Translate

Saturday, August 8, 2015

പ്രണയം പഠിപ്പിക്കുന്ന കാര്യം സഭയുടെ പരിഗണനയില്‍ (ജിജോ സിറിയക്‌)

                                                                                  

കൊച്ചി: പ്രണയത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കാന്‍ ക്രൈസ്തവ സഭ തയ്യാറെടുക്കുന്നു. സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രമാണ് പ്രണയവും വിവാഹവും സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും മുന്നോട്ട് വന്നിരിക്കുന്നത്. സപ്തംബര്‍ 21ന് കലൂര്‍ റിന്യൂവല്‍ സെന്ററിലും 24ന് കാലടി ജീവാലയ പാര്‍ക്കിലും നടക്കുന്ന മേഖലാതല ദമ്പതീസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് ഡിസംബര്‍ ആദ്യം അതിരൂപതാ തലത്തില്‍ 1,400 ഓളം പേര്‍ പങ്കെടുക്കുന്ന വിപുലമായ യോഗം ചേരും.

'പ്രേമം പാപമോ, പ്രണയം പുണ്യമോ' എന്ന വിഷയം മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചയില്‍ നാല് കാര്യങ്ങളാണ് വിശകലനം ചെയ്യുക. ആരോഗ്യകരമായ പ്രണയം നേരിടുന്ന വെല്ലുവിളികള്‍, പ്രണയ വിവാഹം പ്രോത്സാഹിപ്പിക്കണോ, പ്രണയിക്കുന്നവര്‍ക്കായി ഒരു ശുശ്രൂഷ സഭ ആരംഭിക്കണമോ, വ്യക്തിയുടെ വളര്‍ച്ചയില്‍ കുടുംബത്തില്‍ പ്രണയം സംബന്ധിച്ച് പരിശീലനം നല്‍കണമോ എന്നിവയാണവ.

പ്രണയവിവാഹങ്ങള്‍ പെരുകുന്നതിന്റെ ഭാഗമായി സഭാ വിശ്വാസികള്‍ അന്യമതത്തിലേക്ക് പോകുന്നത് സംബന്ധിച്ച് സിറോ മലബാര്‍ സഭ ഗൗരവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്യമതസ്ഥേരയും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവേരയും വിവാഹം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും തീരുമാനമുണ്ടായിരുന്നു. ശരാശരി ഒരു ദിവസം ഒരാള്‍ എന്ന നിലയില്‍ കേരളത്തില്‍ ക്രൈസ്തവര്‍ ഇതര മതക്കാരെ വിവാഹം കഴിക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു.

ഈഴവ സമുദായത്തില്‍ പെട്ടവര്‍ ക്രൈസ്തവരെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ കരുതിയിരിക്കണമെന്ന ഇടുക്കി ബിഷപ്പിന്റെ പ്രസ്താവന അടുത്തയിടെ വിവാദമായിരുന്നു. മുമ്പ് കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ ഇസ്ലാം മതത്തില്‍പെട്ടവര്‍ ക്രിസ്ത്യന്‍ യുവതികളെ പ്രണയവിവാഹം ചെയ്ത് മതം മാറ്റം നടത്തുന്നതായി ആരോപിച്ചിരുന്നു.

കേവലം മതപരിവര്‍ത്തനത്തിന്റെ മാത്രം പ്രശ്‌നമല്ല സഭ ചര്‍ച്ച ചെയ്യുന്നതെന്ന് എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രഷിത കേന്ദ്രം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലേലി 'മാതൃഭൂമി'യോട് പറഞ്ഞു.

