Translate

Tuesday, March 14, 2017

എനിക്കിടമെവിടേ?

എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സാത്വികരായ മാർഗ്ഗദർശികളിൽ ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. അദ്ദേഹവുമായി വളരെ നല്ലൊരു ബന്ധമുണ്ടെനിക്ക്. തൊടുപുഴയിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സിദ്ധാന്തങ്ങളിലൂടെ പഠനകാലവും കഴിച്ച്, ഇൻഡ്യൻ എയർഫോഴ്സിൽ ചേർന്ന് മികച്ച വൈമാനികനുള്ള അംഗീകാരവും വാങ്ങിയ ഈ മലയാളിയുടെ കഥ വളരെ വിചിത്രം. ഒരു വിമാനാപകടത്തിൽ മരണം മുഖാമുഖം കണ്ട അദ്ദേഹത്തിന് ക്രിസ്തുവിന്റെ മുഖദർശനമുണ്ടായിയെന്നു പറയപ്പെടുന്നു. അദ്ദേഹം ഔദ്യോഗിക ജോലിയും, കുടുംബജീവിതവും (അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും സമ്മതത്തോടെ) ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കാനുണ്ടായതിന്റെ കാരണമിതായിരുന്നു. നീണ്ട പതിനഞ്ചോളാം വർഷങ്ങൾ, നിരവധി ഗുരുക്കുന്മാർ - ഒടുവിൽ ധർമ്മഭാരതി പ്രഥാനങ്ങളുടെ സ്ഥാപനം. 2000 ൽ യു എൻ ഓ യുടെ ആഭിമുഖ്യത്തിൽ നടന്ന ലോകമതങ്ങളുടെ ഒത്തുചേരലിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹവും ഉണ്ടായിരുന്നു. 

യേശുവിന്റെ ഉപദേശങ്ങളെ അദ്ദേഹം ജീവിതത്തിൽ പാലിക്കുന്നു. അനേകരെ (കടുത്ത ആർ എസ് എസ്സുകാരടക്കം) യേശുവിലേക്കു കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്; പക്ഷേ, ഒരു മതമായി നിലനിൽക്കുന്ന സഭയെ ഒരിക്കലും അദ്ദേഹം അംഗീകരിച്ചിട്ടില്ല, ആർക്കും അതു നിർദ്ദേശിക്കുന്നുമില്ല. ഇന്നത്തെ സഭയുടെ പോക്കിൽ അസ്വസ്ഥരായ നിരവധി വൈദികരേയും, സന്യാസിനികളേയും അദ്ദേഹത്തിന്റെ ആശ്രമത്തിൽ വെച്ചു ഞാൻ കണ്ടിട്ടുണ്ട്. അൽപ്പകാലം മുമ്പ്, അദ്ദേഹം എനിക്കയച്ച ഒരു ഈ മെയിലിൽ മതഭ്രാന്ത് തലക്കു പിടിച്ച സുവിശേഷകർ തകർത്ത സ്വന്തം മകളുടെ തന്നെ കഥയെഴുതാനും അദ്ദേഹം മറന്നില്ല.

