Translate

Monday, May 6, 2013

ധ്യാനം ഒരു മതത്തിന്റെ കുത്തകയല്ല

(ധ്യാനിക്കാനറിയാവുന്നവന് സ്വന്തം മനസ്സിനെ എളുപ്പത്തിൽ സ്വസ്ഥമാക്കാനറിയാം. മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും  അകന്നു നിൽക്കുന്നവർക്ക് ധ്യാനമൊരിക്കലും കൈവരില്ല. കാരണം, തന്നെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ശരിയായ ധാരണയുണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്നതാണ് ധ്യാനം.

http://almayasabdam.blogspot.com/2013/05/blog-post_8082.html#commentsസാക്ക് )

വടക്കേ അമേരിക്കയുടെ  ഭൂവിഭാഗങ്ങൾ വസന്ത കാലത്തിലിപ്പോൾ ആകർഷകമാണ്.     ശൈത്യത്തിലെന്നും  എവിടെയോ ഒളിഞ്ഞിരുന്ന പക്ഷികളും  മാൻ പേടകളും തത്തി കളിക്കുന്ന അണ്ണാനും മരംകൊത്തികളും ഇവിടെയുമുണ്ട്. ശിൽപ്പികൾപോലും നാണിച്ചുപോവുന്ന കുരുവി കൂടുകൾ കണ്ടാലും എന്തൊരു ചന്തം. എവിടെയും തളിരണിഞ്ഞ പുഷ്പങ്ങൾ ഇന്ന് എന്റെ മനസിന്‌ കുളിർമ്മ നല്കുന്നു.

 മണ്ണുമായി  പൂക്കൾ ചെടികൾക്ക് ചുറ്റും സമയം കളയുന്നതും ധ്യാനമായി ഞാൻ കരുതുന്നു. തണുപ്പുകാലത്ത് കാണാത്ത തേനീച്ചകൾ, വണ്ടുകൾ, പൂമ്പാറ്റകളെല്ലാം പാട്ടുമായി ഇവിടെ,  എങ്ങനെ, എപ്പോൾ , എവിടെ നിന്ന് വന്നുവെന്നും ചിന്തിച്ച് ഈശ്വര ധ്യാനം നടത്താറുണ്ട്‌.  ചിന്തയിൽ ഞാൻ എന്നെ തന്നെ മറന്നുപൊകുന്നു.

 സായംകാലങ്ങളിൽ പുറത്ത് പണിയുന്ന എന്നെ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും കൈകളും ചെളി പുരണ്ടിരിക്കുരിക്കുന്നത് കണ്ട്  സന്ദർശകർ പരിഹസിക്കാറുമുണ്ട്.  അർദ്ധയാജകനെപ്പോലെയെന്നും വിശേഷണങ്ങൾ അവതരിപ്പിച്ച്   അവർ ആനന്ദിക്കാറുണ്ട്.

 എന്റെ   അനുജത്തി വാങ്ങിയ    ബി.  എം . ഡബ്ല്യൂ.  കാർ   കാണിക്കാൻ  വീട്ടിലിന്നലെ  വന്നപ്പോൾ    മണ്ണിനോട് പണിതിരുന്ന   എന്റെ കൈകളിലെ ചെളികളും കാലിൽ ധരിച്ചിരുന്ന പൊട്ടിയ  ഷൂവും ചെളി പുരണ്ട വസ്ത്രങ്ങളും  നോക്കി ചിരിച്ചെന്നെ അവൾ കളിയാക്കി. ഞാൻ പറഞ്ഞു,  സഹോദരീ, നിന്റെ 'കാർ' മനോഹരം തന്നെ. നീയും സുന്ദരി.  ചെളി പുരണ്ട  ഞാൻ തല്ക്കാലം വികൃതനാണ്. വ്യവസായ യുഗം വരുന്നതിനുമുമ്പ് പാടത്തും പണി ശാലകളിലും  പണിയെടുത്തിരുന്ന പിതൃ തലമുറകളെയും ഞാൻ ഒർത്തു.   ഈ മണ്ണിലെ പൂക്കളും  ചുറ്റുമുള്ള ഹരിതക പുൽത്തകിടിയും    ചെളിപുരണ്ട എന്റെ കൈകൾക്ക് ഇന്നിവിടെ സാക്ഷിയാണ്. അതിനുള്ളിലെ  ആന്തരിക സൌന്ദര്യം  പറഞ്ഞറിയിക്കാൻ  എനിക്കറിയത്തില്ല.  ഇവിടെ ഞാനും പ്രകൃതിയും  ഈശ്വരനും മാത്രം. ഇത് ധ്യാനമാണ്.ഞാൻ എന്നു പറയുന്നത് എന്റെ ഉൾബോധം. പ്രകൃതിയും  ഞാനും ഈശ്വരനുമൊത്ത ധ്യാനം. ധ്യാന ഗുരുക്കളിൽ നിന്ന് ലഭിക്കാത്ത  പൂർണ്ണമായ  ആത്മീയ ധ്യാനം തന്നെയാണ് .    മണ്ണും ഞാനെന്ന സത്തയും   ഈശ്വരനും മണ്ണിലേക്കു പോകുന്ന ഞാനെന്ന   ജഡവും എന്റെ ഈ മണ്‍ കൂപ്പുകൈകളിൽ ഉണ്ട്.


