Translate

Wednesday, April 16, 2014

ആരാണ് നല്ല ക്രിസ്ത്യാനി?

കത്തോലിക്കാ സഭക്കെതിരായി കടുത്ത ആരോപണങ്ങളുമായി അകത്തു നിന്നും പുറത്തു നിന്നും ആക്രമണം; സഭയുടെ നയങ്ങളോടുള്ള വിയോജിപ്പ് അതിരുകള്‍ കടന്ന് ഉത്തരവാദിത്വപ്പെട്ട വ്യക്തികളിലേക്ക് കത്തിക്കയറുന്നു. വിയോജിപ്പുള്ളവര്‍ മിണ്ടാതിരിക്കുകയല്ലേ വേണ്ടത്, വൈദികര്‍ തന്നെ ഇങ്ങിനെയൊക്കെ വിളിച്ചു കൂവുന്നത് ശരിയോ, അത്മായര്‍ എന്തിനു വെറുതെ പ്രാക്ക് വാങ്ങിച്ചു കെട്ടുന്നു ...... നിരവധിയായ ഇത്തരം ചോദ്യങ്ങള്‍ വിശ്വാസികളില്‍ നിന്നുയരുന്ന ഈ സാഹചര്യത്തില്‍ ആരാണ് നല്ലവന്‍, ഒരു നല്ല ക്രിസ്ത്യാനി എന്താണ് ചെയ്യേണ്ടത് എന്നൊക്കെ വിശകലനം ചെയ്യുന്നത് അസ്ഥാനത്തായിരിക്കില്ല. ഒരു ക്രിസ്ത്യാനിയെ സിറോ മലബാര്‍ സഭ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്; അതിന്‍ പ്രകാരം സഭാപിതാക്കന്മാര്‍ പറയുന്നതെന്തും തിരിഞ്ഞു നോക്കാതെ അനുസരിക്കുകയും വേണം ഒരാള്‍ക്ക്‌ ക്രിസ്ത്യാനി ആയിരിക്കാന്‍. ആ വ്യവസ്ഥകള്‍ മുഴുവന്‍ കൃത്യമായി പാലിക്കുന്നവനാണോ നല്ല ക്രിസ്ത്യാനി?


സഭയെ ലോകം കാണുന്നതിങ്ങിനെ

ഇക്കഴിഞ്ഞ ഏപ്രില്‍ 14 ന് കേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖ പത്രത്തിന്‍റെ സീനിയര്‍ ലേഖകനോടൊപ്പം അഹമ്മദാബാദില്‍ ഒരു പ്രസിദ്ധനായ മലയാളി ജസ്യുറ്റ്‌ വൈദികനുമായുള്ള അഭിമുഖത്തിനു ഞാനും ഉണ്ടായിരുന്നു. വാര്ധക്യത്തിലായിരുന്നിട്ടും കര്‍മ്മനിരതനായ ആ വൈദികന്‍ എല്ലാ മതങ്ങളും മനുഷ്യനെ സത്യത്തിലേക്ക് നയിക്കുന്നവ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്‍റെ ഒപ്പമുണ്ടായിരുന്ന ലേഖകന്‍ അറിയേണ്ടിയിരുന്നത് മതസൌഹാര്‍ദ്ദമേഖലയില്‍ അദ്ദേഹം കൊയ്ത നേട്ടങ്ങളെപ്പറ്റിയായിരുന്നു. അദ്ദേഹത്തിന്‍റെ കൊച്ചു പ്രാര്‍ഥനാമുറിയിലേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി. ഒരു വശത്ത്‌ മാതാവിന്‍റെയും യേശുവിന്‍റെയും രൂപങ്ങള്‍, ഒരു വശത്ത്‌ വലിയ ഒരു ഓംകാരം, മൂന്നാമത് വശത്ത്‌ അറബി ലിഖിതങ്ങള്‍, അവശേഷിക്കുന്ന വശം ശൂന്യം. ഒരാള്‍ക്ക്‌ ഏതു വശത്തോട്ടു തിരിഞ്ഞിരുന്നു വേണമെങ്കിലും പ്രാര്‍ഥിക്കാം എന്നാണദ്ദേഹത്തിന്‍റെ വാദം. മറ്റു മതങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള അദ്ദേഹം എഴുതിയ Krishna and Christ എന്ന ബ്രഹദ്ഗ്രന്ഥം വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ഈ വര്ഷം അദ്ദേഹം പ്രസിദ്ധീകരിച്ച Corruption: A National Cancer എന്ന ഗ്രന്ഥം ദേശ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഭാരതത്തെ കാര്‍ന്നു തിന്നുന്ന അഴിമതിയുടെ വശങ്ങള്‍ തേടി അദ്ദേഹം നാല് വര്‍ഷങ്ങള്‍ സഞ്ചരിച്ചു, ആയിരക്കണക്കിന് ലേഖനങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ അതില്‍ ഉണ്ട്. വ്യത്യസ്തമായ ഒരു ഗവേഷണ ഗ്രന്ഥം തന്നെയാണത്.  

ബന്ധു ഈശാനന്ദ്‌ എന്ന് പൊതുവേ അറിയപ്പെടുന്ന ഡോ. ഈശാനന്ദ്‌ വേമ്പെനി SJ, സംഭാഷണത്തിനിടക്ക് ഒരു കഥ പറഞ്ഞു. 35,000 ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്ന   അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് പറഞ്ഞ തായിരുന്നത്. വൈസ് ചാന്‍സലര്‍ അദ്ദേഹത്തോട് പറഞ്ഞു, “ആകെയുള്ള 35,000 വിദ്യാര്‍ഥികളില്‍ അയ്യായിരം പേര്‍ മിടുക്കര്‍, അതില്‍ ഒരായിരം പേര്‍ ബഹു മിടുക്കര്‍, അതില്‍ ഒരു നൂറു പേര്‍ അതീവ സദ്ഗുണസമ്പന്നരും ലോകോത്തര നിലവാരമുള്ള പ്രതിഭാശാലികളുമാണ്. മറ്റൊരയ്യായിരം പേര്‍ സാധാരണയില്‍ താഴെ, അതില്‍ ഒരായിരം മുഴു ഉഴപ്പന്മാര്‍, അതില്‍ ഒരു നൂറെണ്ണം റൌഡികള്‍, അതില്‍ ഒരു മൂന്നെണ്ണം തനി ഗുണ്ടകള്‍. പക്ഷെ, ഈ മൂന്നു ഗുണ്ടകളാണ് കോളേജില്‍ എന്ന് ക്ലാസ്സു വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നതത്രേ. ഈ മൂന്നു പേര്‍ മുപ്പത്തയ്യായിരം പേരുടെ വിധി നിയന്ത്രിക്കുന്നു. ആദ്യം പറഞ്ഞ അതീവ സദ്‌ഗുണസമ്പന്നര്‍ ആ പേരിന് അര്ഹരാകണമെങ്കില്‍, ഈ മൂന്നു ഗുണ്ടകളുടെ പിടിയില്‍ നിന്നും ബാക്കി മുപ്പത്തയ്യായിരത്തെയും രക്ഷിക്കുന്നവരും കൂടി ആയിരിക്കണം.”

