By ജോസഫ് പടന്നമാക്കൽ
ചിന്തിക്കാൻ പ്രായമാകാത്ത നാളുകളിൽ ഒരു കുമാരൻ അല്ലെങ്കിൽ ഒരു കുമാരി തങ്ങളുടെ സെമിനാരി അല്ലെങ്കിൽ മഠം മതിൽക്കെട്ടിനുള്ളിലെ ആത്മീയ ജയിൽ വാസത്തിന്റെ തുടക്കമിടും. കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ ചെയ്യാത്ത കുറ്റത്തിനാണ് അവർ ശിക്ഷയനുഭവിക്കുന്നത്. സ്ത്രീയാണെങ്കിൽ അവളുടെ ദേഹം മുഴുവനും കറുത്ത പഴുന്തുണി പോലുള്ള കുപ്പായമിട്ടു നടത്തും. എത്ര സുന്ദരിയാണെങ്കിലും പഴുന്തുണി വേഷത്തിൽ കാണുന്ന കന്യാസ്തിയെ പ്രേമിക്കാൻ വരുന്നവരും ചുരുക്കമായിരിക്കും. അറബി നാട്ടിലെ നീളമുള്ള കുപ്പായമിട്ട് പുരുഷനും നടക്കണം. പൌരാഹിത്യം മറ്റെല്ലാ തൊഴിലുകളെക്കാളും കർമ്മങ്ങളെക്കാളും ഉത്തമമെന്ന് ചിന്തിക്കാൻ കഴിവില്ലാത്ത പ്രായത്തിൽ കൗമാരക്കാരെ വിശ്വസിപ്പിക്കും. അവൻ പിന്നീട് ദൈവത്തിങ്കലേക്കുള്ള സ്വപ്നങ്ങളും മനക്കോട്ടയും കെട്ടി അൾത്താര ബാലനായി ധൂപ ക്കുറ്റി വീശാൻ തുടങ്ങും. പുരോഹിതൻ അവിടെ ഒരു കുഞ്ഞാടിനെ ബലിമൃഗമാക്കുകയാണ്. കുടുംബത്തിലൊരു അച്ചനെ കാണാൻ അല്ലെങ്കിൽ മകൾ കന്യാസ്ത്രിയെ കാണാൻ സ്വന്തം മാതാപിതാക്കൾ പ്രാർഥനകളും വഴിപാടും നേർച്ചകളുമായി മറ്റൊരു ലോകത്തായിരിക്കും. പെറ്റമ്മയുടെ സ്വപ്നവും മകന്റെ ദൈവവിളിയിലായിരിക്കും. മനസുനിറയെ ദൈവത്തെ നിറച്ച അവൻ സെമിനാരിയിൽ അല്ലെങ്കിൽ അവൾ മഠത്തിൽ ചേരുന്നു. അവരുടെ പാഴായ ജീവിതം അവിടെ തുടങ്ങുകയാണ്.
വീപ്പക്കുറ്റിയ്ക്കകത്തുരുട്ടുന്ന പോലെ സെമിനാരിയ്ക്കുള്ളിൽ ഉരുട്ടിയ ജീവിതം കഴിയുമ്പോൾ മാതാപിതാക്കളുടെ സ്വപ്നങ്ങൾ പൂവണഞ്ഞുകൊണ്ട്' മകൻ പുരോഹിതനാവുകയാണ്. പുത്തൻ കുർബാനയ്ക്ക് വടിയും പിടിച്ച് മെത്രാനും കാണും. കൈ മുത്തുന്നതും ഭക്തമനസുകൾക്ക് ഏതോ ദിവ്യമായ അനുഭവം പോലെയാണ്. പൌരാഹിത്യത്തിൽ നിന്ന് പിരിഞ്ഞു വന്നാലും അയാളുടെ പാകപ്പെടുത്തിയ മനസ് പെട്ടെന്ന് മാറ്റിയെടുക്കാനും പ്രയാസമാണ്.അന്നും മനസു നിറയെ പുരോഹിത മനസായിരിക്കും. അതിനു മാറ്റം വരണമെങ്കിൽ കാലങ്ങളെ പിന്നെയും അതിജീവിക്കണം. ഭക്തിയും സാമൂഹിക പ്രവർത്തനകളും സാമൂഹിക നീതിയും പരോപകാര പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകാൻ അയാൾ വീണ്ടും ആഗ്രഹിക്കും. ദൈവശാസ്ത്രത്തിൽ മാത്രം പരിജ്ഞാനം നേടിയ അദ്ദേഹത്തിൻറെ കഴിവിനുതകുന്ന ഒരു തൊഴിൽ കണ്ടുപിടിക്കുകയെന്നതും എളുപ്പമല്ല.
പൌരാഹിത്യം ഉപേക്ഷിച്ച ദുഃഖം അവരിൽ നിറഞ്ഞിരിക്കുന്നതായും കാണാം. കുറ്റ ബോധം അവരുടെ മനസുകളെ അലട്ടിക്കൊണ്ടിരിക്കും. വ്യക്തിപരമായ ഒരാളിന്റെ സ്വതന്ത്ര ജീവിതത്തിൽ തടസങ്ങൾ വരുമ്പോഴാണ് പൌരാഹിത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാറുള്ളത്. പൌരാഹിത്യം ഉപേക്ഷിച്ചാലും പലരുടെയും വ്യക്തി ജീവിതത്തിൽ അവരുടെ ഉള്ളിന്റെയുള്ളിൽ പുരോഹിതമനസ്സ് പിന്നീടുള്ള കാലങ്ങളിലും നിറഞ്ഞിരിക്കുന്നതായും കാണാം. മുമ്പ് പുരോഹിതരായിരുന്നവരുമായി ഇടപെടുകയാണെങ്കിൽ അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും ദീന ദയാ മയമായ അനുകമ്പയും മനോഭാവവും തിരിച്ചറിയാൻ കഴിയും. അവർ പുരോഹിതരായിരുന്നുവെന്ന വസ്തുത അറിയത്തില്ലെങ്കിൽ പോലും കാഴ്ചയിൽ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.
സഭയുടെ തത്ത്വങ്ങളുമായി പൊരുത്തപ്പെട്ട ജീവിതം സാധിക്കാത്തതു കൊണ്ട് ചിലർ പൌരാഹിത്യം ഉപേക്ഷിക്കുന്നു. മറ്റു ചിലർ ജീവിതകാലം മുഴുവൻ അവിവാഹിതരായി കഴിഞ്ഞുകൊള്ളാമെന്നുള്ള വ്രതവാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ പൌരാഹിത്യം ഉപേക്ഷിക്കുന്നു. വാസ്തവത്തിൽ അത് തെറ്റല്ല. സ്നേഹം അവിടെ പങ്കിടുകയാണ്.
പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹിതരാകാൻ കത്തോലിക്കാ സഭ തടസമാണെങ്കിൽ അത് ദൈവ ശാസ്ത്രം വിലക്കുന്നില്ല. ക്രിസ്തു നിയമങ്ങളുണ്ടാക്കിയത് കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നല്ലായിരുന്നു. യേശുവിന്റെ യാത്രയിൽ ഒപ്പം വിവാഹിതരും അവിവാഹിതരുമുണ്ടായിരുന്നു. അവിടുത്തെ കാഴ്ചപ്പാടിൽ വൈവാഹിക ജീവിതവും പരിശുദ്ധമാണ്. പരിശുദ്ധാത്മാവ് വിവാഹിതരായവരെയും നയിക്കുന്നുവെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സഭയെന്നാൽ ദൈവമല്ല. പള്ളിയിലും ദിവ്യബലികളിലും കൂദാശകളിലും സഭയ്ക്കാരും ദൈവികാധികാരം കൊടുത്തിട്ടില്ല. സഭ ഒരു സംഘടന മാത്രം. ആ സംഘടനയെ ഭരിക്കാൻ അധികാരമുള്ള യാഥാസ്ഥിതികരായ പുരോഹിതരും അഭിഷിക്തരും നിറഞ്ഞിരിക്കും. സഭയ്ക്ക് ദൈവിക ശക്തിയൊന്നുമില്ല. മറ്റുള്ള സഭകളിലുള്ളതു പോലെ സഭയ്ക്കുള്ളിൽ യേശുവുമുണ്ടായിരിക്കാം. സഭയ്ക്ക് ദൈവികമായി യാതൊരധികാരവുമില്ലാത്ത സ്ഥിതിക്ക് ഒരു പുരോഹിതൻ സഭ വിട്ടു പോയെങ്കിൽ അത് ദൈവത്തോടുള്ള പ്രതിജ്ഞാ ലംഘനമല്ല. സഭയ്ക്ക് മനുഷ്യന്റെ അധികാരമേയുള്ളൂ. ആ സഭയിൽ അധികാരമോഹികളായ പണത്തിന്റെ പിന്നാലെ പായുന്ന കുറെ സ്വാർത്ഥ മതികളായ പുരോഹിതരെയും കാണാം.
സഭയ്ക്ക് തെറ്റാ വരമുണ്ടെന്ന് മാർപ്പായ്ക്കു പോലും പറയാൻ സാധിക്കില്ല. ദൈവം മാത്രമാണ് തെറ്റാവരമുള്ളവൻ. മാർപ്പാപ്പയുടെ തെറ്റാവരമെന്ന തത്ത്വം അധികാരത്തിൽ കടിച്ചു തൂങ്ങാൻ സഭ തന്നെ കണ്ടുപിടിച്ച ഒരു പോംവഴിയാണ്. 1870-ലെ ഒന്നാം വത്തിക്കാൻ കൌണ്സിൽ കണ്ടുപിടിച്ച ഒരു കുതന്ത്രം മാത്രം. ക്രിസ്ത്യൻ നവീകരണ തീവ്ര വാദികൾ ബൈബിൾ തെറ്റാവരമെന്ന് പ്രഖ്യാപിച്ചപ്പോൾ കാനോൻ നിയമങ്ങൾ നടപ്പാക്കുന്ന മാർപ്പാപ്പായും തെറ്റാവരമെന്ന് അന്നത്തെ സുനഹദോസ് തീരുമാനിച്ചു. മനുഷ്യനെഴുതിയ ബൈബിളും കാനോൻ നിയമങ്ങളും തെറ്റാവരമായി കരുതുന്നവർ വിഡ്ഢികളുടെ സ്വർഗഭൂമിയിൽ കുരയ്ക്കുന്നവരന്നേ പറയാൻ സാധിക്കൂ. ശാസ്ത്രം പുരോഗമിച്ചപ്പോഴും പരിണാമ തത്ത്വങ്ങൾ അവതരിപ്പിച്ചപ്പോഴും മഹാ സ്പോടന തത്ത്വം പരിഗണിച്ചപ്പോഴും മതം പഠിപ്പിച്ചത് പൊള്ളയായിരുന്നുവെന്ന് സാമാന്യ ജനങ്ങൾ മനസിലാക്കാനും തുടങ്ങി. 1859-ൽ ജീവ ജാലങ്ങളുടെ ആരംഭത്തെപ്പറ്റി ഡാർവിൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പിന്നാലെയായിരുന്നു മാർപ്പാപ്പായുടെ തെറ്റാവരമെന്ന അബദ്ധ തത്ത്വം മാർക്കറ്റിലിറക്കിയത്.
ബൈബിളെന്ന പുസ്തകം നവീകരണക്കാരുടെ തെറ്റാവരമുള്ള കടലാസ്സു മാർപ്പാപ്പായായപ്പോൾ മാർപ്പായ്ക്ക് തെറ്റാവരമുണ്ടന്നു കത്തോലിക്കാ സഭയും സ്ഥാപിച്ചു. മനുഷ്യരുടെ മനസ്സിൽ ഭയം സൃഷ്ടിച്ചതിനൊപ്പം ലോകത്തിനും മാറ്റങ്ങൾ വന്നു. സാമാന്യ ബോധമുള്ളവർ സഭ പഠിപ്പിച്ച തെറ്റായ ചിന്തകളെ അകത്തി മാറ്റി ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു ചിന്തിക്കാനും തുടങ്ങി.
സഭയ്ക്ക് തെറ്റു പറ്റിയെന്നു പറഞ്ഞാൽ സഭയിലടിയുറച്ചു വിശ്വസിക്കുന്നവർ 'അതിനുള്ള തെളിവെന്തെന്ന്' മറുചോദ്യം ചോദിക്കും. ദൈവം നമുക്ക് ബുദ്ധിയും മനസും ചിന്തിക്കാനുള്ള കഴിവും തന്നിരിക്കുന്നത് പുരോഹിതരുടെ സാരോപദേശം കേട്ടിട്ട് അടിമയെപ്പോലെ നേർച്ചയും പ്രാർത്ഥനയുമായി കഴിയാൻ വേണ്ടിയല്ല. സ്വയം യുക്തിപരമായി ചിന്തിക്കാനാണ്' ദൈവം നിശ്ചയിച്ചത്. മ റ്റുള്ളവർ എഴുതിവെച്ച പഴംപുരാണങ്ങൾ അപ്പാടെ വിശ്വസിച്ച് സ്വീകരിക്കാനല്ല. മാർപ്പായ്ക്ക് തെറ്റാവരമുണ്ടെന്ന് സഭയുടെ പക്കലുള്ള തെളിവെന്താണ്? ബുദ്ധിയും ബോധവും ത്യജിച്ച് തെറ്റാ വരമെന്ന ബിംബത്തെയും കടലാസ്സു മാർപാപ്പായെയും സഭാ മക്കൾ ആരാധിക്കണോ? സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഏതാനും പുരോഹിതരാണ് തെറ്റാവരത്തിന്റെ ഉറവിടം. മെത്രാനോ കർദ്ദിനാളിനോ ലോകത്തിലൊരു പുരോഹിതനോ തെറ്റാവരമെന്ന അധികാരം കൊടുത്തിട്ടില്ല. മനുഷ്യമനസുകൊണ്ട് അവർ പുരോഹിതരായി. അതേ മനസുകൊണ്ട് അവർ പൌരാഹിത്യം വേണ്ടെന്നു വെച്ചു. മനുഷ്യനാണ് തലയിൽ കൈവെച്ച് ഒരു പുരോഹിതന് പൌരാഹിത്യം നല്കുന്നത്. അല്ലാതെ അത് ദൈവം കല്പ്പിച്ച കൈവെപ്പു പാരമ്പര്യമൊന്നുമല്ല. ദ്രവ്യാഗ്രഹമുള്ള മനുഷ്യത്വം നശിച്ച പുരോഹിതരുടെ പ്രവർത്തനത്തിൽ മനംനൊന്ത് ഒരുവൻ പൌരാഹിത്യം വേണ്ടെന്നു വെച്ചാൽ അതിൽ തെറ്റൊന്നും കാണാൻ സാധിക്കില്ല.
