Translate

Friday, January 2, 2015

സുവിശേഷം ഇങ്ങിനെയും പ്രസംഗിക്കാം....

കടപ്പാട്:  ഫെയിസ് ബുക്ക് (Babu K Peter)
 ഒരു റെസ്റ്റൊറന്‍റ് ഉടമസ്ഥനിൽ നിന്നും കഴിഞ്ഞ‌ ദിവസം ഉണ്ടായ സത്യ സന്ധതയുടെ അപൂര്‍വ അനുഭവം.
തൃശൂർ നെടുമ്പാശ്ശേരി റൂട്ടിലെ ഒരു 'ഫാസ്റ്റ്ഫുഡി'ല്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു..
കുറച്ച് കഴിഞ്ഞപ്പോള്‍ ഓണര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.
''നിങ്ങ അല്ലേ 2മാസം മുന്‍പ് ഇവിടെന്ന് കൊള്ളി(കപ്പ)യും ബീഫും കഴിച്ചത്?'
''അതെ, നിങ്ങള്‍ക്ക് നല്ല ഓര്‍മ ആണല്ലോ ''
''ഭക്ഷണത്തെ കുറിച്ച് നല്ല വാക്ക് പറഞ്ഞിട്ട് പോയ നിങ്ങളെ എങ്ങനെ മറക്കും? ''
''ഹ ഹാ..അത് ദൃശ്യം സിനിമയിലെ ഡയലോഗ് അല്ലേ ?''
''അല്ലല്ല... പിന്നെ നിങ്ങളുമായി ഒരു ഇടപാട് ബാക്കിയും ഉണ്ട്. ''
''എന്ത് ?..ഞങ്ങള്‍ അന്ന് ഫുള്‍ കാശും തന്നില്ലേ?, പിന്നെ എന്താ?''
അദ്ദേഹം ഒരു ബുക്കുമായി വന്നു . ഒരു പേജ് മറിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
''ശനി 6/9/14 തിയ്യതി. ബില്ലിലെ തെറ്റ് മൂലം 40/- രൂപ അധികം പറ്റി.

അടയാളം: നീല ജീന്‍സ്, വെള്ളയില്‍ ചുകപ്പ് വരയന്‍ ഷര്‍ട്ട്, ബ്രൗണ്‍ ഷൂസ് , മലപ്പുറം ഭാഷ ''
ബുക്കിലെ ആ പേജില്‍ ഞങ്ങളെ കാത്ത് രണ്ട് 20 രൂപ നോട്ടുകളും ആ പഴയ ബില്ലും..!.
ആ മനുഷ്യന്‍റ സത്യ സന്ധത കണ്ടപ്പോള്‍ ശരിക്കും കണ്ണു നിറഞ്ഞുപോയി ''നിങ്ങളെ വീണ്ടും ഒരിക്കല്‍ കാണുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു..8 മാസത്തിനു ശേഷവും കണ്ടില്ലെങ്കില്‍ ഇത് അനാഥാലയത്തിനു കൊടുക്കാന്‍ മാറ്റി വച്ചതായിരുന്നു...''
ആ കണ്ണുകളില്‍ നന്മയുടെയും സന്തോഷത്തിന്‍റയും തിളക്കം..
ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ പറഞ്ഞു ''നിങ്ങളുടെ കഥയും ഫോട്ടോയും ഞങ്ങള്‍ ഫേസ് ബുക്കില്‍ ഇടുന്നുണ്ട്''
''വേണ്ട മക്കളേ, എന്‍റ മകനും മകളും ഒക്കെ അതില്‍ ഉണ്ട്, പിന്നെ ഇത് എന്‍റ പുണ്യ ദാനം ഒന്നും അല്ല, എനിക്ക് അവകാശം ഇല്ലാത്ത പണം എടുക്കരുതെന്നാ മുത്തു നബി എന്നെ പഠിപ്പിച്ചത്.. ഞാന്‍ അത് തിരിച്ചേല്‍പിച്ചു..''
അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന അമല്‍, അടുത്ത ബേക്കറിയില്‍ നിന്ന് ഒരു കേക്കു വാങ്ങി വന്നിരുന്നു. അവന്‍ പറഞ്ഞു:
''ഈ വര്‍ഷത്തെ നന്മയുടെ ഏറ്റവും വലിയ അനുഭവം ഇത് തന്നെ ആണ്, ഏതൊരു പള്ളി പ്രഭാഷണത്തേക്കാളും വലുത്..'

