റെജി ഞള്ളാനി (ചെയർമാൻ, സ്വാഗതസംഘം) Ph:+91 9447105070
(ഈ വാര്‍ത്ത 2015 ജനുവരി ലക്കം സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത ലക്കം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുന്നതാണ്) - എഡിറ്റര്‍
ദീർഘകാലം സഭയെ സ്‌നേഹിക്കുകയും സേവിക്കുകയും
ചെയ്ത പുരോഹിതരും കന്യാസ്ത്രീകളും തങ്ങളുടെ ജീവിതാന്തസ്സുകൾ വിട്ടു പുറത്തുവരുന്ന പ്രവണത
അനുദിനം വർദ്ധിച്ചുവരികയാണ്. കത്തോലിക്കാസഭ ഉപേക്ഷിച്ച് പെന്തക്കോസ്തു വിഭാഗങ്ങളിലേക്കുള്ള
വിശ്വാസികളുടെ ഒഴുക്കും വർദ്ധിക്കുകയാണ്. ഈ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ ഇടവകതലത്തിൽത്തന്നെ
കണ്ടെത്തി ഉടൻ പരിഹരിക്കണമെന്ന് പാലായിൽ നടന്ന KCBC ൽ തീരുമാനിച്ചതുമാണ്.
എന്നാൽ, അതിനു യാതൊരുവിധ നടപടികളും നാളിതുവരെ ആരംഭിച്ചിട്ടില്ല. ഇത്
കുറ്റകരമായ അനാസ്ഥയാണ്.
സഭാസമൂഹത്തെ ആദ്ധ്യാത്മികമായി നയിക്കുന്ന പുരോഹിതർക്കും
കന്യാസ്ത്രീകൾക്കും നാൾക്കുനാൾ മാനസ്സിക പിരിമുറുക്കം വർദ്ധിച്ചുവരുന്നതിന്റെയും പലരും
ആ ജീവിതാന്തസുകൾ വിട്ടു പുറത്തുവരുന്നതിന്റെയും കാരണം KCBC ഗൗരവപൂർവ്വമായ
ചർച്ചയ്ക്കു വിധേയമാക്കണം. കൂടാതെ, അങ്ങനെ പുറത്തുവരുന്നവരുടെ മാന്യമായ പുനരധിവാസത്തെക്കുറിച്ചും
KCBC തലത്തിൽ അടിയന്തരിമായി ചർച്ച നടത്തണം.
നല്ല കുടുംബങ്ങളിൽനിന്നും പുരോഹിതരും കന്യാസ്ത്രീകളുമാകാൻ
തങ്ങളുടെ കുട്ടികളെ മാതാപിതാക്കൾ അയയ്ക്കാത്തത്എന്തുകൊണ്ട് എന്നു ചർച്ച ചെയ്താൽ, ഈ ശുശ്രൂഷാമേഖലയ്ക്കു
വൻതോതിൽ സംഭവിച്ച നിലവാരത്തകർച്ചയാണതിനു കാരണമെന്നു കണ്ടെത്താനാകും. അധികാരവും സമ്പത്തും
പ്രൗഢിയും സഭയുടെ മുഖ്യലക്ഷ്യങ്ങളായിരിക്കുന്നു. ഈ ഭൗതികതയിൽനിന്നുള്ള ദുഷിപ്പുകളാണ്, പാശ്ചാത്യസഭയിലുണ്ടായ
ദുരനുഭവങ്ങളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളായി അടുത്ത കാലത്തു കേരളസഭയിൽനിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾ, പണാപഹരണം, ആധിപത്യപ്രവണത, രാഷ്ട്രീയ കൈകടത്തലുകൾ,
കന്യാസ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള
ലൈംഗികപീഡനങ്ങൾ, കന്യാസ്ത്രീകളിൽ കൂടിവരുന്ന വിഷാദരോഗം, ആത്മഹത്യാപ്രവണത...
