Translate

Sunday, January 25, 2015

പെരേര പിതാവേ, താങ്കള്‍ക്ക് ആയിരമായിരം നമസ്‌കാരങ്ങള്‍...

ഇത് ബിഷപ് പീറ്റര്‍ ബെര്‍ണാഡ് പെരേര.
തിരുവനന്തപുരത്ത് എംജി റോഡില്‍ നിന്ന് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനും പബ്ലിക് ലൈബ്രറിക്കും ഇടയിലുള്ള റോഡിലൂടെ നന്ദാവനത്തേക്കു പോകുമ്പോള്‍ ജംഗ്ഷനു തൊട്ടുമുമ്പായി വലതു വശത്ത് ഒരു വലിയ ഓഡിറ്റോറിയം കാണാം. ബിഷപ്പ് പെരേര ഹാള്‍. ഈ ഹാളുമായി ബന്ധപ്പെട്ട് മസാലമണമുള്ളതും മധുരിക്കുന്നതുമായ ഓര്‍മകള്‍ എനിക്കുണ്ട്. 1993ല്‍ എല്‍ബിഎസില്‍ കുറച്ചുകാലം ഡിസിഎ പഠിക്കുമ്പോള്‍ ഈ ഹാള്‍ ഞങ്ങള്‍ക്കൊരാശ്രയമായിരുന്നു. വിളിക്കാതെ കല്യാണത്തിന് ഉണ്ണാന്‍ പോയത് ഇവിടെയാണ്. എന്നും ഇവിടെ വിവാഹസല്‍ക്കാരങ്ങളുണ്ടായിരുന്നു. 12 മണിക്ക് ക്ലാസ് കഴിഞ്ഞാലുടന്‍ കൂട്ടുകാരെയും കൂട്ടി ബിഷപ് പെരേര ഹാളിലേക്ക്. വൈനിന്റെയും കേക്കിന്റെയും രുചികരമായ കൂട്ടും, ചിക്കന്‍ ബിരിയാണിയുടെ രുചിയുമൊക്കെ അറിഞ്ഞുതുടങ്ങിയത് ഇവിടെ നിന്നാണ്. അപ്പോഴൊന്നും ആരാണ് ഈ ബിഷപ് പെരേര എന്ന് അന്വേഷിച്ചിരുന്നില്ല. ഇന്ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആദ്യം സ്മരിക്കേണ്ട പേരാണ് ബിഷപ് പെരേരയുടേത്. ഇന്നത്തെ മനോരമയിലെ Javed Parvesh തയ്യാറാക്കിയ ഫീച്ചറില്‍ നിന്ന്:
"സ്ഥലം കണ്ടെത്തിയിട്ടുണ്ടോ എന്ന സാരാഭായിയുടെ ചോദ്യത്തിനു സംഘത്തിലുണ്ടായിരുന്ന ഡോ. ചിറ്റ്‌നിസ് മറുപടി പറഞ്ഞു. മറ്റൊരിടം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തു പള്ളിത്തുറയ്ക്കടുത്തുള്ള തുമ്പയെന്ന മത്സ്യബന്ധനഗ്രാമമാണെന്നും ഡോ. ചിറ്റ്‌നിസ് പറഞ്ഞു. ഔഷധച്ചെടിയായ തുമ്പയില്‍ നിന്നാണ് ആ പേരു കിട്ടിയതെന്നറിഞ്ഞപ്പോള്‍ സാരാഭായിക്ക് ഏറെ സന്തോഷമായി.
വേളിക്കായലിനു സമീപം കടലിനോടു ചേര്‍ന്നുനില്‍ക്കുന്ന തുമ്പയില്‍ മത്സ്യബന്ധന തൊഴിലാളികളുടെ കുടിലുകളായിരുന്നു ഏറെയും. ഗ്രാമത്തില്‍ തന്നെയായിരുന്നു ചരിത്രമുറങ്ങുന്ന മഗ്ദലനമറിയം പള്ളി. 1544ല്‍ ഫ്രാന്‍സിസ് പുണ്യവാളന്‍ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ആ പള്ളിയും അതിനടുത്തായി സ്ഥിതിചെയ്യുന്ന ബിഷപ്പിന്റെ പാര്‍പ്പിടവും ചുറ്റിപ്പറ്റിയായിരുന്നു ഗ്രാമവാസികളുടെ ജീവിതം. പുരാതനമായ പള്ളി ഏറ്റെടുക്കുന്ന കാര്യമെത്തിയപ്പോള്‍ സര്‍ക്കാര്‍ അറച്ചുനിന്നു.
