കഴിഞ്ഞ ദിവസം ഒരു
കുഞ്ഞാട് (വിശദാംശങ്ങള്‍ ചോദിക്കരുത്) എന്നോട് പരസ്യമായി നാല് പേര് കേള്‍ക്കെ
ചോദിച്ചു, തനിക്കൊക്കെ ഈ അച്ചന്മാരെയും കന്യാസ്ത്രികളെയും കുറ്റം പറയാനേ നേരമുള്ളോന്ന്.
ഇത് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുള്ളതാണ്; അച്ചന്മാരുടെ പ്രാക്ക് കിട്ടിയാല്‍ കുടുംബം
രക്ഷപ്പെടും എന്നൊരു പ്രോഗ്രാം തലക്കകത്ത് കിടക്കുന്നിടത്തോളം കാലം അത് മാറ്റാന്‍
എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. സഭക്കാര് എന്തിന് വേണ്ടി പ്രാര്‍ഥിക്കുന്നോ
അതിന് നേരെ വിപരീതമാണല്ലോ നടക്കുന്നത്. ശുദ്ധീകരണാത്മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു
പ്രാര്‍ഥിച്ച് ശുദ്ധീകരണസ്ഥലം തന്നെ നിര്‍ത്തലാക്കി, ഭാരതത്തിന്‍റെ
മാനസാന്തരത്തിന് വേണ്ടി പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച്
ക്രിസ്ത്യാനികളുടെ എണ്ണം കുത്തനെ കുറഞ്ഞു; മിഷനറിമാര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് ഇപ്പോ മാനസാന്തരം എന്ന്
പറഞ്ഞു പുറത്തിറങ്ങാന്‍ വയ്യാതായി. അടുത്ത കാലത്ത്, വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥന
തുടങ്ങി; അളവെടുപ്പും, മൊബൈല്‍ പ്രയോഗവും, ജെരൂസലെമിന് ആളുകളെ കൂട്ടി കപ്പലേ പോയി
കാബറെ കാണലും, കുട്ടികളെ ഹോട്ടലില്‍ കൊണ്ടുപോക്കും എല്ലാം കൂടി. സഭയിലെ വിമതര്‍ക്ക്
വേണ്ടി രഹസ്യ പ്രാര്‍ത്ഥന തുടങ്ങി, KCRM മഹാ സമ്മേളനങ്ങളും തുടങ്ങി. പണ്ട്,
നല്ലൊരു മാര്‍പ്പാപ്പയെ കിട്ടാന്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു, റൊമ്പന്‍ ഒരു
സ്രാവിനെയും കിട്ടിയില്ലേ?
സത്യത്തില്‍ ഈ
മെത്രാന്മാര്‍ എന്താ ചെയ്യുന്നതെന്ന് സ്വയം കണ്ടിരുന്നെങ്കില്‍ ഈ പൊല്ലാപ്പ്
ഉണ്ടാവുമായിരുന്നോ? പണ്ടൊരു ഗര്‍ഭിണി ബസ്സേല്‍ കേറിയ കഥ കേട്ടിട്ടുണ്ടോ? അവര്‍ അല്‍പ്പം
ഗര്‍ഭിണിയായിരുന്നു. അത് പുറത്തറിയാതിരിക്കാന്‍ ബാഗും പത്രവും എല്ലാം ഉപയോഗിച്ചു.
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മുഖത്തോട്ടു നോക്കി ചിരിയോ ചിരി.
ആരും അറിയാതെ ആ സ്ത്രി വേറൊരു സീറ്റിലേക്ക് മാറി, ഈ ചെറുപ്പക്കാരനാവട്ടെ കുലുങ്ങി
ചിരിക്കാന്‍ തുടങ്ങി; അവള്‍ വീണ്ടും സീറ്റ് മാറി, ചെറുപ്പക്കാരന്‍ ആര്‍ത്തലച്ചു
ചിരിക്കാനും തുടങ്ങി. ഇതങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ! സ്ത്രി കേസ് കൊടുത്തു.
