Translate

Sunday, March 5, 2017

മാറണം, മാറിയേ തീരൂ!

ഒരു കത്തോലിക്കൻ എന്ന നിലയിൽ ലജ്ജകൊണ്ടു മുഖം കുനിച്ചാണു ഞാനിതെഴുതുന്നത്. പാരമ്പര്യത്തിന്റെ പേരിൽ ഒരെപ്പാർക്കിയായി, സർവ്വ ഭൗതിക സ്വത്തുക്കളും അരമനകളുടെ പേരിലാക്കി, സർവ്വ മേഖലകളിലും സംഘടനകളുണ്ടാക്കി - വളർച്ചയുടെ പേരിൽ എല്ലാത്തിനേയും വന്ധ്യംകരിച്ചു സ്വന്തമാക്കി സർവ്വതിന്റേയും തലപ്പത്ത് മെത്രാന്മാരും വന്നു. ഇത്, ആകമാന സഭയിൽ ഉണ്ടാക്കിയിരിക്കുന്ന ക്ഷതം ചെറുതല്ലെന്നും ഇതു പരിഹരിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും ബന്ധപ്പെട്ട മുതിർന്ന ചിലരോടു പറഞ്ഞിട്ട് ഒരാഴ്ച്ച തികയുന്നതിനു മുമ്പു ഫാ. റോബിൻ കസ്റ്റഡിയിലായി. അന്വേഷണത്തിൽ കണ്ടത്, ഈ കുറ്റവാളിയെ രക്ഷിക്കാൻ മാമ്മോദീസാ സർട്ടിഫിക്കറ്റ് മുതൽ അനാഥാലയത്തിലെ അഡ്മിഷൻ കാർഡ് വരെ തിരുത്തിയെന്നാണ്. ഒരക്രൈസ്തവൻ ചുരുക്കിപ്പറയുന്നത്, സഭ ക്രിമിനലുകളുടെ ഗുഹയാണെന്നാണ്. 

'വൈദികന്റെ കൈ പരിശുദ്ധമാണ് അതിനെ ദ്വേഷിക്കരുത് - നിത്യ നരകം ഫലം', ഇങ്ങിനെയൊരു സന്ദേശം വിശ്വാസികൾക്കു നൽകി കൈകഴുകിയിരുന്നവർ ഓർക്കുക, ഈ മറ വൃത്തികേടു കാണിക്കാനുള്ള അഭിഷിക്തരുടെ തന്റേടം കൂടാനെ കാരണമായുള്ളൂ. 31 ഓളം വൈദിക വിദ്യാർത്ഥികളെ ഫാ. ജെയിംസ് തെക്കേമുറി മാനഭംഗപ്പെടുത്തിയതെന്നാണ് അതിലൊരാൾ പരാതിപ്പെട്ടിട്ടുള്ളത് - മുഴുവൻ പേരും സെമ്മിനാരി വിട്ടു. പരാതി പറഞ്ഞവന്റെ കഴുത്തിൽ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ആ വൈദികനും ഭാഗികമായി രക്ഷപ്പെട്ടു; ഇത് ഒരുദാഹരണം മാത്രം.

കുറ്റക്കാരായ വൈദികരെ രക്ഷിക്കുന്നതിന്റെ മറവിൽ ഇരയെ നിലം പരിശാക്കുന്ന ജോലിയും ചിലരുടെ നേതൃത്വത്തിൽ മുറക്കു നടക്കുന്നു; കൊക്കനച്ചന്റെ കേസിൽ കുട്ടിയും കുടുംബവും സാത്താൻ സേവകരായി, ഫിഗെരസിന്റെ കേസു വന്നപ്പോൾ കുടുംബം അഭിസാരികയുടേതായി, സി അഭയായുടെ വീട്ടുകാർ മാനസിക രോഗികളായി.... കണ്ണൂരിൽ മകളെ മാനഭംഗപ്പെടുത്താൻ അഛനുമുണ്ടായി. ദൈവം തന്ന സാമാന്യബുദ്ധി ഉപയോഗിക്കാനോ ചിന്തിക്കാനോ മിനക്കെടാത്ത ഒരു വിശ്വാസീസമൂഹം പരുവപ്പെട്ടിടത്താണ് ഇതൊക്കെ സാദ്ധ്യമാവുന്നതെന്നു കാണുക.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയായിലും വന്ന വാർത്തകളും കത്തോലിക്കരുടെ തന്നെ അഭിപ്രായങ്ങളും സമാഹരിച്ചാൽ ഇങ്ങിനെ പറയാം - സഭ ഒരു പിളർപ്പിലേക്കു തന്നെയാണു പോകുന്നത്, വേണ്ട തിരുത്തലുകൾ നടപ്പാക്കാനുള്ള ആർജ്ജവം അധികാരികൾക്കില്ലായെന്നതു തന്നെ കാരണം. സഭ വിട്ടു പോകുന്നവരുടേയും, കൂദാശകൾ സ്വയം നിഷേധിക്കുന്നവരുടേയും സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. ഈ അടുത്ത ദിവസം ഇരിങ്ങാലക്കുടയിൽ മരിച്ച ഒരു മദ്ധ്യവയസ്കൻ സ്വശരീരം മെഡിക്കൽ കോളേജിനു കൊടുക്കാൻ വില്ലെഴുതി വെച്ചിരുന്നു. അത്തരം വില്ലുകൾ ഒന്നല്ല.