ലൌകിക ചിന്തയിൽ നമുക്കുള്ളതെല്ലാം സ്വന്തമാണെന്ന് തോന്നും. എന്നാൽ ബാഹ്യമായി കാണുന്ന ഒന്നും  സ്വന്തമല്ല. ഈ കാണുന്ന പ്രപഞ്ചത്തിൽ നമുക്കെന്ന് പറയാൻ ഒന്നുമില്ല. പ്രപഞ്ചത്തിലൊന്നിനും അസ്ഥിത്വം ഇല്ല. സുന്ദരിയായ സ്ത്രീ നിനക്കും കൈകളിൽ  അഴുക്കുപുരണ്ട എനിക്കും അസ്ഥിത്വം ഇല്ല. കാശത്തിലെ നക്ഷത്ര കുടക്കീഴിൽ വസിക്കുന്ന ഒന്നിനും സത്തയില്ല. അതിനാൽ അവയിലെന്തിന് തീരാത്ത മോഹങ്ങളുമായി മനുഷ്യൻ മനസ് പുണ്ണാക്കണം. ആശയില്ലാത്ത പരമമായ സത്യത്തിലാണ് പ്രശാന്തത ഒളിഞ്ഞിരിക്കുന്നത്. അവിടം സ്വർഗം താഴെയിറങ്ങി നമ്മെ ആലിംഗനം ചെയ്യും.  അതിനാല്അവയില്‍  ആശയെന്തിനാണ്? ആശയില്ലാത്തപ്പോഴാണ് മനസ്സില്പരമപ്രശാന്തി കളിയാടുന്നത് . നീ ധ്യാന നിരതനെങ്കിൽ ചിന്തകൾകൊണ്ട്  നിന്റെ മനസിനുള്ളിൽ കോട്ടകളും കൊത്തളങ്ങളും പണിയാതിരിക്കൂ. ദുഖങ്ങളെ ഹനിച്ച്‌ മനസിന് ശക്തി നൽകൂ. അതുതന്നെ ധ്യാനവസ്തയാണ്. ശാന്തിയുടെ മണിഗോപുരം  നീ പടുത്തുയർത്തി കഴിഞ്ഞു.


 നമ്മുടെ ചിന്താവിഷയം ധ്യാനമെന്നാൽ എന്തെന്നാണ് . പലരും  വട്ടു പിടിച്ച പുരോഹിതരിൽനിന്നും കിട്ടുന്ന ആന്തരിക സൌഖ്യമാണ്‌ ധ്യാനമെന്ന് തെറ്റി ധരിച്ചിരിച്ചിരിക്കുന്നു. ധ്യാനം തൊണ്ടയിടറും മാതിരി  ഹല്ലെലുയായെന്ന് വിളിച്ചുകൂവുന്നതല്ല.  ക്രിസ്ത്യൻ ധ്യാനങ്ങളും കിഴക്കിന്റെ ഹൈന്ദവധ്യാനങ്ങളും തമ്മിൽ പരസ്പര ബന്ധം ഇല്ല. പ്രാർഥനകളിൽക്കൂടി ദൈവവുമായി ഒരു ആശയവിനിമയമാണ് ക്രിസ്ത്യൻ ധ്യാനത്തിൽ ഉള്ളത്.  വാക്കുകളിൽക്കൂടിയല്ലാതെ വ്യക്തിഗതമായി  ദൈവവുമായ ഒരു വെളിപാട് നേടുകയാണ്‌.  ധ്യാനത്തിൽക്കൂടിയുള്ള വെളിപാട് കഥകളുമായി പള്ളികൾ തമ്മിലും ഒരു മത്സരം തന്നെ. പരസ്പര വിരുദ്ധങ്ങളായി പള്ളികൾ  ഒരേ കൃസ്തുവിനെ പല രൂപത്തിൽ കാണിക്കുന്നതും ക്രിസ്ത്യൻ ധ്യാനങ്ങളുടെ  പ്രത്യേകതയാണ്. പടുത്തുയർത്തിയിരിക്കുന്ന ധ്യാന കേന്ദ്രങ്ങളെല്ലാം .ദൈവത്തിനെ പങ്കുവെച്ചുകൊണ്ടുള്ള ഒരു ക്രയവിക്രയ കച്ചവട പങ്കാളിത്ത വ്യാപാരമാണ്.  ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു വിലപേശലിൽ അമ്പേ നമ്മുടെ ആശാരിച്ചെറുക്കൻ യേശു പണ്ടേ ഒളിച്ചുപോയി.


