വടക്കേ ഇന്ത്യയിലെ ഒരു
നഗരത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയ
ഒരു മലയാളിയുടെ പരിദേവനം ഒരിക്കല്‍ കേള്‍ക്കാനിടയായി.
ആദ്യമായിട്ടായിരുന്നദ്ദേഹം കേരളം വിട്ടു പോകുന്നത്. അദ്ദേഹം ഹിന്ദിഭാഷ പഠിക്കാന്‍
തീരുമാനിച്ചു. ആദ്യ ദിവസം വണ്ടി നമ്പര്‍ ഒക്കെ കണ്ടു പിടിച്ചു ബസ്സില്‍ കയറി. ഓര്‍ക്കിഡ്
ഹൌസ് സ്ടോപ്പിലാണ് ഇഷ്ടന് ഇറങ്ങേണ്ടത്. പക്ഷെ, ഒന്‍പതു രൂപക്ക് പകരം അഞ്ചു രൂപയുടെ
ടിക്കറ്റാണ് കിട്ടിയത്; സംശയമായി. അടുത്തിരുന്ന യാത്രക്കാരനോട് ചോദിച്ചു, “കോന്‍
ഓര്‍ക്കിഡ് ഹേ? (ഉദ്ദേശിച്ചത്: ഓര്‍ക്കിഡ് സ്ടോപ്പ് ഏതാണ്)” അയാള്‍ ഒന്നും മിണ്ടിയില്ല.
അടുത്ത ചോദ്യം, “അലഗ് അലഗ് അലഗ് ഓര്‍ക്കിഡ് ഹേ?” (ഉദ്ദേശിച്ചത്: ഓര്‍ക്കിഡ്
ഒന്നില്‍ കൂടുതല്‍ ഉണ്ടോ). ഇത്രയുമായപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു, “മലയാളി
ആണോ?” “അതേ” അയാള്‍ മറുപടി പറഞ്ഞു. “എന്നാല്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി”. അയാള്‍
തിരിച്ചു വന്നു സുഹൃത്തിനോട് പറഞ്ഞത്, “ഈ മലയാളികളെ കൊണ്ട് തോറ്റു, അല്‍പ്പം
ഹിന്ദി പഠിക്കാമെന്നു വെച്ചാലും സമ്മതിക്കില്ല”, എന്നാണ്.
ഇക്കഥ ഞാന്‍ ഓര്‍ത്തത്, നമ്മുടെ
കേരളത്തിലെ സീറോ സഭയുടെ കാര്യം ഓര്‍ത്തപ്പോഴാണ്. ഒരുത്തന്‍ നന്നാകാന്‍ ആഗ്രഹിച്ചാലും ഇവര്‍ സമ്മതിക്കില്ല. വീട്ടിലിരുന്നു വചനം
വായിച്ചു ദൈവാനുഗ്രഹത്തോടെ അത് മനസ്സിലാക്കി ജീവിക്കാന്‍ ഒരുങ്ങുമ്പോള്‍ വരും കുറെ ആത്മാക്കള്‍,
ളോഹയുമിട്ട്. ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ എഴുതിയ ‘അര’ ഇടയ ലേഖനത്തിന്
ഒരമേരിക്കക്കാരന്‍ എഴുതിയ മറുപടി ഞാനും
കണ്ടിരുന്നു. വേത്താനം പൂന്താനം ആകാതിരുന്നത് ദൈവത്തിന്‍റെ പ്രത്യേക അനുഗ്രഹം
എന്ന് കരുതിയാല്‍ മതി. ചാന്സലരിന്‍റെ മിനിമം യോഗ്യത ഇതാണെങ്കില്‍ മെത്രാന്‍ എങ്ങിനെയിരിക്കുമെന്ന്
ആര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ കത്ത് ഗിന്നസ് കാര്‍ക്ക് ആരെങ്കിലും
എത്തിച്ചു കൊടുക്കുക. അവരും വായിച്ചു ചിരിക്കട്ടെ. അത്മായന്‍ വചനം
വ്യാഖ്യാനിക്കാന്‍ പാടില്ലത്രെ! വ്യാഖ്യാനിക്കുന്ന അത്മായരെ ഊരു വിലക്കുന്ന
സമ്പ്രദായം ഇവിടെയുണ്ടെന്ന് കണ്ടു പിടിച്ചത് ഏതായാലും ഈ കത്തിന്‍റെ ഉടമ മാത്രമല്ല.
