Translate

Wednesday, January 28, 2015

'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ.'

വായിക്കേണ്ട ഒരു പുസ്തകം !


ഞാറയ്ക്കൽ കേസിന്റെ മുഖ്യ അഡ്വക്കേറ്റായ അഡ്വ. ഡോ. ചെറിയാൻ ഗൂഡല്ലൂരുമായി  അടുത്ത കാലത്തുണ്ടായ ബന്ധംകൊണ്ട് എനിക്കു ലഭിച്ച നേട്ടങ്ങളിൽ പ്രധാനം, അദ്ദേഹം എനിക്കു നൽകിയ 3 പുസ്തകങ്ങളാണ് - 'സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ', 'ഗൂഡല്ലൂരിന്റെ ഇതിഹാസയാത്ര', അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഫാ. ജോസഫ് മാണിക്കത്താഴെ എഴുതിയ 'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ'. 


ഇതിൽ ആദ്യത്തേത് അഡ്വ. ഡോ. ചെറിയാന്റെ ഡോക്ടറൽ തിസീസിന്റെ മലയാളം പരിഭാഷയാണ്. നിയമം പഠിച്ച്, അതിന്റെ പഴുതുകളിലൂടെ നുണകളെ സത്യങ്ങളാക്കി അവതരിപ്പിച്ച് ഉദരപൂരണം നടത്തുന്ന മഹാഭൂരിപക്ഷം വക്കീലന്മാരുടെയിടയിൽ, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരും, അതിനുവേണ്ടി ഏതറ്റംവരെ പാടുപീഡകൾ സഹിക്കാൻ സന്നദ്ധരാകുന്നവരും ഉണ്ട് എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ പുസ്തകമായിരുന്നത്. രണ്ടാമത്തേത്, ഗൂഡല്ലൂരിൽ കുടിയിറക്കപ്പെടുമായിരുന്ന ലക്ഷക്കണക്കിനു കർഷകരെ സംഘടിപ്പിച്ച്, അവരുടെ ഭൂമിക്കു സ്ഥിരാവകാശം ലഭിക്കുന്നതിനു സഹായകമായ തരത്തിൽ നിയമയുദ്ധം നടത്തിയും പ്രത്യക്ഷസമരങ്ങൾ നയിച്ചും തമിഴ്‌നാടു സർക്കാരിനെ അഡ്വ.ഡോ.ചെറിയാനും സഹപ്രവർത്തകരുംകൂടി മുട്ടുകുത്തിച്ച ഐതിഹാസികചരിത്രകഥയാണ്. അതു ഞാൻ വായിച്ചുതുടങ്ങിയിട്ടേയുള്ളൂ.
'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ'
നല്ല വക്കീലന്മാർ ചുരുക്കമായിട്ടെങ്കിലും ഉണ്ട് എന്നതുപോലെ, നല്ല പുരോഹിതരുമുണ്ട് എന്നു കാണിക്കാൻ അദ്ദേഹം നൽകിയ പുസ്തകമായിരുന്നു, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഫാ. ജോസഫ് മാണിക്കത്താഴെ എഴുതിയ 'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ.' മലബാർ കുടിയേറ്റക്കാരിൽനിന്നുള്ള ആദ്യ സീറോ-മലബാർ വൈദികനായ ഫാ. ജോസഫ് മാണിക്കത്താഴെയുടെ ഈ ഗ്രന്ഥം, മദ്ധ്യകേരളത്തിൽനിന്നു മലബാറിൽ കുടിയേറിയ ക്രൈസ്തവരുടെ ചരിത്രംകൂടിയാണ്. ഇടവകസമൂഹത്തിന്റെ സർവ്വതോന്മുഖമായ ഉന്നതിക്കുവേണ്ടി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്ത ആദ്യകാലവൈദികരുടെ ത്യാഗത്തിന്റെ ചരിത്രവും ഇതിൽ കാണാം. ഇതിലെല്ലാമുപരിയായി, ആത്മാർത്ഥതയിലും കഠിനാദ്ധ്വാനത്തിലും മികവു പുലർത്തുന്ന വൈദികരെ ചൂഷണംചെയ്യുന്ന ബിഷപ്പുമാരുടെ കുതന്ത്രങ്ങളും അടിച്ചമർത്തലുകളും അതുയർത്തുന്ന രോഷവും വീഴ്ത്തുന്ന കണ്ണീരുമെല്ലാം ഈ പുസ്തകത്തിന്റെ താളുകളിൽ ജീവൻ വച്ചുനിൽക്കുന്നതും കാണാം... ഉദ്വേഗവും പിരിമുറുക്കവും നാടകീയതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതകഥ, ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്കെന്നപോലെ, വളച്ചുകെട്ടൊന്നുമില്ലാത നേർക്കുനേരെ പറഞ്ഞിരിക്കുന്നു, അദ്ദേഹം.
 അഡ്വ. ഡോ. ചെറിയാൻ മാണിക്കത്താഴെയെപ്പോലെതന്നെ, ശക്തമായ നീതിബോധത്തിന്റെ ഉടമയായതിനാൽ, ഫാ. ജോസഫ് മാണിക്കത്താഴെയും സത്യത്തിനും നീതിക്കുംവേണ്ടി ഏതറ്റംവരെ, നീറുപോലെനിന്നു യുദ്ധംചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. മെത്രാനാധിപത്യം പുലരുന്ന സഭാന്തരീക്ഷത്തിൽ ഇങ്ങനെയൊരച്ചനു സഹിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും നീതികേടുകളും  എത്ര അധികമായിരിക്കും എന്നൂഹിക്കാമല്ലോ. അതിനോടെല്ലാം പൊരുതിനിന്ന അദ്ദേഹത്തിന്റെ 'മുറിപ്പാടുകൾ' നിറഞ്ഞ വൈദികജീവിതകഥ ഓരോ ക്രൈസ്തവനും വായിച്ചനുഭവിക്കേണ്ടതുതന്നെയാണ്. അച്ചന്റെ സംഭവബഹുലമായ കഠിനജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, നമ്മുടെ നല്ല വൈദികരെയോർത്തുള്ള അഭിമാനവും അവർ നേരിടുന്ന പ്രതിസന്ധികളെയോർത്തുള്ള ധർമ്മസങ്കടവും രോഷവും അവരുടെ കഷ്ടപ്പാടുകളെയോർത്തുള്ള ഗദ്ഗദങ്ങളും നമ്മളിലുയരും...  
-എഡിറ്റർ
അധികം അറിയപ്പെടാത്ത ഈ പുസ്തകത്തിനു 120 രൂപയാണു വിലയിട്ടിരിക്കുന്നത്. 100/- രൂപാ അയച്ചുതരുന്നവർക്ക് ഈ പുസ്തകം അയച്ചുതരുന്നതാണ്. contact almayasabdam@gmail.com


No comments:

Post a Comment