Translate

Thursday, May 30, 2013

കാഞ്ഞ പള്ളി വീണ്ടും

ജോലിയുടെ തിരക്കിനിടയില്‍ ഇടയ്ക്കിടെ നാട്ടിലോട്ടൊന്നു വിളിക്കും സുഹൃത്തുക്കളെ ... നാട്ടു വിശേഷമായി ആവേ മരിയാ കേസ് പറയാനുണ്ടായിരുന്നു എല്ലാവര്ക്കും. കാഞ്ഞിരപ്പള്ളി വാര്‍ത്തകള്‍ അത്മായാ ശബ്ദം പുറത്തു വിടാതെ സൂക്ഷിക്കുന്നതിന്‍റെ രഹസ്യം എനിക്ക് മനസ്സിലാകുന്നില്ല. ലോകം ആകാംക്ഷാ പൂര്‍വ്വം കേള്‍ക്കാന്‍ കൌതുകത്തോടെ കാത്തിരിക്കുന്ന ഇതിലും രസകരമായ വാര്‍ത്തകള്‍ ഏത്? വിശ്വാസ വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് പറ്റിയ അമളികളല്ലേ ചര്‍ച്ച ചെയ്യേണ്ടത്. സൂചി കൊണ്ടെടുക്കേണ്ടത് JCB കൊണ്ടെടുക്കുകയെന്ന കാക്കനാട് തന്ത്രം സര്‍വ്വ രൂപതകളിലും നടപ്പാക്കാന്‍ ശ്രേഷ്ടന്മാര്‍ തീരുമാനിച്ചാല്‍ നമുക്കെന്തു ചെയ്യാന്‍ സാധിക്കും അല്ലേ? മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനെതിരെ അന്യജാതിക്കാര്‍ കൊടി പിടിച്ചപ്പോള്‍ ഇരിങ്ങാലക്കുടക്കാര്‍ നടപ്പാക്കി വിജയിച്ച ‘അവഗണിക്കല്’ നയം കാഞ്ഞിരപ്പള്ളിയില്‍ വിജയിക്കുമെന്ന് കരുതിയെന്ന് തോന്നുന്നു.

ഹിന്ദു ഐക്യവേദി എരുമേലിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ കത്തിയെന്നോ പാരയെന്നോ ഒക്കെ കേട്ടപ്പോള്‍ വിശ്വാസമില്ലാത്തവര്‍ക്കും മൂട്ടിലൊരു ചൂട് വന്നതുകൊണ്ടായിരിക്കണം, സാക്ഷ്യം പറയാന്‍ വന്ന മോണിക്കയുടെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി അവര്‍ മുഴുവന്‍ സ്വത്തുക്കളും ധ്യാന കേന്ദ്രത്തിനു സംഭാവന ചെയ്യാന്‍ തീരുമാനിച്ചെന്നു അരൂപിയുടെ വരത്താല്‍ പ്രവചിച്ച മഹാനായ പ്രവാചകനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. അതാകട്ടെ വലിയ കുഴപ്പത്തിലെക്കാണു വഴി തെളിച്ചതെന്നു കേള്‍ക്കുന്നു. വിശ്വാസ വര്ഷം തലയ്ക്കു പിടിച്ച ഇടവക്കാര്‍ മെത്രാനെ സമീപിച്ചെന്നും, ഈ പാനപാത്രം കഴിയുമെങ്കില്‍ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിച്ചെന്നും കേട്ടു. നിര്‍ബന്ധം പിടിച്ചാല്‍ പള്ളി പൂട്ടുമെന്ന് പ്രഖ്യാപനമുണ്ടായതായും കേട്ടു. ശരിയോ തെറ്റോ ആര്‍ക്കറിയാം? ഏതായാലും ഇടവകക്കാരുടെ തീരുമാനം അതാണ്‌ ഭേദമെന്നായിരുന്നുവെന്നും കേള്‍ക്കുന്നു. നിവൃത്തിയില്ലാതെ മറ്റൊരാളെ നിയോഗിക്കേണ്ടി വന്നെന്നും പറഞ്ഞു കേട്ടു.