സീറോ മലബാര്‍ സഭ ഊരു മൂപ്പന്മാര്‍
കൈയ്യടക്കിയിരിക്കുകയാണെന്ന് Matters India എന്ന ഒരു മാധ്യമവും പറയുന്നു. ഇംഗ്ലണ്ടില്‍
പ്രേമിച്ചു ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നിറക്കി വിട്ട കഥ
അവരാണ് ലോകത്തോട് പറഞ്ഞത്. സഹായിക്കാന്‍ ഇതുവരെ ഒരു സീറോക്കാരനും വന്നില്ലത്രേ.
വട്ടായി എത്രകാലം വീശിയിട്ടാണെന്നറിയാമോ അപ്പനെയും അമ്മയെയും മക്കളെയും ഉപേക്ഷിച്ച്
യേശുവിന്‍റെ പിന്നാലെ പോകാന്‍ തയ്യാറാകുന്ന ഒരു ജനം ഇംഗ്ലണ്ടില്‍ ഉണ്ടായത്. അവരുടെ
കൈയ്യില്‍ മഗ്ദലനാ മറിയത്തെ കിട്ടിയിരുന്നെങ്കില്‍ ...ഹോ... ഓര്‍ക്കാന്‍ കൂടി
വയ്യ. ഇതുപോലെ വേറെയും നിരവധി കേസുകള്‍ ലണ്ടനില്‍ ഇതേ സഭയില്‍ ഉണ്ടാകുന്നു എന്നത്
കൂടി അവര്‍ എടുത്തു പറയുന്നു. അടുത്ത കാലത്താണ് ഈ മേഖലയില്‍ നല്ല പുരോഗതി
ഉണ്ടായതെന്നും പത്രം പറയുന്നു. അങ്ങിനെ സഭയുടെ ലണ്ടന്‍ മംഗള്‍യാന്‍ പൂര്‍ണ്ണ വിജയത്തിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന്‍ അവര്‍ സമര്‍ഥിക്കുന്നു. വട്ടായിയും കൂട്ടരും
അവിടെ സ്ഥിര താമസമാക്കാനോ വല്ലോം തീരുമാനിക്കാതിരിക്കട്ടെ! ഈ ഊരു പിടുത്തം വിശദമാക്കാന്‍
വേറൊരു കഥ പറയാം. അടുത്ത കാലത്തു മൂന്നു സീറോ മലബാര്‍ പെണ്‍കുട്ടികള്‍ ദുരൂഹ
സാഹചര്യത്തില്‍ മരണപ്പെട്ട വാര്‍ത്തകള്‍ ഒരു വിദേശ രാജ്യത്തു നിന്ന് കേട്ടു. സീറോ, തലക്കു വട്ടം പിടിച്ച ഒരു
രാജ്യമാണത്. രണ്ടു പെണ്‍കുട്ടികളുടെ മരണം സല്‍മരണം ഒന്ന് ദുര്‍മരണം. ഇത്
തിരിച്ചറിയാന്‍ ദുര്‍മരണം സംഭവിച്ച വീട്ടിലെ കാരണവര്‍ അച്ചന്മാരെ വിമര്‍ശിച്ചിട്ടുണ്ടോ
എന്ന് നോക്കുകയെ വേണ്ടൂ. അമ്മയെ കൊന്നിട്ട് വരുന്നവനെ നോക്കുമ്പോലെയെ ഇത്തരം ‘ദുര്‍മരണം’
സംഭവിച്ച വീട്ടിലുള്ളവരെ സീറോ ആടുകളും ഇടയന്മാരും നോക്കൂ. ഇത്തരം അപ്രഖ്യാപിത ഊരു
പിടുത്തം സീറോ വൈദ്യന്മാരുടെ സ്ഥിരം വെടക്ക് തന്ത്രമാണ്.
