൂഹത്തിന്റെ, ഇല്ലായ്മ- വല്ലായ്മകളെയോര്‍ത്തുളള വിലാപമാണിവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത്, മറ്റുള്ളവരോട് സഹാനുഭൂതിയുളളവരായിക്കൊണ്ട് അനുഗൃഹീതരാകൂ എന്നാണിവിടെ യേശു പറയുന്നത്. 

സൗമ്യശീലം, നീതിബോധം, കാരുണ്യം, ഹൃദയശുദ്ധി എന്നീ മനോഭാവങ്ങളാര്‍ജ്ജിച്ച് ഭാഗ്യവാന്മാരാകൂ, അനുഗൃഹീതരാകൂ, എന്നാണ് തുടര്‍ന്നുള്ള ഉപദേശങ്ങള്‍. സ്‌നേഹത്തില്‍ അധിഷ്ഠിതമായ ദൈവരാജ്യത്തിനു വേരോട്ടമുണ്ടാകണമെങ്കില്‍ ഈ മനോഭാവങ്ങളെല്ലാം ജനങ്ങളില്‍ വ്യാപകമാകേണ്ടിയിരിക്കുന്നു; ഓരോ മനുഷ്യനും അവനവനിലേക്കു ചുരുങ്ങിക്കൂടി മുരടിച്ചുപോകാതെ നോക്കേണ്ടിയിരിക്കുന്നു; അപരനിലേക്കു മനസ്സും ഹൃദയവും വിടര്‍ത്തി ഈ മാനുഷികഭാവങ്ങളുടെ സുഗന്ധം പരത്തേണ്ടിയിരിക്കുന്നു. ഏതു ജീവിതത്തുറയിലുള്ളവര്‍ക്കും, 'ഒരു താലന്തു'മാത്രം കിട്ടിയവര്‍ക്കും, ഈ മനോഭാവങ്ങളാര്‍ജിച്ച് അനുഗൃഹീതരാകാം.

ദൈവരാജ്യസൃഷ്ടിക്ക് ദൈവവുമായി സാത്മ്യംപ്രാപിച്ച ദൈവമനുഷ്യരും മാനുഷികമൂല്യങ്ങളുള്‍ക്കൊണ്ട ബഹുജനവുംമാത്രം മതിയാവുകയില്ല. എഞ്ചിനീയറും സാധനസാമഗ്രികളുമുണ്ടാല്‍മാത്രം പോരാ, പണിക്കാര്‍കൂടി ഉണ്ടായാലേ വീടുനിര്‍മ്മാണം നടക്കൂ എന്നതുപോലെ, ദൈവരാജ്യസൃഷ്ടിക്ക് സ്വയംസന്നദ്ധരായി ഇറങ്ങിത്തിരിക്കുന്ന 'വേലക്കാര്‍'കൂടി വേണം. അത്തരം പ്രവര്‍ത്തകരാകുന്നതിലെ ദൈവാനുഗ്രഹത്തെക്കുറിച്ചാണ് യേശു അവസാനം പറയുന്നത്. 

'സമാധാനം സ്ഥാപിക്കാന്‍ യത്‌നിക്കുന്നവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും' എന്നും, 'നീതിക്കുവേണ്ടി പീഡയനുഭവിക്കുന്നവരുടേതാണ് സ്വര്‍ഗ്ഗരാജ്യം' എന്നുമാണ് അവിടുന്നു പ്രഖ്യാപിക്കുന്നത്. ..... സഭയിലും സമൂഹത്തിലും നീതിക്കും സമാധാനത്തിനുംവേണ്ടി സ്വയം മറന്നു പ്രവര്‍ത്തിക്കൂ, ദൈവപുത്രന്മാരും, സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളുമാകൂ എന്നാണവിടുന്ന് ആഹ്വാനം ചെയ്യുന്നത്. 