ഈ കഥ ആവര്‍ത്തിക്കുന്നതിലൂടെ ആരാണ് നല്ല ക്രിസ്ത്യാനിയെന്ന്‍ അദ്ദേഹം പറയുകയായിരുന്നു. ഞാന്‍ പെട്ടെന്നോര്‍ത്തത് സഹിച്ചും ക്ഷമിച്ചും ഇവിടെ ഒതുങ്ങി കഴിയുന്ന, നാം നല്ലവരെന്നു കരുതുന്ന അനേകം ക്രൈസ്തവരെപ്പറ്റിയായിരുന്നു. വിരലിലെണ്ണാവുന്ന ഏതാനും ഗുണ്ടകളാണല്ലോ സിറോ മലബാര്‍ സഭയെ ഇത്രയും അപഹാസ്യമാക്കുന്നതെന്നും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല, നല്ല ക്രിസ്ത്യാനികള്‍ എന്ന് നാം വിളിക്കുന്നത് വെറും ഭീരുക്കളെയാണല്ലോ എന്ന് കാണാതിരിക്കാനും കഴിഞ്ഞില്ല. ഉപനിഷത്തുകളും വേദങ്ങളും പ്രഘോഷിക്കുന്നത് ഒരേ സത്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. എനിക്കോര്‍മ്മ വന്നത് സത്യത്തെ ഒരു കുടത്തിലെ ജലത്തോടുപമിച്ച ഒരു ഗുരുവിന്‍റെ വാക്കുകളായിരുന്നു. ആ കുടത്തില്‍ നിന്നും ജലം കുടിച്ചാല്‍ നമ്മുടെ ദാഹം തീരും. കുടത്തിലെ വെള്ളം വായില്‍ എത്തിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധി, ഓരോ മാര്‍ഗ്ഗങ്ങളും ഓരോ മതങ്ങളായി മാറിയിരിക്കുന്നു. ഗ്ലാസ്സില്‍ എടുത്തു കുടിക്കുന്നവന്‍ സ്ട്രോ ഉപയോഗിച്ച് കുടിക്കുന്നവനെ പരിഹസിക്കുന്നു. എന്‍റെ ദൈവം കത്തോലിക്കനല്ലെന്നു മാര്‍പ്പാപ്പാ പറഞ്ഞത് മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ ഈ ഉപമയും ഗ്രഹിക്കേണ്ടതുണ്ടല്ലോയെന്നും ഓര്‍ത്തു. 
 
ഫാ. ഈശാനന്ദിന്റെ  പ്രാര്‍ത്ഥനാ മുറി (Omni temple)


ഫാ. ഈശാനന്ദ് എഴുത്തിന്‍റെയും വായനയുടെയും ലോകത്ത് 

ഈ ബന്ധു ഈശാനന്ദ് കേരളത്തിലായിരുന്നു താമസിക്കുന്നതെങ്കില്‍ കിട്ടുന്ന സ്വീകരണത്തെപ്പറ്റിയും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ഒരു സഹപാഠി മൂന്നാറില്‍ ഒരാശ്രമം തുടങ്ങി, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്. അതിന്‍റെ നെയിംബോര്‍ഡ് ആദ്യരാത്രിയില്‍ തന്നെ അടിച്ചു പൊട്ടിച്ചു, സ്ഥലത്തെ യുവദീപ്തി പ്രവര്‍ത്തകര്‍. ഈശോസഭക്കാരെ അടച്ചാക്ഷേപിക്കാന്‍ വരട്ടെ, അവരില്‍ ഒരുവന്‍ തന്നെയാണ് സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും. വിദേശങ്ങളില്‍ മെത്രാന്മാര്‍ തെരുവിലിറങ്ങി ഓട വൃത്തിയാക്കുന്നു, തൊഴിലാളികളോടൊപ്പം ചേര്‍ന്ന് ജോലി ചെയ്യുന്നു. സാധാരണക്കാരുടെ കൂടെ കൂടി ജോലി ചെയ്യുകയും അവരോടൊപ്പം ബീഡിയും വലിക്കുന്ന ഒരു മെത്രാന്‍ വടക്കേ ഇന്ത്യയില്‍ ഉണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം? ഒരു കേരള മെത്രാന്‍ ഒരു വടക്കേ ഇന്ത്യന്‍ യാത്രക്കിടയില്‍ മൂത്രമൊഴിക്കാന്‍ സ്ഥാനത്തിനൊത്ത മൂത്രപ്പുര കാണാതെ ബ്ലാഡര്‍ പൊട്ടി ആസ്പത്രിയിലായ കഥയും മലയാളികള്‍ കേട്ടിരിക്കേണ്ടതാണ്. ഈ കഥ പറഞ്ഞത് സ്വാമി സച്ചിദാനന്ദ ഭാരതി.

ഇതും ഒരു കത്തോലിക്കാ ബിഷപ്പ്

എത്ര അപഹാസ്യമായ സ്ഥാനഭ്രമക്കാരാണ് കേരളാ മെത്രാന്മാര്‍ എന്ന് കാണിക്കാന്‍ ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. വടക്കേ ഇന്ത്യയില്‍ ഒരൊറ്റ മെത്രാനും ഈ ജാടയുമായി നടക്കാറില്ല. ഇവിടുള്ളവര്‍ കാണിക്കുന്നതോ യേശുവിനു ചേരാത്ത തോന്ന്യാസങ്ങള്‍, പറയുന്നതോ അസംബന്ധം മാത്രവും. ഇവിടെ ഒരു കല്യാണം നടന്നാല്‍ അച്ചന്മാര്‍ക്കുള്ളത് പ്രത്യേകം പള്ളി മുറിയില്‍ എത്തിക്കണം. ഇവിടെ ഒരു ബിഷപ്പ് എവിടെയെങ്കിലും പോകണമെങ്കില്‍ ആവശ്യക്കാര്‍ ആദ്യം അരമനയില്‍ ഫീസ് അടച്ച് രസീതു വാങ്ങണം. വടക്കേ ഇന്ത്യയില്‍ ഒരു ബിഷപ്പ് കല്യാണത്തിനു വന്നാല്‍ ആ തിരക്കിനിടയില്‍ അനേകരില്‍ ഒരാളായി അദ്ദേഹവും കാണും. എങ്ങിനെ നമ്മുടെ സഭ ലോകത്തിനു മുമ്പില്‍ അപമാനിതരാകാതിരിക്കും? അഹമ്മദാബാദില്‍ ഓശാന ദിവസം ലത്തിന്‍ കുര്‍ബാനയ്ക്ക് വെഞ്ചരിച്ച ഓല എടുക്കാതെ മലയാളത്തില്‍ ഓല വെഞ്ചരിച്ച് മലയാളികള്‍ക്ക് വിതരണം ചെയ്ത വൈദികനെ എന്ത് വിളിക്കണം? ഇവിടെ അനേകം വര്‍ഷങ്ങളായി താമസിക്കുന്ന മലയാളികളുണ്ട്; അവര്‍ക്കും ഒന്നേ പറയാനുള്ളൂ, ഇത് അസംബന്ധമാണ്. അടുത്ത കാലത്ത് കുടിയേറിയ, മലയാളികളായ തീവ്രവാദികളാണ് എല്ലായിടത്തും ഇവരുടെ ഇരകള്‍.

