Translate

Friday, August 7, 2015

ഒന്നും വേണ്ടിയിരുന്നില്ല!

എന്നും പരാതി; സഭ മെത്രാച്ചന്മാരുടെയല്ല, ഞങ്ങളുടേം കൂടെയാന്നും പറഞ്ഞോണ്ട് അത്മായർക്കു പരാതിയോട് പരാതി. അതു ശരിയാണെന്നു തോന്നിയപ്പോൾ അത്മായാ കമ്മീഷൻ ഉണ്ടാക്കി; അന്നേരോം പരാതി, അതിൽ മൂന്നു മെത്രാന്മാരും ഒരു അത്മായനുമാണുള്ളതെന്നായി. അതു ശരിയാണെന്നു തോന്നിയപ്പോൾ പകരം വേറൊന്നുണ്ടാക്കാൻ ആലോചിച്ചു. അതു കേട്ടപ്പോഴേ പരാതി, അതിൽ ഒരത്മായനും മൂന്നു മെത്രാന്മാരുമാണുള്ളതെന്നായി അപ്പോൾ. എല്ലാത്തിനും പരിഹാരമായിട്ടിതാ എ കെ സി സി വന്നിരിക്കുന്നു. സംഘാടക സമിതിയിൽ ബഹുഭൂരിപക്ഷവും അത്മായർ. കെട്ടിയിട്ടിരിക്കുന്ന പട്ടിയോട് ഓടിക്കോളാൻ പറയുന്നതു പോലെയാകുമോ അത്മായന്റെ എ കെ സി സിയുടെ ഗതിയെന്നേ ഇനി അറിയേണ്ടതുള്ളൂ. അച്ചന്മാരോടോ മെത്രാന്മാരോടോ എന്താ ഇങ്ങിനെയെന്നു ചോദിച്ചേക്കരുത്. വടം വലിക്കുമ്പോൾ പിന്നോട്ടു പോകുന്നവരാ ജയിക്കുന്നതെന്നു പറഞ്ഞാശ്വസിപ്പിച്ചു വിടും. പക്ഷെ, എ കെ സി സി സർക്കാരിനെ ഞെട്ടിക്കും എന്നുറപ്പ്! മറ്റു സമുദായക്കാർ ഇപ്പോത്തന്നെ വല്ലാതെ ഞെട്ടിയിരിക്കുകയാ; എ കെ സി സി യുടെ മോചനയാത്ര മതതീവ്രവാദത്തിനെതിരായും കൂടെയാ, അതാ കാരണം. ഇനി അടുത്ത മോചനയാത്ര ഇതേ ആവശ്യത്തിനു നടത്തുന്നത് അൽ ക്വൈദായോ ബജ്രംഗദളോ ആയിരിക്കാം. സ്വന്തം ഉള്ളിലേക്കു നോക്കുന്ന ഒരാളോ, പവ്വത്തിന്റെ ദർശനങ്ങൾ അറിഞ്ഞിട്ടുള്ള ഒരാളോ ഇക്കൂട്ടത്തിൽ ഇല്ലാതെ പോയല്ലോ ദൈവമേ! നമ്മുടെ ഒരു വിധിയേ, എന്തെല്ലാം കാണണം! 

