By ജോസഫ് പടന്നമാക്കൽ
Cover design: Malayalam Daily News / EMalayalee News
'മണൽത്തരി പോലെ നിനക്ക് സന്തതികളുണ്ടാകട്ടെയെന്ന്' ദൈവം എബ്രാഹമിനോട് കല്പ്പിച്ചു. പുതിയതിലെയും പഴയതിലേയും വിശുദ്ധ വചനങ്ങൾ അക്ഷരംപ്രതി പാലിക്കാൻ യാഥാസ്ഥിതിക ലോകം അനുയായികളെ പ്രേരിപ്പിക്കും. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടുത്തകാലത്ത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരുവാര്‍ത്തയായിരുന്നു. കൂടുതൽ സന്താനോത്ഭാദനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു. ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതല്‍ മക്കളെ മാതാപിതാക്കള്‍ക്ക് ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച് അവരെ ആത്മീയ ജോലിക്കായി പറഞ്ഞുവിടുകയും ചെയ്യാം.
'നിനക്ക് ശരിയായി കുഞ്ഞുങ്ങളെ പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ജനിപ്പിക്കൂ'വെന്ന് മാർപ്പാപ്പാ പറഞ്ഞെങ്കിൽ അതിലുള്ള തെറ്റെന്തെന്നും മനസിലാകുന്നില്ല. ദൈവം തരുന്നുവെന്നു പറഞ്ഞ് കുഞ്ഞുങ്ങളെ ചേറുനിറഞ്ഞ വെള്ളത്തിലും തെരുവുകളിലും വളർത്തണോ? നിയന്ത്രണമില്ലാതെ സ്ത്രീകളെക്കൊണ്ട് പ്രസവിപ്പിച്ച് ആരുമാരുമില്ലാത്ത കുഞ്ഞുങ്ങളെ തെരുവിന്റെ മക്കളാക്കണോ? അനാഥാലയങ്ങളിൽ വളർത്താൻ അനുവദിക്കണമോ? ദൈവം കൊടുത്ത ബുദ്ധിയും വൈഭവവും ബോധവും വിനിയോഗിച്ച് സന്താന നിയന്ത്രണം നടത്തുകയെന്നത് മാറ്റത്തിന്റെ വഴിത്തിരിവുകൂടിയാണെന്നും സഭ നാളിതുവരെ മനസിലാക്കിയിട്ടുമില്ല. വലിയ കുടുംബം, ചെറിയ വരുമാനം, റേഷനരിയും ചേമ്പുതാളു കറികളും ദാരിദ്രവും കൊള്ളകളും, കുത്സിത പ്രചരണങ്ങളും സഭയിലെവിടെയും മുഴങ്ങി കേൾക്കാം.
പ്രാചീന തത്ത്വങ്ങളിലടിയുറച്ചു വിശ്വസിക്കുന്ന സഭയുടെ മുഖച്ഛായ മാറ്റി സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും മാർപ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീത്വത്തെ മാനിക്കാത്ത തത്ത്വ ചിന്തകളിൽ സഭയിന്നും മയങ്ങി കിടക്കുകയാണ്. കാലത്തിനനുയോജ്യമായി മനുഷ്യന്റെ ചിന്താ ഗതികൾക്കൊപ്പം സഭ വളർന്നിട്ടില്ല. യാഥാസ്ഥിതികർ തിങ്ങിക്കൂടിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിൽ ഒറ്റ ദിവസം കൊണ്ട് വിപ്ലവകരമായ ഒരു മുന്നേറ്റം നടത്തിയാൽ സഭ പൊട്ടിത്തെറിക്കുമെന്നും മാർപാപ്പാ ഭയപ്പെടുന്നുണ്ടാകാം. ഒരേ വായിൽ നിന്ന് രണ്ടുതരത്തിൽ നയതന്ത്രം വെടിയാതെ മാർപ്പാപ്പാ സംസാരിക്കുന്നു. സത്യമേതെന്ന് സഭാ മക്കളെ മനസിലാക്കേണ്ടതായുമുണ്ട്. സഭ പുലർത്തിക്കൊണ്ടു വരുന്ന പല മാമൂലുകൾക്കുമെതിരെ മാനവികതയുടെ പേരിൽ സാഹചര്യങ്ങളനുസരിച്ച് ഒരു മാർപ്പാപ്പായ്ക്ക് പലപ്പോഴും സംസാരിക്കേണ്ടതായി വരും. പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ഫിലിപ്പയിൻ രാജ്യത്തുനിന്നുമാണ് മാർപ്പാപ്പാ സന്താന നിയന്ത്രണത്തെപ്പറ്റി സംസാരിച്ചത്.
