Translate

Saturday, January 17, 2015

'ആത്മരക്ഷ' എന്ന സ്വാർത്ഥത – സത്യജ്വാല മുഖക്കുറി

ജോര്‍ജ്ജ്  മൂലേച്ചാലില്‍, ചീഫ് എഡിറ്റര്‍, സത്യജ്വാല.


(സത്യജ്വാല ജനുവരി 2015)



പുരോഹിത മേധാവിത്വം എത്ര അഴിമതിയില്‍ മുങ്ങിക്കുളിച്ചാലും അത് ചോദ്യം ചെയ്യാന്‍ ആര്ക്കും  അവകാശമില്ലായെന്ന  രീതിയില്‍ ഒരു പ്രത്യയശാസ്ത്രം  എല്ലാ മതങ്ങളിലും ഉരുത്തിരിഞ്ഞു വരാറുണ്ട്. ഇത് മുന്നില്കണ്ടാണ് ഫ്രാന്സിസ് മാര്പ്പാപ്പാ "Responsible citizenship is a virtue and a moral obligation." (ഉത്തരവാദിത്വമുള്ള സഭാപൌരത്വം ഒരു കടമയും സുകൃതവുമാണ്എന്ന് പറഞ്ഞത്. ഇത് മനസ്സിലാക്കി പ്രവര്ത്തിക്കുന്നവരെ സാത്താന്‍റെ  മക്കള്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന മേലധികാരികള്‍, സ്വതന്ത്ര ചിന്തകരായ അത്മായരെ ഒരു മാര്ഗ്ഗരേഖയും ഇല്ലാതെ പ്രവര്ത്തിക്കുന്നവരെന്നും വിശേഷിപ്പിക്കാറുണ്ട്. KCRM പ്രവര്‍ത്തകര്‍ എന്താണ് വിശ്വസിക്കുന്നതെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുന്ന ഈ ലേഖനം അനേകരുടെ കണ്ണു തുറപ്പിക്കും –  എഡിറ്റര്‍.