2 comments:

  1. നല്ല ശമരായന്റെ കഥ അന്നേരം നസരായന്‍ മനസ്സില്‍ മെനഞ്ഞതായിരുന്നു! സത്യത്തില്‍ നമ്മിലെല്ലാം ഉണ്ടാകേണ്ട നല്ലമനുഷ്യന്റെ പ്രതീകമാകണം ആ കഥയിലൂടെ കഥാകാരന്‍ ഉദ്ദേശിച്ചത്! എന്നാല്‍ ഒരുകോടിയില്‍ ഒന്നോ രണ്ടോ മനസേ ആ നല്ലശമരായനെ ഇന്നും അനുകരിക്കാറുള്ളൂ...ദൈവത്തില്‍നിന്നും അകന്നുപോയ മുടിയന്പുത്രനാകാനാണ് എല്ലാവര്ക്കും ഉള്ദാഹം !കലികാലമേ നിനക്ക് ജയം ഇല്ലാതെയാക്കുന്ന പുണ്ണ്യമാനസര്‍ ഭൂമിയില്‍ തീരെ ഇല്ലാതെവരികയില്ല !

    ReplyDelete
  2. സമരിയാക്കാരനാകുന്നത് ചിലപ്പോൾ ചില കാലങ്ങളിൽ ഉദ്ദേശിച്ച ഫലം ലഭിച്ചെന്നു വരില്ല. എന്റ രണ്ട് അനുഭവ കഥകൾ പറയാം. ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാൻ ന്യൂയോർക്ക് സിറ്റിയിൽ കൂടി നടന്നു പോവുകയായിരുന്നു. ഒരു വെളുമ്പിപ്പെണ്ണ് സ്പീഡിൽ എന്നെ ക്രോസ് ചെയ്ത് മുമ്പിൽ കടക്കുകയും അവളുടെ തുറന്ന ബാഗിൽനിന്ന് നൂറിന്റെ ഡോളർ നോട്ടുകൾ പത്തെണ്ണമെങ്കിലും എന്റെ മുമ്പിൽ തെറിച്ചു വീഴുകയും ചെയ്തു. അവൾ പണം നഷ്ടപ്പെട്ടതറിയാതെ അതിവേഗം നടന്നുകൊണ്ടുമിരുന്നു. . തെറിച്ചുവീണ ആയിരം ഡോളറോളം കുനിഞ്ഞ് രണ്ടുമൂന്നു സ്ഥലത്തുനിന്ന് പെറക്കിയെടുത്ത സമയം അവൾ ബഹുദൂരം നടന്നു കഴിഞ്ഞിരുന്നു. ആറടിയിൽ കൂടുതൽ പൊക്കമുള്ള അവളുടെ നടപ്പും എന്റെ ഓട്ടവും തുല്യമായതുകൊണ്ട് ഞാൻ കൊടും തണുപ്പത്ത് കതച്ചു കൊണ്ട് പണവുമായി അവളുടെ പിന്നാലെ ഓടി. തൊട്ടടുത്തു പുറകിൽ നിന്ന് ' മാം' എന്നു വിളിച്ചു. അവളൊന്നു നോക്കിയിട്ട് എന്നെക്കണ്ട് പേടിച്ചിട്ടാണോ ഗൗനിക്കാതെ പിന്നെയും സ്പീഡിൽ നടക്കാൻ തുടങ്ങി. വീണ്ടും ഞാൻ ഡോളർ നീട്ടിക്കൊണ്ട് അടുത്തെത്തിയപ്പോൾ അവളെന്നെ വിളിച്ചത് ഇംഗ്ലീഷിലെ തെറികളായിരുന്നു. ഏതായാലും നടന്നു വന്ന മറ്റൊരു സ്ത്രീ കാര്യം മനസിലാക്കി ആ ഡോളർ ഉടമസ്തയായ സ്ത്രീയെ തന്നെ എല്പ്പിച്ചു. ഒരു നന്ദി പോലും പറയാതെ അവളുടെ നടപ്പു തുടരുന്നതും കണ്ടു. എന്റെ സമരിയാ മനസിന്റെ പ്രതിഫലമായി അവൾക്കു മനസിലാകാത്ത മലയാളത്തിലെ പത്തു തെറികൾ ഉറക്കെ വിളിക്കണമെന്നും തോന്നി.