പത്രങ്ങളുടെ പരിഹാസപാത്രമായി സഭ അധ:പതിച്ചിരിക്കുന്നു; ഇന്ത്യ ടുഡെ എഴുതിയത് ശരിയാണ്; മാര്‍പ്പാപ്പയെ സിറോ മലബാര്‍ കര്‍ദ്ദിനാളന്മാരും ഗൌനിക്കുന്നില്ല, സിറോ കര്‍ദ്ദിനാളന്മാരെ മെത്രാന്മാരും ഗൌനിക്കുന്നില്ല, മെത്രാന്മാരെ വിശ്വാസികളും വിശ്വാസത്തില്‍ എടുത്തിട്ടില്ല - ഇവരുടെ കൂട്ടത്തെ സീറോ മലബാര്‍ സഭ എന്നല്ലാതെ എന്താ വിളിക്കുക? പ്രസിദ്ധ സാഹിത്യകാരനായ സക്കറിയാ പറഞ്ഞത്, "ലോകത്തില്‍ തന്നെ ഏറ്റവും യാഥാസ്ഥിതികവും പ്രതിലോമകരവുമാണ് കത്തോലിക്കാ സഭ" എന്നാണ്. ഈ സഭ പൊളിച്ചു പണിയാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നവന്‍ വിഡ്ഢിയാവും, വീണ്ടും ഉപയോഗിക്കാന്‍ കൊള്ളാവുന്ന ഒന്നും ഇന്ന് സിറോ മലബാര്‍ സഭയിലില്ലായെന്നതാണ് സത്യം - വേണ്ടതൊട്ടില്ല താനും, വേണ്ടാത്തതെല്ലാം ഉണ്ട് താനും.  

ഒരു നല്ല ക്രിസ്ത്യാനി ആയിരിക്കാന്‍ സമൂഹത്തില്‍ മൂല്യച്യുതി വരുത്തുന്ന അംശങ്ങള്‍ക്കെതിരായി സുധീരം പട പോരുതേണ്ടതുണ്ട്. അതാണ്‌ യേശു ചെയ്തത്, അതാണ്‌ ശിക്ഷ്യന്മാരും ചെയ്തത്. വാല് ചുരുട്ടി മടയില്‍ ഒതുങ്ങിയിരുന്നു സൂത്രത്തില്‍ കാര്യം നേടുന്നവരില്‍ കേരളത്തിലെ സിറോ മെത്രാന്മാര്‍ മാത്രമല്ല ഉള്ളത്. മോഡിയുടെ നാട്ടില്‍ ക്രിസ്ത്യാനികള്‍ക്ക് പരമ സുഖം എന്ന് ഒരു ഓര്‍ത്തഡോക്സ് ബിഷപ്പ് പറഞ്ഞത് വായിച്ചിരിക്കുമല്ലോ. അദ്ദേഹത്തിനു വേണ്ടത് ഏതാനും സ്കൂളുകള്‍ക്ക് പെര്മിഷന്‍ എന്നാണു കേട്ടത്. എല്ലാവര്ക്കും സ്വന്തം കാര്യം, അതിനെന്തും വില്‍ക്കും. അനുദിനമെന്നോണമാണ് കേരളത്തിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത്. ഒരു വര്ഷം മുമ്പ് വരെ മടിച്ചു നിന്ന അത്മായരും ഇപ്പോള്‍ അടര്‍ക്കളത്തിലിറങ്ങിയിരിക്കുന്നു. മെത്രാന്മാരുടെ ന്യായീകരണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മെത്രാന്‍ മാസികകള്‍ മാത്രമേ ഇന്നുള്ളൂ. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ മെത്രാന്മാര്‍ എത്രകാലം കൂടി ഓഡി കാറുകളില്‍ പിടിച്ചു നില്‍ക്കും എന്നേ ഇനി അറിയേണ്ടതുള്ളൂ. 

10 comments:

  1. "വായിൽ തോന്നിയത്" - എത്ര കൃത്യമായ വാക്കുകൾ! സാധാരനക്കാർക്കൊക്കെ തോന്നലുകൾ തലയിലാണുദിക്കുക. അതിന് തലയിൽ ചോറുവേണം. തലച്ചോറില്ലെങ്കിൽ പിന്നെ അല്പം ഇടമുള്ള അടുത്ത സ്ഥലം വായാണ്. അവിടെ ഉണ്ടാകുന്ന ചോദനകൾ അഭിരുചിയെയല്ല, രസനയെ ചുറ്റിപ്പറ്റിയുള്ളവയായിരിക്കും. മെത്രാന്മാരുടെ തിരുവായിൽ നിന്ന് ഇന്ന് നാം കേൾക്കുന്നത് വയറ്റിലേയ്ക്കും പുറംപള്ളയായ കീശയിലേയ്ക്കും ഇടാൻ പട്ടുന്നവയെപ്പറ്റി മാത്രമായതിൽ ആർക്കും വിസ്മയത്തിനിടമില്ല. കലക്കി, സാറേ.

    ReplyDelete
  2. നേതി, നേതി എന്നാണ് ഗഹനമായ വിഷയങ്ങളെപ്പറ്റി ഭാരതീയർ ചിന്തിച്ചു ശീലിച്ചിട്ടുള്ളത്. ക്രിസ്ത്യാനിയെന്ന പേരിനെപ്പറ്റിയല്ല, ക്രിസ്ത്യാനിയായി ജീവിക്കുക എന്നതിനെപ്പറ്റിയാണ് ഇവിടെ ചോദ്യം. ജീവിതത്തിൽ വഴികാട്ടിയാകുന്ന ആദർശം, ഇതു മതത്തിലായാലും, വെറും ഉപരിപ്ളവതയല്ല, അഗാധമായ കാര്യമാണ്.

    യേശു ചൂണ്ടിക്കാണിച്ച വഴിയേ നടക്കുന്നവൻ മാത്രമാണ് ക്രിസ്ത്യാനി. അങ്ങനെ ചെയ്യുന്നവർ ക്രിസ്തുമതത്തിലുള്ളതിലും കൂടുതൽ അതിനു വെളിയിലാണുള്ളത്. കാരണം ഇന്ന് നമുക്ക് ചുറ്റും ക്രിസ്തുമതത്തിലുള്ളവർ ചെയ്യുന്നതിലധികവും ഒരു ക്രിസ്ത്യാനി ഒരിക്കലും ചെയ്തുകൂടാത്തവയാണ്. സ്നേഹമാണ് ക്രിസ്തു തന്റെ ജീവിതമാതൃകയിലൂടെ മനുഷ്യർക്ക്‌ നല്കിയ ഒരേയൊരു പാഠം. അതില്ലാത്തവർ ക്രിസ്ത്യാനികളല്ല. ഭാരതത്തിന്റെ മഹാത്മാവ് ഗാന്ധിജിക്ക് സ്നേഹമെന്നാൽ അഹിംസയായിരുന്നു. ഇന്ന് ഈ നാട്ടിൽ ഒട്ടുംതന്നെയില്ലാത്തത് അഹിംസയാണ്. എവിടെയും കാണാനുള്ളത് ഹിംസമാത്രം.