സർവ്വവിധ ആർഭാടങ്ങളും തികഞ്ഞ പള്ളിമേടകളേപ്പറ്റി മാത്രം ചിന്തിക്കുന്ന വൈദിക സമൂഹത്തിന് ഒരിക്കലും ആർക്കും ആത്മീയത പകർന്നു കൊടുക്കാൻ കഴിയുകയില്ലെന്നു നിസ്സംശയം പറയാം. വൈദികരെ പള്ളികളിലേക്കു തിരിച്ചു വിളിക്കുകയെന്നത് ഒരു പരിഹാരം. സഭയുടെ ഭൗതിക സ്വത്തുക്കൾ മുഴുവൻ നിയന്ത്രിക്കാൻ കെൽപ്പുള്ള അത്മായർ ഇവിടുണ്ട് - സഭയുടെ സ്വത്തുക്കൾ മുഴുവൻ അത്മായന്റേതാണ്. അവർ സഭയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു - അന്നു സഭ വളരുകയായിരുന്നു, വൈദികർക്കു സമൂഹത്തിൽ ഒരു വിലയുമുണ്ടായിരുന്നു. 

കുറച്ചുകാലം മുമ്പ് തൊടുപുഴയിൽ സലോമി ആത്മഹത്യചെയ്തപ്പോൾ സമൂഹം കാണിച്ചതിന്റെ പത്തിരട്ടി ശക്തിയിലാണ് ഇന്ന് പൊതുജനത്തോടൊപ്പം ചേർന്നു കത്തോലിക്കർ സഭക്കെതിരെ മുറുമ്മുന്നത്. നിരവധി വൈദികരാണ് നേരിട്ട് ഫെയിസ് ബുക്കിൽ വന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ആർഭാടത്തിന്റെയും അധികാരത്തിന്റെയും പിരിവിന്റേയും സുവിശേഷം ഉപേക്ഷിക്കാൻ സഭാധികാരികൾ തയ്യാറാകുന്നില്ലെങ്കിൽ, അവരെ അതിനു പ്രേരിപ്പിക്കാൻ എല്ലാവർക്കും കടമയുണ്ട് - കാരണം, സഭ അവരുടേതു മാത്രമല്ല. 
ഒരു പരിഹാരം, വിശ്വാസപരമല്ലാത്ത എല്ലാ ആഹ്വാനങ്ങളോടും പൂർണ്ണമായി നിസ്സഹകരിക്കുകയെന്നതാണ്. സഭാധികാരികളെ ചിന്തിപ്പിക്കാൻ ആ ചലനത്തിനു കഴിഞ്ഞേക്കും. അതു നാളെ മറ്റൊരുവൻ ചെയ്യേണ്ടതല്ല, ഇന്നു ഞാൻ ചെയ്തു തുടങ്ങേണ്ടതാണെന്ന് ഓരോരുത്തരും കരുതുക.

ജോസഫ് മറ്റപ്പള്ളി
+91 9495875338
                    
ഒരു മറുപടി, പേരാവൂരിൽ നിന്നും:

തീർച്ചയായും സാർ, പേരാവൂരിൽ നിന്ന് കത്തോലിക്കാ കുടുംബങ്ങൾ സ്ഥലംവിറ്റു പോകുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത്രക്കും മാരകമായ മുറിവാണ് കൊട്ടിയൂർ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. മധ്യവയസ്കനായൊരു പള്ളിവികാരി പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭസ്ഥയാക്കി എന്നതിനേക്കാൾ ഭയാനകം, പിതൃത്വം പെൺകുട്ടിയുടെ തന്നെ അപ്പനിൽ ആരോപിക്കാൻ പ്രേരിപ്പിക്കുകയും, പെൺകുട്ടിയും എന്തിന് അവളുടെ അമ്മയടക്കം ആ കൊടുംനുണ സമൂഹത്തിനു മുന്നിൽ സമ്മതിക്കാൻ തയ്യാറാവുകയും ചെയ്തു എന്നിടത്താണ് സഭാസംവിധാനത്തിന്റെ കരുത്തും ജീർണ്ണതയും വെളിപ്പെടുന്നത്.