ദരിദ്രകുടുംബം നയിക്കുന്ന ഒരാൾ അനേക മക്കൾക്ക് ജന്മം നല്കി തന്റെ കുട്ടികളെ അന്തസ്സോടെ തന്നെ വളർത്തിയാൽ അയാളെ ഭാഗ്യവാനായി കരുതാം. മക്കളും ബുദ്ധിശക്തിയ്ക്കൊപ്പം വിദ്യ നേടുന്നവരുമായിരിക്കണം. കുടുംബം പെറ്റു പെരുകി കുട്ടികളെ വളർത്തിയ അയാളുടെ അജ്ഞത ഒരളവുവരെ മറച്ചു വെക്കാനും സാധിക്കുന്നു. പരിഷ്കൃത രാജ്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളരാനുള്ള സാഹചര്യങ്ങളും ആരോഗ്യ സുരക്ഷാ പദ്ധതികളുമുണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ചെറിയ കുടുംബങ്ങളായിട്ടാണ് കഴിയുന്നത്. എന്നാൽ മൂന്നാം ലോകത്തിന്റെ ഗതി അതല്ല. ദരിദ്രനായ ഒരുവന് കുഞ്ഞുങ്ങൾക്ക് ആരോഗ്യ രക്ഷാ, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം എന്നിവകൾ നല്കുക എളുപ്പമല്ല. മൂന്നാം ചേരി രാജ്യങ്ങളിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ കുഞ്ഞുങ്ങൾ ശൈശവത്തിൽ തന്നെ മൃതിയാകുന്നു. മാറാ രോഗങ്ങളും ബാധിക്കുന്നു. അവിടെയാണ് ക്രിസ്ത്യൻ കൾട്ടുകൾ 'പെറ്റു പെരുകുക'യെന്ന സാരോപദേശങ്ങളുമായി മനുഷ്യരെ മയക്കാൻ നടക്കുന്നത്.
അനേകമനേകം കുഞ്ഞുങ്ങൾക്ക് ജന്മം നല്കി ഊണു മേശയ്ക്ക് ചുറ്റുമിരുത്താൻ ബൈബിളിലെ ദൈവം പറയുന്നു. സഭയും അതേ ദൈവിക തത്ത്വങ്ങൾ പ്രായോഗികമാക്കാനും ശ്രമിക്കുന്നു. മേശയിൽ ഭക്ഷണം നിരത്തുന്നതെങ്ങനെയെന്ന് സഭയ്ക്കറിയുകയും വേണ്ടാ. പുര നിറഞ്ഞിരിക്കുന്ന പിള്ളേരെ സംരക്ഷിക്കാനുള്ള മറ്റു കാര്യങ്ങൾ പറയാൻ ദൈവവും മറന്നു പോയി. പാറ്റാകളെ പോലെ കുഞ്ഞുങ്ങളെ മനുഷ്യജാതി പെരുപ്പിക്കുന്നുവെങ്കിൽ ലോകത്തെ തന്നെ നശിപ്പിക്കുമെന്ന കാര്യവും മത മൌലികതയിൽ മറക്കുന്നു. കത്തോലിക്കരും മുസ്ലിമുകളും കുടുംബാസൂത്രണത്തെ അംഗീകരിക്കില്ല. ലോകത്തിന്റെ പുരോഗതിയെ തടയുന്നുവെന്ന യാഥാർത്യവും അവർക്കറിയുകയും വേണ്ടാ. ചൈനാക്കാരുപോലും കുടുംബങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സഭയുടെ പെറ്റു പെരുകാനുള്ള ആഹ്വാനത്തിൽ ഈ ഭൂമിയേയും ആധുനിക മുന്നേറ്റത്തേയും നശിപ്പിക്കുകയും ചെയ്യുന്നു.