കോടതി ചെറുപ്പക്കാരനോട് എന്തിനാ ചിരിച്ചതെന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു, ആദ്യം ഈ
സ്ത്രി ഇരുന്നത് "Coming Soon - The unknown
boon" (ഉടന്‍ വരുന്നൂ ...
അജ്ഞാത സമ്മാനം) എന്നൊരു പരസ്യത്തിന്‍റെ കീഴിലായിരുന്നു, അതാ ഞാന്‍ ചിരിച്ചത്.”
“രണ്ടാമതോ?” കോടതി ചോദിച്ചു. അവിടെയും പരസ്യമുണ്ടായിരുന്നു, "William's stick did the trick" (വില്ല്യമിന്‍റെ കോലാണ് ഈ മാജിക്കിന്‍റെ പിന്നില്‍)
എന്നാണു അവിദുത്തെ പരസ്യത്തില്‍ എഴുതിയിരുന്നത്. എങ്ങിനെ ചിരിക്കാതിരിക്കും?”
ചെറുപ്പക്കാരനോട് കോടതി പറഞ്ഞു, “ഇയ്യാള്‍ പിന്നെയും ചിരിച്ചല്ലോ!” “അതോ,” ചെറുപ്പക്കാരന്‍,
അയാള്‍ കോടതിയിലാണെന്നോന്നും ഓര്‍ക്കാതെ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു,
അവിടുത്തെ പരസ്യത്തില്‍, "Dunlop Rubber would
have prevented this accident"
(ഡണ്‍ലപ്പ് റബ്ബറിന് ഈ അപകടം തടയാന്‍ കഴിയുമായിരുന്നു) എന്നാണ് എഴുതിയിരുന്നത്.”
കോടതി കേസ് വെറുതെ വിട്ടെന്ന് ഞാന്‍ പറയേണ്ടല്ലോ. അതായത്, കാര്യം അറിഞ്ഞാല്‍ ആരും
എന്നെയും വെറുതെ വിടുകയേ ഉള്ളൂ.
രണ്ടാഴ്ച മുമ്പ് ശ്രിമതി
മോനിക്കാ തോമസ്സിന്‍റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ കസിന്‍ മെത്രാന്‍ സ്വര്‍ഗ്ഗത്തില്‍
നിന്നെന്നതുപോലെ അനേകം വൈദികരാല്‍ ചുറ്റപ്പെട്ട് പെട്ടെന്ന് പള്ളിയില്‍ പ്രത്യക്ഷനായി
ശുശ്രൂഷകള്‍ ചെയ്ത കാര്യം ഫോണിലൂടെ പറഞ്ഞപ്പോള്‍ എന്‍റെ പെമ്പ്രന്നോത്തി പോലും
കുലുങ്ങി ചിരിച്ചു. അവളും അടക്കിനു പോയിരുന്നു. മെത്രാന്റെ പ്രസംഗം സര്‍വ്വരെയും
കരയിച്ചു. ‘ഈ മാന്യ ദേഹം എന്‍റെ സ്ഥലവും എല്ലാ സമ്പാദ്യങ്ങളും അങ്ങ് ഏറ്റെടുക്കൂ,
ഏറ്റെടുക്കൂ’ എന്ന് മെത്രാന്‍റെ മുമ്പില്‍ വന്ന് മൂന്നു പ്രാവശ്യം
ആവശ്യപ്പെട്ടിരുന്നു എന്ന് കേട്ടപ്പോള്‍ അവിടുണ്ടായിരുന്ന സര്‍വ്വരും കരഞ്ഞു. ഈ
ആവശ്യപ്പെട്ടു എന്ന് പറയുന്ന സമയം അങ്ങേര് മെയ്യ് അനക്കാന്‍ മേലാതെ
കിടക്കുകയായിരുന്നല്ലോ എന്നൊന്നും ആരും ചിന്തിച്ചില്ല. എന്‍റെ സ്വത്തുക്കള്‍
എനിക്ക് വിട്ടു തരൂ എന്ന് നൂറ്റൊന്നു പ്രാവശ്യം തിരിച്ചാവശ്യപ്പെട്ട കാര്യമോ,
കോടതിയില്‍ കേസുള്ള കാര്യമോ ഒന്നും മെത്രാന്‍ പറഞ്ഞുമില്ല. ഇവരെ തോപ്പിക്കാന്‍ ആര്‍ക്കു
പറ്റും? എപ്പോഴാ ആവശ്യപ്പെട്ടതെന്നു ചോദിച്ചാല്‍, ആദ്യം ഞങ്ങള്‍ പള്ളിക്കൂടത്തില്‍
പഠിച്ചോണ്ടിരുന്നപ്പോഴും, രണ്ടാമത് ഒരു ചാത്തത്തിന് കണ്ടു മുട്ടിയപ്പോഴും, പിന്നെ
കല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോഴും എന്ന് അങ്ങേര് പറഞ്ഞാല്‍ ആര്‍ക്കു നിഷേധിക്കാനാവും?