തുടങ്ങി കൊലപാതകംവരെയുള്ള സംഭവപരമ്പരകളാണ്
കേരളസഭയിലെ ആദ്ധ്യാത്മിക ശുശ്രൂഷകരിൽനിന്നും ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുറത്തേക്കുള്ള
ഒഴുക്കിനു മുഖ്യകാരണം സഭയുടെ ഈ ഭൗതികവൽക്കരണമാണെന്ന് അനുമാനിക്കാനാകും. ആത്മാഭിമാനവും
ആത്മീയചൈതന്യവും ചങ്കുറപ്പും കുടുംബപാരമ്പര്യവുമുള്ള ഒരാൾക്കുപോലും വൈദിക-സന്ന്യാസജീവിതത്തിൽ
തുടരാൻ കഴിയാത്തവിധം സഭയിന്ന് സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. സഭ ആദ്ധ്യാത്മികതയിൽനിന്നു
ഭൗതികതയിലേക്കു കൂപ്പുകുത്തുകയാണ്.
ഈ സത്യം തിരിച്ചറിഞ്ഞും അതിൽ മനം നൊന്തും കഴിയുന്ന ഒട്ടു വളരെ നല്ല വൈദികരും സന്ന്യസ്തരും സഭയ്ക്കുള്ളിലുണ്ട്.
അതിൽ ചങ്കൂറ്റമുള്ള ഒരു ചെറിയ ശതമാനം മാത്രമാണ് തങ്ങളുടെ ജീവിതാന്തസുകൾ വിട്ടു പുറത്തുപോരുന്നത്.
വാസ്തവത്തിൽ, സഭയിൽ തുടരുന്ന അനീതികളുമായി സന്ധി ചെയ്തും പൊരുത്തപ്പെട്ടും
ഉദരപൂരണത്തിനായി പുരോഹിത-സന്ന്യസ്ത ജീവിതാന്തസുകളിൽ തുടരുന്നവരെക്കാൾ ആദരണീയരാണ്
തന്റേടത്തോടെ പുറത്തുവരുന്നവർ. സഭയിലിന്നുള്ള അക്രൈസ്തവസാഹചര്യങ്ങളുടെ ഇരകളാണവർ. അവരെ
പിന്തുണയ്‌ക്കേണ്ട ബാധ്യത ക്രൈസ്തവർക്കുണ്ട്;
സഭയ്ക്കുമുണ്ട്.
ഈ വിഷയത്തിലേക്ക് ജനങ്ങളുടെയും സഭാധികൃതരുടെ
യും ശ്രദ്ധ ക്ഷണിക്കുന്നതിനും പുറത്തുവന്നവരുടെ പുനരധിവാസമുൾപ്പെടെയുള്ള
പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ,് അങ്ങനെയുള്ളവരുടെയും
അനുഭാവികളായ വൈദികരുടെയും പ്രബുദ്ധരായ സഭാപൗരന്മാരുടെയും ഒരു മഹാസമ്മേളനം 2015 ഫെബ്രു. 28 ശനിയാഴ്ച കൊച്ചിയിൽ
KCRM സംഘടിപ്പിക്കുന്നത്.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നുമായി
ആയിരക്കണക്കിന് ആൾക്കാരുടെ പിന്തുണയും പ്രോത്സാഹനവും പ്രാർ ത്ഥനാസഹായവുമാണ് ഈ ഉദ്യമത്തിനു
ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകസമൂഹം ഈ വിഷയത്തെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു
എന്നതിന്റെ തെളിവാണിത്. ഈ പ്രാധാന്യം KCBC-യും ഉൾക്കൊള്ളണം.
സഭാസമൂഹത്തിന്റെയും സന്ന്യസ്തരുടെയും ഉന്നമനത്തിനായി
എത്ര ലക്ഷം കോടിരൂപയാണ്, നേർച്ചകളും സംഭാവനകളുമായി വിശ്വാസികൾ സഭയെ ഏല്പിച്ചിട്ടുള്ളത്!
അതിൽനിന്നും ഒരു ഭാഗം എന്തുകൊണ്ട്, പുറത്തുവരുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസത്തിനായി
നീക്കിവച്ചുകൂടാ? സഭാസംവിധാനത്തിന്റെ ഇരകളായിത്തീർന്നവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും
ചെയ്യാതിരിക്കുന്നതു ക്രൂരതയാണ്.