 മനസിനുള്ളിലെ സർവ്വതും ത്യജിച്ച് ഏകാഗ്രതയിൽ ദർശിക്കുന്നതിനെ ധ്യാനമെന്ന് പറയാം. അവിടെ  ജാഗ്രതയേറിയ അവബോധം മാത്രം. . ഒരു കാമുകി കാമുകനെ ധ്യാനിക്കുന്നതും ധ്യാനമല്ല.  പ്രകാശം നല്കുന്ന ഒരു ദീപത്തിന്റെ നാളം    പ്രകാശ വലയത്തിനുള്ളിലെ  പദാർഥങ്ങളെ നീക്കിയാലും ചുറ്റും പ്രകാശിച്ചു തന്നെ നിൽക്കും. അതുപോലെ നിന്റെ ബോധ മനസിലുള്ള വികാര വിചാരങ്ങളെയും ഭാവനകളെയും  ദൂരികരിച്ചാൽ അവശേഷിക്കുന്നത് ഉപബോധ മനസായിരിക്കും. വിഷയാസക്തിയിൽനിന്നും മനസിനെ സ്വതന്ത്രമാക്കി ഉപബോധ മനസ് മാത്രമാകുന്ന ഏകാന്തതയെ ധ്യാനമെന്നു പറയുന്നു.

ധ്യാനമെന്ന് വിചാരിച്ച് നാം പ്രായോഗികമാക്കുന്നതൊന്നും സത്യത്തിൽ   ധ്യാനമല്ല. വ്യായാമങ്ങളും യോഗാഭ്യാസങ്ങളും സൂര്യനമസ്ക്കാരവും ശ്വാസനിയന്ത്രണവും സ്വയം നിയന്ത്രണോപാധികളെങ്കിലും  ധ്യാനമായി കരുതുവാൻ സാധ്യമല്ല. ഈ നിയന്ത്രണങ്ങളിൽക്കൂടി ഒരിക്കൽ ശ്വാസം നിലച്ചതായി അനുഭവപ്പെടും. ശരീരവും നിശ്ചലമായതായി തൊന്നും. വികാരങ്ങളും വിചാരങ്ങളും അപ്രത്യക്ഷമാകും. ശൂന്യമായ മനസ്സിൽ പിന്നെ അവശേഷിച്ചിരിക്കുന്നത് എന്ത്? അവിടമാണ് സാഗാകൾ നേടിയെടുത്ത ധ്യാനം. ധ്യാനം കുടികൊള്ളുന്നതും  ഒരു തരം മായാവലയത്തിനുള്ളിൽ മാത്രം.

 ധ്യാനം എന്നത് സംസ്കൃത വാക്കാണ്‌. മനസിനെ ആവഹിക്കുകയെന്നതാണ് ധ്യാനത്തിന്റെ ലക്ഷ്യം. വിവിധങ്ങളായ നാല് ഘട്ടങ്ങൾ ഉള്ളതുകൊണ്ട് ചതുർ ധ്യാനങ്ങളെന്നും പറയും. ധ്യാനിക്കുന്നവൻ ആദ്യത്തെ സ്റ്റേജിൽ എത്തുമ്പോൾ   മനക്ഷോപം, ഇന്ദ്രിയാനുഭൂതി, കാമം എന്നീ വികാരങ്ങളിൽനിന്ന് സ്വതന്ത്രമാകും.  ക്ഷേമം, സുസ്ഥിതി, സന്തുഷ്ടമായ അനുഭൂതി എന്നിവകൾക്ക് മാറ്റമുണ്ടാവുകയില്ല. ധ്യാനത്തിന്റെ രണ്ടാംഘട്ടത്തിൽ ബൌദ്ധിക ചിന്തകക്ക് മങ്ങലേറ്റ് ശാന്തിനേടുകയാണ്.  മൂന്നാം ധ്യാനത്തിൽ സന്തുഷ്ടമായ അനുഭൂതികൾക്ക്  മാറ്റം വന്ന് പകരം സമചിത്തത കൈവരിക്കുകയാണ്. നാലാം ധ്യാനത്തിൽ വൈകാരിക ഉന്മോത്തമായ ഇന്ദ്രിയാനുഭൂതികൾ നിലച്ച് സമചിത്തത മാത്രം  അവശേഷിക്കും. അവൻ അപ്പോൾ പൂർണ്ണമായ  ജ്ഞാനത്തിൽ എത്തുകയാണ്.