ഇവിടെയൊന്നും, ആര്‍ക്കും വ്യക്തിപരമായി യാതൊരു ഭൗതികനേട്ടവും ഉണ്ടാകുന്നില്ല എന്നോര്‍ക്കുക. തങ്ങള്‍ക്കു നല്‍കപ്പെട്ട 'താല ന്തു'കള്‍, അതെത്രെയാണെങ്കിലും, വര്‍ദ്ധിപ്പിച്ച് പരസ്പരാനന്ദകരമായ ഒരു നവലോകസൃഷ്ടിക്ക്, ദൈവരാജ്യനിര്‍മ്മിതിക്ക്, ഉപയുക്തരാക്കുന്നവര്‍ മാത്രമാണ് യേശുവിന്റെ ദൃഷ്ടിയില്‍ ഭാഗ്യവന്മാര്‍, അനുഗൃഹീതര്‍.

ഇതിന്റെ വെളിച്ചത്തില്‍, ദൈവത്തിന്റെ നാമം ഉച്ചരിച്ച് യേശുവിനെ പിശാച് പ്രലോഭിപ്പിച്ച അതേ ശൈലിയില്‍, മനുഷ്യരെ ഭൗതികആര്‍ത്തികളിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, കേവലം ഉദരംഭരികളാക്കിക്കൊണ്ടിരിക്കുന്ന, സഭാനിലപാടുകളെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ ഒന്നു തുറന്നു പരിശോധിക്കേണ്ടതില്ലേ? 


7 comments:

  1. മാന്യ വായനക്കാരെ , ഈ വചനങ്ങള്‍ മനസ്സിന്റെ ആഴങ്ങളിലേക്ക് ഏറ്റുവാങ്ങു ..മുത്തുച്ചിപ്പി പോലത് സല്‌ക്കര്‌മങ്ങളായും ഉള്ളില്‍ ഉരുവ്വാക്കപ്പെടട്ടെ ..നാളെയത് വിലതീരാത്ത മുത്തായിമാറും. അറിവിനെ അറിഞ്ഞു ആ അറിവില്‍ ആനന്ദിക്കാന്‍ മനസ്സിന് ശീലമാകട്ടെ .നല്ല രചനക്കെന്റെ അഭിനന്ദനം .

    ReplyDelete
  2. വെറും തഴക്കത്തിന്റെ പ്രേരണയാല്‍ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും ചെന്നെത്തുന്ന അല്പവിശ്വാസികള്‍ നിത്യേന കേള്‍ക്കുന്ന വചനവ്യാഖ്യാനങ്ങളുടെ നേരേ എതിര്‍വചനമാണ് ജോര്‍ജ്ജിന്റെ ഈ EDITORIAL ല്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. മെത്രാന്‍മാരുടെ ഇടയലേഖനങ്ങള്‍ പോലും ഒരിക്കലും ഇത്തരം സത്യങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യപ്പെടുകയില്ല. കാരണം, അപ്പോള്‍ പള്ളികളുടെയും പുരോഹിതരുടെയും പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. ഈ കുറിപ്പില്‍ ഒരൊറ്റ പാഴ്വാക്കില്ല. ആഴമേറിയ ഉള്‍ക്കാഴ്ചകളുടെ ഒരു പെരുവെള്ളച്ചാട്ടമാണ് അനുവാചകന് അനുഭവവേദ്യമാകുന്നത്. ഈ എഡിറ്റോറിയല്‍ വായിക്കാനിടയാകുന്ന ഒരു വൈദികനെങ്കിലും പള്ളിയില്‍ ഇതിലെ ഉള്ളടക്കം വിശദീ കരിച്ചുകൊടുക്കാന്‍ മാത്രം മാനസ്സിക വികാസം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്. ഇന്ന് പരക്കെ പരിചിതമായ തീര്‍ത്തും പൊള്ളയായ ആത്മീയതയെ ശുദ്ധീകരിക്കാന്‍ പോരുന്ന കാതലുള്ള ചിന്തകളാണ് ജോര്‍ജ്ജ് കുറിച്ചിരിക്കുന്നത്. തെറ്റായ തഴക്കങ്ങളില്‍ നിന്ന് ഒരു സമൂഹത്തെ തിരുത്തി ചിന്തിപ്പിക്കാന്‍ ആത്മശുശ്രൂഷകര്‍ എന്ന് സ്വയം കരുതുകയും അതില്‍ അഭിമാനിക്കുകായും ചെയ്യുന്നവര്‍ മുന്‍കൈയെടുക്കാതെ വേറെ വഴിയില്ല. അതിനുള്ള സന്നദ്ധതയും അവബോധവും ഉള്ള അച്ചന്മാര്‍ ഇന്നെവിടെയുണ്ട്?