2014 അവസാനിച്ചത് സീറോസഭയെ
സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തകളുമായിട്ടല്ല. കലൂര്‍ ഒരു ‘ന്ദ്യ’ വൈദികന്
ഇടവകക്കാര്‍ കൊടുത്ത സ്വീകരണം മാര്‍ ആലഞ്ചേരിക്കിട്ട് കിട്ടേണ്ടതായിരുന്നു
എന്ന അഭിപ്രായക്കാര്‍ ഒന്നല്ല എന്നാണ്
കേട്ടത്. ഇത്തരത്തില്‍ മസാലദോശ കിട്ടേണ്ട വിരുതന്മാര്‍ വേറെയുമുണ്ടായിരുന്നു എന്ന
ചിന്തയാണ് ആ വൈദികനെ ഏറെ വിഷമിപ്പിച്ചത്. അടിയും ചതയും ആക്ഷേപവും കിട്ടുന്ന
ഇടയന്മാര്‍ ഒന്നല്ലായെന്നതാണ് ഇപ്പോള്‍
സഭയെ വിഷമിപ്പിക്കുന്നത് (ചിന്തിപ്പിക്കുന്നതല്ല). 2015ല്‍ അത് കൂടും, ചിലപ്പോള്‍
അടുത്ത ഇര ഒരു മെത്രാന്‍ തന്നെ ആയേക്കാനും മതി. ഇപ്പോള്‍ ഒരു അരമന വളപ്പ് വരെ ട്ടോ
ട്ടോ വന്നതേയുള്ളൂ.
സക്കറിയാ പറയുന്നത്, ഇന്ത്യാ
മഹാരാജ്യം ഉണ്ടായപ്പോള്‍ പാക്കിസ്ഥാന്‍ ഉണ്ടായത് പോലെ തൃശ്ശൂര്‍ പോലുള്ള ഒരു ജില്ല
ഈ ക്രിസ്ത്യാനികള്‍ക്ക് വിട്ടു കൊടുത്തിരുന്നെങ്കില്‍ രാജ്യം രക്ഷപ്പെട്ടേനെ
എന്നാണ്. ഇതില്‍ സത്യമില്ലേ? അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ അച്ചന്മാര്‍
മാത്രമുള്ള ഒരു രാജ്യമായി അത് വളര്‍ന്നേനെ. കല്യാണം കഴിക്കാന്‍ മൂക്ക് കൊണ്ട്
‘ക്ഷ’ വരക്കണമെന്നും വികാരിയുടെ സല്‍സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വേണമെന്നൊക്കെ ശഠിച്ചാല്‍
എന്താ ചെയ്ക? പ്രജകള്‍ക്ക് രാജ്യം വിട്ടു പോകയല്ലേ തരമുള്ളൂ. ആദം മുതല്‍ ജോസഫ് വരെയുള്ള
മൂന്നു സെറ്റ് തലമുറകള്‍ പരിശോധിച്ചാല്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍
സാധ്യതയില്ലാത്ത അഞ്ചു പേരെങ്കിലും അതിലുണ്ട്. അന്ന് സണ്ടേ സ്കൂള്‍ ഇല്ലാതിരുന്നത്
ഭാഗ്യം! അതുകൊണ്ട് നമുക്ക് കര്‍ത്താവിനെ കിട്ടി. സണ്ടേ സ്കൂള്‍ മുതല്‍ കാനാ സ്കൂള്‍
വരെ നടത്തിയിട്ടും അത്മായനെ പിടി കിട്ടുന്നില്ല; അതാണ് മെത്രാന്മാരുടെ ദുഃഖം.
പല്ലിയെ പിടിക്കാന്‍ ചെന്നാല്‍ പല്ലി എന്താ ചെയ്യുന്നതെന്ന് കണ്ടിട്ടില്ലേ?
