ബാര്‍ കോഴ: രസീതു കൊടുത്ത് കൈക്കൂലി വാങ്ങുമോ മാര്‍ കൂറിലോസ്
കോട്ടയം: ബാര്‍ കോഴ സംബന്ധിച്ച എല്ലാ കാര്യങ്ങളും കൊച്ചുകുട്ടികള്‍ക്ക് പോലും വ്യക്തമായിട്ടും ഇക്കാര്യത്തില്‍ ഇനിയും കേരള സമൂഹത്തിന് തെളിവു വേണോയെന്ന് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ചോദിച്ചു. നാണം ഇല്ലാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. രസീത് കൊടുത്ത് ആരെങ്കിലും കൈക്കൂലി വാങ്ങുമോയെന്ന് ഇനിയും തെളിവ് ചോദിക്കുന്നവര്‍ ഓര്‍ക്കണം. സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൂറിലോസ്.
ഓട്ടോറിക്ഷകള്‍ പോലെ ധാരാളം ബിഷപ്പുമാരുണ്ട്. രണ്ടിനും കേരളത്തില്‍ പഞ്ഞമില്ല. സഭകള്‍ തിന്മകള്‍ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിക്കണം. നമ്മളുടെ ആളെ തൊട്ടാല്‍ ലേഖനം എഴുതുന്ന സ്ഥിതിയാണിപ്പോള്‍. ബാര്‍ കോഴയെക്കുറിച്ചുള്ള ശബ്ദരേഖയിലൂടെ കാര്യങ്ങള്‍ വ്യക്തമാണ്. ബാര്‍ പൂട്ടിയതു തന്നെ കാശുമേടിച്ച് തുറക്കാനാണ്്. ഫലത്തില്‍ "ബാര്‍ വാപ്പസി'യാണ് നടക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പണം വാങ്ങിയവരുടെ പട്ടികയെക്കുറിച്ച് തന്നെ പറയുന്നു. ഭരണം കയ്യാളുന്നവര്‍ക്ക് ഇതൊക്കെ ഇല്ലാതാക്കാനും പറ്റുമെന്ന് സമൂഹം ഭയക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികള്‍ യഥാര്‍ഥ പ്രതിപക്ഷമാകണം.
യേശുക്രിസ്തുവിനും ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും എല്ലാത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പണത്തിന്റ ആധിപത്യവും ആര്‍ത്തിയും വലിയ തിന്മയായി. പുതിയ ദൈവമായി പണം വരുന്നു. പണത്തെ ആരാധിക്കുന്ന നിലയിലേക്ക് ക്രിസ്ത്യാനിയും മാറി. അതായത് ക്രിസ്തുവിനു പകരം മാമോനെ ആരാധിക്കുന്നു. സഭകളെയും അഴിമതി ബാധിക്കുന്നു. സുവിശേഷ കണ്‍വന്‍ഷനുകള്‍ പോലും മദ്യമുതലാളിയുടെ പണംകൊണ്ട് നടത്തുന്ന സ്ഥിതിയുണ്ട്.ഇംഗ്ലണ്ടില്‍ പള്ളികളില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികള്‍ കുറഞ്ഞപ്പോള്‍ വലിയ ഹാളിന്റെ പകുതി ബാറിന് വാടയ്ക്ക് കൊടുത്തത് കാണാനടിയായി. അവിടെത്തന്നെ പ്രത്യേക ഹാളിലിരുന്ന് മദ്യപിക്കാന്‍ കൂടുതല്‍ പണം ഈടാക്കുന്നതായി മനസ്സിലാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആ ഭാഗം പള്ളിയുടെ "മദ്ബഹ' യായിരുന്നെന്നായിരുന്നു മറുപടി.സത്യത്തില്‍ ക്രിസ്തുവില്‍ നിന്ന് ക്രിസ്ത്യാനികളും ശ്രീനാരായണഗുരുവില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനക്കാരും ഗാന്ധിയില്‍ നിന്ന് ഗാന്ധിയന്മാരും അകലുന്നു. ബാര്‍ കോഴയിലൊക്കെ കുരുങ്ങിയവര്‍ ഖദറെങ്കിലും ധരിക്കാതിരിക്കണം - മാര്‍ കൂറിലോസ് പറഞ്ഞു.