Translate

Saturday, April 19, 2014

ഉയിർപ്പ് എന്നത് മനുഷ്യസമൂഹത്തിന്റെ നവോത്ഥാനം തന്നെ

ആദ്യമായി, പുനരുത്ഥാനം എന്ന് ബൈബിളിൽ വായിക്കുമ്പോൾ എന്താണ് ഇന്നു നമ്മൾ മനസ്സിലാക്കുന്നത്? മരണം എന്ന ശരീരത്തിന്റെ അന്ത്യം ഉണ്ടാക്കുന്ന ഇല്ലായ്മയിൽനിന്ന് തിരികെ ജീവിതത്തിലേയ്ക്ക് വരിക എന്നത് ഒരർത്ഥമാണ്. എന്നാൽ ആ ജീവിതം ഇഹത്തിലല്ല മറ്റെവിടെയോ ആണ് എന്നതും അതോടൊപ്പം പോകുന്നു. സമയത്തിന്റെ അവസാനത്തിൽ, അതായത് ഇക്കാണുന്ന പ്രപഞ്ചത്തിന്റെ അവസാനത്തിൽ നല്ല മനുഷ്യർക്ക്‌ ദൈവം കൊടുക്കുന്ന സ്വർഗ്ഗജീവിതം എന്നാണ് പുരോഹിതരും വേദാദ്ധ്യാപകരും പറഞ്ഞുവയ്ക്കുന്നത്. എന്നാലിതൊക്കെ മനുഷ്യജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വേണ്ടി കാലാന്തരത്തിൽ ഉരുത്തിരിഞ്ഞുവന്ന കാഴ്ച്ചപ്പാടുകളാണ്. എന്നാൽ, സുവിശേഷങ്ങൾ എഴുതപ്പെട്ട കാലത്ത് ഉയിർപ്പ് അല്ലെങ്കിൽ ഉത്ഥാനം എന്ന വാക്കിനുണ്ടായിരുന്നയർത്ഥം ഇതൊന്നുമായിരുന്നില്ല. അതെന്താരുന്നുവെന്നറിയണമെങ്കിൽ അന്നുള്ളവർ, അതായത് ബൈബിൾ എഴുതപ്പെട്ട കാലത്തു ജീവിച്ചിരുന്ന മനുഷ്യർ എന്ത് മനസ്സിലാക്കിയിരുന്നു എന്ന് കണ്ടെത്തണം.

വിദൂരഭൂതകാലങ്ങളിൽ എഴുതപ്പെട്ട എന്തെങ്കിലും വായിച്ചിട്ട് അതിന് ഇപ്പോൾ നമ്മൾ കൊടുക്കുന്ന അർത്ഥമാണ് ശരിയെന്നുള്ള വിചാരം ഒട്ടും പക്വമല്ല, വസ്തുതക്ക് നിരക്കുന്നതുമല്ല.