മരുന്നുകൾ കണ്ടു പിടിക്കുന്നതിനു മുമ്പ് വൈദ്യ സഹായം വിരളമായി ലഭിച്ചിരുന്ന കാലങ്ങളിൽ ജനനനിരക്കുകളെക്കാൾ മരണനിരക്ക് കൂടുതലായിരുന്നു. തന്മൂലം ജനസംഖ്യയും കുറവായിരുന്നു. ഒരു കുടുംബത്തെ സംരക്ഷിക്കാൻ അക്കാലങ്ങളിൽ ആശ്രയം കൃഷി മാത്രമായിരുന്നു. കൃഷി സ്ഥലങ്ങളിൽ വിഭവങ്ങൾ ഉത്ഭാദിപ്പിക്കാൻ കൂടുതൽ മനുഷ്യകരങ്ങൾ ആവശ്യമായിരുന്നു. ഒരു കുടുംബത്തിനാവശ്യമായ തൊഴിലാളികൾ ആ കുടുംബംതന്നെ 'പെറ്റു പെരുകലിൽ' നേടുമായിരുന്നു. എന്നാലിന്ന് കാലം മാറി. പണ്ടു കാലങ്ങളിൽ ആൾ ബലവും കൂടുതൽ കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങളെ 'സ്റ്റാറ്റസിന്റെ അടയാളമായി കരുതിയിരുന്നു. വലിയ കുടുംബങ്ങൾ സഭയ്ക്ക് അലങ്കാരമാണെങ്കിലും സാമൂഹിക വ്യവസ്ഥക്ക് അതൊരു ഭീഷണിയായിരിക്കും. രാഷ്ട്ര ത്തിനും അതിനനുപാതമായി കൂടുതൽ വിഭവങ്ങൾ കണ്ടെത്തേണ്ടിയും വരും. കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിച്ചാൽ ദാരിദ്ര്യം കൊണ്ട് പലരും അസന്മാർഗിക ലൈംഗിക തൊഴിലുകൾക്കു വരെ പ്രേരകമായിയെന്നും വരും. സഭ വിഭാവന ചെയ്യുന്ന ദരിദ്രകുടുംബങ്ങളിലും ആത്മീയത നശിക്കുന്നതായി കാണാം. ദാരിദ്ര്യം അവരെ പുരോഹിതരും കന്യാസ്ത്രികളുമാകാനും മോഹിപ്പിച്ചേക്കാം. അംഗ സംഖ്യ കൂടുതലായുള്ള വലിയ കുടുംബങ്ങൾ സമൂഹത്തിനു ഭാരമായി ദാരിദ്ര്യത്തിലേക്ക് വഴുതി പോവാനാണ് സാധ്യതകളുള്ളത്.
മനുഷ്യന്റെ ചിന്താ ശക്തി വർദ്ധിക്കുംതോറും മതങ്ങളും ആചാരങ്ങളും അനാവശ്യമായി അനുഭവപ്പെടും. യൂറോപ്പിലും അമേരിക്കയിലും പള്ളികൾ പൂട്ടിക്കൊണ്ട് ആ സ്ഥാനങ്ങളിൽ മറ്റു സ്ഥാപനങ്ങൾ ഉയരുന്ന കാഴ്ചകളാണ് നാം കാണുന്നത്. സഭയൊരിക്കലും പരിവർത്തന വിധേയമാകാതെ പഴഞ്ചനായ ആശയങ്ങളിൽ തന്നെ ഇന്നും നിലകൊള്ളുന്നതു കാണാം. സഞ്ചരിക്കുന്നതും മൂന്നു നൂറ്റാണ്ടുകളപ്പുറത്തുള്ള കാലഘട്ടത്തിൽ തന്നെയാണ്. മാറ്റം വരുത്താതെ ആധുനികതയുടെ മുന്നേറ്റത്തിൽ സ്വയം ശവക്കുഴി തോണ്ടി ബലഹീനമായി കൊണ്ടിരിക്കുന്ന സഭ വർത്തമാന ചരിത്രമായും മാറിക്കഴിഞ്ഞു.
മാർപ്പാപ്പായുടെ മനിലായിലെ യാത്രയ്ക്കിടയിൽ അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളുടെ മീതെ വിമർശനങ്ങളുണ്ടായതും സഭാ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. "കത്തോലിക്കർ തങ്ങളുടെ മക്കളെ നേരായ രീതിയിൽ വളർത്താൻ കഴിവില്ലാത്തവരെങ്കിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതായിരിക്കും അഭികാമ്യമെന്ന്" മാർപ്പാപ്പാ പറഞ്ഞിരുന്നു. മനിലയിൽ നിന്നും മാർപ്പായുടെ റോമിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പായി എട്ടാമത്തെ കുഞ്ഞിനെ പ്രതീഷിക്കുന്ന ഒരു സ്ത്രീയോട് മാർപ്പാപ്പാ ചോദിച്ചു, "മറ്റേഴു കുഞ്ഞുങ്ങളെയും അനാഥ ശാലകളിൽ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?" 'കത്തോലിക്കരെ മുയലുകളെപ്പോലെ പെറ്റു പെരുകാൻ അനുവദിക്കരുതെന്ന ' മാർപ്പാപ്പായുടെ വാക്കുകൾ ലോക മാധ്യമങ്ങളിൽ വിവാദങ്ങളാവുകയും ചെയ്തു.