സഭയ്ക്കുള്ളിൽ കഴിയുന്ന നല്ല വൈദികരും കന്യാസ്ത്രീകളും
നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വളരെയാണ്. ആത്മീയതയും ആത്മാർത്ഥതയുമുള്ള അവർ
സഭയിൽ ഞെരുക്കപ്പെടുകയാണ്. സഭയുടെ പ്രധാന സ്ഥാനങ്ങളിൽനിന്നെല്ലാം ഒഴിവാക്കിയും സ്ഥലം മാറ്റിയും അവരെ ഒതുക്കുകയാണ്. അതുപോലെതന്നെയാണ് റിട്ടയർ ചെയ്യുന്ന
പുരോഹിതരുടെ അവസ്ഥയും. വൃദ്ധഭവനങ്ങളിൽ അഗതികളെപ്പോലെ കഴിയേണ്ടി വരുന്ന അവരിൽ പലരുടെയും
സ്ഥിതി നരകതുല്യമാണ്. ഇതെല്ലാം സഭാധികൃതരും സഭാസമൂഹവുംകൂടി ചേർന്നു പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്.
KCRM കൊച്ചിയിൽ സംഘടിപ്പിക്കുന്ന മഹായോഗം ഇതിനെല്ലാം ഒരു തുടക്കംമാത്രം!
തല്ക്കാലം, പൗരോഹിത്യത്തിൽനിന്നു പുറത്തുവന്നിട്ടുള്ള
വൈദികർക്കും മഠം ഉപേക്ഷിച്ചുപോന്ന കന്യാസ്ത്രീകൾക്കും ആവശ്യമായ പുനരധിവാസപദ്ധതി ആവിഷ്‌കരിച്ചു
നടപ്പാക്കേണ്ടിയിരിക്കുന്നു. അതിനായി KCBC
അടിയന്തിരചർച്ചകൾ നടത്തി ഒരു പുനരധിവാസ പാക്കേജ്
പ്രഖ്യാപിക്കണം. കൂടാതെ, ഇവരുടെ ഉന്നമനത്തിനുവേണ്ടി KCRM 2015 ഫെബ്രു. 28-നു വിളിച്ചുചേർക്കുന്ന
ദേശീയ സമ്മേളനത്തിന് KCBC യുടെ സഹകരണമുണ്ടാകണമെന്ന്, സ്വാഗത സംഘത്തിനുവേണ്ടി മെത്രാൻസമിതിയോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
സമരങ്ങളൊക്കെയും നിലനില്ക്കുന്ന വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണെന്നും അത് പ്രതീകാത്മകമാണെന്നും മനസ്സിലാക്കാനുള്ള ചിന്താശേഷിപോലും നമ്മുടെ പ്രമുഖർക്കും മിക്ക സാധാരണക്കാർക്കും ഇല്ലെന്നുള്ളത് ഒരു സത്യമാണ്. ഏതു തരം വിയോജിപ്പിനേയും അവർ അസഹിഷ്ണുതയോടെ മാത്രമേ കാണൂ. നേതൃസ്ഥാനങ്ങളിൽ അധികാരപ്രകടനത്തിനുള്ള സാഹചര്യം കൂടുന്തോറും ഈ അസഹിഷ്ണുതയുടെ തോതും കൂടും. നമ്മുടെ സമൂഹം വർഗീയമായും ജാതീയമായും രാഷ്ട്രീയമായും വല്ലാതെ ധൃവീകരിക്കപ്പെട്ടുപോയി എന്നതാണ് അതിനു കാരണം. അനധികൃതമായ അധികാരശ്രേണിയാണ് ഇതിനു പിന്നിലും പ്രവർത്തിക്കുന്നത്. അധികാരം ഉൾക്കാഴ്ചയെ മറയ്ക്കുന്നു എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള സത്യമാണ്.