യഹൂദരിൽ അധികാരപ്രമത്തരായ സദൂസ്യർ (Saducees) എന്ന കൂട്ടർ (യഹൂദബ്രാഹ്മണർ എന്ന് വേണമെങ്കിൽ പറയാം) മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല. വിജാതീയർ എന്ന് യഹൂദർ വിളിച്ചിരുന്ന പെയ്ഗൻ ജനതയും ഈ ജീവിതത്തിനപ്പുറത്തുള്ള ഒന്നിലും വിശ്സ്വസിച്ചിരുന്നില്ല. ഫൈലൊ (Philo) യെപ്പോലുള്ള 'ബുദ്ധിജീവികൾ' ശരീരമില്ലാതെയുള്ള, കൃത്യമായ നിർവചനമില്ലാത്ത ആത്മാവിന്റെ അനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നു. നവചിന്താനുകൂലികളായിരുന്ന പരീശർ (Pharisees) ഉൾപ്പെടെയുള്ള മറ്റു യഹൂദർ കരുതിയിരുന്നത്, ശരീരം നഷ്ടപ്പെട്ട ആത്മാക്കളെ ദൈവം എങ്ങനെയോ എവിടെയോ തല്ക്കാലത്തേയ്ക്ക്‌ കാത്തുസൂക്ഷിക്കുകയും തന്റേ രാജ്യം ഇവിടെ സ്ഥാപിതമാകുമ്പോൾ, വീണ്ടും പുതുതായ ശരീരം കൊടുത്ത് അവരെ പുതിയ ഒരു ജീവിതത്തിന് പര്യാപ്തരാക്കുകയും ചെയ്യുമെന്നാണ്. അത് ഈ പ്രപഞ്ചത്തിൽ, ഈ ഭൂമിയിൽത്തന്നെ, ആയിരിക്കുമെന്നും കരുതപ്പെട്ടു. ആദിമക്രിസ്ത്യാനികളും ഏതാണ്ടിങ്ങനെയാണ് വിശ്വസിച്ചിരുന്നത്. ഇന്ന് കത്തോലിക്കാദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ സഭ പഠിപ്പിക്കുന്നതുപോലെ, ഈലോകത്തിനപ്പുറത്തുള്ള ഒരിടത്ത് (സ്വർഗ്ഗത്തിൽ) വേറൊരു തരത്തിലുള്ള ജീവിതം അവരുടെ മനസ്സിൽ ഉണ്ടായിരുന്നേയില്ല. കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടിലാത്തതുമായ സൌഭാഗ്യമനുഭവിക്കാവുന്ന, രൂപാന്തരപ്പെട്ട ശരീരത്തോടെയുള്ള, ഒരസ്തിത്വത്തെപ്പറ്റി പോൾ പറയുന്നുണ്ട്. മറ്റു മൂന്ന് സുവിശേഷകരും യേശുവിന്റെ ഉത്ഥാനത്തെപ്പറ്റി വളരെ ചുരുക്കിയാണ് പറയുന്നതെങ്കിലും, പുനരുത്ഥാനമില്ലാതെ ഈ ജീവിതത്തിനോ യേശുവിലുള്ള വിശ്വാസത്തിനോ ഒരർത്ഥവുമില്ലെന്നുവരെ പറഞ്ഞുവച്ചത് ജോണും പോളുമാണ്. ഇപ്പോഴത്തേതുവച്ച് നോക്കുമ്പോൾ, പുതിയ ശരീരം, അമാനുഷികമെന്നു