അദ്ദേഹം എഴുതിയതിന്റെ ചുരുക്കമിങ്ങനെ: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു മാനസിക സംഘർഷാവസ്ഥയിലൂടെയാണ് അവളിപ്പോൾ കടന്നു പോകുന്നത്. ബാംഗ്ളൂർ മൗണ്ട് കാർമ്മൽ കോളേജിൽ നിന്നു സൈക്കോളജിയിൽ എം എസ് സി എടുത്തശേഷം, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും 'മീഡിയാ ആന്റ് കമ്മ്യുണിക്കേഷനിൽ' എം എസ് സി പഠനവും പൂർത്തിയാക്കി മടങ്ങിയ അദ്ദേഹത്തിന്റെ മകളെ ദ്രോഹിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളാണെന്നു തന്നെ അദ്ദേഹം പറയുന്നു. അവർ മനുഷ്യനെ ഭീഷണിപ്പെടുത്താൻ നിരന്തരം പ്രയോഗിക്കുന്ന നിത്യനരകത്തിന്റെയും നിത്യനാശത്തിന്റെയും കഥകൾ തന്നെയാണ് ഈ യുവതിയുടെയും മനസ്സിന്റെ താളം തെറ്റിച്ചതത്രെ. ഇതേ സംഘർഷാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവർ ഒന്നായിരിക്കില്ലെന്നു ഞാൻ കരുതുന്നു. ആദ്യകാലത്ത് കരിസ്മാറ്റിക്കുകാരെ സഭ അംഗീകരിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇത്തരം കുത്തിത്തിരികലായിരുന്നിരിക്കണം. കരിസ്മാറ്റിക്കുകാരുടെ അപക്വ കൗൺസലിങിന്റെ ഫലമായി ജീവിതം തകർന്നവരുടെ നിരവധി കഥകൾ, ഈ ബ്ലോഗ്ഗിലൂടെ തന്നെ വന്നിട്ടുണ്ട്. ഒരു ക്രിസ്ത്യാനി മാനസിക രോഗചികിൽസക്ക്  ഏതെങ്കിലും മാനസിക രോഗാസ്പത്രിയിൽ ചെന്നാൽ, ഡോക്ടർ ചോദിക്കുന്ന ചുരുക്കം ചില ചോദ്യങ്ങളിൽ കരിസ്മാറ്റിക്കിനു പോയിരുന്നോയെന്ന ചോദ്യവും പെടും - ഞാൻ സാക്ഷി!

ഏതു പ്രതിസന്ധിയിലും നേരിട്ടു സമീപിക്കാവുന്ന, എപ്പോഴും യഥേഷ്ടം ഇടപെടാവുന്ന ഉള്ളിലുള്ള ഒരു ശക്തിയേയാണ് ഞാനെല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കാറ്. അതു തിരിച്ചറിഞ്ഞവരെല്ലാം ബഹുകാതം മുന്നിലാണിപ്പോൾ. ഒപ്പമുള്ള ആ ഈശ്വരന്റെ സാന്നിദ്ധ്യം, ചെറിയ ചെറിയ അനുഭവങ്ങളിലൂടെ അനുഭവിച്ചുതുടങ്ങിയാൽ ഒരുവൻ രക്ഷപ്പെട്ടുവെന്നു പറയാം. അവനെ/അവളെ ഒരു പോറൽ പോലുമേൽപ്പിക്കാൻ ആർക്കും കഴിയില്ല. ചെറുതും വലുതുമായ കാറ്റുകളും കൊടുങ്കാറ്റുകളും ജീവിതത്തിലുണ്ടാകുമ്പോൾ, ഉള്ളിലുള്ള ആ ഈശ്വരനോട് സഹായിക്കാൻ ആവശ്യപ്പെടാൻ എവിടെ പണം മുടക്ക്? ആ ഈശ്വരനും നമുക്കുമിടയിൽ എന്തിനു മൈക്രോസ്കോപ്പുകൾ? നമ്മുടെ ബുദ്ധിമുട്ടുകളിൽ നമ്മെ സഹായിക്കാൻ, പള്ളി, പണം, കരിസ്മാറ്റിക്, നൊവേനകൾ, പുണ്യവാന്മാർ, ആശുപത്രികൾ....... എല്ലാം ആധുനിക മതങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു. ദൈവം ചോദിക്കുന്നയൊരു കാര്യമുണ്ട് - എനിക്കിടമെവിടെ? 