ആദ്യമത് വാലു പൊഴിക്കും. വാല് പിടക്കുന്നത് നോക്കി നില്‍ക്കുന്ന സമയം കൊണ്ട്
പല്ലി പമ്പ കടക്കുകയും ചെയ്യും. ഓരോ നിയമവും ഉണ്ടാക്കുമ്പോള്‍ അത്മായനെ പിടി
കിട്ടിയെന്നാണ് മെത്രാന്മാരുടെ സങ്കല്‍പ്പം. പിടക്കുന്നത് വാലു മാത്രമാണെന്ന്
ഇപ്പോഴും അവര്‍ക്ക് മനസ്സിലായിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച നബിദിനം പ്രമാണിച്ച്
അവധിയായിരുന്നു ഗള്‍ഫില്‍. രാവിലെ മുറിയിലിരുന്ന് ഇത്രയും എഴുതിയപ്പോഴേക്കും നമ്മുടെ
തൃശ്ശൂര്‍ക്കാരന്‍, ഗള്‍ഫിലെ നല്ല സമ്രായാക്കാരന്‍, ജോണ്‍സണ്‍ വൈദ്യര് വന്നു. ജോണ്‍സണ്‍
വൈദ്യര്‍ വന്നാല്‍ ഏതെങ്കിലും മെത്രാന്‍റെ എന്തെങ്കിലും
വിശേഷം വിളമ്പും, ആര്‍ക്കെങ്കിലും
എന്തെങ്കിലും സഹായം നല്‍കുന്ന കാര്യവും പറയാനുണ്ടാവും. അദ്ദേഹത്തിന്‍റെ ഇടവകയില്‍
കൊച്ചച്ചനായി ജോലി ചെയ്ത് ഇപ്പോള്‍ മെത്രാനായ തട്ടില്‍ പിതാവിന്‍റെ അശ്വമേധം അമ്പേ
തകര്‍ന്ന കഥ തന്മയത്തോടെ അദ്ദേഹം വിവരിച്ചു. കേരളമക്കളെ രക്ഷിക്കാന്‍
നിയോഗിക്കപ്പെട്ട അപ്പസ്തോലിക് മാര്‍ത്താണ്ഡവര്‍മ്മയായി ആദ്യം തട്ടില്‍ മെത്രാന്‍ പോയ
അഹമ്മദാബാദിലെ കഥ കേള്‍ക്കേണ്ടത് തന്നെ. അവിടെയുള്ള ഒരു ലത്തിന്‍ അച്ചന്‍ പറഞ്ഞതാണത്രെ!
അവിടുത്തെ കേരളകത്തോലിക്കാ കുടുംബങ്ങളുടെ എണ്ണം ലത്തിന്‍കാര്‍ ‘കാല്‍’ക്കുലേറ്റര്‍
വെച്ച് നോക്കിയപ്പോള്‍ വെറും ആയിരത്തി ചില്ല്വാനം, സീറോ മലബാര്‍ സംഘം
‘അര’ക്കുലെറ്റര്‍ വെച്ച് നോക്കിയപ്പോള്‍ പന്തീരായിരം; ഒരു രൂപത തുടങ്ങാന്‍ സീറോ
സിനഡ് ഉപയോഗിക്കുന്നത് ‘മുഴു’ക്കുലേറ്റര്‍ ആണ്. അത് വെച്ച് നോക്കുമ്പോള്‍ സംഖ്യ
മുപ്പതിനായിരവും കടക്കും (കടപ്പാട് – ഫരീദാബാദ്). ഒരു മൂന്നു സ്വന്തം പള്ളി,
ഇത്രയുമേ തട്ടില്‍ കാരണവര്‍ അവിടുത്തെ മെത്രാനോട് ആവശ്യപ്പെട്ടുള്ളൂ. സ്വന്തമായി നഗരത്തില്‍
ഒരു മൂത്രപ്പുര പോലും ഇല്ലാത്ത അവര്‍ മൂന്നല്ലേ ചോദിച്ചുള്ളൂവെന്ന് അവിടുത്തെ
