ജോയി പോള്‍ പുതുശ്ശേരി, President of Trichur based Kerala Catholic Federation.
തൃശ്ശൂര്‍ അതിരൂപതയുടെ ഒന്നാമത്തെ മെത്രാപ്പോലീത്താ ഒരു ദിവസം വിജ്ഞാപനമിറക്കി; ദീപികപത്രം കത്തോലിക്കാസഭയുടെ ‘ജിഹ്വ’യാണ്, മുഴുവന്‍ കത്തോലിക്കരും അതിന്റെ ഓഹരി വാങ്ങണം, ആജീവനാന്ത വരിക്കാരാകണം. ഇതിനായി പ്രചാരണ പരിപാടികളും ബോധവല്‍ക്കരണ യോഗങ്ങളും നടത്തി. എല്ലാ കത്തോലിക്കരും ചോദ്യംചെയ്യാതെ അനുസരിച്ചു. അവരെല്ലാം ദീപികയുടെ ഓഹരിക്കാരായി, വരിക്കാരായി. മഠങ്ങളായ മഠങ്ങളിലൊക്കെ കന്യാസ്ത്രീയമ്മമാര്‍ ദീപിക വരുത്താന്‍ തുടങ്ങി. പിന്നീട് കാലം കുറെ ചെന്നപ്പോള്‍ കത്തോലിക്കാസഭയുടെ ‘ജിഹ്വ’യായ ദീപിക മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ജിഹ്വയായി! വെറും മാര്‍ക്‌സിസ്റ്റല്ല അതിലെ പിണറായിപക്ഷം. മഠങ്ങളിലെ കന്യസ്ത്രീയമ്മമാര്‍ അന്തംവിട്ട് നെട്ടോട്ടം തുടങ്ങി. നമ്മുടെ സ്വന്തം ദീപികക്ക് എന്തുപറ്റി? അതായിരുന്നു അവരുടെ ചോദ്യം. വീടുകളിലിരിക്കുന്ന ചേട്ടത്തിമാര്‍ ലോകം കീഴ്‌മേല്‍ മറഞ്ഞുവോ എന്ന് അത്ഭുതപ്പെട്ടു. കത്തോലിക്കാസഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒന്നായിത്തീര്‍ന്നുവോ എന്നായിരുന്നു അവരുടെ ശങ്ക. അപ്പോള്‍ അതാ കേള്‍ക്കുന്നു നമ്മുടെ മെത്രാന്മാരുടെ നെഞ്ചത്തടിയും കൂട്ടനിലവിളിയും. ദീപിക നമ്മുടെ കൈയ്യില്‍നിന്ന് പോയി. എങ്ങനെ പോയി, എപ്പോള്‍ പോയി എന്നൊന്നും ആരും വിശ്വാസികളോട് വിശദീകരിച്ചില്ല. ഒരു മുസ്ലീം വ്യവസായിയാണ് ഇപ്പേള്‍ നസ്രാണി ദീപികയുടെ ഉടമ എന്നുമാത്രം വിശ്വാസികള്‍ക്കു മനസ്സിലായി. അന്നത്തെ മുഖ്യമന്ത്രി ‘വെറുക്കപ്പെട്ടവന്‍’ എന്നു വിളിച്ച അതേ മുസ്ലീം വ്യവസായിതന്നെ! ദീപിക എങ്ങനെ മുസ്ലീം വ്യവസായിയുടേതായി, ഇടപാടില്‍ എത്ര കോടി കിട്ടി എന്നൊന്നും ഒരു മെത്രാനും വെളിപ്പെടുത്തിയില്ല. വിറ്റ കാശ് എന്തുചെയ്തു എന്നതും പരമരഹസ്യമായിരുന്നു. അല്ലെങ്കിലും മെത്രാന്മാര്‍ക്ക് ഉടയതമ്പുരാനോടല്ലാതെ മറ്റാരോടും കണക്കു പറയേണ്ടതില്ലല്ലൊ.
തൃശ്ശൂര്‍ അതിരൂപതയിലെ രണ്ടാമത്തെ മെത്രാപ്പോലീത്താക്ക് തോന്നി, മറ്റൊരു ‘ജിഹ്വ’ വേണമെന്ന്; ഒരു ടെലിവിഷന്‍ ചാനല്‍. ഉടന്‍ തുടങ്ങി ഷെയര്‍വില്പന, സംഭാവന, പിരിവ്. അങ്ങനെ ജീവന്‍ ടി.വി. നിലവില്‍വന്നു. വിശ്വാസികള്‍ വീണ്ടും വഞ്ചിക്കപ്പെട്ടു. ജീവന്‍ ടി.വി. ഇപ്പോള്‍ മറ്റാരുടേതോ ആണ്. ഒരു വ്യക്തി തുടങ്ങിയ ‘ശാലോം’ ടി.വി. വിജയകരമായി നടക്കുമ്പോള്‍ ഒരു മെത്രാപ്പോലീത്തായും സഭയുംകൂടി തുടങ്ങിയ ചാനല്‍ വമ്പന്‍ പരാജയമായി.