എല്ലാ സൗകര്യങ്ങളും അവിടെയായിരിക്കെ, ഹൃദയം മുഴുവൻ ദൈവത്തിനായി ഒരുക്കി വെക്കുന്നവന്റെ ജിവിതത്തിലേ ദൈവം പ്രവർത്തിക്കൂ. അതാകട്ടെ നമ്മുടെ ഹൃദയങ്ങളുടെ ബ്ലോക്ക്, സർജറിയില്ലാതെ മാറ്റിക്കൊണ്ടായിരിക്കില്ല. സംഭവിക്കുന്നതു മുഴുവൻ നല്ലതിനാണെന്നു കരുതുന്നവന് ഒരിക്കലും ദൈവത്തോടു പരിഭവപ്പെടാൻ ഒന്നും കാണില്ല. നിറയെ നന്ദിയുടെ ശീലുകൾ മാത്രമായിരിക്കും. 'എനിക്കു തരണേ' യെന്ന് സ്വന്തം സ്വാർത്ഥത നോക്കിയോ, 'ഞങ്ങൾക്കു തരേണമേയെ'ന്ന് ഏതെങ്കിലും ഒരു കൂട്ടത്തെ മാറ്റി നിർത്തിയോ ചെയ്യുന്ന അഭ്യർത്ഥന എങ്ങനെ ക്രൈസ്തവമാകും? ദൈവവുമായി സമരസപ്പെടുന്നവനെ യാതൊന്നും ഉപദേശിക്കേണ്ടതില്ല - അവൻ സർവ്വ ചരാചരങ്ങളോടും സഹഭാവത്തോടെ പെരുമാറാൻ പഠിച്ചിരിക്കും.

മാറിച്ചിന്തിക്കുന്നതിന്റെ പേരിൽ സഹതാപത്തോടെ പലരുമെന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴൊരറ്റാക്ക് വന്നാൽ ഞാനെങ്ങിനെ പ്രതികരിക്കും, ഇതായിരുന്നൊരാൾക്ക് അറിയേണ്ടിയിരുന്നത്. ആ സമയം, എന്റെ വളർച്ചക്ക് ആ അനുഭവമാണ് വേണ്ടതെന്നു മനസ്സിലാക്കി ദൈവത്തിനു നന്ദി പറയുമെന്നു മറുപടി പറയാൻ ഒരു നിമിഷം പോലും എനിക്കു വേണ്ടി വന്നില്ല. ഞൻ തയ്യാറാണ് - ഏതു പദ്ധതിക്കും. അനന്തമായ, വ്യവസ്ഥകളില്ലാത്ത സ്നേഹമെന്ന ദൈവത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ നരകമെന്നു പ്രസംഗിക്കുന്നവർ ഒരേ വാചകത്തിൽ തന്നെ എത്ര വൈരുദ്ധ്യങ്ങളാണ് വിളമ്പുന്നതെന്നറിയുന്നില്ല. രൂപവും ഭാവവും ഗുണവും വ്യക്തിത്വവുമൊന്നുമില്ലാത്ത ഈശ്വര സന്നിധിയിലും അവർ തിരി കത്തിച്ചുകളയും! ഇവിടെയൊക്കെ തല കൊണ്ടുപോയി വെച്ചുകൊടുക്കുന്നവർ തന്നെയാണിതിനെ വളർത്തുന്നതും.

ഞാൻ മാത്രമല്ലിങ്ങനെ ചിന്തിക്കുന്നത്. നിരവധി സന്യസ്തരും, അത്മായരും വഴിതിരിയുന്നു. സഭക്കുള്ളിൽ ഇങ്ങിനെ വലിയൊരു ചിന്താധാര രൂപപ്പെടുന്നുവെന്നതു പൊതുജനം അറിയുന്നില്ലെന്നു കരുതിയാൽ ശരിയാവില്ല. അവർ പലതും മറന്നും പൊറുത്തും എങ്ങോയുണ്ടെന്നു കരുതുന്ന സത്യം തേടി കാത്തിരിക്കുന്നു. അവർക്കറിയാം, ഒരു ധ്യാനഗുരുവും പറയുന്നതു മുഴുവൻ ശരിയല്ലെന്ന്. പള്ളിയെടുക്കുന്ന പിരിവിനും, അച്ചന്മാർ കൈയ്യടക്കിയിരിക്കുന്ന അധികാരത്തിനും, മെത്രാന്മാർ കാണിക്കുന്ന വിവരക്കേടുകൾക്കുമൊക്കെ അപ്പുറമുള്ള സത്യം കാണാൻ, അവിടെത്തന്നെ നിൽക്കണമെന്നവർ പഠിച്ചുവശായിരിക്കുന്നു. ഈ അടുത്ത കാലത്തു ഞാൻ നടത്തിയ വിദേശ യാത്രക്കിടയിലുണ്ടായ ഒരനുഭവം പറയാം. ഒരു പള്ളിയിൽ കുട്ടികൾക്ക് നാലു ദിവസത്തെ ഒരു കരിസ്മാറ്റിക് ധ്യാനം നടന്നു. അവസാന ദിവസം പരി. ആത്മാവിന്റെ അഭിഷേകം നടന്ന കഥ ധ്യാനത്തിൽ പങ്കെടുത്ത കുട്ടി മാതാപിതാക്കന്മാരോട് വിവരിക്കുന്നു. 'എല്ലാവരോടും കണ്ണടക്കണമെന്നു പറഞ്ഞു, ഞാനും കണ്ണടച്ചപോലെ നിന്നു. ഒരാൾ വന്നെന്റെ നെറ്റിയിൽ പിടിച്ചൊരു തള്ള്; വീഴാതെ നിവൃത്തിയില്ലായിരുന്നു - വീണു. കണ്ണു തുറന്നു നോക്കിയപ്പോൾ, എല്ലാവരും കിടക്കുന്നു, ഞാനും അങ്ങിനെ തന്നെ കിടന്നു.'