    എല്ലാത്തരം ഹിംസക്കും മുന്നിൽനില്ക്കുന്നത് ക്രിസ്ത്യാനിയെന്ന് സ്വയം അഭിമാനിക്കുന്നവരാണ് താനും. ഏറ്റവും പുതിയ ഉദാഹരണം ടി.ജെ. ജോസഫ് സാറിന്റെ കുടുംബത്തോട് അദ്ദേഹത്തിൻറെതന്നെ സഭാധികാരികൾ ചെയ്ത കടുംകൈകളാണ്. ചെയ്തതു ചെയ്തുപോയി, എന്നാൽ, വന്നുപോയ തെറ്റ് എറ്റുപറയാനോ, അതിനു തക്കതായ പരിഹാരം ചെയ്യാനോ ഇന്നുവരെ സഭാധികാരം മുന്നോട്ടു വന്നിട്ടില്ലെന്നു കാണുമ്പോൾ, അവർ എന്ത് തരം ക്രിസ്ത്യാനികളാണെന്ന് ചോദിക്കേണ്ടതില്ലല്ലോ. അധികാരികൾ ഇങ്ങനെയെങ്കിൽ, അനുയായികൾ അതിലും മെച്ചമാകുമോ?

    വേറൊരുദാഹരണത്തിന്, ആളും അർത്ഥവും, ശാരീരികമോ മാനസ്സികമൊ ആയ പക്വതപോലുമോ ഇല്ലാത്ത ഒരു സാധു പെണ്‍കുട്ടി ഇവയെല്ലാം അധികമുള്ള ഒരാണ്‍പടയോടും, പോരാ, തനിക്കു തുണയാകേണ്ടിയിരുന്ന നിയമവകുപ്പിനോടുപോലും പതിനെട്ടു വർഷം നീണ്ട യുദ്ധം ചെയ്യേണ്ടിവന്ന ദാരുണ സംഭവമെടുക്കുക - ആണത്തമില്ലാത്ത കുറേ നികൃഷ്ട ജീവികൾ കാർന്നുതിന്നിട്ടുപേക്ഷിച്ച "സൂര്യനെല്ലി പെണ്‍കുട്ടി". പതിനൊന്നു വർഷത്തെ പോരാട്ടത്തിനു ശേഷം കേരള ഹൈക്കോടതി, നീതിന്യായ ചരിത്രത്തിനു തീരാക്കളങ്കമുണ്ടാക്കിക്കൊണ്ട്, അന്യായമായ (അങ്ങേയറ്റം ഹിംസാപരമായ) ഒരു വിധിയിലൂടെ അവളെ അപമാനിച്ചു, മാനസ്സികമായി കൊന്നു. അതേ കോടതിയിൽ ഭാഗികമായിട്ടെങ്കിലും (മുഴുത്ത പ്രതി ഇപ്പോഴും വെളിയിൽ കേമനായി നടക്കുന്നു!) അവൾ ജയിച്ചെങ്കിലും, ഓർത്തുനോക്കൂ, ഇത്രയധികം ക്രിസ്ത്യാനികളുള്ള ഒരു നാട്ടിൽ ഇതുപോലെ അധമമായ ഒരു ഹിംസ നടന്നിട്ട് എത്രപേർ, വിശേഷിച്ച് നമ്മുടെ പരിശുദ്ധ തിരുമേനിമാർ അവളോടൊപ്പം അണിചേർന്നു? ഈ പെണ്‍കുട്ടി കത്തോലിക്കാ മതവിശ്വാസിയാണ്. സഭ അവളുടെ കുടുംബത്തോടും അവളോടും ചെയ്തതും ചെയ്യുന്നതുമെന്താണ്‌? ക്രിസ്തീയതക്ക് ചേരുന്നതാണോ അവരോടുള്ള പള്ളിക്കാരുടെ പെരുമാറ്റം എന്നൊന്ന് അന്വേഷിക്കേണ്ടതുണ്ട്.

    വിഷയത്തിൽനിന്നു വ്യതിചലിക്കുകയാണെങ്കിലും, ഇവിടെയൊരു ചോദ്യം: രാജ്യത്ത് ഉപയോഗത്തിലുള്ള ഒരേ നിയമസംവിധാനങ്ങൾ പഠിച്ച് വക്കീലന്മാരും വിധികർത്താക്കളുമായി പ്രവൃത്തിയിലെത്തുന്നവർ ഒരേ മാനദണ്ഡമുപയോഗിച്ച് എങ്ങനെയാണ് നേരേ വിപരീതമായ വിധിപ്രസ്താവനകൾ നടത്തുന്നത്? പണത്തിന്റെ മാത്രം മുഷ്ക്കിൽ, നിർദോഷിയായ ഒരു മനുഷ്യവ്യക്തിയെ ആരാച്ചാർക്ക്‌ വിട്ടുകൊടുക്കാൻ വിധിയെഴുതിയ ആദ്യത്തെ മാന്യജഡ്ജിയെയും അതിനുതെളിവുകൾ കൊണ്ടുവരികയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്ത വക്കീലന്മാരെയും അതിഗൗരവമായ നിയമലംഘനത്തിനും ഹിംസക്കും വിധിച്ച് തൂക്കിലേറ്റേണ്ടതല്ലേ? നല്ല ക്രിസ്ത്യാനികൾ പോയിട്ട്, നല്ല മനുഷ്യരെങ്കിലും നമ്മുടെ നാട്ടിൽ എത്രയുണ്ട് എന്ന ദയനീയ ചോദ്യമാണ് ഇന്ന് നാം നെഞ്ചുരുകി ചോദിക്കേണ്ടത്‌.

