Translate

Sunday, July 13, 2014

“എങ്ങിനുണ്ടാരുന്നു?”

പതിമൂന്നു വര്ഷങ്ങള്ക്കു മുമ്പ് ഇതുപോലൊരു ജൂലൈയിലാണ് വികാരി അച്ചന്മാരെ ഞാന്‍ ആദ്യമായി ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നത്. നിസ്സാരമായ ഒരു കാരണം ആണെന്ന് എല്ലാരും പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. കല്യാണം കഴിഞ്ഞ് രണ്ടാമത് തവണ ഭാര്യ വീട്ടില്‍ പോയ അവസരത്തില്‍ ഞങ്ങള്‍ ഒരച്ചനെ കാണാന്‍ പോയി, അല്പ്പം അകലെ. ഈ അച്ചന്‍ ഭാര്യയുടെ അടുത്ത ഒരു ബന്ധുവും അവളെ മാമ്മോദിസാ മുക്കിയ മഹാനുമാണ്. ഇന്നും കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു ദിവ്യനായി അദ്ദേഹം വിരാജിക്കുന്നതുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല. ഞായറാഴ്ച അല്ലെ, ആ പള്ളിയില്‍ തന്നെ പോയി കുര്ബാനയും കൂടി അച്ചനെയും കണ്ട് മടങ്ങാമെന്നും കരുതി വെളുപ്പിനെ ചാറ്റമഴയത്തു വണ്ടിയും ഓടിച്ചു പള്ളിയില്‍ സമയത്ത് തന്നെ ചെന്നു. ഒരു മുക്കാല്‍ മണിക്കൂര്‍ നീണ്ടു, അന്നത്തെ അദ്ദേഹത്തിന്‍റെ പ്രസംഗം.
പല പള്ളി പ്രസംഗങ്ങളും കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഇതിനോട് കിടപിടിക്കുന്ന ഒന്ന് കേള്ക്കാന്‍ സാധിച്ചിട്ടില്ല. യേശു ശിക്ഷ്യരോട് വിവേകത്തോടെ പെരുമാറാന്‍ പറഞ്ഞ ഭാഗമായിരുന്നു അദ്ദേഹത്തിന്‍റെ  അന്നത്തെ വിഷയം. വിവേകത്തിന് അദ്ദേഹം പറഞ്ഞ ഉദാഹരണം ഒന്ന്: വെറൊരുത്തനുമായുണ്ടാകുന്ന തര്ക്കം  വാശിയോടെ എടുത്തു കേസും പൊല്ലാപ്പും ഉണ്ടാക്കാതെ രമ്യതയിലാക്കുക (അച്ചന്മാര്‍ പറയുന്നതെല്ലാം വിമര്ശി്ക്കാതെ കേട്ട് അടങ്ങിയൊതുങ്ങി ഇരിക്കുന്നതും വിവേകത്തിന്‍റെ തെളിവ്). സഭയും സര്ക്കാരുമായുള്ള പ്രശ്നങ്ങളൊക്കെ രമ്യമായി പരിഹരിക്കപ്പെടുന്നതിന്‍റെ കാരണം ഈ വിവേകമാണെന്ന് മനസ്സിലായി.  യേശു എത്ര വിവേകത്തോടെയാണ് സീസറിനുള്ളത് കൊടുത്തു വിട്ടു പ്രശ്നം ഒതുക്കിയതെന്ന് ഓര്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഗദ്സമന്‍ തോട്ടത്തില്‍ വെച്ച് പടയാളികള്‍ പിടിക്കാന്‍ വന്നപ്പോഴും, പീലാത്തോസിന്‍റെ മുമ്പില്‍ എത്തിയപ്പോഴും ഒക്കെ യേശുവിനു വിവേകം ഉണ്ടായിരുന്നില്ലെന്ന് വരെ അങ്ങേര് പറയുമോന്ന് ഞാന്‍ ഓര്ക്കാതിരുന്നില്ല. ഉദാഹരണം രണ്ട്: മക്കള്‍ വഴി തെറ്റി പോകുന്ന അവസരങ്ങളില്‍ വളരെ വിനയത്തോടെ അവരെ ഉപദേശിച്ചു കൊണ്ടിരിക്കുക, പള്ളി നടത്തുന്ന സെമ്മിനാറുകളില്‍ അവരെ പങ്കെടുപ്പിക്കുക. പഷ്ട്, ഇതിനെ എട്ടിന്‍റെ പണി എന്ന് വിളിച്ചാല്‍ പോരല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ശശി മേസ്ത്രിക്ക് പട്ടം കൊടുത്താല്‍ ഇതിലും നന്നായി പ്രസംഗിച്ചേനെ.