ഒരു മുപ്പതു കൊല്ലം കഴിഞ്ഞോട്ടെ, നമ്മൾ തന്നെ എഴുതും: വി. പൗലോസും, ശങ്കരാചാര്യരും, വി. തോമസ് അക്വീനോസും കഴിഞ്ഞാൽ ലോകത്ത് മാർ ജോസഫ് പവ്വത്തിന്റെ ചിന്തകൾ മാത്രമേ മനുഷ്യകുലത്തെ പിടിച്ചു കുലുക്കിയിട്ടുള്ളൂവെന്ന് (പക്ഷെ, അതു വായിക്കാൻ അധികം പേർ സഭയിൽ കാണാനിടയില്ല). ഈ മോചനം എല്ലാ രൂപതകളുടെയും കൂടി ആണെങ്കിലും ഇതിൽ എല്ലാവരെയും മുൻ നിരയിൽ അടുപ്പിച്ചിട്ടില്ല. അടുപ്പിക്കാൻ പറ്റാത്തവരും ഒട്ടും അടുക്കാത്തവരും പേരിന് അടുത്തവരുമൊക്കെ ഏറെയുണ്ടെന്നും കേൾക്കുന്നു. 'അത്മായരുടെ ശബ്ദം' പോലും ഗൗനിക്കപ്പെട്ടില്ലെന്നു വെച്ചാൽ എന്താ സ്ഥിതി? മോചനയാത്ര കടന്നു പോകുന്ന എല്ലാ ജങ്ക്ഷനിലും നൊവേന, ഒപ്പീസ്, കുമ്പസ്സാരം, ഒപ്രൂസുമാ ഇവക്കെല്ലാം സൗകര്യം ഉണ്ടായിരിക്കുമെന്നായിരിക്കും ജനങ്ങൾ ഓർത്തിരിക്കുന്നത്; അവർക്കെന്താ ഓർക്കാൻ വയ്യാത്തത്? ഏതു യാത്രയുടേയും സിഗ്നേച്ചർ പരിപാടി ഇതൊന്നുമല്ലല്ലോ, പിരിവല്ലേ? അതിവിടേയും കാണാതിരിക്കില്ല, ഉറപ്പ്. പണ്ടൊരു പുണ്യവാന്റെ നേർച്ചപ്പെട്ടിയിൽ സ്ഥിരം മോഷണം; ഇതറിഞ്ഞ വല്യമ്മ പുണ്യവാനോട് ഒരൊറ്റ ചോദ്യം, "നിന്റെ മുമ്പിൽ വീഴുന്ന കാശു നോക്കാൻ നിനക്കറിയില്ലേ?" പുണ്യവാൻ മറുപടിയായി ഇങ്ങിനെ  ചോദിച്ചു, "എന്റെ വല്യമ്മെ, കള്ളന്മാർ ഇടുന്നു, കള്ളന്മാർ കൊണ്ടുപോകുന്നു; ഞാനാരെയാ പിടിക്കേണ്ടത്?" വല്യമ്മ പിന്നെ നേർച്ച ഇട്ടിട്ടുമില്ല, പുണ്യവാനോട് ഒരു പരാതിയും പറഞ്ഞിട്ടുമില്ല. 


ഒരു കാര്യം പറയാതെ വയ്യ; കെ സി അർ എം കാർ ഏറെ ആഗ്രഹിച്ചിരുന്ന സാധനമായിരുന്നു എ കെ സി സി. അവർ ആളുകളെ സംഘടിപ്പിച്ചുകൊണ്ടുവരാൻ വിയർക്കുന്നതിനിടയിൽ മെത്രാന്മാർ തന്നെ അതു ചെയ്തു കൊടുത്തു. അമേരിക്കക്കാർ അൽക്വൈദായെ വളർത്തിയതുപോലെയിരിക്കും ഇവിടെയും ഫലം. സമാധാനമായി സഭ നടന്ന കാലത്തിൽ എ കെ സി സി മരവിപ്പിക്കേണ്ടി വന്നു, പിന്നെയാ ഇപ്പോൾ. കേരളാ കോൺഗ്രസ്സുകാർ അവരുടെ ആളുകളെ അതിൽ നേരത്തെ തിരുകിക്കഴിഞ്ഞു, ബി ജെ പി ക്കാരും ആം ആദ്മിക്കാരും കോൺഗ്രസ്സുകാരും എല്ലാം അതിൽ കാണണം. അതിലെ സ്ഥിരം പ്രവർത്തകരായുള്ള ബംഗാളികൾക്കു കൂലി ആരു കൊടുക്കും? മിക്ക കാര്യങ്ങളിലും മെത്രാന്മാർക്കു തമ്മിൽ തമ്മിൽ യോജിപ്പില്ലെന്നാണു കേൾക്കുന്നത്, പിന്നല്ലേ എ കെ സി സി പ്രശ്നം. മെത്രാന്മാർ അത്മായർക്കിട്ടു പണിയുന്നതിനോടൊപ്പം പരസ്പരവും പണിയുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പുറത്തു വന്നു, പിന്നല്ലേ അരമന രഹസ്യങ്ങൾ? അങ്ങാടിയത്തിന്റെ വിവാദമായ ക്നാനായാ വിജ്നാപനം എടുക്കുക. കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണ് ആ തീരുമാനം ചെയ്യുക എന്നതുകൊണ്ടായിരിക്കണം, ഇക്കാര്യം മറ്റു മെത്രാന്മാരോടു ചർച്ച ചെയ്തതേയില്ലെന്നാണിപ്പോൾ കേൾക്കുന്നത്. മൂലേക്കാട്ടും ആലഞ്ചേരിയും അങ്ങാടിയത്തും പിന്നെ പ്രിന്ററും മാത്രമേ ഇക്കാര്യം അറിഞ്ഞിരുന്നുള്ളൂവെന്നാണ് മനസ്സിലാകുന്നത്. വളരെ തന്ത്രപൂർവ്വമാണിതു നടപ്പാക്കിയതെന്നു പറഞ്ഞതു ഞാനല്ല, ഇപ്പോൾ കൂട്ടത്തിലുള്ള ഒരാർച്ചു ബിഷപ്പാ. ഏതായാലും ഇക്കാര്യത്തിൽ കർക്കശ നിലപാടെടുക്കാനും രണ്ടിലൊന്നറിയാനും ചില മെത്രാന്മാർ തീരുമാനിച്ചിരിക്കുന്നുവെന്നു സൂചന. ഭാവി അത്ര നല്ലതിനല്ലെന്ന് 'ഈ കീ സി സി' ക്കും വഴിയേ മനസ്സിലാകട്ടെ. ഈ സഭയിലെ പ്രശ്നങ്ങൾ എന്നെങ്കിലും തീർന്നു കാണണമെന്നു ഞാനും ആഗ്രഹിക്കാറുണ്ട്; പക്ഷേ, മരുന്നില്ല. പണ്ടു ഫാ. വടക്കൻ ഏതോ മന്ത്രിക്കു തുറന്ന കത്തെഴുതി വിറപ്പിച്ച കഥ ഡാഡി പറയുന്നതു കേട്ട്, അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ക്ലാസ്സ് റ്റീച്ചർക്കെതിരെ ഹെഡ് മാസ്റ്റർക്കു പരാതി അയച്ചു തല്ലു മേടിച്ചതാ ഞാൻ. ഞാനോർത്തത് കാര്യങ്ങളെല്ലാം എഴുതി കവറിലിട്ട്, ഒട്ടിക്കാതെ അയച്ചാൽ തുറന്ന കത്താകുമെന്നാ. അങ്ങിനെ അയച്ചു; പക്ഷേ, ഹെഡ് മാസ്റ്റർ വായിക്കുന്നതിനു മുമ്പ് ക്ലാസ്സ് റ്റീച്ചർ അതു വായിച്ചു, അടിയും കിട്ടി. അതു കൊണ്ട് തുറന്ന കത്ത് ആർക്കും ഗുണം ചെയ്യില്ല; അതു മെത്രാന്മാർക്ക് ആരും അയക്കുകയും വേണ്ടാ. ഇ മെയിലു കൊണ്ടോ ആ മെയിലു കൊണ്ടോ അത്രയും പോലും പ്രയോജനമില്ല, ഇതു വായിക്കാൻ പഠിച്ചിട്ടല്ല, ആലഞ്ചേരി പിതാവു സ്ഥാനമേറ്റത്.