    Tel. 9961544169 / 04822271922

    ReplyDelete
  3. സക്കറിയാസ് സാര്‍ ഹൃദയത്തില്‍ കൊള്ളുന്നതുപോലെ ഓരോന്ന് പറയുമ്പോള്‍ ഞാനും വിങ്ങുന്നു. സത്യം, നീതി, ന്യായം, ധര്മ്മംം ഇവയെ വേര്തിവരിക്കുന്നതില്‍ കത്തോലിക്കാ സഭ എന്നെ പരാജയപ്പെട്ടു. ഇന്നലെ കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഒരു ദാരുണമായ സംഭവം ഇതിനുദാഹരണം. ഒരാള്‍ കുറെ റബര്‍ മരങ്ങള്‍ സ്ലോട്ടറിനെടുക്കുന്നു, എടുക്കുമ്പോള്‍ റബ്ബറിന് വില കിലോ 250 രൂ., കുറേക്കാലമായി 150-175 രൂ. തടി വിലയും പോയി. സ്ലോട്ടര്‍ എടുത്തവന്റെ. കുറെ ലക്ഷങ്ങള്‍ ശൂ.... നന്നായി അദ്ധ്വാനിക്കുന്നവനെ ഈ പണിക്കു പോകൂ. ഒത്തിരി സ്വപ്നവുമായായിരിക്കാം അയാള്‍ ഈ ബിസിനെസ്സ് ചെയ്യാന്‍ തയ്യാറായത്. അയാള്‍ ഇളവു ചോദിച്ചു, കിട്ടിയില്ല. അയാള്ക്ക് ‌ മുന്നില്‍ സര്വ്വല നിയന്ത്രണങ്ങളും വിട്ട ഒരു ജീവിതം – അരുതാത്തത് അയാള്‍ ചെയ്തു; നേരെ പോലീസിനു മുമ്പില്‍ ഹാജരാവുകയും ചെയ്തു.
    മറുവശത്ത്‌ കൃത്യമായ പദ്ധതികളുമായിട്ടായിരിക്കാം തോട്ടമുടമ സ്ലോട്ടറിനു തോട്ടം കൊടുത്തത്. അന്നത്തെ നിലക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നെങ്കില്‍ ലക്ഷങ്ങള്‍ മറ്റൊരാള്ക്ക് ലാഭമായി ലഭിക്കുമായിരുന്നു, അതിന്റൊ അംശം ഉടമ ചോദിക്കുകയുമില്ലായിരുന്നു. തൊട്ടടുത്ത് തൃപ്തികരമായ വില പറഞ്ഞവര്‍ വേറെയുമുണ്ടായിരുന്നു, ഒരു സ്നേഹം കൊണ്ട് അത് ആന്റണിക്ക് കൊടുത്തു. തുടക്കം മുതലേ അയാള്‍ തവണ തെറ്റിച്ചുകൊണ്ടിരുന്നിരിക്കാം, കൃത്യമായി ആദായം എടുക്കുന്നതില്‍ വീഴ്ചയും വരുത്തിയിരിക്കാം. പരിഗണന കൊടുത്തതിന്റെ അടുത്ത ദിവസം റബറിന് 300 രൂ. വിലയായാല്‍ ഉടമ വിട്ടു വീഴ്ച്ച ചെയ്തത് അയാള്ക്ക് ‌ തിരിച്ചു കിട്ടുകയുമില്ല. ഉടമ ന്യായം മാത്രമേ ചെയ്തുള്ളൂ. പക്ഷെ, അയാളുമായി ബിസിനെസ്സ് ചെയ്ത് തറയാകാന്‍ പോകുന്ന ഒരുവനോട് ഉടമ ചെയ്തത് നീതിയാണോ, ധര്മ്മ്മാണോ എന്നൊക്കെയാണ് ഒരു ക്രിസ്ത്യാനി ചോദിക്കേണ്ടത്‌. ഈ സംഭവത്തിന്റെ യഥാര്ത്ഥര വശമല്ല ഞാന്‍ പറഞ്ഞത്, പകരം പത്രത്തില്‍ നിന്ന് വായിച്ചതില്‍ നിന്ന് വികസിപ്പിച്ചതാണ്. ഇങ്ങിനെയും ഒരു വശം ഇതിലുണ്ടാകാം എന്ന് സൂചിപ്പിക്കുവാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുമുള്ളൂ. കാഞ്ഞിരപ്പള്ളിയില്‍ മോനിക്കാ എഴുതികൊടുത്ത സ്ഥലമാണ് രൂപതയിലുള്ളത്. അത് ന്യായം; പക്ഷെ നീതി അതിലുണ്ടോ? എങ്ങിനെയാണ് അത് ഒപ്പിട്ടു വാങ്ങിയത് എന്നും കൂടി നാം ചോദിച്ചാലെ അതിനുത്തരം ലഭിക്കൂ. കോതമംഗലത്ത് ജൊസഫ് സാറിനോട് സഭ ചെയ്തത് നിയമങ്ങള്‍ ഇഴ കീറി നോക്കിയാല്‍ ന്യായം മാത്രമായിരുന്നിരിക്കാം. അതില്‍ നീതിയുണ്ടോ, അതായിരുന്നോ ധര്മ്മംഴ എന്നൊക്കെയായിരുന്നില്ലേ നാം ചോദിക്കേണ്ടിയിരുന്നത്. ഒരു കത്തോലിക്കന്‍ വീണാല്‍ അത് പെണ്ണായാലും ആണായാലും സഭ ആഘോഷിക്കും.
    സൂര്യനെല്ലി പെണ്കുുട്ടിക്ക് നീതി വാങ്ങി കൊടുക്കാന്‍ ഒരു സഭയും മുന്നോട്ടു വന്നില്ല, പാലാ തൊടുപുഴ ഭാഗങ്ങളിലായി രണ്ടു വര്ഷം മുമ്പ് രണ്ടു കുടുംബങ്ങളാണ് ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്തത്. സഭ അതും അറിഞ്ഞില്ല. തൊടുപുഴയില്‍ ജൊസഫ് സാറിന്റെ കൈയ്യില്‍ നിന്ന് അബദ്ധം പട്ടി എന്ന് വെയ്ക്കുക. അത് പ്രതിക്ഷേധം ആയി രൂപം കൊണ്ടപ്പോള്‍ അന്നത്തെ കോതമംഗലം മെത്രാന്‍ നേരെ നിന്ന്, “ഒരു സഭാംഗത്തിന്റെ കൈയില്‍ നിന്ന് മനുപൂര്വ്വാമാല്ലാത്ത ഒരു വീഴ്ച്ച പറ്റി, അതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു, ഒരു കൊച്ചു ശിക്ഷ എന്ന നിലയില്‍ അദ്ദേഹത്തെ ഞങ്ങള്‍ എല്പ്പോ കാലത്തേക്ക് സസ്പെന്റ്ക ചെയ്യുന്നു” എന്ന്‍ പറഞ്ഞിരുന്നെങ്കില്‍ ആ മെത്രാനെ ഒരു മാതൃകയായി നാം കരുതുമായിരുന്നു, ഈ കോലാഹലങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നുമില്ല. എല്ലായിടത്തും നാം ന്യായം കൊടുക്കുന്നു, നീതി എന്താണെന്ന് അറിയുന്നുമില്ല. പണ്ട് എന്തെങ്കിലും തര്ക്കംര ഉണ്ടായാല്‍, ‘പള്ളിയില്‍ പറഞ്ഞാല്‍ അത് തീരുമായിരുന്നു’. ഇന്നോ? പള്ളിയില്‍ നിന്ന് കിട്ടുന്നത് ന്യായം മാത്രം. നീതി കിട്ടണമെങ്കില്‍ ഷാപ്പിലോ ബാറിലോ ചെന്ന് ചോദിക്കേണ്ട അവസ്ഥ. ഒരു സാധു പെണ്കുളട്ടിക്ക് ഒരു ഇടവകയില് നിന്ന് ഫീസ് കൊടുത്തത് എങ്ങിനീന്നു ഞാന്‍ ഇന്നും ഓര്മ്മിുക്കുന്നു. ആദ്യം ഈ കുട്ടി എവിടുന്നെങ്കിലും ഇരന്നു പണം വാങ്ങി ഫീസ് കോളേജില്‍ അടക്കണം, തുടര്ന്ന് ആ രസീത് പള്ളി മുറിയില്‍ എത്തിച്ചാല്‍ അച്ഛന് സൌകര്യമുള്ളപ്പോള്‍ പണം കൊടുക്കും. അച്വ്ഹന്‍ ചെയ്യുന്നത് ന്യായമല്ലെന്ന് ആര്ക്കു് പറയാന്‍ കഴിയും? പക്ഷെ ഇതു പൊട്ടനും പറയും അത് നീതി അല്ലെന്ന്.കത്തോലിക്കാ സഭ ന്യായത്തിന്റെപ കാര്യത്തില്‍ മുമ്പില്‍. നീതിയും ന്യായവും ധര്മ്മ്വും സത്യവും ഒരേ നിലയില്‍ ഇപ്പോഴും നിര്ത്തു ക, അത് നാം ഒരിക്കലും പഠിക്കാന്‍ ഇടയില്ലാത്ത ഒരു അഭ്യാസം.