എല്ലാ സംഘടിത-പുരോഹിതമതങ്ങളും മനുഷ്യന് വ്യക്തിഗതമായ ആത്മരക്ഷ ഉറപ്പുനൽകി നിലനിൽക്കുന്നവയാണ്. ആത്മരക്ഷ നേടി ശോഭനമായ ഒരു മരണാനന്തരജീവിതം സ്വായത്തമാക്കൂ എന്നാണവയെല്ലാം ആഹ്വാനം ചെയ്യുന്നത്.
ജീവിതവാഞ്ഛ മനുഷ്യസഹജമാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജീവിതമാണെങ്കിൽപ്പോലും, തന്‍റെ ജീവിതം അവസാനിക്കരുതേ എന്നാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. അപ്പോഴാണ്, സുഖ-സന്തോഷസമൃദ്ധവും പ്രശ്‌നരഹിതവും അവസാനമില്ലാത്തതുമായ ഒരു സ്വർഗ്ഗീയജീവിതം മതപണ്ഡിതരും പാസ്റ്റർമാരും പുരോഹിതരും ചൂണ്ടിക്കാണിക്കുന്നത്. സ്വാഭാവികമായും അത് എല്ലാവരെയും ആകർഷിക്കുന്നു. എന്തുതന്നെ ത്യജിച്ചിട്ടായാലും, ഈ 'ആത്മരക്ഷ' മനുഷ്യരുടെ മുഖ്യലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. പരലോകസുഖാന്വേഷികളായിത്തീരുന്ന ജനം അവരുടെ പിന്നിൽ അണിനിരക്കുകയും അവർ പറയുന്നതെന്തും അനുസരിക്കാൻ തയ്യാറായി അവരുടെ അടിമകളാകുകയും ചെയ്യുന്നു. മനുഷ്യന്‍റെ ബുദ്ധി പരിമിതമാണെന്നും, തങ്ങൾ പറയുന്ന ആദ്ധ്യാത്മികസത്യങ്ങളുടെ പിന്നിലുള്ള രഹസ്യങ്ങൾ ആ ബുദ്ധികൊണ്ട് കണ്ടെത്താനാവില്ലെന്നുമുള്ള പുരോഹിതവചനങ്ങൾകേട്ട്, ദൈവദാനമായി മനുഷ്യർക്കു ലഭിച്ച വിശേഷബുദ്ധിയും യുക്തിബോധവുമെല്ലാം ചാക്കിൽകെട്ടി അവർ തട്ടിൻപുറത്തേക്കെറിയുകയും ചെയ്യുന്നു. അതോടെ, പൗരോഹിത്യവും പുരോഹിതമതങ്ങളും വിവിധ അന്ധവിശ്വാസപ്രസ്ഥാനങ്ങളും ലോകത്ത് വ്യവസ്ഥാപിതമായിത്തീരുന്നു.
'ആത്മരക്ഷ'യിലൂടെ ഇവിടെ ഓരോരുത്തരും ലക്ഷ്യമിടുന്നത് സ്വന്തം ജീവന്‍റെ അനന്തമായ നിലനില്പാണ് എന്നാണ് നാമിവിടെ കാണുന്നത്. ചുരുക്കത്തിൽ, 'ആത്മരക്ഷ'യ്ക്കുവേണ്ടിയുള്ള 'മത'നേതാക്കളുടെ ആഹ്വാനത്തിൽ, സ്വന്തം ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയാണ് മനുഷ്യരിൽ തഴച്ചുവളരുന്നത്. എന്നാൽ, ആത്മരക്ഷയെപ്പറ്റി യേശു പറയുന്നത്,  ''സ്വന്തംജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ, എനിക്കുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും'' (മത്താ. 16:25, മത്താ. 10:39; മർക്കോ. 8:35; ലൂക്കോ. 9:24; യോഹ. 12:25) എന്നാണ്! 'നിത്യജീവൻ പ്രാപിക്കേണ്ടതിനെ'പ്പറ്റിയാണ് അദ്ദേഹവും പ്രബോധിപ്പിച്ചത്. എന്നാൽ പുരോഹിതർ ഓരോരുത്തരോടും പറയുന്നത് 'സ്വന്തം ജീവൻ രക്ഷിക്കുക' എന്നാണ്; യേശു പറയുന്നതാകട്ടെ, 'സ്വന്തം ജീവൻ നഷ്ടപ്പെടുത്തുക' എന്നും! ഇവിടെ വളരെ പ്രകടമായ ഒരു വൈരുദ്ധ്യമാണു നമുക്കു കാണാൻ കഴിയുന്നത്. ഈ വൈരുദ്ധ്യത്തിന്‍റെ ഉരുക്കഴിക്കാൻ കഴിഞ്ഞാൽ, ഒരുപക്ഷേ, ആത്മീയത, ആത്മരക്ഷ മുതലായ വാക്കുകളുടെ ബിബ്ലിക്കൽ അർത്ഥം ഗ്രഹിക്കാൻ നമുക്കു കഴിഞ്ഞേക്കാം.
സ്വയം നഷ്ടപ്പെടുത്താതെ നിത്യജീവൻ പ്രാപിക്കാനാവില്ലെന്നു സൂചിപ്പിക്കുന്ന വേറെയും യേശു വചസ്സുകൾ സുവിശേഷത്തിലുണ്ട്. ''ഞാൻ മുന്തിരി വള്ളിയാണ്, നിങ്ങൾ ചില്ലകളും.... എന്നിൽ വസിക്കാത്തവൻ മുറിച്ചു നീക്കപ്പെട്ട ചില്ല പോലെ പുറന്തള്ളപ്പെട്ട് ഉണങ്ങിപ്പോകും'' (യോഹ. 15:5-6) എന്നു പിതാവായ ദൈവത്തിൽ വസിച്ചുകൊണ്ട് യേശു പറയുമ്പോൾ, വ്യക്തികൾക്കു തനതായി അസ്തിത്വമോ നിലനിൽപ്പോ ഇല്ല എന്ന വസ്തുതയാണ്, തനതു നിലകളിൽ ആരും ആരുമല്ല എന്ന സത്യമാണ് അവിടന്നു വ്യക്തമാക്കുന്നത്. താൻ എന്തൊക്കെയോ ആണ് എന്ന മട്ടിൽ പൊതുവേ മനുഷ്യരിലെല്ലാമുള്ള അഹംഭാവത്തെപ്പറ്റി, ''ഒന്നുമല്ലാതിരിക്കേ എന്തോ ആണെന്നു നടിക്കുന്ന മനുഷ്യർ സ്വയം വഞ്ചിക്കുന്നു'' (ഗലാ.  6:3) എന്ന് പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുള്ളതും ഇവിടെ ഓർക്കാവുന്നതാണ്.
സ്വന്തം ജീവൻ രക്ഷിക്കാൻ വെമ്പുന്നവർ, തങ്ങൾക്കുചുറ്റും വേലികെട്ടുന്ന സ്വകാര്യമാത്രപരമായ (self-centred) നിലപാടുകൊണ്ടുതന്നെ, മുന്തിരിവള്ളിയിൽനിന്ന് സ്വയം മുറിച്ചുമാറ്റിയ ചില്ലകളെപ്പോലെയാണ്. എന്നാൽ സ്വയം മറന്ന് (നഷ്ടപ്പെട്ട്) തന്റെ ജീവന്റെ ഉറവിടമായ മുന്തിരിവള്ളിയുടെ ഭാഗമായി നിൽക്കുന്ന ചില്ലയ്ക്ക് ആ മുന്തിരിവള്ളിയുള്ള കാലത്തോളം ജീവനുണ്ടാകും; മുന്തിരിവള്ളിക്കു നിത്യതയുണ്ടെങ്കിൽ നിത്യജീവനുമുണ്ടാകും.
ഇവിടെ, 'സ്വന്തം നിലയിൽ ആർക്കും അസ്തിത്വമില്ല' എന്ന് അർത്ഥംവരുന്ന യേശുവിന്‍റെ പ്രബോധനത്തെക്കുറിച്ച് അല്പമൊന്നു വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കാരണം, ഈ ആശയം ഏതു മതദർശനത്തിന്‍റെയും അടിസ്ഥാനമായി വരുന്ന ഒന്നാണ്. അല്പം നിരീക്ഷണവും മനനവുമുണ്ടെങ്കിൽ ആർക്കും പെട്ടെന്നുൾക്കൊള്ളാനാവുന്ന കാര്യവുമാണത്. ആരും സ്വയംഭൂവല്ല എന്ന്, അതായത് സ്വന്തം നിലയിൽ ഉരുവായവരല്ല എന്ന്, എല്ലാവർക്കും അറിയാം. ഊണിലും ഉറക്കത്തിലും അബോധാവസ്ഥയിൽപ്പോലും, ഏതോ പരമമായ ഒരു മഹാപ്രാണശക്തിയോടു ബന്ധപ്പെട്ടിരുന്നാലെന്നപോലെയാണ്, തനതായ ഒരിടപെടലും കൂടാതെയാണ്, അതിസങ്കീർണ്ണമായ നമ്മുടെ ശാരീരിക പ്രക്രിയകളെല്ലാം നിർവ്വഹിക്കപ്പെടുന്നത് എന്ന അറിവും നമുക്കെല്ലാമുണ്ട്. ചുരുക്കത്തിൽ, ഒരു മുടിയിഴപോലും വെളുപ്പിക്കാനോ കറുപ്പിക്കാനോ സ്വന്തം നിലയിൽ കഴിയാത്തവനാണ് മനുഷ്യൻ (മത്താ. 5:36) എന്ന വസ്തുത നമുക്കെല്ലാം അറിയാം. ഈ അറിവെല്ലാം മനുഷ്യനിലുണ്ടായിരിക്കെത്തന്നെയാണ്, താൻ എന്തോ ഒക്കെ ആണെന്ന മട്ടിലുള്ള അഹന്ത നിറഞ്ഞ വിചാരത്തിനു മനുഷ്യരെല്ലാംതന്നെ അടിപ്പെട്ടിരിക്കുന്നത് എന്നോർക്കുക. വാസ്തവത്തിൽ അത്  എത്രയോ വലിയ അല്പത്വവും ആത്മവഞ്ചനയുമാണ്! ബൗദ്ധികമായും സർഗ്ഗാത്മകമായും കലാപരമായും മികവു പുലർത്തുന്ന പ്രതിഭാശാലികൾ പൊതുവേ തങ്ങളുടെ കഴിവിൽ വളരെ അഹങ്കരിക്കാറുണ്ട്! എല്ലാ കഴിവുകളും നല്കപ്പെട്ടിരിക്കുന്നവ മാത്രമായിരിക്കേ, അതും അല്പത്വമല്ലാതെ മറ്റൊന്നുമല്ല. ചുരുക്കത്തിൽ, സ്വയം അഹങ്കരിക്കാനുള്ള യാതൊരടിസ്ഥാനവും ആർക്കുമില്ല. 

