2-ാം പ്രതി വില്യം പാട്രിക്കിന്‍റെ
മൊഴി വെളിപ്പെടുത്തുന്ന വസ്തുതകൾ 2013 മാർച്ച് 31-ന് ബാംഗ്ലൂർ സെന്റ് പീറ്റേഴ്‌സ്
സെമിനാരി റെക്ടർ ഫാ. കെ.ജെ. തോമസ് കൊല്ലപ്പെട്ട സംഭവം ആ ദിവസങ്ങളിൽ
വാർത്തയായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കർണ്ണാടകക്കാരായ ഏതാനും വൈദികർ
അറസ്റ്റിലാകുകയും അവരെ പ്രതിചേർത്ത് കേസ് ചാർജ്ജുചെയ്യുകയും ചെയ്തു. അതിൽ 2-ാം പ്രതി ഫാ. വില്യം
പാട്രിക്കിന്‍റെ മൊഴി ഇപ്പോൾ പുറത്തായിട്ടുണ്ട്. (ഇംഗ്ലീഷിലുള്ള മൊഴി പൂർണ്ണമായി
വായിക്കാൻ 2014 ഡിസം. 13-ലെ 'അത്മായശബ്ദ'ത്തിലെ 'ഒരു കൊലപാതകത്തിന്‍റെ
ചുരുളഴിയുന്നു' എന്ന പോസ്റ്റ് കാണുക)
ഈ മൊഴിയിലൂടെ കടന്നുപോകുമ്പോൾ, ഈ കൊലപാതകത്തിനുത്തരവാദികൾ
സഭാധികാരികൾ തന്നെയാണല്ലോ എന്ന് ആർക്കും തോന്നിപ്പോകും. ഒരു നാട്ടിൽ ചെന്നാൽ, ആ നാട്ടിലുള്ളവരെ അംഗീകരിക്കുക
എന്നത് സാമാന്യ മര്യാദ മാത്രമാണ്. ഈ സാമാന്യമര്യാദ കാണിക്കാൻ ബാംഗ്ലൂർ
രൂപതാധികാരികൾ തയ്യാറായില്ല എന്നു മാത്രമല്ല, അവരെ തീർത്തും അവഗണിക്കുകയും അപമാനിക്കുയും ചെയ്യുന്ന ഒരു
സമീപനം സ്വീകരിക്കുകയും ചെയ്തു. കർണ്ണാടകക്കാരായ പുരോഹിതരിൽ ഈ സമീപനമുളവാക്കിയ
നിരാശയും ദുഃഖവും പ്രതികാരചിന്തയായി രൂപാന്തരം പ്രാപിച്ചപ്പോൾ സംഭവിച്ചതായിരുന്നു
ഫാ. കെ.ജെ. തോമസിന്റെ കൊലപാതകം.
ഫാ. വില്യം പാട്രിക് തന്റെ
മൊഴിയിൽ പറയുന്നു:
''വൈദികനായ നാൾമുതൽ ഞാൻ
നിരീക്ഷിച്ച ഒരു കാര്യം, പള്ളികളിലെ എല്ലാ
പ്രാർത്ഥനാനുഷ്ഠാനങ്ങളും ഇംഗ്ലീഷിലോ തമിഴിലോ മലയാളത്തിലോ മാത്രമായിരുന്നു
എന്നതാണ്. കന്നഡ ഭാഷയ്ക്കു യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല. ഇക്കാരണത്താൽ, കർണ്ണാടക സംസ്ഥാനത്തുനിന്നുള്ള
വൈദികർ ഒന്നിച്ചുകൂടുകയും 'കന്നഡ ധർമ്മഗുരുഗല ബലഗ' എന്നൊരു സംഘടന ആരംഭിക്കുകയും
ചെയ്തു. ഞാനതിന്‍റെ ഒരംഗമാണ്. തമിഴ്‌നാട്ടിലും കേരളത്തിലും
ആന്ധ്രാപ്രദേശിലുമെല്ലാം അവരവരുടെ മാതൃഭാഷയ്ക്കു പ്രാധാന്യം നൽകപ്പെടുന്നുവെങ്കിൽ, കർണ്ണാടകയിൽ കന്നഡ ഭാഷയ്‌ക്കെതിരെ
കടുത്ത വിവേചനമാണ് എന്നും ഉണ്ടായിരുന്നത്. കന്നഡ ഭാഷയിൽ പ്രാർത്ഥനാനുഷ്ഠാനങ്ങൾ
നടത്തണമെന്നഭ്യർത്ഥിച്ച് ബാംഗ്ലൂർ ആർച്ചുബിഷപ്പിന് കാലാകാലങ്ങളിൽ ഞങ്ങൾ നിവേദനങ്ങൾ
സമർപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം അവഗണിക്കപ്പെടുകയാണുണ്ടായത് - അവയ്‌ക്കൊന്നും
ഒരു പ്രതികരണംപോലും ഉണ്ടായില്ല...
സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൻ
സെമിനാരി കാമ്പസിൽത്തന്നെ ഒരു കന്നഡ സെമിനാരി ആരംഭിക്കണമെന്നഭ്യർത്ഥിച്ച് ഒരു
നിവേദനം ഞങ്ങൾ നൽകിയെങ്കിലും അതിനും ഒരു പ്രതികരണവുമുണ്ടായില്ല. തന്മൂലം, 'ബലഗ' അംഗങ്ങളെല്ലാവരും
കോപാകുലരായിരുന്നു. 2012 നവം. 8-ാം തീയതി, 'അഖില കർണ്ണാടക കാത്തലിക് സംഘ'ത്തോടു ചേർന്ന് ഞങ്ങൾ സമരം ചെയ്യുകയും
തുടർന്ന് ബാംഗ്ലൂർ പ്രസ് ക്ലബിൽ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്തു.
ഞങ്ങൾക്കുണ്ടായിട്ടുള്ള തിക്താനുഭവങ്ങൾ അതിൽ ഞങ്ങൾ വിശദീകരിച്ചു. കൂടാതെ, നവംബർ 10-ാം തീയതി രാവിലെ 11 മണിക്ക് ആർച്ചു ബിഷപ്പ്‌സ് ഹൗസിനുമുമ്പിൽ ഞങ്ങളൊരു
കുത്തിയിരിപ്പുസമരവും നടത്തി. ഇതെല്ലാമായിട്ടും ഞങ്ങൾ തഴയപ്പെടുകയും ഞങ്ങളുടെ
അപേക്ഷ അവഗണിക്കപ്പെടുകയുമാണുണ്ടായത്. ഇതു ഞങ്ങളിൽ വല്ലാത്ത വിഷമവും
നിരാശയുമുണ്ടാക്കി, ഞങ്ങളെ പ്രതികാരബുദ്ധിയിലേക്കു
നയിക്കുകയും ചെയ്തു...
നാളിതുവരെയായി ഒരു കർണ്ണാടക
വൈദികനെയും സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടർ ആക്കിയിട്ടില്ല.
ഒരു സ്പിരിച്വൽ ഡയറക്ടർ ഉണ്ടെന്നതൊഴിച്ചാൽ മറ്റു പദവികളിലൊന്നും ഒരു കർണ്ണാടക
വൈദികൻ അവിടെയില്ല. ഇതിലൂടെയെല്ലാം പ്രതിഫലിച്ചത് അധികാരികളുടെ കന്നഡവിരുദ്ധമനോഭാവ
മായിരുന്നു. ഷിമോഗയിൽ ഒരു ബിഷപ്പിന്‍റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നെങ്കിലും
ഒരു കന്നഡ വൈദികനെ അവിടെ നിയോഗിക്കുകയുണ്ടായില്ല. മുമ്പ് ഫാ. ലൂർദ്ദ് പ്രസാദിന്റെ
പേര് പറഞ്ഞുകേട്ടിരുന്നു. പിന്നീട് സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൻ സെമിനാരി
റെക്ടർ ഫാ. കെ.ജെ. തോമസിന്‍റെ പേരു കേട്ടുതുടങ്ങി. അദ്ദേഹത്തിന്‍റെ റെക്ടർ കാലാവധി 2013 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കുകയായിരുന്നു. കുറഞ്ഞപക്ഷം, ആ സ്ഥാനത്തേയ്‌ക്കെങ്കിലും ഫാ.