    ReplyDelete
  4. സൂര്യനെല്ലിയിലെ പെണ്‍കുട്ടി
    http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=310670&rndn=4PLM6FW3 ദീപിക റിപ്പോർട്ട്‌

    http://beta.mangalam.com/print-edition/keralam/167368 മംഗളം റിപ്പോർട്ട്‌

    സൂര്യനെല്ലിയിലെ പെണ്‍കുട്ടി എന്നത് വായിച്ചിട്ട് മറക്കാവുന്ന വെറുമൊരു കഥയല്ല, ദാരുണമായ ഒരു ജീവിതമാണ് എന്ന് യാഥാർഥ്യബോധത്തോടെ കുറിച്ചിട്ട ഈ വരികൾ (ലിങ്കിൽ വായിക്കുക) നമ്മെ ബോധ്യപ്പെടുത്തും.

    നമ്മുടെ നാട്ടിൽ ഒരു മനുഷ്യജീവന് എത്ര തുശ്ചമായ വിലയാണ് നിയമപാലകരും ഭരണാധികാരികളും സാധാരണക്കാരും കല്പിച്ചുനല്കുന്നത് എന്നതിന് ഒരുദാഹരണം മാത്രമാണ് സൂര്യനെല്ലിയിലെ ഈ പെണ്‍കുട്ടി. ഇപ്പോൾ അവൾ 34 വയസുള്ള ഒരു വനിതയാണ്‌. നമ്മുടെതന്നെ സമൂഹത്തിലെ നികൃഷ്ടജീവികൾ അവരുടെ ജീവിതം ആവുന്നത്ര നശിപ്പിച്ചുകഴിഞ്ഞു. ഇത്രയും വൈകിയെത്തിയ ന്യായവിധി ഒരാശ്വാസമായി കണ്ടാലും അത് നിരസിക്കപ്പെട്ട നീതിയിൽ നിന്ന് അധികം വിഭിന്നമല്ല.

    ഈ സാഹചര്യത്തിൽ നമ്മുടേതുപോലുള്ള ഒരു ഗ്രൂപ്പിന് എന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കേണ്ടതാണ്. ചുറ്റുമുള്ള ലോകം വെറുതേ കൈയുംകെട്ടി കാത്തിരുന്നത് എവിടെ അവസാനിച്ചുവെന്നത് സലോമിക്ക് സംഭവിച്ചത്തിൽ നിന്ന് നാം കണ്ടുകഴിഞ്ഞു. അത്ര പെട്ടെന്ന് നമുക്കത് മറക്കാനാവില്ല എന്നത് ഒരു സത്യമാണെങ്കിൽ, കുറേപ്പേർ അവരുടെ മനസ്സുകൊണ്ടെങ്കിലും ഈ കുടുംബത്തോടൊത്ത്‌ നില്ക്കുന്നുണ്ട് എന്നവരെ അറിയിക്കുകയെങ്കിലും ചെയ്യുക നമ്മുടെ കടമയാണ്. അല്മായശബ്ദം വായിക്കുന്നവരിൽ നിന്ന് നിർദ്ദേശങ്ങൾ ആരായുകയാണ്.

    അല്പമെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ, നമ്മൾ എഴുതുകയും പറയുകയും ചെയ്യുന്നതിൽ കഴമ്പുണ്ടെങ്കിൽ, ഈ സഹജീവിയെയും അവളുടെ കുടുംബത്തെയും നമ്മൾ മറക്കരുത്. നമ്മൾ അവരോടോത്തുണ്ട് എന്നത് അവരെ അറിയിക്കാനെങ്കിലും എന്തെങ്കിലും ഉടനേ ചെയ്യണം.

    ReplyDelete
  5. ഈ കുറിപ്പ് ശ്രീ സനൽ ഇടമറുക് അയച്ചുതന്നതാണ്. മുംബൈ കാർഡിനൽ കൂട്ടുനിന്നു പെരുപ്പിചച്ചുണ്ടാക്കിയ ഒരു കള്ളയദ്ഭുതത്തിന്റെ പൊള്ളത്തരം വെളിക്കുകൊണ്ടുവന്നതിനെ മതനിന്ദയായി വക്രീകരിച്ചു കേസുകൊടുത്തതിന്റെ പേരിൽ രാജ്യം വിടേണ്ടിവന്ന വ്യക്തിയാണ് അദ്ദേഹം. നമ്മുടെ തിരുമേനിമാരുടെ ഭക്തിയുടെ ആഴവും സത്യത്തോടുള്ള സ്നേഹവും എതുവിധമാണെന്നു തുറന്നു പറയുന്ന ഒരുദാഹരണമാണിത്‌.

    "Very soon, I will have completed two years of life away from my home and homeland. If the Catholic church wished to silence me, they have obviously not been successful. Still, these two years have not been easy for me and they did leave personal scars. It was painful that I could not even be my beloved mother when she passed away last month. But such pain, more than anything else, is strengthening my resolve."

    ReplyDelete
  6. ജോസഫ്‌ മറ്റപ്പള്ളി സാറിന്റെ ചിന്തകളും , കൂടെ കൂടിയവരുടെ വിചിന്തനങ്ങളൂം ആലോച്ചനാമ്രിതംതന്നെ! പക്ഷെ ,പുരോഹിതവർഗത്തിന്റെ സ്ഥിരം ചൂഷണത്തിൽനിന്നും മാനവകുലരക്ഷയ്ക്കായി പുരോഹിതരോട് മല്ലിനായി ചമ്മട്ടിയേന്തിയതു കാരണം കുരിശിൽതൂക്കപ്പെട്ട പാവം നസ്രായനെ ഓർത്തെങ്കിലും, ഈ കഷ്ടാനുഭവ/പീഢനനാളുകളിൽ പുരോഹിതരെന്ന (ക്രിസ്തുവെറുത്ത) ഈ വർഗത്തെ നമുക്കും വെറുക്കാം...പ്രാർഥിക്കാൻ ആരും പള്ളിയിൽ പോകരുതെന്നും , ഓരോരുത്തരും അവരവരുടെ മനസിനുള്ളീലെ "നീയാകുന്ന" (ഞാനാകുന്ന)ദൈവാംശത്തെ കണ്ടറിയാനും , ആ സ്വര്ഗസ്ഥ (ഹൃദയസ്ത)പിതാവിനോട് രഹസ്യത്തിൽ സമ്മോദിക്കനും (വി.മത്തായി 6/5 മുതൽ )നമ്മോടോതിയവനുമായ ലോകഗുരുവരൻ ശ്രീ യേശുവിന്റെ പൊന്നു നാമത്തിൽ നാം ഇപ്പോൾ മൌനമായിരിക്കാം...ക്രിസ്തുവിനെ വരുംതലമുറ യൂറോപ്പിലെപ്പോലെ അനുസരിക്കട്ടെ,! പള്ളികൾ താനേ ശൂന്യ്മാകുന്നതിനാൽ വരുമാനമില്ലാതെ , സ്തുതിപാടകരില്ലാതെ,കൈമുത്താൻ പള്ളിഗോപസ്ത്രീകളീല്ലാതെ , യൂറോപ്പിലെമാതിരി ഇവറ്റകൾ താനേ തറയിൽ വരും ! അതുവരെ നമുക്ക് പ്രാണായാമം പരിശീലിക്കാം ഏവര്ക്കും എന്റെ "ഹാപ്പി ഈസ്റെർ " (എന്റെ സക്കരിയാച്ചായ ,"തിരുമേനീ" എന്ന് വിളിച്ചീ മെത്രാന്മാരെ അപമാനിക്കല്ലേ ,..പാപം.. ..സ്വയം അറിയാത്തമെത്രാൻ കുളിരണീയും!