    ReplyDelete
  3. എന്റെ ചേട്ടാ , ആത്മശുശ്രൂഷകര്‍ അല്ല ഈ പുരോഹിതവര്‍ഗം , പിന്നെയോ ആത്മീയ ചൂഷകരാണു സത്യം .സക്കരിയചായെന്‍ വീണ്ടും ഇവറ്റകളെ അച്ചന്മാര്‍ എന്ന് വിളിച്ചു ക്രിസ്തുവിനെ അപമാനിക്കാതിരിക്കു ... ഗുരുവേ ,ഞങ്ങള്‍ക്ക് നല്ല മാതൃകയാകാന്‍ കത്തനാരെ /പാതിരിമാരെ എന്ന് നാം വിളിച്ചു തുടങ്ങണം .പള്ളിയംഗനത്തില്‍ വച്ച് ഒരു മാപ്പിള കത്തനാരെ എന്ന് വിളിച്ചു തുടങ്ങിയാല്‍ പകുതി കുപ്പായം താനേ അഴിഞ്ഞു തറയില്‍ വീഴും .ളോഹമേലെ ളോഹ ,അതിന്‍ മുകളില്‍ ളോഹ ..ഓരോന്നും വിളിപ്പേര് മാറിയാല്‍ താനേ അഴിഞ്ഞു തറയില്‍ വീഴും.ഏവരും അങ്ങിനെ മനുഷ്യരാകും .

    ReplyDelete
  4. സത്യജ്വാലയില്‍ ഏറ്റവും നല്ല വിഭവം എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ജോര്‍ജിന്റെ എഡിറ്റോറിയല്‍ ആണെന്ന്. ഓരോ മനുഷ്യനും അഗാധമായി ചിന്തിക്കേണ്ട വിഷയമാണ് ജോര്‍ജ് ഈ ലക്കത്തിലെ എഡിറ്റോറിയലില്‍ വിവരിച്ചിരിക്കുന്നത്. ഭാഷയുടെ സൌന്ദര്യത്തിനൊപ്പം ആശയപാണ്ഡ്യത്യവും ലേഖനത്തില്‍ സ്പഷ്ടമാണ്. ലളിതമായ ഭാഷയില്‍ ആശയങ്ങള്‍ അവതരിപ്പിക്കുകയെന്നതാണ് ഏതു എഴുത്തുകാരന്റെയും കഴിവില്‍ പ്രകടമാക്കേണ്ടത്. ഭാഷ സാധാരണ ജനത്തിനും കൂടിയുള്ളതാണ്. ആരെയും ആകര്‍ഷിക്കുന്ന ഒരു ഭാഷാശൈലിയും അദ്ദേഹത്തിനുണ്ട്. ആശയങ്ങളില്ലാതെ ഭാഷാപാണ്ഡ്യത്യം കാണിക്കുവാന്‍ എഴുതുന്നവന്റെ ലേഖനങ്ങള്‍ ഒറ്റ നോട്ടത്തില്‍ സാധാരണ ഞാന്‍ കുപ്പയിലെക്കെറിയുകയാണ് പതിവ്.