പറയാമെങ്കിലും, പഴയതിന്റെതന്നെ പുതിയ രൂപമായിട്ടാണ് ആദിമക്രിസ്ത്യാനികളുടെ ഭാവനയിൽ നിലകൊണ്ടത്. എന്നാൽ, ഹൈന്ദവഭാവനയിലെ ആവർത്തിതപുനർജ്ജന്മം പോലെയല്ല, മറിച്ച്, ഇനിയൊരിക്കലും നശിച്ചുപോവാത്ത ഒന്നായിരിക്കുമത്. ദൈവരാജ്യത്തിനായി കാത്തിരിക്കുകയും ദൈവവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും സംഭവിക്കുന്ന ഒരു രൂപാന്തരമായിരിക്കുമത് എന്നാണവർ മനസ്സിലാക്കിയത്. അതായത്, പുറംജാതിക്കാർ ചെയ്യുന്നതുപോലെ അധികാരം കൈയാളുന്നവർ ബാക്കിയുള്ളവരെ പീഡിപ്പിക്കുന്ന അവസ്ഥക്ക് ഉണ്ടാകാൻ പോകുന്ന സമൂലമായ സാമൂഹികവ്യതിയാനവും അങ്ങനെ ദൈവേഷ്ടത്തിന്റെ വിജയത്തിനുള്ള സാദ്ധ്യതയുമാണ് യേശുവിന്റെ പുനരുത്ഥാനംകൊണ്ട് ക്രിസ്ത്യാനികൾ മനസ്സിലാക്കിയത്. യേശു കാണിച്ചുതന്ന വഴിയേ വ്യക്തിതലത്തിലും സമൂഹമെന്നയർത്ഥത്തിലും നടക്കുക എന്നാൽ, മാനുഷികമായ സഹകരണംവഴി ഈ ലോകത്ത് ദൈവേഷ്ടം, ദൈവരാജ്യം, കൊണ്ടുവരിക എന്നാണ് അതുകൊണ്ട് അർത്ഥമാക്കിയത്. ചുറ്റും എതിരാളികൾ മാത്രമുണ്ടായിരുന്ന യേശുവിന്റെ അനുയായികൾക്ക് അതിനുള്ള തുടക്കമിടാൻ തന്റേടം നല്കിയത് മരണത്തിൽ നിന്നുള്ള അവിടുത്തെ ഉയിർപ്പാണ്. ആ വിജയം തങ്ങൾക്കും സാദ്ധ്യമാകും എന്ന ധൈര്യമാണ് അവർക്ക് മരണഭയത്തിൽ നിന്നുള്ള മോചനത്തിന് അടിസ്ഥാനമായി ഭവിച്ചത്. അന്നത്തെയും എന്നത്തെയും ചുറ്റുപാടുകളിൽ ഒരു റോമൻ സീസറിനോ മറ്റാരു സ്വേശ്ചാധിപതിക്കോ ഏറ്റവും അവസാനമായി മനുഷ്യരോടു ചെയ്യാവുന്നത് ഇപ്പോഴത്തെ ജീവന് ഹാനിവരുത്തുക എന്നതായിരുന്നു. എന്നാൽ, മരണത്തിനപ്പുറത്തും തങ്ങൾ വിജയം ആഘോഷിക്കുന്നവരുടെ കൂടെയായിരിക്കും എന്ന ആത്മവിശ്വാസമാണ് ഇത്രയധികം രക്തസാക്ഷികളെ ആദ്യസഭക്ക് സമ്മാനിച്ചത്‌. ആ വിശ്വാസം തന്നെയാണ് യെറൂസലെമിന് വെളിയിലും അന്യദേശങ്ങളിലും ചെന്ന് യേശുവിന്റെ സന്ദേശം പങ്കുവയ്ക്കാൻ തന്റെ അനുയായികളെ ശക്തരാക്കിയത്.  