പെട്ടെന്നുണ്ടാകുന്ന കൗതുകമാണ് പ്രേമം, യഥാര്‍ത്ഥ പ്രണയമാകട്ടെ സ്‌നേഹത്താല്‍ പ്രചോദിതമായ സമ്പൂര്‍ണ സമര്‍പ്പണമാണ്. ഇതിന്റെ വ്യത്യാസം പോലും ചെറുപ്പക്കാര്‍ക്കറിയില്ല. അതേസമയം, പ്രേമം പാപമാണെന്ന ഒരു ചിന്ത പലര്‍ക്കുമുണ്ട്. ഇതുമൂലം പ്രേമത്തില്‍ പെടുന്നവര്‍ സഭയില്‍ നിന്ന് അകലുന്നു. പ്രണയവിവാഹങ്ങള്‍ പെരുകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ചതിയില്‍ പെട്ട് ഓട്ടേറെപ്പേരുടെ ജീവിതം നശിക്കുന്നുണ്ട്. വിവാഹബാഹ്യ ബന്ധങ്ങള്‍, കുടുംബത്തകര്‍ച്ചകള്‍, വിവാഹമോചനം തുടങ്ങിയവയും വര്‍ദ്ധിച്ചുവരുന്നു. അതിനാല്‍ തന്നെ പ്രണയത്തെക്കുറിച്ച് ഒരുള്‍ക്കാഴ്ച നല്‍കേണ്ടത് ആവശ്യമാണ്. അതിനുള്ള തുടക്കമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകളെന്നും ഫാ. കല്ലേലി പറഞ്ഞു.
http://www.mathrubhumi.com/story.php?id=566903

3 comments:

  1. പ്രേമ വിവാഹത്തെപ്പറ്റി യുവാക്കളെയും യുവതികളെയും ബോധവാന്മാരാക്കാൻ പുരോഹിതരും പള്ളിയും നേതൃത്വം ചമഞ്ഞ് മുമ്പോട്ട് വരണോ? കൗമാര പ്രായത്തിൽ പെണ്‍ക്കുട്ടികളെ കന്യാസ്ത്രീ മഠത്തിൽ അയക്കുന്ന മാതാപിതാക്കൾക്കുള്ള ബോധവല്ക്കരണ ക്ലാസുകളാണ് നടത്തേണ്ടത്. മതവും പള്ളിയും കരിസ്മാറ്റിക്കും വട്ടായും ആചാരവും കുടുംബവും പാരമ്പര്യവും പള്ളിപ്പെരുന്നാളും വെടികെട്ടും മാത്രം ചിന്തിക്കുന്ന മാതാപിതാക്കളെ സത്ബുദ്ധിയുള്ളവരാക്കാൻ പള്ളിക്ക് ക്ലാസുകൾ നടത്താം. പുരോഹിതരുടെ ലൈംഗിക വിഷയങ്ങൾ, പുരോഹിതർ സഭ വിടുന്ന കാര്യങ്ങൾ, പുരോഹിതരുടെ ആഡംബര ജീവിതം , അവരുടെ പണത്തോടുള്ള ആർത്തി അങ്ങനെ ചർച്ച ചെയ്യാൻ പല വിഷയങ്ങളുമുണ്ട്. ഇടുക്കി മെത്രാനെപ്പോലുള്ളവരുടെ വിഡ്ഡിത്തരങ്ങൾ സ്നേഹിക്കുന്ന കമിതാക്കളുടെ ചെവിയിൽ ഊതിയാലൊന്നും ശരിയാവില്ല. സ്നേഹത്തിന്റെ മുമ്പിൽ മതവും ജാതിയും പ്രശ്നവുമല്ല. മാതാപിതാക്കളോ പള്ളിയോ വിചാരിച്ചാൽ പ്രേമത്തിന്റെ കുരുക്കിൽപ്പെട്ടവരെ രക്ഷിക്കാനും പ്രയാസമാണ്. ഇടുക്കി മെത്രാന്റെ പൂർവികരായവർ ഈഴവരായിരുന്നുവെന്ന വെള്ളാപ്പള്ളിയുടെ നാക്കിനെ തടയിടാൻ ഒരു മെത്രാനും സാധിക്കില്ല.