 അലൗകികമായ ഒരു ലോകത്ത് ആശകളും അസുന്തുഷ്ടിയും ദുഖവും ഭയവും വെടിഞ്ഞ ആത്മാവ് സ്വയം നമ്മിൽ വസിക്കുന്നുവെന്ന അവസ്ഥയെ ധ്യാനമെന്നു പയാം. എല്ലാ ബന്ധങ്ങളെയും മനസാത്യജിച്ച് നിനക്കിഷ്ടമുള്ളടത്തു ജീവിക്കാം. മലമുകളും പർവ്വതനിരകളും വനം പ്രദേശങ്ങളും, കുറ്റികാടുകളും മനസ്സ് പരമശാന്തിയിൽ എത്തിയവന്റെ ഗ്രഹമാണ് 

ധ്യാനം ഒരു തത്ത്വ ചിന്തകന്റെയോ, ഒരു മതത്തിന്റെയോ കുത്തകയല്ല. നീ ഒരു മതവിശ്വാസിയെങ്കിൽ നിന്നിലെ ആത്മത്തെ മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് നീ വിവേചിച്ചറിയേണ്ടി വരുന്നു. ഏതോ ഗ്രാഹ്യമല്ലാത്ത മതം കല്പ്പിക്കുന്ന  ശക്തിയേയും നീ ഉൾകൊള്ളണം. മതത്തിൽ നിന്നും വേറിട്ട്‌  സ്വതന്ത്രമായി ചിന്തിക്കുന്നവൻ    ആത്മത്തിൽ ഫലത്തെയും  കണ്ടെത്തുന്നു.  വിശ്വസിക്കുന്നവരും അല്ലാത്തവരും മനസിനുള്ളിലെ ശാന്തത ഇഷ്ടപ്പെടുന്നു.  ധ്യാനനിരതനായ ഒരാൾ സ്വയം നമ്മിൽ വിശ്വസിക്കണം. ആന്തരിക സമാധാനം കൈവരുത്തണം. ജീവിതത്തിന്റെ പ്രതിഫലനങ്ങളെ വീക്ഷിക്കുന്നവനായിരിക്കണം. ജീവിതം പരിവർത്തന വിധേയമാണ്. പ്രകൃതിയുടെ ഓരോ ചലനങ്ങളും വീക്ഷണങ്ങളും നമ്മുടെ നാടികൾ ആവഹിച്ചു കൊണ്ടിരിക്കും. ദിനംപ്രതി  ബൌദ്ധികമായ ഊർജവും  മനസിനുള്ളിൽ പകർന്നുകൊണ്ടിരിക്കും. എല്ലാം നിസാരമാക്കി മനസിന്റെ ശാന്തത കൈവരുത്തുന്നവൻ നല്ല ഒരു ധ്യാനിയാണ്. അശാന്തിക്കെതിരെ മനസ് നീറുമ്പോൾ, പൊരുതുമ്പോൾ മനസിനെ ഞെരുക്കി ക്ലേശങ്ങൾ ഉണ്ടാക്കുന്നു.

 നമുക്കു  ചുറ്റും  നാം ഗ്രഹിക്കുന്നതെല്ലാം ഇക്കാണുന്നതെല്ലാം സത്യാന്വേഷിക്കുവേണ്ടി പ്രകൃതി മടക്കിവെച്ചിരിക്കുന്ന  ജീവിതപാളികളാണ്. വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിൽ സുഖവും ദുഖവും സമ്മിശ്രമാണ്. ഒരേ വഴിയിൽ പരസ്പരം  ഏറ്റുമുട്ടേണ്ട  ജീവിതത്തിൻറെ  രണ്ടു പ്രതിഭാസങ്ങളാണ് സുഖവും ദുഖവും. ഒഴുക്കിനെതിരെ, നിശബ്ദതയിലും ഒർക്കാപ്പുറത്തും  ഇവകൾ രണ്ടും ഉരസലുകൾ ഉണ്ടാക്കാറുണ്ട്. പ്രകൃതിയുടെ ജീവൻമരണ പോരാട്ടങ്ങളെ അനായസമായി കാണുന്നവൻ ജീവന്റെ വിജയിയാണ്. എകാന്തതതയിൽ മനസിന്റെ താളങ്ങളെ നിയന്ത്രിച്ച്‌ ആത്മത്തെ  തേടിയലയുന്നവൻ മനസിനെ സ്വതന്ത്രമാക്കുന്നവനാണ്. എന്തിനെയും നിസാരമായി കാണുന്നവന്റെ ജീവിതം അർഥവ്യാപ്ത്തിയുള്ളതായിരിക്കും.   ദുഖങ്ങളെ ആശ്ലേഷിക്കുന്നവൻ ജീവിതത്തെ സ്നെഹമയമുള്ളതാക്കുന്നു.