കെയിംബ്രിഡ്ജ് യൂണിവേർസിറ്റിയിൽ പ്രൊഫസറായ ജോണ്‍ പോക്കിംഗ്ഹോണ്‍ (Polkinghorne) പറയുന്നത്, ഇന്നത്തെ മാനുഷകുലത്തെ ഒരു ഹാർഡ്വെയർ ആയി സങ്കല്പിച്ചാൽ, അതിൽ തന്റെ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ, ദൈവം പുതിയ ഒരു ഹാർഡ്വെയർ സൃഷ്ടിക്കുന്നതുപോലെയായിരിക്കും ദൈവരാജ്യസംഭവം എന്നാണ്. ഞങ്ങളെ നിന്റെ രാജ്യത്തേയ്ക്ക് കൊണ്ടുപോകണമേ എന്നല്ല, നിന്റെ രാജ്യം ഞങ്ങളുടെ ഇടയിൽ വരേണമേ എന്നു പ്രാർത്ഥിക്കാനാണ് യേശു  പഠിപ്പിച്ചത്. ഈ ഭൂമിയിൽ എല്ലാ തുറയിലും ദൈവേഷ്ടം നിറവേറണം എന്നാണ് അതിന്റെ പൊരുൾ. അങ്ങനെയെങ്കിൽ സ്വർഗ്ഗം എന്ന് കേൾക്കുമ്പോൾ ഇന്ന് നമുക്കുണ്ടാകുന്ന സങ്കല്പമല്ല, മറിച്ച്, നമ്മുടെ സഹകരണത്തിലൂടെ ഈ ഭൂമിയിൽതന്നെ സംഭവ്യമാകുന്ന ദൈവേഷ്ടം എന്നാണ് ആദ്യകാലങ്ങളിൽ ക്രിസ്ത്യാനികൾ മനസ്സിലാക്കിയിരുന്നത്. യേശുവിന്റെ കാഴ്ച്ചപ്പാടനുസരിച്ചുള്ള ജീവിതസംവിധാനങ്ങൾ പ്രാവർത്തികമാക്കുക എന്നുതന്നെയാണ് അതിനെ മനസ്സിലാക്കേണ്ടത്. അതിനുവേണ്ടിയാണ് അവർ കാത്തിരുന്നത്. പോപ്പ് ഫ്രാൻസിസും അദ്ദേഹത്തോടൊപ്പം ചിന്തിക്കുന്ന ഇന്നത്തെ നവീകരണപ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നതും വേറൊന്നുമല്ല. വ്യാജമായ അധികാര, പൌരോഹിത്യസംവിധാനങ്ങളെ സമൂലം ഉടച്ചുവാർത്ത്, ദൈവഹിതത്തിനുചേരുന്ന ഒരു സമൂഹമായി ആകമാന മനുഷ്യരാശി രൂപാന്തരപ്പെടണം എന്നതുതന്നെയാണ് ആ ലക്ഷ്യം. 