ഇടുക്കിക്കാരായിരുന്നു ഇന്ന് വിവേകത്തെപ്പറ്റി സംസാരിക്കുന്നതെങ്കില്‍ പകല്‍ പകുതി ഇടതുപക്ഷത്തും പകുതി അരമന പക്ഷത്തും ചരിക്കുന്ന ഏതെങ്കിലും MLA മാരുടെയോ MP മാരുടെയോ വിവേകത്തെപ്പറ്റി സംസാരിക്കുമായിരുന്നിരിക്കണം. പ്രസംഗം തുടര്‍ന്നു, അത് പിന്നീട് ദൈവമഹത്വത്തെപ്പറ്റിയായി. ഭൂമിയില്‍ ദൈവനാമം മഹാത്വപ്പെടുത്തണം എന്ന് യേശു ശിക്ഷ്യന്മാരോട് പറഞ്ഞുവത്രേ. അച്ചന്‍ പറഞ്ഞത് നാം ഭൂമിയില്‍ ചെയ്യുന്നതെല്ലാം ദൈവത്തെ മഹാത്വപ്പെടുത്തുന്നതായാല്‍ മതി എന്നാണ്. അതിന്‍റെ ക്ലിക്ക് പള്ളിയില്‍ നിന്നിറങ്ങിയപ്പോഴാണ് മനസ്സിലായത്‌. പള്ളി വക സ്ഥാപനങ്ങള്‍ക്ക് യെരൂസലേം, കാനാ, ഗാഗുല്‍ത്താ, സെ. ജോസഫ്സ് ഇങ്ങിനെ ദൈവ നാമത്തെ മഹാത്വപ്പെടുത്തുന്ന  പേരുകള്‍ കൊടുക്കുന്നതിന്‍റെ രഹസ്യം അന്ന് മനസ്സിലായി. ദൈവേഷ്ടം ഭൂമിയില്‍ നടപ്പാക്കുന്നവന്‍ ഓള്‍ ഔട്ട്‌! മാര്‍ കല്ലറങ്ങാട്ടിനും മുമ്പ് ഇവിടെ ദൈവശാസ്ത്രജ്ഞന്മാര്‍ ഉണ്ടായിരുന്നുവെന്നു പാലാക്കാര്‍ സദയം മനസ്സിലാക്കുക. റോമില്‍ ‘കുടുംബ’ സമ്മേളനം നടക്കുമ്പോള്‍ കൊണ്ടുപോകാന്‍ കുടുംബത്തെ സംബന്ധിച്ച സര്‍വ്വമാന കാര്യങ്ങളും ഉള്‍പ്പെടുത്തി ബിഷപ്പുമാര്‍ എല്ലാം കൂടി ചേര്‍ന്നിരുന്ന് ഒരു രേഖ ഉണ്ടാക്കിയ കാര്യം പാലാക്കാര്‍ ശ്രദ്ധിച്ചോ എന്തോ? സമ്മതിച്ചു കൊടുക്കണം ഇവരുടെ തൊലിക്കട്ടി. ഇതില്‍ പ്രസവവേദന എങ്ങിനെയിരിക്കും അത് എത്ര സമയം എടുക്കും, കൊച്ചിനെ കുളിപ്പിക്കുന്നതെങ്ങിനെ തുടങ്ങിയ കാര്യങ്ങള്‍ക്കൂടി ഉള്പ്പെടുത്താതിരുന്നാല്‍ മതിയായിരുന്നു. കുടുംബത്ത് വിളക്ക് വെയ്ക്കുന്നത് മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സുറിയാനിക്കാരും, പകലത്തെ കാര്യം ലത്തിന്‍കാരും പറയണമെന്നു മാര്‍പ്പാപ്പാ വല്ല നിര്‍ദ്ദേശവും വെച്ചിട്ടുണ്ടോ എന്ന് അറിയില്ല.
അന്നാണ് ഞാന്‍ കത്തോലിക്കാ പുരോഹിതരെ ആദ്യമായി ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയത്. ഇതെല്ലാം കഴിഞ്ഞ് പള്ളിമുറിയില്‍ ഇരിക്കുമ്പോള്‍ അച്ചന്‍ ഇങ്ങോട്ട് ചോദിച്ചു, “എങ്ങിനുണ്ടായിരുന്നു ഇന്നത്തെ പ്രസംഗം?” ഞാന്‍ ഒന്ന് ചിരിച്ചതേയുള്ളൂ. മടങ്ങുന്ന വഴി ഞാന്‍ ഭാര്യയോടു ചോദിച്ചു, ഇതേ ചോദ്യം. “എങ്ങിനുണ്ടാരുന്നു?”  


