Translate

Wednesday, April 2, 2014

തൊടുപുഴ പ്രസംഗം, ഏപ്രില്‍ ഒന്ന്, 2014


                                                                                         ഫാ. ഡേവീസ് കാച്ചപ്പിള്ളി


      ബഹുമാന്യനായ ജോസഫ് പുലിക്കുന്നേല്‍ സാറേ, ബഹുമാന്യരായ പ്രസംഗകരേ, ബഹുമാന്യരായ സംഘാടകരേ, ബഹുമാന്യരായ സുഹൃത്തുക്കളേ, പ്രിയപ്പെട്ട നാട്ടുകാരേ,
കുറച്ചു നാളുകളായിട്ട് കേരള സുറിയാനി സഭയിലെ വിവിധ നടപടികളുടേയും തന്മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികളുടെയും അടിസ്ഥാനത്തില്‍ അനേകം വ്യക്തികള്‍ ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്: ''കേരള സുറിയാനി സഭയ്ക്ക് എന്തുപറ്റി?' സഭയില്‍ തിന്മകളുണ്ടാകരുത്, നന്മകളുണ്ടാകണം എന്നാഗ്രഹിച്ച് ഇവിടെ കൂടിയിരിക്കുന്ന നമ്മുടെ എല്ലാവരുടേയും മനസ്സില്‍ ഉയരുന്ന ചോദ്യവും ഇതാണ്: കേരളസുറിയാനി സഭയ്ക്ക് എന്തുപറ്റി? സംഭവിക്കാനാകാത്ത പലതും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു; സംഭവിക്കേണ്ടവ പലതും ഇവിടെ സംഭവിക്കുന്നുമില്ല; കേരള സുറിയാനി സഭയ്ക്ക് എന്തുപറ്റി? ഈ സമ്മേളനത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകണം. എങ്കില്‍ മാത്രമേ നമ്മുടെ പ്രിയപ്പെട്ട ജോസഫ് സാറിനും കുടുംബത്തിനും, കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായ തിന്മകളും നഷ്ടങ്ങളും ഭാവിയില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കുകയുള്ളൂ.
      പ്രിയപ്പെട്ടവരേ, ഇന്ന് ഏപ്രില്‍ ഒന്നാണ്; വിഡ്ഢികളുടെ ദിനം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍ പലരും കെണികളൊരുക്കുന്ന ദിവസമാണിത്. എന്നാല്‍, നമ്മേ സംബന്ധിച്ച് ഈ ദിവസത്തിന്റെ ലക്ഷ്യം അതല്ല. വിഡ്ഢികളെയും ബുദ്ധിമാന്മാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട്, ആരാണ് യഥാര്‍ത്ഥബുദ്ധിമാന്മാര്‍, ആരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍ എന്നു തിരിച്ചറിയാനുള്ള ദിവസമാണിത്. ഈ സമ്മേളനത്തിന് അത്തരമൊരു ലക്ഷ്യമുണ്ട്. സഭയില്‍ നടക്കുന്ന കാര്യങ്ങളില്‍ ഏതാണ് ശരി, ഏതാണ് തെറ്റ്, ഏതാണ് നന്മ, ഏതാണ് തിന്മ എന്ന് ഈ സമ്മേളനത്തില്‍ തീരുമാനങ്ങളുണ്ടാക്കണം; തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യണം എന്നു തീരുമാനിക്കപ്പെടണം; ശരിയായതും നന്മയായതും സഭയിലുണ്ടാക്കാന്‍ എന്തുചെയ്യണം എന്ന് ഈ സമ്മേളനത്തില്‍ തീരുമാനിക്കപ്പെടണം. ചുരുക്കത്തില്‍, കേരള സുറിയാനിസഭയ്ക്ക് നല്ലൊരു ദിശാബോധം നല്‍കാന്‍ ഈ സമ്മേളനംകൊണ്ടു സാധിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനപ്രകാരവും ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഹ്വാനങ്ങളുടെയും മാതൃകകളുടെയും അടിസ്ഥാനത്തിലും ഇപ്രകാരം ചിന്തിച്ച് തീരുമാനമെടുത്ത്, സഭയ്ക്ക് നല്ല ദിശാബോധം നല്‍കാന്‍ നമുക്കെല്ലാവര്‍ക്കും അവകാശവും കടമയും ഉണ്ട്. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഭാഷയില്‍ ദുഷിച്ച അധികാരപ്രമത്തതയുടെയും ദുര്‍മോഹങ്ങളുടെയും ഫലമായാണ് സഭയ്ക്ക് ശരിയായ ദിശാബോധം നഷ്ടമായത്. അതുകൊണ്ട് ദുഷിച്ച അധികാരപ്രമത്തതയെയും സമ്പത്ത് സമാര്‍ജിക്കാനുള്ള ദുര്‍മോഹങ്ങളെയും സഭയില്‍നിന്നു നിര്‍മാര്‍ജനംചെയ്യാനാകണം. നേരേ വാ, നേരേ പോ എന്ന തത്വം സഭയില്‍ നടപ്പിലാക്കണം. അതാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സത്യസന്ധതയും സുതാര്യതയും. ഇവ സഭയില്‍ വീണ്ടെടുക്കണം.
ജോസഫ് സാറിന്റെ കാര്യത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ക്കു കാരണം, അദ്ദേഹത്തോടു ചെയ്യേണ്ടിയിരുന്ന നീതി വളരെ വളരെ വൈകി എന്നതാണ്: 'ഖൗേെശരല റലഹമ്യലറ ശ െഷൗേെശരല റലിശലറ' എന്നൊരു തത്വമുണ്ട്. നീതി വൈകിക്കുക എന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. നാലു വര്‍ഷത്തിലധികമായല്ലോ ജോസഫ് സാര്‍ നീതിക്കുവേണ്ടി ദാഹിച്ച് മാനേജ്‌മെന്റിനുമുമ്പാകെ തന്റെ വെട്ടപ്പെട്ട കൈനീട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട്. വെട്ടപ്പെട്ട കൈ തട്ടിമാറ്റാനല്ലാതെ വെട്ടപ്പെട്ട കൈക്കൊരു കൈത്താങ്ങ് യഥാസമയം നല്‍കാന്‍ മാനേജ്‌മെന്റിന് മനസ്സുണ്ടായില്ല. ജോസഫ് സാറിനുവേണ്ടി നല്ല അയല്‍ക്കാരനാകാന്‍ മാനേജ്‌മെന്റ് സമയത്തിന് തയ്യാറായില്ല. കള്ളന്മാരുടെ കൈയിലകപ്പെട്ട മനുഷ്യന് നല്ല അയല്‍ക്കാരനായത് അവനോട് കരുണ കാണിച്ചവനാണെന്നും, അതുപോലെ ഓരോരുത്തരും കരുണ കാണിച്ച് എല്ലാവര്‍ക്കും നല്ല അയല്‍ക്കാരനാകാനുമാണ് യേശു നല്‍കുന്ന ആഹ്വാനം. യേശുവിന്റെ സഭയ്ക്കു നേതൃത്വം വഹിക്കുന്നവര്‍ ഇതിനു മാതൃകയാകേണ്ടവരാണ്. എന്നാല്‍ ജോസഫ് സാറിന്റെ കാര്യത്തില്‍ സംഭവിച്ചത്, ഇതിന്റെ നിഷേധമാണ്. ഫലത്തില്‍നിന്ന് വൃക്ഷം അറിയപ്പെടുന്നതുപോലെ, നീതിനിഷേധമായി മാത്രമേ ഇതിനെ കാണാനാകൂ. ജോസഫ് സാറിന്റെ കുടുംബത്തിനുണ്ടായ തീരാനഷ്ടം സഭയ്ക്കുമുമ്പാകെ ഉയര്‍ത്തുന്ന വലിയ വെല്ലുവിളിയാണത്; അതിന് എങ്ങനെ പരിഹാരം നല്‍കും, എങ്ങനെ ഈ വെല്ലുവിളിക്ക് പ്രത്യുത്തരം നല്‍കും എന്ന് സഭാസമൂഹം ആഴമായി ചിന്തിക്കേണ്ടതാണ്. പതിനൊന്നാം മണിക്കൂറില്‍ ഒപ്പിടുവിച്ച് വേതന പെന്‍ഷന്‍ ഉറപ്പാക്കിയതുകൊണ്ടോ, സാമ്പത്തികനഷ്ടപരിഹാരം നല്‍കിയതുകൊണ്ടോ തീര്‍ക്കാവുന്നതാണോ നഷ്ടപരിഹാരം? അത് നീതിയായ പരിഹാരം ആകുമെന്ന് തോന്നുന്നില്ല.
എനിക്കുള്ള നിര്‍ദ്ദേശം ഇതാണ്. സഭയില്‍ ഒരു കാലത്തും നീതി നിഷേധിക്കപ്പെടാന്‍ അനുവദിക്കില്ല എന്നും നീതിനിര്‍വ്വഹണം യഥാസമയം ഉറപ്പാക്കുമെന്നും ജോസഫ് സാറിനെ സാക്ഷി നിറുത്തിയും യേശുക്രിസ്തുവിന്റെ നാമത്തിലും സഭാസമൂഹം മുഴുവനും സത്യപ്രതിജ്ഞ ചെയ്യണം. ജോസഫ് സാറിന്റെ പ്രിയപ്പെട്ട ഭാര്യ കല്ലറയില്‍കിടന്ന് സഭയോട് ആവശ്യപ്പെടുന്നത് അതല്ലേ എന്നാണ് ഞാനിവിടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. ദൈവം സഭയോട്, സഭയുടെ നന്മയ്ക്കുവേണ്ടി, ആവശ്യപ്പെടുന്നതും അതുതന്നെയാണെന്നാണ് എന്റെ വിശ്വാസം. അടുത്ത സഭാസിനഡില്‍, അതായത് മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരും പ്രാതിനിധ്യസ്വഭാവത്തോടെ സമ്മേളിക്കുന്ന സീറോ-മലബാര്‍ സഭാസിനഡില്‍ നടക്കേണ്ട ആദ്യത്തെ കര്‍മ്മം അതായിരിക്കണം എന്നാണെന്റെ വിനീതമായ അഭ്യര്‍ത്ഥന.
      രണ്ടാമതായി ചെയ്യേണ്ട കാര്യം അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പോകുന്നതിനു പകരം, സലോമിയുടെ കബറിടത്തില്‍ സഭാസിനഡ് മുഴുവനും പോയി പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം, സലോമിയോട് മാപ്പ് ചോദിക്കണം. സഭയുടെ നവീകരണത്തിന് ഏറ്റവും ആവശ്യമായൊരു പുണ്യമായാണ് ഈ തിരുക്കര്‍മ്മത്തെ ഞാന്‍ കാണുന്നത്. ഇത്രയുമെങ്കിലും ചെയ്യാനായാല്‍, സഭാനവീകരണത്തിനുവേണ്ടി ഫ്രാന്‍സീസ് മാര്‍പ്പാപ്പായെപ്പോലെ സഭയെ വിസ്മയിപ്പിക്കാനും അത്ഭുതപ്പെടുത്താനും കേരള സുറിയാനി സഭയ്ക്ക് സാധിക്കും. നമ്മുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കഴിഞ്ഞ മെത്രാന്‍ സിനഡില്‍ പറഞ്ഞ ഈ കാര്യം കേരള സുറിയാനി സഭയില്‍ നടപ്പിലാക്കി സഭയെ വിസ്മയിപ്പിക്കാന്‍, അത്ഭുതപ്പെടുത്താന്‍ അഭിവന്ദ്യ പിതാവിന് സാധിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥനയും. അതുപോലെതന്നെ വര്‍ഷങ്ങളായി സഭയില്‍ പരിഹരിക്കാനാകാതെ കെട്ടിക്കിടക്കുന്ന അനീതികള്‍ പരിഹരിക്കപ്പെടണം. എന്തുകൊണ്ട് ജോസഫ് സാറിന് നീതി നല്‍കാന്‍ ഇത്രയേറെ വൈകി എന്നതിന് സുവിശേഷത്തിലെ നീതിയില്ലാത്ത ന്യായാധിപന്റെയും വിധവയുടേയും ഉപമ ഉത്തരം നല്‍കുന്നുണ്ട്. ആ ന്യായാധിപന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്തവനായിരുന്നു. അതുകൊണ്ട്, ജോസഫ് സാറിന്റെ കുടുംബത്തിന് നീതി വൈകിച്ചതിന്റെയും തല്‍ഫലമായുണ്ടായ തീരാനഷ്ടത്തിന്റെയും ഉത്തരവാദികള്‍ ആരായാലും അവര്‍ ഈ ഉപമയിലെ ന്യായാധിപനെപ്പോലെ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നവരല്ലായിരുന്നു എന്നാണ് കരുതേണ്ടത്. അതുകൊണ്ട് നീതിയും ന്യായവും ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ദൈവത്തെ ഭയപ്പെടുന്നവരും മനുഷ്യരെ മാനിക്കേണ്ടവരും ആയിരിക്കേണ്ടതാണ്. ഇത് സഭാനവീകരണത്തിനുള്ള വലിയൊരു പാഠമായി സഭ സ്വീകരിക്കട്ടെ എന്നുകൂടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. ഇത്തരമൊരു ബോധവല്‍ക്കരണത്തിന് വേദി ഒരുക്കിയ സംഘാടകരെ ഞാന്‍ പ്രത്യേകം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.  