പുരോഹിതനായ ഒരുവന്റെ ജീവിതത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുകയെന്ന തീരുമാനമെടുക്കാൻ എളുപ്പമല്ല. പൗരാഹിത്യമെന്ന കുരുക്കഴിക്കാൻ മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം അയാൾ സ്വയം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകാം. സുപ്രധാനമായ ഈ തീരുമാനത്തിനായി ചിലപ്പോൾ കണ്ണീരോടെ അനേക തവണകൾ പ്രാർത്ഥിച്ചിട്ടുണ്ടാവാം. പൌരാഹിത്യത്തിൽ ഒരുവൻ പ്രവേശിക്കുന്നതിനെക്കാളും പൌരാഹിത്യം ഉപേക്ഷിക്കുമ്പോൾ അയാൾക്ക് ഉറച്ച വിശ്വാസവും ധൈര്യവും ആവശ്യമാണ്. മുന്നോട്ടുള്ള അയാളുടെ ജീവിതം അന്ധകാരം നിറഞ്ഞതായിരിക്കുമെന്ന മാനസിക വിഭ്രാന്തിയും അലട്ടിക്കൊണ്ടിരിക്കും. പൌരാഹിത്യ ജീവിതത്തിലേക്ക് ഒരാളുടെ ജീവിതം അടിയറ വെയ്ക്കുമ്പോൾ ചുറ്റും ജനം "ഹോശാനാ ഹോശാന' എന്ന് പാടിക്കൊണ്ട് വാഴ്ത്തും. അയാൾ പൌരാഹിത്യം ത്യജിക്കുമ്പോൾ പിന്നീട് ഉച്ചത്തിലുള്ള അലർച്ചകളും ശബ്ദകോലാഹലങ്ങളും ശ്രവിക്കാം. ബന്ധുക്കളും സുഹൃത്തുക്കളും സഹിതം "അവനെ ക്രൂശിക്കൂ, അവനെ ക്രൂശിക്കൂ" വെന്ന് പറഞ്ഞ് ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങും. പൌരാഹിത്യം തെരഞ്ഞെടുക്കുന്നതും പൌരാഹിത്യം ഉപേക്ഷിക്കുന്നതും ഒരുപോലെ ദൈവത്തിങ്കലേക്കുള്ള വഴിയാണ്.പരിശുദ്ധി നശിച്ച ദേവാലയത്തിൽ പ്രവേശിച്ച് യേശു ചുങ്കക്കാരെയും ഫരീസിയരെയും പുറത്താക്കിയപ്പോൾ ജനം അവിടുത്തെ ഹോശാന പാടി സ്വീകരിച്ചു. അതുപോലെ ദൈവത്തിങ്കലേയ്ക്ക് കുരിശുമായി പോവുന്ന യേശുവിനെയും ജനം ക്രൂശിക്കൂ, ക്രൂശിക്കൂവെന്ന് പറഞ്ഞ് അക്രോശിച്ചിരുന്നു.
പുരോഹിതർ പൌരാഹിത്യം ഉപേക്ഷിക്കുന്നത് അവരുടെ വിശ്വാസം നശിച്ചതുകൊണ്ടെന്നു മെത്രാനും കൂടെ നടക്കുന്ന പുരോഹിതരും ചിന്തിക്കുന്നു. എന്നാൽ അത് സത്യമല്ല. പിരിഞ്ഞു പോകുന്ന പുരോഹിതർ ക്രൈസ്തവ ചിന്തകളിൽ മാറ്റമില്ലാതെ അഗാധമായി വിശ്വസിക്കുന്നവരാണ്.വിശ്വാസം അവരിൽ കൂടുതൽ ബലവത്തായതുകൊണ്ടാണ് അവർ സഭ വിടുന്നത്. വാസ്തവത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുന്നവർ വിശ്വാസത്തിൽ പാകത നേടുന്നവരാണ്. ഒന്നുമറിയാത്ത പ്രായത്തിൽ അവരുടേതല്ലാത്ത തെറ്റുകൊണ്ട് അവരാഗ്രഹിക്കാത്ത പൌരാഹിത്യക്കുടുക്കിൽ അകപ്പെട്ടു പോയി. കുരുക്കുകൾ അഴിച്ച് സ്വയം വിവേകവും അറിവും വരുമ്പോഴാണ് അവർ പൌരാഹിത്യം വേണ്ടെന്നു വെയ്ക്കുന്നത്.
സഭയുടെ ചട്ടക്കൂടിനുള്ളിൽ ദൈവത്തിനു രണ്ടാം സ്ഥാനമേ കല്പ്പിച്ചിട്ടുള്ളൂ. പുരോഹിതരായിരിക്കുന്ന കാലഘട്ടത്തിൽ സ്വന്തം മനസാക്ഷിയിലെ ദൈവത്തെക്കാളുപരി സഭയുടെ കാനോനിക തത്ത്വങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കണം. കാരണം കത്തോലിക്കാ സഭയെ നയിക്കുന്നത് എന്നും യാഥാസ്ഥിതികരുടെ ഒരു നേതൃത്വമാണ്. സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് അടിച്ചേല്പ്പിക്കുന്ന ഒരു സ്വേച്ഛാധിപത്യമാണ് സഭയ്ക്കുള്ളത്. സ്വന്തം ഇഷ്ടപ്രകാരം പൗരാഹിത്യമെന്ന കറക്കു കമ്പനിയിൽ നിന്നും സ്വതന്ത്രരായി പുറത്തിറങ്ങിയ പുരോഹിതരെ ഇനിമേൽ പീഡിപ്പിക്കാൻ അധികാരമത്തു പിടിച്ച പുരോഹിത പ്രഭുക്കൾക്ക് സാധിക്കില്ല. ദൈവത്തിങ്കലേക്കുള്ള സ്വതന്ത്രമായ യാത്രയ്ക്കിടയിൽ ഭൂമിയിലെ മറ്റൊരുവന്റെ മാധ്യസ്ഥം സ്വതന്ത്രരാകുന്ന ഈ പുരോഹിതർക്ക് ആവശ്യമില്ല. കൂലിയില്ലാ ജോലി ചെയ്ത പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ആയുഷ്ക്കാല വേതനവും സഭ ഇവർക്ക് നല്കാനും ബാധ്യസ്ഥരാണ്. ചർച്ച് ആക്റ്റിനെ അവഗണിച്ച് നിയമത്തിനു വിട്ടുകൊടുക്കാതെ പിടിച്ചടക്കിയ സഭാ പൌരരുടെ സ്വത്ത് ഇന്നും അഭിഷിക്ത കൊർപ്പറേഷന്റെ കൈവശം തന്നെയാണ്.