വാസ്തവത്തിൽ മോചനം വേണ്ടതാർക്കാ? അത്മായന്, അല്ലതാർക്കാ? ലോകത്തെവിടെങ്കിലും നിയമനിർമ്മാണവും, പരിപാലനവും, നീതി നിർവ്വഹണവും ഒരു കൂട്ടർ തന്നെ ചെയ്യുന്നതിനേപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഏതെങ്കിലും അരമനയിലേക്കു ചെന്നാൽ മതി. എല്ലാം അവിടെത്തന്നെയാ. ഉദാഹരണത്തിനൊരു വൈദികൻ, അൽപ്പം കൂടുതൽ വൈബ്രേറ്റ് ചെയ്തു എന്നു കരുതുക. നാട്ടുകാർ പരാതി പറയുന്നതു മെത്രാനോട്; തൽസംബന്ധമായ സഭാ നിയമം ഉണ്ടാക്കിയിരിക്കുന്നത് മെത്രാൻ സംഘം; കേസന്വേഷിക്കുന്നതു മെത്രാന്റെ മേൽനോട്ടത്തിൽ, ശിക്ഷ വിധിക്കുന്നതും മെത്രാൻ. മെത്രാൻ ചുറ്റും നോക്കുന്നു, വല്യ പ്രശ്നങ്ങൾ കാണുന്നില്ലെങ്കിൽ ഒരൊറ്റ വിധി - "അന്വേഷിച്ചു, അച്ചനെ കുടുക്കാൻ വേണ്ടി ചിലർ കരുതിക്കൂട്ടി കേസുണ്ടാക്കിയതാണെന്നു ബോദ്ധ്യമായി"! പക്ഷേ, ഇപ്പോൾ അതു പണ്ടേപ്പോലെ എറിക്കുന്നില്ല. നിരപരാധിയെന്നു വിധിക്കപ്പെട്ട ഒരു പാവം കറിയാച്ചൻ പള്ളി കിട്ടാതെ ഒരു വിദേശ രാജ്യത്തലയുന്നു. അദ്ദേഹം ചെയ്ത തെറ്റെന്താ? ചില സ്ത്രീകൾ ബോധപൂർവ്വം സ്വന്തം പെണ്മക്കളുടെ കൈയ്യിൽ അച്ചനു കഴിക്കാൻ അപ്പവും മീനും കൊടുത്തു വിടുകയും....(എല്ലാം തെളിച്ചങ്ങു പറഞ്ഞാൽ അതിന്റെ ത്രില്ലു പോവില്ലെ)? പ്രേതമാണെങ്കിലും പേപ്പട്ടിയാണെങ്കിലും നാട്ടുകാർക്കു വേണ്ടെങ്കിൽ കൂട്ടിലാക്കി കാട്ടിൽ തള്ളണമെന്നാണ് എന്റെ അഭിപ്രായം. ഇത്തരം എല്ലാ കറിയാച്ചന്മാരോടൂം പറയട്ടെ, ഇന്നാളു കൊച്ചിയിൽ 'മുൻ' നിരക്കാരുടെ ഒരു സമ്മേളനം നടന്നിരുന്നല്ലൊ! അവരുമായി ബന്ധപ്പെടുക, വേണ്ട സഹായം ചെയ്തു തരും. അല്ലെങ്കിൽ നാട്ടുകാരുടെ സ്വീകരണം എറ്റുവാങ്ങേണ്ടി വന്നേക്കാം തൊടുപുഴയിലേതു പോലെ. വാ തരുന്ന ദൈവം ഇരയും കൊടുക്കും എന്നാണല്ലോ പ്രമാണം. എ കെ സി സി ഉണ്ടാക്കിയ ദൈവം തന്നെ അവർക്കു പണിയും കൊടുത്തു, ഹരിശ്രീ കുറിക്കാൻ പാകത്തിൽ ഒരു വികാരിയെ തന്നെ കമ്മ്യുണിസ്റ്റ്കാരെക്കൊണ്ട് അടിപ്പിച്ചു. 