ലൂർദ്ദ് പ്രസാദ് നിയോഗിക്കപ്പെടുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു. കാരണം, അദ്ദേഹം ഒരു സീനിയർ
വൈദികനായിരുന്നു. കൂടാതെ, ഒരു റെക്ടറോ ബിഷപ്പോ ആകുവാനുള്ള
എല്ലാ യോഗ്യതകളും ഉള്ള ആളുമായിരുന്നു. എന്നാൽ രണ്ടാമതും റെക്ടർ പദവി
ലഭിക്കുന്നതിനുവേണ്ടി ഫാ. കെ.ജെ. തോമസ് കന്നഡവിരുദ്ധ ഗ്രൂപ്പുകളുമായി
കൈകോർക്കുകയാണു ചെയ്തത്. അങ്ങനെ വീണ്ടും കർണ്ണാടകക്കാർ തഴയപ്പെടുന്ന
സാഹചര്യമുണ്ടായി. അതുകൊണ്ട്, സമാനചിന്താഗതിക്കാരായ കന്നഡ സംഘടനകളുമായി ചേർന്ന്, 2013 ഫെബ്രുവരിയിൽ, സെന്റ് പീറ്റേഴ്‌സ് പൊന്തി ഫിക്കൽ സെമിനാരിയിൽ ബിഷപ്പുമാർ
വിളിച്ചു ചേർത്ത ഒരു കോൺഫറൻസിലേക്ക്, ഞങ്ങൾ ഒരു പ്രതിഷേധ മാർച്ചു നടത്തി. ഞങ്ങളെ നിശ്ശബ്ദ
രാക്കുന്നതിനായി, ബാംഗ്ലൂർ ആർച്ചു ബിഷപ്പ് ഇതര
ഭാഷാ സംഘടനകളുമായി കൈകോർക്കുകയും പോലീസിനെ ഉപയോഗിച്ച് മാർച്ചു തടയുകയും
ഞങ്ങൾക്കെതിരെ കേസുകൾ ചാർജ്ജ് ചെയ്യുകയും ചെയ്തു. ഇത് ഞങ്ങൾക്ക് വലിയ സാമ്പത്തിക
ഞെരുക്കത്തിനും കാരണ മായി...'' (തർജ്ജമ സ്വന്തം- എഡിറ്റർ).