നിർബന്ധിതമായി അടിച്ചേൽപ്പിച്ചിരിക്കുന്ന ബ്രഹ്മചര്യം പൊട്ടിച്ചെറിഞ്ഞ ഒരു പുരോഹിതന് ഒരു വിപ്ലവകാരിയുടെ മനസുമുണ്ടായിരിക്കും. ബ്രഹ്മചര്യത്തോടല്ല, അയാളെ കൂച്ചിക്കെട്ടിയ സമൂഹത്തിനെതിരെയാണ് വിപ്ളവ കൊടുങ്കാറ്റ് വീശുന്നത്. ദൈവ വിളിയെന്നു പറഞ്ഞ്, ക്രിസ്തുവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യാൻ യുവാക്കളെ ആവശ്യമുണ്ടെന്നു പറഞ്ഞ് പത്രങ്ങളിൽ പരസ്യം ചെയ്തും കള്ള വാഗ്ദാനങ്ങൾ നല്കിയുമാണ് പാവങ്ങളായ ഇവരെ പൌരാഹിത്യത്തിൽ ചാടിച്ചത്. ബ്രഹ്മചര്യത്തിന്റെ ഉള്ക്കാഴ്ചയോടെയാണ് പൌരാഹിത്യത്തിൽ പ്രവേശിക്കുന്നതെങ്കിലും അയാളുടെ ബ്രഹ്മചര്യത്തെ നിത്യവ്രതമായി കൈക്കൊള്ളാൻ സാധിക്കില്ല. മനുഷ്യനായ പുരോഹിതനിലും ബലഹീനതകളുണ്ട്. ആത്മീയഗുരുക്കളും ബിഷപ്പുമാരും അയാളിലെ ബ്രഹ്മചര്യത്തെ അഴിഞ്ഞുപോവാതെ പിടിച്ചു കെട്ടി മുറുക്കിക്കൊണ്ടിരിക്കും. ഇവിടെ ബ്രഹ്മചര്യമെന്നു പറയുന്നത് ഒരു സഹന ശക്തി മാത്രം. അത്യാഗാധമായ ഹൃദയത്തിനുള്ളിൽ അയാളെന്നും ഏകാകിയാണ്. ബ്രഹ്മചര്യം പോലെ വയസാകുമെന്ന ചിന്തയും അയാളെ അലട്ടിക്കൊണ്ടിരിക്കും. ജീവിതത്തിന്റെ സായം കാലങ്ങളിൽ പുരോഹിതർക്കുള്ള നേഴ്സിംഗ് ഹോമുകളിൽ ബുദ്ധിയും ബോധവും നശിച്ച മറ്റു പുരോഹിതരോടൊപ്പം കഴിയേണ്ട കാലങ്ങളെപ്പറ്റിയും ചിന്തിക്കും. പൌരാഹിത്യത്തിൽക്കൂടി യുവത്വത്തിൽ അനുഭവിക്കുന്ന സൌഭാഗ്യങ്ങൾ അന്ന് കാത്തു കിടക്കുന്നത് കഠിനമായ ദുഖങ്ങളെയായിരിക്കും. ഏകാന്തതയ്ക്ക് ശമനം വരുമെങ്കിലും പുറകോട്ടുള്ള അന്ധകാര ജീവിതവും നഷ്ടബോധവും അനുഭവിച്ച ഏകാന്തതയും മനസ്സില് എന്നും തളം കെട്ടി നില്ക്കും.
ഒരു പുരോഹിതൻ ഒരു സ്ത്രീയുമായി പ്രണയത്തിലായാൽ പിന്നീടയാൾക്ക് പൌരാഹിത്യം ജയിലറയാവുകയാണ്. സ്നേഹിച്ച ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കണമെങ്കിൽ ചുറ്റുമുള്ള ഭ്രാന്തൻ സമൂഹത്തിന്റെ കഴുകന്റെ ദൃഷ്ടികളുള്ള കണ്ണുകളെയും അതിജീവിക്കണം. സ്നേഹം പരിശുദ്ധമാണെങ്കിലും പൌരാഹിത്യത്തിൽ അതൊരു മാനസിക വിപ്ലവമുണ്ടാക്കുന്നു. ലൈംഗികതയെ മാറ്റി നിർത്തി ഇവിടെ രണ്ടു ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കുകയാണ്. ശേഷിക്കുന്ന ജീവിതത്തിൽ ഏകാന്തതയിൽ നിന്നും മുക്തി നേടാൻ' ഒരു പുരോഹിതൻ കൂട്ടുകാരിയെ തേടിയാൽ സമൂഹമൊന്നാകെ പൊട്ടിത്തെറിയുണ്ടാവുകയാണ്. പൌരാഹിത്യം അയാളിൽ ചുറ്റിപ്പറ്റിയിരിക്കുന്നതുകൊണ്ട് സ്നേഹിക്കുന്നതും രഹസ്യമായി വേണം. ഒരു പുരോഹിതൻ മറ്റൊരുവളെ സ്നേഹിക്കുന്നുവെങ്കിൽ ആ സ്നേഹം പരിശുദ്ധമെങ്കിൽ എന്തിനയാളെ തടയണം. സ്നേഹം പൌരാഹിത്യത്തിന് തടസമാകുന്നതെങ്ങനെ? "ദൈവം സ്നേഹമാണെന്ന്" യോഹന്നാൻ സുവിശേഷം നാലാം അദ്ധ്യായം എട്ടാം വാക്യത്തിൽ പറയുന്നു, എങ്കിലെന്തുകൊണ്ട് പുരോഹിതന് ദൈവത്തിന്റെ ആ സ്നേഹം നിഷേധിക്കണം? "ബ്രഹ്മചര്യം സകലരെയും സ്നേഹിക്കാൻ കാരണമാകുമെന്ന്" പഴം കാലത്തിലെ പുരോഹിതർ പറയും, സത്യമതെല്ലെന്നും മനസിലാക്കണം. വിവാഹിതരും തുല്യമായി മറ്റുള്ളവരെ സ്നേഹിക്കാറുണ്ട്. പ്രേമിക്കുന്നത് തിന്മയായി സഭ കരുതുന്നു. പുരോഹിതരുടെ ലൈംഗികാസക്തി തടഞ്ഞ് അവരുടെമേൽ യജമാന അടിമത്വം സൃഷ്ടിക്കുകയാണ് അഭിഷിക്തർക്കെന്നും താല്പര്യമുള്ളത്. പുരുഷമേധാവിത്വം സഭയിലെന്നും അഴിഞ്ഞാടുന്നു. സ്ത്രീകളെ സമൂഹത്തിൽ എന്നും താണവരായി കാണുന്നു. ഇതിൽ നിന്നും ഒരു സ്വതന്ത്ര വിമോചനത്തിനായിരിക്കാം കന്യാസ്ത്രികളും കൂടു വിട്ട് അവരുടെ ജയിലറകളിൽനിന്നും പുറത്തു ചാടുന്നത്.
ക്രിസ്തുവിന്റെ സന്ദേശങ്ങളിൽ ആരും ബ്രഹ്മചര്യം കാക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല. പത്രോസിന്റെ അമ്മായിയമ്മയെ യേശു രോഗ വിമുക്തനാക്കി. ദൈവത്തിന്റെ തീരുമാനം അങ്ങനെയെങ്കിൽ, കുടുംബ ജീവിതം നയിക്കുന്നവരെയും സ്നേഹിക്കുന്നുവെങ്കിൽ സഭയെ എന്തിനു ഭയക്കണം? സഭ ദൈവത്തെക്കാളും ഉപരിയോ? വിവാഹിതനായ പത്രോസിനെയും കുടുംബത്തെയും യേശുവിന് പ്രിയമെങ്കിൽ പൌരാഹിത്യം ഉപേക്ഷിക്കുന്ന പുരോഹിതരെയും വിവാഹിതരാകുന്നവരെയും യേശുവിന് പ്രിയം തന്നെയായിരിക്കും.