    ReplyDelete
  7. ഈ നാട്ടിലെ സകലമാന മെത്രാന്മാരും വൈദികരും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരാണ്. ഇന്നത്തെ (പെസഹാ വ്യാഴം) ദീപികയുടെ രണ്ടാം താള് മുഴുവൻ ഒരു കള്ളയദ്ഭുതത്തിന്റെ മറവിൽ തീർഥാടകരെ ക്ഷണിക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുകയാണ്. 'ദിവ്യരക്ഷകന്റെ അദ്ഭുതസാന്നിദ്ധ്യം നിറയുന്ന ദേശീയതീർഥാടനകേന്ദ്രം' - ചേർത്തല തന്കിപ്പള്ളിയാണ് വേദി. ഓരോ വർഷവും തലമുടി നീണ്ടുകൊണ്ടിരിക്കുന്ന, മരത്തിൽ കൊത്തിയ ക്രൂശിതന്റെ രൂപം, കാശ് വച്ച് മുത്തിയാൽ ഉടൻ അദ്ഭുതം. വിശദാംശങ്ങൾ വികാരി ഫാ. കളത്തിവീട്ടിൽ നീട്ടി എഴുതിയിട്ടുണ്ട്. എന്തെല്ലാം കളികളാണ് അവിടെ അന്ധവിശ്വാസികളെ ആകർഷിക്കാൻ ഒരുക്കിയിരിക്കുന്നത് എന്ന് വായിച്ചറിയുക. 'തങ്കിയെ തങ്കമാക്കുന്ന തന്കിയിലെ അപ്പൻ', 'ആത്മീയപുണ്യവുമായി ഉണ്ണിത്തൊട്ടിൽ' തുടങ്ങിയ കതിനാവെടികൾക്ക് മുന്നിൽ പണ്ടത്തെ വണക്കമാസക്കഥകൾ തോറ്റുപോകും. ഇതൊക്കെ വിശ്വസിക്കുന്ന കത്തനാരന്മാരും മെത്രാന്മാരും നയിക്കുന്ന ഒരു സഭയിൽ അംഗമായിരിക്കുന്നത് തന്നെ എന്തൊരു നാണംകെട്ട പണിയാണ് എന്നാണു ഞാനാലോചിക്കുന്നത്.

    ReplyDelete
  8. ഒരു പടത്തിനടിയിൽ 'ഇതും ഒരു കത്തോലിക്കാ ബിഷപ്പ്' എന്നെഴുതിക്കണ്ടു. മറ്റു മനുഷ്യരോടൊത്ത് അദ്ദേഹവും പണി ചെയ്യുന്നു. നല്ല കാര്യം. ഏതോ ആഫ്രിക്കൻ മെത്രാൻ അമേരിക്കക്കാർ അയച്ച ഗോതമ്പുപൊടിയോ മറ്റോ ചുമന്നു മാറ്റാൻ സഹായിക്കുന്നു എന്നാണ് തോന്നുന്നത്. നമ്മുടെ ഒരു മെത്രാനും ചെയ്യില്ലാത്ത കാര്യം തന്നെ. എന്നാൽ അങ്ങേർക്ക് ഇതുപോലുള്ള പണികൾ ചെയ്യുമ്പോൾ ഒരു ലുങ്കിയോ നിക്കറോ ഇടാൻ എന്തുകൊണ്ട് തോന്നിയില്ല? അതോ ഫോട്ടോ കാണുന്നവർ തന്റെ സ്ഥാനം എന്തെന്ന് അറിയണം എന്നതുകൊണ്ടാണോ? നമ്മുടെ നാട്ടിലെ സ്ത്രീകൾ പകലും രാത്രിയിലും സാരിയുടുത്തോ നൈറ്റിയിട്ടോ കഴിയുന്നതുപോലെ, മറ്റുള്ളവർ കാണുന്നിടത്ത് കുളിക്കേണ്ടി വന്നാലും ഇട്ടിരിക്കുന്ന ഡ്രസ്സ്‌ മാറില്ല എന്നതുപോലെ, ഈ മെത്രാന്മാർ ഏഴു നേരവും പൊടിപ്പും തൊങ്ങലും വച്ച നിറംപിടിപ്പിച്ച ളോഹതന്നെ ഇടുന്നതെന്തിണെന്ന് ആലോചിച്ചിട്ടുണ്ട്. ഔദ്യോഗിക ഇടപാടുകളിൽ, ശരി, ഔദ്യോഗിക വസ്ത്രം കൊള്ളാം. എന്നുവച്ച്, 24 മണിക്കൂറും അതിൽത്തന്നെ ഇരുന്നു പുഴുകണം എന്നിവർക്കിത്ര പിടിവാശിയെന്തിന്? ളോഹയൂരിയാൽ ബ്രഹ്മചര്യം നഷ്ടപ്പെടുമോ? പുറത്തുള്ള മെത്രാന്മാർ ചെയ്യുന്നതൊന്നും ഇവർ കണ്ടിട്ടില്ലേ, ആവോ! വെറുതേ ഒരു സംശയം. അവരെന്നാ കുന്തം ധരിച്ചുനടന്നാലും പുശ്ചം തോന്നിക്കുന്ന കൂട്ടരാണ്. പിന്നെ നമുക്കെന്തു കാര്യം.

