Translate

Monday, January 2, 2012

കേരള സഭയില്‍ സന്ന്യാസിനികള്‍ കുറയുമ്പോള്‍


ഡോ.ജോര്‍ജ് നെല്ലിശ്ശേരിയുടെ 2011, ജൂലൈ 27-ലെ സത്യദീപത്തില്‍ വന്ന 'കേരള സഭയില്‍ സന്ന്യാസിനികള്‍ കുറയുമ്പോള്‍' എന്ന ലേഖനം സന്ന്യാസിനി സഭയിലെ സന്ന്യാസിനിമാരുടെ വരള്‍ച്ചയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തേടിയുള്ള വസ്തുതാപരവും സത്യസന്ധവുമായ അന്വേഷണമാണെന്ന് പറയാന്‍ കഴിയില്ല. ഒരു കാലത്ത് നമ്മുടെ ഇടവകകളിലും സ്ഥാപനങ്ങളിലും സാമൂഹ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന സന്യാസിനികളുടെ എണ്ണത്തില്‍ അമ്പതു ശതമാനത്തില്‍ താഴെ കുറവു സംഭവിക്കുകയും ഈ കുറവ് സഭാതലത്തില്‍ ഇതിനോടകം പ്രത്യക്ഷമായിട്ടുമുണ്ട്. ഇടവകകളില്‍ സന്ന്യാസിനികളുടെ എണ്ണം കുറഞ്ഞതു നിമിത്തം മതബോധന രംഗത്ത് ഭക്തസംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയും അല്‍മായര്‍ കൂടുതല്‍ കൂടുതല്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു. ഭവന സന്ദര്‍ശനത്തിനുപോലും സന്ന്യാസിനികളെ കിട്ടാനില്ല. സന്ന്യാസിനിമാരുടെ വിസ്തൃതമായ കെട്ടിടങ്ങള്‍ അതിവേഗം വിജനമായിക്കൊണ്ടിരിക്കുന്നു. പ്രോവിന്‍സുകളില്‍ ഇന്ന് പൊതുവായ പരിശീലനമാണ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും അനധ്യാപകരും ആയ സന്ന്യാസിനികള്‍ കുറയുന്നു. അതുപോലെതന്നെ ആശുപത്രി സേവന മേഖലകളില്‍ ഇവരുടെ എണ്ണം ഗണ്യമായി കുറയുന്നു. ഇങ്ങനെ പോകുന്നു ഡോ. നെല്ലിശ്ശേരിയുടെ ആശങ്കകളും ആവലാതികളും!!

സഭയിലെ സന്ന്യാസിനി വരള്‍ച്ചയ്ക്ക് ലേഖകന്‍ അക്കമിട്ട് നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്. കുടുംബത്തിലെ കുട്ടികളുടെ എണ്ണക്കുറവ്, ആത്മനിഷ്ഠ ഇല്ലായ്മ, സുഖലോലുപത, വര്‍ദ്ധിച്ചുവരുന്ന ഇതര അവസരങ്ങള്‍, അനാകര്‍ഷകമായ സന്ന്യാസജീവിതം, ഗുണമേന്മയുടെ കുറവ് മുതലായവയാണ്. സത്യത്തില്‍ ഇതൊക്കെയാണോ യഥാര്‍ത്ഥ കാരണങ്ങള്‍? അല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ജനിച്ചു വളര്‍ന്ന വീടും മാതാപിതാക്കളേയും സഹോദരങ്ങളേയും സ്വന്തം നാടും ഉപേക്ഷിച്ചു കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ വേല തേടിപ്പോകുന്ന കന്യാസ്ത്രീകള്‍ ഇന്ന് കടുത്ത ആത്മസംഘര്‍ഷത്തിലും അസംതൃപ്തിയിലും ആണ് കഴിഞ്ഞുകൂടുന്നത്. കന്യാസ്ത്രീമഠങ്ങളില്‍ സന്യാസിനിമാരുടെ ജീവന്‍ അപഹരിക്കാന്‍ ഏതു സമയത്തും കാലന്‍കടന്നു വരാം എന്ന ഭയം അവരെ അലട്ടുന്നു. കന്യാസ്ത്രീ മഠത്തിനുള്ളിലെ  സാമ്പത്തിക ഉച്ചനീചത്വവും പൗരോഹിത്യ വിധേയത്വവും ലൈംഗിക അരാചകത്വവും ആണ് സന്യാസിനിമാരുടെ വരള്‍ച്ചയുടെ അടിസ്ഥാനകാരണങ്ങള്‍ എന്ന് കരുതുവാന്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും.