ഗുരുത്വാകർഷണശക്തി എന്നറിയപ്പെടുന്ന കാണാനാവാത്ത ഏതോ ശക്തിയാൽ ഗ്രഹങ്ങളെല്ലാം സൂര്യനുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അതേപോലെതന്നെ, സൂര്യൻ ക്ഷീരപഥമെന്ന ഗാലക്‌സിയുമായും അനവധി ഗാലക്‌സികൾ നിറഞ്ഞ  പ്രപഞ്ചവുമായും ബന്ധപ്പെട്ടുനിൽക്കുന്നു. ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രം സൂര്യനും, സൂര്യന്‍റെത് ക്ഷീരപഥകേന്ദ്രവും, ഗാലക്‌സികളുടേത് ആകമാനപ്രപഞ്ചകേന്ദ്രവുമാണ്.  പരമമായ ഈ പ്രപഞ്ചകേന്ദ്രത്തെ ആകമാനപ്രപഞ്ചത്തിന്റെ സത്തയായി, ആകമാനസത്തയായി, സങ്കല്പിക്കാമെങ്കിൽ ഈ പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായിരിക്കുന്ന ഓരോ ഘടകത്തിന്‍റെയും കേന്ദ്രവും അതുതന്നെ എന്ന നിഗമനത്തിലെത്താനാകും. അതായത്, സർവ്വചരാചരങ്ങളുടെയും കേന്ദ്രം ഈ ആകമാനസത്തയാണ്. അതേ ന്യായത്താൽത്തന്നെ, ഓരോ മനുഷ്യന്‍റെയും കേന്ദ്രവും ഈ ആകമാനസത്തയാണെന്നുവരുന്നു.  'ആകമാനസത്തയുടേതല്ലാതെ മറ്റൊരു കേന്ദ്രം മനുഷ്യനില്ല' ((Man has no centre other than the centre of the Whole) എന്ന ഓഷോയുടെ ഒരു വചനം ('Ego'യെപ്പറ്റി അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിലെ ആദ്യവാക്യം) ഈ സത്യത്തിലേക്ക് കൂടുതൽ ഉൾക്കാഴ്ച നൽകാനുതകിയേക്കാം.
ഉള്ളതെന്തോ അതാണ് ഉണ്മ. അത് ദൈവമെന്നു വ്യവഹരിക്കപ്പെടുന്ന ആകമാനസത്ത, അല്ലെങ്കിൽ പരമസത്ത മാത്രമാണ്. ബാക്കിയെല്ലാം ആ സത്തയുടെ സ്ഫുരണങ്ങൾമാത്രം. ഇതിനർത്ഥം, എല്ലാം ദൈവകേന്ദ്രീകൃതമാണെന്നു തന്നെയാണ്; വേറെ വേറെ കേന്ദ്രങ്ങൾ ഉണ്ടാവുക അസാധ്യമാണെന്നാണ്. അതിനു ശ്രമിച്ചാൽ, സ്വാഭാവികമായും മുറിച്ചു നീക്കപ്പെട്ട ചില്ലയുടെ അവസ്ഥയിലാകും; ഉണങ്ങിപ്പോകും.
അതേസമയം, താൻ സ്വയം ആരുമല്ല എന്ന സത്യാവബോധത്തിൽ വർത്തിച്ചുകൊണ്ട്, എല്ലാമായിരിക്കുന്ന ദൈവികസത്തയിലേക്ക് സ്വജീവൻ വിട്ടുകൊടുത്താലോ? അതോടെ, കടലിന്‍റെ ഭാഗമായി മാറുന്ന, അതുവരെ വേറിട്ടുനിന്ന് തന്‍റെ തിളക്കം തന്‍റെതാണെന്നഹങ്കരിച്ചിരുന്ന, തുള്ളിയുടെ അവസ്ഥയോടു സമാനമായിത്തീരുന്നു, മനുഷ്യന്‍റെ അവസ്ഥ. പ്രവാസിത്വത്തിന്‍റെ അലച്ചിലുകളിൽനിന്ന്, സ്വഗൃഹത്തിലെത്തുമ്പോഴത്തെ ശാന്തിയും സന്തോഷവും നിറഞ്ഞ അവസ്ഥയിലെത്തിച്ചേരുന്നു, മനുഷ്യൻ. മണ്ണിൽ വീണഴിയാൻ സ്വയം വിട്ടുകൊടുക്കുന്ന ഗോതമ്പുമണി ഭൂമിക്കുവേണ്ടി മുളച്ചു പുതുജീവൻ കൈവരിക്കുന്നതിനോടു (യോഹ.6:24) സമാനമാണത്. വ്യക്തിയെന്ന അവസ്ഥയിൽത്തന്നെ, താൻ യഥാർത്ഥത്തിൽ നിത്യസത്യമായിരിക്കുന്ന ദൈവികതയുടെ പ്രകാശനമാണെന്ന അറിവിൽ അഹംഭാവം (ego) കൈവിട്ടു ജീവിക്കുകയെന്നാൽ, ദൈവത്തിൽ ആയിരിക്കുകയെന്നുതന്നെയാണ്. ദൈവത്തിലായിരിക്കുകയെന്നാൽ നിത്യതയിൽ, നിത്യജീവനിൽ, ആയിരിക്കുകയെന്നുമാണ്.
നിത്യജീവൻ പ്രാപിക്കാൻ യേശു കാട്ടിത്തരുന്ന വഴി അതാണ്. യേശു മഹത്വപൂർണ്ണനായിരുന്നു. എന്നാൽ, ''ഞാൻ സ്വമേധയാ ഒന്നും ചെയ്യുന്നില്ല'' (യോഹ. 8:28) എന്ന പൂർണ്ണ ബോധത്തിലായിരുന്നു എപ്പോഴും അദ്ദേഹം. പിതാവായ ദൈവത്തിൽ ആവസിച്ചുകൊണ്ടായിരുന്നു; അല്ലെങ്കിൽ ആത്മാവിൽ ആയിരുന്നുകൊണ്ടായിരുന്നു, അവിടന്നു സംസാരിച്ചതും പ്രവർത്തിച്ചതുമെല്ലാം. അതുകൊണ്ടാണ്, ''നിങ്ങളോടു പറയുന്ന വാക്കുകൾ ഞാൻ സ്വമേധയാ പറയുന്നതല്ല. പിതാവ് എന്നിൽ വസിച്ച് തന്‍റെ പ്രവൃത്തികൾ ചെയ്യുന്നു'' (യോഹ. 14:10) എന്ന്, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് അത്യന്തം എളിമയോടെ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞത്. യേശുവെന്ന ചരിത്രപുരുഷന്റെ വ്യക്തിത്വത്തിനപ്പുറത്ത്, ദൈവികമായ നിത്യസത്തയിൽ, നിത്യജീവനിൽ, കാലുറപ്പിച്ചുനിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ പ്രബോധനവും. പിതാവും താനും രണ്ടല്ല, ഒന്നുതന്നെ എന്ന ആനുഭവബോധ്യത്തിലായിരുന്നു, യേശു.
ഇതിൽനിന്ന് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യവും വെളിവാകുന്നുണ്ട്. അതായത്, അദ്ദേഹം 'ഞാൻ' എന്നും 'എന്നിലൂടെ' എന്നും 'എനിക്കുവേണ്ടി' എന്നും മറ്റും പറഞ്ഞിട്ടുള്ളതിനെ, 'ആത്മാവ്' എന്നും 'ആത്മാവിലൂടെ' എന്നും 'ആത്മാവിനുവേണ്ടി' എന്നും മനസ്സിലാക്കണമെന്നതാണത്. അതായത്, 'എനിക്കുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും' എന്ന് യേശു പറഞ്ഞത് വ്യക്തി എന്ന നിലയിലായിരുന്നില്ല; മറിച്ച്, ദൈവികസത്തയിൽ നിന്നായിരുന്നു. അതായത്, പിതാവായ ദൈവാത്മാവ് യേശുവിലൂടെ അങ്ങനെ പറയുകയായിരുന്നു. അപ്പോൾ, 'ദൈവത്തിനുവേണ്ടി, അല്ലെങ്കിൽ ആത്മാവിനുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും' എന്ന അർത്ഥത്തിലാണ് അതു മനസ്സിലാക്കേണ്ടത് എന്നു വരുന്നു.