പണ്ട് വേറൊരു മെത്രാന്‍, മത്തായി ചാക്കോ MLA ക്ക് അന്ത്യകൂദാശ കൊടുത്ത കഥ ആരും
മറന്നിട്ടില്ലല്ലോ!
മെത്രാന്മാര്‍
പറയുന്നത്, അത്മായന്‍റെ പ്രശ്നങ്ങള്‍ നോക്കാന്‍ ഇവിടെ ഒരൊറ്റ അത്മായന്‍
പോലുമില്ലാത്തതും തലപ്പത്ത് ഒരു മെത്രാൻ ഉള്ളതും ആയി നിരവധി ക്ലബ്ബുകള്‍ ഞങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ടല്ലോ എന്നാണ്. അവരുടെ പ്രശ്നങ്ങള്‍ ഞങ്ങളോട് പറയൂ, ഞങ്ങള്‍ പരിഹരിക്കാം
എന്ന്‍ രഹസ്യമായി ചിലര്‍ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. ഏതായാലും, സായിപ്പ്
ചായക്കടയില്‍ വന്ന് രണ്ടു മീറ്റര്‍ ചായ ചോദിച്ചപോലുണ്ട് കാര്യങ്ങള്‍. ചായ
അടിക്കുന്നത് കണ്ടപ്പോള്‍ ചായ മീറ്റര്‍ കണക്കിനാണ് വില്‍ക്കുന്നതെന്നാണ് സായിപ്പ് ഓര്‍ത്തത്.
അത്മായന്‍റെ പരാതികള്‍ ക്ലബ്ബുകളില്‍ കൂടി അളന്നു വരുന്നതാണെന്നാ മെത്രാന്മാര്‍
ഓര്‍ത്തിരിക്കുന്നത്. ഇവര്‍ക്ക് (സുബോധവും വേണ്ടത്ര നാണവും ഉണ്ടാവാന്‍?) വേണ്ടി
കുര്‍ബ്ബാനക്കിടക്ക് നടത്തുന്ന പ്രാര്‍ത്ഥന ഒഴിവാക്കിയാല്‍ ചിലപ്പോള്‍ സംഗതിക്ക്
ഒരു മാറ്റം വന്നേക്കാം. അല്ലെങ്കില്‍ കിട്ടിയ തട്ടിന്‍റെ ഏമ്പല്‍ മാറുന്നതിനു
മുമ്പ് സ്റ്റാൻലി റോമന്‍ അടുത്ത അങ്കവുമായി ഇറങ്ങണമായിരുന്നോ? വടി നോക്കി നടക്കുന്ന
അത്മായനു മുമ്പിലേക്ക് ‘വടി വേണോ?’ ‘വടി വേണോ?’ എന്ന് ചോദിച്ചുകൊണ്ടാണ്
മെത്രാന്മാര്‍ നടക്കുന്നത്. ആകെ അമ്പത് വടിയില്‍ കൂടുതല്‍ വേണ്ടി വരില്ലായെന്നു അട്ടപ്പാടിയില്‍
നിന്നൊരാള്‍ പറഞ്ഞത് വിശ്വസിച്ച് വയറേല്‍ തലയിണയും വെച്ച് കെട്ടി നടന്നവന്‍ കൊച്ചി
സമ്മേളനത്തിന് 101 പേരുടെ സ്വാഗത സംഘം ഉണ്ടാക്കിയെന്ന് കേട്ടപ്പോള്‍ ഒന്ന്
ഞെട്ടിക്കാണണം. ഇതിനു വരുന്ന ഒരുത്തന്‍ പോലും സുഖമായി തലേന്ന് അന്തിയുറങ്ങാതിരിക്കാന്‍
ഏറണാകുളത്തുള്ള അത്മായ നിലവാരമുള്ള സര്‍വ്വ ഹോട്ടലുകളിലെ മുറികളും ബുക്ക്