Ramana Maharshi:Video:- 9 comments:

 1. This comment has been removed by the author.

  ReplyDelete
  Replies
  1. ധ്യാനത്തിന്റെ പടവുകൾ ചവിട്ടിയവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ധ്യാനത്തെക്കുറിച്ച് നൂറു പുസ്തകങ്ങൾ വായിക്കുന്നതിലും ഉപകരിക്കും. ശ്രീ ജോസെഫ് മാത്യു തുടങ്ങി വച്ചത് മറ്റു പലരും പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

   Delete
 2. Thank you Joseph. I watched two of the videos supplied by you. The following three sentences caught my attention and I would comment on them later on.

  Silence is also conversation.
  Abiding in the Self one need not worry about the mind.
  There are no objects, there's only the subject - that's you, the Self.

  Speaking of Ramana Maharshi - Look at his appearance - unconcern as to how he looks to the world. That is the difference between a man who has found himself or one who meditates and one who doesn't.

  ReplyDelete
  Replies
  1. Silence is also conversation.

   കാര്യങ്ങളൊക്കെ മനസ്സിലാക്കിയാലും കാര്യത്തിലേയ്ക്ക് വരുമ്പോൾ നമ്മൾ സ്വയം കബളിപ്പിക്കും. നമ്മുടെ എല്ലാ അസ്വസ്ഥതക്കും കാരണം അടുത്തോ അകലെയോ ഉള്ള അന്യരിൽ ആണ് നമ്മൾ തിരയുന്നത്. കാരണം പുറത്തല്ല, അകത്തുതന്നെയാണെന്നറിയുന്നതാണ് ധ്യാനത്തിന്റെ തുടക്കം. ഉള്ളിൽ കണ്ടെത്തിയ കാരണത്തെ നീക്കം ചെയ്യാനായാൽ അതുതന്നെയാണ് ധ്യാനം.

   സ്വന്തം നിഴൽ വീണ് മങ്ങിയ ഉള്ളിൽ അന്യരുടെ (നാം തിരുത്താനാഗ്രഹിക്കുന്നയാളിന്റെ) നിഴലുംകൂടി വീണാലോ? ഉള്ളിൽ പ്രകാശമുണ്ടാകണമെങ്കിൽ എല്ലാ നിഴലും പോയിക്കിട്ടണം. ഞാനല്ലാത്ത എന്നെ സൃഷ്ടിച്ച് അതിന്റെ പ്രതിച്ഛായ പുറത്തേയ്ക്ക് പ്രദർശിപ്പിക്കാൻ അനേകം കോപ്പുകൾ സംഭരിക്കേണ്ടതുണ്ട്. അവയെല്ലാം ഉള്ളിലെ ഇടത്തെ നശിപ്പിക്കും. ഈ കോപ്പുകളെ തിരിച്ചറിഞ്ഞ് അവയെ പുറത്താക്കുന്നതുതന്നെ ധ്യാനത്തിനുള്ള അനിവാര്യമായ ഒരുക്കമാണ്. അവനവനോട് തന്നെയുള്ള ഒരു നിശബ്ദ സംഭാഷണമാണത്. അത്രയുമായാൽ, ബാക്കിയുള്ളത് തനിയെ സംഭവിക്കും. നിശബ്ദതയും ശൂന്യതയും ധ്യാനത്തെ സാദ്ധ്യമാക്കും.