ഇതുപോലെതന്നെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതും ക്രൈസ്തവ മതമൗലികവാദത്തിനു എന്നും ഹേതുവായിരിക്കുന്നതുമായ യേശുവിന്‍റെ ഒരു പ്രധാന വചനമാണ്, ''ഞാൻ തന്നെ വഴിയും സത്യവും ജീവനും; എന്നിലൂടെയല്ലാതെ ആരും പിതാവിലേക്കു വരുന്നില്ല'' (യോഹ. 14:16) എന്നതും. ഇവിടെയും 'ഞാൻ' എന്നതിനെ യേശു എന്ന വ്യക്തിയായല്ല മനസ്സിലാക്കേണ്ടത്; മറിച്ച്, അദ്ദേഹത്തിൽ നിറഞ്ഞുനിന്നതും എല്ലാവരിലുമുള്ളതുമായ 'ആത്മാവ്' എന്ന അർത്ഥത്തിലാണ്; 'ആത്മാവുതന്നെ വഴിയും സത്യവും ജീവനും, ആത്മാവിലൂടെയല്ലാതെ പിതാവിലേക്ക് ആരും വരുന്നില്ല' എന്ന അർത്ഥത്തിലാണ്. ചുരുക്കത്തിൽ, സ്വന്തം ഹൃദയത്തിലേക്കു കടന്ന് അവിടെ വസിക്കുന്ന ദൈവാത്മാവിനെ സ്വന്തം നിലയിൽ കണ്ടെത്തി, അതാണ് തന്‍റെ യഥാർത്ഥ ഉണ്മയും ജീവസത്തയും കേന്ദ്രവും എന്നറിഞ്ഞ് ആത്മാവിന്‍റെ വഴിയേ ചരിക്കുകയെന്നതല്ലാതെ, ദൈവത്തെ പ്രാപിക്കാനോ നിത്യജീവൻ നേടാനോ യാതൊരു കുറുക്കുവഴിയുമില്ല എന്നാണതിന്‍റെ അർത്ഥം. പുരോഹിത മതങ്ങളുടെ കർമ്മാനുഷ്ഠാനങ്ങൾകൊണ്ടോ, യേശുവിനെ രക്ഷകനായി സ്വീകരിച്ച് അധരംകൊണ്ട് ഏറ്റു പറഞ്ഞ് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ വെള്ളത്തിൽ മുങ്ങിക്കുളിച്ചതുകൊണ്ടോ ഒന്നും ആർക്കും ആത്മരക്ഷയോ നിത്യജീവനോ ലഭിക്കുവാനിടയില്ലതന്നെ. അങ്ങനെയെല്ലാം പഠിപ്പിക്കുന്നവൻ മനുഷ്യന്‍റെ സ്വകാര്യ സുഖാർത്തിയെ ഇഹലോകത്തിൽനിന്നു പരലോകത്തിലേക്കു പറിച്ചുനടുകമാത്രമാണു ചെയ്യുന്നത്; സ്വാർത്ഥതയ്ക്കു വിശുദ്ധപരിവേഷം നൽകുകമാത്രമാണു ചെയ്യുന്നത്. ഇഹലോകത്തിലെ സുഖാന്വേഷണത്തെ ഭൗതികമെന്നും പരലോകത്തിലെ സുഖാന്വേഷണത്തെ ആദ്ധ്യാത്മികമെന്നും വ്യാഖ്യാനിച്ചതുകൊണ്ടൊന്നും പരലോകസുഖാന്വേഷണം സ്വകാര്യ സുഖാന്വേഷണമാകാതിരിക്കുന്നില്ല. വാസ്തവത്തിൽ, തന്നിലേക്കു മാത്രമായി കൂമ്പിപ്പോകുന്ന ഈ സ്വാർത്ഥതയാണ്, സ്വകാര്യമാത്രപരതയാണ് (individualism), മനുഷ്യനെ മറ്റുള്ളവരുമായുണ്ടാകേണ്ട സാഹോദര്യബന്ധത്തിൽനിന്നും, അങ്ങനെ ദൈവികതയിൽനിന്നുതന്നെയും,  മുറിച്ചുമാറ്റുന്നത്. ഈ മനോഭാവമാണ് പാപവും ഭൗതികതയും. എന്നാൽ, ആത്മാവിന്‍റെ വഴി തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന പരാർത്ഥതയുടെ വഴിയാണ്. തന്മൂലം, അതാണ് ആത്മീയത. ആദിമസഭയിൽ അതിന്‍റെ ആവിഷ്‌കാരമാണു നാം കാണുന്നതും (അപ്പോ. 4:32-35).
ഇന്നത്തെ ലോകത്തിലേക്കു നോക്കിയാൽ, ഈ ആദിമക്രൈസ്തവസമൂഹത്തിന്‍റെ നേർവിപരീതമായ മൂല്യങ്ങളിലും രൂപ-ഭാവങ്ങളിലുമാണ് അതു പണിതുയർത്തപ്പെട്ടിരിക്കുന്നത് എന്നു കാണാം. പരാർത്ഥതാഭാവമെന്ന ആത്മീയതയിലായിരുന്നു ആദിമക്രൈസ്തവസമൂഹം കെട്ടിപ്പടുത്തതെങ്കിൽ, റോമൻ ക്രൈസ്തവസഭ പണിയപ്പെട്ടിരിക്കുന്നത് സ്വകാര്യമാത്രപരത (individualism) എന്ന ഭൗതികാടിത്തറയിലാണ്. 'ആത്മരക്ഷ' എന്ന വാഗ്ദാനവും ഭീഷണിയും 'ഉപയോഗിച്ച്' മുഴുവൻ ലോകത്തെയും ക്രൈസ്തവ യൂറോപ്പ് തങ്ങളുടെ കോളനികളാക്കുകയാണുണ്ടായത് എന്നതിൽനിന്നുതന്നെ, ഇതു തെളിയുന്നുണ്ട്. ഈ കപട ആത്മീയ പശ്ചാത്തലമാണ് പാശ്ചാത്യ സാമ്പത്തിക-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കു ജന്മംകൊടുത്തത് എന്നും കാണേണ്ടതുണ്ട്. ആത്മരക്ഷയുടെ കാര്യത്തിലെന്നപോലെതന്നെ, മനുഷ്യന്‍റെ ഇഹലോകരക്ഷയ്ക്കും തങ്ങളുടേതല്ലാതെ വേറെ വഴിയൊന്നുമില്ല എന്ന മട്ടിൽ, തികച്ചും പണാധിഷ്ഠിതമായ കമ്പോള-വ്യാവസായിക വ്യവസ്ഥിതി, മുതലാളിത്ത-സോഷ്യലിസ്റ്റു പ്രത്യയശാസ്ത്രച്ചിറകുകളിൽ ലോകമെമ്പാടും പറന്നിറങ്ങിയിരിക്കുന്നു; മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ കാർഷിക ഗ്രാമവ്യവസ്ഥയെ തകർത്തെറിഞ്ഞിരിക്കുന്നു. അങ്ങനെ മനുഷ്യന്‍റെ ആദ്ധ്യാത്മികമേഖലയും ഭൗതികമേഖലയും ഒരുപോലെ പാശ്ചാത്യമായ ഒരു അധിനിവേശത്തിനു കീഴിലായിരിക്കുകയാണ്. ഇന്നു കാണപ്പെടുന്ന എല്ലാ എപ്പിസ്‌ക്കോപ്പൽ സഭകളും ആയിരക്കണക്കായ ഗോസ്പൽ (സുവിശേഷ) സഭകളും ഇന്നു ലോകത്തെ ഭരിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമെല്ലാം പാശ്ചാത്യ മസ്തിഷ്‌കത്തിൽ നിന്നുത്ഭവിച്ചിട്ടുള്ളവയാണെന്നോർക്കുക. മനുഷ്യനെ ദൈവകേന്ദ്രീകൃതനാക്കി വിശാലമനസ്‌ക്കനാക്കേണ്ടതിനുപകരം, പാശ്ചാത്യ വേരുകളുള്ള ഈ ക്രൈസ്തവസഭകളെല്ലാംതന്നെ അവനെ സ്വകാര്യസ്വർഗ്ഗമോഹികളാക്കി സങ്കുചിതമനസ്‌ക്കനാക്കുകയാണുചെയ്യുന്നത്. തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാനും പെരുമാറാനുമാവശ്യമായ (മത്താ. 7:12) പരാർത്ഥതാഭാവം നിറച്ച് മനുഷ്യനെ ആത്മീയജീവി ആക്കേണ്ടതിനുപകരം, അവന്റെ മനസ്സിനെ അവനവനിലേക്കുമാത്രമായി ചുരുക്കി സ്വകാര്യമാത്രപരനാക്കി വെറും ഭൗതികജീവിയാക്കുകയാണവ ചെയ്യുന്നത്. ദൈവഹിതം നിറവേറ്റാൻവേണ്ടി, മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടി, നീതിയും സ്‌നേഹവും പുലരുന്ന ഒരു ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കുവേണ്ടി സ്വയം നഷ്ടപ്പെടുത്താൻ മടിക്കാത്ത മഹാമനുഷ്യരെ സൃഷ്ടിച്ചെടുക്കേണ്ട മതങ്ങളിന്ന് അവനവൻനോക്കികളുടെയും കരിങ്കൽമനസ്‌ക്കരുടെയും നഴ്‌സറിത്തോട്ടങ്ങളായിരിക്കുന്നു. മനുഷ്യന്‍റെ തൈപ്രായത്തിൽത്തന്നെ, 'പുരോഹിത ബഡ്ഡ്‌വുഡ്ഡി'ൽനിന്നുള്ള മുള വരഞ്ഞെടുത്ത് അവനിൽ ബഡ്ഡുചെയ്തു പിടിപ്പിക്കുകയാണ്, പൗരോഹിത്യം. തുടർന്ന്, അവനിൽ നൈസർഗ്ഗികമായുള്ള ആദ്ധ്യാത്മിക ചേതനയുടെ തല മുറിച്ചുമാറ്റുന്നു. ഇക്കാരണത്താലാണ്, ഇക്കൂട്ടർ ഉയർത്തിപ്പിടിക്കുന്ന ദൈവശാസ്ത്രങ്ങൾ എത്ര ബാലിശമാണെന്ന സത്യം അധികമാർക്കും കാണാനാകാതെ പോകുന്നത്.
ഈ ബാലിശത്വങ്ങൾകൊണ്ടു തല നിറയ്ക്കാതെ, സ്വന്തം തല തിരിച്ചുപിടിക്കുകയെന്നതാണ് ഇന്നാവശ്യമായിരിക്കുന്നത്. അപ്പോൾ ആത്മാവിലൂടെയുള്ള യഥാർത്ഥ ആത്മരക്ഷയ്ക്കുള്ള വഴി മനുഷ്യനു തുറന്നുകിട്ടും. മനുഷ്യന്‍റെ ഉള്ളിലും ചുറ്റിലുമുള്ള ദൈവരാജ്യം (ലൂക്കാ: 17:21) അപ്പോൾ ഈ ലോകത്ത് അനാവൃതമാകുകയും ചെയ്യും.

