Translate

Saturday, October 4, 2014

കത്തോലിക്കാ സഭയുടെ അസാധാരണ സിനഡ് വത്തിക്കാനില്‍ തുടങ്ങും
Updated By News Desk
October 4, 2014, 7:58 AM
top news
കൊച്ചി: കുടുംബ ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനുള്ള കത്തോലിക്കാ സഭയുടെ അസാധാരണ സിനഡ് ഒക്ടോബര്‍ 5ന് വത്തിക്കാനില്‍ തുടങ്ങും. ലോകമെമ്പാടുമുളള കത്തോലിക്കാ ഇടവകകളില്‍ ഒരു വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപീകരിച്ച പ്രവര്‍ത്തന രേഖയുടെ അടിസ്ഥാനത്തിലാണ് സിനഡ് തീരുമാനങ്ങള്‍ സ്വീകരിക്കുക.
കുടുംബ അജപാലനം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള കത്തോലിക്കാ സഭയുടെ അസാധരണ സിനഡാണ് ഒക്ടോബര്‍ 5 മുതല്‍ 16 വരെ റോമില്‍ നടക്കുന്നത്. 3 ഭാഗങ്ങളായാണ് സിനഡ് വിഷയം ചര്‍ച്ച ചെയ്യുന്നത്. കുടുംബത്തെ കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ചര്‍ച്ചചെയ്യുന്നത്. രണ്ടാംവത്തിക്കാന്‍ കൊണ്‍സിലിനുശേഷം കത്തോലിക്കാ സഭയില്‍ നടക്കുന്ന വലിയ പരിഷ്‌കാരണത്തിനാവും സിനഡിന്റെ രണ്ടാം ഭാഗം സാക്ഷ്യം വഹിക്കുകയെന്ന് സഭാ പ്രമാണ രേഖകള്‍ സൂചിപ്പിക്കുന്നു.
കൂടിതാമസം, മതവ്യത്യാസമുളള വിവാഹങ്ങള്‍, ജനനനിരക്ക് കുറയ്ക്കല്‍, വേര്‍പിരിഞ്ഞവര്‍, വിവാഹമോചനം നേടാതെ വിവാഹിതരായവര്‍, പ്രായപൂര്‍ത്തിയാകാത്ത അമ്മമാര്‍, സ്വവര്‍ഗവിവാഹം, സവ്വര്‍ഗവിവാഹിതര്‍ ദത്തെടുക്കുന്ന കുട്ടികള്‍ എന്നീ വിഷയങ്ങളിലാണ് രണ്ടാം ഘട്ടത്തിലെ ചര്‍ച്ച. ഗര്‍ഭ നിരോധനത്തേയും, കുട്ടികളെ വളര്‍ത്തുന്ന സാഹചര്യങ്ങളെയും കുറിച്ചാണ് സിനഡിന്റെ മൂന്നാം ഭാഗം ചര്‍ച്ചചെയ്യുന്നത്. മാര്‍പ്പാപ്പ അധ്യക്ഷനായ സിനഡില്‍ കര്‍ദ്ദിനാള്‍മാര്‍, വ്യക്തിസഭകളുടെ തലവന്‍മാര്‍ സന്യാസസമൂഹങ്ങളുടെ തലവന്‍മാര്‍, സന്യാസസമൂഹങ്ങളുടെ പ്രതിനിധികള്‍, മെത്രാന്‍സംഘങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിഷ്‌കരണത്തിനു വേഗം കൂട്ടാന്‍ അസാധാരണ സിനഡിനുശേഷം 2015ല്‍ നടക്കുന്ന സാധാരണ റോമന്‍ സിനഡ് മൂന്നാം വത്തിക്കാന്‍ കൗണ്‍സിലായി പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്.

1 comment:

  1. കുടുംബജീവിതത്തിലെ വെല്ലുവിളികളെ ആസ്പദമാക്കിയുള്ള കത്തോലിക്കാ സഭയുടെ ഈ അസാധാരണ സിനഡിൽ ഭാരതസഭയിൽ നിന്ന് ഒരുറുമ്പുപൊലും ഇല്ലായെന്നതിനു ഉത്തരവാദി നമ്മുടെ അത്യുന്നത കർദിനാൾ അഹാലഞ്ചേഹേരിയാണ്. എന്നാൽ ഇതിന്റെ തുടർച്ചയായി 2015ല്‍ നടക്കുന്ന സാധാരണ റോമന്‍ സിനഡ് മൂന്നാം വത്തിക്കാന്‍ കൗണ്‍സിലായി പ്രഖ്യാപിക്കുമെന്നതിനാൽ അന്ന് ഇവിടെ ജീവിച്ചിരിക്കുന്ന സകല അരക്കെട്ടുകാരും റോമായ്ക്ക് വണ്ടി കയറും. കൗൻസിലിൽ ഒന്നും ചെയ്യാൻ താത്പര്യമില്ലെങ്കിലും വേറെ എന്തെല്ലാം ആ യാത്രകൊണ്ട് നേടാൻ കിടക്കുന്നു. ആ പോക്ക് ഒരു പോക്കായിരിക്കും. പോപ്‌ മിടുക്കനാനെങ്കിൽ നല്ല കുറേ ചൂരൽ വടികൾ കരുതിവചിരിക്കും, നമ്മുടെ ഭൂലോകമടിയന്മാരെ അടിച്ച് തിരിച്ചച്ചോടിക്കാൻ.

    ReplyDelete