3 comments:

 1. ശ്രീ. മറ്റപ്പള്ളി എഴുതിയിരിക്കുന്നത് നൂറുശതമാനം ശരിയാണ്. പത്തുമുപ്പത്തഞ്ചുവർഷങ്ങൾക്കുമുന്പ് സഭയിലെ പ്രഗല്ഭരായ ചില അല്മായർ - പ്രഫസർമാരായ എം. വി. പൈലി, കെ. എം. ചാണ്ടി, പി.ടി. ചാക്കോ, ജോസഫ് പുലിക്കുന്നേൽ, സ്കറിയാ സക്കറിയ, തുടങ്ങിയവർ - ചേർന്ന് അന്നത്തെ സഭാധികാരികളുമായി സഭയെ സംബന്ധിച്ച് ചില കാര്യങ്ങൾ സംസാരിക്കാൻ ഒരവസരം തരണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം നൽകിയിട്ട് അതിനൊരു മറുപടിപോലും നൽകാതെ അവരെ അവഹേളിക്കുകയാണ് അന്നു ചെയ്തത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഡോ. ജെയിംസ് കോട്ടൂരും മാറ്റ് മൂന്ന് അല്മായരും മാർ ആലഞ്ചേരി മെത്രാപ്പോലീത്തായ്ക്ക് ചർച്ചയ്ക്കുള്ള ഒരവസരം തരണമെന്നാവശ്യപ്പെട്ട് കത്തുനൽകിയിട്ട് അദ്ദേഹവും മൗനം പാലിക്കുകയാണ് ചെയ്തത്. വൈദികരെയും സന്യസ്തരെയും കന്യാസ്ത്രികളെയും അല്മായരെയും സഭാകാര്യങ്ങളിൽ ക്രിയാത്മകമായി പങ്കുചേർത്തിരുന്നെങ്കിൽ സഭയിലെ മൂല്യച്യുതിയ്ക്ക് കുറെയെല്ലാം അറുതിവരുത്താൻ സാധിക്കുമായിരുന്നു. അതിന് സർവ്വാധികാര്യസ്ഥന്മാരായ മെത്രാന്മാർ വഴങ്ങേണ്ടെ?

  'ലൈംഗികതയും പൗരോഹിത്യവും' എന്ന എൻറെ പുസ്തകം 2011-ൽ ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ ഒരു കൊച്ചച്ചൻ പ്രതികരിച്ചത്, "ഇതെല്ലാം എഴുതി ലോകരെ മുഴുവൻ അറിയിച്ചിട്ടെന്തുകാര്യം?" എന്നാണ്. ഇപ്പോൾ കൊട്ടിയൂർ റോബിൻറെ കാര്യം ലോകം മുഴുവൻ പാട്ടായില്ലേ കൊച്ചച്ചാ?

  ശ്രീ മറ്റപ്പള്ളി പറഞ്ഞപോലെ പള്ളിയും പള്ളിസ്വത്തുക്കളും മെത്രാന്മാർ പിടിച്ചെടുത്തു. സ്കൂളുകളും കോളേജുകളും അവരുടെ കൈയ്യിൽ അമർന്നു. അച്ചന്മാരും കന്യാസ്ത്രികളും അനുസരണയുടെ മറവിൽ മെത്രാന്മാരുടെ വെറും അടിമകളായി. അല്മേനികളെ നിലയ്ക്കുനിർത്താൻ തെമ്മാടിക്കുഴിപോലുള്ള ശിക്ഷാനടപടികൾ നടപ്പാക്കുന്നു. അജപാലക്കരുടെ (?) സുഖസമുദ്ധമായ ജീവിതത്തിന് അരമനകൾ പണിയുന്നു. മെഗാപള്ളികൾ പണിയുന്നു. നൂറുകൂട്ടം ഭക്തസംഘടനകൾ ഉണ്ടാക്കി അല്മായരെ അതിൽ തളച്ചിടുന്നു. കരിസ്മാറ്റിക് ധ്യാനങ്ങൾ, വേദപാഠക്ലാസുകൾ തുടങ്ങിയവകൾവഴി അല്മേനികളെ മന്ദബുദ്ധികളാക്കി അവർക്ക് കീജെ വിളിക്കുന്ന മണ്ടന്മാരെ വാർത്തെടുക്കുന്നു. അല്മേനിയുടെ തലപൊക്കാൻ ഒരു മെത്രാനും സമ്മതിക്കില്ല. അങ്ങനെ അല്മേനിയെ ഒഴിവാക്കി സീറോ മലബാർ കത്തോലിക്കാസഭ വളരുന്നു!