11 comments:

  1. അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ്ബുക്ക്) ഫ്രാന്‍സിസ് പാപ്പ അധികാരത്തില്‍ വന്നപ്പോള്‍ ലോകജനത മൊത്തം, കത്തോലിക്കാസഭയില്‍ എന്തൊക്കെയോ കാതലായ മാറ്റങ്ങള്‍ വരുമെന്ന് പ്രത്യാശിച്ചു. അദ്ദേഹത്തിന്റെ ശക്തമായ വാക്കുകള്‍ ഈ പ്രതീക്ഷയ്ക്ക് കരുത്തേകി.
    ഇന്നും ശക്തവും ജനപ്രിയവുമായ ഭാഷയില്‍ അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ മാറ്റങ്ങള്‍ മാത്രം സഭവിക്കുനില്ല.
    സുന്ദരം ഡയലോഗിനപ്പുറം ഒന്നും സംഭവിക്കുകയില്ല എന്ന്‍ ഏതാണ്ട് തീര്‍ച്ചയായി.
    പത്രോസിന്റെ പാറമേല്‍ പണിതിരിക്കുന്നു എന്ന് പറയപ്പെടുന്ന സഭ സത്യത്തില്‍ നിലനില്‍ക്കുന്നത് അധികാരത്തിന്റെയും സമ്പത്തിന്റെയും അഴിമതിയുടെയും പാറകളിലാണ്.
    വാചകമടിച്ചു ഉലകംചുറ്റുന്ന പാപ്പയ്ക്ക് ആദ്യം കിട്ടിയ തിരിച്ചടി ഫിലിപ്പൈന്‍സ് പ്രേസിടെണ്ട്ടില്‍ നിന്നും.
    രാജ്യത്തെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ഫിലിപ്പൈന്‍സില്‍ വച്ച് ആഹ്വാനം ചെയ്ത പാപ്പയെ ഇരുത്തിക്കൊണ്ട് പ്രസിഡന്റ്‌ പറഞ്ഞു...
    അഴിമതിയ്ക്കെതിരെ സഭ ഒന്നും ചെയ്യുന്നില്ല.
    വാക്കുകള്‍ മാത്രം പോരെ, പരിശുദ്ധ പിതാവേ, പ്രവര്‍ത്തിയും വേണം...