ReplyDeleteഉദാഹരണത്തിന്, ചുംബനസമരത്തെ ചുംബിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് എന്ന് കാണുന്നത് മന്ദബുദ്ധികളാണ്. ചുംബിക്കാനുള്ള കൊതി വീട്ടിൽ തീർക്കരുതോ? അപ്പോൾ ആ സമരത്തിന്റെ പിന്നിലുള്ളത് മനുഷ്യചേതനയുടെ നൈസർഗികവും രസജന്യവുമായ ഒരു സ്നേഹപ്രകടനത്തിനുള്ള, സഹജമായ മനുഷ്യസ്വാതന്ത്ര്യത്തിനായുള്ള ദാഹവും, അതിൻറെ കളങ്കമില്ലാത്ത, അതേ സമയം ശക്തമായ പ്രകടനവുമാണ്. മറിച്ചു ചിന്തിക്കുകയെന്നാൽ, നില്പുസമരത്തെ നില്ക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് എന്ന് ബാലിശമായി ചിന്തിക്കുന്നതുപോലെ അർഥശൂന്യമായിരിക്കും. ഇത്രയും പോലും മനസ്സിലാകാത്ത ഇടതുപക്ഷ നേതാവിനോട് "തെരുവിൽ അടുപ്പുകൂട്ടിയപ്പോൾ അത് തെരുവിൽ കഞ്ഞിവയ്ക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നോ" എന്ന് അയാളുടെ തന്നെ അണിയിലുള്ള ഒരു സ്ത്രീക്ക് ചോദിക്കേണ്ടിവന്നത് ഈ നാട്ടിൽ തന്നെയാണല്ലോ.
ശരിയായ കാഴ്ചപ്പാട് സമഗ്രമായ ഒരു മനസ്സിന്റെ മാത്രം കഴിവാണ്. ശിഥിലമായ മനസ്സുകൾ എല്ലാം തെറ്റിദ്ധരിക്കും. ജീജോ കപ്പൂച്ചിൻ ഒരു ഉദാഹരണം കൊണ്ടുവരുന്നു. (അസ്സീസി, ജനു. 2015 ) പ്രകൃതിയെ സംരക്ഷിക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിവാദികൾ ഒരു പ്രത്യേക സമൂഹവിഭാഗമാണെന്നും അതേസമയം കർഷകർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രകൃതിവിരുദ്ധരാണെന്നുമുള്ള ഒരാശയക്കുഴപ്പം അടുത്തകാലത്ത് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പരിസ്ഥിതിവാദികൾ പട്ടണങ്ങളിൽ നിന്നെത്തി മലകളിലും വനങ്ങളിലും താഴ്വരകളിലും രാപ്പാർത്ത് പോകുന്ന, വിദ്യാഭ്യാസവും പണവുമുള്ള മനുഷ്യരും, അതേ സമയം കർഷകർ മലകളിലും ഉൾപ്രദേശങ്ങളിലും വസിക്കുന്ന വിദ്യാഭ്യാസമില്ലാത്ത, പ്രകൃതിയെന്തെന്നറിയാത്ത ദരിദ്രരും അജ്ഞ്ഞരുമാണെന്നാണ് ഈ ആശയക്കുഴപ്പം വരുത്തിത്തീർക്കുന്നത്. ഇതേ തരത്തിലുള്ള മണ്ടത്തരമാണ് അല്മായരുടെ നവീകരണ പ്രവർത്തനങ്ങളെപ്പറ്റി തിരുമേനിമാരും അവരുടെ വക്താക്കളും വച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളിൽ കോണ്ക്രീറ്റ് വനവത്ക്കരണം നടത്തുന്നതുപോലുള്ള അസംബന്ധങ്ങളാണ് ഔദ്യോഗിക സഭ, സാധാരണ മനുഷ്യരെ simple and ordinary യായി തീർത്തും അവഗണിച്ചുകൊണ്ട്, നാടാകെ ചെയ്തുകൂട്ടുന്നത്. അത് ഇനിയും നടക്കില്ല എന്നാണ് അല്മായസംഘടനകൾ വിളിച്ചുപറഞ്ഞു തുടങ്ങിയിരിക്കുന്നത്. വ്യത്യ്ക്സസ്തമായി ചിന്തിക്കുന്ന പുരോഹിതരുടെയും സന്യസ്തരുടെയും നിലനില്പിനുവേണ്ടിയുള്ള മുന്നേറ്റവും ഇതിന്റെ ഭാഗമാണ്. പൌരോഹിത്യം സന്യാസജീവിതം എന്നിവയും പുനപരിശോധനക്ക് വിധേയമാക്കണം. അവിടെയും വളരെയധികം മാറ്റങ്ങളും നവീകരണവും ആവശ്യമാണ്. ദൈവത്തെപ്പറ്റിയും ആദ്ധ്യാത്മികതയെപ്പറ്റിയും ആദ്ധ്യാത്മിക ശുശ്രൂഷയെയും സേവനത്തെയും പറ്റിയും ശരിയായ ധാരണകൾ വളർത്തണമെങ്കിൽ കൂട്ടുത്തരവാദിത്വം പ്രയോഗത്തിൽ വരണം. അതുകൊണ്ടാണ് kcrm kcbc യുമായി കൈകോർക്കാൻ സന്നദ്ധത കാണിക്കുന്നത്. അധികാരികളുടെ ഗർവ്വാണ് ഇപ്രാവശ്യവും മുന്കൈ നേടുന്നതെങ്കിൽ കാര്യങ്ങൾ ശുഭമായി പര്യവസാനിക്കാൻ സാദ്ധ്യതയില്ലാതെ പോകും. മൂല്യശോഷണത്തിനെതിരെ എന്നത്തേക്കാളും ജാഗ്രത പുലർത്തേണ്ട സമയമാണ് ഇപ്പോൾ. അത് ഒരു കൂട്ടുത്തരവാദിത്വത്തിലൂടെയേ സാദ്ധ്യമാകൂ എന്ന് എത്ര വേഗം എല്ലാവരും തിരിച്ചറിയുന്നോ അത്രയും സുഗമമായിരിക്കും മുന്നോട്ടുള്ള പോക്ക്.