മനിലായിൽവെച്ച് മാർപാപ്പാ പറഞ്ഞ അഭിപ്രായം ലഘുകരിച്ച് വ്യത്യസ്തമായി അദ്ദേഹം വീണ്ടും പറഞ്ഞു, "കുഞ്ഞുങ്ങൾ കുടുംബങ്ങൾക്ക് ദൈവത്തിന്റെ ദാനമാണെന്ന് അവർക്കറിയാം; ഓരോ കുഞ്ഞും സൃഷ്ടി കർത്താവിന്റെ അനുഗ്രഹമാണ്. വിഭവങ്ങൾ കുറഞ്ഞ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുണ്ടാകും തോറും ലളിതമായ ജീവിതം നയിക്കാനിടയാകുന്നു. എങ്കിലും വലിയ കുടുംബം ദാരിദ്ര്യത്തിലേക്ക് നയിക്കും. ലോക സമ്പത്തുകൾ വിതരണം ചെയ്തിരിക്കുന്നത് നീതി പൂർവ്വമല്ല. ഇന്ന് ആഗോള തലത്തിൽ പ്രകടിതമായിരിക്കുന്ന സാമ്പത്തിക അസമത്വങ്ങൾക്കു കാരണം മനുഷ്യൻ പണത്തെ ദൈവമായി കാണുന്നതുകൊണ്ടാണ്. സമ്പത്തുകൾ ശരിയായ വിതരണത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം വർദ്ധിക്കാനിടയാക്കി. പണത്തിനെ ദൈവമായി മനുഷ്യൻ പൂജിക്കുന്നത് ലോകത്തിന്റെ അസമാധാനത്തിനും കാരണമാണ്."
ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാട് കുറെയെങ്കിലും മനസ്സിലാക്കാൻ സാധിക്കും. പക്ഷേ മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നതിൻറെ യുക്തി മനസ്സിലാകുന്നില്ല. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്ഡകോശത്തിലെത്താതെ എങ്ങനെ ജീവൻ തുടിക്കും.സ്വാഭാവികമായ ഗർഭനിവാരണ മാർഗങ്ങൾ സഭ നിർദേശിക്കുന്നുണ്ടെങ്കിലും പ്രകൃതി വിരുദ്ധമായ 'കോണ്ടം' 'ഗർഭ നിരോധക ഗുളികകൾ' വിലക്കിയിരിക്കുകയാണ്. കത്തോലിക്കാ സഭ വാസ്തവത്തിൽ സഭാമക്കളെ പഠിപ്പിക്കുന്നത് കടും ക്രൂരതയാണ്. ഗർഭ നിരോധക നിയന്ത്രണങ്ങൾ പാടില്ലായെന്ന സഭയുടെ നിർദ്ദേശം ഭൂമിയിലേക്ക് വരുന്ന കോടാനുകോടി കുഞ്ഞുങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കാൻ പ്രേരണ നല്കുന്നു. കാലഹരണപ്പെട്ട മൗലിക തത്ത്വങ്ങളുമായി മുമ്പോട്ടു പോകുന്ന സഭ കുടുംബാസൂത്രണ പദ്ധതികളെ നിരോധിക്കുന്നതുകൊണ്ട് വേണ്ടാതെ ജനിക്കുന്ന ബില്ല്യൻ കണക്കിന് കുഞ്ഞുങ്ങളുടെ യാതനകൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നല്കാനും തയാറല്ല. അവർക്ക് പാർക്കാൻ വീടുകളില്ലെങ്കിൽ സഭയ്ക്കെന്ത് ? അൾത്താരയിൽ നിന്ന് പുരോഹിതൻ വിളിച്ചു പറയും ,'ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല". വിശുദ്ധ പുസ്തകത്തിൽ നിന്ന് ദരിദ്രരെ ആശ്വസിപ്പിക്കാൻ പുരോഹിതൻ വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. പക്ഷെ അതൊന്നും വിശക്കുന്നവന്റെ വിശപ്പടങ്ങില്ല. വളരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും എങ്ങനെ നടക്കുമെന്നും സഭയ്ക്കറിയേണ്ട ആവശ്യമില്ല. ഇത്തരം ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി ചിന്തിച്ച് സഭയുടെ കണ്ണ് തുറപ്പിക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ ശ്രമിക്കുന്നുവെങ്കിൽ അതിൽ എന്തു തെറ്റാണുള്ളത്? മുമ്പുള്ള മാർപ്പാമാർ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കില്ലായിരുന്നു.