2 comments:

  1. സ്റ്റീഫൻ മാഷിന്റെ മറുനാടൻ മലയാളിയിൽ വന്ന ലേഖനം വായിക്കുക.

    http://marunadanmalayali.com/index.php?page=newsDetail&id=35322

    ReplyDelete
  2. ഇപ്പോൾ കോതമംഗലം ബിഷപ്പ് പറയുന്നത് ജോസഫിനെ തിരിച്ചെടുത്തത് മാനുഷിക പരിഗണന കൊണ്ടാണെന്ന് ആണ്. കുറ്റവിമുക്തൻ ആയതു കൊണ്ടല്ലെന്ന് അര്ഥം. കോടതി കാണാത്ത എന്ത് മഹാപാപമാണ് ബിഷപ്പേ അയാള് ചെയ്തത്? നിങ്ങളുടെ അരമന കോടതി വല്ല രഹസ്യ പാപവും കണ്ടു പിടിച്ചോ? അതോ, സലോമി മരണം കൊണ്ട് പ്രായ ശ്ചിതം ചെയ്ത വല്ല കുമ്പസ്സാര രഹസ്യവും ഉണ്ടോ? എങ്കിൽ അതങ്ങ് പള്ളീൽ പറഞ്ഞാൽ മതി. ശുധാല്മാക്കലായ വല്ല ഭക്ത സ്ത്രീകളും വിശ്വസിചെക്കും.

    ReplyDelete