ചെയ്യാന്‍ ആരോ തുടങ്ങിയതായി ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഇത് സദ്ദാമിനെ
ഒതുക്കാന്‍ അമേരിക്ക ലാടനെ കൊണ്ടുവന്നതുപോലുണ്ട്. എന്ത് ചെയ്താലും അതില്‍ ഒരു
പവ്വം-ടച്ച് ഉണ്ടാവണം. അക്കാര്യത്തിലേ ചില മേലാളന്മാര്‍ക്ക് നിര്‍ബന്ധമുള്ളൂ.
പണ്ട് ഏറണാകുളത്തെ ബിസ്സിനസ്സ്കാരില്‍ ബഹു ഭൂരിപക്ഷവും ക്രിസ്ത്യാനികള്‍ ആയിരുന്നു; ഇപ്പോള്‍
ബഹുന്യൂനപക്ഷവും എന്ന പരുവത്തിലായി. മുതല്‍ മുടക്കാന്‍ ക്രിസ്ത്യാനിക്ക് കാശില്ല,
ഉള്ളത് മുഴുവന്‍ പിരിച്ചെടുക്കും, പിന്നെങ്ങിനെയാ? ഒരു ബാര്‍ നടത്താമെന്ന്‍
വെച്ചാല്‍ അതും സമ്മതിക്കില്ല. ദുഷ്ടാത്മാക്കളെ പുറത്താക്കാന്‍ പത്തിരുന്നൂറ്റമ്പതു
പേര്‍ക്ക് മാര്‍പ്പാപ്പാ അനുവാദം കൊടുത്തിട്ടുണ്ട്, അതില്‍ കേരളത്തില്‍
നിന്നാരുമില്ല. പിന്നെങ്ങിനെ രക്ഷപ്പെടാന്‍? എന്നാലും KCRM നോട്
എനിക്കൊരപേക്ഷയുണ്ട്, മെത്രാന്മാര്‍ പറയുന്നതുപോലെ നിങ്ങളും വിഡ്ഢിത്തരം വിളമ്പി
പഠിക്കരുത്. വൈദികരുടെയും കന്യാസ്ത്രികളുടെയും പ്രശ്നങ്ങള്‍ KCBC ചര്‍ച്ച
ചെയ്യണമെന്ന്‍ അവരുടെ ഒരു പ്രസ്താവന കണ്ടു. അവരുടെ വയറിന്‍റെയും (സ്വന്തം സോഫ്റ്റ്
വയറിന്‍റെയും) പ്രശ്നമാണ് അവര്‍ എക്കാലവും
ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുക. അതുപോലെ സഭ അത്മായന്‍റെതാണെന്നും
അത് തിരിച്ചു പിടിക്കുമെന്നും പറയുന്നത് കേട്ടു. ഈ സാധനം ഏല്‍ക്കാന്‍ ആരുണ്ടെന്ന് നോക്കിയാ മെത്രാന്മാര്‍
നടക്കുന്നത്. പഴയ കണക്കൊന്നും നോക്കരുത്, തങ്ങള്‍ എവിടെ ചെന്നാലും ഓര്‍മ്മക്കായി
ഒരു പിരിവ് നടന്നിരിക്കണം എന്നൊക്കെയേ ഇവര്‍ക്ക് നിര്‍ബന്ധമുള്ളൂ. അതുകൊണ്ട്
പ്രസ്താവന ചെയ്യുമ്പോള്‍ സൂക്ഷിച്ചു വേണം. ‘ടൈം ഫോര്‍ ചര്‍ച്ച് ടു ആക്റ്റ്’ എന്ന്
കേട്ടപ്പോഴേ, ‘ചര്‍ച്ച് ആക്റ്റ്’ എന്ന് കരുതി ഒരു മെത്രാന്‍ അടുത്തിടെ ചൂടായെന്നു കേട്ടു.