   Delete
 3. ശ്രീ ജോസഫ്‌ matthews ധ്യാനത്തെക്കുറിച്ചെഴുതിയത് വായിച്ചപ്പോൾ ഇത്രയും നല്ല ചിന്തകരണല്ലൊ അല്മായശബ്ദത്തിന്റെ എഴുത്തുപുരയിൽ എന്നോർത്തു ! എനിക്കും ഒരുചെറുകണ്ണിയായി ഈ വല്യചിന്തകരൊടൊത്തു മേവാൻ നിയതി നിയമനം തന്നുവല്ലോ എന്നോർത്തുല്ലസിച്ചു ,,,"ഭൂമിയും അതിന്റെ പൂർണ്ണതയും യാഹോവയ്ക്കുള്ളതാകുന്നു"...newyork - ഇലാണെങ്കിലും ,കൂടലിലാണെങ്കിലും ഞങ്ങൾ മണ്ണിന്റെ മക്കൾ ...മണ്ണിൽ നിന്നുണ്ടാക്കി , വീണ്ടും മണ്ണിൽ അലിയുന്ന മണ്ണിന്റെ മണമുള്ള മങ്കട്ടകൾ ! ശ്രീ ജോസഫ്‌ matthews ന്റെ "ദു:ഖങ്ങളെ ആശ്ലേഷിക്കുന്നവൻ......."എന്ന ഒടുവിലത്തെ വാക്കെന്നെ , എന്റെ " ദു:ഖങ്ങളാണാത്മ ലഹരി, നൊമ്പരമാണെന്റെ കവിത ..ദിനവും നിനക്ക് ഞാൻ സ്തുതികൾ ചമയ്ക്കുവാൻ , കനിവിൽ പൊതിഞ്ഞെന്നും വ്യഥ തരണേ " എന്ന പല്ലവിയിലെത്തിച്ചു !

  ReplyDelete
 4. ധ്യാനം സുഖകരമായ ഒരനുഭൂതിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍റെ അഭിപ്രായത്തില്‍ ഒത്തിരി ആലോചിച്ചും വ്യാകുലപ്പെട്ടും ചെയ്യേണ്ട ഒന്നല്ല ധ്യാനം. അതിലേക്ക് ആധുനിക തന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് ഗുരുവും സമീപത്തു തന്നെ വേണ്ടി വരുന്നത്. യേശു പഠിപ്പിച്ചത് ശ്രദ്ധിക്കുക : നിങ്ങള്‍ സ്വയം സ്നേഹിക്കുക, പരസ്പരം സ്നേഹിക്കുക, ഇഷ്ടമില്ലാത്തതിനെയും സ്നേഹിക്കുക, സ്നേഹം മാത്രമായ പിതാവിനെയും സ്നേഹിക്കുക (ഇങ്ങിനെ വചനമില്ല, യേശു ഉദ്ദേശിച്ചത് സൂചിപ്പിക്കുന്നു).

  നാം സ്വയം അറിഞ്ഞു സ്നേഹിക്കുക, പിന്നെ പ്രകൃതിയെയും അതിലുള്ള സര്‍വ്വ ചരാചരങ്ങളെയും തന്നെപ്പോലെ സ്നേഹിക്കുക അവസാനം സ്നേഹം മാത്രമായി തീരുക. ചേട്ടന്മാര്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്ന ധ്യാനാവസ്ഥയില്‍ ഒരു ഗുരുവിന്‍റെയും സഹായമില്ലാതെ എത്തിച്ചേരാം.ഉറപ്പ്! നമ്മുടെ സഭാ പിതാക്കന്മാര്‍ സ്വയം നശിക്കുകയും അനേകരെ നശിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്‍റെ ഈ സ്നേഹത്തിലോ, കലര്‍പ്പില്ലാത്ത ദൈവവിശ്വാസത്തിലോ അധിഷ്ടിതമല്ല നമ്മുടെ പഠനങ്ങളും, ദൈവശാസ്ത്രവും, നിലനില്‍പ്പും. കുറെ പുണ്യവാന്മാരും, മറിയവും നിയന്ത്രിക്കുന്ന ഒരു സംവിധാനം എന്നതില്‍ കവിഞ്ഞു ഇവിടെ ഒന്നും കാണാന്‍ സാധിക്കുന്നില്ല.

  ആടലോടകം ആണ് ചുമ മരുന്നകളുടെ അടിസ്ഥാന ചേരുവ. പക്ഷെ പറമ്പില്‍ നില്‍ക്കുന്ന ശുദ്ധമായ ആടലോടകം ഉപയോഗിക്കാന്‍ മിനക്കെടാതെ, വിഷം ചേര്‍ത്ത ആടലോടകം തപ്പി മെഡിക്കല്‍ സ്ടോറില്‍ പോകാനാണ് നമുക്കിഷ്ടം. എതിലേ കൂടി പോയാലും കറങ്ങി ഇവിടെ സ്നേഹത്തില്‍ വന്നെ ഒക്കൂവെന്ന് യേശു പറഞ്ഞത്തില്‍ സയന്‍സ് ഇല്ലത്രെ!