    മറ്റൊരു കഥ ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്തു സംഭവിച്ചതാണ്. അച്ചന്മാരെയും കന്യാസ്ത്രികളെയും പൂജിച്ചിരുന്ന കാലവും.

    അന്ന് പത്തു വയസുകാരനായ ഞാനായിരുന്നു പള്ളിവക സ്കൂളിലെ വേദ പ്രചാരക സംഘ സെക്രട്ടറി. വേദമെന്ന വാക്കിന്റെ അർത്ഥം എനിക്കറിയത്തില്ലായിരുന്നു. വേദ പ്രചാരമെന്നു പറഞ്ഞാൽ വേദത്തെപ്പറ്റി അറിവില്ലാത്ത വടക്കേ ഇന്ത്യയിലെ സാധുക്കളെ പിടിയരി ചോറു കൊടുത്തു മതം മാറ്റുന്ന ഏർപ്പാടെന്നു മനസിലാകാത്ത കാലവുമായിരുന്നു. . പള്ളിയിലെ അക്കാലത്തെ കൊച്ചച്ചനായിരുന്നു ഈ സംഘടനയുടെ രക്ഷാധികാരി. പണമിടുന്ന ഒരു സഞ്ചിയുമായി അന്നു കുട്ടികളായിരുന്ന ഞങ്ങൾ ശനിയും ഞായറും കരകൾതോറും നടക്കുമായിരുന്നു. ഏറ്റവും കൂടുതൽ പണം ശേഖരിക്കുന്ന കുട്ടിയ്ക്ക് കൊച്ചച്ചൻ വക സമ്മാനമായി പത്തു നാരങ്ങാ മുട്ടായി കിട്ടുമായിരുന്നു. ഓരോരുത്തരും ശേഖരിക്കുന്ന പണവും അവരുടെ പേരു വിവരങ്ങളും കൊച്ചച്ചനെ ഏൽപ്പിക്കുന്ന ജോലി എന്റേതായിരുന്നു. പണം ശേഖരിച്ചവരുടെ വിവരങ്ങളുള്ള കടലാസ് അച്ചൻ കീറി കളഞ്ഞ ശേഷം പണവും കുപ്പായ പോക്കറ്റിലിട്ടു ചിരിച്ചുകൊണ്ട് നടന്നു പോകുന്ന അച്ചൻ ഒർമ്മയിലിന്നുമുണ്ട്. പത്തു നാരങ്ങാ മുട്ടായിക്ക് ഞങ്ങൾ ഒരാഴ്ച അറുപതു രൂപാ വരെ അച്ചനെയേല്പ്പിക്കുമായിരുന്നു. പിരിഞ്ഞു കിട്ടുന്ന പണം ചില പിള്ളേരുടെ അപ്പന്മാർ മേടിച്ചു കൊണ്ടു പോയി പിന്നെ തരാമെന്നു പറഞ്ഞ് തരില്ലായിരുന്നു.

    പിന്നീടുള്ള കാലത്ത് എന്റെ സത്യ സന്ധതയെ ഞാൻ പഴിച്ചിട്ടുണ്ട്. കളിച്ചു നടക്കേണ്ട ശനിയും ഞായറും പണസഞ്ചിയുമായി നാടുമുഴുവൻ കറങ്ങും. പലരുടെയും പരിഹാസവും ലഭിച്ചിട്ടുണ്ട്. ശേഖരിച്ച പണം അച്ചൻ പള്ളിയിൽ എല്പ്പിക്കാൻ സാധ്യതയില്ല. കിട്ടിയ പണം തെരുവിലുണ്ടായിരുന്ന കണ്ണില്ലാത്തവർക്കും അവശതയനുഭവിക്കുന്നവർക്കും നേരിട്ടു കൊടുക്കാൻ നല്ല ബുദ്ധി തോന്നിയില്ല. എന്റെ കുഞ്ഞുനാളത്തെ സമരിയാക്കാരന്റെ മനസ് പള്ളിയിലെ പിശാചായ പുരോഹിതനെ തീറ്റുകയായിരുന്നുവെന്നുള്ള യാഥാർത്ഥ്യം അന്നെനിക്കു മനസിലാവില്ലായിരുന്നു അവിടെ ക്രിസ്തു പറഞ്ഞ സമരിയാക്കാരനെ കണ്ടില്ല.

    ReplyDelete