Tel. 9961544169 / 04822271922

5 comments:

  1. ഈസ്ടര് പ്രമാണിച്ച് നല്ലൊരു സന്ദേശം നല്‍കിയതിനു നന്ദി. ഒരു സമൂഹത്തെ മുഴുവന്‍ മാറാല പിടിച്ച കുറെ ചിന്തകളില്‍ ഉടക്കിയിടുന്നവര്‍ പിടിച്ചു നില്‍ക്കാന്‍ വളരെ പാട് പെടേണ്ടി വരും. താത്കാലിക നേട്ടത്തിന് വേണ്ടി അനേകം നിയമങ്ങളും ആചാരങ്ങളും പരിചയപ്പെടുത്തുകയും അനുഷ്ടാനങ്ങളെ നിര്വ്വചിക്കുകയും ചെയ്തു കൊണ്ടിരുന്നവര്‍ക്ക് വിമ്മിഷ്ടം ഉണ്ടാക്കുന്നവ തന്നെയാണ്, യേശു വചനങ്ങളില്‍ നിന്ന് എന്താണ് ഉദ്ദേശിച്ചതെന്ന് നാം കണ്ടെത്തുന്നത് തന്നെ. ഈ ജ്ഞാനികളെ ആഴത്തില്‍ പഠിക്കുന്നവര്‍ എന്നാണു പറയുന്നത്. ഒരു വശത്ത്‌ കൂടി നോക്കിയാല്‍ അത് ശരിയാണ് താനും. ഏതു പൊട്ടനും മനസ്സിലാകുന്ന രീതിയിലാണ് യേശു എല്ലാം പറഞ്ഞത്. അതിനപ്പുറത്തെക്ക് ഒരു ജ്ഞാനിയും കടക്കുകയുമില്ല. കിട്ടിയത് പോരാഞ്ഞിട്ട്, കിട്ടിയത് വിട്ടിട്ടു വീണ്ടും പരതുന്നവരെയാണ് ആഴത്തില്‍ കണ്ടെത്തുക. അവരുടെ കൈയ്യില്‍ ചപ്പും ചവറുമേ കാണൂ.
    ഈസ്ടര് ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ പോവുന്ന ലേഖനം യേശുവിന്‍റെ ജീവിതത്തെ പറ്റിയും ഉയര്‍പ്പിനെപ്പറ്റിയുമുള്ള ഒരു ഗവേഷണ ലേഖനം ആണെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പലരും പലതും കണ്ടെന്നിരിക്കും, കേട്ടെന്നിരിക്കും, ഇതിലൊന്നും പതറാതെ സഭക്ക് നില നില്‍ക്കണമെന്നുണ്ടെങ്കില്‍ പടച്ചു കൂട്ടിയ കഥകള്‍ മുഴുവന്‍ വിഴുങ്ങിയെ മതിയാവൂ. എങ്ങിനെ വിഴുങ്ങും? കത്തോലിക്കാ സഭയിലൂടെയല്ലാതെ രക്ഷയുണ്ടെന്ന് ആരോട് പറയും? കത്തോലിക്കാ സഭയിലെ പകുതി വിശുദ്ധര്‍ ഒന്നുകില്‍ ജീവിചിരുന്നില്ലെന്നോ, അല്ലെങ്കില്‍ ആ വിശേഷണത്തിനു അര്‍ഹരായിരുന്നില്ലെന്നോ എങ്ങിനെ പറയും? ചാവറ അച്ചനെയും എവുപ്രാസിയമ്മയെയും വിശുദ്ധരാക്കാന്‍ സ്വീകരിച്ച തെളിവുകള്‍ തീരെ അപര്യാപ്തമായിരുന്നു എന്ന് പറയാതെ വയ്യ. നാം ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ വളരെ വിശുദ്ധമായ ഒരു ജീവിതമായിരിക്കാം അവര്‍ നയിച്ചതെന്ന് കരുതിയാലും, ഈ രണ്ടത്ഭുതങ്ങളും അത്ഭുതങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍റെ കൈമുട്ടീല് ഒരു മുഴ ഉണ്ടായിരുന്നു, ഒരു ചെറു നാരങ്ങ വലിപ്പത്തില്‍. ഞാനത് ശ്രദ്ധിക്കാറുമില്ലായിരുന്നു, അതിനു വേണ്ടി ഒന്നും ചെയ്തത് മില്ല. ഏഴെട്ടു വര്‍ഷമായി അത് കാണാനേ ഇല്ല.
    മനുഷ്യ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അത്ഭുതകരമാണെന്നും, ഒരേ പനിയുള്ള രണ്ടു പേര്‍ക്ക് ഒരേ മരുന്ന് കൊടുത്താല്‍ ഒരേ രീതിയിലല്ല പ്രവൃത്തിക്കുന്നതെന്നും ആര്‍ക്കാണ് അറിയില്ലാത്തത്? ഹിപ്പോക്രിറ്റസ് അത് പറഞ്ഞുകൊണ്ടാണല്ലോ അദ്ദേഹത്തിന്‍റെ നിരീക്ഷണ ഫലങ്ങള്‍ പങ്കു വെയ്ച്ചത്.