  ഇന്ന് സഭക്കുള്ളിലും, സഭക്കും പുറത്തുമായി നടക്കുന്ന സര്‍വ്വ യുദ്ധങ്ങളും ഒരു നിമിഷം കൊണ്ട് തീരും, ഈ സ്നേഹമന്ത്രം കലര്‍പ്പില്ലാതെ ഉപയോഗിച്ചാല്‍. മാത്രം മതി. ഇവിടെ, സ്നേഹത്തെ പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യണം. ബോംബുകള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ സ്നേഹം കൊണ്ട് പരിഹരിക്കാന്‍ കഴിയും. അതാണ്‌ സ്നേഹത്തിന്‍റെ ശക്തി. മറ്റു വ്യാഖ്യാനങ്ങളെ അധിക്ഷേപിക്കുകയല്ല. ആരെയും പേരെടുത്തു പറയുന്നില്ല, എല്ലാവരും ധ്യാനത്തെ വിവിധ കോണുകളിലൂടെ കണ്ടു... ഒരു മനസ്സിലാക്കലിനു അതൊക്കെ പ്രയോജനപ്പെടുകയും ചെയ്യും. ജൊസഫ് മാത്യു സാര്‍ സഹിതമുള്ള എല്ലാ എഴുത്തുകാരും, കൂടല്‍ പറഞ്ഞതുപോലെ ഒരു സഭ നടത്താന്‍ കെല്‍പ്പുള്ളവര്‍. തന്നെ.

  ReplyDelete
  Replies

  1. There are no objects, there's only the subject - that's you, the Self.
   Abiding in the Self one need not worry about the mind.

   ഈശ്വരനും പ്രപഞ്ചവും നമ്മളും തമ്മിലുള്ള അഭേദ്യബന്ധത്തെപ്പറ്റിയുള്ള ശരിയായ ബോധമാണ് ആദ്ധ്യാത്മികത. ദൃഷ്ടമായതിന്റെ അദൃഷ്ടമായ അടിസ്ഥാനത്തെ കണ്ടെത്തുന്ന ആനന്ദദായകമായ നേരമ്പോക്കാണത്. ഹോബി എന്നയർത്ഥത്തിലല്ല ഇവിടെ നേരമ്പോക്കെന്നു പറഞ്ഞത്. നേരത്തെ (സമയത്തെ) മറികടക്കുന്ന വിദ്യയെന്നാണ് ഉദ്ദേശിച്ചത്.

   ധ്യാനം ഒരു മതത്തിന്റെയും കുത്തകയല്ല എന്നെഴുതി, ജോസെഫ് മാത്യു. സത്യത്തിൽ സെമെറ്റിക് മതങ്ങളുടെ പിടിയിൽ പെട്ടുപോയാൽ ധ്യാനം മേല്പ്പറഞ്ഞ അർത്ഥത്തിൽ ഒട്ടും എളുപ്പമല്ലാതായി വരും. കാരണം, അവയിലെല്ലാം ശക്തമായ ദ്വൈതചിന്തയാണ് മുന്നിട്ടുനില്ക്കുന്നത്. ഈശ്വരനും പ്രപഞ്ചവും, സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ദ്വന്ദ്വഭാവത്തെ അത്ര തീവ്രമായാണ് അവ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ദൈവത്തെ പുറത്തന്വേഷിക്കേണ്ടിവരുന്നത്. ശരീരവും ആത്മാവും, ആത്മവും പരമാത്മാവും വ്യതിരിക്തമല്ലാത്ത സത്യാവസ്ഥയിൽ ഇങ്ങനെയൊരന്വേഷണം അർത്ഥശൂന്യമാണ്. പ്രകൃതിയും ഈശ്വരനും രണ്ടു വ്യതിരിക്ത ഉണ്മകളായി കാണുമ്പോഴാണ് പ്രകൃതിയെ കീഴടക്കുക എന്ന മണ്ടത്തരം അരങ്ങേറുന്നത്. ഈശ്വരൻ പുറത്താണെന്ന ആശയം തുടരുവോളം സ്വന്തം സത്തയുമായി താദാത്മ്യപ്പെടുക അസ്സാധ്യമാവും. ഇത് സംഘർഷങ്ങളിലേയ്ക്ക് നയിക്കും. ഈ അരക്ഷിതത്ത്വത്തിൽനിന്ന് മുക്തി തേടിയാണ്, ഒരിടക്കാല ആശ്വാസത്തിനായി, മനുഷ്യര് ധ്യാനകേന്ദ്രങ്ങളിലും മറ്റും തിങ്ങിക്കൂടുന്നത്.

   Delete
  2. Speaking of Ramana Maharshi - Look at his appearance - unconcern as to how he looks to the world. That is the difference between a man who has found himself or one who meditates and one who doesn't.