    ReplyDelete
    Replies
    1. വിവാഹതനാകുന്നവന്റെ പങ്കാളി കുറ്റവാളിയോ,വെറിയനൊ, പര സ്ത്രീ പുരുഷ പ്രേമിയോ അല്ലെങ്കിൽ വിവാഹമെന്നത് അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടു കൊടുക്കരുതോ? പാകത നിറഞ്ഞ ഒരു കുടുംബത്തിലെ മക്കളും പ്രായപൂർത്തിയാകുമ്പോൾ പാകത നിറഞ്ഞവരെങ്കിൽ അനുയോജ്യരായവരെ അവർ തന്നെ കണ്ടു പിടിച്ചു കൊള്ളും. അപരിചിതരായവരെ വിവാഹം കഴിക്കണമെന്നു പറഞ്ഞാൽ ഇന്നത്തെ തലമുറ ചെവി കൊള്ളണമെന്നില്ല. കമിതാക്കളായ ദമ്പതികൾ തെറ്റുകുറ്റങ്ങൾ മനസിലാക്കി വിവാഹിതരാവുന്നെങ്കിൽ മാതാപിതാക്കൾ അവർക്ക് സഹകരണം നല്കുകയാണ് വേണ്ടത്. വിവാഹം എന്നത് ഒരുവന്റെ തലയിൽ കെട്ടിയേല്പ്പിക്കാനുള്ളതല്ല. പ്രേമ വിവാഹം കൊണ്ട് പള്ളിയുടെ വരുമാനം കുറയാനും സാധ്യതയുണ്ട്. പള്ളിയുടെ സഹായം ഇല്ലാതെ അവർ സിവിൽ വിവാഹങ്ങൾ നടത്തുന്നതുകൊണ്ട് വരുന്ന സാമ്പത്തിക നഷ്ടങ്ങളും പള്ളിയെ വ്യാകുലപ്പെടുത്തുന്നുണ്ടാകാം.

      എങ്കിലും പ്രേമവിവാഹിതരേ, ഒന്ന് പറഞ്ഞു കൊള്ളട്ടെ, നിങ്ങൾ പ്രേമിച്ചു വിവാഹം കഴിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. അവിടെ പള്ളിയുടെ ഉപദേശം ചെവി കൊണ്ടാൽ കൂടുതൽ ആപ്പത്തിൽ ചെന്നുചാടും. പള്ളിയുടെ പട്ടക്കാരന് ശ രിയായ നായാട്ടിനു പോവാൻ അറിയില്ല. ഒളിച്ചും പാത്തുമിരുന്നു കള്ളവെടി വെക്കാനെ അയാൾക്കറിയുത്തുള്ളൂ. വിവാഹമെന്നത് കൂദാശയെന്നല്ലാതെ വിവാഹമെന്നത് ജീവിതമാണെന്ന് വിവാഹം കഴിക്കാത്ത പുരോഹിതനറിയില്ല. പക്ഷെ പ്രേമത്തിൽക്കൂടി വിവാഹിതരാവുന്നവർ ഒരു കാര്യം ചിന്തിക്കണം. വിവാഹത്തിനു മുമ്പുള്ള 'ഡേറ്റിംഗ് ' എന്ന 'തേനെ ചക്കരേ' യെന്ന മധുരം വിവാഹം കഴിഞ്ഞുള്ള ജീവിതത്തിൽ ചിലപ്പോൾ കടുപ്പമേറിയ വിഷമായി മാറാം. വിവാഹത്തിനു മുമ്പ് തേനും ചക്കരയും ആസ്വദിക്കുന്ന സമയം മാതാ പിതാക്കളെ ശത്രുക്കളായി ചിലർ കണക്കാക്കാറുണ്ട്. അതും പിന്നീട് കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കാം. മാതാ പിതാക്കളുടെ പിന്തുണയില്ലാത്ത കമിതാക്കൾ നല്ല സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ മാത്രം വിവാഹിതരാവാൻ ശ്രമിക്കുക. ഭർത്താവിനും ഭാര്യക്കും നല്ല വരുമാനം ഇല്ലെങ്കിൽ ഇക്കാലത്ത് കുടുംബം നില നിർത്താൻ പ്രയാസ്സമാവും. മോഹന വാഗ്ദാനങ്ങളും നല്കി ധനികനായി നടിച്ചു വരുന്ന പ്രവാസി മലയാളികളെയും സൂക്ഷിക്കുക. ഇൻറർനെറ്റു പ്രേമവും ചാറ്റിംഗ് പ്രേമവും പാവപ്പെട്ട പെണ്‍പിള്ളേരെ കുടുക്കാനും സാധ്യതയുണ്ട്. അവിഹിത ബന്ധത്തിൽക്കൂടി കുട്ടികളെ സൃഷ്ടിച്ച് അമേരിക്കയിൽ അലിമോണി കൊടുത്തു കൊണ്ടിരിക്കുന്നവൻ നാട്ടിൽ പോയി നല്ല കുടുംബത്തിൽ നിന്നും സുന്ദരി പെണ്ണുങ്ങളെ വിവാഹം കഴിച്ചുകൊണ്ട് വന്ന പലരെയും അറിയാം.