ഈ കുട്ടിയുടെ ജീവിതത്തിലെ മാനസിക സംഘർഷങ്ങളുടെ കഥ ഇവിടെ തുടങ്ങുകയാണെന്നു ഞാൻ പറയും. അടിച്ചേൽപ്പിച്ച തത്ത്വങ്ങൾ ജീവിതത്തിൽ എടുത്തുവെച്ചു നോക്കുമ്പോൾ യുക്തികൊണ്ടും അനുഭവം കൊണ്ടും ചേരാതെ വരും. അതാണ് വലിയ മാനസിക സംഘർഷങ്ങളിൽ പുതു തലമുറ ചെന്നുപെടുന്നതിന്റെ കാരണവും. പുതു കുടുംബങ്ങളുടെ തകർച്ചയുടെ ചരിത്രവും, മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ പൊരുത്തക്കേടുകളിൽ തുടങ്ങും.

ഇതു തന്നെയാണ്, പുരി ശങ്കരാചാര്യരും പറഞ്ഞത് (18 - 06 - '15). ഭാരതം, ചിന്തയില്ലാത്ത ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും രാഷ്ട്രീയക്കാരുടേയും പിടിയിലാണെന്നാണദ്ദേഹം പ്രസ്താവിച്ചത്; വളരെ സത്യമാണിത്. ദാർശകനികതയുടെ മുഖങ്ങളെ, അതിന്റെ എല്ലാ പോരായ്മകളോടും കൂടെ ഭാരതം മാത്രമേ എക്കാലവും സ്വീകരിച്ചിട്ടുള്ളു. വ്യത്യസ്ഥ ചിന്താധാരകളെ  മറ്റുദേശങ്ങളിൽ കൊന്നുമൂടിയപ്പോൾ, ഭാരതം അവയുമായി സമരസപ്പെടാൻ ശ്രമിച്ചു. എന്തിനേയും സന്തോഷത്തോടെ സ്വീകരിക്കാനും തനിക്കു വേണ്ടതിനെ ഉൾക്കൊള്ളാനും ഭാരതം ഒരോരുത്തർക്കും നൽകിയ സ്വാതന്ത്ര്യമാണ് വ്യാപകമായി ഇവിടെ ചൂഷണം ചെയ്യപ്പെട്ടത്. ഇന്നു കത്തോലിക്കാ സഭ സമൂഹത്തിന്റെ ചാട്ടവാറടികളേറ്റു പുളയുന്നുവെങ്കിൽ അതിന്റെ കാരണമന്വേഷിച്ചു ലോകം മുഴുവനലയേണ്ട കാര്യമില്ല. എവിടെ ദൈവത്തിന്റെ ചൈതന്യം പ്രവർത്തനരഹിതമാണോ, അവിടെ അന്ധകാരത്തിന്റെ ശക്തികൾ, ഭൗതികസുഖങ്ങളുടെ സുവിശേഷം പ്രഘോഷിക്കും.