    മുറിവിനു നാം വെയ്ക്കുന്ന മരുന്ന് തൊലിയായി മാറുന്നില്ല; പകരം അത് കരിയാന്‍ ശരീരത്തെ അത് ഉത്തേജിപ്പിക്കുക മാത്രമല്ലേ ചെയുന്നുള്ളൂ? ഭൂരിഭാഗം മരുന്നുകളും catalyst കളായെ പ്രവൃത്തിക്കുന്നുള്ളൂ. മെഡിക്കല്‍ സയന്‍സില്‍ പ്ലാസ്സബോ ഇഫെക്റ്റ് എന്നൊരു പരിണാമ പ്രക്രിയ ഉണ്ട്. അതിന്‍ പ്രകാരം, ഒരു മരുന്നിലോ ഒരു വൈദ്യനിലോ ഉള്ള ഉറച്ച വിശ്വാസം രോഗ ശാന്തിക്ക് കാരണമാകും എന്ന് പറയുന്നു. നാട്ടില്‍ ഉണ്ടായിരുന്ന ഒരു നാട്ടു വൈദ്യനെ ഞാന്‍ ഓര്‍ക്കുന്നു, ഉള്ള മരുന്ന് തീര്ന്നാല്‍ പാവക്കാ നീരില്‍ വെള്ളം ചേര്‍ത്ത് അദ്ദേഹം കൊടുത്തു വിടുമായിരുന്നത്രേ. ഒറിജിനല്‍ മരുന്നിനേക്കാള്‍ അത് ഫലം ചെയ്ത അവസരങ്ങള്‍ ധാരാളം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. രോഗം മനസ്സിലാണ് ഉണ്ടാവുന്നതെന്നാണ് പല ഹോളിസ്ടിക് ചികിത്സാ സമ്പ്രദായങ്ങളും പറയുന്നത്. ഈ രോഗശാന്തി കഥകള്‍ പറയാതെ അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ പറഞ്ഞ് അവരെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എത്ര നനായിരുന്നെനെ.
    ശ്രീരാമകൃഷ്ണ പരമഹംസര്‍ ഒരു കഥ പറഞ്ഞു. മാവിനെപ്പറ്റിയും മാമ്പഴത്തെ പ്പറ്റിയും പഠിക്കാന്‍ കുറെ ഗവേഷണ വിദ്യാര്‍ഥികള്‍ ഒരു മാന്തോപ്പില്‍ എത്തി. നിറയെ മാമ്പഴങ്ങളുണ്ടായിരുന്നു തോട്ടത്തില്‍. അവര്‍ തായ്‌ മുതല്‍ പഠനം തുടങ്ങി. മാമ്പഴത്തെ പ്പറ്റി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സീസന്‍ കഴിഞ്ഞിരുന്നു. ഇപ്പറഞ്ഞത്‌ പോലെയാണ് നമ്മുടെ കാര്യവും. രേസ്സാ അസ്ലാന്‍ 'Jesus the Zealot' എന്നൊരു പുസ്തകം എഴുതി; ചരിത്രത്തിലെ യേശുവിനെ പറ്റി. വി. പൌലോസ് ഒരു പാടെഴുതി, പീഡാനുഭവം മുതലുള്ള യേശുവിനെപ്പറ്റി. ആരും കേള്‍ക്കാതെ പോകുന്നു ഇതിനിടയിലുള്ള യേശു എന്ന മഹാഗുരു പറഞ്ഞ വാക്കുകള്‍. എല്ലാത്തിനും മേമ്പൊടി ആയി മാത്രമേ നാം വചനങ്ങള്‍ ഉപയോഗിക്കാരുമുള്ളൂ. അല്ലെങ്കില്‍ പീഡാനുഭാവത്തിനു മുമ്പ് യേശു പറഞ്ഞ കാര്യങ്ങള്‍ എങ്കിലും നാം അനുസരിക്ക്മായിരുന്നു. മരിക്കാന്‍ പോകുന്ന ഒരു വ്യക്തി പറഞ്ഞതാണിത്, അപ്പോഴാണല്ലോ ഏറ്റവും പ്രധാന സന്ദേശം നല്‍കപ്പെടുന്നത്. യേശു പറഞ്ഞു,
    "A new command I give you: Love one another. As I have loved you, so you must love one another." ഈ കല്‍പ്പന അല്ല നാം അനുസരിക്കുന്നതെങ്കില്‍ നാം ഇവിടെ നിന്ന് ഓടിയോളിക്കുക. ഒന്നോര്‍ക്കുക വചനങ്ങളുടെ ആഴത്തില്‍ അവയുടെ നിഴല്‍ മാത്രമേ കാണൂ. നിഴലിന്റെ പ്രത്യേകത അത് വെളിച്ചത്തിന്റെ അഭാവത്തെ യാണ് സൂചിപ്പിക്കുന്നതെന്നാണ്.