നിവേദനങ്ങൾക്കും സമാധാനപരമായ
സമരരീതികൾക്കും സഭാധികാരികൾ ഒരു വലിയും കല്പിക്കുന്നില്ലെന്നു ബോധ്യമായ ഈ
സാഹചര്യത്തിലാണ്, ഫാ. കെ.ജെ. തോമസിനെ
വകവരുത്തിയിട്ടാണെങ്കിലും ലക്ഷ്യം കൈവരിക്കണമെന്ന തീരുമാനത്തിലേക്കു തങ്ങൾ
നയിക്കപ്പെട്ടതെന്ന് ഫാ. വില്യം മൊഴിയിൽ തുടർന്നു പറയുന്നുണ്ട്. കൂടാതെ, സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ
സെമിനാരിക്കുണ്ടായിരുന്ന 36 ഏക്കർ സ്ഥലവും വിപുലമായ സമ്പത്തും കൈയ്ക്കലാക്കി
തങ്ങളുടെ സംഘടന വളർത്തണമെന്ന ലക്ഷ്യവും ഉണ്ടായിരുന്നതായി അദ്ദേഹം
വെളിപ്പെടുത്തുന്നുണ്ട്. മൈസൂർ രാജാവ് സെമിനാരിക്കുവേണ്ടി നൽകിയ വസ്തുവിന്‍റെ
രേഖകൾ കൈവശപ്പെടുത്തി, നിയമപരമായ നീക്കത്തിലൂടെ അതു
തങ്ങളുടേതാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഈ ലക്ഷ്യസാധ്യത്തിനായി, സമാനചിന്താഗതിക്കാരായ ഏതാണ്ട് 8-10 വൈദികർ വിവിധ ഇടങ്ങളിൽ രഹസ്യയോഗങ്ങൾ ചേരുകയും പദ്ധതി
തയ്യാറാക്കുകയും ചെയ്താണ് ഫാ. കെ.ജെ. തോമസിന്റെ കൊലപാതകം ഉറപ്പാക്കിയത്. 2013 മാർച്ചു 31 പാതിരാത്രിയിൽ വൈദികരായ വില്യം പാട്രിക്കും
ഫ്രാൻസീസും ഏലിയാസും പീറ്ററും ചേർന്ന് സെമിനാരി ഗേറ്റിലെത്തി സെക്യൂരിറ്റി ഗാർഡിന്
പണം നൽകി പറഞ്ഞയച്ചതിന്‍റെയും, രേഖകൾക്കായി വിവിധ മുറികളും മ്യൂസിയവും കുത്തിത്തുറന്നതിന്‍റെയും, ശബ്ദം കേട്ട് പുറത്തിറങ്ങിയ ഫാ.
കെ.ജെ. തോമസിന്‍റെ തലയ്ക്കു പിറകിൽ ഫാ. ഏലിയാസ് ഇരുമ്പുദണ്ഡുകൊണ്ടു പ്രഹരിച്ചതിന്‍റെയും
മുഷ്ടി ചുരുട്ടി മുഖത്തടിച്ചതിന്‍റെയും, രക്ഷപ്പെട്ടോടാൻ ശ്രമിച്ച ഫാ. കെ.ജെ. തോമസിന്‍റെ ളോഹയിൽ
പിടിമുറുക്കി, ഫാ. വില്യം പാട്രിക്, വലിച്ചു നിലത്തിട്ടതിന്‍റെയും
തുടർന്ന് അദ്ദേഹം കരുതിയിരുന്ന ഇഷ്ടികകൊണ്ട് ഇടിച്ചതിന്‍റെയും, അവസാനം ഫാ. തോമസിന്‍റെ മുറിയിൽ
നിന്നെടുത്ത ടവൽ കഴുത്തിൽ മുറുക്കി ഫാ. വില്യംതന്നെ അദ്ദേഹത്തെ ശ്വാസം
മുട്ടിച്ചുകൊന്നതിന്‍റെയും വിശദവിവരങ്ങൾ അദ്ദേഹം സ്വമേധയാ നടത്തിയ ഈ മൊഴിയിലുണ്ട്.
ഈ മൊഴി വായിക്കുമ്പോൾ, സ്വതേ
ക്രിമിനലുകളല്ലാത്തവരെപ്പോലും ക്രിമിനലുകളാക്കുന്ന, കണ്ണും ചെവിയും ഹൃദയവുമില്ലാതെപോയ സഭാധികാരവേദികളെയോർത്തുള്ള
ധർമ്മരോഷമായിരിക്കും ആരിലും ഉയർന്നുവരുക. ഫാ. കെ.ജെ. തോമസും അദ്ദേഹത്തെ കൊലചെയ്ത
വൈദികരും മനസ്സു കല്ലിച്ചുപോയ ഇന്നത്തെ സഭാസംവിധാനത്തിന്‍റെ ഇരകൾമാത്രം!
No comments:
Post a Comment