മെത്രാന്‍ കരുതി, എന്നാ സമ്മതിച്ചേക്കാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ലത്തിന്‍
അച്ചന്മാര്‍ ഒന്നൊന്നായി അരമനയില്‍ വന്നു ബോധിപ്പിച്ചത്, ഞങ്ങള്‍ ഈ പണി നിര്‍ത്തുകയാ,
പിതാവ് തന്നെ ഇടവക നടത്തിക്കോന്ന്‍. സ്വന്തം കക്ഷിക്കാരും എതിര്‍കക്ഷിക്കാരും
ഒരുപോലെ കളത്തിലിറങ്ങിയതുകൊണ്ട് ആ നഗരം രക്ഷപ്പെട്ടു. ഡല്‍ഹിക്കാര്‍ ഇത്ര അകലെ
ചിന്തിച്ചില്ല, അതുകൊണ്ട് കുറി മേടിക്കാന്‍ ഇപ്പോഴും വിമാനത്തില്‍ അങ്ങോട്ടും
ഇങ്ങോട്ടും എലാ പാലാ നടക്കുന്നു. ചെന്നൈ ആടുകള്‍ സദാ ജാഗരൂകരായി പത്തലുമായി നില്‍ക്കുന്നു.
ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തും പേര്‍ത്തും ഇരിക്കുമ്പോഴാണ് ഇടിത്തി വീഴുന്നതുപോലെ
അത്മായന്‍റെ വക മുന്‍ അച്ചന്മാരുടെയും മുന്‍ കന്യാസ്ത്രിമാരുടെയും മഹാ സമ്മേളനം
എറണാകുളത്ത് വരുന്നുവെന്ന് എല്ലാ പ്രാവുകളും കേട്ടത്. ഇപ്പൊ എവര്‍ റെഡി
കമ്മറ്റിക്കാരെയൊക്കെ കാണുമ്പോള്‍, ഒരു കാര്യമേ കര്‍ദ്ദിനാള്‍ അങ്ങേര്‍ക്കു പറയാനുള്ളൂ,
സദാ ജാഗരൂകരായിരിക്കുക!
ജോണ്‍സണ്‍ വൈദ്യര്‍ ഇപ്രാവശ്യം
ഒരു എക്സ് അച്ചന് വേണ്ടി സഹായം അഭ്യര്‍ഥിച്ചാണ് വന്നത്. പറഞ്ഞ കഥ കേട്ടാല്‍ ആരും
തല കുമ്പിട്ട് പോകും. ഈ വൈദികന്‍ വിദേശത്തായിരുന്നു. അവിടെ വെച്ച് അദ്ദേഹം പൌരോഹിത്യം
ഉപേക്ഷിക്കുകയും അവിടുത്തുകാരി ഒരിണയെ കണ്ടെത്തുകയും ചെയ്തു. ഇതറിഞ്ഞ അപ്പന്‍
അപമാനം കൊണ്ട് ഹൃദയാഘാതം വന്നു മരിച്ചു. അങ്ങേര്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍
ആഗ്രഹമുണ്ട്. കൊച്ചി സമ്മേളനം കൊണ്ട് എന്തെങ്കിലും സഹായം കിട്ടുമോന്നായിരുന്നു വൈദ്യര്‍ക്ക്
അറിയേണ്ടിയിരുന്നത്. (ഞാന്‍ അകത്തെ ആളാന്നാ അദ്ദേഹം കരുതിയിരിക്കുന്നത്!). വൈദ്യരോട്
ഞാന്‍ പറഞ്ഞു, “വൈദ്യരെ, ഞാന്‍ ഒരു സത്യം പറയട്ടെ, ഓയില്‍ ആന്‍ഡ് നാച്ചുറല്‍
ഗ്യാസുമായി ഇവിടെ കഴിയുന്ന ഈ പ്രവാസി, കേരള വിപ്ലവകാരികളെ ഒരിക്കല്‍ പോലും
കണ്ടിട്ടുമില്ല; മിണ്ടിയിട്ടുമില്ല.”