തൃശ്ശൂര്‍ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്താക്കും തോന്നി ഒരു ‘വിളി’; തിരുവായ് മൊഴിഞ്ഞു, നമുക്കുവേണ്ടി നിലകൊള്ളാന്‍ ഒരു മാധ്യമമില്ല. ജനം ചോദിച്ചു, അപ്പോള്‍ ദീപികയൊ. ദീപികയില്‍ മറ്റ് മെത്രാന്മാര്‍ക്കും തുല്യ അവകാശമുണ്ടല്ലൊ. തന്റെ സ്വന്തം അജന്‍ഡ നടപ്പാക്കാന്‍ ഒരു മാധ്യമമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രരോദനത്തിന്റെ അര്‍ത്ഥം. അങ്ങനെ കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു വന്നതാണ് ‘കത്തോലിക്കാസഭ’യെന്ന തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രം.
വന്ദ്യവൈദികനായ ഫാ. ആന്റണി അന്തിക്കാട്ട് ആരംഭിച്ച ലഘുലേഖയായിരുന്നു കത്തോലിക്കാസഭ; അക്രൈസ്തവരെയും അകത്തോലിക്കരെയും കത്തോലിക്കാസഭയെപ്പറ്റി പഠിപ്പിക്കാന്‍ ആരംഭിച്ച ലഘുലേഖ. അയക്കാനുള്ള സ്റ്റാമ്പിന്റെ വിലപോലും ഈടാക്കാതെയാണ് അത് അയച്ചുകൊടുത്തിരുന്നത്. കുറെ കഴിഞ്ഞപ്പോള്‍ മേരിമാതാ മേജര്‍ സെമിനാരി അതിനെ ആക്രമിച്ചുകീഴ്‌പ്പെടുത്തി സ്വന്തമാക്കി. ലഘുലേഖ മുഖച്ഛായമാറ്റി മാസികയായി. മാസിക വമ്പിച്ച പരാജയമായപ്പോള്‍ അധിനിവേശക്കാര്‍ പിന്‍മാറി. ആ മാസികയാണ് വേഷപ്പകര്‍ച്ച നടത്തി പുതിയ അവതാരമായി പത്രരൂപമെടുത്ത് അവതരിച്ചിട്ടുള്ള തൃശ്ശൂര്‍ അതിരൂപതയുടെ ‘കത്തോലിക്കാസഭ’
തൃശ്ശൂര്‍ അതിരൂപത ‘കത്തോലിക്കാസഭ’ എന്ന പേര്‍ സ്വന്തം മുഖപത്രത്തിന് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. കത്തോലിക്കാസഭ എന്ന പേര്‍ ലോകംമുഴുവനുമുള്ള കത്തോലിക്കര്‍ക്ക് അവ കാശപ്പെട്ടതാണ്. ഒരു രൂപതമാത്രം ആ പേര്‍ കുത്തകയാക്കി കൈവശംവയ്ക്കുന്നത് തികഞ്ഞ അനൗചിത്യമാണ്. മാത്രമല്ല കത്തോലിക്കാസഭയെന്ന പേര്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ആ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയെല്ലാം സഭയുടെ വിശ്വാസസത്യങ്ങളും ഔദ്യോഗികപഠനങ്ങളുമാണെന്ന തെറ്റിദ്ധാരണ വിശ്വാസികളില്‍ കടന്നുകൂടാന്‍ ഇടയുണ്ട്. അതിനാല്‍ ‘കത്തോലിക്കാസഭ’യെന്ന പേര്‍ തൃശ്ശൂര്‍ രൂപതയുടെ മുഖപത്രം ഉപേക്ഷിക്കേണ്ടതാണ്. ‘കത്തോലിക്കാസഭ’ ഇടതുപക്ഷപ്രസ്ഥാനങ്ങളെ കടന്നാക്രമിക്കാനുള്ള ഒരു രാഷ്ട്രീയ പത്രമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇടതുപക്ഷമുന്നണിയെയും വിശിഷ്യ കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയെയും നഖശിഖാന്തം എതിര്‍ക്കുകയാണ് അതിന്റെ പത്രധര്‍മ്മമായി കണക്കാക്കപ്പെടുന്നത്. മെത്രാപ്പോലീത്തായുടെ രണ്ടാം വിമോചനസമരം നനഞ്ഞ പടക്കമായി ചീറ്റിപ്പോയതിന്റെ പ്രതികാരം തീര്‍ക്കുകയാണ്. കത്തോലിക്കരില്‍ ഇടതുപക്ഷക്കാരും, മദ്ധ്യപക്ഷക്കാരും, വലതുപക്ഷക്കാരുമുണ്ട്. അതിരൂപതാപത്രം ഇതില്‍ പക്ഷംപിടിക്കുന്നത് നീതിയല്ല. സ്ഥാനകാംക്ഷിയും അധികാരമോഹിയുമായ മെത്രാപ്പോലീത്തായുടെ പ്രതിച്ഛായക്ക് ആകര്‍ഷകമായ നിറം കൊടുക്കുകെയന്ന മഹത്തായ മറ്റൊരു കര്‍മ്മവും ഈ പത്രം അനുഷ്ഠിച്ചുവരുന്നു.