കളി കോതമംഗലം രൂപതയോടാണെന്നു മനസ്സിലായതേ, പ്രതികൾ ഓട്ടം തുടങ്ങി (ചിലപ്പോൾ ഓട്ടം തുടങ്ങിയതിനു ശേഷമായിരിക്കാം ഇതു മനസ്സിലായത്). എങ്ങിനേയും പ്രശ്നം തീർക്കാൻ വികാരി അച്ചനേക്കാൾ ധൃതി പാർട്ടിക്കാർക്കായിരുന്നുവെന്നു തോന്നുന്നു. പ്രൊഫ. ജോസഫിന്റെ കഥ ഇവർ കേട്ടിട്ടുണ്ടായിരുന്നതുകൊണ്ടാവാനും മതി, ഇങ്ങിനെ ധൃതി വെച്ചത് (ധൃതിയുടെ ശരിയായ കാരണം ഒരു എം പി ക്കേ അറിയൂ എന്നും കേൾക്കുന്നു). വഴി തടഞ്ഞു സമരം ചെയ്തുകൊണ്ടിരുന്ന കമ്മ്യുണിസ്റ്റുകാരോട് ഇതല്ല ശരിയായ മാർഗ്ഗമെന്നും, എന്റെ വണ്ടി കടത്തി വിടണമെന്നും, ഞാൻ വികാരിയച്ചനാണെന്നുമൊക്കെയല്ലേ അങ്ങേരു പറഞ്ഞുള്ളൂ? ജീവൻ പോയാലും സമുദായ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാൻ ഞങ്ങളെ കിട്ടില്ല എന്നു പറയുന്ന പാർട്ടിക്കാരുടെ മുമ്പിൽ എത്ര ധൈര്യത്തോടെയാ ഈ അച്ചൻ നിന്നത്. ഇതുപോലെ നീതി ബൊധമുള്ള അച്ചന്മാരല്ലേ സഭക്കു വേണ്ടത്? ഉടുപ്പൂരിയാൽ ഞാൻ മഹാ ചെറ്റയാണെന്നാരോ പണ്ടു പറഞ്ഞിട്ടുണ്ടായിരിക്കും എന്നു  മനസ്സിൽ തോന്നിയതു കൊണ്ടാണോ, ഉടുപ്പില്ലാതെ കണ്ട അച്ചനോട് അവരിങ്ങിനെ പെരുമാറിയതെന്നെനിക്കു സംശയമുണ്ട്. ഈ സംഭവം തരുന്ന മോറൽ, അച്ചന്മാരുടെ കളി പള്ളിക്കുള്ളിൽ മതി എന്നതായിരിക്കണം. ഇതുക്കൂട്ടൊരുത്തനെ നോക്കിയിരിക്കുവാരുന്നുവെന്ന പോലെയാണ് അച്ചനോട് അവർ പെരുമാറിയത്. ഇടദിവസം ഇത്ര തിരക്കെങ്കിൽ ചന്ത ദിവസം എന്തായിരിക്കും? ഒരു വികാരി അച്ചനോട് ഇതാണു ചെയ്തതെങ്കിൽ മെത്രാനോട് ഇവർ എന്താ ചെയ്യുകില്ലാത്തത്? അതു കാണാനുള്ള യോഗം ആർക്കും ഉണ്ടാകാതിരിക്കട്ടെ. സംഭവ സമയത്തദ്ദേഹം ളോഹയിട്ടിട്ടുണ്ടായിരുന്നെങ്കിൽ അച്ചനെ ഞാൻ അഭിനന്ദിച്ചേനെ. ആളു ജഡ്ജിയാണെങ്കിലും കപ്പ പുഴുങ്ങുമ്പോൾ പാചകക്കാരൻ, എന്നാണെന്റെ കാഴ്ചപ്പാട്.