4 comments:

  1. നമ്മുടെ അച്ചന്മാരുടെ പള്ളി പ്രസംഗം ‘വായിക്കു തോന്നിയത് കോതയ്ക്ക് പാട്ട്' എന്നപോലെയാണ്. അതിന് പല കാരണങ്ങൾ ഉണ്ട്:
    മതപ്രസംഗം അഥവാ ഞായറാഴ്ച പ്രസംഗം ഒരു കലയാണ്. അതൊരു ദൈവദാനമാണ്. എല്ലാ വൈദികർക്കും ആ വരം ഇല്ല. അത് ഉള്ളവരും പലപ്പോഴും പ്രസംഗം ഒരുങ്ങാറില്ല. അതുകൊണ്ട് ബോറൻ പ്രസംഗം വലിച്ചുനീട്ടി പറയും.
    ചില വൈദികർക്ക് പള്ളിപ്രസംഗങ്ങളിൽ കഥ പറയാനാണിഷ്ടം. മറ്റുചിലർക്ക് സ്വന്തം കാര്യമാണ് വിഷയം. പിന്നെങ്ങനെ പ്രസംഗം ബോറാകാതിരിക്കും?
    ദിവ്യബലി സമയത്തെ പ്രസംഗം ദൈവത്തിനായി മാറ്റിവെച്ച സമയമാണ്. അന്നു വായിച്ച ദൈവവചനത്തെപ്പറ്റി വിശ്വാസികളെ പഠിപ്പിക്കാനുള്ള സമയമാണത്. അച്ചനിഷ്ടമില്ലാത്ത ഇടവകക്കാരെ "പേപ്പട്ടികൾ" എന്നുവിളിച്ച് അധിക്ഷേപിക്കാനുള്ള സമയമല്ലത്.
    നന്നായി ഒരുങ്ങി പ്രസംഗിക്കുന്ന വൈദികരും ഉണ്ട്. പക്ഷെ അവരുടെ അഹങ്കാര ചിന്തകാരണം കടലാസിൽ കുറിച്ചുവെച്ചെങ്കിലും അത് പുറത്തെടുക്കില്ല. അതുകൊണ്ട് പ്രസംഗിക്കുമ്പോൾ ആശയങ്ങൾ നഷ്ടപ്പെട്ടുപോകുന്നു. അവസാനം പ്രസംഗം അവ്യൽപോലെയിരിക്കും. അതും ബോറൻ പ്രസംഗം.
    പിന്നെ ആധ്യാന്മീക ദാരിദ്ര്യത്തിൽ കഴിയുന്ന വൈദികരുണ്ട്. അവരുടെ ജീവിതംതന്നെ അവതാളത്തിലാണ്. അവർക്കെങ്ങനെ നന്നായിട്ട് ദൈവവചനം പ്രസംഗിക്കാൻ കഴിയും?
    ചില വൈദികർക്ക് ദൈവവചനത്തിൽ വിശ്വാസമില്ല. പള്ളികൃഷിയിലാണ് താല്പ്പര്യം. അത്തരം മരാമത്തച്ചന്മാർക്ക് പുസ്തകപാരായണമേ ഇല്ല. അവരും നല്ല ഒരു പള്ളിപ്രസംഗം നടത്തുകയില്ല.
    പിന്നെ പരദേശി വൈദികർ യൂറോപ്പിലും അമേരിക്കയിലും പോയി അവരുടെ ഭാഷയിൽ പ്രസംഗിക്കും. പള്ളീലിരിക്കുന്ന സായിപ്പിന് ഒന്നും തിരിയുകയുമില്ല. പള്ളീലായതിനാൽ അച്ചനെ ആരും കൂവി ഇറക്കി വിടുകയില്ല.
    ഫ്രാൻസിസ് പാപ്പ വൈദികരെ ഉപദേശിച്ചത് “boring homilies" നടത്തി വിശ്വാസികളെ ഉപദ്രവിക്കരുതെന്നാണ്. എട്ടു മിനിറ്റിൽ കൂടിയ ഹോമിലീസ് പാടില്ലെന്നാണ് വത്തിക്കാൻറെ നിർദേശം. ഇതൊക്കെ ആരു കേൾക്കാൻ.