    ReplyDelete
  2. ഈ എഡിറ്റോറിയൽ എഴുതിയ ആളെ അറിയില്ലാത്ത ഒരാള് പോലും വായനക്ക് ശേഷം അദ്ദേഹത്തെ പ്രഗത്ഭനായ ഒരു ചിന്തകനായി അംഗീകരിക്കും - അതായത് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന സത്യം തിരിച്ചറിയാൻ കഴിയുന്നവർ. അത്തരക്കാർ വിരളമാണെന്നുള്ള കാര്യം തീർച്ചയാണ്, പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസികളുടെയിടയിൽ. അതിനു കാരണമുണ്ട്. നമ്മുടെ പാപ്പാ പറഞ്ഞതുപോലെ അവരുടെ ദൈവം സ്വാർഥതയുടെ (ഞങ്ങൾക്ക് മാത്രമുള്ളത്) സൃഷ്ടിയാണ്. അവരുടെ സ്വർഗവും സ്വാർഥമായ പരിഗണനയിൽ മാത്രം നിലനില്ക്കുന്നതാണ്. പള്ളികളിലും ധ്യാനങ്ങളിലും എല്ലാം എന്റെ രക്ഷ അല്ലെങ്കിൽ മോക്ഷം എന്ന ഒരൊറ്റ ലക്‌ഷ്യം വച്ച് മാത്രമാണ് ജീവിതചര്യ വിലയിരുത്തപ്പെടുന്നത്. സഭയെ വിശ്വസിക്കുന്നതും അതാവശ്യപ്പെടുന്ന അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതും സഹോദരസ്നേഹം പാലിക്കുന്നതും ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങൾ സഹിക്കുന്നതുമെല്ലാം അവയ്ക്ക് പ്രതിഫലമായി എനിക്ക് കിട്ടുന്ന മോക്ഷത്തിന് അല്ലെങ്കിൽ രക്ഷക്കുവേണ്ടി മാത്രമാണ്. അവിടെയാണ് കത്തോലിക്കാസഭ സ്വാർഥമതികളുടെ ഒരു കൂട്ടായ്മയായി തരംതാണുപോകുന്നത്. അതുകൊണ്ട് കത്തോലിക്കാ വിശ്വാസമുള്ളയാർക്കും, വൈദികരും മെത്രാന്മാരുമുൾപ്പെടെ ഒരാൾക്കും ജോർജിന്റെ ഈ എഡിറ്റോറിയലിലെ അന്തരാർഥം മനസ്സിലാകില്ല. എന്നാൽ, യേശുവും അപ്പൊസ്തലന്മാരും സുവിശേഷകൃതികളും ഉൾക്കൊള്ളുന്നത് ആ അന്തരാർഥം തന്നെയാണ്. ഇന്നത്തെ സഭയും അതിന്റെ പൌരോഹിത്യവും ഉയർത്തിപ്പിടിക്കുന്നതും പഠിപ്പിക്കുന്നതും അതിന്‌ നേരേ എതിരും.
    ഈ വ്യത്യാസം ഭയാനകമാണ്. ആദ്യത്തേത് അഹത്തിന്റെ നിരാകരണത്തിലൂടെ അസ്തിത്വത്തിന്റെ അർഥം മനസ്സിലാക്കുമ്പോൾ രണ്ടാമത്തേത് അഹന്തയുടെ പരിപോഷണത്തെ രക്ഷയായി തെറ്റിദ്ധരിക്കുകയും അതിനുതകുന്ന പ്രാർഥനാനുഷ്ഠാനങ്ങളും സ്വാർഥമായ ജീവിതശൈലിയും സ്വായത്തമാക്കുകയും ചെയ്യുന്നു. ആത്മാവിന്റെ നിയമത്തിനു പകരം ശരീരത്തിന്റെ നിയമത്തെയാണ് സഭ മുറുകെപ്പിടിക്കുന്നതും പിന്തുടരുന്നതുമെന്ന് വ്യക്തമാണ്.

    ശരീരത്തിന്റെ നിയമത്തിനെതിരെയാണ് ബുദ്ധന്റെയും ക്രിസ്തുവിന്റെയും ജീവിതമാതൃകകൾ. വേദനിപ്പിക്കുന്നവനെ തിരിച്ചു വേദനിപ്പിക്കുന്നത് ശരീരത്തിന്റെ നിയമമാണ്. മേധാവിത്വത്തിന്റെയും അധികാരത്തിന്റെയും ഹിംസയുടെയും ഈ ഭാവമാണ് കഴിഞ്ഞ രണ്ടിലധികം സഹസ്രാബ്ദങ്ങളോളം സഭ സ്വന്തമാക്കിയതും വിശ്വാസികളിലേയ്ക്ക് പകര്ന്നു കൊടുത്തതും. ഇന്ന് ഭൂരിപക്ഷം മനുഷ്യരും അതിന്റെ പിടിയിലാണ്. എന്നാൽ ക്രിസ്തു പഠിപ്പിച്ചത് ശരീരത്തിന്റെ പ്രതിപ്രവർത്തനക്രിയക്കെതിരെ ആത്മാവിന്റെ ചൈതന്യത്തെ ഉണർത്താനാണ്. അത് മാത്രമാണ് സംസ്കാരത്തിന്റെ ഭാഷ. ജീവിതം അർഥവത്താകുന്നത് അഹത്തിന്റെ മരണത്തിലൂടെയാണ് എന്നത് സഭക്ക് (പൌരോഹിത്യത്തിന്) ഇന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് അഭയമാരും സലോമിമാരും ഇന്നും സഭയിൽ ഉണ്ടാകുന്നത്; കൈയും കാലും പോയ ഒരു ജീവനക്കാരന് ഇന്നും പെൻഷൻ ലഭിക്കാത്തത്.

    "സ്വന്തം രാജാവിന്റെ പേരിൽ ആരാണോ അവനെ (ക്രിസ്തുവിനെ) കൊന്നത് അവർ വീണ്ടും ജന്മമെടുത്ത്‌ അവന്റെ അമ്പലത്തിൽ ഭക്തരായി വന്നിരിക്കുന്നു" എന്ന് യൂറോപ്പിലെ ഏതു ക്രിസ്ത്യാനിയെക്കാളും വലിയ ക്രിസ്ത്യാനി എന്ന് Alex Aronson വിളിച്ച ഇന്ത്യയുടെ കവി രബീന്ദ്രനാഥ്‌ റ്റാക്കൂർ എഴുതിയ ഒരു ഗാനത്തിലുണ്ട്. സ്വന്തം ജീവിതത്തിന്റെ ഒരു രീതിയായി ഗാന്ധിജിയും ക്രിസ്തുവിനെ കണ്ടു. എന്നാൽ മതത്തെ ഉദ്യോഗമാക്കിയ ആളുകളിൽനിന്നല്ല അദ്ദേഹം ക്രിസ്തുവിനെ ഉൾക്കൊണ്ടത്‌ എന്നതിൽ നമുക്കഭിമാനിക്കാം. സ്വന്തം ജീവിതസമരങ്ങളിലൂടെ അഹിംസയുടെ പ്രാധാന്യം മനസ്സിലാക്കിയ റ്റോൾസ്റ്റോയിയിൽ നിന്നാണ് ഗാന്ധിജി യേശുവിന്റെ പ്രചോദനം ഉൾക്കൊണ്ടത്‌.

    അതുകൊണ്ടുതന്നെയാണ് ചിന്താശക്തിയുള്ള അല്മായർ എത്ര ശ്രമിച്ചിട്ടും ഒരു വശത്തേയ്ക്ക് മാത്രം സ്വരസഞ്ചാരമുള്ള കൽഭിത്തികളായി ഇന്നും ഇവിടുത്തെ മെത്രാന്മാർ നിലകൊള്ളുന്നത്. ഈ എഡിറ്ററെയും ഈ മാസത്തെ സത്യജ്വാലയിൽ മറ്റൊരു പ്രോജ്ജ്വല ലേഖനം എഴിതിയിട്ടുള്ള പ്രൊഫ. ഇപ്പനെയും പോലുള്ള നവോദ്ധാനഭടന്മാരുമായി ഒരു സംവാദത്തിന് ഞാൻ നമ്മുടെ മെത്രാന്മാരെയും അവരുടെ പ്രതിനിധികളെയും വെല്ലുവിളിക്കുകയാണ്. ആർക്ക് എവിടെയാണ് പാളിയത് എന്ന് കണ്ടുപിടിക്കാൻ അത്തരം സംവാദങ്ങൾ ആവശ്യമാണ്‌.
    znperingulam@gmail.com

    ReplyDelete
  3. Fr. Johny Chittemariyil wrote: ഈ സംരംഭത്തിന് എല്ലാ ആശംസകളും അറിയിക്കുന്നു.സെമിനാരിയിൽ എട്ടും പത്തും വര്ഷം പഠിച്ചു ഒരു കാരണവും ഇല്ലാതെ പുറത്താക്കപ്പെടുന്ന വൈദിക വിദ്യാർത്തികളുടെ കാര്യം ചർച്ച ചെയ്യണം .
    .