കറിവേപ്പിലപോലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമായിരിക്കുന്നു കേരളത്തിനു കത്തോലിക്കാ സഭ! കേരളത്തിന്റെ മൊത്തം വികസനം ഇപ്പോ സീറൊ മലബാർ സഭയുടെ കൈവശമാണെന്നു പറയുന്നതാണു ശരി (.....പ്പള്ളി കേൾക്കണ്ട). വിഴിഞ്ഞത്തു കപ്പലടുക്കണമെങ്കിലും, ദേശീയപാത നാലുവരിയാക്കാനും (വഴിയരുകിലുള്ള കുരിശുകൾ മാറ്റണ്ടേ?) താമരശ്ശേരിയിൽ പാറ പൊട്ടിക്കാതിരിക്കണമെങ്കിലും, ബാർ നിരോധിക്കണമെങ്കിലും, സ്വന്തം രൂപത തൊടുന്നിടത്തു സ്ഥാനാർത്ഥിയെ നിശ്ചയിക്കണമെങ്കിലും മെത്രാന്മാർ സമ്മതിക്കണം എന്ന സ്ഥിതി! 'ചെക്ക്' പറയാൻ ബിഷപ്പാണേലും മതിയല്ലോ! ഈ പോക്കു പോയാൽ, പഞ്ചായത്തിൽ കമ്മറ്റി കൂടണമെങ്കിലും ഇടവക വികാരിയോട് ആലോചിക്കേണ്ടി വന്നേക്കാം. മന്ത്രി സഭക്കു ളോഹയുടെ മണമുണ്ടെന്നു നേരത്തെ തന്നെ ആക്ഷേപം ഉണ്ട്. ഇടുക്കി ഡാം നേരത്തെ കെട്ടിയതു നന്നായി; അത്രയേ എനിക്കു പറയാനുള്ളൂ. വെറുതേയല്ല കത്തോലിക്കാ സഭ കേരളത്തിന്റെ വികസനത്തിനു നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് എല്ലാവരും പറയുന്നത്. 'ഇവിടെ മൂത്രം ഒഴിക്കരുത്' എന്നു കണ്ടാൽ അവിടെ അതിനു സൗകര്യമുണ്ടെന്നാണു മലയാളി മനസ്സിലാക്കുന്നതെന്ന് അറിഞ്ഞുകൊണ്ടാണോ ഇവരൊക്കെ ഇങ്ങിനെ പറഞ്ഞത്? ആർക്കറിയാം. പണ്ടൊക്കെ വിശ്വാസികളുടെ കാര്യം നോക്കിയാൽ മതിയാരുന്നു മെത്രാന്മാർക്ക്; ഇപ്പോൾ എന്തെല്ലാം നോക്കണം? ഹോ, മടുത്തു! ആലഞ്ചേരി പിതാവിനാണേൽ ഇംഗ്ലണ്ടിലെ പ്രിസ്റ്റണിൽ ഒരു പുതിയ സീറോ പള്ളി വെഞ്ചൈരിക്കാനുണ്ട്, ഒക്റ്റോബറിൽ; അവിടെ പോയി പറയാനുള്ള പ്രസംഗം തയ്യാറാക്കേണ്ടതുമുണ്ട്. അവിടെ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്നു പത്രങ്ങൾ പറയുന്നു. എല്ലാം കഴിയുമ്പോൾ, എല്ലായിടത്തും പറയുന്നതു പോലെ (ഇടപ്പള്ളിയിലും പറഞ്ഞതു പോലെ), "ലിമോസിൻ വേണ്ടിയിരുന്നില്ല, മാല വേണ്ടിയിരുന്നില്ല, ഇത്രയും വേണ്ടിയിരുന്നില്ല" എന്നൊക്കെ അവിടെയും അദ്ദേഹം പറയുമായിരിക്കും. ഏതായാലും ഇംഗ്ലണ്ടിലേക്കല്ലേ, പിതാവിന്റെ കൂടെ അങ്ങോട്ടൂ പോകുന്നവർ ആരാണെങ്കിലും സെഹിയോൻ, പ്രെയിസ് ദി ലോർഡ് എന്നൊക്കെയുള്ള വാക്കുകൾ അധികം ഉച്ചത്തിൽ പറയാതെ ശ്രദ്ധിക്കുക.