ഒരാള്‍ സന്യാസി വൃതം വെടിഞ്ഞാല്‍
അനുഭവിക്കേണ്ടിവരുന്ന മാനസിക വ്യഥ എനിക്ക് മനസ്സിലായി. ഇതുപോലൊരു തുറവ് അവര്‍ക്കുണ്ടായാല്‍
മഠങ്ങളും സെമ്മിനാരികളും അടച്ചു പൂട്ടേണ്ടി വന്നേക്കാം. അവരുടെ പുനരധിവാസ
കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ടായി എന്നാല്‍ അതിനര്‍ത്ഥം, ഒരു വലിയ കപ്പല്‍
മുങ്ങുന്നു എന്ന് തന്നെ. അത് തടയാന്‍ പ്രായം ചെന്ന കുറെ തൊപ്പിക്കാരും, ഒരു
പ്രവാചകനും ചേര്‍ന്നാല്‍ സാധിക്കുകയുമില്ല. അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും
ഞാന്‍ പറയും, ഈ എറണാകുളം സമ്മേളനം, കൂനന്‍ കുരിശു സത്യത്തെക്കാള്‍ പ്രാധാന്യത്തോടെ
ചരിത്രകാരന്മാര്‍ എഴുതുകയും വരും തലമുറ അത് മനസ്സിലാക്കുകയും ചെയ്യുമെന്ന്‍. അന്നവര്‍
പഴയ ചില കുഴിമാടങ്ങള്‍ പൊളിച്ചടുക്കിയെന്നുമിരിക്കും. വൈദ്യര്‍ വളരെ ലാഘവത്തോടെ
മറ്റൊരു കാര്യം പറഞ്ഞു. തൃശ്ശൂര്‍ മെത്രാനോട് ചേരാത്ത അച്ചന്മാരുടെ ഒരു കൂട്ടായ്മ
അവിടെ രൂപം കൊള്ളുന്നുവെന്ന്. പണ്ട് 150 വൈദികര്‍ ഏറണാകുളത്ത് നിരത്തിലിറങ്ങിയപ്പോള്‍
എല്ലാവരും നെറ്റി ചുളിച്ചു. താമസിയാതെ അസംതൃപ്തരായ വൈദികരുടെ ഒരു കൂട്ടായ്മ ഉണ്ടായി അവര്‍ അത്മായാ
വിപ്ലവകാരികളുടെ കൂടെ കൂടിയാല്‍ എല്ലാം പെട്ടെന്ന് പൂര്‍ത്തിയാവും!
റോമില്‍ ക്യുരിയാ ഹൌസ് നോക്കാന്‍
പോയപ്പോള്‍ വിവരമുള്ള ഒരു കൊച്ചച്ചന്‍ പറഞ്ഞതാ ... കച്ചോടം ചെയ്യുന്നതിനു മുമ്പ് അതൊരാശാരിയെ
കാണിക്കാന്‍! സീറോ സഭയുടെ ച്യുതി തുടങ്ങിയത് ഈ മാരണം വാങ്ങിയതില്‍ പിന്നെ ആണെന്നാണ് ഇപ്പോള്‍ പല
ആശാരിമാരും പറയുന്നത് (ആശാരിമാര്‍ക്കെക്കെന്തറിയാം. ശരിയായ കാരണം,
ചങ്ങനാശ്ശെരിക്കാര്‍ക്കറിയാം). ഏതു കെട്ടിടത്തിനും വാര്‍ദ്ധക്യം ഉണ്ടെന്നുള്ള
തച്ചുസത്യം അറിയാന്‍ പാടില്ലാത്ത ആശാരി ചെക്കന്മാര്‍ പോലും കാണില്ല. ഇതില്‍
കിടന്നവര്‍ക്ക് ഉറക്കം വരുന്നില്ലത്രേ!
No comments:
Post a Comment