    ReplyDelete
    Replies
    1. അതിന് ഈ മഹാപുരോഹിതന്മാർ ഒന്ന് കനിഞ്ഞിട്ടു വേണ്ടേ, Fr. Johny? എത്രയെത്ര വിഷയങ്ങൾ താറും വാച്ചി ക്യൂ നില്ക്കുന്നു, ചര്ച്ച ചെയ്യപ്പെടാനായി! ഈ അലവലാതികളുമായി എന്ത് ചർച്ച എന്നാണല്ലോ തിരുമേനിമാരുടെ തുരുവുള്ളം. സത്യമതല്ല, നാറുന്ന തങ്ങളുടെ കച്ചകൾക്കുള്ളിൽ അവരുടെ ഉള്ളുകൾ എന്നേ ദ്രവിച്ചു വെണ്ണീരായി കഴിഞ്ഞിരിക്കുന്നു!

      Delete
  4. ആത്മരക്ഷ എന്ന സ്വാർഥതയുടെ ചൂണ്ടയിട്ടാണ് വാട്ടായിയെ പോലുള്ള അച്ചന്മാർ ധ്യാനകേന്ദ്രങ്ങളിലേയ്ക്ക് ജനപ്രവാഹമുണ്ടാക്കുന്നത്. നുള്ളിയെടുക്കുന്നതുപോലെ തങ്ങളുടെ ആകുലതകൾക്ക് പരിഹാരം അവിടെ കിട്ടും എന്ന് മനുഷ്യരെ അവർ തെറ്റി ധരിപ്പിക്കുന്നു. കുത്സിത വഴികളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ദൈവശക്തിയിലൂടെ ലാഭമുണ്ടാക്കാം എന്ന ദുഷ്ചിന്തയാണ് പ്രഭാഷകരെയും വിശ്വാസികളെയും ഇവിടങ്ങളിൽ നയിക്കുന്നത്. മാനസ്സികാരോഗ്യമില്ലാത്തവരും മനോരോഗികളും വഞ്ചിക്കപ്പെടുന്നു. പോട്ട , മുരിങ്ങൂർ സെഹിയോണ്‍ തുടങ്ങിയ ഇടങ്ങൾ തങ്ങളുടെ ദൈവത്തെ തിരിച്ചരിയാത്തവരെ ആൾദൈവങ്ങൾക്ക് ബലികൊടുക്കുകയാണ് ചെയ്യുന്നത്. ഒരാത്മരക്ഷയും അവിടെ സംഭവിക്കുന്നില്ല.

    ReplyDelete
  5. "ആത്മരക്ഷ" എന്ന പ്രയോഗം തന്നെ തെറ്റാണ്, എന്നാണ് നാം ഒന്നാമതായി മനസിലാക്കേണ്ടത് ! "ആത്മാവു" ഏകമാണ്! അതിനു നാശമില്ല, രക്ഷയുടെ ആവശ്യം ഒട്ടില്ലതാനും ! ഒരിക്കലും ഒന്നിനാലും നാശമില്ലാത്ത ആത്മാവിനു രക്ഷയുടെ ആവശ്യം ഉണ്ട് എന്ന് കരുതിയതാണ്, ആ തെറ്റായ ആശയം ലോകത്തിന്റെ ചെവിയില്‍ ഒഴിച്ച്കൊടുത്തതാണ്, ഇന്നോളം എല്ലാമതങ്ങളും ഒരുപോലെ ചെയ്ത കൊടുംക്രൂരത! "ഊഴിയെ ചുറ്റും പുതപ്പുപോലാഴി ഒന്നാകിലും പേരുകള്‍ ഏഴിലേറെ" എന്നതുപോലെ അതിലെ ഓരോ ജലകണികയും രൂപാ/നാമ/ഗുണ/വേഷങ്ങള്‍ മാറി "മായയില്‍" നാം കാണുമെങ്കിലും എല്ലാം ആ ഏകമായ സിന്ധു എന്നതുപോലെ, " ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും, മായയും നിന്‍ മഹിമയും നീയുമെന്നു ഉള്ളിലാകണം" എന്ന ദൈവദശകത്തിലെ ശ്രീ.നാരായണഗുരുവിന്റെ ഈരടിപോലെ, നമുക്കും ക്രിസ്തു ഈ സത്യം പണ്ടേ പറഞ്ഞുതന്നിരുന്നു ! "കേള്‍പ്പാന്‍ ചെയില്ലാത്തവന്‍" പള്ളിയില്‍ പോയി, കത്തനാരുടെ വായില്‍നിന്നും വയട്ടിപ്പാടിനുവേണ്ടി പൊഴിച്ച "ഊളത്തരം" കേട്ട് ആത്മജ്ഞാനമില്ലാതെ വെറും ഇരുകാലി ആടുകളായി, ജീവിക്കാതെജീവിച്ചു ചത്തൊടുങ്ങുന്നു ! "ശത്രുവിനെ സ്നേഹിക്ക"എന്ന വചനമാകുന്ന നാണയത്തിന്റെ മറുപുറമാണ് "തത്ത്വമസി" എന്ന ഗീതാസത്ത, എന്ന് ഒരുവന്‍ അറിയുവോളം, അവന്‍ ഒരിക്കലും "നാശമില്ലാത്ത ആത്മാവാണ്" എന്ന പരമജ്ഞാനത്തില്‍ എത്തുകയില്ല ! സ്വയം അറിയാത്ത പാവം മനുഷ്യന്‍ "ആത്മാവിന്റെ രക്ഷ" അവിടെക്കിട്ടും//ഇവിടെക്കിട്ടും എന്ന മിഥ്യാധാരണയില്‍ ജന്മം മുഴുവന്‍ രക്ഷ തേടി അലഞ്ഞുതിരിഞ്ഞു ജീവിതം മുഴുവന്‍ ദു:ഖിതനായിരിക്കും !
    ആയതിനാല്‍ "സ്വയം അറിഞ്ഞാല്‍ അറിവായ്‌; അറിവുതാന്‍ ആത്മമോദം" എന്നറിയുവാന്‍ "ഭഗവത്ഗീത"യെന്ന ആത്മജ്നാന വിജ്ഞാനകോശം കരളില്‍ നിറയ്ക്കുവീന്‍ .....ജനമേ !!

    ReplyDelete
    Replies
    1. കൂടൽജി പറയുന്ന ആത്മമല്ല ആത്മരക്ഷ എന്ന വാക്കിൽ വരുന്നത്. ആത്മപ്രശംസ, ആത്മാഭിമാനം, ആത്മാരാധന, ആത്മലാഭം തുടങ്ങിയവയിലെ സ്വാർഥപങ്കിലമായ എന്ന അർഥത്തിലാണ് ആത്മരക്ഷ എന്ന് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അതായത്, സ്വന്തം രക്ഷ, അവനവന്റെ രക്ഷ. കൂടെപ്പറയട്ടെ, ആത്മാർഥം എന്ന വാക്കിൻറെ ആദ്യത്തെ അർഥം സ്വാർഥപരം എന്നാണെന്നത് പാടേ മറന്നാണ് മിക്കപ്പോഴും സത്യസന്ധം, നിർവ്യാജം, അകമഴിഞ്ഞ എന്ന അർഥത്തിൽ ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്.