പൌരാഹിത്യം ഉപേക്ഷിച്ചു വരുന്നവരോട് സ്നേഹമായി പെരുമാറാൻ സമൂഹവും തയാറാകണം. സമൂഹത്തിന്റെ തെറ്റായ ധാരണകൾക്കും മാറ്റം വരണം. പൌരാഹിത്യം വേണ്ടെന്നു വെച്ചു പുറത്തിറങ്ങുന്ന സഹോദരങ്ങളെ വെറുതെ വിടൂ, കൊച്ചിയിൽ അറബിക്കടലിന്റെ മടിത്തട്ടിൽ അവരോടൊപ്പം കൂടുന്ന ഈ മഹാസമ്മേളനം വഴി അവർക്കൊപ്പം ഒരു ജനശക്തിയുണ്ടെന്ന കാര്യവും സമൂഹത്തെ അറിയിക്കണം. പൌരാഹിത്യം ഉപേക്ഷിക്കാൻ മനതന്റെടമുള്ള പുരോഹിതർ സമൂഹത്തിന്റെ വെല്ലുവിളികളും സ്വീകരിച്ചുകൊണ്ടു തന്നെയാണ് പുറത്തു ചാടിയത്. യേശുവിന്റെ ചൈതന്യവുമായാണ് അവർ പൌരാഹിത്യത്തോട് വിട പറഞ്ഞത്. അവർക്കു വേണ്ടി വീണ്ടും ഉച്ചത്തിൽത്തന്നെ ഹോശാനാ പാടാം.
മനുഷ്യ ജീവിതം മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. പുരോഹിതനായി ജീവിച്ചുകൊള്ളാമെന്ന് അന്ന് പുരോഹിതൻ മറ്റൊരു പുരോഹിതന്റെ മുമ്പിലാണ് പ്രതിജ്ഞ ചെയ്തതെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച അതേ മനുഷ്യൻ വീണ്ടും പ്രതിജ്ഞ ചെയ്യുകയാണ് "സമൂഹമേ ഞാനിനി നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പമായിരിക്കും." തെറ്റാവരമെന്ന ബിംബത്തെ തട്ടിത്തെറിപ്പിച്ച ശേഷമാണ് ദൈവത്ത്ന്റെ നിയോഗം ഇവിടെ പൂർത്തികരിക്കുന്നത്. പുതിയ ജീവിതം തുറന്നതുവഴി പുരോഹിതനുണ്ടായിരുന്ന തുച്ഛമായ വരുമാനം നിലച്ചേക്കാം. ജോലി നഷ്ടപ്പെട്ടേക്കാം. കുടുംബവും സഹോദരങ്ങളും മാതാപിതാക്കളും ഉപേക്ഷിച്ചേക്കാം. കുടുംബത്തിൽ നിന്നും കിട്ടേണ്ട ഓഹരികൾ മറ്റുളളവർ കവർന്നെടുത്തേക്കാം. ജനിച്ചു വീണ സഭയിൽനിന്നും പുറത്താക്കുമെന്ന ഭയവും ഉണ്ടായേക്കാം. പ്രശ്ന സങ്കീർണ്ണങ്ങളുമായി പൌരാഹിത്യം ഉപേക്ഷിച്ചു വരുന്ന ഇയാളുടെ മനസും തളർന്നിരിക്കാം. സമൂഹമനസാക്ഷിക്ക് ഇതു കണ്ട് കണ്ണടക്കാൻ സാധിക്കില്ല.
നമ്മുടെ സമൂഹത്തോട് എനിക്കൊന്നേ പറയാനുള്ളൂ ; നിസഹായരായ പൌരാഹിത്യമുപേക്ഷിച്ചു വരുന്നവരുടെ മനസിനെ തകർക്കാതെ അവരെ വെറുതെ വിടൂ. പുരോഹിതരും നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ളവരെന്ന് അവർ പൌരാഹിത്യത്തിന്റെ ചട്ടക്കൂട്ടിലായിരുന്ന കാലത്ത് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്. പുരോഹിതരായിരുന്ന് നിങ്ങൾക്കുവേണ്ടി മുമ്പ് ആത്മീയ ജോലി ചെയ്തിരുന്ന ഇവർ ഇനി മുതൽ നമ്മോടൊപ്പം ജീവിക്കേണ്ടവരാണ്. മുടിയനായ പുത്രനെ സ്നേഹമുള്ള പിതാവ് സ്വീകരിച്ചു. എങ്കിൽ എന്തുകൊണ്ട് ദൈവത്തിനായി ജോലി ചെയ്ത നിങ്ങളുടെ മകനെ നിങ്ങൾ തള്ളി പറയുന്നു. പൌരാഹിത്യം ഉപേക്ഷിച്ചവർക്കായി കൂടുന്ന കൊച്ചി സമ്മേളനത്തിന്റെ വിജയത്തിനായി ഹോശാന പാടാം. അധികാര ശ്രേണികളിലുള്ള കയാഫാസിന്റെ മക്കൾ അങ്ങകലേനിന്ന് 'അവനെ ക്രൂശിക്കുക, ക്രൂശിക്കുക ' എന്നട്ടഹസിക്കട്ടെ. അവരെയായിരുന്നു, യേശു അണലി സന്തതികളെന്നു വിളിച്ചത്. പത്രോസ് വാളൂരിയതും അവർക്കെതിരെയായിരുന്നു. സത്യമായ ക്രിസ്തു ഇന്ന് ദുഖിതരായ സന്യസ്തമുപേക്ഷിച്ച സഹോദരി സഹോദരന്മാരോടൊപ്പമുണ്ട്.
ഫെബ്രുവരി 28 ന് ഏറണാകുളത്ത് ചേരുന്ന മുന്‍ കത്തോലിക്കാ സന്യസ്ഥരുടെ ദേശീയസമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്.
പത്തുനാല്പതു വർഷത്തിലധികം സന്യാസി/പുരോഹിതനായി സഭയെ അല്ലെങ്കിൽ രൂപതയെ സേവിച്ച് ജീവിച്ച ശേഷം ആത്മാവിന് സ്വസ്ഥത കിട്ടാതെ വന്നപ്പോൾ സഭയെയും വൈദികവൃത്തിയെയും ഉപേക്ഷിച്ച് ഏകാന്തജീവിതം നയിക്കുന്ന ഏതാനും നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. പുറത്തുപോകാനും തങ്ങളുടെ ആദ്ധ്യാത്മിക സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാനുമുള്ള അനുവാദത്തിനായി പത്തും പതിനഞ്ചും വർഷം ഇവർക്ക് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. കാത്തിരുപ്പുകൊണ്ട് ഒന്നും സംഭവിക്കുകയില്ലെന്ന് മനസ്സിലാക്കി ഒരു സുപ്രഭാതത്തിൽ ഉണ്ടായിരുന്നതെല്ലാം മുറിയിൽ വച്ചിട്ട് ആരോടും പറയാതെ ഇറങ്ങിപ്പോയവരും ഇക്കൂടെയുണ്ട്. അവർ പറയുന്നത്, തങ്ങളുടെ ദൈവവിളി ഇതല്ല എന്ന് ബോധ്യമായശേഷം സഭയിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ വഴികളും അടക്കാനാണ് അധികാരികൾ ശ്രമിക്കുന്നത് എന്നാണ്. തങ്ങളുടെ ദൈവവിളി ഇതല്ലെന്ന് അവർ തെളിയിക്കണം പോലും! Dispensation കിട്ടാതെ അകത്തു നരകിക്കുന്നവർ ധാരാളമുണ്ടെന്നാണ് ഈ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. അതായത്, സഭയുടെ കണ്ണിലുള്ളത് വ്യക്തിയുടെ നന്മയല്ല, മറിച്ച് സഭയുടെ അല്ലെങ്കിൽ രൂപതയുടെ സൽപ്പേരും മറ്റ് നേട്ടങ്ങളുമാണ്. എത്രമാത്രം ആത്മക്ലേശങ്ങൾക്ക് ശേഷമാണ്, എത്രമാത്രം ശാരീരിക പീഡനങ്ങൾക്ക് ശേഷമാണ് ഒരു കന്യാസ്ത്രീ അല്ലെങ്കിൽ ഒരു വൈദികൻ പുറത്തിറങ്ങുന്നത് എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. പുറത്ത്, മിക്കപ്പോഴും, അവരെ കാത്തിരിക്കുന്നതോ അവഹേളനയും, അവഗണയും. കണ്ണിൽ ചോരയില്ലാത്ത സഭാസംവിധാനങ്ങളാണ് ഇതിനെല്ലാം കാരണം. വ്യക്തികളെ സമൂഹത്തിനുവേണ്ടി ബലികഴിക്കുന്ന ഈ രീതിക്ക് മാറ്റമുണ്ടാകണം. നിയമത്തിന്റെ നൂലാമാലകലില്ലാതെ മഠവും സന്യാസ സമൂഹവും അല്ലെങ്കിൽ ഒരു രൂപതയും ഉപേക്ഷിക്കാൻ അവയ്ക്കുള്ളിലായിപ്പോയി എന്ന് തോന്നുന്നവർക്ക് സാധിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടണം. പുറത്തു വരുന്നവരെ സഹോദരബുദ്ധ്യാ സ്വീകരിക്കുക എന്നതുപോലെ, അകത്തായിപ്പോയവർക്ക് അവരുടെ മനസ്സാക്ഷിയെ അനുസരിച്ച് പുറത്തിറങ്ങാനുള്ള സാഹചര്യവും സഭയിലുണ്ടാവണം.