മാർപ്പാപ്പ ഒരേ അഭിപ്രായങ്ങൾ വ്യത്യസ്ഥമായി സംസാരിക്കുന്നത് പരിഭ്രാന്തിയും വിസ്മയങ്ങളുമുണ്ടാക്കാം. മനിലായിൽ മാർപ്പാപ്പാ മാനുഷിക മൂല്യങ്ങൾ കണക്കാക്കുന്ന ഒരു സാധാരണ പുരോഹിതനെപ്പോലെ സംസാരിച്ചെങ്കിൽ റോമിൽ അദ്ദേഹം സഭയുടെ പാരമ്പര്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചു സംസാരിക്കുന്നു. മുമ്പുള്ള മാർപാപ്പാമാർ സഭയുടെ തത്ത്വ സംഹിതകൾ ആദ്യം സംസാരിച്ചെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ഒരു സാധാരണ വ്യക്തിയെന്ന നിലയിൽ യുക്തിബോധത്തോടെ ജനം സ്വീകരിക്കാൻ സ്വന്തം അഭിപ്രായങ്ങളാണ് ആദ്യം സംസാരിക്കാറുള്ളത്.
'ഞാനാര് അവരെ വിധിക്കാൻ' ? |
സഭയുടെ പാരമ്പര്യമായി പുലർത്തി വരുന്ന ചില വിശ്വാസങ്ങൾക്കെതിരെ ഒരു മാർപാപ്പാ സംസാരിക്കുമ്പോൾ കേൾക്കുന്നവർ അവരുടെ യുക്തിപോലെ വിമർശിക്കാനും തുടങ്ങും. ഫ്രാൻസീസ് മാർപ്പാപ്പാ യാഥാസ്ഥിതികനോ മനോവിശാല ചിന്തകനോ ആരുമായിക്കൊള്ളട്ടെ, മഹാനായ ഒരു മാർപ്പാപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചേ തീരൂ. വൈവിധ്യമാർന്ന രണ്ടു ചിന്താഗതികളിൽ ഫ്രാൻസീസ് മാർപ്പാപ്പാ ആരെന്നു ചോദിച്ചാൽ ഫ്രാൻസീസ് മാർപ്പാപ്പാ, ഫ്രാൻസീസ് മാർപ്പാപ്പായെന്നേ ഉത്തരം പറയാൻ സാധിക്കുള്ളൂ.അവിടെ അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവത്തിൽ മറ്റൊരാളില്ല. സഭയുടെ നയങ്ങൾ ഒരു വ്യക്തിയിൽ രൂപീകരിച്ചതല്ല. നൂറ്റാണ്ടുകളായി കാലത്തിനനുസരിച്ച് അനേകരുടെ ചിന്തകളിൽ നിന്നും ഉദിച്ചതാണ്. ആധുനിക ചിന്തകളുടെ ഒഴുക്കിനഭിമുഖമായി സഞ്ചരിക്കുന്ന മാർപ്പാപ്പായുടെ വാക്കുകൾ ഒരു പക്ഷെ മത മൗലിക വാദികളുടെ അഭിപ്രായങ്ങൾക്കെതിരായിരിക്കാം. വിശുദ്ധ ഗ്രന്ഥങ്ങളിൽ പഴങ്കാല ജനങ്ങൾ എഴുതിപ്പിടിപ്പിച്ച വചനങ്ങളെ യാഥാസ്ഥികരായവർ ആരാധിക്കുന്നു. യേശുവിന്റെ ചൈതന്യം കാലത്തിന്റെ ഒഴുക്കിൽ സഞ്ചരിക്കേണ്ടതാണ്. ലോകത്തിലുള്ള സകല അസമാധാനങ്ങൾക്കും കാരണം 'സോദോം ഗോമോറയും ഉല്പ്പത്തിയും' മുറുകെ പിടിച്ചു നടക്കുന്ന മൗലിക വാദികളാണ്. പുരോഹിതരും വചനങ്ങളും മാത്രമേ അത്തരക്കാരുടെ അറിവിൽ ഉൾക്കൊണ്ടിട്ടുള്ളൂ. ലോകത്തിന്റെ പുരോഗമനമോ, ശാസ്ത്രത്തിന്റെ നേട്ടങ്ങളോ മനുഷ്യരുടെ ചിന്താശക്തിയുടെ വളർച്ചയോ അറിയാനവർ മെനക്കെടുകയുമില്ല.