അതുപോലെ അത്മായ നേതാക്കന്മാര്‍ക്ക് പറ്റരുതെന്നാണ് പറഞ്ഞുവരുന്നത്.
ഇവരുടെ കണക്കിനെ
വെല്ലാന്‍ മറ്റാര്‍ക്കും ആവില്ലായെന്നാണ് അച്ചന്മാരുടെ വിചാരം. കൈക്കാരന്മാരുടെ
ഒരു പൂര്‍വ്വികന്‍ കണക്കെഴുതിയത് കേട്ടാല്‍ ആരും ഞെട്ടും. ഒരു പള്ളിക്ക് ഒരാള്‍ മൂരിയെ
സംഭാവന ചെയ്തു. അതിനെ ലേലം വിളിച്ചു, നൂറ്റമ്പതു രൂപയ്ക്ക്, അത്
കണക്കിലും ചേര്‍ത്തു. വര്‍ഷാവസാനം കണക്കു നോക്കിയപ്പോള്‍, ‘മൂരി – 150 ക’ എന്നത് ‘മൂരിങ്ങക്കാ
– 1.50 ക’ എന്നായി മാറിയിരുന്നു. പടിയറ തിരുമേനി പറയുവാരുന്നു, ഒരു പള്ളിക്കണക്കില്‍
മെത്രാനെ വെടിവെച്ചു സ്വീകരിച്ചതിനു ചെലവ് 50 ക എന്നുണ്ടായിരുന്നെന്ന്‍. പഴയ
പള്ളിക്കണക്കുകള്‍ ചികഞ്ഞുനോക്കിയാല്‍ ഇതുപോലെ ചിരിക്കാന്‍ ധാരാളം കാണും. ഇപ്പോഴത്തെ
കണക്കു നോക്കിയാല്‍, കുറി കൊടുത്ത ഇനത്തില്‍ വരവ് ഒന്നര ലക്ഷം ക., അടക്കിയതിന്‍റെ
വരവ് അമ്പതിനായിരം ക, എന്നോക്കെയായിരിക്കും; വരാന്‍ പോകുന്നത്, ചിലവിനത്തില്‍
മെത്രാനെ ആളുകൂട്ടി സ്വീകരിച്ചതിനു ബംഗാളികള്‍ക്ക് കൊടുത്തത് ഇരുപത് ലക്ഷം ക എന്നൊക്കെയായിരിക്കാം.