ReplyDeleteTel. 9961544169 / 04822271922
From Fsacebook: ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്തിച്ചുകൊണ്ട് ഒരു സുഹൃത്ത് അയച്ചുതന്ന കമന്റ്..
ReplyDeleteചിക്കാഗോ സെന്റ് തോമസ്സ് സീറോ മലബാർ രൂപതയിൽ സേവനം ചെയ്യ്യുന്ന എല്ലാ കോട്ടയം രൂപതയിലെ വൈദീകരും തങ്ങളുടെ ശമ്പളത്തിന്റെ 30% ലെവിയായി കോട്ടയം രൂപതയ്ക് കൊടുക്കണം. ശമ്പളത്തിന് പുറമേ കിട്ടുന്ന മറ്റ് എല്ലാവിധ കിമ്പളങ്ങളും വൈദീകർക്കു ഉള്ളതാണ്. മിടുക്കന്മാരായ കുട്ടികൾ ഹൈസ്കൂൾ കഴിഞ്ഞ് ആറോ അതിൽ അധികമോ വർഷം പഠിച്ചുകഴിഞ്ഞാൽ കിട്ടുന്ന തുച്ചമായ വരുമാനത്തിലുള്ള ജോലിയുമായി താരതമ്യം ചെയ്യുമ്പോൾ വഷളന്മാരും മാനസീകപ്രോബളം ഉള്ളവരും മന്ദബുദ്ധികളുമായ ആണ്‍കുട്ടികൾക്ക് പറ്റുന്നതും കിട്ടാവുന്നതുമായ ഫസ്റ്റ് ക്ലാസ്സ് പണിയാണ് വൈദീകവൃത്തി. വിവാഹത്തിലൂടെ ഒരു കുടുംബം പോറ്റണ്ടതോ കുട്ടികളെ വളർത്തണ്ടതോ ആയ യാതൊരു കഷ്ടപ്പാടും ഇല്ലന്ന് മാത്രമല്ല പോകുന്നിടത്തെല്ലാം വികലവും അല്ലാത്തതുമായ എല്ലാ ലൈംഗീക സുഖങ്ങളും യഥേഷ്ടം അനുഭവിക്കാനും അളവറ്റ സ്വത്ത് സ്വന്തമാക്കാനും സാധിക്കുന്നു. സമൂഹത്തിൽ ഉന്നതമായ സ്ഥാനവും ആദരവും പരിചരണങ്ങളും കിട്ടുന്ന ഈ പുരോഹിതവൃത്തിക്ക് സമമായി വേറെ എന്തുണ്ട് ? ഇറ്റലിയിലെ പല രൂപതകളും ഔട്ട്സോർസ്സ് ചെയ്ത് വൈദീക ജോലി കേരളത്തിലെ ചില സന്യാസസഭകൾക്ക് കൊടുത്തിരിക്കുകയാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാസ്റ്റ് ട്രാക്കിലൂടെ പുരോഹിതരായവരും അല്ലാത്തവരുമായ വൈദീകർ ഉന്നതമായ, അല്ലലില്ലാത്ത ജീവിതസാഹചര്യവും ലൈംഗീകഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന മേത്തരം ഭക്ഷണക്രമവും ശീലിച്ച് തീറ്റകുത്തൽ കൂടുമ്പോൾ മ്ലേച്ചതയിൽ നിന്നും മ്ലേചതയിലേക്ക് കൂപ്പ്കുത്തുകയും ബാലപീഡനമടക്കമുള്ള കാടത്തരങ്ങളിലേക്ക് നിപതിക്കുകയും ചെയ്യുന്നു.
രൂപതയിലേയ്ക്ക് കൊടുക്കാനുള്ളത് കൃത്യമായി കൊടുത്താല്‍, അവരുടെ ഒരു ചെയ്തികളും ചോദ്യംചെയ്യപ്പെടുകയില്ല.. സര്‍വസ്വതന്ത്രര്‍.
Joseph Parambi wrote in Facebook: നമ്മുടെ അച്ചന്മാരും ബിഷപ്പ്മാരും ഏറ്റവും അധികം "പ്രാകി" യിട്ടുള്ളത് കുഞ്ഞിരാമൻ വൈദ്യരെയാണ്. മറിയക്കുട്ടി കൊല കേസിൽ Fr. Benedict നെ തൂക്കി കൊല്ലാൻ വിധിച്ച sessions ജഡ്ജ് ആണ് കുഞ്ഞിരാമൻ വൈദ്യർ. അത്കൊണ്ട് എന്ത് സംഭവിച്ചു? ഒരു മകൻ ഐ.എ.സ് കാരനായി ഇപ്പോൾ കേരളത്നിറെ ചീഫ് സെക്രട്ടറിയുമായി. കേരളത്തിലെ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഭരത് ബൂഷൻ കുഞ്ഞിരാമൻ വൈദ്യരുടെ മകനാണ്. രണ്ടാമത്തെ മകൻ ഡോക്ടർ ആയി അമേരിക്കയിൽ ജോലി ചെയ്യുന്നു. കുഞ്ഞിരാമൻ വൈദ്യർ നല്ല ആരോഗ്യത്തോടെ ജീവിച്ചു, പെൻഷൻ പറ്റി പിന്നെ കുറെ കൊല്ലം കഴിഞ്ഞു പ്രായാധിക്യം മൂലം മരിച്ചു. നായാടി പ്രാകിയാൽ നന്നാവും എന്നൊരു വിശ്വാസം ഞങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അച്ചന്മാരുടെ പ്രാക്ക് കിട്ടിയ കുഞ്ഞിരാമൻ വൈദ്യർക് ചീഫ് സെക്രട്ടറിയായ മകനും, അമേരിക്കയിൽ ഡോക്ടർ ആയ മകനും. ആർകെങ്കിലും ഇവരുടെ പ്രാക്ക് വാങ്ങണമെന്നു തോന്നുന്നുണ്ടോ?