    യേശുവിൻറെ വചനം ദൈവമക്കൽക്ക് കൊടുക്കണമെങ്കിൽ അത് സൂക്ഷിക്കുന്ന വൈദിക അക്ഷയപാത്രങ്ങൾ വേണം. അതിൻറെ അഭാ വം കൊണ്ടാണ് ബോറിഗ് ഹോമിലികളും വരണ്ടുണങ്ങിയ സഭയും.

    ReplyDelete
  2. എന്റെ യൗവനകാലത്ത് അടിവാരം ഇടവകയിലെ വികാരിയച്ചൻ കൂടിവന്നാൽ അഞ്ചുമിനിട്ട് പ്രസംഗിക്കുമായിരുന്നു. ബിഷപ്പിന്റെ മടയലേഖനം ഉറക്കെ വായിക്കില്ല, നോട്ടീസ് ബോർഡിൽ ഇട്ടിട്ട് ആവശ്യക്കാർ വായിച്ചോളൂ എന്ന് പറയുമായിരുന്നു. എന്നാൽ ഇടവകക്കാര്ക്കെല്ലാം അച്ചനോട് ബഹുമാനവും സ്നേഹവുമായിരുന്നു. പുരോഗനമചിന്താഗതിയുള്ള പുസ്തകങ്ങൾ കൊടുത്ത് യുവജനത്തെ വഴിതെറ്റിക്കുന്നു എന്ന - അക്കൂടെ തിരുമേനിക്ക് രുചിക്കാത്ത മറ്റു ചിലതും - കാരണം പറഞ്ഞ് അദ്ദേഹത്തിന് കുര്ബാനചൊല്ലൽ വിലക്കി, ഇടവകയിൽനിന്ന് മെത്രാൻ ഓടിച്ചു. മെത്രാൻ തെറ്റുകാരൻ എന്ന് റോമായിൽ നിന്ന് ഉത്തരവ് വന്നു. വിലക്കിയതൊക്കെ തിരിച്ചുകൊടുത്തിട്ടും ആ വികാരിയച്ചൻ തന്റെ ഇഷ്ടത്തിനുള്ള സാമൂഹിക സേവനങ്ങളുമായി പുറത്തു കഴിഞ്ഞതേ യുള്ളൂ. അദ്ദേഹത്തെ പ്പോലുള്ളവരാണ് ധൈര്യശാലികൾ.

    ReplyDelete
  3. കുറെ വർഷങ്ങൾക്കുമുൻപ് എൻറെ ബന്ധത്തിൽപ്പെട്ട ഒരു ശെമാശെൻറെ പട്ടസ്വീകരണ ശുശ്രൂഷയിൽ പങ്കെടുക്കുകയുണ്ടായി. ഒരു മെത്രാപ്പോലീത്തയാണ് പട്ടം നല്കിയത്. പട്ടം എന്ന കൂദാശയുടെയും വൈദികാന്തസിൻറെയും മഹത്വത്തെസംബന്ധിച്ചായിരുന്നു അദ്ദേഹത്തിൻറെ അന്നത്തെ പള്ളിപ്രസംഗം. പ്രസംഗം മൂത്തുവന്നപ്പോൾ പള്ളിയിലിരിക്കുന്ന ആടുകളോട് അദ്ദേഹം ചോദിക്കുകയാണ്: " ഈ ഇന്ത്യൻ പ്രസിഡൻറ് എന്നു പറഞ്ഞാൽ ആരാണ്? ഇന്ത്യൻ പ്രധാനമന്ത്രി എന്നു പറഞ്ഞാൽ ആരാണ്? ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി എന്നു പറഞ്ഞാൽ ആരാണ്? അവരൊന്നും ആരുമല്ല. എന്നാൽ ഒരു പുരോഹിതന് നിങ്ങളുടെ പാപങ്ങളെ കെട്ടാനും അഴിക്കാനുമുള്ള അധികാരമുണ്ട്. അടുത്തിരുന്ന എൻറെ ബന്ധുവായ ഒരു ചെറുപ്പക്കാരൻ എൻറെ കുണ്ടിയിൽ തോണ്ടിയിട്ട് ചെവിയിൽ പതുക്കെ പറഞ്ഞു: "സുപ്രീം കോടതി ജഡ്ജിക്ക് ഒരാളെ തൂക്കിക്കൊല്ലാൻ വിധിക്കാനും അധികാരമുണ്ട്". ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു. മെത്രാപ്പോലീത്ത ആളൊട്ടും മോശക്കാരനായിരുന്നില്ല. അവസാനത്തെ ആശീർവാദത്തിനുമുൻപ് കൊച്ചച്ചെൻറെ അപ്പനേയും അമ്മയേയും അൽത്താരയിങ്കലേയ്ക്ക് വിളിച്ചുവരുത്തി മെത്രാപ്പോലീത്തയുടെയും കൊച്ചച്ചെൻറെയും അപ്പുറെയും ഇപ്പുറെയും നിർത്തി കുറെ ഫോട്ടോകൾ എടുത്തു. എന്നിട്ടദ്ധേഹം പറയുകയാണ്: " ഇന്ന് ഈ മാതാപിതാക്കൾക്ക് എൻറെകൂടെനിന്ന് ഫോട്ടോ എടുക്കാനുള്ള ഭാഗ്യം ഉണ്ടായി. അതുപോലെ നിങ്ങൾക്കും എൻറെകൂടെനിന്ന് ഫോട്ടോ എടുക്കാനുള്ള ഭാഗ്യം ഉണ്ടാകണമെങ്കിൽ നിങ്ങളുടെ മക്കളേയും വൈദികവൃത്തിക്ക് വിടണം. ഇത്രയും ശുംഭന്മാരായ മെത്രാന്മാർ നമുക്കുണ്ടെന്നുള്ളത് ലജ്ജാകരമല്ലേ? ബുദ്ധിജീവികളായ ഒരെണ്ണത്തിനെ ഇവരുടെ ഇടയിൽ മഷിയിട്ടുനോക്കിയാൽപോലും കിട്ടുമോ? സെമിനാരി പഠനം കഴിഞ്ഞിട്ട് നമ്മുടെ ഇടവക വികാരിമാരും മെത്രാന്മാരും ഒരു പുസ്തകം മുഴുവൻ വായിച്ചിട്ടുണ്ടോ? അവരുടെ പണി പള്ളിഭരണമാണ്.

