Translate

Sunday, January 25, 2015

തൃശൂര്‍ അതിരൂപത 'സ്വതന്ത്ര സഭ'യാകുന്നുവോ? സഭയിലെ ഒരു പ്രതിസന്ധി


Fr. Davis Kachappilly CMI

കത്തോലിക്കാസഭയെ പെന്തക്കുസ്താസഭകളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ലോകത്തിലുള്ള എല്ലാ കത്തോലിക്കരും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പക്ക് വിധേയപ്പെട്ട് ജീവിക്കുന്നു എന്നാതാണ്. കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ക്കെല്ലാം മാര്‍പ്പാപ്പയുടെ അംഗീകാരമുണ്ട്. ഒരു രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങള്‍ പോലും തിരുസഭയുടെ അടിസ്ഥാന നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. സഭയില്‍ എല്ലാവരും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ടവരാണ്. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നവരെ നിയമാനുസൃതം തിരുത്താനോ, ശിക്ഷിക്കാനോ, ഇടവക, രൂപത, അതിരൂപത, മേജര്‍ ആര്‍ച്ച് ബിഷപ്പ്, മെത്രാന്‍ സിനഡ്, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍, റോമന്‍ കൂരിയ, മാര്‍പ്പാപ്പ എന്നിങ്ങനെ ഹൈരാര്‍ക്കിയുണ്ട്. അവക്കെല്ലാം അതിനായുള്ള സഭാ നടപടികളോ കോടതികളോ ഉണ്ട്. സഭയിലെ എത്ര ഉന്നതാധികാരിയായാലും സഭാ നിയമങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയപ്പെടേണ്ടതാണ്. അതാണ് സഭയുടെ അച്ചടക്കം. സഭയുടെ മുകള്‍ മുതല്‍ അടിവരെയുള്ള എല്ലാ ഘടകങ്ങളിലും ഇപ്രകാരം സഭയുടെ സനാതനമായ ആദര്‍ശങ്ങള്‍ പരിപാലിക്കപ്പെടും എന്നതിലാണ് കത്തോലിക്കാ സഭയുടെ ഔന്നത്യവും ആല്‍മീയ തനിമയും. ഈ സംവിധാനങ്ങളില്‍ നിന്ന് വ്യതിചലിച്ചുള്ള 'സ്വതന്ത്ര രൂപതകള്‍' കത്തോലിക്കാ സഭയിലില്ല. 

ഒരു രൂപതാദ്ധ്യക്ഷന്‍ തനിക്ക് അധികാരമുണ്ട് എന്ന ന്യായത്തില്‍, അധികാരം ഉപയോഗിക്കാന്‍ പാലിക്കേണ്ട സഭയുടേയോ, രൂപതയുടേയോ, ഇടവകയുടേയോ അംഗീകരിക്കപ്പെട്ട നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിച്ചുകൊണ്ട്, സ്വതന്ത്രമായും ഏകാധിപത്യപരമായും ഒരു നടപടി എടുക്കുകയും അത് വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്താല്‍, പ്രസ്തുത രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയെ പെന്തക്കുസ്താ സഭകളെപോലെ സ്വതന്ത്ര സഭയാക്കുകയല്ലെ ചെയ്യുന്നത്? ഇത്തരം സ്വാതന്ത്ര്യവും അധികാര വിനിമയവും കത്തോലിക്കാ സഭക്ക് അംഗീകരിക്കാനാകുമോ?