ReplyDeleteസംഘപരിവാറിന്റെ "ഘര്‍ വാപസി" യുടെ ക്രിസ്തീയകാരുണ്യവേദിയാണ് ഈ ഫ്രബ്രുവരി ഇരുപത്തിയെട്ടിനു കൊച്ചിയില്‍ , ലോകത്തില്‍ ആദ്യമായി അരങ്ങേറുന്നത് , എന്നത് ഓരോ കേരളക്രിസ്ത്യാനിക്കും അഭിമാനിക്കാവുന്നതാണ് കാലത്തികവിങ്കല്‍!
ReplyDeleteസ്വഭവനങ്ങളില്‍ നിന്നും "കര്‍ത്താവിന്റെ മണവാട്ടിമാരാക്കാം" എന്ന് മോഹിപ്പിച്ചു "കന്യാമാടങ്ങളില്‍" പാര്‍പ്പിച്ചു പുരോഹിതവര്‍ഗം മാറിമാറി പീഡിപ്പിച്ചു അവശരാക്കി,ഒടുവില്‍ കരിയാപ്പിലപോലെ പുറന്തള്ളപ്പെട്ട, മരിച്ചു മണ്മറഞ്ഞ അനേകം മനസുകളുടെ അനുഗ്രഹം ആ വേദിയില്‍ അന്ന് ഉണ്ടായിരിക്കും ! ദൈവവേലയ്ക്കായി കുട്ടിക്കാലത്തെ ളോഹയിടീപ്പിച്ചു "സഭാവേല" മാത്രം ചെയ്യിച്ചു തളര്‍ന്നമനസോടെ കാലംചെയ്ത കുറേ ദൈവമക്കളുടെ ആശീര്‍വാദവും അവിടെ അന്നു ഉണ്ടാകും നിശ്ചയം!
ദൈവമക്കളെ, നമുക്കും ഒത്തു കൂടാം ! നന്മ ചെയ്യാനുള്ള ഈ "കാരുണ്യവേദി" നിങ്ങള്‍ക്കും പുന്യനിമിഷങ്ങളെ ദാനം ചെയ്യും ! കര്‍മ്മം കൊണ്ട് നമുക്കും ധന്യരാകാം ! ദീനനായി വഴിയില്‍ കിടന്നവനെകണ്ട് പുറംതിരിഞ്ഞുപോയ നീചനായ പുരോഹിതനും ലേവ്യനുമാകാതെ നല്ലസമാരായനെപോലെയാകാം നമുക്കും ! ഇതാണ് ക്രിസ്തീയത ! ക്രിസ്തുമതമെന്ന മഹാതട്ടിപ്പിനെ നമുക്ക് നന്മകളാല്‍ തിരുത്തി ,"ക്രിസ്തീയത" എന്ന ജീവനരീതി, സ്നേഹത്തിന്റെ ക്രിസ്തുവിന്റെ "പ്രത്യയശാസ്ത്രം" കാണിച്ചുകൊടുത്തു ജന്മസാഫല്യംകൈവരിക്കാം.. ഉണരുക മനസുകളെ...ഉണരുക മനസുകളെ...ഉണരുക മനസുകളെ..
“After reading through this article, I felt that Sri Joseph Mathew has done a very balanced, rational, psychological, spiritual, moral and social analysis of a multitude of problems faced by those who leave priesthood and religious life. I admire his maturity of mind and independence of views expressed, rarely found even among theologians and retreat preachers. The general public among the faithful may readily agree with what the writer says, but those in hierarchical positions in the priestly and religious circles may take only a defensive position in favour of the status quo.
ReplyDeleteTwo sentences in the write up that struck me most are the following: “One who leaves priesthood and religious life at a mature age need much stronger faith and courage than those who enter it at an immature age because those who sang and shouted “Hosanna, Hosanna” to them when they entered would be shouting “Crucify, crucify” with greater force and sound when they leave.” He also says: “Choosing these consecrated lives and leaving them are both equally ways of seeking God.” Only I may differ on the use of “equally” because choosing is done at an immature, volatile and emotional state of one’s life, while leaving at a much more mature and enlightened than in an emotional state of one’s life.
Therefore I had to write in my book, “Womb to Tomb”, that both choosing and leaving the priesthood “were discoveries of a person in search of truth and spiritual fulfilment, a person who in all earnests became a priest and then had to leave the priesthood in all earnest for questions of conscience after resigning from the post of Editor and Publisher of the New Leader in Chennai.” Both were done without going for a fight with anyone. This is a subject that requires a long drawn dispassionate discussion especially among bishops and those who recruit candidates.
I wish only to add that those who participate in this discussion may throw more light than heat, more sense than sound to help all concerned. What is more I wish to see those in the hierarchical ladder, especially bishops, come forward to take an active part in this discussion, although, it is a foregone conclusion for me from my previous experience, that none of them will. Sin of silence, silent approval of untruth, refusal to engage in dialogue even when pressed are the techniques resorted to by these people to appear clean or non-partisan in these discussions. Let us hope I am proved wrong. James kottoor
"Sin of silence, silent approval of untruth, refusal to engage in dialogue even when pressed are the techniques resorted to by these people to appear clean or non-partisan in these discussions."
ReplyDeleteI would continue this honest accusation of our apathetic clerical set up
with the words of Daniel Berigan:
ദുഷ്ടന്മാർ അവരുടെ പളപള തിളങ്ങുന്ന വെൽവെറ്റ് മഞ്ചലുകളിൽ
മന്ദം മന്ദം പോകുന്നത് ഞാൻ കാണുന്നു
കണക്കില്ലാത്തത്ര ധനവാന്മാരായി
അണലികളെപ്പോലെ അഹന്ത ചീറ്റിക്കൊണ്ട്.
ഇവർ ദുര്യോഗത്തിന്റെയും സന്തതികളല്ല
ഒരു വേവലാതിയും അവരുടെ സുഗന്തം പൂശിയ
നെറ്റിയിൽ നിഴൽ വീഴ്ത്തുന്നില്ല
നിഷ്കളങ്കർ മരിക്കുന്നുന്നത് അവർ കാണുന്നില്ല.
അവർ എന്തിന് സഹിക്കുന്നു,
നീതിക്കുവേണ്ടി ദാഹിക്കുന്നു?
നിന്റെ രാജ്യം വരുമെന്നത് ഒരു മരീചികയോ?
എന്റെ പേക്കിനാവുകൾക്ക് അവസാനമില്ലേ?
theresia.manayath@gmail.com
It is nice to know that you are a poet too. However I may hesitate to use the word ദുഷ്ടന്മാർ just to avoid
ReplyDeletethe possibility of hurting and judgmental, as there is no harm in going one step too much in the direction
of being nice than in the direction of being nasty. jameskottoor@gmail.com
ശ്രീ പടന്നമാക്കലിന്റെ ലേഖനം വായിച്ചപ്പോൾ അദ്ദേഹം ഒരു കാലത്ത് പുരോഹിതനായിരുന്നുവോ എന്നുവരെ എനിയ്ക്ക് തോന്നിപ്പോയി. പൌരോഹിത്യത്തിന്റെ സ്വാനുഭവങ്ങൾ ഇല്ലെങ്കിൽത്തന്നെയും അദ്ദേഹം വിഷയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അർത്ഥഗർഭമായ ഒരു വിശകലനം നടത്തിയിട്ടുണ്ട്. അവസരോചിതമായ ഈ ലേഖനം പ്രസിദ്ധം ചെയ്തതിന് അദ്ദേഹത്തിന് എന്റെ നന്ദി.