ഗദ്സമൻ തോട്ടത്തിലെ മണ്ണിൽ മുട്ടുകുത്തി നിന്ന യേശുവിനിഷ്ടപ്പെടുന്ന നിലവാരത്തിലുള്ള വരാന്തകൾ പോലും, യേശുവിന്റെ പേരിലുള്ള ഒരു പള്ളിക്കുമില്ല. യേശു ജീവിച്ചിരുന്നപ്പോൾ നാളെ എന്റെ കൂടെ പറുദീസായിലായിരിക്കുമെന്ന് ഒരാളോടെ പറഞ്ഞിട്ടുള്ളൂ - ആ കള്ളന്റെ പേരിൽ പള്ളികളും കുറവ്. പഴം മോശമെങ്കിൽ മരത്തെ എന്തു ചെയ്യണമെന്നു ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ടല്ലൊ! അങ്ങനെ തന്നെ ചെയ്യാനാണിപ്പോൾ വിശ്വാസികൾ ഒരുമ്പെടുന്നതെന്നും തോന്നുന്നു. 

1 comment:

  1. ''ഫലമേകാ തരുക്കളെ ചുവടെ മുറിക്കുന്നീശൻ എരിതീയാം വാളുമായ് ആഗമനമെന്നോ?'' എന്നോർത്തിരുന്നപ്പോളാണ് ക്രിസ്തുവിനെ അറിയാത്ത ഇന്നിന്റെ പൗരോഹിത്യത്തെ കാലം തന്നെ നഗ്നമാക്കുന്നത് കാണാനിടയായത്! അവരുടെ ളോഹയും പുറംകുപ്പായവും കപടഭക്തിയും അവരുടെ ദുഷ്കർമ്മങ്ങൾ തന്നെ കാലത്തിന്റെ മുന്നിൽ അഴിച്ചു മാറ്റിയപ്പോൾ. ജീവികൾ ഭയാത്ഭുതങ്ങളോടെ കണ്ണുമിഴിച്ചുനോക്കിയിരുന്നുപോയി; കുരിശിതനു ഉൾപുളകവും! ൨൦൦൦ കൊല്ലം കൊഴിഞ്ഞിട്ടും "നിന്നെപ്പോലത്തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ'' കഴിയുന്ന ഒരു സഭയോ ജീവിയോ ഉണ്ടായില്ലെങ്കിൽ ക്രിസ്തുവിന്റെ ഡോക്ടറിൻ ഇവരുടെ കൈകളിൽ കിടന്നു വീർപ്പുമുട്ടി മരിച്ചുപോയി ! കാലഹരണപ്പെട്ട ക്രിസ്തീയത ''ലോക സമസ്താ സുഖിനോ ഭവന്തു''എന്ന വേദ മന്ത്രത്തിനു മുന്നിൽ തലകുനിച്ചു വണങ്ങിയെങ്കിൽ നമുക്കെന്തുകൊണ്ട് ഈ അവിഞ്ഞുനാറിയ മതം മാറിക്കൂടാ..? പണ്ട് നമ്മുടെ പൂർവീകർ അവരുടെ മതം സവര്ണരാൽ പിച്ചിച്ചീന്തപ്പെട്ടപോലല്ലേ മതം മാറി ഈ പാതിരി പുറകെ പോയത്? ഇതുങ്ങളെ തിരുത്താനാർക്കും ആവില്ല എന്നിരിക്കെ നാം നമ്മുടെ പിതാമഹന്മാരുടെ സനാതന മതത്തിലേക്ക് സ്വയം ഓടിയൊളിക്കുന്നതാണ് രക്ഷയുടെ ഏക മാർഗം! ഒരു നല്ല തുടക്കത്തിനായി ഒരു രാഷ്ട്രീയ ബന്ധുപോലെ, ''പള്ളിയിൽപോക്ക്‌'' ഒന്ന് ബന്ധുചെയ്യുക! എല്ലാമാസത്തെയും ആദ്യ / അവസാന ഞായറാഴ്ചകൾ നമുക്ക് ആകമാനം ആടുകൾക്കുംകൂടി ''പള്ളിയിൽപോക്ക്‌'' ഒന്ന് ബന്ധു ചെയ്യാം ! ഫലം ഗുണം ! samuelkoodal

    ReplyDelete