സാരാഭായി തന്നെ ഈ ദൗത്യം ഏറ്റെടുത്തു. ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം രൂപതയുടെ ബിഷപ് പീറ്റര്‍ ബര്‍നാര്‍ഡ് പെരേരയെ ചെന്നുകണ്ടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാരാഭായി തീരുമാനിച്ചു. രൂപതയുടെ തദ്ദേശീയനായ ആദ്യ ബിഷപ് ആയിരുന്നു ഗംഭീരനായിരുന്ന ബിഷപ് പെരേര.
സാരാഭായിയും ബിഷപ് പീറ്റര്‍ ബര്‍നാര്‍ഡ് പെരേരയും തമ്മിലുള്ള കൂടിക്കാഴ്ച ശാസ്ത്രവും പള്ളിയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമായി. പിറ്റേന്നു ഞായറാഴ്ച കുര്‍ബാന സമയത്തു പള്ളിയിലേക്കു ചെല്ലാന്‍ ബിഷപ് പറഞ്ഞു. പിറ്റേന്നു പ്രാര്‍ഥനകള്‍ക്കുശേഷം ബിഷപ്, സാരാഭായിയെ അള്‍ത്താരയിലേക്കു ക്ഷണിച്ചു. അദ്ദേഹത്തെ നാട്ടുകാര്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടും ലക്ഷ്യത്തിന്റെ മഹത്വത്തെപ്പറ്റിയുമുള്ള ബിഷപ്പിന്റെ ചെറുപ്രഭാഷണത്തിനു ശേഷം രണ്ടായിരത്തോളം വരുന്ന ആളുകള്‍ ഒരേസമയം സമ്മതം മൂളുകയായിരുന്നു."
തിരുവനന്തപുരം രൂപതയുടെ വെബ്‌സൈറ്റില്‍ ബിഷപ് പെരേരയെപ്പറ്റി പറയുന്നിടത്ത് ഇദ്ദേഹം വിമോചന സമരത്തില്‍ നടുനായകത്വം വഹിച്ചതാണ് വലിയ കാര്യമായി പറയുന്നത്. അതിന്റെയെല്ലാം താഴെ ഇങ്ങിനെയൊരു വരി അവരെന്തായാലും ചേര്‍ത്തിട്ടുണ്ട്: At Pallithura when hundreds of poor traditional fishermen were evicted to give way for ISRO establishments, Bishop Pereira constructed 220 pucca houses for the victims of eviction in the 18 acres of land, which the late Bishop bought earlier. അതായത് ബഹിരാകാശകേന്ദ്രത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 220 വീടുകള്‍ അദ്ദേഹം നിര്‍മിച്ചു നല്‍കിയിരുന്നുവെന്ന്.
കൊച്ചിന്‍ ഷിപ്യാര്‍ഡിനു വേണ്ടി സ്ഥലമേറ്റെടുക്കേണ്ടി വന്നപ്പോഴും ഇതുപോലെ ഒരു ബിഷപ്പാണ് സഹായിച്ചതെന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഇത് സംഭവിക്കുന്നത് ഇന്നാണെങ്കിലോ, അള്‍ത്താരയില്‍ ബഹിരാകാശകേന്ദ്രത്തിനെതിരേയുള്ള ഇടയലേഖനമായിരുന്നു വായിക്കപ്പെടുക. പള്ളിക്കുവെളിയില്‍ കുഞ്ഞാടുകള്‍ സാരാഭായിയുടെ കോലത്തില്‍ തീകൊളുത്തുകയും ചെയ്യുമായിരുന്നു. ഇന്ത്യയുടെ അഭിമാനമായ വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ പേരിലെങ്കിലും ബിഷപ് പെരേര ഓര്‍മിക്കപ്പെടുമ്പോള്‍ മറ്റുപല ബിഷപ്പുമാര്‍ക്കും കുഞ്ഞാടുകളുടെ പിന്‍തലമുറകളുടെ ഹൃദയത്തില്‍പോലും സ്ഥാനമുണ്ടാകില്ല.

No comments:

Post a Comment