തൃശ്ശൂര്‍ അതിരൂപതയില്‍ ഒരു ലക്ഷത്തിലേറെ കത്തോലിക്കാഭവനങ്ങളും സ്ഥാപനങ്ങളുമുണ്ട്. അവരെല്ലാം നിര്‍ബന്ധമായും ഈ പത്രം വാങ്ങിയിരിക്കണമെന്നാണ് മെത്രാന്റെ അരുളപ്പാട്. ആവശ്യക്കാര്‍ വിലനല്‍കി പത്രം വാങ്ങട്ടെ, മറ്റുള്ളവരെ എന്തിനു നിര്‍ബന്ധിക്കണം. വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന തൃശ്ശൂര്‍ അതിരൂപതയുടെ നിലപാട് മദ്ധ്യയുഗത്തിലെ സഭാനിലപാടുകള്‍പോലെ ക്രൂരവും നിന്ദ്യവും ഹീനവുമാണ്. ആവശ്യക്കാര്‍ മേല്‍വിലാസസഹിതം വരിസംഖ്യ കത്തോലിക്കാസഭയുടെ ആഫീസിലേക്ക് അയയ്ക്കാന്‍ പറഞ്ഞാല്‍ എത്ര കുടുംബങ്ങള്‍ ഈ പ്രസിദ്ധീകരണം ആവശ്യപ്പെടും? അടുത്ത ലക്കംമുതല്‍ ഇതിന്റെ എത്ര കോപ്പി അടിക്കേണ്ടിവരും?
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തൃശ്ശൂര്‍ അതിരൂപതക്കും അതിന്റെ മുഖപത്രമായ കത്തോലിക്കാസഭക്കും ഒരു വെളിപാടുണ്ടായി. വെളിപാട് മുന്‍പേജില്‍തന്നെ കൊടുത്തു, ‘കേരള കാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടന’. ഇതായിരുന്നു തലക്കെട്ട്. കേരള കാത്തലിക് ഫെഡറേഷന് സഭയുടെ നിയമമനുസരിച്ചുള്ള അംഗീകാരമില്ലത്രെ! ആരു പറഞ്ഞു കാത്തിലിക് ഫെഡറേഷന് സഭാനിയമമനുസരിച്ചുള്ള അംഗീകാരമുണ്ടെന്ന്? കേരള കാത്തിലിക് ഫെഡറേഷന്‍ സര്‍ക്കാര്‍ നിയമമനുസരിച്ചുള്ള അംഗീകാരമുണ്ടെന്നേ അതിന്റെ ഭാരവാഹികള്‍ അവകാശപ്പെട്ടിട്ടുള്ളു.