ഏതാനും നാള്‍മുമ്പ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ ഫാ. ജോയി കളളിയേത്ത് ഏതാനും സന്ന്യാസിനി സമൂഹത്തിലെ 60-ഓളം കന്യാസ്ത്രീകളെ ഇന്റര്‍വ്യൂ ചെയ്ത് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കന്യാസ്ത്രീകളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. സന്യാസിനികളില്‍ അമ്പതു ശതമാനം പേര്‍ ഇടത്തരം കുടുംബങ്ങളില്‍ നിന്നു വന്നവരും ഇരുപതു ശതമാനംപേര്‍ സമ്പന്ന കുടുംബങ്ങളില്‍നിന്നും ശേഷിക്കുന്നവര്‍ ദരിദ്ര പശ്ചാത്തലം ഉള്ളവരുമാണ്. ഉയര്‍ന്ന ഉദ്യോഗവും വലിയ ശമ്പളവുമുള്ള സന്യാസിനികള്‍ക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുമ്പോള്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്ന സന്യാസിനികള്‍ക്ക് സ്‌നേഹവും പരിഗണനയും സ്വീകാര്യതയും കിട്ടാതെ പോകുന്നു. ഇവിടെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കും പരിഗണന ലഭിക്കുന്നു. ദരിദ്ര വിഭാഗത്തില്‍പെട്ട സന്യാസിനികള്‍ക്ക് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വരുന്നു. ഇങ്ങനെ പല തട്ടുകളിലുള്ള അസംതൃപ്തമായ സന്യാസ ജീവിതം ഇവരെ ജീവിത നൈരാശ്യത്തിലേയ്ക്കും വിഷാദ രോഗത്തിലേയ്ക്കും അവസാനം മരണത്തിലേയ്ക്കും നയിക്കുന്നു.

സീറോ മലബാര്‍ സഭയിലെ കഴിഞ്ഞകാല സംഭവങ്ങള്‍ ഇവ ശരിവയ്ക്കുന്നു.  കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ 'നേരിട്ട് ഹൃദയത്തില്‍നിന്ന്' എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാര്‍ പീഢനങ്ങള്‍ അനുഭവിക്കുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പുരോഹിതരുടെ വസ്ത്രം അലക്കാനും അവര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാനും സന്യാസിനികള്‍ നിര്‍ബന്ധിതരാകുന്നു എന്ന വസ്തുത മാര്‍ വിതയത്തില്‍ വെളിപ്പെടുത്തുന്നു. പല കന്യാസ്ത്രീ മഠങ്ങളില്‍ നിന്നും പുരോഹിതരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. ഇന്ന് ആത്മീയ ആവശ്യങ്ങള്‍ക്കുപോലും പുരോഹിതരെ സമീപിക്കാന്‍ കന്യാസ്ത്രീകള്‍ക്കു ഭയമാണ്. അതിനാല്‍ അമിത ഭയത്തോടും ബഹുമാനത്തോടുംകൂടിയാണ് പുരോഹിതരെ സമീപിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പറയുന്നു.

സന്ന്യാസിനികള്‍ നമ്മുടെ മതസ്ഥാപനങ്ങളില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക ചൂഷണത്തിന് ഇരയാകുകയും ചെയ്യുന്നു എന്ന വസ്തുത സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അടുത്തകാലത്ത് മഠംചാടിയ സി. ജസ്മി 'ആമേന്‍' എന്ന ആത്മകഥാ പുസ്തകത്തില്‍ വെളിപ്പെടുത്തിയത് വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. മാനസിക രോഗിയായി മുദ്ര കുത്തി മഠം അധികൃതര്‍ പീഢിപ്പിച്ച സി. ട്രീസ തോമസിനെ മലയാളികള്‍ക്കു മറക്കാന്‍ കഴിയുകയില്ല. സഭയിലെ പുരോഹിതരും സന്ന്യാസിനികളും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ പ്രതികരിച്ചതിന് സി. ട്രീസ മനോരോഗിയാണെന്ന് ആരോപിച്ച് തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് മാനസിക രോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഏതാനും വര്‍ഷം മുമ്പാണ്.