വളരെ വിപ്ലവകരമായ മാറ്റങ്ങള്‍ അനിവാര്യമായും ഇവിടെ സഭയില്‍ ഉണ്ടാകുന്നു എന്ന് സൂചിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ നാം കാണുന്നത്. സഭയില്‍ മെത്രാന്മാരുടെ അസംബന്ധങ്ങള്‍ക്ക് വൈദികരും ഇരയാകുന്നുവെന്നതാണ് സഭ തന്നെ നടത്തിയ സര്‍വ്വേ കാണിക്കുന്നത്. സഭയെ നയിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ സഭയെ നിയന്ത്രിക്കുകയും അത്മായനു നീതികിട്ടാനുള്ള എല്ലാ വാതിലുകളും അടക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഈ സഭ നവീകരിക്കപ്പെടാന്‍ സാധിക്കില്ലാ എന്ന് വിശ്വസിക്കുന്നു, ബഹുഭൂരിപക്ഷം ആളുകളും. അത് കൊണ്ട് തന്നെ ഒരു ഉടച്ചു വാര്‍ക്കല്‍ ലക്ഷ്യമിട്ട്, സന്ധി സംഭാഷണങ്ങള്‍ ഒഴിവാക്കി, മുന്നോട്ടു പോകാനുള്ള ശക്തി അത്മായാ സംഘടനകളും ആര്ജ്ജിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. അത്മായാ സംഘടനകള്‍ അസംഘടിതരാണെന്നുള്ള ഒരു മിഥ്യാധാരണയില്‍ സഭ കഴിഞ്ഞതാണ് സഭാചാര്യന്മാര്‍ക്ക് പറ്റിയ അബദ്ധം. മീഡിയാ രംഗത്തും സംഘടനാ ശൈലിയിലും വളരെ അച്ചടക്കത്തോടെ അവര്‍ മുന്നേറി. അവരുടെ ലക്‌ഷ്യം സഭ അത്മായനു തിരിച്ചു കിട്ടണമെന്നാണെന്ന് മനസ്സിലാക്കാനും അവര്‍ വൈകി. സഭയുടെ പ്രധാന ശരീരം അത്മായന്‍ തന്നെയാണ്. അവനാണ് സഭ ഏതു ദിശയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടതും. സഭാ സ്വത്തുക്കള്‍ അത്മായര്‍ നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം സഭയെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടേത് മാത്രമായിരുന്നു. ഇന്ന് ഭാരത കത്തോലിക്കരുടെ പ്രശ്നം റോമിന്റെ അകത്തളങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇപ്പോഴും അത് മനസ്സിലാക്കാന്‍ നമ്മുടെ പിതാക്കന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരള സഭയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ഉള്ളില്‍ നിന്ന് തന്നെ ഈ വിമോചന മുന്നേറ്റത്തിനു വേണ്ടതിലേറെ സഹായം കിട്ടുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതായത്, കൂദാശകളും അവകാശങ്ങളും സഭക്കുള്ളില്‍ നിന്ന് തന്നെ കുറിയില്ലാതെ ജനങ്ങളില്‍ എത്തുന്ന സമയം വിദൂരമല്ല എന്നര്‍ത്ഥം. അല്ലെലൂജാ ധ്യാനങ്ങളെ നിഷ്പ്രഭമാക്കുന്ന കോഴ്സുകള്‍ നടത്താന്‍ കെല്‍പ്പുള്ള പണ്ഡിതരായ സന്യാസികള്‍ അത്മായര്‍ക്ക് കൂട്ടായി ഇപ്പോഴേ ഉണ്ട്. യേശു ഒരിക്കലും ഈ കേരളത്തില്‍ ഒറ്റപ്പെടുകയില്ല, യേശുവിനെ വെച്ചു കാശുണ്ടാക്കിയവര്‍ മാത്രമേ വ്യാകുലപ്പെടെണ്ടാതുള്ളൂ. യേശു എന്തൊരു കൂട്ടായ്മയാണോ വിഭാവനം ചെയ്തത് അതിവിടെ തന്നെ കാണും. ഒരു ഘര്‍ വാപ്പസിക്കും ഒരു പോറലുപോലും അതിനെ എല്പ്പിക്കുകയുമില്ല, കാരണം അത് മതത്തിനും അതിരുകള്‍ക്കും അതീതമായ സ്നേഹത്തിന്റെ കൂട്ടായ്മയാണ്. യേശു ഒരേ ഒരു കല്‍പ്പനയെ ലോകത്തിനു നല്‍കിയിട്ടുള്ളൂ, അത് പരസ്പരം സ്നേഹിക്കുക എന്നത് മാത്രം. അവിടെ ആ മഹാഗുരു ഒരു വ്യവസ്ഥയും വെച്ചു, 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ' എന്ന്. ആ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്ത യാതൊന്നിനും കാലത്തിന്റെ വെല്ലുവിളികളെ അതി ജീവിക്കാന്‍ സാധിക്കില്ല, കാരണം അത് അപരന് വേണ്ടി സ്വയം ബലിയായ ഒരു ഗുരുവിന്റെ വാക്കുകളായിരുന്നു. അവിടെ അബലനും പ്രബലനും ഒന്നുമില്ലായിരുന്നു. ആ സ്നേത്തിന്‍റെ സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ കഴിയുന്ന ഒരു ഊര്‍ജ്ജ പ്രവാഹം സൃഷ്ടിക്കാന്‍ അത്മായാ പ്രസ്ഥാനങ്ങള്‍ക്ക് കഴിയട്ടെ, കഴിയണം. എല്ലാ ത്യാഗങ്ങളും ആ നല്ല ലക്ഷ്യത്തിന് വേണ്ടിയും ആവട്ടെ. ആശംസകള്‍.
ReplyDeleteദൈവത്തിന്റെ സ്വന്തം നാട്ടിൽ "ക്രിസ്തീയത" ഇല്ലാതെയാക്കിയ രാജകീയ പൌരോഹിത്യത്തിന്റെ അധാര്മീകത കാലം മാപ്പാക്കുകയില്ല ! ഇവരുടെ അരോചകമായ ജീവിതവിശപ്പുകാരണം, മൂല്യച്യുതിവന്ന സന്യാസജീവിതത്തില്‍നിന്ന് വിരണ്ടോടി ഇരുളിന്റെ മറവില്‍ മരവിച്ചമാനസുമായി 'ജീവിക്കാതെ ജീവിച്ചുപോന്ന' പുണ്യമുള്ള മനുഷ്യ്ജന്മങ്ങളെ ,അവരായിരിക്കുന്ന ദുരവസ്ഥയില്‍ നിന്നും രക്ഷിക്കുവാന്‍ ഉത്സുകരായി, കര്‍മ്മനിരതരാവുന്ന ഈ പ്രസ്ഥാനത്തില്‍ ഒരു ചെറുവിരല്‍ കൊണ്ടെങ്കിലും "അണ്ണാന്‍ കുഞ്ഞും തന്നാലായത്" എന്നകണക്കെ ഈ കുറിപ്പെഴുതുവാന്‍ കാലം എന്നെ അനുവദിച്ചതോര്‍ത്തു ഞാന്‍ ധന്യനായി! കാലമേ,നിനക്കെന്‍ പ്രണാമം !
ReplyDelete