കേരള കാത്തലിക് ഫെഡറേഷനെ വ്യാജസംഘടനയായി പ്രഖ്യാപിച്ച 2011 സെപ്റ്റംബര്‍ ലക്കം കത്തോലിക്കാസഭ നമുക്കൊന്ന് പരിശോധിക്കാം. മുന്‍പേജിന്റെ നാലിലൊന്ന് ഒരു തുണിക്കടയുടെ പരസ്യം, ഒരു മാദകസുന്ദരിയുടെ ചിത്രസഹിതം. പത്രം തുടങ്ങിയതുമുതല്‍ ഇന്നുവരെ പത്രത്തിന്റെ ഇതേ സ്ഥാനത്ത് ഇതേ പരസ്യം മാത്രം. മുന്‍പേജിന്റെ എട്ടിലൊന്ന് ഒരു സ്വകാര്യ ട്യൂട്ടോറിയല്‍ കോളജിന്റെ പരസ്യം. പിന്‍പേജ് മുഴുവന്‍ പരസ്യത്തിനായി നീക്കിവച്ചിരിക്കുന്നു. നാലു പരസ്യങ്ങള്‍. മൂന്നും തുണിക്കടകളുടെ. അവയിലും ചിത്രങ്ങള്‍ മാദകസുന്ദരികളുടേത്. നാലാം പരസ്യം ഒരു ചിട്ടിക്കമ്പനിയുടേത്. പത്രത്തിന്റെ ഉള്‍പേജുകള്‍ നോക്കാം. രണ്ടാംപേജ് പകുതി പരസ്യം. മൂന്നാംപേജ് പകുതി പരസ്യം. നാലാം പേജില്‍ പകുതി, അഞ്ചാം പേജില്‍ എട്ടിലൊന്ന്, ആറാം പേജില്‍ പകുതി, എഴാം പേജില്‍ പകുതി, എട്ടാം പേജ് മുഴുവന്‍, ഒമ്പതാം പേജ് പകുതി, പന്ത്രണ്ടാം പേജ് പകുതി, പതിമൂന്നാം പേജ് പകുതി, പതിനഞ്ചാം പേജ് മൂന്നിലൊന്ന്, പതിനാറാം പേജ് പകുതി, പതിനേഴാം പേജിന്റെ മുക്കാല്‍ ഭാഗവും, പതിനെട്ടാം പേജ് പകുതിയിലേറെയും, പത്തോന്‍പതാം പേജ് പകുതിയും പരസ്യം. ചുരുക്കത്തില്‍ ഇരുപതില്‍ പത്തു പേജും പരസ്യം. പരസ്യങ്ങളില്‍ തൊണ്ണൂറു ശതമാനവും കറക്കുകമ്പനികളായ കുറിക്കമ്പനികളുടേയും മാറ്റു കുറഞ്ഞ സ്വര്‍ണം വിറ്റ് നാട്ടുകാരെ പറ്റിച്ച് കൊള്ളലാഭമടിക്കുന്ന ജ്വല്ലറികളുടേയും ഒരു അലക്ക് കഴിഞ്ഞാല്‍ നിറം മങ്ങുന്ന പട്ട് വിറ്റ് കോടികള്‍ വാരുന്ന തുണിപ്പീടികകളുടെയും. കഴിഞ്ഞ മുപ്പത്തിനാലു കൊല്ലമായി ഒരു പരസ്യം പോലും കൊടുക്കാതെ ഒരു മാസംപോലും മുടക്കംവരുത്താതെ ഓശാന പ്രസിദ്ധീകരിക്കുന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേലിന്റെ കാലുകഴുകിയ വെള്ളം കുടിക്കട്ടെ ‘കത്തോലിക്കാസഭ’യുടെ അമരക്കാര്‍.
ഇനിയൊരു ചോദ്യം. കത്തോലിക്കാസഭയെന്ന ഈ പ്രസിദ്ധീകരണത്തിന്റെ മുഖ്യലക്ഷ്യം എന്ത്? ചിട്ടിക്കമ്പനി പ്രചരണമൊ, തുണിക്കട പരസ്യമൊ അതോ സത്യവിശ്വാസ പ്രഘോഷണമൊ? ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്താ പരസ്യങ്ങളിലെ അശ്ലീലപ്രസരണത്തെ അപലപിച്ചു പ്രസംഗിച്ച് കയ്യടിനേടിയിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന സീറോ-മലബാര്‍ സഭയിലെ ഒരു പ്രസിദ്ധീകരണം മാദകസുന്ദരിമാരുടെ പരസ്യങ്ങള്‍ വിറ്റ് കാശാക്കുന്നത് അദ്ദേഹം കാണുന്നില്ലേ? ഈ അസാ ന്മാര്‍ഗികത ന്യായീകരിക്കാന്‍ അദ്ദേഹം എതു ധാര്‍മ്മികനിയമം ഉദ്ധരിക്കും? ഏതു സന്മാര്‍ഗനീതി ചൂണ്ടിക്കാണിക്കും? ക്രിസ്തുവിന്റെ ഏതു പഠനം ആധാരമാക്കും? കത്തോലിക്കാസഭക്ക് മുഴുവന്‍ അപമാനമായ തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പ്രസിദ്ധീകരണം തടയുവാന്‍ ശ്രേഷ്ഠ മെത്രാപ്പോലീത്താ മുന്‍കയ്യെടുക്കുമൊ?
No comments:
Post a Comment