    ReplyDelete
  9. ഏകദേശം പതിനഞ്ചു വർഷങ്ങൾക്കു മുൻപ് മെത്രാന്മാരും വൈദികരും കൂടിയ ഒരു ബാർബിക്യു (barbecue) പാർട്ടിയിൽ സംബന്ധിക്കുവാൻ എനിക്കിടയായി. അഞ്ച് സഹായമെത്രാന്മാരും കർദിനാൽ പദവിയുള്ള മെത്രാപ്പോലീത്തയുമുള്ള ഒരു വലിയ അതിരൂപതയായിരുന്നു പാർട്ടി നടത്തിയത്. വേനൽകാലത്ത് വെളിയിൽവെച്ചുനടത്തിയ മുഴുവൻ പന്നിയേയും ചുടുന്ന പരിപാടിയായിരുന്നു അത്. ഞാൻ അവിടേക്ക് കയറി ചെല്ലുമ്പോൾ ഒരു സഹായമെത്രാൻ കുട്ടിനിക്കറും മുറികൈയ്യൻഷർട്ടും ബെയിസ്ബോൾ തൊപ്പിയുംവെച്ച് ഇരുബ്ബുപാരയിൽ കുത്തികയറ്റിയ പന്നിയെ തീയ്ക്കുമുകളിൽ പിടിച്ചു് കറുക്കികൊണ്ടിരിക്കുന്നു. അച്ചന്മാരും കുറെ പ്രമാണികളും ബീറും സ്കോച്ചുമൊക്കെ കുടിച്ച് തൊട്ടത്തിൽകൂടി നടക്കുന്നു. പന്നി ചുട്ടു തീരണ്ടെ. കഥ ചുരുക്കട്ടെ. അപ്പോൾ നെടുങ്കനാൽസാറ് സൂചിപ്പിചതുപൊലെ അവസരത്തിനൊപ്പിച്ച് വകതിരിവായി വേഷം ധരിക്കുന്ന മെത്രാന്മാരും ഈ ഉലകത്തിലുണ്ട്. എൻറ്റെ സുഹൃത്തിൻറ്റെ മകൾക്ക് സ്ഥൈര്യലേപനം നല്കിയത് ഈ മെത്രാനായിരുന്നു. അന്നദ്ദേഹത്തിന് ബെയിസ്ബോൾ തൊപ്പിക്കുപകരം കൂന്തൻ തൊപ്പിയായിരുന്നു!

    ReplyDelete
  10. ശ്രി. സാക്കും, ശ്രി. ചാക്കോച്ചനും ഒക്കെ പറയുന്നത് ശരിയാണ്. എളിമയുടെ ഒരുദാഹരണം പോലും എടുത്തു കാണിക്കാന്‍ നമുക്കില്ല. പത്തു നോമ്പ് കൂടി പോയാലും സനല്‍ ഇടമറുകിനോട് നാം ക്ഷമിക്കില്ല, നമ്മുടെ ഇടയില്‍ വേദനിക്കുന്ന ഒരുവന് നാം സഹായം എത്തിക്കുകയുമില്ല. ഒരു പരസഹായം നാം ചെയ്യണമെങ്കില്‍ അതിനു കമ്മറ്റി കൂടണമല്ലോ. ഒരു ക്രിസ്ത്യാനി പഠിച്ചതെന്താണെന്ന് കാഞ്ഞിരപ്പള്ളിയിലും, ആറ്റിങ്ങലിലും നടന്ന കൊലപാതകങ്ങള്‍ നോക്കിയാല്‍ മതി. ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയുക. എന്നും ക്രിസ്ത്യാനി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരിക്കും. ഏറെ കാര്യങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഈ കേരള കത്തോലിക്കാ സഭയെ റിപ്പയര്‍ ചെയ്യുക അസാദ്ധ്യമാണെന്ന് ഞാന്‍ കാണുന്നത്.
    പോരോഹിത്യം സ്ഥാപിച്ചു എന്ന് പറയുന്ന ആ ദിവസം യജമാനന്‍ താഴെയിറങ്ങി, കൂലിപ്പണിക്കാര്‍ കെട്ടുന്ന ഒരു അരക്കെട്ടും കെട്ടി മുക്കുവരുടെ കാലുകള്‍ കഴുകി തുടച്ചു. യഹൂദ പാരമ്പര്യമനുസരിച്ച്, ഇത് അടിമകളെ കൊണ്ടേ ചെയ്യിക്കാറുള്ളൂ. അപരന്റെ കാലു പിടിക്കുന്നത് താഴ്മയുടെ അങ്ങേയറ്റമായി ആണല്ലോ നാം കരുതുന്നത്. യേശു അതിലും താഴേക്കു പോയി. അതിനു താഴേക്കു ഇനി ഒരുവനും പോകാന്‍ സാധിക്കുകയില്ല.
    അടുത്ത കാലത്തു പ്രസസ്തനായ ഒരു കത്തോലിക്കാന്‍ പറഞ്ഞത്, ഇനിയുള്ള റിട്ടയര്‍ഡ് ജീവിതം ഈ സഭക്കെതിരെ ഞാന്‍ പ്രവര്‍ത്തിക്കും എന്നാണ്. മയങ്ങി കിടക്കുന്ന അനേകരെ ഉണര്ത്തിയിട്ടെ അദ്ദേഹവും വിട വാങ്ങൂ. ഓരോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും അനേകരാണ് സഭയില്‍ നിന്നും മാറുന്നത്. മാറുന്നവര്‍ വീണ്ടും മറ്റുള്ളവരെക്കൂടി മാറ്റുന്നു. ഇതൊന്നും പ്രശ്നമല്ലായെന്നു കരുതുന്ന മെത്രാന്മാര്‍, സ്വന്തം കാലിനടിയിലെ പൂഴി ഊര്‍ന്നു പോകുന്നത് കാണുന്നില്ല. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനോട് എനിക്ക് സഹതാപമാണ് ഉള്ളത്. അദ്ദേഹം പറഞ്ഞാല്‍ മെത്രാന്മാര്‍ കേള്‍ക്കുന്നില്ല. എന്ത് ചെയ്യാന്‍ കഴിയും? വാനില്‍ കയറി തൃശ്ശൂര്‍ക്ക് പോയി, ഓഡി മെത്രാന്‍ ഓടയില്‍ തന്നെ. എവിടെങ്കിലും ഒരോ മെത്രാനും തോന്ന്യാസം കാണിക്കുമ്പോള്‍ കാക്കനാട്ട് നിന്ന് ഒരു പ്രസ്താവന വരാറുണ്ട്. കാടടച്ചുള്ള വെടിയല്ല അതെന്നു വിശ്വാസികള്‍ക്കറിയുകയും ചെയ്യാം.
    ഈ ഒരു പോസ്റ്റ്‌, ഫെയിസ് ബുക്കില്‍ ഒരു പത്തു പേര്‍ ഷെയര്‍ ചെയ്തു എന്ന് എനിക്കറിയാം. മെയിലായും ഈ പോസ്റ്റ്‌ കറങ്ങുന്നുണ്ട്. കുറഞ്ഞത്‌ ഒരു ലക്ഷം പേരില്‍ ഇതെത്തിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഒരു ബിഷപ്പിന്റെ വിശുദ്ധ വാര പ്രസംഗവും ഇത്രയും പേര്‍ ശ്രദ്ധിച്ചു കാണില്ല. എന്‍റെ പോസ്റ്റ്‌ന്‍റെ മുഴുപ്പല്ല അത് കാണിക്കുന്നത് പകരം വിശ്വാസികളുടെ വലിപ്പമാണ് അത് സൂചിപ്പിക്കുന്നത്. അത്മായാ ശബ്ദത്തില്‍ വരുന്ന മിക്ക ലേഖനങ്ങളും ലോക മാദ്ധ്യമങ്ങളില്‍കൂടി ഓരോ ദിവസവും അനേകരില്‍ എത്തുന്നു. രണ്ടു വര്ഷം മുമ്പത്തെ സ്ഥിതി അല്ലാ ഇന്ന്. വീണ്ടും ഒരു വൈദിക മുന്നേറ്റം ഞാന്‍ ഇവിടെ മണക്കുന്നു.

    ReplyDelete