  കൊട്ടിയൂരിലെ റോബിനെപ്പോലെ എത്ര തെമ്മാടികൾ ഒളിഞ്ഞുകഴിയുന്നുണ്ടാകും? ഇനി കഥകൾ വെളിച്ചത്തുവന്നാലും സ്ഥാപിതസഭയാകുന്ന വമ്പിച്ച പ്രസ്ഥാനം അവരെ താങ്ങിക്കൊള്ളും. നല്ല വൈദികർ സഭാധികാരികളുടെ ദുഷ്പ്രവർത്തികൾക്കെതിരായി ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നില്ല എന്ന കാര്യം എനിക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. കുപ്പായം തെറിക്കും എന്ന പേടിയായിരിക്കാം അല്ലെങ്കിൽ വർഗ്ഗബോധമായിരിക്കാം അവരെ നിശ്ശബ്ദരാക്കുന്നത്. ഫാ ജിജോ കുര്യൻറെ ഒന്നാംതരം ഒരു ലേഖനം കൊട്ടിയൂർ സംഭവത്തെപ്പറ്റി ഫേസ്ബുക്കിൽ വായിച്ചു. അദ്ദേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി. 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന എൻറെ പുസ്തകത്തിലെ അവതാരികയിൽ പ്രഫസർ ഡോ. സ്കറിയാ സക്കറിയ എഴുതിയതിപ്രകാരമാണ്: "പുതിയൊരു തലമുറ ഇവിടെ വളർന്നുവരുന്നുണ്ട്. അവർ പഠിപ്പും പണവും പദവിയും ഉള്ളവരാണ്. അവർക്ക് പള്ളി ഒരു പണപ്പിരിവുസംഘം മാത്രമാണ്. ശല്യം ചെയ്യാതിരിക്കാൻ ഉദാരമായി പണം നൽകേണ്ട സ്ഥാപനം. അതിനപ്പുറം പള്ളിയിൽ മറ്റൊന്നും അവർ അനുഭവിക്കുന്നില്ല. നിയമങ്ങൾ കർശനമാക്കുംതോറും, അനുഷ്ഠാനങ്ങളും നടപടിക്രമങ്ങളും വക്രമാകുംതോറും അവർ സഭയിൽനിന്ന് അകലുകയാണ്. ചോദ്യങ്ങൾ ഉന്നയിക്കാൻ അവർക്കു താല്പര്യമില്ല. ആ നിശ്ശബ്ദസമൂഹത്തിൻറെ വരവിനായി അധികാരികൾ കാത്തിരിക്കുകയാണ്. അവരുടെ മുഖത്തെ അവജ്ഞ അധികാരികൾ കാണുന്നില്ല. ശ്രദ്ധ മുഴുവൻ പോക്കറ്റിലാണല്ലോ." ഗതിമുട്ടുമ്പോൾ ചില വിശ്വാസികൾ സഭവിട്ടുപോകുന്നു. അവരെ സഭാവിരുദ്ധർ എന്ന് മുദ്രകുത്തി അപമാനസിച്ചാസ്വദിക്കും. തെറ്റ് മനസ്സിലാക്കാനോ അത് തിരുത്താനോ സഭാധികാരം കൂട്ടാക്കുന്നില്ല. അവർ ഇരിക്കുന്ന കൊമ്പ് അവർതന്നെ മുറിക്കട്ടെ. ദൈവജനമേ നിങ്ങൾ പ്രതികരിക്കണം.

  ReplyDelete
 2. പുരോഹിതകുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട് - കുറ്റ'വ്യാളി'കളെ സംരക്ഷിക്കുന്നതില്‍ മെത്രാസനങ്ങളുടെ പങ്ക്. അതു ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിന് ഉതകുന്ന സംവിധാനവുമുണ്ട് - അരമനക്കോടതി.