പള്ളിയെ തൃപ്തിപ്പെടുത്താനാണോ മാതാവിനെ പ്രീതിപ്പെടുത്താനാണോ എന്തോ, ഇയ്യിടെ സർക്കാർ വക്കീലന്മാരുടെ മീറ്റിങ്ങ് കൂടിയപ്പോൾ ഈശ്വര പ്രാർത്ഥനയുടെ സമയത്തു 'നിത്യവിശുദ്ധയാം കന്യാമറിയമേ' എന്ന പാട്ടാണു പാടിയതെന്നു കേൾക്കുന്നു (ഇതു വെറും കിംവദന്തിയായിരിക്കാനാണു സാദ്ധ്യത). വാറ്റു ലൈസൻസുള്ളവരുടെ സംസ്ഥാന യോഗത്തിലാണ് ഈ പാട്ടു കേട്ടിരുന്നതെങ്കിൽ ഞാൻ വിശ്വസിച്ചേനെ; കാരണം, ഇപ്പോഴത്തെ ലൈസൻസികളിൽ ധാരാളം മെത്രാന്മാരുണ്ടെന്നതു തന്നെ. പല ജയിലുകളിലും, അന്തേവാസികളുടെ  ഭൂരിപക്ഷം നോക്കിയാണു കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, അവിടെ നിന്നും താമസിയാതെ ഈ പാട്ടു കേട്ടു തുടങ്ങിയേക്കാം. 

ഗോമാംസം, മാഗി, അസ്ലീല സൈറ്റുകൾ, കഞ്ചാവ് എന്നിവ നിരോധിച്ച കൂട്ടത്തിൽ മടയലേഖനങ്ങൾ കൂടി നിരോധിച്ചിരുന്നെങ്കിൽ! പറയുന്നതു പോലെ മെത്രാന്മാർ ചെയ്യുന്നുവെന്നോ ചെയ്യിക്കുന്നുവെന്നോ ആരും കരുതരുത്; ചേരയേ തിന്നുന്ന നാട്ടിൽ ചെന്നാൽ അവർ നടുമുറി തന്നെ തിന്നും. കേരളത്തിൽ മദ്യം കഴിക്കുന്നവരെ പള്ളിയിൽ പോലും കേറ്റാതിരിക്കാൻ മെത്രാന്മാർ ശ്രമിക്കുന്നു (മദ്യവർജ്ജനം); ഇന്ത്യക്കു പുറത്ത് 'കുടി' (മദ്യഗർജ്ജനം) എത്ര വേണമെങ്കിലും ആവാം താനും. 'കുടി പാർട്ടിക്കു' പാരിഷ് ഹോൾ കൂടിയ വാടകക്കു കൊടുക്കുന്ന വിദേശ സീറോ പള്ളിയുണ്ട്; അതു നമ്മുടെ മേജറിനറിയാമായിരിക്കണം, അല്ലെങ്കിൽ അറിഞ്ഞിരിക്കണം. ഒക്കെ ഒരു അഡ്ജസ്റ്റ്മെന്റ്, അല്ലാതെന്താ? ഇത്തിരി മിസ്റ്റേക്ക് ഉള്ളതു കൊണ്ടാ, മെത്രാന്മാർ പറയുന്നത് അനുസരിക്കാൻ വിശ്വാസികൾക്കു വരം കൊടുക്കണേയെന്നു പവ്വം പ്രാർത്ഥിക്കുന്നത്. നല്ലതു പറയാനും ചെയ്യാനും മെത്രാന്മാർക്കു വരം കൊടുക്കണേയെന്നു വിശ്വാസികളും പ്രാർത്ഥിക്കുന്നു. ഞങ്ങടെ നാട്ടിൽ പണ്ടൊരു കുഞ്ഞപ്പൻ ചേട്ടനുണ്ടാരുന്നു, ഒരു കയ്യാല പണിക്കാരൻ. ഈ മെത്രാന്മാരേക്കാൾ ബുദ്ധിമാനായിരുന്നദ്ദേഹമെന്നു ഞാൻ കരുതുന്നു. അങ്ങേരു മരിച്ചു പോയി, പത്തു പന്ത്രണ്ട് വർഷങ്ങൾ മുമ്പ്. അങ്ങേരുണ്ടായിരുന്നതു കൊണ്ടാണ് ദിനേശ് ബീഡി കമ്പനി നിലനിന്നിരുന്നതെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങേർക്ക് മണിക്കൂറിൽ മൂന്നു ബീഡിയെങ്കിലും വേണമായിരുന്നു; ബാക്കിയുള്ളവർ ബീഡി വലിക്കാതെ ജീവിക്കുന്നതെങ്ങിനെയെന്ന് അങ്ങേരു ചോദിക്കുമായിരുന്നെന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെതായി കുറേ ഫലിതങ്ങളുണ്ട്. അദ്ദേഹം ചോദിക്കുമായിരുന്നത്രെ, ഈ വിമാനങ്ങൾ ഇത്തിരി താഴ്ന്നു പോവുകയാണെങ്കിൽ ഒന്നു വീണാലും വല്യ പരുക്കേൽക്കില്ലല്ലൊയെന്ന്. 'ജീവിച്ചിരിക്കുന്ന കോഴിയേക്കൊണ്ടും മരിച്ച മനുഷ്യനേക്കൊണ്ടൂം പ്രയോജനമില്ല'; 'മെത്രാനൊട്ടു ഗൂണവും ചെയ്യില്ല, ചിറ്റമൃതൊട്ട് ദോഷവും ചെയ്യില്ല', ഇങ്ങിനെ തുടങ്ങി നിരവധിയായ ചൊല്ലുകളും അങ്ങേരുടെ പക്കൽ ഉണ്ടായിരുന്നു, അതുകൊണ്ടാണ് കുഞ്ഞപ്പൻ ചേട്ടന്റെ കാര്യം ഞാനിപ്പോൾ ഓർത്തതു തന്നെ.