    എന്റെ നാമം അനവസരത്തില്‍ സദാ ഉപയോഗിക്കരുതെന്നുള്ള വചനത്തെ ഏറ്റവും ധിക്കരിക്കുന്നതു പുരോഹിതന്‍ തന്നെയെന്നുള്ളതിനും സംശയമില്ല. എല്ലാം ഈശോക്കു വേണ്ടി കാഴ്ച വെക്കണം. മരിക്കാന്‍ പോകുന്ന രോഗിയുടെ വേദനക്ക് കാരണം ഈശോയുടെ ഉമ്മയാണ്, അനുഗ്രഹമാണ് എന്നൊക്കെ പറഞ്ഞു മദര്‍തെരസാപോലും രോഗികളെ ആശ്വസിപ്പിച്ചിരുന്നു. 'അമ്മേ, ഈശൊയോടു എന്നെ ഉമ്മ വെക്കരുതെന്നു പറയൂ' എന്നായി പിന്നീട് ഒരു രോഗിയുടെ വിലാപവും പ്രാര്‍ഥനയും.

    പ്രകൃതി മുഴുവന്‍ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. പഞ്ചഭൂതങ്ങള്‍ അടങ്ങിയ സര്‍വതും മായയായ ഈശ്വരന്റെ ലീലാവിലാസങ്ങളാണ് ഓരോ പരമാണുവിലും നാം ദര്‍ശിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നത് ഈശ്വരചിന്തക്ക് തുല്യമാണ്. ആകാശത്തിലെപ്പോലെ ഭൂമിയിലും ആകണമേയെന്നു ഞാനും ഒരിക്കല്‍ ആയിരം വട്ടം പ്രാര്‍ഥിച്ചിട്ടുണ്ട്. കപ്പപോലും ഉണ്ടാകാത്ത ആകാശത്തെപ്പറ്റിയുള്ള ഈ പ്രാര്‍ഥന ഏതോ പൊട്ടന്‍ തര്‍ജിമ ചെയ്തപ്പോള്‍ വെറും അര്‍ത്ഥമില്ലാത്തതായി. പത്രോസ് വല ഇട്ടപ്പോള്‍ 153 മത്സ്യങ്ങളെ വലയില്‍ കിട്ടിയതുകൊണ്ട് 153 മണിജപം ഉണ്ടായിയെന്ന് അന്നത്തെ ഒരു കത്തനാര്‍ പഠിപ്പിച്ചതും ഓര്‍ക്കുന്നു.

    പ്രാര്‍ഥനയില്‍ ഭക്തിമൂത്ത് കേരളം മൊത്തം മാനസികരോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദൈവംപോലും പറഞ്ഞിരിക്കുന്നത് ഇസ്രായലിനുവേണ്ടി പ്രാര്‍ഥിക്കുവാനാണ്. ലോകം മുഴുവന്‍ നിമിഷനേരംകൊണ്ട് തകര്‍ക്കുവാനുള്ള ആറ്റംബോമ്പുകളുടെ സമാഹാരം ഇസ്രായലിന്റെ കൈവശം ഉണ്ട്. ചുറ്റുമുള്ള ഇസ്ലാമികരാജ്യങ്ങള്‌ മുഴുവന്‍ ഈ കൊച്ചു രാജ്യത്തെ പേടിച്ചാണ് ജീവിക്കുന്നത്. ദൈവത്തിന്റെ ഭാഷയില്‍ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനവും.

    അനുഗ്രഹങ്ങള്‍ ദൈവം ഇസ്രായലിനു മാത്രമെ കൊടുത്തിട്ടുള്ളൂ. ജെരുമിയാ മൂന്നാം അദ്ധ്യായം 14 വാക്യം ദൈവം ഇസ്രായിലിന്റെ ഭര്‍ത്താവാണെന്നാണ് പറഞ്ഞിരിക്കുന്നത്. പലപ്പോഴും പ്രാര്‍ഥനകളില്‌ ഇസ്രായലിനെ അനുഗ്രഹിക്കുവാന്‍ പ്രാര്‍ഥിക്കുന്നതും കേള്‍ക്കാം. ഈ പുരോഹിതന്‍റെ ദേശീയബോധം എവിടെയെന്നും ചിന്തിച്ചു പോയിട്ടുണ്ട്.

    ദൈവം ഇസ്രായിലിനോട് അരുളി ചെയ്തു. " ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും."