  ഒരു വൈദികന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നിരിക്കട്ടെ. അവളുടെ മാതാപിതാക്കള്‍ സാധാരണഗതിയില്‍ ആദ്യം പരാതിപ്പെടുന്നത് അരമനക്കോടതിയിലായിരിക്കും. കാനോന്‍ നിയമമനുസരിച്ച് നിയമ നടപടികളാരംഭിക്കും. അതിനായി ഒരു കത്തനാര്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് ആയി വാഴിക്കപ്പെടും. അയാള്‍ പരാതി പഠിച്ചിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. കാനോന്‍ നിയമമനുസരിച്ചേ അയാള്‍ക്കതു ചെയ്യാന്‍ സാധ്യമാകൂ.

  ഏതു സ്ത്രീയെ പീഡിപ്പിച്ചാലും, ഗര്‍ഭിണിയാക്കിയാലും ഒരു പുരോഹിതനാണതു ചെയ്തതെങ്കില്‍ അയാളില്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഇവയായിരിക്കും:
  1. പുരോഹിതന്‍ തന്റെ പാവനമായ ബ്രഹമചര്യം(ലൈംഗികപരിശുദ്ധി) കളങ്കപ്പെടുത്തിയിരിക്കുന്നു.
  2. അയാള്‍ തന്റെയും സഭാമാതാവിന്റെയും സല്‍പ്പേര് കളങ്കപ്പെടുത്തിയിരിക്കുന്നു.
  3. നല്ലവരായ സത്യവിശ്വാസികള്‍ക്ക് അയാള്‍ ഉതപ്പുണ്ടാക്കിയിരിക്കുന്നു.

  തുടര്‍ന്നു നടക്കുന്ന വിചാരണയില്‍ വാദി മേല്‍പറഞ്ഞ പ്രൊമോട്ടറായിരിക്കും. ഇരയാക്കപ്പെട്ട പെണ്‍കുട്ടി പുരോഹിതന്റെ ...പരിശുദ്ധി പരിശോധിക്കുന്നതിനുള്ള ഒരു തൊണ്ടിമുതല്‍ മാത്രമായി മാറും. കാനോന്‍ നിയമപ്രകാരം കുറ്റവാളിക്കു കിട്ടാവുന്ന പരമാവധി ശിക്ഷ കത്തനാര്‍ പണി പോകും എന്നതുമാത്രം. അതും, പശ്ചാത്തപിക്കാതെ കുറ്റകൃത്യങ്ങളില്‍ തുടരുമെന്നു വാശിപിടിച്ചാല്‍ മാത്രം.

  സഭാമാതാവിന്റെ കാരുണ്യം കൊണ്ട്, ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കു കുറച്ചു സാമ്പത്തികവും കേരളത്തിനു പുറത്തെവിടെയെങ്കിലും ജോലിയും പ്രതീക്ഷിക്കാം. കൊച്ചുണ്ടായാല്‍ അതിനെ ഏറ്റെടുക്കാന്‍ സഭാവക അനാഥാലയങ്ങളുമുണ്ട്.
  കുറ്റവാളികളെ സംരക്ഷിക്കുന്ന അരമനക്കോടതികള്‍ നിലനില്‍ക്കുവോളം പുരോഹിതകുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും.

  ReplyDelete
 3. ഈ വിഷയത്തിൽ പ്രതികരിച്ചതിന് ഡോ. കൊട്ടൂരിനോടും, ശ്രീ ചാക്കോ കളരിക്കലിനൊടും, ശ്രീ ജോസഫ് മാത്യുവിനോടും, ശ്രീ. സെബാസ്റ്റ്യൻ വട്ടമറ്റത്തിനോടും, ശ്രീ. കൂടലിനൊടുമൊക്കെ നന്ദി. ഞാൻ കണ്ടുമുട്ടിയ നിരവധിപ്പേരാണ് എന്നൊട് ഐക്യധാർഢ്യം പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, മെത്രാന്മാർ കൂട്ട ആത്മഹത്യ ചെയ്യുമെന്നൊന്നും ആരും കരുതണ്ട. ചർച്ചക്കെടുത്തു പരിഹരിക്കാവുന്നതല്ല ഇപ്പോഴത്തെ സഭയുടെ സ്ഥിതി - അൽപ്പം തമാശകൾക്കൂടി സംഭവിക്കാനുണ്ട്. തകർച്ചക്ക് അധികം സമയം വേണ്ടാ - വിശ്വാസികൾ രണ്ടു മാസം പിരിവുകൊടൂക്കാതിരുന്നാൽ മാത്രം മതി. അതു സംഭവിക്കാൻ വല്യതാമസമില്ല.

  ReplyDelete