      Delete
  6. Sebastian K. Jacob wrote: Dear George,
    ബഹു.ജോര്‍ജ്ജ് മൂലേച്ചാലില്ന്‍റെ അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല. ആത്മരക്ഷ എന്നത് സ്വാർത്ഥതയുടെ അടിസ്ഥാനത്തില്‍ ഉള്ളതല്ല. സ്വാർത്ഥത എന്നാല്‍ പരിമിതമായ വിഭവങ്ങള്‍ സ്വന്തം നിലനില്‍പിനുവേണ്ടി മറ്റുള്ളവരുടെ ആവശ്യം പരിഗണിക്കാതെ ഉപയോഗിക്കുനതാണ്. ഉദാഹരണം(Water, food etc.). എന്നാല്‍ വായു. അത് നമ്മുടെ ആവശ്യത്തിനുപയോഗിക്കാം. ഇത് സ്വാർത്ഥത ആയിട്ടാരും കരുതുന്നില്ല. കാരണം വായു ഒരാള്‍ കുടുതല്‍ ഉപയോഗിച്ചാല്‍ മറ്റൊരാള്‍ക്ക്‌ കിട്ടാതെ ഇരിക്കുന്നില്ല.
    Grace is the free gift of God and it is available in abundance. Salvation is obtained by Grace through faith. As long as we live in grace, salvation is guaranteed. ഞാന്‍ കൃപ സ്വികരിച്ചതുകൊണ്ട് മറ്റൊരാള്‍ക്ക്‌ കൃപ കിട്ടാതിരിക്കില്ല. കാരണം ദൈവ കൃപ അളവറ്റതാണ്.എന്‍റെ കടമ സ്വികരിച്ച കൃപ നഷ്ടപ്പെടുത്താതെ ഒപ്പമുള്ളവരെക്കൂടി കൃപയില്‍ ആയിരിക്കാന്‍ സഹായിക്കുകയാണ്.
    Pardon me, if there are typing mistakes.
    Thanks & Regards,

    ReplyDelete
    Replies
    1. Mr (Fr.?) Sebastian K. Jacob seems to have read the article with the fixed idea he has about salvation, probably learned in a theology course. According to that, living in grace (which could mean a good life before men according to rules) is also with the sole aim of reaching salvation. This teaching of the Catholic Church is in itself selfish. George is speaking about not seeking the self even in being saved. The Catholic theology is concentrated on sin, atonement and consequent salvation in the framework of the code of faith proclaimed by the church. This disregards all those who are outside this faith. I would suggest that you forget all that you learned in any course or from books, and then read the article at least a few times with a really open mind. You will find new meanings in it that you missed earlier. Good luck!


      "Salvation is obtained by Grace through faith." this is often quoted by protestant antagonist against Catholics who insist on good works, without which no one can be saved. Repeating such Scripture words don't bring us anywhere. That would be like the theology of bishop Kallarangatt I happened to read recently in FB's - Pala Diocese page. It goes so:

      The word Tabernacled among us (Jn 1, 14-18) -
      That means he became flesh. He lived in our nature. He lived among us, as also the apostle said about us human beings, we who are still in this tabernacle groan (2 Cor. 5,4), where he called our body a tabernacle. We beheld his glory. One can readily see that the gospels are peppered with the signs of his glory, such as the star that appeared to the magi, the angels, the voice of the Father, the descent of the Spirit, and other divine signs including the transfiguration that provided a glimpse of the glory, shielded by his body, that would otherwise have blinded them (Ephrem). By becoming flesh, the Word healed our flesh, which had been blinded by sin and death but now can see his glory (Augustine)
      Mar Joseph Kallarangatt (വിശുദ്ധ ജോസഫ് കല്ലറങ്ങാട്ട്)

      Putting together a few words from the early fathers, from the bible and from theology books is no theology. That is what we hear in all the sermons delivered in the churches and conventions. It, however, doesn't convey anything to a person who seeks the truth. But it is sufficient for those whose brains have been thoroughly washed out in seminaries. It is a sad situation that makes priests and bishops blunt for life.

      Delete
  7. മനുഷ്യനെ ദൈവകേന്ദ്രീകൃതനാക്കി വിശാലമനസ്‌ക്കനാക്കേണ്ടതിനുപകരം, പാശ്ചാത്യ വേരുകളുള്ള ഈ ക്രൈസ്തവസഭകളെല്ലാംതന്നെ അവനെ സ്വകാര്യസ്വർഗ്ഗമോഹികളാക്കി സങ്കുചിതമനസ്‌ക്കനാക്കുകയാണുചെയ്യുന്നത്. തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാനും പെരുമാറാനുമാവശ്യമായ (മത്താ. 7:12) പരാർത്ഥതാഭാവം നിറച്ച് മനുഷ്യനെ ആത്മീയജീവി ആക്കേണ്ടതിനുപകരം, അവന്റെ മനസ്സിനെ അവനവനിലേക്കുമാത്രമായി ചുരുക്കി സ്വകാര്യമാത്രപരനാക്കി വെറും ഭൗതികജീവിയാക്കുകയാണവ ചെയ്യുന്നത്. ദൈവഹിതം നിറവേറ്റാൻവേണ്ടി, മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടി, നീതിയും സ്‌നേഹവും പുലരുന്ന ഒരു ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കുവേണ്ടി സ്വയം നഷ്ടപ്പെടുത്താൻ മടിക്കാത്ത മഹാമനുഷ്യരെ സൃഷ്ടിച്ചെടുക്കേണ്ട മതങ്ങളിന്ന് അവനവൻനോക്കികളുടെയും കരിങ്കൽമനസ്‌ക്കരുടെയും നഴ്‌സറിത്തോട്ടങ്ങളായിരിക്കുന്നു. മനുഷ്യന്‍റെ തൈപ്രായത്തിൽത്തന്നെ, 'പുരോഹിത ബഡ്ഡ്‌വുഡ്ഡി'ൽനിന്നുള്ള മുള വരഞ്ഞെടുത്ത് അവനിൽ ബഡ്ഡുചെയ്തു പിടിപ്പിക്കുകയാണ്, പൗരോഹിത്യം. തുടർന്ന്, അവനിൽ നൈസർഗ്ഗികമായുള്ള ആദ്ധ്യാത്മിക ചേതനയുടെ തല മുറിച്ചുമാറ്റുന്നു. ഇക്കാരണത്താലാണ്, ഇക്കൂട്ടർ ഉയർത്തിപ്പിടിക്കുന്ന ദൈവശാസ്ത്രങ്ങൾ എത്ര ബാലിശമാണെന്ന സത്യം അധികമാർക്കും കാണാനാകാതെ പോകുന്നത്.

    ReplyDelete
  8. അടുത്തകാലത്ത് ഞാന്‍ കണ്ട best ഉപമയാണ് മനയത്തെ മഹിമയുള്ള മഹതിയുടെ " കത്തനാരുടെ ബട്ടിംഗ്" !മനുഷ്യരെ, പത്തുവട്ടം ഇത് വായിച്ചു മനസിലാക്കൂ ..

    ReplyDelete