സഭയുടെ പാരമ്പര്യ വിശ്വാസങ്ങളിൽ സ്വവർഗ രതി കടുത്ത പാപമായി കരുതുന്നു. "ഞാനാരാണ്, അവരെ വിധിക്കാനെന്നു മാർപ്പാപ്പാ പറയുന്നു". സ്വവർഗ രതി കഠിനമായ പാപമായിട്ടാണ് മുമ്പുള്ള മാർപ്പാപ്പാമാർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റുള്ള പുരോഹിതരുടെ ലൈംഗിക ചേഷ്ടകളെ ചോദ്യം ചെയ്യാൻ ഫ്രാൻസീസ് മാർപ്പാപ്പാ തയ്യാറല്ല. സ്നേഹവും ദയയും മാർപ്പാപ്പാ അവരോടു പ്രകടിപ്പിക്കുകയാണ്. യേശു ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെ സംസാരിച്ചിട്ടില്ല. സാധാരണ യാത്രകൾക്കിടയിലാണ് മാർപ്പാപ്പാ സ്വയം മാർപ്പാപ്പായെന്നത് മറന്നു കൊണ്ട് ആധുനിക ചിന്തകൾ സംസാരിക്കാറുള്ളത്. മാനുഷിക മൂല്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു നല്ല മനുഷ്യനായി വിവേകമുള്ളവർ അപ്പോഴെല്ലാം മാർപ്പാപ്പയെ കാണുന്നു. യാത്രയ്ക്കിടയിൽ സഭയുടെ തത്ത്വങ്ങൾ പാടേ മറന്നുപോയതുപോലെയും അദ്ദേഹം സംസാരിക്കുന്നു. "സ്വവർഗ രതിക്കാർ നന്മയെ തേടുന്നുവെങ്കിൽ, ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവരെ ചോദ്യം ചെയ്യാൻ ഞാൻ ആരാണെ'ന്ന് മാർപ്പാപ്പാ ചോദിച്ചതും തന്റെ ബ്രസീൽ യാത്രയ്ക്കിടയിലായിരുന്നു.
ബനഡിക്റ്റ് മാർപ്പാപ്പാ സ്വവർഗാനുരാഗികളെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിൽ കണ്ടിരുന്നു. "പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതി ലീലകളെ അദ്ദേഹം സഭയുടെ സന്മാർഗങ്ങൾക്കെതിരായും പാപമായും കരുതിയിരുന്നു. സ്വവർഗ രതിയിൽ ഉറച്ചു നിൽക്കുന്നവൻ സഭയിൽ പുരോഹിതരാകരുതെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വവർഗക്കാർ പുരോഹിതരാകണമെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ ഒരിക്കലും പറഞ്ഞിട്ടില്ല. സഭയുടെ തത്ത്വത്തിൽ പ്രകൃതി വിരുദ്ധമായ ഏതു ലൈംഗികതയും പാപം തന്നെയാണ്. പക്ഷെ മാർപ്പാപ്പായുടെ ഇംഗ്ലീഷിലെ 'ഗേയ് ' എന്ന പദം പലരിലും ആശയക്കുഴപ്പങ്ങളുണ്ടാക്കി. ബിഷപ്പുമാർ തമ്മിലും അതിന്റെ പേരിൽ ശക്തിയേറിയ വാദ പ്രതി വാദങ്ങൾ ഉണ്ടാവുകയും ചെയ്തു. ബ്രഹ്മചര്യം കാക്കാതെ സ്വവർഗരതികളിൽ പങ്കാളികളായ പുരോഹിതരെ സഭ അംഗീകരിക്കണമോയെന്നതും വിവാദങ്ങളായി മാറിയിരുന്നു. ദൈവത്തിന്റെ ചൈതന്യത്തെ ചോദ്യം ചെയ്തപ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ അങ്ങനെയൊരുത്തരം പറഞ്ഞത്. ദൈവത്തിന്റെ കണക്കു കൂട്ടലുകളിൽ നിസാരനായ മനുഷ്യന് എങ്ങനെ ദൈവത്തിന്റെ നിശ്ചിതമായ രൂപഭാവാദികളെ ചോദ്യം ചെയ്യാൻ സാധിക്കും? ദൈവം നല്കുന്ന അന്തിമമായ വിധി തീരുമാനിക്കുന്നത് മനുഷ്യരോ? ബൌദ്ധികമായുള്ള ഫ്രാൻസീസ് മാർപ്പാപ്പായുടെ ചിന്താഗതികളിൽ മത മൗലിക വാദികൾ ആകുലരാണ്. ബൈബിളിലെ വചനങ്ങളുമായി അടഞ്ഞ മനസുമായി ചിന്തിച്ചാൽ മാർപാപ്പായുടെ അഭിപ്രായങ്ങളിൽ നീരസമേ തോന്നുകയുള്ളൂ. സ്വവർഗം പാപമാണെന്നുള്ള തന്റെ മുൻഗാമിയുടെ അഭിപ്രായത്തെ മാർപ്പാപ്പാ തിരുത്താൻ തയ്യാറാകുമെന്നും തോന്നുന്നില്ല. സ്ത്രീകൾക്ക് പൌരാഹിത്യം കൊടുക്കാൻ പാടില്ലായെന്നു പറഞ്ഞുകൊണ്ട് ജോണ്‍ പോൾ രണ്ടാമനും അവർക്കെതിരെ വാതിലുകളടച്ചിരുന്നു.