ഏഷ്യയിലെ ക്രൈസ്തവ
പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയം എന്നാണ് ഒരു SVD മലയാളി അച്ചന്‍ അദ്ദേഹം
പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. മണ്ടന്‍ അച്ചന്‍! ലക്‌ഷ്യം
എന്താണെന്ന് അറിഞ്ഞാലല്ലേ അങ്ങിനെ പറയാനൊക്കൂ. കേരള കത്തോലിക്കാ സഭക്ക്, മെത്രാന്‍
ചെല്ലുന്നിടത്തെല്ലാം താമരക്കുരിശു കാണണം, അത്മായരുടെ സ്വത്തുക്കള്‍ മുഴുവന്‍ പല
പിരിവുകളിലായി കൈയ്യില്‍ വരണം എന്നൊക്കെയുള്ള ചുരുക്കം ചില ലക്ഷ്യങ്ങളെ
ഉള്ളൂവെന്നാണ് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചാല്‍ തോന്നുക. ആ അര്‍ത്ഥത്തില്‍
കേരള കത്തോലിക്കാ സഭയെ ഈ പ്രസ്താവനുടെ പരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. ഇവിടുത്തെ
പ്രവര്‍ത്തനങ്ങളുടെ ഉദാഹരണത്തിന് ചങ്ങനാശ്ശെരിയെയും പാലായെയും എടുക്കാം. ഒന്ന്
മുന്‍ വത്തിക്കാനും രണ്ടാമത്തേത് നിലവിലെ വത്തിക്കാനുമാണല്ലോ. ചങ്ങനാശ്ശേരി
കേരളത്തിലെ ഗുണ്ടാ വിളയാട്ടത്തിന്‍റെ മാതൃകാ കേന്ദ്രം, അടുത്തത് അത്മായ വിപ്ലവത്തിന്‍റെ പ്രഭവ കേന്ദ്രവും. മൂന്നാം സ്ഥാനം ത്രിശ്ശൂരിനുള്ളതാണ്, ഇദി
അമീൻ, ഉഗാണ്ടാ തുടങ്ങിയ പദങ്ങള്‍ വ്യാപകമായി പ്രചാരത്തിലിരിക്കുന്ന ഈ പ്രദേശത്ത്
ഏറ്റവും കൂടുതല്‍ ചെലവാകുന്നത് തുണിയും സ്വര്‍ണ്ണവും ആണെന്നാര്‍ക്കാണ് അറിയാത്തത്?
എത്ര മറച്ചാലും നാണം മാറുന്നില്ലായെന്നു തോന്നലുള്ളവര്‍ അവിടെ കൂടുതല്‍ കാണണം.
കൈയ്യിലുള്ള പണം കൊണ്ട് സ്വര്‍ണ്ണം വാങ്ങിയാല്‍ പിരിവും ടാക്സും ഒഴിവാക്കാമല്ലോ
എന്ന് കരുതുന്നവരും അവിടെ കുറവായിരിക്കില്ല. പൂരത്തിന്‍റെയും, കടുവാകളുടെയും നാട് എന്നതില്‍
നിന്ന് ബോണ്‍ നത്താലെയുടെ നാട് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാന്‍ എത്ര
ശ്രമിച്ചിട്ടും നടക്കുന്നില്ല; അതങ്ങ് സമ്മതിച്ചു കൊടുത്തില്ലേല്‍ ഇനിയും പാരകള്‍
വന്നേക്കാം, തദ്ദേശീയ ക്രിസ്ത്യാനികള്‍ കരുതിയിരിക്കുക.
ജോബിനെപ്പോലെ സര്‍വ്വതും
ക്ഷമിച്ചു കര്‍ത്താവിനോട് ചേര്‍ന്നിരിക്കുവിന്‍! കേരളത്തില്‍ ഒരു ജോബിനെ ഉണ്ടാക്കുന്നതിലാണ്
ഇപ്പോള്‍ കോതമംഗലം മേലാളന്മാരുടെ ശ്രദ്ധ. പാവം പ്രൊഫ. ജോസഫ് സാര്‍! ജോബ് ഒത്തിരി
ക്ഷമിച്ചുവെന്ന് പഴയ നിയമം പറയുന്നു. എനിക്ക് കുടിശ്ശിഖ ശമ്പളം ഇപ്പൊ വേണ്ടാ,
ഇപ്പൊ വേണ്ടാ എന്ന് പ്രൊഫ. ജോസഫ് തന്നെ പലപ്രാവശ്യം അധികാരികളോട് പറയുന്നുണ്ടായിരിക്കും.
അല്ലെങ്കില്‍ ഇങ്ങിനെ വരുമോ? ജോബിനെ പരീക്ഷിക്കാന്‍ കാരണം പിശാചാണെന്നു ബൈബിള്‍
പറയുന്നു. ഇവിടെയും അതായിരിക്കാം കാരണം.
നാണമില്ലാത്ത പാതിരിമാര്‍ക്ക് നാണം വരാന്‍, രോഷറെ തേന്‍ പുരട്ടിയ തമാശകള്‍ എത്ര നല്ലത്!
ReplyDelete