   ഒരു കോണകം മാത്രമുടുത്തുള്ള ആ നടപ്പും ഇരിപ്പും. സ്ത്രൈണമായ നെഞ്ചും ശ്രദ്ധ കിട്ടാത്ത താടിമീശയും ഒക്കെക്കൂടി ഒരു പ്രത്യേക സൌന്ദര്യവും പറയാനില്ല. എന്നാൽ അത് കാണുന്നത് തന്നെ ധ്യാനമാണ്. കാരണം, ധ്യാനം സഹാജാവസ്ഥയായ മനുഷ്യനാണ് രമണമഹർഷി. എന്താണ് സഹജാവസ്ഥ? ഒഴുകുന്ന മേഘവും നീന്തുന്ന മത്സ്യവും തുള്ളിക്കളിക്കുന്ന ആട്ടിൻ കുഞ്ഞും ഇരതേടി മുറ്റത്ത്‌ നടക്കുന്ന തുത്തുകുണുക്കിയും ഉയർന്നു നില്ക്കുന്ന മരവും നിലത്തു പറ്റിക്കിടക്കുന്ന പുല്ലും വിട്ടിലും ശലഭവും തേനീച്ചയും പരസ്പരം മുത്തം നൽകി നീങ്ങുന്ന എറുമ്പുകളും കോടക്കാറിറങ്ങുന്ന കുരിശുമലയും അവയ്ക്ക് സഹജമായ ധ്യാനാവസ്ഥയിലാണ്. അവയുടെ മൌനം അറിയുക നമ്മെയും ധ്യാനത്തിലെത്തിക്കും. ഒരു മൊന്തയും തൂക്കിപ്പിടിച്ച് നടന്നുപോകുന്ന രമണമഹർഷിയും അങ്ങനെയാണ് നമ്മെ സ്വാധീനിക്കുന്നത്. കാരണം, ഒരു തരത്തിലുമുള്ള കബളിപ്പിക്കലും അവിടെയില്ല. ഇങ്ങനെയൊരു മൌനത്തിലാകാൻ എനിക്കാകുമോ? ആരാലും തിരിച്ചറിയപ്പെടാതെ, ഒന്നിലേയ്ക്കും വലിച്ചടുപ്പിക്കപ്പെടാതെ, വേണ്ടിവന്നാൽ ബഹിഷ്കൃതനായി, നിശബ്ദനായി നടക്കാൻ? അതിനുള്ള ഒരു ശ്രമത്തിനെങ്കിലും?

   കുട്ടിയായിരുന്നപ്പോൾ ഞാനിതാഗ്രഹിച്ചിരുന്നു. എനിക്ക് ചുറ്റും മനുഷ്യരുടെയും സാധനങ്ങളുടെയും വേലികളായപ്പോൾ, സഹാജാവസ്ഥയെന്തെന്നു ഞാൻ മറന്നു.

   Delete
 5. ധ്യാനത്തെപ്പറ്റി 4 കോളങ്ങളിൽ ചർച്ച നടക്കുന്നതിനാൽ എവിടെ പുതിയ ചിന്തനം ചേർക്കണം എന്നൊരു തപ്പുകെടു!?"ആത്മീയത" എന്നാൽ സ്വയം അറിയുക എന്നതാണു.... . സ്വയം അറിയണമെങ്കിൽ , അകക്കണ്ണുകൊണ്ട് മനസിന്റെ ആഴങ്ങളിൽ ഊളിയിട്ടു നോക്കുകയാണേക മാർഗം.......... ഹൃത്തിൻ മടിയിൽ മയങ്ങുമെൻ ആത്മാ ,നിത്യം ഒരു നേമം എങ്കിലും ചൊല്ലൂ,"നീയാണ് ഞാൻ " എന്നെൻ ചേതസിൻ കാതിൽ, "ഈ ദേഹമോ നിന്റെ കുപ്പായമെന്നും".(സാമസംഗീതം)എന്റെ ഒരു പല്ലവിയാണിതു . ഈ സ്വയം അറിവിൽ മനസെത്തിപ്പെട്ടാൽ പിന്നെ പരമാനന്ദമായി,നാംതന്നെ !aham bramam !ധ്യാനം എന്നത് "ഉണർന്നിരുന്നുള്ളഉറക്കമാണ്" ,എന്നിരുന്നാലും , "ഉറക്കത്തിലെ ഉറക്കമാണ്" കൂടുതൽ ശരി എന്ന് തോന്നുന്നു ...12 മുതൽ 30 വയസുവരെ മശിഹാ ഈ ധ്യാനം അനുഭവിച്ചിരുന്നതിനാലാണു വി.മത്തായി 6/5 ഇൽ ഇതേപ്പറ്റി നമ്മൊടുണർത്തിയതും... .ഗുരു നിത്യചൈതന്യയതി എന്നും ശിഷ്യരുമൊത്തു ധ്യാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ... .

  ReplyDelete