വിദ്യാഹീനരും മനസ്ഥിരതയില്ലാത്തവരും ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്നവരും മില്ല്യൻ കണക്കിന് കുഞ്ഞുങ്ങളെയാണ് ജനിപ്പിക്കുന്നത്. അവരിൽ അനേകർ തെരുവിന്റെ സന്തതികളായും വളരുന്നു. ആ കുഞ്ഞുങ്ങൾ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും തങ്ങളുടെ വളർച്ചയ്ക്കൊപ്പം സഹിക്കുന്നു. വളരുന്ന പെണ്‍ക്കുട്ടികളെ വേശ്യാ വൃത്തിക്കും പ്രേരിപ്പിക്കുന്നു. വചനം മാത്രം ജീവിതമായി തെരഞ്ഞെടുത്ത മതമൗലിക വാദികളുടെ കൾട്ടുകൾ സമൂഹത്തോടും രാഷ്ട്രത്തോടും ദ്രോഹമാണ് ചെയ്യുന്നത്. ബില്ല്യൻ കണക്കിന് സ്ഥാവര ജംഗമ സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്ന മതമേധാവികളുടെ സ്വത്തുക്കൾക്ക് നികുതിയും കൊടുക്കേണ്ടാ. നികുതിയിൽ നേടുന്ന ഈ സൌജന്യം ആഫ്രിക്കയിലെയും മെക്സിക്കോയിലെയും കുട്ടികളുടെ ക്ഷേമത്തിനായി നീക്കി വെയ്ക്കരുതോ? ജനസംഖ്യ വർദ്ധിക്കുംതോറും ദാരിദ്ര്യത്തിനു പുറമേ വിഭവങ്ങളുടെ അപര്യാപ്തതയുമുണ്ടാകും. രാജ്യത്തെ തന്നെ അത് സാമ്പത്തിക മാന്ദ്യത്തിലെത്തിക്കുന്നു.
സ്വയം യുക്തിബോധത്തോടെ ചിന്തിക്കാൻ കഴിവുള്ളവർ കുഞ്ഞുങ്ങളെ പെരുപ്പിച്ച് ലോകം മുഴുവൻ എത്യോപ്യാപോലെ പട്ടിണിരാജ്യങ്ങളാക്കണോ? എന്തേ, വിശക്കുന്ന വയറുകളിൽ സഭയുടെ ക്രൂരത നിറച്ച ആത്മനികൃഷ്ടികരണമോ? മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപാധികൾ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന് എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ; അവളെ അടിച്ചമർത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും പൌരാഹിത്യ മേധാവിത്വത്തിനുണ്ട്. സ്വതന്ത്രമായ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആർക്കുമവകാശമുണ്ട്. മാനുഷിക മൂല്യങ്ങളിൽ വിശ്വസിച്ച് മാർപ്പാപ്പാ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിൽ യാഥാസ്ഥിതിക ലോകം ദുഖിതരാവേണ്ടതില്ല. സത്യവും ധർമ്മവും അന്വേഷിക്കുന്നവർ അഭിപ്രായങ്ങളും തുറന്നു പറയും. സഭ വിശ്വസിക്കുന്ന കാലഹരണപ്പെട്ടതായ പഴഞ്ചൻ തത്ത്വങ്ങൾക്ക് ശാസ്ത്രത്തിൽ യാതൊരു സ്ഥാനവുമില്ല. സഭയിന്നും സഞ്ചരിക്കുന്നത് മൂന്നൂറു വർഷം മുമ്പുള്ള പുറകോട്ടുള്ള കാലഘട്ടത്തിൽക്കൂടിയെന്നും ചിന്തിക്കണം.
മനിലയിൽ പോപ്പിന്റെ സഞ്ചാര വഴികളിൽനിന്നും പോലീസ് ബന്ദികളാക്കിയ തെരുവുകുട്ടികൾ |
"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" അടുത്തകാലത്ത് വളരെ പോപ്പുലറായ ഈ ഈരടികളാണ് വിവരമില്ലാത്ത മതനേതാക്കളോടും, ദൈവത്തിന്‍റെപേരില്‍ പെറ്റുപെരുകുന്ന ഇന്നത്തെ (ദൈവത്തെ അറിയാത്ത) മതങ്ങളോടുമുള്ള കാലത്തിന്റെ ചോദ്യം !