ഈ അടുത്ത കാലത്ത് തൃശൂര്‍ അതിരൂപതയിലുണ്ടായ ഒരു നടപടിയും അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങളുമാണ് ഇപ്രകാം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ടതും 33 വര്‍ഷക്കാലം സുഗമമായി പ്രവര്‍ത്തിച്ചിരുന്നതുമായ തലോര്‍ ഇടവകയില്‍ 2009 നവംബര്‍ 1ന് പ്രഖ്യാപിക്കപ്പെട്ട ഇടവകമാറ്റ നടപടി സഭയുടേയോ രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങളും പാരമ്പര്യങ്ങളും പാലിക്കാതെ രൂപതാദ്ധ്യക്ഷന്‍ ഏകാധിപത്യപരമായി ചെയ്തതായിരുന്നു. ഇടവക മാറ്റത്തിന് മുമ്പ് അക്കാര്യം ഇടവകക്കാരുമായി ആലോചിച്ച് ഉറപ്പാക്കണമെന്നും, രൂപതയുടെ പ്രസ്ബിറ്ററി കൗണ്‍സിലില്‍ ആലോചിക്കണമെന്നുമുള്ള 2 പ്രധാന നിയമങ്ങളും പാലിച്ചിട്ടില്ല. സന്യാസ വൈദികരെ ഏല്‍പ്പിച്ച ഇടവക എന്ന നിലയില്‍ കാനോന്‍ നിയമപ്രകാരം ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തു. ഇടവക സ്ഥാപനത്തിലെ കരാറില്‍ ഒപ്പുവച്ചവരുമായി ഇടവകമാറ്റത്തിന് മുമ്പ് രൂപതാദ്ധ്യക്ഷന്‍ ആലോചിക്കുകയോ പുതിയ കരാര്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫൊറോന വികാരിയുമായും, അയല്‍പക്ക വികാരിമാരുമായും ആലോചിക്കണമെന്ന പാരമ്പര്യവും പാലിച്ചിട്ടില്ല. ഫൊറോന വികാരിക്ക് തന്റെ ഫൊറോനയിലെ ഇടവകകളുടെ കാര്യത്തില്‍ നെയ്യാമികമായ അധികാരങ്ങളും അവകാശങ്ങളുമുള്ളതാണ്. ഉദാ: വിവാഹ പരസ്യത്തില്‍ നിന്ന് ഒഴിവ് നല്‍കാന്‍ ഫൊറോന വികാരിക്ക് അധികാരമുണ്ട്. പ്രസ്തുത നിയമങ്ങള്‍ അനുസരിക്കാതെയോ പരിഗണിക്കാതെയോ അവക്കതീതമായി രൂപതാദ്ധ്യക്ഷന് ഇടവകമാറ്റം നടത്താന്‍ അധികാരമുണ്ടെന്ന് കാനോന്‍ നിയമത്തില്‍ പറയുന്നുമില്ല. ഇതിന്റെ ഫലമായി 3 വര്‍ഷമായിട്ട് അയ്യായിരത്തിലധികം വിശ്വാസികളുള്ള തലോര്‍ ഇടവകയുടെ വിശ്വാസകൂട്ടായ്മയും ആത്മീയ സുസ്തിതിയും തകര്‍ന്നിരിക്കയാണ്.

ഇവയുടെ അടിസ്ഥാനത്തിലും വിശ്വാസികളുടെ നിവേദനങ്ങള്‍ കണക്കിലെടുത്തും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡില്‍ നിന്ന് നിയോഗിച്ച മൂന്നംഗ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തില്‍, വിശ്വാസികളുടെ ആത്മീയ സുസ്തിതി ലക്ഷ്യമാക്കി ഇടവകയെ രണ്ട് ഇടവകകളായി പ്രവര്‍ത്തിക്കണമെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് തൃശൂര്‍ രൂപതാദ്ധ്യക്ഷനെ ചുമതലപ്പെടുത്തിയതായി പത്രങ്ങളിലൂടെയും സഭയുടെ വക്താക്കളിലുടേയും മെത്രാന്‍മാരിലൂടെയും അറിയാന്‍ കഴിഞ്ഞു. പക്ഷെ നിര്‍ദ്ദേശം നല്‍കി 6 മാസം പിന്നിട്ടിട്ടും പ്രസ്തുത നടപടി തലോരില്‍ നടപ്പാക്കിയിട്ടില്ല. തൃശൂര്‍ അതിരൂപതക്ക് മുകളിലുള്ള അധികാരികളെയെല്ലാം നോക്കുകുത്തികളാക്കിയ പ്രതീതി ! ഇത് തൃശൂര്‍ അതിരൂപതയില്‍ മാത്രമല്ല സീറോ മലബാര്‍ സഭയില്‍തന്നെ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.പെന്തക്കുസ്താ സഭകളിലേതുപൊലെയുള്ള ഒരു സ്വതന്ത്ര സഭാപ്രവര്‍ത്തനം തൃശൂരില്‍ രൂപപ്പെടുകയല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. വിശ്വാസികള്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഈ സ്ഥിതി പ്രബലമായാല്‍ ഇവിടത്തെ ഇടവകകളും സ്വതന്ത്ര ഇടവകകളാകില്ലേ? അതോടെ രൂപതയുടെ അഡ്രസും പോകും! അതുകൊണ്ട് വളരെ ഗൗരവമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങളുണ്ടാകണം. മേജര്‍ ആര്‍ച്ച് ബിഷപ്പും മെത്രാന്‍ സിനഡും അല്‍മായ കമ്മീഷനും ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

No comments:

Post a Comment