      പ്രേമിച്ചു നടക്കുമ്പോൾ കമിതാക്കൾ ഒരു പങ്കാളിയെ ശരിക്കും മനസിലാക്കണമെന്നില്ല. പൊട്ടലും ചീറ്റലും വിവാഹം കഴിഞ്ഞായിരിക്കും സംഭവിക്കുക. വിവാഹ മോചനം പോലെ ദുഃഖ കരമായ മറ്റൊന്നില്ല. അമേരിക്കയിൽ അമ്പത് ശതമാനം വിവാഹിതരായവർ വിവാഹ മോചനവും നേടുന്നുണ്ട്. ഒരുവൻ തുണി മാറുന്നത് പോലെയാണ് ചിലർ ഭാര്യമാരെയും മാറുന്നത്. വിവാഹ മോചനത്തിൽ അനുഭവിക്കുന്നത് അവരിലുണ്ടാകുന്ന മക്കളായിരിക്കും. അപ്പനും അമ്മയും ഒരു പോലെ വളർത്തിയാലെ ഒരു കുഞ്ഞിന്റെ ജീവിതം പരിപൂർണ്ണമാവുകയുള്ളൂ. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിന് മാതാപിതാക്കളുടെ ഒത്തൊരുമിച്ചുള്ള സഹകരണം ആവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഭാരിച്ച ചെലവുകളും വഹിക്കണം. ഇതിനെല്ലാം കുടംബ ഭദ്രതയും ആവശ്യമാണ്.

      പണത്തെ സ്നേഹിക്കുന്ന ചില മാതാപിതാക്കൾ പെണ്‍ മക്കൾ ആരുടെ കൂടെ പോയാലും ഗൌനിക്കാറില്ല. സ്ത്രീധനം എന്ന പ്രാചീനാചാരം ഇന്നും കേരള സമൂഹത്തിലെ എല്ലാ മതങ്ങളിലും ഉണ്ട്. സ്വത്തുക്കൾ മുഴുവൻ ആണ്മക്കൾക്ക് കൊടുക്കാനാണ് കാടൻ ചിന്താഗതികളുമായി ജീവിതം തള്ളി നീക്കുന്ന മാതാപിതാക്കളുടെ താല്പര്യം. സ്ത്രീയും തുല്യമെന്ന ചിന്ത അവർ അംഗീകരിക്കില്ല. വിശുദ്ധ പോളിന്റെ വേദ പുസ്തകമെടുത്ത് പ്രേമിക്കുന്നവരെയും പള്ളി പുരോഹിതർ ആശയ കുഴപ്പങ്ങളിൽ കുടുക്കാതിരുന്നാൽ മതി. കാലം മാറുമ്പോൾ മനുഷ്യന്റെ ചിന്താഗതികളിലും മാറ്റം വരും. സ്വവർഗാനുരാഗികളെ വിധിക്കാൻ താൻ ആരെന്ന് റോമിലെ മഹാ പുരോഹിതൻ മാർപ്പാപ്പ വരെ പറഞ്ഞു കഴിഞ്ഞു. ബൌദ്ധിക തലങ്ങളിൽ സ്ത്രീ പുരുഷനെക്കാളും അല്ലെങ്കിൽ ഒപ്പവുമെന്ന വസ്തുത പുരുഷൻ മനസിലാക്കിയാൽ കുടുംബ ജീവിതം അരക്കിട്ടുറ പ്പിക്കാൻ സാധിക്കും. അവിടെ പുരോഹിതന്റെ പൌളീൻ വേദോപദേശം നാശമേ വിതയ്ക്കുള്ളൂ.