വാസ്തവത്തിൽ ചെങ്ങളംകാരുടെ കാര്യം വളരെ കഷ്ടം എന്നല്ലാതെ എന്തു പറയാൻ? അതൊരു ചെങ്ങളംകാരൻ തന്നെ പറഞ്ഞാലെ ശരിയാകൂ. കഥ കേട്ട്, ഞാൻ ശരിക്കും കരഞ്ഞു കരഞ്ഞില്ലാ എന്ന പരുവത്തിലായിപ്പോയി. കുറെ കൃഷിക്കാരു മാത്രമുള്ള കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു കൊച്ചു ഗ്രാമത്തിൽ വി. അന്തോനീസിന്റെ നാമത്തിൽ പാദുവായിലേതിനേക്കാൾ വലിയ ഒരു പള്ളി ഉയരുന്നു. പള്ളിക്കു സംഭാവന കൊടുക്കുന്നവർക്കു മുഴുവൻ പുണ്യവാളൻ വാരിക്കോരി തിരികെക്കൊടുക്കുമെന്നു കേട്ട് കേട്ട് നാട്ടുകാരും, പറഞ്ഞു പറഞ്ഞു വികാരി അച്ചനും; കൊടുത്തും മേടിച്ചും എല്ലാരും ഒരു പരുവമായി. റബ്ബറിനും വിലയില്ല, കഞ്ഞിക്കും വകയില്ല; പള്ളിയാണേൽ തീരുന്നുമില്ല. ഞാൻ പറഞ്ഞ കുഞ്ഞപ്പൻ ചേട്ടൻ ഇതറിഞ്ഞിരുന്നെങ്കിൽ വികാരി അച്ചനോട് ചോദിച്ചേനെ, 'ഇന്നാപ്പിന്നെ ഇടവകക്കാർക്കു പുണ്യവാൻ നേരിട്ടു കൊടുക്കാനിരിക്കുന്നതു വികാരിയച്ചനങ്ങു മേടിച്ചാൽ പോരേ'ന്ന്. എല്ലായിടത്തും അതു നിലവിൽ വന്നാൽ സഭ അന്നുതന്നെ നിന്നു പോകുമെന്നു കുഞ്ഞപ്പൻ ചേട്ടൻ ചിന്തിക്കുമായിരുന്നില്ലല്ലോ!

3 comments:

  1. 'ഇവിടെ മൂത്രം ഒഴിക്കരുത്' എന്നു കണ്ടാൽ അവിടെ അതിനു സൗകര്യമുണ്ടെന്നാണു മലയാളി മനസ്സിലാക്കുന്നത്." മലയാളിയുടെ മന:ശാസ്ത്രം ഇത്ര നന്നായി ചുരുക്കി ഇതിനു മുമ്പ് ആരും പറഞ്ഞു കേട്ടിട്ടില്ല. അതിലും വിസ്മയകരം - അല്പം ശമ്പളത്തിനായി ഗൾഫിൽ ചൂടത്തു പണിയുന്ന റോഷൻ കേരളത്തിൽ ACയിൽ ജീവിക്കുന്ന മെത്രാന്മാരുടെ ധനശാസ്ത്രം ഇത്ര കൃത്യമായി പറയുന്നത്.