ReplyDeleteരണ്ടാം വത്തിക്കാൻ കൌണ്‍സിലിനുശേഷം ലക്ഷക്കണക്കിന് പുരോഹിതർ കത്തോലിക്കാ സഭയിലെ ശുശ്രുഷാ വേലയിൽനിന്നും പിന്മാറിയിട്ടുണ്ട്. അവരെ 'ex-priest' എന്നു വിളിക്കുന്നതു ശരിയല്ല. യഥാർത്ഥത്തിൽ ശ്രീ പടന്നമാക്കൽ പറയുന്ന പോലെ ' transitional priest' ആണവർ. സഭയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് സ്വന്തം സ്വാതന്ത്ര്യത്തെയും മനസാക്ഷിയേയും ഹനിച്ച് സഭയിലെ ക്ലർജികളായി തുടരാനുള്ള ബുദ്ധിമുട്ടാണ് ക്ലർജിസ്ഥാനം ഉപേക്ഷിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്. സഭയിൽ കാലോചിതമായ പരിവർത്തനങ്ങൾ വരുത്താത്തതിനാൽ നല്ല ക്ലർജികളെ സഭയിൽനിന്നും അധികൃതർ ഉന്തിത്തള്ളി പുറത്തേയ്ക്ക് വിടുകയാണെന്നും മനസിലാക്കണം. ശുശ്രൂഷ വിട്ടുപോവുന്ന ഇവർ യഥാർത്ഥത്തിൽ സ്നേഹസമ്പന്നരും പാവങ്ങളോട് കരുണ കാണിക്കുന്നവരും സാമൂഹിക നീതിയ്ക്കായി പടപൊരുതുന്നവരും പാർശ്വവല്ക്കരിക്കപ്പെട്ടവർക്ക് അത്താണിയുമാണ്. അനുകമ്പ നിറഞ്ഞ അവരുടെ പെരുമാറ്റം ഇത് വെളിവാക്കുന്നു.
ദൈവാനുഗ്രഹത്തിന്റെ സാക്ഷാത്ക്കാരം കത്തോലിക്കാ സഭയിൽക്കൂടി മാത്രമല്ല എന്ന ദൈവശാസ്ത്രത്തിന്റെ തിരിച്ചറിവാണ് അവരെ ക്ലർജി സ്ഥാനം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. അത് സയുക്തവും അർത്ഥഗർഭവുമായ ഒരു ദൈവ ശാസ്ത്രമാണ്. മെത്രാന്മാരൊ ആദ്ധ്യാത്മിക ഗുരുക്കളോ അവരുടെ ഹൃദയങ്ങളിൽ മറ്റൊരു ദൈവശാസ്ത്രം സൃഷ്ടിച്ചിട്ട് ഇവിടെ കാര്യമില്ല. വൈദികർ അത് ശ്രവിക്കാനും പോവുന്നില്ല.
പാശ്ചാത്യ രാജ്യങ്ങളിൽ ക്ലർജിസ്ഥാനം ഉപേക്ഷിക്കുന്നവർക്ക് അവസരങ്ങളുള്ളതു കാരണം അനുയോജ്യമായ ജോലികൾ കണ്ടുപിടിച്ച് മാന്യമായി ജീവിക്കാൻ സാധിക്കുന്നു. സമൂഹം അവരെ സ്നേഹപൂർവ്വം സ്വീകരിക്കും. എന്നാൽ കേരളത്തിലെ കാര്യം അങ്ങനെയല്ലല്ലോ. സഭ വിട്ടുപോവുന്ന വൈദികർക്കും സന്യസ്ഥർക്കും നമ്മുടെ സമൂഹം സഹായകമായി മാറേണ്ടതുണ്ട്. മാനുഷികവശങ്ങൾ ഗ്രഹിച്ച് അവരെ പുനരധിവസിപ്പിക്കാൻ നാമെല്ലാവരും കടപ്പെട്ടവരാണ്. ശ്രമിക്കുകയും വേണം. ഏതു നല്ല കാര്യത്തിനായാലും സഭാധികൃതരുടെ യാതൊരു സഹകരണവും പ്രതീക്ഷിക്കേണ്ട കാര്യമില്ല. 2015 ഫെബ്രുവരി 28- ന് ഏറണാകുളത്തു വെച്ചു നടത്തുന്ന ദേശീയ സമ്മേളനം ഇതിന് തുടക്കമാകട്ടെ. KCRM -നും ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ റജി ഞള്ളാനിയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Dr. James kottoor replies to Dr. C. Kalarickal
Delete"Dear Kalarickalji, as I see Catholic church is only a very very small tap that lets out God's grace to water this parched and barren desert called the earth. The bigger taps are all the other religions, all the other great seers like Narayanaguru, Adi Sankara, Tagore, Vivekanda etc, and the Rishies who coined the prayer: Loka Samasta Suknino Bhavandu, and many more. In fact every new child born today is one of those new taps opening God's grace to this world. That is why it is said that the birth of a child is proof that God has not given up on our humanity."
ഞാനൊരു പുരോഹിതനായിരുന്നോ, സെമിനാരിയിൽ പഠിച്ചിട്ടുണ്ടോയെന്ന് ഈ ലേഖനം വായിച്ച ചിലരെന്നോട് സംശയം ചോദിച്ചു. ദൌർഭാഗ്യവശാൽ എനിയ്ക്കതിനു സാധിച്ചിട്ടില്ല. എങ്കിലും ഇവരുടെ സ്ഥാപനങ്ങളിൽ അനേക വർഷങ്ങൾ പഠിച്ചിട്ടുണ്ട്. ജോലിയും ചെയ്തിട്ടുണ്ട്. അന്റാർട്ടിക്കായിലെ തണുപ്പുരാജ്യത്തു വളർന്നവരും കേരളത്തിലെ ഉഷ്ണ പ്രദേശത്തു വളർന്നവരും ഒരേ അച്ചിൽ വാർത്തതുകൊണ്ട് സ്വഭാവവും ഒന്നുപോലെയിരിക്കും. അവരിൽ മാന്യതയുള്ളവരും പണ്ഡിതരും കുറച്ചു കഴിയുമ്പോൾ പൌരാഹിത്യ ജോലിയിൽ നിന്ന് പിരിഞ്ഞു പോയതായും കേള്ക്കും. പിന്നീട് സഭയ്ക്കുള്ളിലുള്ള വെത്താന- മത്താനകളെ പോലുള്ള കുരുട്ടുബുദ്ധി കുപ്പായക്കാര് പിരിഞ്ഞുപോയവരെ വേട്ടയാടി സമൂഹത്തിന്റെ മുമ്പിൽ താറടിക്കാൻ ശ്രമിക്കും. ചിലപ്പോൾ ഗുണ്ടാകളും അവർക്കെതിരെ ഭീഷണിയാകാറുണ്ട്. ചരിത്രത്തിലാദ്യമായി കൂടുവിട്ടുവന്ന ആത്മീയ തൊഴിലാളികളുടെ എറണാകുളത്തെ മഹായോഗം ഭാരത ചരിത്രത്തിൽ ആദ്യമാണ്. മാധ്യമങ്ങൾ ഈ കൂട്ടായ്മയ്ക്ക് നല്ല പ്രാധാന്യവും കൊടുക്കുന്നുണ്ട്.
ReplyDelete