      Delete
  2. "അബ്ബാ,പിതാവേ," എന്ന ദൈവനാമം സ്വയം നമാവിശേഷണമായി "അച്ചാ ,പിതാവേ," എന്ന് കൊണ്ടാടുന്ന ദൈവനിഷേധികളായ പുരോഹിത മേല്‍ക്കോയിമയില്‍നിന്നും ഒരിക്കലായി ഒരുവന് കരകയറണമെങ്കില്‍ മറ്റു മതസ്തരുമായുള്ള മിശ്രവിവാഹമാല്ലാതെ വേറൊരു പോംവഴി എന്റെ മാന്യവായനക്കാരെ നിങ്ങള്ക്ക് പറയാമോ ? ആരെങ്കിലും ഭാഗ്യമുള്ളജന്മങ്ങള്‍ ആവഴി രക്ഷപെടുന്നെങ്കില്‍ നാം അവരെ അനുമോദിക്കെണ്ടാതിനു പകരം അവരെ കുറ്റക്കാരായി വിധിപറയരുതേ, വിലപിക്കരുതെ എന്നാണെന്റെ അപേക്ഷ !
    പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന് വിലക്കിയ ദൈവപുത്രന്റെ ഭാവനയില്‍ ഇന്നത്തെ ഈ വഴിനീളെപ്പള്ളികളും ജല്പനക്കൂദാശകളും ഇല്ലേയില്ല! പിന്നാരുടെ വിരുതാണിതെല്ലാം ?നമ്മെ ദൈവത്തിന്റെ പേരില്‍ മരണാനന്തരവും ചൂഷണംചെയ്തു സുഖിച്ചുപുളച്ചു ജീവിക്കാന്‍ കൊതിച്ച കമാസക്തരായ പുരോഹിതന്റെ തലചോറാണിവയുടെ ഉല്‍ഭവകേന്ദ്രം !
    ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ ..
    കുട്ടിക്കാലത്ത് നാലാംക്ലാസില്വച്ചു ദാരിദ്രം മൂലം പള്ളിക്കൂടം മതിയാക്കി റബ്ബര്‍ ടാപ്പിങ്ങ് തുടങ്ങിയ ഒരു ഭാഗ്യവാന്‍ ഇന്ന് കേരളത്തിലെ ഒരു ആഗോളസഭയുടെ തലപ്പാവും വച്ചു തലപ്പത്താണ് ! പക്ഷെ ഒരസുഖം ,എല്ലമൂന്നാമ്മാസവും അതിയാന് തന്റെ മെര്സിഡീസു കാര്‍ പുതുക്കണം ! രണ്ടുകോടിയുടെ കാരാണ് വേണ്ടത് ! കഴുതമേലേറിയോന്‍ അമ്പരന്നുംപോം .....ദൈവം പൊറുക്കില്ല മെത്രാനെ ...ഇതിനൊരവസാനത്തിന്റെ തുടക്കമാണീ 'മിശ്രവിവാഹം' !

    ReplyDelete