    ReplyDelete
  2. Fr. Jacob Peenikaparambil CMI National Convener and Sr. Manju Kulapuram SCSC, National Secretary, Forum of Religious for Justice and Peace (FORUM)
    Easter 2014 have sent this loving Easter greeting to all readers.

    Dear Friends, Wish you all the joy of Easter!
    Easter reminds us that truth cannot be suppressed forever and it will triumph one day or the other. Easter gives hope to all those who struggle for truth and justice. Let us continue our struggle for justice and truth in spite of the temporary setbacks.

    Let the power and the presence of risen Jesus be with all those who struggle for truth all over the world! Jesus, who was limited to a small geographical area while he was alive, transcended the narrow geographical boundaries and became universal after the resurrection.

    Easter invites us to transcend our narrow identities of religion, caste, region, language … and become more inclusive and universal.

    Easter also calls us to undergo a revolutionary change in our attitude, vision and relationship as envisioned in the prayer Jesus has taught us.

    ReplyDelete
  3. അക്ഷന്തവ്യമായ മൗനം

    ധാരാളം ചിന്താവിഷയങ്ങൾ ഇതിനകം വ്യക്തികളിൽ നിന്നും നവീകരണമാഗ്രഹിക്കുന്ന വിശ്വാസികളുടെ ഗ്രൂപ്പുകളിൽ നിന്നും നമ്മുടെ മെത്രാന്മാരുടെ എഴുത്തുപെട്ടികളിൽ ചെന്നെത്തിയിട്ടുണ്ട്. അക്ഷന്തവ്യവും ക്രൂരവുമായ മൌനമാണ് ഇതുവരെ അവരിൽനിന്നുള്ള പ്രതികരണം. ഈ ഈസ്റ്ററിനെങ്കിലും അവർക്ക് തനതായോ കൂട്ടായ്മയായോ ഒരു പ്രതികരണം ബന്ധപ്പെട്ടവരിൽ ആരുടെയെങ്കിലും പേരിൽ അയക്കാമായിരുന്നു. അതവർ ചെയ്യുന്നില്ലെന്നതുകൊണ്ട്, ഒരു താക്കീതായി ഏതാനും വരികൾകൂടെ നിർഭയം ഇവിടെ കുറിക്കുകയാണ്. അതൃപ്തിയുടെ ചുവയുണ്ടാകാതെ ഒരൊറ്റ പരിഷ്കരണം പോലും ഒരിടത്തും സാധിച്ചിട്ടില്ലെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. അവരുടെ മൌനംവഴി സീറോ മലബാർ മെത്രാന്മാരും cbci യും വിശ്വാസികളുടെ സ്വതന്ത്രവ്യാപാരത്തിൽ കൈകടത്തുകയാണ് എന്നവർ മനസ്സിലാക്കേണ്ടതുണ്ട്. സഭയുടെ നടത്തിപ്പിലെ ഇന്നത്തെ സമ്പ്രദായത്തിനു കുറവുകളുണ്ടോ, അവയ്ക്ക് മാറ്റം ആവശ്യമാണോ എന്ന കാര്യങ്ങൾ സഭയുടെ ഒരു ചെറിയ വിഭാഗം മാത്രമായ മെത്രാൻ സിനഡല്ല, വിശ്വാസികളുടെ കൂട്ടായ്മയാണ് തീരുമാനിക്കേണ്ടത്. യേശുവിന്റെ മനസ്സിൻപ്രകാരം നേതൃത്വജോലിയിലേർപ്പെട്ടിരിക്കുന്നവർ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷകരായിരിക്കണം, അന്തകരാകരുത്. അവരെക്കുറിച്ചുള്ള വിമർശനങ്ങളിൽ അവർ വികാരക്ഷുപ്തരും ആകരുത്. ചെവിയുള്ളവർ കേൾക്കട്ടെ!

    Tel. 9961544169 / 04822271922

    ReplyDelete
    Replies
    1. മെത്രാന്മാരുടെ മൌനം ധാര്ഷ്ട്യത്തിന്റെയല്ല, ഭീരുക്കളുടെ മൌനമാണ്. തങ്ങളുടെ കാലിനടിയെലെ മണ്ണ് നീങ്ങിപ്പോകുന്നത് അവർ അറിയുന്നുണ്ട്. അത് നീങ്ങിനീങ്ങി അവരുടെതന്നെ കുഴിമാടമായിത്തീരുമെന്നും അവർ ഭയപ്പെടുന്നു. അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്, കാത്തിരിക്കുകയേ വേണ്ടൂ. ഫലം തരാത്തതൊക്കെ വെട്ടി തീയിലിടുക എന്ന് നാഥൻ പറഞ്ഞിട്ടുണ്ട് എന്നിവർ വായിച്ചിട്ടുണ്ടോ ആവോ?