    ReplyDelete
  2. Roshan's genius has analyzed the Indian clergy's thinking pattern and consequent actions that invite ridicule from thinking people in all categories of the community. This is a great problem for the church. The prelates and their clergy become a laughingstock in society. As there are no emerging thinkers among them, they don't realize to what an extent they bring the Christian community in a defenseless position in the eyes of quite a number of laymen and people of other faiths. A reader of Sathyajwala called me today and asked me why the magazine has not yet written anything regarding the idolatrous processions conducted by many churches carrying the statues of so many saints blocking public roads. He narrated to me many more ridiculous practices the parish priests impose on the church-goers such as 'malachavittu' - the replica of a mount on which a cross is erected is given to every one of the faithful who has to carry them to the top of the mount with songs, prayers and all kinds of noises. He said the faithful themselves don't like this comic act of piety, but are afraid of offending the parish priest. Many of the expressions of popular piety in our churches are of this kind.

    Why do the prelates and parish priests of the Catholic church become so blind as not to be able to read the mind of the people? I have given some thought to it and have come to the following conclusion. The whole bunch is slavishly subject to what is called in social psychology as 'Groupthink'.

    Groupthink is a psychological phenomenon that occurs within a group of people, in which the desire for harmony or conformity in the group results in an irrational or dysfunctional decision-making outcome. Group members try to minimize conflict and reach a consensus decision without critical evaluation of alternative viewpoints, by actively suppressing dissenting viewpoints, and by isolating themselves from outside influences.

    Loyalty to the group requires individuals to avoid raising controversial issues or alternative solutions, and there is loss of individual creativity, uniqueness and independent thinking. The dysfunctional group dynamics of the "ingroup" produces an "illusion of invulnerability" (an inflated certainty that the right decision has been made). Thus the "ingroup" significantly overrates its own abilities in decision-making, and significantly underrates the abilities of its opponents (the "outgroup"). Furthermore, groupthink can produce dehumanizing actions against the "outgroup".

    Antecedent factors such as group cohesiveness, faulty group structure, and situational context (e.g., community panic) play into the likelihood of whether or not groupthink will impact the decision-making process. This is the case now with the family survey ordered by the Pope that the Indian bishops are in no position to conduct, because they can't face the points that come up for thorough study and discussion with participation of the laity.

    Groupthink is a construct of social psychology but has an extensive reach, and influences literature in the fields of communication studies, political science, management, and organizational theory, as well as important aspects of deviant religious cult behavior.
    Groupthink is sometimes stated to occur (more broadly) within natural groups within the community, for example to explain the lifelong different mindsets of conservatives versus liberals, or the solitary nature of introverts. However, this conformity of viewpoints within a group does not mainly involve deliberate group decision-making, and thus is perhaps better explained by the collective confirmation bias of the individual members of the group.

    ReplyDelete
  3. പതിവിലേറെ പഞ്ചുള്ള ഫലിതങ്ങളുമായി റോഷന്‍ ഇന്നും ജീവിക്കുന്നു ,മനസുകളില്‍ എന്നും ജീവിക്കുന്നു !"പണ്ടൊരു പുണ്യവാന്റെ നേർച്ചപ്പെട്ടിയിൽ സ്ഥിരം മോഷണം; ഇതറിഞ്ഞ വല്യമ്മ പുണ്യവാനോട് ഒരൊറ്റ ചോദ്യം, "നിന്റെ മുമ്പിൽ വീഴുന്ന കാശു നോക്കാൻ നിനക്കറിയില്ലേ?" പുണ്യവാൻ മറുപടിയായി ഇങ്ങിനെ ചോദിച്ചു, "എന്റെ വല്യമ്മെ, കള്ളന്മാർ ഇടുന്നു, കള്ളന്മാർ കൊണ്ടുപോകുന്നു; ഞാനാരെയാ പിടിക്കേണ്ടത്?" വല്യമ്മ പിന്നെ നേർച്ച ഇട്ടിട്ടുമില്ല, പുണ്യവാനോട് ഒരു പരാതിയും പറഞ്ഞിട്ടുമില്ല. " റോഷന്‍ അവതരിപ്പിച്ച ഈ വല്യമ്മയുടെ തലച്ചോറ് കേരളത്തിലെ അച്ചയന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ?! "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതെന്ന്" വിലക്കിയ ക്രിസ്തു എന്നേ ജയിച്ചേനേം....വല്യമ്മയുടെ കൂട്ട് വയസാമ്കലത്തെ അച്ചായന്മാര്‍ക്ക്‌ ബുദ്ധി മുളക്കുകയുള്ളായിരിക്കാം ..

    ReplyDelete