ധനാര്‍ത്തിപൂണ്ട സഭാനേതൃത്വവും സന്യാസസമൂഹവും ആതുരസേവന മേഖല പണം കൊയ്യാനുള്ള വേദിയാക്കി മാറ്റിയിരിക്കുന്നു. സന്യാസ ജീവിതത്തിന്റെ ബ്രഹ്മചര്യ വിശുദ്ധി വലിച്ചെറിഞ്ഞ് തിരക്കു പിടിച്ച പ്രൊഫഷണലിസത്തിനും സുഖഭോഗങ്ങള്‍ക്കും ഇടം തേടുകയാണ് ഇവര്‍. സന്ന്യാസിനിസഭകളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഈ സ്ഥാപനവല്‍ക്കരണം യേശുവിനു എതിരെയുള്ള സാക്ഷ്യങ്ങളായി മാറുന്നു. ആലുവായില്‍ യുവതിയായ കന്യാസ്ത്രീ പട്ടാപ്പകല്‍ ഡ്രൈവറുമായി കാമകേളിയില്‍ ആറാടുന്നത് ഇന്റര്‍നെറ്റിലൂടെ ലോകം കണ്ടത് ഈ അടുത്തകാലത്താണ്. സന്ന്യാസിനി സഭകളിലും അവരുടെ സ്ഥാപനങ്ങളിലും നടമാടുന്ന ലൈംഗിക അരാജകത്വത്തിന്റെ പിടിക്കപ്പെടാത്ത എത്രയോ ഉദാഹരണങ്ങള്‍ വേറെ!!

എറണാകുളം അതിരൂപത ഞാറയ്ക്കല്‍ ചെറുപുഷ്പം മഠത്തിലെ കന്യാസ്ത്രീകളെ അവരുടെ സ്‌കൂളിന്റെ ഉടമസ്ഥാവകാശം തട്ടി എടുക്കുന്ന തിനുവേണ്ടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ കൊച്ചച്ചനും ഏതാനും ഗുണ്ടകളും മഠത്തില്‍ കയറി കന്യാസ്ത്രീകളുടെ 'വിശുദ്ധവസ്ത്ര'ത്തെ അപമാനിക്കുകയും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത് ക്രൈ സ്തവരാരും മറന്നു കാണില്ല. ഇന്ത്യയുടെ പരമോന്നത കോടതി സന്ന്യാസിനികള്‍ക്ക് അനുകൂലമായി ആ കേസ് വിധിപറയുകയുണ്ടായി. ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലല്ല. കേരളത്തിലാണെന്ന് ഓര്‍ക്കുക. കന്യാസ്ത്രീമഠങ്ങളിലെ കൊലപാതകങ്ങള്‍ മിക്കവയും ദുരൂഹ സാഹചര്യമരണങ്ങളായി അല്ലെങ്കില്‍ മാനസികരോഗത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നതായി മാറ്റപ്പെടുകയാണ്. പൗരോഹിത്യ അധികാരവും രാഷ്ട്രീയ സ്വാധീനവും പണവുമാണ് ഇത്തരം രാസമാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഏതു തെളിവുകളും ഉരുക്കിമുക്കി വെടിപ്പാക്കാന്‍ ഈ ശക്തികള്‍ക്കു കഴിയും. എന്നാല്‍ എല്ലാ സമ്മര്‍ദ്ദസ്വാധീന ശക്തികളെയും പരാജയപ്പെടുത്തിക്കൊണ്ട് അഭയകേസ് ഇന്ന് കോടതിയില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അഭയയുടെ അപമൃത്യു കേസ് ഇന്ന് കത്തോലിക്കാ സഭയ്ക്ക് ഒരു തീരാകളങ്കമായി നിലകൊള്ളുന്നു.

അഭയയുടെ കൊലപാതകത്തിന് മുമ്പും പിമ്പും കന്യാസ്ത്രീ മഠങ്ങളില്‍ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. സി. മേഴ്‌സി, സി. പോള്‍സി, സി. സോഫി, സി. ആന്‍സി, സി. ലിസി, സി.അനുപമ, സി.ആന്‍സി മേരി ഇങ്ങനെ നീണ്ടുപോകുന്നു ഇവരുടെ ലിസ്റ്റ്. കാല്‍നൂറ്റാണ്ടായി കേരളത്തില്‍ സന്ന്യാസിനികള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്യുന്നു. ഏതു മഠത്തില്‍ കന്യാസ്ത്രീ മരിച്ചാലും മഠത്തില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ട് മരണപ്പെട്ട സിസ്റ്റര്‍ മാനസികരോഗത്തിനു ചികിത്സയിലായിരുന്നു എന്നാണ്. ആലപ്പുഴയില്‍ പന്ത്രണ്ടു വയസ്സുള്ള പിഞ്ചു ബാലിക മരിച്ചപ്പോള്‍ ''കുട്ടിയ്ക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന അസുഖമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇത്തരം ദുര്‍മരണഭയമാണോ സന്ന്യാസിനി വരള്‍ച്ചയ്ക്ക് കാരണം.......?

പി. ജെ. സെബാസ്റ്റ്യന്‍്

(From September 2011 issue of Hosana)

No comments:

Post a Comment