വിവരമുള്ളവര്‍ എരുമേലി ഭാഗത്തെ അത്മായാ പ്രതിക്ഷേധക്കാരോട് സൂക്ഷിച്ചിരിക്കണം, എന്ത് കുതന്ത്രവും ചെയ്യാന്‍ മടിക്കാത്തവര്‍ അവിടവിടെ തലക്കല്‍ കാണുമെന്ന് ഉപദേശിച്ചതായും കേള്‍ക്കുന്നു. അതേ ഉപദേശം കാഞ്ഞിരപ്പള്ളിയിലെ ശ്രേഷ്ടന്മാര്‍ക്കും കിട്ടിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഏതായാലും ആവേ മരിയാ ഇതൊന്നും അറിഞ്ഞ ഭാവമില്ല. സ്വര്‍ഗ്ഗത്തില്‍ വേറെ എന്തെല്ലാം പണി കിടക്കുന്നു.  ഏതായാലും കാഞ്ഞിരപ്പള്ളി, സഭയെ സംബന്ധിച്ചിടത്തോളം കാഞ്ഞപള്ളിയായി മാറിക്കഴിഞ്ഞു. ഇനിയത് കരിഞ്ഞ പള്ളിയായും, കഴിഞ്ഞ പള്ളിയായും ഒക്കെ മാറിയേക്കാം. ഒരു കാര്യം ഉറപ്പ്, ഈ പ്രശ്നം പറഞ്ഞു കൂവപ്പള്ളിയിലേക്ക് ഒരു കുരിശു സൈന്യം നീങ്ങിയാല്‍ അതില്‍ ആളുണ്ടാവില്ല. അതാണ്‌ പെരിയ പ്രശ്നം. എനിക്ക് തോന്നുന്നത് കുറച്ചു വിശ്വാസികള്ക്കൂടി കേരളത്തില്‍ ഇതറിയാനുണ്ടെന്നാണ്. നല്ല ദൃഷ്ടാന്തങ്ങള്‍ എല്ലാവരും അറിഞ്ഞിട്ടല്ലേ അച്ചടിക്കാനാവൂ. കല്യാണത്തിനു നടക്കുന്ന ചെറിയ മധുരം വെയ്ക്കലിന്  പോലും  ‘മധുരം വെയ്ക്കട്ടെ’ യെന്ന്  തൊണ്ടപൊട്ടുന്ന  ശബ്ദത്തില്‍ വിളിച്ചു ചോദിക്കുന്നതല്ലേ നമ്മുടെ പാരമ്പര്യം? എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട് എല്ലാവരോടുമായി. ഇത് ഒരു കാരണവശാലും തിര്‍ക്കരുത്. ഒരു മുഴുനീള സിനിമക്കുള്ളതായിട്ടില്ല! 

1 comment:

  1. ശ്രീ.രോഷൻ സിനിമയുടെ കാര്യം പറഞ്ഞപ്പോളാണ് "ആമേൻ" എന്ന ഉഗ്രൻ സിനിമാകണ്ടെന്റെ മനം നിറഞ്ഞത്‌ ഓർത്തുപോയത്‌.! !... .! .!ഒന്നാംതരം കളിയാക്കൽ ! മനമുള്ള മലയാളി അച്ചായന്മാർ അവശ്യം കണ്ടിരിക്കേണ്ട സിനിമ ! തുടക്കം മുതൽ ഒടുക്കംവരെ മനശുദ്ധിയില്ലാത്ത ധിക്കാരികളായ പുരോഹിതവർഗത്തിനെ പൊളിച്ചെഴുതിയിരിക്കയാണു ക്യാൻവാസിൽ! !എന്തിനുമേതിനും "ആമേൻ" കരയുന്ന പാവം ആടുകളും ! അച്ഛനു കിട്ടുന്ന അരൂപി കല്പനകൾ.ദിവ്യദർശനങ്ങൾ .ഇവയിലെ തട്ടിപ്പുകൾ അങ്ങിനെ എല്ലാംകൊണ്ടും ഓരോന്നാംതരം വിമർശനകാവ്യം ................................... ഇന്ത്യൻ ക്ലാസിക്കൽ വിഭാഗത്തുലെ , കർണാടകസംഗീതവിഭാഗത്തിലെ മിക്ക കീർത്തനങ്ങളും ഏതാണ്ട് 800/900 വർഷം പഴക്കമുള്ളതാണ് ..ഒരു തിരുത്തലിനോ , കൂട്ടിചെർക്കലിനൊ ആരും ഇന്നേവരെ തുനിയാഞ്ഞത് , തൊട്ടുമിനുക്കി അതിന്റെ തനിമ നഷ്ടമാക്കികൂടാ എന്ന കരുതലും അവയോടുള്ള ആദരവുമാണ്.. അതുപോലെ നമ്മുടെ ക്രിസ്തുവിന്റെ തിരുക്കുരലുകളെ തൊടാതെ ഒരു മുത്തുമണിപോലെ ഉള്ളിന്റെ ഉള്ളറയിൽ നമുക്കും സൂക്ഷിക്കാം ..

    ReplyDelete