    അയല്‍രാജ്യങ്ങളെ നശിപ്പിക്കുവാന്‍ ഇസ്രായിലിനു ഭീകരആയുധങ്ങള്‍ നല്‍കി സഹായിക്കുന്നത് കൊണ്ടായിരിക്കാം അമേരിക്ക എന്നും അനുഗ്രഹീതമായിരിക്കുന്നത്. അമേരിക്കയുടെ നേട്ടങ്ങള്‍ക്ക്‌ കാരണവും ഇസ്രായിലിനെ ന്യൂക്ലീയര്‍ ബോംബുകള്‍ നിറഞ്ഞ ഒരു രാഷ്ട്രം ആക്കുന്നതുകൊണ്ടായിരിക്കാം. എന്നിട്ടും ഇസ്രായേല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവും. "നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും." എന്തൊരു വിരോധാഭാസം!!!

    ReplyDelete
  5. കോടാനുകോടി, കോട്യാനുകൊടി ഏതാണ് ശരി? സ്വരാക്ഷരങ്ങള്‍ കൂട്ടി രണ്ടു വാക്കുകള്‍ യോജിപ്പിക്കാറില്ല. രണ്ടു പദങ്ങള്‍ തമ്മില്‍ യോജിപ്പിക്കേണ്ടത് 'വ്യജ്ഞനം' കൊണ്ടല്ലേ? മാത്രുഭൂമി ഉള്‍പ്പടെ മലയാളത്തിലെ എല്ലാ പത്രങ്ങളും സത്യജ്വാലായും ഓശാനയും കോടാനുകോടി എന്ന വാക്ക് തെറ്റോ ശരിയൊ ആയി പിന്തുടരുന്നു. പ്രത്യേകിച്ച് പുലിക്കുന്നന്‍ സാറിനും കോടാനുകോടി ഇഷ്ടമാണ്. സാക്കിന്റെ ലേഖനത്തില്‍ 'കോട്യാനുകൊടി' വാക്കാണ്‌ എഴുതി കാണുന്നത്. സ്വര, വ്യജ്ഞന നിയമം അനുസരിച്ച് 'കോട്യാനുകോടി' ശരിയെന്നു എനിക്കും തോന്നുന്നു. ഈ പദ വിത്യാസങ്ങള്‍ ഞാന്‍ മനസിലാക്കിയതും സാക്കിന്റെ ലേഖനങ്ങളില്‍ നിന്നാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
    Replies
    1. ഒരു സംശയത്തിനും ഇടമില്ലാതെ എനിക്ക് പറയാനാവും: കോടി + അനുകോടി = കോട്യാനുകോടി
      സന്ധിനിയമപ്രകാരം ഇത് ശരിയാണ്. പിന്നെ, ഭാഷയുടെ പ്രയോഗങ്ങളില്‍ ഒരു ഗുരുവായിരുന്ന ശ്രീ എം.കൃഷ്ണന്‍ നായര്‍ ഇത് പലതവണ ചൂണ്ടിക്കാണിക്കയും ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്ത് ജോസഫ് മാത്യു ഇത് ശ്രദ്ധിച്ചു എന്നതുതന്നെ ഭാഷയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തെയാണ്‌ കാണിക്കുന്നത്. എല്ലാവര്‍ക്കും ഈ അവബോധം ഉണ്ടായിരുന്നെങ്കില്‍!
      ഭാഷയുടെ കാര്യത്തില്‍ കൂടുതല്‍ താത്പര്യമുള്ളവര്‍ ഈ ലേഖനങ്ങള്‍ കൂടി കാണുക:
      http://znperingulam.blogspot.in/2010/10/blog-post_3701.html
      http://znperingulam.blogspot.in/2010/11/blog-post_17.html

      Delete
  6. Any Religion is an historical mistake carried out by the collective Human ego.That is why a religion like christianity founded in the name of Jesus never understands the true Jesus.Because there is nothing to be marketted in Jesus other than truth.No religion could ever trade or make money on TRUTH.That is why all religions are a historical Mistake and curse for Humanity.

    ReplyDelete