ReplyDeleteനാം കടലൊന്നു കടന്നാല്‍ നടക്കാവുന്ന സിംഗപ്പൂരില്‍ ,ഒരുകുടുംബത്തിലെ രണ്ടാമത്തെ സന്തതിക്കു രാജ്യത്ത് ഒരു വിദ്യാലയത്തിലും പ്രവേസനം ലഭിക്കുകയില്ല ! ആയതിനാല്‍ അവര്‍ ഒരു കുഞ്ഞില്‍ ആനന്ദിക്കുന്നു , രാജ്യവും !
ചൈന ജനസംഖ്യയില്‍ ഒന്നാമതാണങ്കിലും ഇവിടുത്തെ മതങ്ങള്‍ ജനത്തെ വാശിപ്പുറത്തു പെറ്റു പെരുകിച്ചാൽ ചൈനയെ ഇന്ത്യ തോല്‍പ്പിക്കും, എന്നാല്‍ കാലക്രമേണ മതങ്ങള്‍ തമ്മിലുള്ള വാല്പ്പയറ്റില്‍ ജനം ചത്തുവീണു ഇന്ത്യ വീണ്ടും രണ്ടാമതാകും ,സംശയമില്ല !
"നമ്മള്‍ രണ്ടു ,നമുക്ക് രണ്ടു" എന്ന മുദ്രാവാക്യംമുഴക്കി നിരോധിലൂടെ സന്താനോല്‍പ്പാതനത്തിനു നിരോധനം നടപ്പിലാക്കിയ സര്‍ക്കാരിന്റെ കുടുമ്പാസൂത്ര പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഈ കാളക്കത്തനാരന്മാരെ രാജ്രക്ഷാ നിയമലംഖനത്തിന്റെ പേരില്‍ "അകത്താക്കണം" എന്നാണു സര്‍ക്കാരിനോടുള്ള എന്റെ എളിയ നിവേദനം!
Jacob John: ജീവശാസ്ത്രപരമായ ഉൽപാദനം ഒന്നും നടത്തിയിട്ടില്ലാത്ത മോദി പറയുന്നു ഉൽപാദനം വർദ്ധിപ്പിക്കണം എന്ന്.
ReplyDeleteജീവശാസ്ത്രപരമായ ഉൽപാദനം ഒന്നും നടത്തിയിട്ടില്ലാത്ത കേരളത്തിലെ ചില മത നേതാക്കളും പറയുന്നു ഉൽപാദനം വർദ്ധിപ്പിക്കണം എന്ന്.
മോദിയുടേത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പണി കിട്ടും
സർക്കാരിനു പണവും കിട്ടും
മറ്റേതു പെണ്ണുങ്ങൾക്കു മാത്രം പണി കിട്ടും
പിന്നെ പറഞ്ഞവരുടെ ആശുപത്രികളും സ്കൂളുകളും നന്നായി ഓടും
കൂടാതെ എണ്ണമെടുക്കാൻ ആളേം കിട്ടും
പക്ഷെ സർകാരിൻറ്റെ പണം പോകും
Dear Jacob John, Its not Modi's & BJP's policy to increase number of children. Some extremists only may have such opinion. It doesn't mean that this opinion is belong to Modi or BJP. Earlier and Current Central government are encouraging to have 2 kids only and discouraging more than that.
ReplyDeleteBut even though Church have no publicly declared policy, all know that Church encourage to produce more children. Within Kuwait Kerallite Christians, the Church is very actively doing this campaign and practically we can see most of th Christian families have 3 children minimum.
"നിങ്ങളുടെ പ്രവർത്തികൾ കണ്ട് നിങ്ങളെന്റെ ശിക്ഷ്യരെന്നു ലോകം അറിയട്ടെ" - അങ്ങനെ അംഗ ബലം കൂട്ടാൻ പറ്റില്ലെന്ന് ഉറപ്പുള്ള പിതാക്കന്മാർക്ക് പിന്നെയുള്ള വഴി 'മുയൽ പ്രസവം' മാത്രമാണ്. കത്തോലിക്കാ കുടുംബങ്ങളിൽ മാത്രം അംഗ സംഖ്യ കൂടാനാണ് അവരുടെ ആഗ്രഹം. നല്ല സ്കൂളിൽ അഡ്മിഷനു ചെല്ലുമ്പോൾ കാണാം ഇതേ പിതാക്കന്മാരുടെ സാരോപദേശം. ഇവരുടെ ആശുപത്രികളിൽ പോയാൽ സർക്കാർ ആശുപത്രിയുടെ ഇടുങ്ങിയ വഴികളിലുടെ സ്വർഗരാജ്യത്ത്തിലെക്കുള്ള മാർഗവും പഠിപ്പിച്ചു വിടും.
ReplyDelete