      Delete
  4. സെമറ്റിക്ക് മതങ്ങളും ഭൌതികവാദികളും യോജിക്കാത്തൊരിടമാണ് ഉയ്രിർപ്പെന്നുള്ളത്. ഉയിർപ്പിനെപ്പറ്റി ബൈബിൾ പറഞ്ഞു, ഖുറാൻ പറഞ്ഞുവെന്നൊക്കെ മതവാദികൾ സ്ഥാപിക്കുമെന്നല്ലാതെ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കില്ല. ഓരോ വചനങ്ങളെയും സമഗ്രമായി പഠിച്ച് അതിന്റെയർഥം മനസിലാക്കണമെന്ന വാദവും ചിന്തിക്കുക അസാധ്യമാണ്. അങ്ങനെയെങ്കിൽ നിരക്ഷരനായ ഒരാളോട് ഈ വേദമൂതിയാൽ അയാൾക്കെങ്ങനെ ദഹിക്കും. യേശുവിനെ എങ്ങനെ കണ്ടെത്തും. എനിക്കിഷ്ടം മനുഷ്യനായ യേശുവിനെയാണ്. അത്ഭുതം കാണിക്കുന്ന മന്ത്രവാദിയെയല്ല. പ്രകൃതി വിരുദ്ധമായ അത്ഭുതം കാണിച്ച് യേശു സ്വന്തം ശരീരത്തിൽ ഉയർത്തെങ്കിൽ ഗുരുവന്ന് മരിച്ചുകാണില്ല.


    ചിന്തിക്കാത്തവർക്ക് ഉയർപ്പൊരാശ്വാസമായിരിക്കാം. ലോക ജീവിതത്തിൽക്കൂടി അന്തിമ ദിനത്തിൽ അവർക്കൊരു പ്രത്യാശയും ഉണർവുമുണ്ടാക്കുന്നു. ഞാനിതു പറയുമ്പോൾ അത്ഭുതം വിശ്വസിക്കുന്ന ഉയർപ്പുവാദികൾ എന്നെ മഠയനാക്കും. മനുഷ്യന്റെ ഭൂമിയിലെ കഷ്ടപ്പാടുകൾ അറുതിവരുത്താൻ അവനവിടെയൊരു വിരാമമിടുകയാണ്. ചിന്തിക്കുകയാണ്. ഭാവിയിലെ അന്ത്യമെന്തെന്ന ജിജ്ഞാസ ഉയർപ്പെന്ന മഹനീയ തത്ത്വത്തിൽക്കൂടി പ്രകടമാക്കുന്നുവെന്ന് മാത്രം. ലോകത്തിലെ കഷ്ട പ്പാടുകൾ എന്നവസാനിക്കുമെന്ന മനുഷ്യന്റെ ചിന്തകളും ഉയർപ്പിലുണ്ട്. ജീവിത ലക്ഷ്യങ്ങളിലെ പരമാനന്ദവും ഉയർപ്പിൽ ലയിച്ചിരിക്കുന്നു. ഭൂമിയിലെ മണ്ണായി പോവുന്ന മനുഷ്യൻ വിധിനാളിൽ അതേ രൂപത്തിൽ രൂപാന്തരം പ്രാപിക്കുമെന്ന് മതം പറയുന്നു. മണ്ണായി തീരുന്ന മനുഷ്യന് സൃഷ്ടിച്ച ദൈവം തന്നെ സർവതും മടക്കി തരുമെന്നും പറയുന്നു. അതേസമയം ഭൌതിക വാദികൾ മരണത്തോടെ അവന്റെ മുമ്പിലുളള ലോകവും അവസാനിക്കുമെന്ന് പറയുന്നു. ഈ ചിന്ത അപകടമായി പുരോഹിതർ കാണുന്നു. അതും തെളിയിക്കാൻ ഭൌതിക വാദികൾക്ക് സാധ്യമല്ലെന്നും മതം വാദിക്കും.

    ReplyDelete