    ReplyDelete
  4. മാറ്റമില്ലാത്തത് ഇന്നൊന്നുമാത്രമാണു "പുരോഹിതമതങ്ങൾ"! ഒരു സഭയിലും "നവീകരണം" ഒരിക്കലും ഇവിടെ നടപ്പില്ല . "എക്യൂമിനിസവും" എന്നും വാക്കുകളിൽ മാത്രം ഒതുങ്ങുന്ന വേറൊരു അതിമോഹം ! ആദാമ്യർ ഇന്ന് ആകാശമാകെ കീഴടക്കാനുള്ള പാഴ്ശ്രമാത്തിലാണ് . എന്നാൽ അവന്റെ ഹൃദയാകാശം വിവരദോഷിക്കത്തനാർ തലമുറകളായി കീഴ്പ്പെടുത്തി കാൽക്കീഴിലാക്കിയിരിക്കുന്നു ! ചന്ദ്രനിൽ കൊടിനാട്ടിയ മഹാനും കുമ്പസാരക്കൂട്ടിൽ പാപമോചനത്തിനായി മഹാപാപിയായ പാതിരിയോടു യാചിക്കുന്നു! പുരോഹിതർ "അവരുടെ രാജ്യം" ഭൂമിയിൽ സ്ഥിരപ്പെടുത്താൻ എഴുതിക്കൂട്ടിയ വാചകങ്ങളുടെ അടിസ്ഥാനത്തിൽ, തലമുറകൾ ആടുകളായി സ്വയം പ്രഖ്യാപിച്ചു തലതാഴ്ത്തി പള്ളിയിൽ നിൽക്കുമ്പോൾ "സ്വസാത്രിശ്യത്തിൽ മെനഞ്ഞ മനുഷ്യൻ ഇങ്ങിനെ തരംതാണുപോയല്ലൊ" എന്ന് ആദാമിനെ മെനഞ്ഞ യഹോവാ ഉള്ളിൽ വിലപിക്കുന്നു ! "അവനവന്റെ കർമങ്ങൾക്ക് തക്കതായ കൂലി അവസാന ന്യായവിധിയിൽ നല്കാൻ കര്ത്താവ് വീണ്ടും വരും " എന്ന് കത്തനാരുതന്നെ പള്ളിയിൽ എന്നും കുർബാനച്ചൊല്ലലിൽ പറയുമ്പോൾ ,പാപമോചനം /കുമ്പസാരം ഒക്കെ വെറും കത്തനാരുടെ കാസര്ത്തായി മാറുന്നില്ലേ ? ചിന്തിക്കൂ ക്രിസ്ത്യാനീ ചിന്തിക്കൂ ....

    ReplyDelete